നീ ഭാഗ്യവാനാടാ.. ഒരു ദിവസം എത്ര പ്രാവശ്യമാ നിൻ്റെ ഭാര്യ നിന്നെ വിളിക്കുന്നത് ,ആ സ്ഥാനത്ത് എൻ്റെ ഭാര്യ പറയുന്നത് അറിയാമോ രാവിലെ പറഞ്ഞത് തന്നെയല്ലേ വൈകിട്ടും പറയാനുള്ളത്………

Story written by Saji Thaiparambu

“എന്താ ഷാനൂ.. നാട്ടിലേക്ക് പോകാൻ അവസരം കിട്ടിയിട്ടും നിൻ്റെ മുഖത്തൊരു നിരാശ”

പെട്ടികൾ പായ്ക്ക് ചെയ്യുന്നതിനിടയിൽ, മൂഡ് ഔട്ടായിരിക്കുന്ന റൂം മേറ്റിനോട് നജീബ് ചോദിച്ചു.

“ഓഹ് ഒന്നുമില്ലെടാ നാട്ടിലെത്തിയാലും, പിന്നെ വീട്ടിലെത്താനും, എൻ്റെ ഭാര്യയുടെയും മക്കളുടെയും, അരികിലെത്താനും പതിനാല് ദിവസം കാത്തിരിക്കണ്ടേ?

“അതാണോ ?എടാ നമ്മുടെ വീട്ടിൽ ഒറ്റയ്ക്കിരിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ പിന്നെന്താ, എപ്പോഴും കുറച്ചകലെ നിന്നിട്ടാണെങ്കിലും, അവരെ കാണാനും സംസാരിക്കാനും പറ്റുമല്ലോ?

“അത് വീട്ടിൽ സൗകര്യമുള്ളവർക്കല്ലേ? നിന്നോട് ഞാൻ പറഞ്ഞിട്ടീല്ലേ?രണ്ട് മുറികളും ഒരടുക്കളയുമുള്ളൊരു കുഞ്ഞ് വീടാണെൻ്റേത് , മൂത്ത രണ്ട് പെൺ കുട്ടികളും പ്രായപൂർത്തിയായി കഴിഞ്ഞപ്പോൾ മുതൽ ,കെട്ട്യോള് സമ്പാദ്യം മുഴുവനും അവർക്കായി മാറ്റി വയ്ക്കുവാ ,അത് കൊണ്ട് ഇത് വരെ സൗകര്യ മുള്ളൊരു വീട് വയ്ക്കാൻ ,എനിക്കിത് വരെ കഴിഞ്ഞിട്ടില്ല”

“അതൊക്കെ എൻ്റെ ഭാര്യ, ഞാനിവിടെ വന്ന് പിറ്റേ വർഷം തന്നെ, ഉണ്ടായിരുന്ന പഴയവീട് പൊളിച്ച് മാറ്റിയിട്ട് , എന്നെ കൊണ്ട് ലോണെടുപ്പിച്ച്, രണ്ടായിരത്തിയഞ്ഞൂറ് സ്ക്വയർ ഫീറ്റിൻ്റെ, പുത്തൻ രണ്ട് നില വീട് പണിയിപ്പിച്ചു, അതിൻ്റെ പാല് കാച്ച് കഴിഞ്ഞിട്ടല്ലേ? ഞാനിപ്രാവശ്യം വന്നത് ,അത് കൊണ്ടെന്താ, ഞാൻ നാട്ടിൽ ചെന്നാലും, എനിക്ക് വേറെങ്ങും പോകേണ്ടി വരില്ല ,വീടിൻ്റെ മുകൾനിലയിൽ അറ്റാച്ച്ഡ് ബാത്റുമുള്ള, മൂന്ന് മുറികളാണുള്ളത്, ഒക്കെ അവളുടെ ഡിസൈനിങ്ങായിരുന്നു, നമ്മുടെ ചെറിയൊരു കുടുംബത്തിന്, മുകൾ നിലയിൽ ഇത്രയും മുറികളെന്തിനാണെന്ന് ചോദിച്ച്, ഞാനവളെ ശാസിച്ചപ്പോൾ പറയുവാ, മനുഷ്യൻ്റെ കാര്യമല്ലേ? എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്ന് ,അവളെ സമ്മതിക്കണമല്ലേടാ.. എന്തൊരു ദീർഘവീക്ഷണമാ അവൾക്ക്”

നജീബ് തൻ്റെ ഭാര്യയെ പുകഴ്ത്തിക്കൊണ്ട്, കൂട്ടുകാരനോട് അഭിമാനത്തിൽ പറഞ്ഞു.

“നീ ഭാഗ്യവാനാടാ.. ഒരു ദിവസം എത്ര പ്രാവശ്യമാ നിൻ്റെ ഭാര്യ നിന്നെ വിളിക്കുന്നത് ,ആ സ്ഥാനത്ത് എൻ്റെ ഭാര്യ പറയുന്നത് അറിയാമോ ? രാവിലെ പറഞ്ഞത് തന്നെയല്ലേ ?വൈകിട്ടും പറയാനുള്ളത്, പിന്നെന്തിനാ ഒരു ദിവസം പല പ്രാവശ്യം വിളിച്ച് ഫോൺ ചാർജ്ജ് കൂട്ടുന്നത്, എല്ലാ ദിവസവും വിളിക്കുന്നുണ്ടല്ലോ അത് പോരെ എന്ന്”

ഷാനു ,നിരാശയോടെ പറഞ്ഞു.

“അതൊക്കെ എൻ്റെ ഭാര്യ, ഓരോ മണിക്കൂറിലും അവൾക്കെൻ്റെ ശബ്ദം കേട്ട് കൊണ്ടിരിക്കണം, ദേ പറഞ്ഞ് തീർന്നില്ല ,അവള് വിളിക്കുന്നത് കണ്ടാ”

സന്തോഷത്തോടെയും, അഭിമാനത്തോടെയും നജീബ് കോൾ അറ്റൻറ് ചെയ്തു.

“ഒന്ന് സബൂർ ചെയ്യെൻ്റെ മുത്തേ… കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ, ഞാൻ വീട്ടിലേക്ക് തന്നെയല്ലേ വരുന്നത്”

“അല്ല ഇക്കാ, ഞാനതിനെക്കുറിച്ച് പറയാനാ വിളിച്ചത്, ഞാൻ ഗർഭിണിയല്ലേ?അപ്പോൾ ഇക്കാ ഇങ്ങോട്ട് വന്നാൽ എങ്ങനാ ശരിയാവുക”

“അതിന് നീയൊരു കാര്യം ചെയ്യ്, തൊട്ടടുത്ത പറമ്പിലല്ലേ എൻ്റെ തറവാട്, നീ കുട്ടികളുമായി കുറച്ച് ദിവസത്തേയ്ക്ക് അങ്ങോട്ട് മാറി നിന്നാൽ പോരെ ?

“അതൊരു പഴഞ്ചൻ വീടല്ലേ ഇക്കാ ,അവിടെയൊരു യൂറോപ്യൻ ക്ലോസറ്റുണ്ടോ ?അത് മാത്രമല്ല ഞാൻ നിങ്ങടെ ഉമ്മയുമായും, നാത്തൂനുമായും ചേർന്ന് പോകത്തുമില്ല”

“എടീ.. എന്ന് പറഞ്ഞാലെങ്ങനാ, ഞാൻ കഷ്ടപ്പെട്ട് വീടുണ്ടാക്കിയിട്ടിരിക്കുന്നത്, എനിക്കൊരാവശ്യം വരുമ്പോൾ ഉപയോഗിക്കാനല്ലേ?

നജീബ്, നീരസത്തോടെ ചോദിച്ചു.

“ഇക്കാ ആർക്ക് വേണ്ടിയാ കഷ്ടപ്പെടുന്നത്, എനിക്കും നമ്മുടെ മക്കൾക്കും വേണ്ടിയല്ലേ? അപ്പോൾ ഞങ്ങളുടെ അന്തസ്സും ,ആരോഗ്യം നോക്കേണ്ടത് ഇക്കാടെ കടമയല്ലേ?

“എടീ.. അപ്പോൾ ഞാൻ വരുമ്പോൾ എന്ത് ചെയ്യും?

“അതിന് നിങ്ങള് ബേജാറാവണ്ട, ഞാനിവിടുത്തെ മൈഹോം ഹോട്ടലിൽ തന്നെ നിങ്ങൾക്കൊരു റൂം ബുക്ക് ചെയ്തിട്ടുണ്ട്, കുറച്ച് കാശ് ചിലവാകും,എന്നാലെന്താ നമുക്കതൊരഭിമാനമല്ലേ ഇക്കാ..”

ഭാര്യയുടെ സംസാരം കേട്ട് നജീബ് സ്തബ്ധനായിപ്പോയി.

“ഇപ്പോൾ മനസ്സിലായില്ലേ നജീബേ ..അണ്ടിയോടടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയു എന്ന് ,അമിത സ്നേഹം കാണിക്കുന്നവരെല്ലാം, സ്വന്തം ജീവൻ്റെ കാര്യം വരുമ്പോൾ സ്വാർത്ഥരാകും ,അത് സ്വന്തം ഭാര്യയാണെങ്കിലും”

കൂട്ടുകാരൻ പറഞ്ഞത് കേട്ടപ്പോൾ, താനിത് വരെ വെള്ളം കോരിയത് കമഴ്ത്തിവച്ചിരുന്ന കുടത്തിലായിരുന്നല്ലോ ,എന്ന് നജീബ് ഓർത്തു പോയി.

“ദേ നിൻ്റെ ഫോണിൽ മിസ്ഡ് കോള് വന്നല്ലോ? നീയങ്ങോട്ട് വിളിക്കാനായിരിക്കും അതിന് പോലും നിൻ്റെ ഭാര്യ പത്ത് പൈസ ചെലവാക്കില്ലല്ലേ?

ഷാനുവിനെ കളിയാക്കിക്കൊണ്ട് നജീബ്, മേശപ്പുറത്തിരുന്ന ഫോണെടുത്ത് അവന് കൊടുത്തു.

ഷാനു തൻ്റെ ഭാര്യയെ വിളിച്ചു.

“ങ്ഹാ ഇക്കാ, കഴിഞ്ഞയാഴ്ച മോളുടെ പേരിൽ, പോസ്റ്റ് ഓഫിസിൽ സേവ് ചെയ്തിരുന്ന, ഡെപ്പോസിറ്റ് തുക കിട്ടിയിരുന്നു, ഞാനതെടുത്ത് നമ്മുടെ പറമ്പിൻ്റെ വടക്ക് കിഴക്കേ മൂലക്കായിട്ട്, ഒരു ചെറിയ മുറിയും അറ്റാച്ച്ഡ് ബാത്റൂമും കൂടി പണിയിച്ചു ,നിങ്ങളോട് ചോദിച്ചാൽ സമ്മതിക്കില്ലെന്നറിയാം, നിങ്ങളെന്നെ വഴക്ക് പറഞ്ഞാലും വേണ്ടില്ല ,മൂന്നാല് കൊല്ലം കൂടിയിരുന്ന്, നിങ്ങള് നാട്ടില് വന്നിട്ട്, ഞങ്ങളുടെ അടുത്ത് നില്ക്കാൻ കഴിയാതെ, ഒന്ന് കാണാൻ പോലുമാവാതെ, ദൂരെ എവിടെയെങ്കിലും മാറി നില്ക്കണ്ടല്ലോ? ഇതാകുമ്പോൾ എനിക്കും കുട്ടികൾക്കും ,നിങ്ങളെ കണ്ടും കേട്ടുമിരിക്കാമല്ലോ? നിങ്ങൾ ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ, മക്കളെ കെട്ടിക്കാനുള്ളത് പടച്ചോൻ തരും”

തൻ്റെ ഭാര്യയുടെ മനസ്സിൽ, മറഞ്ഞിരുന്ന സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കിയ, ഷാനുവിൻ്റെ കണ്ണുകൾ നിഞ്ഞൊഴുകി.

വൈകാരികതയല്ല പ്രായോഗികതയാണ് മികച്ചതെന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *