നേരം വെളുത്തപ്പോ വന്നു നിക്കുവല്ലിയോ. ഇവളുമാര് അതിനാത്തിരുന്ന് എന്തോടുക്കുവാ,, ടിക്കറ്റ് തരാനെന്തുവാ ഇത്രേം താമയ്ക്കുന്നെ.. ഒരുത്തിയേയൊള്ളോ……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

അമ്മയെ കൊണ്ട് ആശൂത്രീൽ പോയ ആ ദിവസം..

അമ്മയെ എടുത്തു ട്രോളിയിൽ കിടത്തിയിട്ട് ഓ പി ടിക്കറ്റെടുക്കാനുള്ള നീണ്ട വരിയിൽ നിക്കുവാണ് ഞാൻ.. തൊട്ട് മുന്നിൽ നിക്കുന്ന അമ്മച്ചി ഒരു വെപ്രാളക്കാരി.. ടിക്കറ്റടിച്ചു കൊടുക്കുന്ന സുനയ്ക്ക് സ്പീഡ് പോരെന്നാ അമ്മച്ചി പറയുന്നേ..

“നേരം വെളുത്തപ്പോ വന്നു നിക്കുവല്ലിയോ. ഇവളുമാര് അതിനാത്തിരുന്ന് എന്തോടുക്കുവാ,, ടിക്കറ്റ് തരാനെന്തുവാ ഇത്രേം താമയ്ക്കുന്നെ.. ഒരുത്തിയേയൊള്ളോ.. ആ ഫോണിനാത്ത് കുത്തിക്കൊണ്ടിരിക്കുവാരിക്കും.. എന്തൊരു താമസവാ ഇത്. എന്തോ പറയാനാന്നു പറ…

എത്തിവലിഞ്ഞ് അകത്തോട്ടു നോക്കി അമ്മച്ചി പിറുപിറുക്കുന്നു..

“അമ്മച്ചീ,, ഈ കണ്ട ജനങ്ങള് മൊത്തം നിങ്ങളെപ്പോലെ വന്നതല്ലിയോ.. മൂന്ന് കൗണ്ടറിലും കൂടെ ഞാനൊരാളല്ലെയൊള്ളു.. ഞാനിവിടെ ചുമ്മായിരിക്കുവാന്നോ.. നിങ്ങള് വെപ്രാളം കാണിക്കാതെ അടങ്ങി നില്ല്..

അകത്തിരുന്ന ചേച്ചി ഒച്ചയിട്ട്..

“ഓ,, അവക്കടെയൊരു വല്യ കമ്മലും,, ചായം പൊത്തിയ ചിറീം കണ്ടേച്ചാലും മതി ,, സൂപ്രണ്ടാണെന്നാ വിചാരം..സൂപ്രണ്ടിന് പോലും ഇത്രേം പൊങ്ങലില്ല..അവള് ഫോണീ തോണ്ടുവാ,, അതാ കൊച്ചേ ഇത്രേം താമസം..

അമ്മച്ചി മറ്റേ ചേച്ചി കേക്കാതെ ഫോണീ തോണ്ടിക്കൊണ്ട് നിന്ന എന്റെ ചെവീലോട്ട് പറഞ്ഞു.. നമ്മള് വീട്ടീന്നെറങ്ങി തിരിച്ചു വരുന്ന വരെ മൊത്തത്തിൽ ഡീസന്റായതു കൊണ്ട് അമ്മച്ചിയ്‌ക്കൊപ്പം ചീത്ത വിളിക്കുള്ള ഷെയറിടാൻ കൂടിയില്ല..അത് മാത്രമല്ല,, ഫോണീ തോണ്ടി സുഖം പിടിച്ചു വരുമ്പോ അടുത്ത് നിന്ന് ഇങ്ങനെ കുണുകുണാന്ന് ചെലയ്ക്കുമ്പോ ആ സുഖം അതിന്റെ പൂർണ്ണ രൂപത്തിൽ കിട്ടത്തുമില്ല..

