നോട്ടം എന്നിൽ തന്നെ ആണെന്ന് ബോധ്യമായ പ്പോഴാണ് കൈ വീശി അവളെ അടുത്തേക്ക് വിളിച്ചത്……

Story written by Shanavas Jalal

സ്കൂളിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോഴേ കുട്ടേട്ടാന്ന് വിളിച്ചു കാന്താരി ഓടി അടുക്കലേക്ക് എത്തിയിരുന്നു, കുട്ടേട്ടൻ എന്താ വൈകിയേ, അമ്മു കരുതി കുട്ടേട്ടൻ വരില്ലായിരിക്കുമെന്ന ഓളുടെ ചിണുങ്ങൽ കണ്ടു അവളെ വാരി യെടുത്തു. അച്ചോടാ കുട്ടേട്ടന്റെ അമ്മൂന് പുത്തനുടുപ്പ് വാങ്ങാൻ കുറച്ചു ദൂരം പോയത് കൊണ്ടല്ലേ വൈകിയത് , നാളെ വരുമ്പോൾ ഇതിട്ട് വരണം കേട്ടോന്ന് പറഞ്ഞു അവളുടെ കയ്യിൽ ഉടുപ്പിന്റെയും അവളുടെ ഇഷ്ടമുട്ടായിയുടെയും കവർ കൊടുത്തപ്പോൾ തന്നെ മൂക്കിൽ ഒരു ചെറു കടിയും തന്ന് അവൾ ഓടി മറഞ്ഞിരുന്നു …

തിരികെ വണ്ടിയിൽ വീട്ടിലേക്കുള്ള യാത്രക്കിടയിൽ മൂന്ന് മാസം മുമ്പത്തെ സ്‌കൂൾ മൈതാനത്തു നടന്ന ക്രിക്കറ്റ് മത്സരം മനസ്സിലേക്ക് ഓടിയെത്തി. ദുബായിൽ നിന്നും വന്ന അന്ന് തന്നെ സുഹൃത്തായ ഷാരോണിനൊപ്പമാണ് കളി കാണാൻ വന്നത്. കളി കണ്ടൊണ്ടിരുന്നപ്പോഴാണ് ഒരഞ്ചു വയസ്സുകാരി ഉണ്ട ക്കണ്ണി എന്നെത്തന്നെ നോക്കി നിൽക്കുന്നത് ശ്രദ്ധിച്ചത്. എവിടെയോ കണ്ട് മറന്ന പോലത്തെ ആ കണ്ണുകൾ. നോട്ടം എന്നിൽ തന്നെ ആണെന്ന് ബോധ്യമായ പ്പോഴാണ് കൈ വീശി അവളെ അടുത്തേക്ക് വിളിച്ചത്. വിളിക്കാൻ കാത്തിരുന്നത് പോലെ അവൾ ഓടി എന്റെയരികിൽ എത്തിയിട്ട് കുട്ടേട്ടനാണോന്ന് ചോദിച്ച പ്പോൾ പെട്ടെന്ന് ഞാൻ അമ്പരന്നു പോയിരുന്നു ..

മോൾ എവിടുത്തെയാ എന്നെന്റെ ചോദ്യത്തിന് ,

ഞാൻ അങ്ങ് ദൂരെയാ എന്നായിരുന്നു മറുപടി. കിലുക്കാംപെട്ടി പോലുള്ള അവളുടെ സംസാരത്തിൽ നിന്നാണ് അമ്മയുടെ ഫോട്ടോബുക്കിനുള്ളിൽ കുട്ടേട്ടനെ പോലെയാ ചേട്ടനും ഇരിക്കുന്നെന്ന് ഓള് പറഞ്ഞപ്പോൾ , അമ്മയുടെ പേരു മാളൂന്നാണോ എന്നെന്റെ ചോദ്യത്തിന് , അയ്യോ അമ്മേനെ അറിയാ മോന്നുള്ള ഉണ്ടക്കണ്ണുകൾ വിടർത്തിയുള്ള അവളുടെ മറു ചോദ്യം കേട്ട് മോളെ കെട്ടിപ്പിടിച്ചു കുറച്ചു നേരം നിന്ന് കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ …

കുറച്ചു നേരം കൂടെ അമ്മേനെയും അച്ഛനെയും കുറിച്ച് മോളോട് ചോദിച്ചിട്ട് അവളെ പറഞ്ഞയക്കുമ്പോഴും ആറു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദേഷ്യം മനസ്സിൽ അലിഞ്ഞു ഇല്ലാതായി മാറുന്നുണ്ടായിരുന്നു , അന്ന് രാത്രിയിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ‘അമ്മ ആരോടെന്നില്ലാതെ മാളു വിന്റെ കാര്യം പറഞ്ഞു തുടങ്ങിയത് , നോട്ടം എന്റെ നേർക്ക് എത്തിയപ്പഴേക്കും കഴിപ്പ് പാതിയിൽ നിർത്തിയിട്ട് അവിടെ നിന്ന് എഴുന്നേറ്റു റൂമിലേക്ക് നടക്കു മ്പോഴും അമ്മയുടെ മോനേന്നുള്ള വിളി എന്റെ ചെവിയിൽ പതിയുന്നു ണ്ടായിരുന്നു.

റൂമിൽ കയറി കതകടച്ചു കട്ടിലിൽ മടക്കി വെച്ചിരുന്ന ആൽബം തുറന്നു നോക്കിയപ്പോൾ മോണപ്പല്ലുകാട്ടി ചിരിക്കുന്ന അഞ്ചുവയസ്സുകാരി മാളുവിന്റെ ഫോട്ടോ എന്റെ കണ്ണ് നിറച്ചു. ഞാൻ ജനിച്ചു അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അവൾ ജനിച്ചത്. ആരു കൂടെയില്ലെങ്കിലും എത്ര വലിയ കരച്ചിലിലും ഞാൻ മതിയായിരുന്നു അവൾക്ക്. അമ്മയായും അച്ഛനായും അവളുടെ മുന്നിൽ ജീവിക്കുമ്പോൾ, കുട്ടേട്ടാന്നുള്ള അവളുടെ വിളി കേൾക്കുമ്പോൾ മാത്രമേ ഞാൻ അവളുടെ ആങ്ങളയാണെന്ന് സത്യം പറഞ്ഞാൽ ഓർക്കാറുള്ളു …

അവൾക്കു വേണ്ടിയായിരുന്നു ജീവിതം. അവളുടെ ഭാവി ഓർത്തിട്ടായിരുന്നു പത്തൊമ്പതാമത്തെ വയസ്സിൽ കടൽ കടന്നത്. മോൾക്ക് ഒന്നിനും ഒരു കുറവുണ്ടാകരുത്, രാജകുമാരിയെ പോലെ വളരണം എന്നൊക്കെ ഞാൻ വീട്ടിൽ വിളിച്ചു പറയുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു അല്ലേലും അവൾ ഈ വീടിന്റെ ഐശ്വര്യമല്ലേന്ന് …

നാട് മുഴുവൻ ആഘോഷമാക്കി നടത്താൻ ഞാൻ സ്വപ്നം കണ്ട അവളുടെ കല്യാണം അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചത്. അന്ന് ആ ഏപ്രിൽ 7, അവളെ ആദ്യമായി പെണ്ണ് കാണാൻ ഒരു കൂട്ടർ വരുമെന്ന് പറഞ്ഞ അന്ന് കോളേജ് വിട്ട് നേരം ഒരുപാട് വൈകിയിട്ടും അവളെ കാണാത്തത് കൊണ്ട് തിരക്കിയിറങ്ങിയ അച്ഛന്റെ ചങ്ക് പൊട്ടിയുള്ള ഫോൺ വിളി ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അവൾ നമ്മളെ ചതിച്ചു മോനെ, സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ദീപുവിനോപ്പം അവൾ പോയെന്നുള്ള വാക്ക് വിശ്വസിക്കാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു …

വീട്ടിലേക്കുള്ള വിളിയുടെ അവസാനം ഓർക്കാതെ മാളുവിന്‌ കൊടുക്കെന്നുള്ള എന്റെ വാക്ക് കേട്ട അമ്മയുടെ കരച്ചിലാണ് അവൾ വീട്ടിൽ ഇല്ല എന്ന സത്യം എന്നെ പലപ്പോഴും ഓർമിപ്പിക്കുന്നത്. അമ്മയെ ആശ്വസിപ്പിച്ചു ഫോൺ കട്ട് ചെയ്യുമ്പോഴും പലപ്പോഴും നിറഞ്ഞു തുളുമ്പിയിട്ടുണ്ടാവും എന്റെയും കണ്ണുകൾ ..

കുറച്ചു നാളുകൾക്ക് ശേഷം അവർ തിരികെ എത്തിയെന്നോ , അവൻ സ്റ്റാൻഡിൽ ഓട്ടോയുമായി ഉണ്ട് എന്നൊക്കെ അറിഞ്ഞെങ്കിലും ഞാൻ പതിയെ പതിയെ അവളെ മറക്കാൻ തുടങ്ങിയിരുന്നു. ആറു വർഷത്തെ പ്രവാസം കഴിഞ്ഞു നാട്ടിൽ എത്തിയ അന്ന് തന്നെ അവളുടെ കുഞ്ഞിനെ ദൈവം കാണിച്ചത് , ഫോട്ടോ കാണിച്ചു മാളു ഞാൻ കുട്ടേട്ടനാണെന്നു അമ്മുനെ പഠിപ്പിച്ചു കൊടുത്തുന്നൊക്കെ മനസ്സിലായപ്പോൾ മാളൂനെ ഒന്നുടെ കാണാൻ എന്തോ ഒരു ആഗ്രഹം തോന്നിയിരുന്നു എങ്കിലും എന്തോ ഒരു മാനസിക തടസ്സം എന്നെ അതിൽ നിന്ന് വിലക്കി. എങ്കിലും അമ്മൂനെ കാണാൻ എത്തുന്നത് മുടക്കാറില്ലായിരുന്നു ഞാൻ …

കിടക്കും മുമ്പ് എപ്പോഴും നോക്കാറുള്ള ആൽബത്തിലെ അഞ്ചു വയസ്സുകാരി മാളുവിന്റെ മഞ്ഞ ഫ്രോക്ക് പോലെയൊന്ന് വാങ്ങണമെന്ന ആഗ്രഹം കൊണ്ടാ ലീവ് തീരുന്നതിന്റെ തലേന്ന് തന്നെ കുറച്ചു കറങ്ങിയിട്ടാണേലും ഒരെണ്ണം വാങ്ങി മോളെ ഏൽപ്പിച്ചത് …

മോളെ കാണുന്ന കാര്യം അമ്മയോട് ഇത് വരെ പറഞ്ഞിട്ടില്ല. ഇന്ന് പറഞ്ഞു നാളെ അമ്മയെയും കൊണ്ട് വേണം അവളെ കാണാൻ ചെല്ലഞ്ഞന്നു ചിന്തിച്ചു വീടെത്തിയത് അറിഞ്ഞില്ല. കാത്തിരുന്ന അമ്മയുടെ മടിയിൽ ചെന്ന് കിടന്ന് , എല്ലാ കാര്യങ്ങളും വളെരെ വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചപ്പോൾ അമ്പരപ്പോടെ ആദ്യം എന്നെ ഒന്ന് നോക്കിയിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെറ്റിയിലേക്ക് മുഖം ചേർത്തു വെച്ചിരുന്നു ആ പാവം ..

പിറ്റേന്ന് വൈകുന്നേരം അവളെ കാണാൻ കാറിൽ ഞാനും അമ്മയും ചെന്നിറങ്ങുമ്പോൾ തന്നെ കണ്ടു മഞ്ഞ ഫ്രോക്കിൽ മാളുവിന്റെയും ദീപുവിന്റെയും വിരലിൽ പിടിച്ചു അവൾ നടന്ന് വരുന്നത്. എന്നെ ദൂരെ നിന്ന് കണ്ടയുടനെ കാന്താരി കുട്ടേട്ടാന്ന് വിളിച്ചു ഓടി എന്റെ അടുക്കലേക്ക് എത്തിയപ്പഴേക്കും അമ്മ അവളെ കോരിയെടുത്തു നെഞ്ചിലേക്ക് ചേർത്തിരുന്നു

ആറു വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടത് കൊണ്ടാകണം മാളു നിന്നിടത്തു നിന്ന് അനങ്ങിയിരുന്നില്ല. കൈ രണ്ടും വിടർത്തി മോളെന്ന് വിളിച്ചപ്പോഴേക്കും കുട്ടേട്ടാന്നുള്ള വിളിയോടെ ഓടി വന്നു അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ ഇന്ന് രാത്രി തിരിച്ചു പോകും അളിയനും ഇവരോടൊപ്പം വീട്ടിലേക്ക് വന്നുടെ യെന്ന ചോദ്യം ദീപു പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. കൈയ്യിൽ ഒന്നമർത്തിപ്പിടിച്ചിട്ട് അളിയൻ ഇവരെ കൊണ്ട് പൊക്കോ , ഞാൻ സ്റ്റാൻഡിൽ ഒന്ന് കയറിയിട്ട് അങ്ങ് എത്തിക്കൊള്ളാമെന്നു പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിൽ ഞാൻ മാളുവിനോട് ചോദിച്ചു.

ഇത്ര ദിവസം ഞാൻ മോളെ കാണാൻ വന്നിട്ടും ഇന്ന് മാത്രമെന്തേ നീ വന്നെതെന്ന്. കുട്ടേട്ടനെ കണ്ടു എന്നവൾ പറയുമ്പോഴൊക്കെ ഞാൻ കരുതിയത് ഫോട്ടോ പോലെയുള്ള ആരെങ്കിലും ആകുമെന്നാകും ചേട്ടായി , പക്ഷേ കാവിലെ ഉത്സവത്തിന് ചേട്ടായി അച്ഛനൊപ്പം പോയി വാങ്ങി വന്ന മഞ്ഞ ഫ്രോക്ക് ഇവളുടെ കയ്യിൽ കണ്ടപ്പോൾ തൊട്ടേ നേരം വെളുക്കാൻ കാത്തിരിപ്പായിരുന്നു. രാവിലെ തൊട്ട് ഇത് വരെയും സ്ക്കുൾ വരാന്തയിൽ ചേട്ടായിയെ കാത്തിരി പ്പായിരുന്നുവെന്ന് പറഞ്ഞപ്പോ , അത് വരെ എവിടെയോ തടഞ്ഞു നിന്നിരുന്ന എന്റെ കണ്ണുനീർ പൊട്ടി ഒഴുകിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *