നോവുന്നെനിക്ക്..എന്നൊരു വിതുമ്പലോടെ കെട്ട്യോനോട് പറഞ്ഞപ്പോ പിന്നെ നോവാതെ പറ്റോ? എന്ന് തിരിച്ചു ചോദിച്ചു വായടപ്പിച്ചു……..

പെൺ

Story written by Sujitha Sajeev Pillai

ഞാൻ ഒട്ടും വേദന സൈക്കില്ലെന്നു എപ്പോഴും പറയും അമ്മ..

“അവള് എളംപിള്ളയല്ലേ..അതിന്റെയാ! ” എന്നമ്മ കൂട്ടിച്ചേർക്കും..

വെണ്ണക്കൊതിച്ചി പെണ്ണ് വെണ്ണ വാങ്ങാൻ ചെരുപ്പില്ലാതെ ഓടിയതും .. കുപ്പിച്ചില്ല് കേറിയതും… അതെടുക്കാൻ മെഡിക്കൽ കോളേജിൽ കൊണ്ടു പോയപ്പോ കാലുമ്മേ തൊട്ട ഡോക്ടറുടെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടിയതും… അങ്ങേരു മറിഞ്ഞടിച്ചു വീണതും.. അമ്മ പറഞ്ഞു ചിരിക്കും

വയസറിയിച്ചപ്പോ വയറും പൊത്തിപിടിച്ചു “എനിക്കെങ്ങും വല്യ പെണ്ണാവണ്ട! എനിക്കിതു സൈക്കാൻ വയ്യ!” എന്നും പറഞ്ഞു ആറാംക്ലാസുകാരി അലറി കരഞ്ഞതും …

“ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ.. അച്ഛൻ കേൾക്കും.. നിനക്ക് നാണാവൂല്ലേ?”എന്ന് അമ്മ ചോദിച്ചപ്പോഓടി ചെന്നു അച്ഛന്റെ മടിയിൽ കേറി ഇരുന്നതും…

“എനിക്കി വയറു വേദന സൈക്കാൻ വയ്യച്ഛാ..എനിക്ക് വല്യ പെണ്ണാവണ്ട! ” ന്ന് അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞതും പറയുമ്പോ.. അമ്മേടെ കണ്ണങ്ങു നിറയും!

ഇഷ്ടമില്ലാത്തത് പറഞ്ഞാൽ പതിനാറു നാവ് കൊണ്ട് മറുപടി പറയുന്നവളായത് കൊണ്ട്..

എന്റെ മുറിക്കകത്തു ആരെങ്കിലും വിരുന്നുകാരെ കയറ്റി കിടത്തിയാൽ അടുത്ത നാല് ദിവസം അമ്മേടെ സ്വൈര്യം കളയുന്നവളായത് കൊണ്ട്…

എന്നെ പേടിച്ചു വീട്ടിൽ ഇഡ്ഡലി എന്ന പലഹാരം പൂർണ്ണമായും നിരോധിക്കേണ്ടി വന്നത് കൊണ്ട്…

എന്നെ കെട്ടിച്ചു വിടാനും അമ്മക്ക് ആധിയായിരുന്നു. ചെക്കന്റെ വീട് കാണാൻ പോയിവന്നപ്പോ “ഇവിടുത്തെപോലെയല്ല കൊച്ചേ… കൂട്ടുകുടുംബമാണ്.. മൂത്തയാളുടെ ഭാര്യായിട്ടാണ് കേറി ചെല്ലാൻ പോകുന്നത്.. നിന്റെ ഈ ദുർവാശിയും പുന്നാരവും മിണ്ടിയാൽ പുറത്തു ചാടുന്ന പൂങ്കണ്ണീരും ഒന്നും അവിടെ ചെന്നു കാണിക്കരുത്.. വളർത്തു ദോഷം പറയിപ്പിക്കരുത്” എന്ന് എത്രയാവർത്തിയാണ് പറഞ്ഞത്!

അതോണ്ടാണ് കല്യാണം കഴിഞ്ഞ് അവിടെ ചെന്നപ്പോ അവിടുള്ളോര്

“നിങ്ങടെ അച്ഛൻ നടത്തിയ ഒരു സദ്യ! പരിപ്പില്ലാത്ത.. പുളിശേരി ഇല്ലാത്ത ഒരു സദ്യ! എന്തിന് കൊള്ളാം?”

എന്ന് നെഞ്ചത്ത് ആഞ്ഞു കുത്തിയപ്പോഴും…

ഇന്നലെ രാത്രി വരെ കല്യാണം കേമത്തിൽ നടത്താൻ കാശിന് ഓടി നടന്ന എന്റെ അച്ഛനെ ഓർമ്മ വന്നപ്പോഴും..

ഒന്നും മിണ്ടാതെ ഞാൻ നിന്നത്! ഒട്ടും കരയാതെ ഇരുന്നത്!

അന്ന് രാത്രി ..

“നോവുന്നെനിക്ക്..”എന്നൊരു വിതുമ്പലോടെ കെട്ട്യോനോട് പറഞ്ഞപ്പോ
“പിന്നെ നോവാതെ പറ്റോ?” എന്ന് തിരിച്ചു ചോദിച്ചു വായടപ്പിച്ചു അങ്ങേര്!നോവാതെ പറ്റില്ലെന്നുള്ള പാഠം ഒറ്റ നിമിഷം കൊണ്ട് പഠിച്ചത് കൊണ്ടാവും

പിന്നീടങ്ങോട്ട് പച്ചയിറച്ചി മുറിയുന്ന പോലെ വേദനിച്ചിട്ടും..നീറി പുകഞ്ഞിട്ടും.. ഞാൻ ഒന്നും മിണ്ടാതിരുന്നത്!ഒട്ടും കരയാതെ ഇരുന്നത്!

പകരം ചില്ലുകൂടിനുള്ളിൽ ഇണ ചേരുന്ന മീനുകളെ ഓർത്തങ്ങനെ അട്ടം നോക്കി കിടന്നു!

അശേഷം വേദന സഹിക്കാത്തോള്.. എളംപിള്ളായായി വീട് ഭരിച്ചോള്..
ഗർഭിണിയായപ്പോ..”നീ ആ ആസ്പത്രിടെ ലേബർ റൂം പൊളിക്കോടി?” ന്നു ചേച്ചിമാര്! “ന്റെ മോളെ…ഭൂമിയോളം സഹിക്കണേ.. വല്യ ബഹളം ഒന്നും ഉണ്ടാക്കല്ലേ…” എന്ന് അമ്മ!അതോണ്ടാണ് പേറ്റ് നോവ് തുടങ്ങിയിട്ടും കുറെ നേരം മിണ്ടാതെ ഇരുന്നത്…ഇരിക്കാൻ പറ്റാതായപ്പോ നടന്നത്..അവസാനം പ്രസവ മുറിയിൽ ചെന്നു കയറിയപ്പോഴേക്കും എന്റെ നടു പിളർന്നു കാലു വരെ കുളിരാൻ തുടങ്ങിയത് ഞാൻ മാത്രമറിഞ്ഞു!

പ്രസവിച്ചെഴുന്നേറ്റു ചെന്നപ്പോ

രക്ഷ ശെരിയായില്ലെന്നും..

കൊച്ചിന്റെ തല ഉരുണ്ടില്ലെന്നും..

മൂക്ക് പതിഞ്ഞിരിക്കുന്നെന്നും അവിടുള്ളോര് കുറ്റം പറഞ്ഞു..

“നീ അങ്ങ് അലുവ പോലെ ആയല്ലോടി ” ന്നു കെട്ട്യോൻ മാത്രം ആരും കേൾക്കാതെ ചെവിയിൽ പറഞ്ഞു.

ഒറ്റക്കയ്യിൽ കൊച്ചിനെ വെച്ചോണ്ട് വാർത്തും വിളമ്പിയും.. ഒരേ സമയം മു ലയൂട്ടികൊണ്ട് നിലം തുടച്ചും.. മൂത്രതുണി കഴുകിക്കൊണ്ട് കൂട്ടാത്തിനു നുറുക്കിയും.. അപ്പി കഴുകിക്കൊണ്ട് വാരി തിന്നും നടു കഴച്ചൊടിയുമ്പോഴും.. തളർന്നുറങ്ങുമ്പോഴും.. ഉടല് കൊണ്ട് ആനന്ദിപ്പിച്ചും..പ്രണയ മില്ലാതെ പ്രാപിക്കപെടുന്നതിൽ അല്പം പോലും അപമാനം തോന്നാതെയും ഞാൻ ഒരു തികഞ്ഞ പെണ്ണാകാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു..

“എനിക്കൊരിത്തിരി നേരം ഒറ്റക്കിരിക്കണം.. എന്തെങ്കിലും വായിക്കണം…
കൂട്ടുകാരിയോടൊന്നു മിണ്ടണം.. മുടി വെട്ടണം..നെയിൽ പോളിഷ് ഇടണം..
നന്നായിട്ടൊന്നൊരുങ്ങണം.. ഈ കൊച്ചിനെ ആരെങ്കിലും ഇത്തിരി നേരം ഒന്ന് പിടിക്കോ??” എന്ന് ഞാൻ ഒരിക്കലും ചോദിച്ചില്ല.. എനിക്കിത്തിരി ഇടം വേണം ഒരു രാത്രിയെങ്കിലും സ്വപ്നം കണ്ടുറങ്ങണമെന്നൊരിക്കൽ പോലും കരഞ്ഞില്ല.

പക്ഷെ ഒന്നിന്റെ മു ലകുടി മാറും മുന്നേ അടുത്തതൊന്നു വയറ്റിലായെന്നു അറിഞ്ഞപ്പൊ എനിക്ക് തന്നത്താനേ ഇടിക്കാൻ തോന്നി! ഇല്ലിതു ഞാൻ അതിജീവിക്കില്ല!! ഇത് കടന്ന് ഞാൻ പോരില്ല!! എന്നുറക്കെ കരയാൻ തോന്നി.

“ഇതെന്താ നിത്യഗർഭിണി ആണോ..നാണക്കേട്!! “എന്ന് കെട്ട്യോന്റെ വീട്ടുകാരും..

“നീ അല്ലെ സൂക്ഷിക്കേണ്ടിയിരുന്നേ?.. പെണ്ണുങ്ങള് വേണ്ടേ നോക്കീം കണ്ടും നിൽക്കാൻ ” എന്ന് എന്റമ്മയും കുറ്റപ്പെടുത്തിയപ്പോ വെറുതെയിരിക്കുമ്പോൾ ഞാൻ എന്തിനാണ് നാണിക്കുന്നതെന്നും അട്ടം നോക്കി കിടക്കുമ്പോൾ എന്താണിത്ര സൂക്ഷിക്കേണ്ടതെന്നും എനിക്കറിയില്ലായിരുന്നു.

അങ്ങനെ അഭികാമ്യമല്ലാത്ത സമയത്ത് ഗർഭം ധരിച്ചു പോയവളെന്നെ കൊടും കുറ്റത്തിന്റെ പേരിലാണ്… കുറ്റബോധത്തിന്റെ പേരിലാണ് രണ്ടും കല്പിച്ചു സർക്കാർ ആസ്പത്രിക്ക് പോയത്…എനിക്കീ ഉള്ളിൽ കിടക്കുന്നതിനെ വേണ്ടെന്നു പറഞ്ഞത്!

കെടന്നു സുഖിച്ചിട്ടിപ്പോ കൊച്ചിനെ വേണ്ടെന്നോ? നീയൊക്കെ ഒരമ്മയാണോടി നീയൊരു പെണ്ണാണോടി ? എന്ന് ആ ഹെഡ് നേഴ്സ് കയർത്തു ചോദിച്ചപ്പോൾ ഞാൻ അനുഭവിച്ച “സുഖം” ഒന്നങ്ങോട്ട് വിവരിച്ചു കൊടുക്കാൻ തുടങ്ങിയതാണ്.. പക്ഷെ ഒന്നും മിണ്ടിയില്ല! ഒട്ടും കരഞ്ഞില്ല!

മയക്കാൻ കുത്തിവയ്പ്പെടുത്തപ്പോ..ഏതോ പകുതി ബോധത്തിൽ.. പച്ചയിറച്ചിയിൽ കത്തി കയറി ചോര പൊടിഞ്ഞപ്പോൾ..വയറു പിളർന്നൊരു വേദനയിൽ കാലു തണുത്തുറഞ്ഞപ്പോ… ഞാൻ ഒന്നാം ക്ലാസ്സിൽ അല്ലി ടീച്ചർ ഈണത്തിൽ പാടി പഠിപ്പിച്ച

“അമ്മയെന്നെ കുളിപ്പിക്കും… ടുപ്പിടുവിക്കും.. പൊട്ടു തൊടീക്കും.. പാട്ട് പാടാൻ ചേച്ചിയുണ്ട്.. കൂട്ടു കൂടാൻ അനിയനുണ്ട്.. എന്നാലും എനിക്ക് എല്ലാത്തിനും അമ്മ തന്നെ വേണം..” എന്ന് തുടങ്ങുന്ന കവിത ചൊല്ലിയത്രേ!

“ഈ നേരത്തൊക്കെ ആ കൊച്ചിന്റെ അച്ഛൻ എവിടെയാരുന്നാവോ?”
എന്ന് ചോദിച്ചു ഞാൻ ഉറക്കെ ചിരിച്ചത്രേ!!

ഇത്തിരി നേരം അങ്ങനെ പൊന്തി കിടന്നിട്ട്ഏ തോ പുഴയിലേക്ക് മുങ്ങി താഴ്ന്നു പോയപ്പോ..അഴിഞ്ഞു പോയ മുടി എന്നെ വന്നു കെട്ടിപിടിച്ചൊട്ടുമ്പോൾ…എന്റെ കണ്മുന്നിൽ രണ്ട് മീനുകൾ ഇണ ചേരുകയായിരുന്നു! ഞാൻ അത് കണ്ട് “എനിക്ക് വല്ലാണ്ട് നോവുന്നച്ഛാ… എനിക്ക് വല്യ പെണ്ണാവണ്ട!എനിക്കിതു സൈക്കാൻ വയ്യച്ഛാ..” എന്നും പറഞ്ഞു നെഞ്ച് പൊട്ടി ഉറക്കെ കരയുകയായിരുന്നു.

പെൺ!

Leave a Reply

Your email address will not be published. Required fields are marked *