എഴുത്ത്:- ബഷീര്‍ ബച്ചി
അതിരാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.. രാജേഷ് ആണ്
എന്താടാ..
നീ അറിഞ്ഞോ ബാലേട്ടൻ മരിച്ചു..
എങ്ങനെ.. എന്റെ വാക്കുകളിൽ ഞെട്ടലുണ്ടായിരുന്നു അത് ശരീരമാകെ വ്യാപിച്ചു..
അറ്റാക്ക് ആയിരുന്നു ത്രെ രാവിലെ എന്നും എഴുന്നേൽക്കുന്ന സമയത്തു എഴുന്നേൽക്കുന്നത് കണ്ടില്ല.. പോയി നോക്കുമ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്..
ബാലേട്ടനും സുധാമണി ചേച്ചിയും ഇരുപതാം വയസ്സിൽ ബാലേട്ടന്റെ ഒപ്പം കൂടിയ 18 കാരി സുധാമണി.. മൂന്ന് മാസം മുന്പേ ചേച്ചി ഈ ലോകം വിട്ട് പോയിരുന്നു. ക്യാൻസർ എന്ന മാരക രോഗം അവരെ പിടികൂടിയത് അവർ അവസാന സ്റ്റേജിൽ ആയിരുന്നു മനസിലാക്കിയത്.. ചികിത്സ ആരംഭിച്ചപ്പോഴേക്കും അവർ പെട്ടന്ന് മരണമടഞ്ഞു.. അതിനു ശേഷം ബാലേട്ടൻ പറ്റെ ക്ഷീണിച്ചു പോയിരുന്നു..
ഭൂമി പാട്ടത്തിന് എടുത്തു കൃഷി ചെയ്യുന്നവരായിരുന്നു അവർ.. രാവിലെ അവർ രണ്ടു പേരും ഒരുമിച്ചു കൃഷിയിടത്തിലേക്ക് പോകുന്നത് ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട്.. ഒരാഴ്ച്ച മുൻപ് കവലയിൽ ഇരിക്കുമ്പോൾ ഒരു പുതിയ ആൻഡ്രോയ്ഡ് ഫോണുമായി എന്റെ അരികിൽ വന്നിരുന്നു..
പുതിയ ഫോൺ ഒക്കെ വാങ്ങിയോ..?ഞാൻ ചോദിച്ചു. ഇത് മോൻ വാങ്ങി തന്നതാ ഞാൻ എപ്പോഴും ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നത് കണ്ടപ്പോ അവനൊരു വിഷമം.
എന്നിട്ട് fb ഐഡി ഒക്കെ എടുത്തോ ഞാൻ തമാശ ആയി ചോദിച്ചു.
ഇല്ലെടാ എനിക്കിതിനെ പറ്റി വല്യ പിടിയൊന്നുമില്ല വാട്സ്ആപ്പ് ഓൻ റെഡി ആക്കി തന്നിട്ടുണ്ട് പിന്നെ യൂട്യൂബ് ഞാൻ മൂളി. ന്നാലും ന്റെ സുധാമണി ഇല്ലാത്തതിന് പകരമാവുമോ ഇതൊക്കെ.. ഓളോട് സംസാരിച്ചു ഇരിക്കുന്നതായിരുന്നു എന്റെ സന്തോഷം.. അവളുടെയും.. ഓൾക് എങ്ങനെ എന്നെ വിട്ട് പോകാൻ തോന്നി. ചിലപ്പോഴൊക്കെ അവൾ എന്നെ സ്വപ്നത്തിൽ വന്നു വിളിക്കാറുണ്ട്..
36 വർഷം ആയെടാ ഞങ്ങൾ ഒന്നായിട്ടു.. ഇന്നേ വരെ അവൾ എന്നോട് വഴക്കുണ്ടാക്കിയിട്ടില്ല.. ചെറിയ പിണക്കം ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അവൾക്ക് അങ്ങനെ അധിക നേരം പിണങ്ങിയിരിക്കാൻ കഴിയില്ല.. പറഞ്ഞു കഴിയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.. അവർ തമ്മിൽ അത്രമേൽ ആഴത്തിൽ പ്രണയിച്ചിട്ടുണ്ടായിരിക്കാം…ഒരു നിമിഷം ചേച്ചിയുടെ മുഖം എന്റെ മനസിലൂടെ കടന്ന് പോയി. എപ്പോഴും പുഞ്ചിരിയോടെ മാത്രം പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന സാധുവായ ഒരു സ്ത്രീ..
സാരമില്ല ബാലേട്ടാ.. എന്നായാലും നമ്മളൊക്കെ ഈ ലോകത്ത് നിന്ന് പോകേണ്ടവരല്ലേ.. ചേച്ചി നേരത്തെ പോയി. അതൊക്കെ ദൈവത്തിന്റെ തീരുമാനങ്ങളല്ലേ.. ഞാൻ അയാളെ ആശ്വസിപ്പിച്ചു.
ഇന്നലെയും കണ്ടിരുന്നു. ഞങ്ങളുടെ അടുത്ത് വന്നിരിക്കും എന്തെങ്കിലും നാട്ടുകാര്യങ്ങൾ, രാഷ്ട്രീയം ഒക്കെ വിഷയമായി കടന്ന് വരും.. ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്കാരൻ..
ഞാൻ വേഗം എഴുന്നേറ്റ് ഡ്രസ്സ് ധരിച്ചു മരണ വീട്ടിലേക്ക് പോയി.. ആ മുഖത്തേക്ക് ഒന്ന് നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് കിടക്കുന്നു.. സുധാമണി ചേച്ചി മരിച്ചതിൽ പിന്നെ അപ്രതക്ഷ്യമായ ആ ചിരി.?ചിലപ്പോൾ ചേച്ചി വന്നു കൂടെ വിളിചോണ്ട് പോയതായിരിക്കാം എന്നെനിക് തോന്നി.. ബാലേട്ടനെ കുഴിമാടത്തിലേക്കു ഇറക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
ആദരാജ്ഞലികൾ..