നന്ദനം
Story written by Manju Jayakrishnan
“ഞാൻ പോണില്ല ഇച്ചെച്ചി”…
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പിയിരുന്നു.
“പോവാതെ എങ്ങനാ മാളു? ” കുഞ്ഞന്റെ ഓപ്പറേഷന് വേറെ ഒരു നിവർത്തിയും ഇല്ലല്ലോ?
ഞങ്ങളുടെ ഏറ്റവും ഇളയ അനിയൻ ആണ് കുഞ്ഞൻ . ചേച്ചിയും ആയി ഇരുപത്തി മൂന്നു വയസ്സിന്റെ വ്യത്യാസം. ഞാനും ആയി ഇരുപതു വയസ്സും
ഈ പ്രായത്തിൽ അവനെ വയറ്റിൽ ആയപ്പോൾ അവനെ വേണ്ട എന്ന തീരുമാനത്തിൽ അച്ഛനും അമ്മയും എത്തി. ഞങ്ങൾക്ക് നാണക്കേട് ആവും എന്ന് കരുതീട്ട് ആവും…
ആരോ കൊടുത്ത മരുന്ന് അത് അവനെ ഇല്ലാതാക്കിയില്ല . പക്ഷെ നിത്യ രോഗിയാക്കി….
ഉള്ളതെല്ലാം വിറ്റു ആയിരുന്നു അവന്റെ ചികിത്സ. ഒടുവിൽ നിരാശയിൽ അച്ഛൻ ഒരു മുഴം കയറിൽ അഭയം പ്രാപിച്ചു.. അതിൽ പിന്നെ അമ്മ ഒരക്ഷരം മിണ്ടിയില്ല
ഞാൻ വാര്യത്ത് പണിക്ക് പോകും.. ചേച്ചി അമ്മയേം കുഞ്ഞനേം നോക്കും കുഞ്ഞന് ഒരു ഓപ്പറേഷൻ ഉടനെ വേണം. അതിനു ഒരുപാട് കാശും
വാര്യത്തെ ഇളയ മോളേ കെട്ടിച്ചിരി ക്കുന്നത് ബാംഗ്ലൂരിൽ ആണ്.കുറച്ചു മാനസിക പ്രശ്നമുള്ള ആ കുട്ടിയുടെ കുഞ്ഞിനെ നോക്കാൻ എന്നോട് പറഞ്ഞു. അവിടെ ചെന്ന് നിന്നാൽ ക്യാഷ് കിട്ടും..അവളുടെ ഭർത്താവ് പറഞ്ഞിട്ട് ആണത്രെ ഇത് എന്നോടു പറയുന്നത്
അവളുടെ ഭർത്താവ്……..
വഷളൻ ചിരിയുമായി നിന്ന അയാളെ ഞാൻ മറന്നില്ല… ആ നോട്ടത്തിൽ സ്വയം വിവസ്ത്രയായ പോലെ തോന്നി എനിക്ക്.
“നീ ഒരു മൊതല് തന്നെ ” ഞാൻ തരാടീ കാശ് എന്ന് പറഞ്ഞപ്പോൾ പേടിച്ചു അവിടെ നിന്നും ഓടിപ്പോന്നത് ആണ്.
ചേച്ചിയോട് പറഞ്ഞപ്പോൾ ‘അയാളുടെ കരുണ ആണത്രെ !!!’
ഉദ്ദേശം അറിഞ്ഞോണ്ട് സ്വയം എങ്ങനെ? കുഞ്ഞന്റെ അവസ്ഥയോ?
എല്ലാവരും എന്നെ കളിയാക്കി ‘ബാലാമണി’ എന്നാണ് വിളിക്കുന്നത് . സിനിമയിലെ പോലെ ഭഗവാന്റെ അനുഗ്രഹം ഇല്ല എന്ന വ്യത്യാസം മാത്രം
എത്ര ദുഃഖം ഉണ്ടെങ്കിലും ഭഗവാന്റെ മുന്നിൽ ഞാൻ കരഞ്ഞിട്ടില്ല.. ലോകത്തുള്ള സകല ആൾക്കാരുടെ ദുഃഖം കേട്ട് ഭഗവാന്റെ ചെവി മരവിച്ചു കാണും. ഇനി എന്റെയും കൂടെ വേണ്ട എന്നോർത്തു … അതു കൊണ്ട് തുളസി മാലയും കൊടുത്തു പോരും..
വീട്ടിൽ കൈ ഒടിഞ്ഞ ഒരു വിഗ്രഹം മാത്രം.. അതു ദോഷം ആണ് .. വീട്ടിൽ വയ്ക്കാൻ കൊള്ളില്ല എന്നു പറഞ്ഞിട്ടും എന്തോ കളയാൻ തോന്നിയില്ല..
അങ്ങനെ ആകെയുള്ള ആശ്വാസം എന്റെ കണ്ണൻ ആണ്.. അതും ഇനി ഉണ്ടാവില്ല. അവിടെ പോയാൽ എന്താവും ഉണ്ടാകുക എന്ന് എനിക്ക് അറിയാം.കാശ് കിട്ടി ചേച്ചിയെ ഏല്പിച്ചു അച്ഛന്റെ അടുത്തേക്ക് പോകണം.
“എന്താ കുട്ടിയും കരയാൻ തുടങ്ങിയോ? ” എന്ന തിരുമേനിയുടെ ശബ്ദം കേട്ടാണ് ഞാൻ നോക്കുന്നത്.
“ബാംഗ്ലൂർ പോവാ.. ഇനി ഇങ്ങോട്ട് വരാൻ പറ്റുമോ എന്ന് അറിയില്ല “.
അതെന്താടോ താൻ കുരുത്തക്കേടു വല്ലതും മനസ്സിൽ കണ്ടു വച്ചിട്ടുണ്ടോ? ആ ചോദ്യത്തിനു മുന്നിൽ ഒന്ന് പരുങ്ങി.
എന്തായാലും ഈ മാസം കഴിഞ്ഞിട്ട് പോയാ മതി. കണ്ണൻ പറഞ്ഞതാ എന്ന് കരുതിയാ മതി എന്ന് കൂടെ കേട്ടപ്പോൾ അങ്ങനെ ആവട്ടെ എന്നു ഞാനും കരുതി
നാളെ ഞാൻ ബാംഗ്ലൂർ പോകുവാണ്.. ഒന്നിനും ഒരു ഉഷാർ ഇല്ലാതെ ഞാൻ ഇരുന്നു. അപ്പോൾ ആണ് രാമേട്ടന്റെ സൈക്കിൾ ബെൽ ശബ്ദം.. ഞങ്ങളുടെ പോസ്റ്റ് മാൻ ആണ്
മോളേ മാളൂ എന്തോ കടലാസ് ഉണ്ട് നിനക്ക്. നോക്കുമ്പോൾ സർക്കാർ ഉത്തരവ് ആണ്.. പോലീസ് ആയി…
സ്വയം വിശ്വസിക്കാൻ ആവാതെ ഞാൻ ഇരുന്നു. ഒന്നും പഠിക്കാതെ എപ്പോഴോ എഴുതിയ psc പരീക്ഷയിൽ എനിക്ക് ജോലി കിട്ടിയിരിക്കുന്നു
അപ്പോഴേക്കും ശങ്കരെട്ടനും എത്തി. മോളെ ഇന്നലെ കുഞ്ഞൻ എടുത്ത ടിക്കറ്റ് എവിടെ? എന്നും ചോദിച്ചു കൊണ്ട്.
അതിന് സെക്കന്റ് പ്രൈസ് ഉണ്ടത്രേ. അവന്റെ ചികിത്സക്ക് ഉള്ളതിനെക്കാൾ കൂടുതൽ കാശ് അതിൽ നിന്നും കിട്ടും
“ഭഗവാനെ ഭാഗ്യം വരുമ്പോൾ എല്ലാം ഒരുമിച്ചാണോ ” ഞാൻ ആത്മഗതം പറഞ്ഞു.
ഞാനും ചേച്ചിയും കെട്ടിപിടിച്ചു കരഞ്ഞു. ഉടനെ എനിക്ക് കണ്ണനെ ഓർമ്മ വന്നു. തിരുമേനിയുടെ വാക്കും. ഞാൻ നേരത്തെ പോയിരുന്നു എങ്കിലത്തെ അവസ്ഥ ഓർത്തു പോയി
പിറ്റേ ദിവസം ഞാൻ തുളസിമാലയും കൊണ്ട് പതിവുപോലെ പോയി. ചന്ദനം തന്നത് വേറെ ഒരു തിരുമേനി ആയിരുന്നു. ചന്ദനം വാങ്ങി ഞാൻ അവിടെ തന്നെ നിന്നു. അമ്പലം അടക്കാറായിരുന്നു. തിരുമേനിയോട് ഒരു വാക്ക് പറയാതെ പോകാൻ മനസ്സു വന്നില്ല
“പോണില്ലേ കുട്ടി”….
എന്നു ചോദിച്ചു രസീത് എഴുതുന്ന ആളു വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.
കുട്ടി ഇവിടെ വരുമാനം കുറവുള്ള അമ്പലം അല്ലേ? ആകെയുള്ള തിരുമേനി ആണ് അത് എന്നും പറഞ്ഞു എനിക്ക് ചന്ദനം തന്ന ആളെ നോക്കി പറഞ്ഞു. വർഷങ്ങൾ ആയി കുട്ടി കാണുന്ന ആള് അല്ലേ? എന്നു കൂടെ ചോദിച്ചപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.
അപ്പോൾ അത്………….
ശബ്ദം എന്റെ തൊണ്ടയിൽ കുരുങ്ങി
“എങ്കിലും നന്ദനം പോലെ എന്നെ പറ്റിച്ചല്ലോ കണ്ണാ ” ഞാൻ മനസ്സറിഞ്ഞു ഈശ്വരനെ വിളിച്ചു.