“അമ്മച്ചി മിണ്ടായിരി,, അവരെക്കൊണ്ട് ചെലപ്പിക്കാതെ,, ആൾക്കാര് കേട്ടാൽ മോശവല്ലേ..എന്റമ്മ വയ്യാതെ ദോണ്ടേ ആ സാനത്തില് കെടക്കുന്ന കണ്ടോ,, എന്നിട്ടും ഞാൻ ഒച്ച വെയ്ക്കാതെ വരീല് നിക്കുന്നില്ലേ.. അമ്മ തഞ്ചപ്പെട്.. അവര് വെറുതെയിരിക്കുവല്ലല്ലോ.. ടിക്കറ്റ് തരും..

ഞാനെന്റെ പൊന്നമ്മച്ചിയെ ചൂണ്ടി പറഞ്ഞു..

“ആഹാ,, ഈ ഫോണീ തോണ്ടിക്കൊണ്ട് നിക്കുമ്പോ നീയൊക്കെ എത്ര മണിക്കൂറു വേണോങ്കിലും വരീൽ നിക്കും.. എനിക്കേ കാല്‌ വയ്യാത്തതാ.. മുട്ടീന്ന് വെള്ളം കുത്തിയെടുത്തോണ്ടിരിക്കുവാ.. നിന്നെപ്പോലെ ആവതൊന്നും എനിക്കില്ല.. ഞാൻ പറയും..

അവരെന്റെയും എന്റെ ഫോണിന്റെയും നേരെ ചൂടായി.. ഞാൻ ഫോണെടുത്തു ബാഗിൽ വെച്ച്..നമ്മടെ കാലേന്ന് കുത്തിയെടുക്കാൻ വെള്ളമില്ലാത്തത് നമ്മടെ കൊഴപ്പവാന്നോ..

ചൂടിന്റെയും ചെലപ്പിന്റെയും ഉന്തിന്റെയും തള്ളിന്റെയുമൊക്കെ അവസാനം ഞാനും അമ്മച്ചിയുമടങ്ങുന്ന സംഘം കൗണ്ടറിന്റെ മുന്നിൽ ചെന്നിടിച്ചു നിന്നു.. ആ അമ്മച്ചിയുടെ പേര് ചോദിച്ചപ്പോ പിൻകോഡുൾപ്പെടെ അവര് അകത്തിരിക്കുന്ന ചേച്ചിയോട് പറഞ്ഞു.. അവരീ അമ്മച്ചിയെ ഒന്ന് നോക്കി..

“അതേ,,പേരും വയസും സ്ഥലവും അഡ്രസ്സും ഫോൺ നമ്പറും മാത്രം മതി.. പോസ്റ്റോഫീസും പിൻകോഡുമൊന്നും വേണ്ടാ..

തുണ്ടെടുത്ത് അമ്മച്ചീടെ കയ്യിൽ കൊടുത്തിട്ട് ആ ചേച്ചി പറഞ്ഞു..

“പോസ്റ്റോഫീസും പിൻകോഡും പറഞ്ഞപ്പോ കൊച്ചിന്റെ കയ്യിലിരുന്നതൊന്നും തേഞ്ഞു പോയില്ലല്ലോ..

മറുപടി കൊടുത്തിട്ട് അമ്മച്ചി എല്ലിന്റെ ഡോക്ടറെ കാണാൻ അകത്തേയ്ക്ക് പാഞ്ഞു..അമ്മയെ എല്ലിന്റെ ഡോക്ടറെ കാണിക്കാൻ വേണ്ടിയുള്ള ടിക്കറ്റുമെടുത്ത് ട്രോളിയും തള്ളി ഞാനും അകത്തോട്ടു കേറി..

“മോനേ,, രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല,, വേദന തന്നെ വേദന,, കാലേന്ന് ആ വെള്ളം കുത്തിയെടുത്തപ്പോ ഇച്ചിരി ആച്ചൊണ്ടാരുന്നു.. ഇപ്പം പണ്ടത്തേന്റെ പിന്നത്തതായിട്ടുണ്ട്.. കേറിയെറങ്ങി നടക്കാൻ വയ്യ.. നടുവേദന പിന്നേം തൊടങ്ങീട്ടൊണ്ട്.. അന്നെനിക്ക് തന്ന പോലത്തെ രണ്ട് ഇഞ്ചഷൻ ഇന്നും കൂടെ തന്നാ വല്യ ഉപകാരമാരുന്നു..വേദന സഹിക്കാൻ വയ്യ മക്കളേ…

അമ്മച്ചി സ്വാതന്ത്ര്യത്തോടെ ഡോക്ടറുടെ കയ്യിൽ പിടിച്ചു.. ഇരിപ്പും വർത്താനവും കണ്ടാലറിയാം രണ്ടാളും തമ്മിൽ “വാടാ അമ്മച്ചീ ” ബന്ധമാണെന്ന്..

“ഇപ്പൊ ഇൻജെക്ഷന്റെ ആവശ്യമില്ലമ്മേ.. അമ്മേടെ ശരീരം ഒരുപാട് വീക്കാണ്.. ഞാൻ വേറൊരു ഗുളിക തരാം,, അതൊന്ന് വാങ്ങി കഴിക്ക് കേട്ടോ…

ട്രോളിയിൽ കിടക്കുന്ന എന്റമ്മയെ നോക്കി അമ്മച്ചിയോടു സ്നേഹത്തോടെ പറഞ്ഞിട്ട് ഡോക്ടർ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തോട്ടു വരാൻ തുടങ്ങി..

“അങ്ങനെ പറയല്ലേ മക്കളേ,, ഒട്ടും വയ്യാത്തോണ്ടല്ലിയോ.. ആ ഇഞ്ചഷൻ വെച്ചപ്പോ അന്ന് നല്ല കൊറവൊണ്ടാരുന്നു.. വയ്യാത്തോണ്ടാ.. ഇന്നും കൂടൊന്ന് തന്നാ വേദന കൊറയും..

ചാടിയെണീറ്റ് ഡോക്ടറെ തടഞ്ഞ് അമ്മച്ചി പറഞ്ഞു..

“അമ്മാ,, ഇങ്ങനെ കണക്കില്ലാതൊന്നും ഇൻജെക്ഷൻ എടുക്കാൻ പറ്റത്തില്ല.. ശരീരത്തിന് ദോഷമാ.. ഞാൻ ഇപ്പൊ എഴുതിയ ഗുളിക നല്ലതാ.. അത് കഴിച്ചാൽ മതി,, വേദന കുറഞ്ഞോളും.. നിങ്ങള് പേഷ്യന്റിനെ അകത്തോട്ടു കൊണ്ടുവാ..

അമ്മച്ചിയോടു പറഞ്ഞിട്ട് ഡോക്ടർ ഞങ്ങളെ വിളിച്ചു.. ഞാൻ അമ്മയെയും കൊണ്ട് അകത്തോട്ടു കേറി..

“അമ്മയ്ക്കെന്തോ പറ്റിയതാ..

ഡോക്ടർ അമ്മയോട് ചോദിച്ചു..

“മോനേ,, രണ്ട് ഇഞ്ചഷൻ വേണ്ട.. ഒന്നെങ്കിലും താ മോനേ.. വേദനകൊണ്ടല്ലിയോ.

അസുഖവിവരം പറയാൻ തുടങ്ങിയ എന്നെ ബഹുദൂരം പിന്നിലാക്കി അമ്മച്ചി ആൻസർ ബസറമർത്തി..

“നിങ്ങളോട് പറഞ്ഞത് മനസിലായില്ലേ,, വേദന മാറാൻ വേണ്ടിയാ വേറെ ഗുളിക തന്നത്.. ഞാനാണോ നിങ്ങളാണോ ഡോക്ടർ..എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്..വേറെ പേഷ്യന്റ്സ് പുറത്തു നിക്കുന്നത് കാണാൻ വയ്യേ… മനുഷ്യനേ ബുദ്ധിമുട്ടിക്കാനായിട്ട്..

ഡോക്ടർ ലൈറ്റ് കണ്ട ഈയലിനെപ്പോലെ തുള്ളി വിറച്ചു..

“അല്ല മോനേ,, ഒരിഞ്ചഷൻ മതി,, വേദന കൊണ്ടല്ലിയോ..

അമ്മച്ചിയുടെ മുഖം ദയനീയമായി.. എന്റെ കയ്യിൽ സൂചിയും മരുന്നു മുണ്ടാരുന്നെങ്കിൽ ഞാൻ പത്ത് ഇഞ്ചഷൻ ഒന്നിച്ചു കൊടുത്തേനെ.. ഇത്രേം കാല്‌ പിടിച്ചു ചോദിച്ചിട്ടും ഒരു ഇഞ്ചഷൻ പോലും കൊടുക്കാത്ത ഇയാളെന്തൊരു ഡോക്ടറാണ്..

“നിങ്ങള് വെളീലോട്ടിറങ്ങുന്നോ,, അതോ ഞാൻ സെക്യൂരിറ്റിയെ വിളിക്കണോ..

കലിയിളകിയ ഡോക്ടർ അമ്മച്ചിക്ക് നേരെ അലറി.. പേടിച്ചു പോയ അമ്മച്ചി ചാടി വെളീലിറങ്ങി..സെക്യൂരിറ്റിയുടെ കയ്യിൽ കിട്ടുന്നതിലും ഭേദം ഇഞ്ചഷൻ വേണ്ടെന്ന് വെയ്ക്കുന്നതാണെന്ന് അമ്മച്ചിയ്ക്കറിയാവെന്ന് തോന്നുന്നു..

ഞാൻ അമ്മയെ ഡോക്ടറെ കാണിച്ചിട്ട് മരുന്ന് വാങ്ങാൻ ചെന്നപ്പോ ഫാർമസിയുടെ മുൻപിലെ വരിയിൽ അവസാനം അമ്മച്ചിയും നിപ്പോണ്ട്..

“അവന്റെ ഭാവം കണ്ടാ അവന്റെ കുടമ്മത്തിരിക്കുന്ന ഇഞ്ചഷൻ ഞാൻ ചോദിച്ച പോലാ.. ഇഷ്ടം പോലെ മരുന്ന് ഇവിടൊണ്ട്.. അസുഖം മാറാനല്ലിയോ കൊച്ചേ സർക്കാര് ഈ മരുന്നൊക്കെ ആശൂത്രീൽ വെച്ചേക്കുന്നേ.. തരത്തില്ല… എത്ര കാല്‌ പിടിച്ചു ചോയ്ച്ചതാ..അവനൊന്നും കൊ ണം പിടിക്കത്തില്ല.. ഹല്ലേ ,, ഇതെന്തുവാ ഈ വരി മുമ്പോട്ട് പോകുന്നില്ലിയോ.. മരുന്നെടുത്തു കൊടുക്കാൻ ഒരാളെയുള്ളോ.. ആ,, ചുമ്മാതല്ല,,ആ മരുന്ന് വെച്ചേക്കുന്ന അലമാരി പൊറകിൽ വെച്ചേക്കുവാ കൊച്ചേ.. അതിച്ചിരി മുമ്പോട്ട് വെച്ചാ അവിടിരുന്നു തന്നെ ആ മരുന്നെടുത്തൂടായോ.. ഇവളുമാർക്കൊന്നും സ്പീഡില്ലിയോ.. പഠിച്ചിട്ടെങ്ങാണ്ട് എറങ്ങിയതേയൊള്ളാരിക്കും.. അതാ സ്പീഡില്ലാത്തെ..ഇനിയെപ്പോ അങ്ങ് ചെല്ലും.. എന്തൊരു താമസവാ ഇത്..

അമ്മച്ചി ചറുപിറൂന്നങ്ങു പിറുപിറുക്കുവാടെ..അകത്തിരിക്കുന്നവർ വെളിയിലോട്ടൊന്ന് എത്തി നോക്കി..അമ്മച്ചി അവരെ മൈൻഡ് ചെയ്യാതെ വീണ്ടും ചെലച്ചുകൊണ്ടേയിരുന്നു..കൂട്ടത്തിൽ എന്റമ്മച്ചിയുടെ അസുഖത്തേക്കുറിച്ചും ഡോക്ടർ അമ്മയ്ക്ക് ഇഞ്ചഷൻ തന്നോന്നും ചോയ്ച്ചു.. അമ്മയ്ക്കും ഇഞ്ചഷൻ കിട്ടീലെന്നറിഞ്ഞപ്പോ ഇച്ചിരി ആശ്വാസമായെന്ന് തോന്നുന്ന്..

ഒരു മണിക്കൂറോളം വരി നിന്ന് ഒടുക്കം ഫാർമസിയുടെ ജനലിന്റെ മുന്നിലെത്തി..അമ്മച്ചി തുണ്ട് അകത്തോട്ടു കൊടുത്തു.. സിസ്റ്റർ ആ തുണ്ട് വാങ്ങി നോക്കി..

“ചൂടോ പനിയോ ഉണ്ടെങ്കിൽ ഈ ഗുളിക മൂന്ന് നേരം കഴിക്കണം.. ബാക്കിയുള്ള നാല് സൈസ് ഗുളിക പൊറത്തൂന്ന് വാങ്ങിക്ക് കേട്ടോ..

തുണ്ട് തിരിച്ചു കൊടുത്തിട്ട് സിസ്റ്റർ പറഞ്ഞത് കേട്ട് അമ്മച്ചി ഞെട്ടി..

“എനിക്ക് ചൂടും പനീമൊന്നുമില്ലല്ലോ,, എത്ര മണിക്കൂറു നിന്ന് വരീൽ നിന്ന് കാല്‌ കഴച്ചിട്ടാ ഇവിടെ വരെ വന്നത്.. മരുന്ന് മൊത്തം പൂഴ്ത്തി വെച്ചിട്ട് മെഡിക്കൽ സ്റ്റോറുകാരനെ കനപ്പിക്കുവാ.. പാവത്തുങ്ങളെ ദുരിതപ്പെടുത്താനായിട്ട്.. എനിക്ക് വേണ്ട പാരസെറ്റാമോള്.. ഗുളിക ഇവിടെ കാണത്തില്ലെന്നറിഞ്ഞോണ്ടാ ഒരിഞ്ചഷനെങ്കിലും തരാൻ പറഞ്ഞ് കാല്‌ പിടിച്ചത്.. ആ കാലനത് തന്നില്ല.. പാവങ്ങളോട് ഇമ്മാതിരി ദുഷ്ടത്തരം ചെയ്യുന്നോനൊന്നും കൊ ണം പിടിക്കത്തില്ല നോക്കിക്കോ..അവന്റെ സന്തതി പരമ്പരകൾ അനുഭവിച്ചോളും..

സിസ്റ്റർ കൊടുത്ത പാരസെറ്റമോൾ അകത്തോട്ടു തന്നെ വെച്ചിട്ട് ഏന്തി വലിഞ്ഞ് ആ അമ്മച്ചി വെളീലോട്ടിറങ്ങിപ്പോയി..

അമ്മയ്ക്കും ആറ് പാരസെറ്റമോൾ തന്നിട്ട് ബാക്കി ഗുളികയൊക്കെ വെളിയിൽ നിന്നെടുക്കാൻ സിസ്റ്റർ പറഞ്ഞു..

അമ്മയെ വണ്ടിയിൽ എടുത്തിരുത്തി മെഡിക്കൽ ഷോപ്പിന്റെ മുന്നിലെത്തിയപ്പോ മറ്റേ അമ്മച്ചി റോഡിന്റെ അരികു പിടിച്ച് താഴേയ്ക്ക് നടന്നു വരുന്നുണ്ടായിരുന്നു..

അവര് നടന്നു വരുന്നത് കണ്ടപ്പോ എന്തിനെന്നറിഞ്ഞൂടാ,, എനിക്ക് വല്ലാതെ സങ്കടം വന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *