നീ ഒരു കൊച്ചു സുന്ദരി തന്നെയാണല്ലോടി മോളെ…നിന്നെ ഞാന്‍ മലയാളത്തിലെന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ നായികയാക്കും…

വെള്ളിത്തിര

എഴുത്ത്: ദിപി ഡിജു

‘സാര്‍… എന്‍റെ റോളിന്‍റെ കാര്യം…???’

‘നിനക്ക് എന്നെ വിശ്വാസം ഇല്ലേടീ പെണ്ണെ…??? ഈ പ്രൊഡ്യൂസര്‍ സുഗുണന്‍ ആണ് തീരുമാനിക്കുന്നത് എന്‍റെ സിനിമയില്‍ ആര് അഭിനയിക്കണം എന്നും വേണ്ട എന്നും… മനസ്സിലായോടി…’

അവളുടെ ദേഹം മുഴുവന്‍ ചൂഴ്ന്നു നോക്കി കൊണ്ട് അയാള്‍ വല്ലാത്ത ഒരു ചിരി ചിരിച്ചു.

‘പക്ഷെ… നീയും കൂടി ഒന്നു സഹകരിക്കണം… ഒരു പാലമിട്ടാല്‍ ഇങ്ങോട്ടും അങ്ങോട്ടും വേണമെന്നല്ലെ… ഏത്….!!!’

‘സാര്‍… അത് പിന്നെ…!!!’

‘എന്തു പിന്നെയെന്ന്…??? നിനക്ക് ഞാനുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി എന്നു തന്നെയാണ് എന്‍റെ വിശ്വാസം… ഹാ… മനസ്സിലായി… മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നിനക്ക് ഉണ്ട്… അപ്പോള്‍ ഇന്നു രാത്രി ഞാന്‍ വെയ്റ്റ് ചെയ്യും… നീ വരും എന്നു എനിക്കുറപ്പുണ്ട്… അറിയാല്ലോ… എത്ര നായികമാരെ മലയാളസിനിമയില്‍ കൊണ്ടു വന്നിട്ടുള്ളതാണ് ഞാനെന്ന്… ആലോചിക്കൂ… നന്നായി ആലോചിച്ചിട്ടു മതി…’

അയാള്‍ മുന്നിലിരുന്ന കോഫിമഗ്ഗില്‍ നിന്ന് അവസാന ഇറ്റും വലിച്ചു കുടിച്ചു കസേരയില്‍ നിന്നും എഴുന്നേറ്റു.

‘ഇതാണ് ഞാന്‍ താമസിക്കുന്ന ഹോട്ടലും റും നമ്പറും… ഞാന്‍ പ്രതീക്ഷിക്കും… വീ വില്‍ ഹാവ് എ ഗുഡ് ടൈം ടുഗെദര്‍… അപ്പോള്‍ എങ്ങനെയാ കാര്യങ്ങള്‍… ഹാപ്പിയല്ലേ…!!!’

ഒരു ടിഷ്യൂ പേപ്പറില്‍ അയാള്‍ അഡ്രസ്സ് എഴുതി അവള്‍ക്കു നേരെ നീട്ടി അവളെ അര്‍ത്ഥം വച്ച് ഒന്നു കൂടി നോക്കിയിട്ടു കോഫി ഷോപ്പില്‍ നിന്നു പുറത്തേക്കിറങ്ങി.

വാഷ്റൂമില്‍ ചെന്നു മുഖത്തേക്ക് തണുത്തവെള്ളം ഒഴിച്ചു മുന്നിലുള്ള കണ്ണാടിയിലേയ്ക്ക് നോക്കി നിന്നു അരുന്ധതി.

വെള്ളത്തുള്ളികള്‍ കണ്‍പീലികളെ വകഞ്ഞുമാറ്റി ഇറ്റു വീഴുമ്പോള്‍ ഒരു പുച്ഛഭാവത്തില്‍ അവള്‍ തന്‍റെ പ്രതിബിംബത്തിലേയ്ക്ക് നോക്കി.

‘നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടാവണം… ആ ലക്ഷ്യം സാധിക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിക്കണം… ഒടുവില്‍ വിജയം കൈവരിക്കണം… അപ്പോഴാണ് നിങ്ങളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്… എന്തൊക്കെയാ നിങ്ങളുടെ ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍…??? ടീച്ചര്‍ ഒന്നു കേള്‍ക്കട്ടെ…’

ക്ളാസ്സിലുള്ള ഒട്ടുമിക്ക കുട്ടികളും ഡോക്ടര്‍ എഞ്ചിനിയര്‍ ടീച്ചര്‍ എന്നെല്ലാം പറഞ്ഞു.

‘അരുന്ധതി… എന്താ മോള്‍ടെ ലക്ഷ്യം…???’

‘നാളെ പറഞ്ഞാല്‍ മതിയോ ടീച്ചര്‍…???’

‘അതെന്താ മോളെ നാളെ…???’

‘ഞാനിതുവരെ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല… ഞാന്‍ ആലോചിച്ചു നാളെ പറയാം…’

‘ആയിക്കോട്ടെ… സമയം എടുത്ത് ആലോചിച്ചു നല്ല ലക്ഷ്യം കണ്ടെത്തൂ…’

തലങ്ങും വിലങ്ങും ആലോചിച്ചു തല പുകച്ചു സ്കൂളില്‍ നിന്നു വീട്ടിലേയ്ക്ക് വന്നു കയറുമ്പോഴാണ് വീട്ടില്‍ മണിചിത്രത്താഴ് സിനിമ വച്ചിരിക്കുന്നത് കണ്ടത്. ശോഭന നാഗവല്ലിയായി സ്വയം മറന്നുള്ള പ്രകടനം നടത്തുന്നു.

‘ഈ സിനിമയിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചായിരുന്നു… അറിയാമോ മോളെ…???’

കുളി കഴിഞ്ഞു ചായ കുടിക്കാന്‍ ഇരുന്നപ്പോഴായിരുന്നു അച്ഛന്‍റെ ചോദ്യം.

‘മ്മ്ച്ചും…’

ചുമലു കൂച്ചികൊണ്ട് മറുപടി പറഞ്ഞു.

അന്നു രാത്രി മുഴുവന്‍ ശോഭനയും നാഗവല്ലിയും തന്നെയായിരുന്നു ആ കൊച്ചു മനസ്സു നിറയെ.

പിറ്റേന്ന് സ്കൂളിലേയ്ക്ക് പോകുമ്പോള്‍ വല്ലാത്ത ഒരു ഉന്‍മേഷം ആയിരുന്നു.

‘ടീച്ചര്‍… ഞാന്‍ ആലോചിച്ചു… എനിക്ക് വലുതാകുമ്പോള്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങണം…’

‘ആഹാ… അത് കൊള്ളാല്ലോ… മോള്‍ടെ ആഗ്രഹം സാധിക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാട്ടോ…’

പിന്നീട് ആ വെള്ളിവെളിച്ചം അവളുടെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. ആ മോഹം മനസ്സില്‍ വച്ചു തന്നെ നൃത്തം അഭ്യസിച്ചു. പ്ളടൂവിനു ശേഷം അഭിനയം പഠിക്കുവാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു ഒന്നാമതായി തന്നെ പഠനം പൂര്‍ത്തിയാക്കി.

എന്നാല്‍ ചില സിനിമകളില്‍ ചെറിയ റോളുകളില്‍ മുഖം കാണിക്കാന്‍ സാധിച്ചു എന്നല്ലാതെ ഒരു നല്ല അഭിനയസാധ്യതയുള്ള റോള്‍ ഒന്നും അവള്‍ക്ക് ലഭിച്ചില്ല.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുമിച്ചുണ്ടായിരുന്ന വിനയചന്ദ്രന്‍ വഴിയാണ് പ്രശസ്ത നിര്‍മ്മാതാവായ സുഗുണനുമായി ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച തരപ്പെടുത്തിയത്.

വര്‍ഷങ്ങളായി ഈ ഒരു ആഗ്രഹം മനസ്സില്‍ കൊണ്ടു നടക്കുന്നതിന്‍റെ പേരില്‍, തന്നെയും വീട്ടുകാരെയും കുറ്റപ്പെടുത്തുന്ന ബന്ധുക്കളുടെ മുഖങ്ങള്‍ അവളുടെ മുന്നില്‍ മാറി മാറി വന്നു. ചിലത് തീരുമാനിച്ചു ഉറപ്പിച്ചു അവള്‍ ആ കോഫി ഷോപ്പില്‍ നിന്നിറങ്ങി.

വൈകിട്ട് അണിഞ്ഞൊരുങ്ങി അവള്‍ ആ റൂമിനു മുന്നിലെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

വാതില്‍ തുറന്ന സുഗുണന്‍ അവളെ കണ്ടു അത്ഭുതത്തോടെ നോക്കി.

‘നീ ഒരു കൊച്ചു സുന്ദരി തന്നെയാണല്ലോടി മോളെ… നിന്നെ ഞാന്‍ മലയാളത്തിലെന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ നായികയാക്കും…. നീ ഇവിടെ ഇങ്ങനെ നില്‍ക്കാതെ അകത്തേക്ക് വാടി…’

അയാള്‍ വാതില്‍ മലര്‍ത്തി തുറന്നു.

‘ഹാ ഒന്നു ക്ഷമിക്കു ചേട്ടാ… ദേ ഇവരെ കൂടി ഒന്നു പരിചയപ്പെട്ടിട്ടു പോരെ…???’

അയാള്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി അവള്‍ വിരല്‍ ചൂണ്ടിയ ഇടത്തേക്ക് നോക്കി.

‘ഇത് എന്‍റെ അച്ഛന്‍, അമ്മ, ചേട്ടന്‍… പിന്നെ ഇത് എന്‍റെ മുറച്ചെറുക്കന്‍… എന്നെ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആള്‍… ഇത് അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും…’

‘നീയെന്താടി ആളെ കൂട്ടി എന്നെ തല്ലാന്‍ വന്നതാണോ…???’

‘തന്നെയൊക്കെ തല്ലാന്‍ എനിക്ക് ആളെ കൂട്ടേണ്ട ആവശ്യമില്ല… പിന്നെ ഇവരെ കൊണ്ടു വന്നത്…!!!’

അവള്‍ കൈ വീശി അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.

‘ഈ സമ്മാനം ഞാന്‍ തനിക്കു തരുന്നത് ഇവര്‍ കൂടി കാണണം എന്നു എനിക്ക് നിര്‍ബന്ധം ഉള്ളതു കൊണ്ടായിരുന്നു… താനൊക്കെ എന്താടോ വിചാരിച്ചേ…??? ചാന്‍സ് കിട്ടാന്‍ വേണ്ടി എന്നെ പോലെയുള്ള പെണ്ണുങ്ങള്‍ തന്‍റെ മുന്നില്‍ തുണി അഴിക്കുമെന്നോ…??? അതിനേ ഈ അരുന്ധതി വേറെ ജനിക്കണം…’

അവള്‍ അവരെ നോക്കി ഒന്നു ചിരിച്ചുകൊണ്ട് തല ഉയര്‍ത്തി നിന്നു.

‘എന്‍റെ കഴിവില്‍ എനിക്കും എന്‍റെ വീട്ടുകാര്‍ക്കും പൂര്‍ണ്ണവിശ്വാസം ഉണ്ടെടൊ… അതു കൊണ്ടാണ് അവര്‍ എനിക്കു പിന്തുണ നല്‍കുന്നതും… ഞാന്‍ ആ കഴിവു കൊണ്ടു തന്നെ നേടുമെടൊ താന്‍ നേരത്തെ പറഞ്ഞ തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായിക എന്ന സ്ഥാനം… അതിനു ഒരു ഷോര്‍ട്ട് കട്ടും എടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല… മനസ്സിലായോടോ പ്രോഡ്യൂസര്‍ ദുര്‍ഗുണാ… താനൊക്കെ നല്ല സിനിമാക്കാര്‍ക്കും ഒരു അപമാനമാണ്…’

അവള്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പകയോടെ അവരെ നോക്കുന്ന അയാളെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി.

‘ഹാ… ഈ പകയും വച്ച് എന്നെ അങ്ങ് ഒലത്തി കളയാം എന്നു താന്‍ ഓര്‍ക്കണ്ട… താന്‍ എന്നെ കൂടെ കിടക്കാന്‍ ക്ഷണിച്ചതു മുതല്‍ ഇപ്പോള്‍ നടന്ന കാര്യങ്ങള്‍ വരെ ദാ ഈ ഹിഡന്‍ ക്യാമറയില്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്… അപ്പോള്‍ എങ്ങനെയാ കാര്യങ്ങള്‍… ഹാപ്പിയല്ലേ…!!!’

അവള്‍ തന്‍റെ അച്ഛനോടും അമ്മയോടും ചേര്‍ന്നു പുറത്തേക്ക് നടന്നു.

‘നെവര്‍ ഗോ ഫോര്‍ ഷോര്‍ട്ട് കട്ട്സ് അല്ലേ അച്ഛാ…??? നിങ്ങള്‍ ഇങ്ങനെ കട്ടയ്ക്ക് കൂടെ ഉള്ളപ്പോള്‍ എന്തിന് ഷോര്‍ട്ട് കട്ട്സ്…!!!’

അവള്‍ അച്ഛന്‍റെ കൈകളില്‍ ഒരു കൊച്ചു കുട്ടിയെ പോലെ തൂങ്ങി.

‘യേസ് മോളെ… നെവര്‍ ഗോ ഫോര്‍ ഷോര്‍ട്ട് കട്ട്സ്..!!!’

അയാള്‍ അവളെ ചേര്‍ത്തു നിര്‍ത്തി മൂര്‍ദ്ദാവില്‍ ചുംബിച്ചു. അതു കണ്ടു നിന്ന മറ്റുള്ളവരുടെ ചുണ്ടുകളിലേക്കും ആ സന്തോഷം ചെറുചിരിയായ് പടര്‍ന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *