നേരം വെളുക്കുമ്പോഴെങ്കിലും, പുറത്ത് പോയ ഭർത്താവ് തിരിച്ച് വരുമെന്ന് കരുതിയ, മാലിനിയുടെ ഫോണിലേക്ക് അയാളുടെ ഒരു കോളാണ് വന്നത്…

Story written by Saji Thaiparambu

രാത്രിയിൽ കുളി കഴിഞ്ഞ് ബെഡ് റൂമിലെ നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന്, മുടി കോതി വെയ്ക്കുമ്പോൾ ,പുറകിൽ നിന്നും കൂർക്കംവലി കേട്ട മാലിനി, അമ്പരപ്പോടെ തിരിഞ്ഞ് നോക്കി.

തൊട്ട് മുമ്പ് വീട്ടിലേക്ക് കയറി വന്ന, തൻ്റെ ഭർത്താവ് കട്ടിലിൻ്റെ ഒത്ത നടുവിൽ അലക്ഷ്യമായി കിടന്ന്, ബോധംകെട്ടുറങ്ങുന്നത് കണ്ടപ്പോൾ, അവളുടെയുള്ളിൽ മുള പൊട്ടിത്തുടങ്ങിയ നിരാശയ്ക്ക് നീളം വച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു, മാലിനിയുടെയും വിവേകിൻ്റെയും വിവാഹം.

ആദ്യ രാത്രിയിൽ, സംസാരിക്കുമ്പോഴും മറ്റും, അദ്ദേഹം തന്നോടൊരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നുണ്ടെന്ന്, ഫീല് ചെയ്തെങ്കിലും, ഒക്കെ തൻ്റെ തോന്നലാവാമെന്ന്, മാലിനി മനസ്സിനെ പറഞ്ഞ് തിരുത്തിയിരുന്നു,

പൊതുവെ വായാടിയായ താൻ, ഓരോന്ന് കുത്തികുത്തി ചോദിക്കുമ്പോൾ ,ഒരു തരം ഇറിറ്റേഷൻ ,വിവേക് തന്നോട് , പ്രകടമാക്കിയോ? എന്നും അവൾക്ക് സംശയമുണ്ടായിരുന്നു.

അതൊന്നും വെറും സംശയങ്ങളും തോന്നലുകളും മാത്രമല്ലായിരുന്ന് എന്ന്, വിവേക് പെട്ടെന്ന് ഒന്നും പറയാതെ, അന്ന് ഇവിടുന്നിറങ്ങിപ്പോയപ്പോഴാണ്, മാലിനിക്ക് ഉറപ്പിക്കാനായത്.

വിവേകിൻ്റെ ആ പെരുമാറ്റത്തിൽ പതറിപ്പോയ അവൾ, ഉത്ക്കണ്ഠ അടക്കാനാവാതെ അയാളുടെ മൊബൈലിലേക്ക് വിളിച്ചു.

ങ്ഹാ മാലിനീ.. നീ കിടന്നോളു, ഞാൻ വരാൻ ലേറ്റാകും, എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ, അവളുടെ മനസ്സിലേക്ക് ഒരായിരം, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു.

വിവേക് ശരിക്കും തന്നെ ഇഷ്ടപ്പെട്ട്തന്നെയാണോ, ഈ വിവാഹത്തിന് സമ്മതിച്ചത്, അദ്ദേഹത്തിന് മറ്റൊരു ലവ്വർ ഉണ്ടായിരുന്നോ ?അതോ പുള്ളിക്കാരന് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുമോ ?

ഛെ! എന്തൊക്കെ അധമ ചിന്തകളാണ് തന്നെ മഥിക്കുന്നത് എന്നോർത്ത്, മാലിനി ഫോണെടുത്ത് അമ്മയെ വിളിക്കാനൊരുങ്ങി.

അല്ലേൽ വേണ്ട ,എന്തിനാ വെറുതെ വീട്ടുകാരെക്കൂടി വിഷമിപ്പിക്കുന്നത്, എത്ര ത്യാഗം സഹിച്ചിട്ടാണ്, തനിക്കവർ ഒരു നല്ല ബന്ധമുണ്ടാക്കിത്തന്നത്.

മ്ഹും, നല്ല ബന്ധം ,പുറമേ നിന്ന് കാണുന്നവർക്ക്, ഇത് ചിലപ്പോൾ നല്ല ബന്ധമായി തോന്നാം, പേര് കേട്ട തറവാട് , ചെറുക്കൻ സോഫ്റ്റ് വെയർ എഞ്ചിനീയർ, യാതൊരു ദുശ്ശീലങ്ങളുമില്ല ,പക്ഷേ ആദ്യരാത്രിയിൽ താലിചാർത്തിയ പെണ്ണിനെ അഭിമുഖീകരിക്കാനും, അവളോട് റൊമാൻറിക്കാകാനും കഴിയാതെ ഒളിച്ചോടിപ്പോയ, ഭീരുവാണ് അയാളെന്ന് തനിക്ക് മാത്രമല്ലേ അറിയു.

വിധിയെ പഴിച്ച് കൊണ്ട്, പിറ്റേന്ന് രാവിലെ വരെ അവൾ ഉറങ്ങാതെയിരുന്നു.

നേരം വെളുക്കുമ്പോഴെങ്കിലും, പുറത്ത് പോയ ഭർത്താവ് തിരിച്ച് വരുമെന്ന് കരുതിയ, മാലിനിയുടെ ഫോണിലേക്ക് അയാളുടെ ഒരു കോളാണ് വന്നത്.

മാലിനീ.. ഞാൻ മിക്കവാറും നാളെയേ തിരിച്ചെത്തു ,വീടിലുള്ളവർ ഉണർന്ന് വരുമ്പോൾ, എന്നെ അന്വേഷിച്ചാൽ ,കൂട്ടുകാരന് ആക്സിഡൻ്റ് ആയെന്ന് ഫോൺ വന്നിരുന്നെന്നും, പുലർച്ചയാണ് പോയതെന്നും പറഞ്ഞാൽ മതികെട്ടോ ,ഓകെ ടേക്ക് കെയർ

അത്രയും പറഞ്ഞ് ഫോൺ വച്ചപ്പോൾ ,മാലിനിക്കെന്തോ മനസ്സിന് ഒരാശ്വാസം കിട്ടിയത് പോലെ തോന്നി.

താനിന്നലെ ചിന്തിച്ച് കൂട്ടിയതൊക്കെ വെറുതെയായിരുന്നു എന്നറിഞ്ഞപ്പോഴാണ്, അവൾക്ക് തെല്ല്സമാധാനമായത്.

എന്നാലും ഇണയായി കൂട്ടിക്കൊണ്ട് വന്ന, തന്നോടുള്ളതിനെക്കാൾ ആത്മാർത്ഥത, കൂട്ടുകാരനോട് തോന്നേണ്ട കാര്യമുണ്ടോ? അയാൾക്ക് മാതാപിതാക്കളും ബന്ധുക്കളുമുണ്ടാവില്ലെ? ഇനി കൂട്ടുകാരനാണെന്ന് തന്നെ ബോധിപ്പിക്കാൻ പറഞ്ഞതാണെങ്കിലോ? അത് ഒരു പക്ഷേ, വിവേകിൻ്റെ കാമുകിയാണെങ്കിലോ?

തൻ്റെ മനസ്സ് കടിഞ്ഞാൺ നഷ്ടമായ കുതിരയെ പോലെ, ചിന്താസരണികളിൽ അലഞ്ഞ് തിരിയുന്നതും, അസ്വസ്ഥമാകുന്നതും അവളറിഞ്ഞു.

വിവേകിൻ്റെ അമ്മയും അച്ഛനും, തന്നോട് ഊഷ്മളമായി പെരുമാറിയത്, അവളുടെ പിരിമുറുക്കത്തിന് അല്പം അയവ് വരുത്തിയെങ്കിലും, താനാ വലിയ വീട്ടിൽ ഒറ്റപ്പെട്ടത് പോലെ മാലിനിക്ക് തോന്നി.

നേരം ഉച്ചയാകുംതോറും, വീട്ടിൽ നിന്ന് അമ്മയോ, അച്ഛനോ ഇപ്പോൾ വിളിക്കുമെന്നും, വിവേകിനെ തിരക്കിയാൽ, ഇന്നലെ മുതൽ അദ്ദേഹം കൂട്ടുകാരനോടൊപ്പം ഹോസ്പിറ്റലിലാണെന്നും പറയുമ്പോൾ, തൻ്റെ ഉള്ളിലെ പിടച്ചിൽ അവർ തിരിച്ചറിയുമോ എന്ന ഉത്ക്കണ്ഠയായിരുന്നു മാലിനിക്ക്.

പെട്ടന്ന് അവൾക്കൊരു ഐഡിയ തോന്നിയിട്ട്, തൻ്റെ മൊബൈലെടുത്ത് അമ്മയെ അങ്ങോട്ട് വിളിച്ചു.

ങ്ഹാ അമ്മേ.. ഞാൻ വിവേകുമായി ഒരു ട്രിപ്പ് പോകുവാണേ, രണ്ട് ദിവസം കഴിഞ്ഞേ തിരിച്ച് വരു ,അമ്മ ഇങ്ങോട്ടിനി വിളിക്കേണ്ട, ഞാൻ തിരിച്ച് വന്നിട്ട് അങ്ങോട്ട് വിളിച്ചോളാം, അച്ഛനോടും കൂടി പറഞ്ഞേക്ക്

ഇയർ പീസിൽ മോളേ.. എന്നുള്ള അമ്മയുടെ വിളി കേട്ടപ്പോഴെ, അവരെ കൊണ്ടൊന്നും സംസാരിക്കാൻ അവസരം കൊടുക്കാതെ, മാലിനി അങ്ങോട്ട് പറഞ്ഞിട്ട് വേഗം ഫോൺ വച്ചു.

അങ്ങനെ ആ പകലും രാത്രിയും കടന്ന് പോയി ,ഭർത്താവിൻ്റെ വീട്ടിലെ തൻ്റെ മൂന്നാമത്തെ ദിവസം.

ഇന്നെങ്കിലും അയാൾ തിരിച്ചെത്തുമോ, എന്നറിയാൻ മാലിനി വിവേകിൻ്റെ ഫോണിലേക്ക് അക്ഷമയോടെ വിളിച്ചു.

ങ്ഹാ മാലിനീ.. ആളെ, ഐ സി യു വിൽ നിന്ന് ദേ ഇപ്പോൾ ഇറക്കിയതേയുള്ളു ,വാർഡിൽ കൊണ്ട് പോയി എല്ലാം ഒന്ന് സെറ്റിൽ ചെയ്തിട്ട് ഞാനങ്ങോട്ട് വരാം ,ഓകെ എന്നാൽ ശരി

അത്രയും പറഞ്ഞ് ധൃതിയിൽ ഫോൺ വച്ചപ്പോൾ , ഇന്നെന്തായാലും വരുമല്ലോ ,ചോദിക്കാനും പറയാനും ഉള്ളതെല്ലാം, നേരിട്ടാവാം എന്ന് കരുതി, ഉള്ളിൽ തികട്ടി വന്ന നീരസം അവൾ കടിച്ചമർത്തി.

പിന്നെയും നീണ്ട ഒരു പകലിൻ്റെ കാത്തിരിപ്പിനൊടുവിലാണ്, മുഖം നിറയെ ചിരിയുമായി കുറച്ച് മുമ്പ് വിവേക് കയറി വന്നത്.

തൻ്റെ മുഖമെന്താടൊ കടന്നല് കുത്തിയത് പോലെയിരിക്കുന്നത്, ഞാൻ കാരണം നല്ലൊരു ഫസ്റ്റ് നൈറ്റ് കുളമായല്ലോന്നോർത്തിട്ടാണോ? എന്നാൽ ആ കടം, പലിശയും ചേർത്ത് ഇന്ന് വീട്ടിയേക്കാം,

അതും പറഞ്ഞ്, വിവേക് അവളെ വാരിപ്പുണർന്നു.

തൻ്റെയുള്ളിൽ അത് വരെ അടിഞ്ഞ് കൂടിയിരുന്ന വെറുപ്പെല്ലാം, ആ ഒറ്റ ഡയലോഗിൽ അലിഞ്ഞില്ലാതായല്ലോ എന്ന്, ജാള്യതയോടെ മാലിനി ഓർത്തു.

അയ്യേ.. വിവേക് ഞാനാകെ മുഷിഞ്ഞിരിക്കുവാ ,എന്തായാലും രണ്ട് ദിവസം വെയ്റ്റ് ചെയ്തില്ലേ? ഇനിയൊരു പത്ത് മിനിറ്റ് കൂടി കാത്തിരിക്കു ,ഞാൻ വേഗം ഒന്ന് കുളിച്ചിട്ട് വരാം

തന്നെ വരിഞ്ഞ് മുറുക്കി കൊണ്ടിരുന്ന വിവേകിൻ്റെ കൈകളെ, മടിയോടെ അർത്തി മാറ്റിയിട്ട്, മാലിനി ബാത്റൂമിലേക്ക് കയറുമ്പോൾ, തനിക്കൊരു പുനർജ്ജന്മം കിട്ടിയ പ്രതീതിയായിരുന്നു അവൾക്ക്, തിരിച്ചിറങ്ങുമ്പോൾ വിവേകിൻ്റെ മുഖത്ത് നോക്കാനുള്ള ലജ്ജ കൊണ്ടാണ്, നേരെ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങിയത്.

പുറകിൽ നിന്ന് തന്നെ വാരിപ്പുണരാൻ, അയാളുടെ കൈകൾ വരുന്നതും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, അവളെ നിരാശപ്പെടുത്തിക്കൊണ്ട്, അയാൾ ഉറക്കത്തിലേക്ക് ആണ്ട് പോയത്.

ഇനിയും തനിക്ക് ക്ഷമിക്കാൻ കഴിയില്ല ,ഏതോ ഒരു കൂട്ടുകാരന് വേണ്ടി രണ്ട് ദിവസം ഹോസ്പിറ്റലിൽ പോയി കൂട്ടിരിക്കാം ,കണ്ണിലെണ്ണയൊഴിച്ച് രണ്ട് ദിവസമായി കാത്തിരുന്ന ,സ്വന്തം ഭാര്യ കുളിച്ചിറങ്ങുന്നത് വരെ, ഉറങ്ങാതിരിക്കാൻ ഭർത്താവായ ആൾക്ക് കഴിയില്ലെങ്കിൽ, പിന്നെ ഇങ്ങനെയൊരാൾക്ക് വേണ്ടി, എന്തിന് തൻ്റെ ജന്മം പാഴാക്കണം, നേരം വെളുക്കുമ്പോൾ ഇതിനൊരു തീരുമാനമുണ്ടാക്കണം.

ഒരു ഉറച്ച തീരുമാനമെടുത്ത മാലിനി, നിലത്ത് കിടക്കാനായി ബെഡ്ഷീറ്റും, തലയണയുമെടുത്ത് താഴേക്കിട്ടപ്പോഴേക്കും അവളുടെ ഫോൺ ശബ്ദിച്ചു .

അമ്മയാണ്, മടിച്ച് മടിച്ചവൾ ഫോൺ അറ്റൻറ് ചെയ്തു.

മോളേ.. വിവേക് അവിടെത്തിയോ? ഇവിടുന്ന് പോകുമ്പോൾ, നല്ല ക്ഷീണമുണ്ടായിരുന്നു, രണ്ട് ദിവസമായി ഉറക്കമിളച്ചുള്ള ഒരേ ഇരുപ്പല്ലായിരുന്നോ ? ഞാനും നിൻ്റെ ചേട്ടത്തിയുമൊക്കെ, ഇടയ്ക്ക് വീട്ടിൽ പോയി ഫ്രഷായിട്ട് വന്നെങ്കിലും, വിവേക് എങ്ങോട്ടും പോകാൻ കൂട്ടാക്കാതെ, ഐ സി യു വിൻ്റെ മുന്നിൽ നിന്നും മാറാതെ നിന്നു, നിൻ്റെ ആങ്ങള സ്ഥലത്തില്ലാത്തതിൻ്റെ ഒരു കുറവും, ഞങ്ങൾക്ക് തോന്നിയില്ല, നിൻ്റെ അച്ഛൻ പറയുവായിരുന്നു, നമുക്ക് കിട്ടിയത് ഒരു മരുമകനെയല്ല ,സൂരജ് മോനെ പോലെ ഒരു മകനെ തന്നെയാണന്ന് ,അത് കൊണ്ടല്ലേ? അച്ഛന് നെഞ്ച് വേദന വന്ന് ഐസിയുവിൽ കയറ്റിയപ്പോൾ, സ്വന്തം ഭാര്യയോട് പോലും പറയാതെ, അവൾക്ക് വേദനിക്കേണ്ടെന്ന് കരുതി, എല്ലാം സ്വയം ഉള്ളിലൊതുക്കി നമ്മളോടൊപ്പം നിന്നതെന്ന്

അമ്മ പറഞ്ഞത് കേട്ടപ്പോൾ, മാലിനിയുടെ ഉള്ള് പിടഞ്ഞ് പോയി.

പാവം, തൻ്റെ അച്ഛനെ നോക്കാനായിരുന്നോ, രണ്ട് ദിവസം തന്നിൽ നിന്ന് വിട്ട് നിന്നത്.

അവൾ അയാളുടെ അരികിൽ ചേർന്നിരുന്നിട്ട്, ആ നെറ്റിയിൽ മെല്ലെ തലോടിയപ്പോൾ, വിവേക് പെട്ടെന്ന് ഉണർന്നു.

ങ്ഹാ മാലിനീ സോറി, ഞാനൊന്ന് മയങ്ങിപ്പോയി

സോറി പറയേണ്ടത് ഞാനാ, അമ്മയിപ്പോൾ വിളിച്ചിരുന്നു

നീ വിഷമിക്കുമെന്ന് കരുതിയാ ഞാനൊന്നും പറയാതെ പോയത്, അന്ന് നീ ഈ മുറിയിലേക്ക് കടന്ന് വരുന്നതിന് മുമ്പ്, അമ്മ എന്നെ വിളിച്ച് അച്ഛൻ ഐ സി യു വിലാണെന്ന് പറഞ്ഞപ്പോൾ, ഞാനുമാകെ ഭയന്ന് പോയി ,പിന്നെ നിന്നെയറിയിക്കാതെ എങ്ങനെ പോകാമെന്ന ചിന്തയിലായിരുന്നു ഞാൻ ,അതാണ് പിന്നെ ഒന്നും പറയാതെ ,പെട്ടെന്നിറങ്ങിപ്പോയത്, പതിയെ നിന്നോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാമെന്നോർത്തു, ഇപ്പോൾ കുഴപ്പമൊന്നുമില്ല, നാളെ നമുക്ക് അച്ഛനെ കാണാൻ പോകാം

മതി, ഇതൊന്നുമറിയാതെ ഞാൻ ഒത്തിരി തെറ്റിദ്ധരിച്ചു, റിയലി സോറി

അവളുടെ മിഴികളിൽ പൊടിഞ്ഞ കണ്ണീരുപ്പ് ഒപ്പിയെടുത്തത്, അയാളുടെ വരണ്ട അധരങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *