നോക്കിക്കോ, ഉമ്മാന്റേയും താത്താന്റെയും മുന്നിൽ വെച്ച് എന്നെ കളിയാക്കി അല്ലേ…ഞാനിന്ന് ഇങ്ങളെ കൂടെ കിടക്കൂല…

ഭാര്യ…

Story written by Shaan Kabeer

“ഇക്കാ, ഇന്നെന്താ ഇങ്ങൾ വിളിക്കാഞ്ഞേ…? സമയം കിട്ടുമ്പോൾ മര്യാദക്ക് വിളിച്ചോണ്ടി. വീഡിയോ കോൾ മതി, മക്കൾക്ക് ഇങ്ങളെ കാണണം എന്ന്. മക്കൾക്ക് മാത്രല്ല എനിക്കും കാണണം”

തന്റെ വാട്സാപ്പിൽ ഭാര്യയുടെ ആ ശബ്ദം ഷാഹിദ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. നിറഞ്ഞൊഴുകുന്ന കണ്ണീർത്തുള്ളികളെ അവൻ തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി റൂമിലേക്ക് കയറി. മൂന്ന് മക്കളും നല്ല ഉറക്കമായിരുന്നു അപ്പോൾ. മൂന്നുപേരുടേയും കണ്ണിൽ കണ്ണീരിന്റെ ഉപ്പ് പട്ടിപിടിച്ചിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.

മക്കളെ ഉണർത്തേണ്ട എന്ന് കരുതി ഷാഹിദ് ശബ്ദമുണ്ടാക്കാതെ നിലത്ത് കിടന്നു. ഫോണെടുത്ത് ഹെഡ്ഫോൺ കുത്തി അവൻ ഭാര്യയുടെ ഓരോ വോയ്‌സും പ്ലേ ചെയ്തു

“ഇങ്ങളിത് എവിടെ പോയി കിടക്കാണ് ഷാഹിക്കാ, രാത്രി പത്ത് മണിക്ക് മുന്നേ വന്നില്ലേൽ ഞാൻ വാതിൽ തുറന്ന് തരില്ലട്ടോ. ഇങ്ങളും ഇങ്ങളൊരു ചെങ്ങായിമാരും”

ഓരോ വോയിസും പ്ലേ ചെയ്യുമ്പോഴും അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു

“നോക്കിക്കോ, ഉമ്മാന്റേയും താത്താന്റെയും മുന്നിൽ വെച്ച് എന്നെ കളിയാക്കി അല്ലേ…? ഞാനിന്ന് ഇങ്ങളെ കൂടെ കിടക്കൂല… നിലത്തേ കിടക്കൂ. വെറുതെ റൂമിൽ വന്നിട്ട് സീൻ ആക്കാൻ നിക്കണ്ട. ഒപ്പം കിടക്കൂല പറഞ്ഞാ കിടക്കൂല”

ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ അവൻ കൈകൊണ്ട് തുടച്ചുമാറ്റി

“അല്ലാഹ്, ഇങ്ങക്ക് പനിയാണോ ഇക്കാ. ഉമ്മ പറഞ്ഞല്ലോ വിളിച്ചപ്പോൾ ഇങ്ങക്ക് തീരെ വയ്യാന്ന്. ഞാൻ എന്റെ വീട്ടിലേക്ക് നിക്കാൻ വന്നോണ്ടാണോ ഇങ്ങള് എന്നോട് പറയാഞ്ഞേ…? ഞാൻ നാളെ രാവിലെ അങ്ങോട്ട് വരും, എനിക്ക് ഇങ്ങളെക്കായി വലുതായി മാറ്റാരുമില്ല ഇക്കാ”

അവന്റെ കൈകൾ വിറച്ചു

“ട്രെയിൻ കയറിയോ, ഇങ്ങക്കൊന്ന് വിളിച്ചൂടെ. ബാംഗ്ലൂർ എത്തിയ ഉടൻ വിളിക്കണം. ആ പിന്നെ, അവിടെ ഒറ്റക്കാണ് എന്ന് കരുതി സിഗരറ്റ് വലിച്ചാൽ ഉണ്ടല്ലോ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. ഇന്ക് അവിടെ കുറേ കുടുംബക്കാർ ഉണ്ട്, ഇങ്ങള് എവിടേലും നിന്ന് സിഗരറ്റ് വലിച്ചാൽ അപ്പൊ എനിക്ക് വിവരം കിട്ടും ട്ടാ. അതോണ്ട് മോൻ വയ്യാത്ത പണിക്ക് നിക്കണ്ട”

പെട്ടെന്നാണ് കതകിൽ ആരോ മുട്ടുന്ന ശബ്ദം അവൻ കേട്ടത്. ഹെഡ് ഫോൺ ഊരിവെച്ച് അവൻ വാതിൽ തുറന്നു. ഉപ്പയായിരുന്നു അത്

“മോനേ, നാളെ രാവിലെ ഉസ്താദുമാരേയും കൂട്ടി അവളുടെ കബറിങ്ങലിൽ പ്രാർത്ഥിപ്പിക്കണം മക്കളേം കൂട്ടിക്കോണ്ടി ഒപ്പം”

വാതിൽ മെല്ലെ അടച്ച് ഹെഡ്ഫോൺ ചെവിയിൽ വെച്ചു

“സത്യം പറഞ്ഞോ കഷ്ടകാലത്തിനെങ്ങാനും ഞാൻ മരിച്ചു പോയാൽ ഇങ്ങള് വേറെ കല്യാണം കഴിക്കോ…? അതും ഇതും പറഞ്ഞ് ഉരുളാൻ നിക്കേണ്ട, മര്യാദക്ക് പറഞ്ഞോ…?”

Related Posts

Leave a Reply

Your email address will not be published. Required fields are marked *