നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന, ഭാര്യയുടെ കൈയ്യിലൊരു കുഞ്ഞിനെക്കണ്ടപ്പോൾ, രവീന്ദ്രൻ അമ്പരന്നു പോയി…

ഇരട്ടപെറ്റ വയറ്റാട്ടി

Story written by SAJI THAIPARAMBU

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന, ഭാര്യയുടെ കൈയ്യിലൊരു കുഞ്ഞിനെക്കണ്ടപ്പോൾ, രവീന്ദ്രൻ അമ്പരന്നു പോയി.

“ഇതേതാ സന്ധ്യേ ഈ കുഞ്ഞ്?

ആകാംക്ഷയോടെ അയാൾ ചോദിച്ചു.

“അത് പറയാം, അതിന് മുമ്പ് ഈ കുഞ്ഞിനെ രവിയേട്ടന് ഇഷ്ടമായോന്ന് പറ”

തൻ്റെ കയ്യിലിരുന്ന കുഞ്ഞിനെ, ഭർത്താവിൻ്റെ നേരെ നീട്ടിക്കൊണ്ട്, സന്തോഷം സ്ഫുരിക്കുന്ന കണ്ണുകളോടെ സന്ധ്യ ചോദിച്ചു.

പഞ്ഞിക്കെട്ട് പോലിരിക്കുന്ന ആ പിഞ്ച് കുഞ്ഞ്, തൻ്റെ മുഖത്ത് നോക്കി ,മോണകാട്ടി ചിരിക്കുന്നത് കണ്ടപ്പോൾ ,അയാളുടെ ഉള്ളം തുടിച്ചു.

എത്രയോ വർഷങ്ങൾ ഇങ്ങനെയൊരു അനുഭവത്തിനായി താൻ കാത്തിരുന്നതാണ് .

സന്ധ്യ പ്രസവിക്കുന്ന കുഞ്ഞിനെ, ഒന്ന് താലോലിക്കുക എന്നത്, തൻ്റെ ദിവാസ്വപ്നമായി മാത്രം മാറുകയാണെന്ന തിരിച്ചറിവുണ്ടായിട്ട്, ഇപ്പോൾ വർഷം പതിനഞ്ച് കഴിഞ്ഞു.

“ഉം, ഒരു പാവക്കുട്ടിയെ പോലിരിക്കുന്നു ,ഇത്രയും ചെറിയ കുഞ്ഞിനെ നിൻ്റെ കൈയ്യിൽ തന്ന് വിട്ടതാരാ?

രവീന്ദ്രന് ജിജ്ഞാസയേറുകയായിരുന്നു.

“കഴിഞ്ഞയാഴ്ച, ഞാൻ കൺസൾട്ട് ചെയ്തിരുന്ന ഒരു ഗർഭിണി, പ്രസവിച്ചത് ഇരട്ടക്കുട്ടികളെയായിരുന്നെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നില്ലെ ?അതിലൊന്നാണ് ഈ കുഞ്ഞ്, അവൾക്ക് നിലവിൽ രണ്ട് പെൺകുട്ടികളാണുള്ളത്, ഭർത്താവ് കൂലിപ്പണിക്കാരനാണ്, ചെക്കപ്പിന് വരുമ്പോഴെ, സ്കാനിങ്ങിൽ രണ്ട് കുട്ടികളാണെന്ന് പറഞ്ഞപ്പോൾ, അവർക്കൊരു ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു ,എൻ്റെയാ സംശയം ഇപ്പോൾ യാഥാർത്ഥ്യമായി .

“ങ്ഹേ, അതെങ്ങനെ?

രവീന്ദ്രൻ ആവേശത്തോടെ ചോദിച്ചു.

“ഉള്ള രണ്ട് കുട്ടികളെ വളർത്താൻ തന്നെ ,അവർ നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്നും ,അത് കൊണ്ട് ഈ കുട്ടികളെ മക്കളില്ലാത്ത ആർക്കെങ്കിലും, കൊടുക്കാൻ ഡോക്ടറൊന്ന് സഹായിക്കണമെന്നും പറഞ്ഞ്, ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത് കഴിഞ്ഞപ്പോൾ, അവളും ഭർത്താവും കൂടി എൻ്റെ മുറിയിൽ വന്നിരുന്നു.

“ഉം എന്നിട്ട് ഒന്ന് വേഗം പറ”

രവീന്ദ്രന് ജിജ്ഞാസ അടക്കാനായില്ല.

“അപ്പോൾ ഞാൻ പറഞ്ഞു ,ഒരു കുട്ടിയെ ഞാനെടുത്ത് കൊള്ളാം, മറ്റേതിൻ്റെ കാര്യം നിങ്ങളെന്തെങ്കിലും ചെയ്യാൻ”

“അതെന്തിനാ നീയങ്ങനെ പറഞ്ഞത്, രണ്ട് കുഞ്ഞുങ്ങളെയും നമുക്ക് എടുത്ത് കൂടായിരുന്നോ ,ഒരു കുഞ്ഞിനെയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന്, നമ്മൾ ഒരുപാടാഗ്രഹിച്ചപ്പോൾ, ദൈവം ചിലപ്പോൾ നമുക്ക് രണ്ട് കുട്ടികളെ തന്ന് അനുഗ്രഹിച്ചതാണെങ്കിലോ?

“അത് ഞാൻ മനപ്പൂർവ്വം എടുക്കാതിരുന്നതല്ലേ, രവിയേട്ടാ…”

താനൊരു വലിയ കാര്യം ചെയ്തത് പോലെയായിരുന്നു, അപ്പോൾ അവളുടെ മുവഭാവം .

“അതെന്താ സന്ധ്യേ ..?

“മറ്റേ കുട്ടിയുടെ ഹൃദയവാൽവിന് തകരാറുണ്ട് ,അത് കൊണ്ട് നിങ്ങളതിനെ അമ്മത്തൊട്ടിലിൽ കൊണ്ടിട്ടാൽ മതിയെന്നും, ഈ കുട്ടിയെ എനിക്ക് തന്നത് മറ്റാരുമറിയേണ്ടെന്നും പറഞ്ഞ്, ഞാനവർക്ക് ഒരു ലക്ഷം രൂപയുടെ ചെക്കും കൊടുത്തു”

“എന്ത് ദ്രോഹമാണ് സന്ധ്യേ.. നീയാ കുഞ്ഞിനോട് കാട്ടിയത്, അതിനെയവർ അമ്മത്തൊട്ടിലിൽ തന്നെ കൊണ്ടിടുമെന്ന്, നിനക്കുറപ്പുണ്ടോ? ഒരു കുഞ്ഞിനെ കൊടുത്തപ്പോൾ, ഒരു ലക്ഷം രൂപ കൈയ്യിൽ കിട്ടിയ അവര്, മറ്റേ കുട്ടിയേയും ഇത് പോലെ ആർക്കെങ്കിലും വില്ക്കാനല്ലേ നോക്കു?

“അവർ വില്ക്കുകയോ, നോക്കുകയോ എന്തെങ്കിലും ചെയ്യട്ടെ, അതിന് നമ്മളെന്തിനാ വറീഡാവുന്നത്”

“നോക്ക് സന്ധ്യേ .. അവരുടെ കൈയ്യിൽ നിന്നും വില കൊടുത്ത് വാങ്ങിയ ആ കുഞ്ഞിന് ‘ ഹൃദയവാൽവിന് തകരാറുണ്ടന്നും, അതിനെ ചികിത്സിക്കാൻ ലക്ഷങ്ങൾ ചിലവ് വരുമെന്നുമറിയുമ്പോൾ, സ്വന്തം ചോരയിൽ പിറക്കാത്ത അങ്ങനെയൊരു കുഞ്ഞിന് വേണ്ടി, പിന്നീട് ലക്ഷങ്ങൾ ചിലവാക്കാനും, ബുദ്ധിമുട്ടുകൾ സഹിക്കാനും ആരെങ്കിലും തയ്യാറാവുമോ ?നൊന്ത് പ്രസവിച്ച അമ്മമാർ പോലും, സ്വാർത്ഥ താല്പര്യത്തിന് വേണ്ടി , മക്കളെ ക്രൂരമായി കൊല ചെയ്യുന്ന ഇക്കാലത്ത്, മറ്റുള്ളവരുടെ കാര്യം പിന്നെപറയണോ , അങ്ങനെയൊരു ദുർവിധി നേരിടാൻ, ആ പിഞ്ച് കുഞ്ഞ് എന്ത് പിഴച്ചു ,ഒരമ്മയുടെ വയറ്റിൽ ഒരു പോലെ, ഒൻപത് മാസം കിടന്നിട്ട് ,ഒന്നിച്ച് പുറത്ത് വന്നപ്പോൾ, തൻ്റേതല്ലാത്ത കാരണത്താൽ ,ആ കുഞ്ഞിനോട് അനീതി കാണിക്കാൻ, നീ പഠിച്ച എത്തിക്സിൽ പറഞ്ഞിട്ടുണ്ടോ?

ഭർത്താവിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ഡോക്ടർ സന്ധ്യ വീർപ്പ് മുട്ടി.

“പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു രവിയേട്ടാ .. അറിഞ്ഞ് കൊണ്ട് ഒരു ദുരിതം നമ്മൾ പേറണമായിരുന്നോ?

“സന്ധ്യേ .. ഒരു പക്ഷേ ഈ രണ്ട് കുട്ടികളെയും നീ ഗർഭം ചുമന്ന് നൊന്ത് പ്രസവിച്ചതായിരുന്നെങ്കിൽ, നല്ലതിനെ മാത്രമെടുത്തിട്ട് മറ്റേതിനെ നീ ഉപേക്ഷിക്കുമായിരുന്നോ?

“രവിയേട്ടാ.. പ്ളീസ്, എനിക്കൊരു തെറ്റ്പറ്റി ,അതെങ്ങനെയാണ്, ഞാൻ തിരുത്തേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി”

“ശരി, നീ ഈ കുഞ്ഞിനെ പിടിക്കൂ, ഞാൻ കാറെടുക്കാം ,ആശുപത്രി രജിസ്റ്ററിൽ, അവരുടെ അഡ്രസ്സും ഫോൺ നമ്പരമുണ്ടാവുമല്ലോ? ഇപ്പോൾ തന്നെ തേടിപ്പിടിച്ച് നമുക്കവരുടെ വീട്ടിലെത്തണം, എന്നിട്ട്, നമുക്ക് അവളുടെ കൂടപ്പിറപ്പിനെക്കൂടി വേണമെന്ന് പറയാം, അതേ സന്ധ്യേ… ദൈവം നമുക്ക് ആവശ്യത്തിന് സമ്പത്ത് തന്നിട്ടില്ലേ ? ലോകത്തെവിടെ വേണമെങ്കിലും, കൊണ്ട് പോയി നമുക്കാ കുഞ്ഞിനെ ചികിത്സിച്ച് നോർമലാക്കാവുന്നതല്ലേയുള്ളു”

“അതേ രവിയേട്ടാ.. ഞാനത്രക്ക് ചിന്തിച്ചില്ല, ഇരട്ടക്കുട്ടികളെ തരാനായിരിക്കും, ദൈവം ചിലപ്പോൾ നമ്മളെ ഇത്രയും നാൾ കരയിച്ചതല്ലേ?

ഒരു തേങ്ങലോടെ രവീന്ദ്രൻ്റെ തോളിലേക്ക് സന്ധ്യ വീഴുമ്പോൾ ,പേറ്റ് നോവറിഞ്ഞ അമ്മയുടെ മനസ്സായിരുന്നവൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *