പക്ഷെ നാം പ്രാർത്ഥിക്കുന്നത് ചെയ്ത പാപങ്ങളിൽ നിന്ന് മാപ്പ് തേടാനോ മറ്റ് ആവശ്യങ്ങൾ നടത്തിക്കിട്ടാനോ ആയിരിക്കരുത്.’…

എഴുതപ്പെടാത്ത ലിഖിതങ്ങള്‍

Story written by Sebin Boss J

സന്ധ്യാപ്രാർത്ഥനക്കായി ജോണച്ചൻ പള്ളിയിലേക്ക് വന്നപ്പോൾ പള്ളിയുടെ പുറകിലെ നീളൻ ബെഞ്ചിൽ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. പ്രാർത്ഥനകഴിഞ്ഞു പള്ളിയുടെ പുറത്തേക്കെത്തിയ ജോണച്ചൻ പള്ളിയുടെ മുന്നിലുള്ള സിമന്റ് ബെഞ്ചിൽ താഴെ റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന ആ സ്ത്രീയുടെ അടുത്തേക്ക് മെല്ലെ നടന്നു.

”’ ഇന്ന് മോൻ വരാൻ ലേറ്റായെന്ന് തോന്നുന്നു. മകനല്ലേ അത്? ”

മിക്കവാറും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള സമയത്ത് പള്ളിയിൽ എത്തുന്ന അവരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന യുവാവിനെയും ജോണച്ചൻ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ചയോ മറ്റ് വിശേഷപ്പെട്ട ദിവസങ്ങളിലോ ആ അമ്മയെയും മകനെയും അച്ചൻ ഇതുവരെയും കണ്ടിട്ടുണ്ടായിരുന്നില്ല

” ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ ”

അഭിവാദനമറിയിക്കാനുള്ള വാക്കുകൾക്കായാണ് ആ സ്ത്രീ പരുങ്ങുന്നതെന്ന് തോന്നിയപ്പോൾ ജോണച്ചൻ അവരെ നോക്കി കൈ കൂപ്പി പറഞ്ഞു

” സ്തുതിയായിരിക്കട്ടെ ” പതിയെ ആ സ്ത്രീയും ചിരിച്ചു.

അപ്പോഴേക്കും താഴെ ഗ്രൗണ്ടിൽ ചുവന്ന കാർ എത്തിയിരുന്നു . കാറിലേക്കും തന്നെയും നോക്കി പരുങ്ങിയ ആ സ്ത്രീയെ നോക്കി ജോണച്ചൻ പുഞ്ചിരിച്ചു.

” മോനെത്തിയല്ലോ … ഇടക്ക് മോനെയും കൂട്ടി ഇറങ്ങ്. പരിചയപ്പെട്ടിരിക്കാമല്ലോ. ചേച്ചിയുടെ പേര് എന്താ?”

”’ സാവിത്രി ”

”ആഹാ. അക്രൈസ്തവരാണല്ലേ?”

”മുനുഷ്യരാണ് ” സാവിത്രി പറഞ്ഞിട്ട് കുത്തുകല്ലുകൾ ഇറങ്ങിയപ്പോൾ ജോണച്ചന്റെ മുഖം വിളറിയിരുന്നു.

” ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ”

രണ്ടു ദിവസം കഴിഞ്ഞൊരു നാൾ പ്രഭാത ഭക്ഷണവും കഴിഞ്ഞിരിക്കുമ്പോൾ മുറിയുടെ പുറത്തു നിന്ന് അഭിവാദനം കേട്ടപ്പോൾ ജോണച്ചൻ പത്രത്തിൽ നിന്നും കണ്ണുയർത്തി.

”ആഹാ .. കയറി വാ. അമ്മയെ കാണാൻ ഇല്ലല്ലോ രണ്ട് ദിവസമായിട്ട് ”

അകലെ നിന്ന് ആയിരുന്നെകിലും ആ യുവാവിന്റെ മുഖം ജോണച്ചന് ചിരപരിചിതമായിരുന്നു.

” അമ്മക്ക് ചെറിയ ക്ഷീണം. പ്രെഷറുണ്ട് ”

” അഡ്മിറ്റ് ആണോ ? കുഴപ്പമൊന്നുമില്ലല്ലോ.?”’

” ഹേയ് ..ഇടക്കിങ്ങനെ ഉണ്ടാവാറുള്ളതാണ്. പിന്നെ നാട് വിട്ടിവിടെ വന്നപ്പോൾ ആരെയും പരിചയമില്ലല്ലോ. ഒറ്റക്കിരുന്ന് ഓരോന്നാലോചിച്ചു കൂട്ടുന്നതിന്റെയാ”.’

” അത് ശെരിയാണ്, അലസമായ മനസ് ചെകുത്താന്റെ പണിപ്പുരയാണ്. ആട്ടെ മോൻ പള്ളിയിൽ കയറുന്നത് കണ്ടിട്ടിട്ടില്ലല്ലോ? എന്താ വിശ്വാസമില്ലേ ?”

” ഇല്ലച്ചോ ”’

” ചുമ്മാതല്ല മകൻ നിരീശ്വരവാദിയതിനാൽ ആവും അമ്മക്ക് ടെൻഷൻ .”

”ഞാനൊരു വിശ്വാസിയല്ല .. നിരീശ്വരവാദിയുമല്ല. ഞാൻ വിശ്വാസിയല്ലായെങ്കിലും മറ്റൊരാളുടെ വിശ്വാസത്തിന് ഞാൻ എതിരല്ല. അമ്മക്ക് പ്രാർത്ഥന സമാധാനവും സന്തോഷവും തരുന്നുണ്ടെങ്കിൽ അത് ചെയ്യട്ടെ. ..പക്ഷെ നാം പ്രാർത്ഥിക്കുന്നത് ചെയ്ത പാപങ്ങളിൽ നിന്ന് മാപ്പ് തേടാനോ മറ്റ് ആവശ്യങ്ങൾ നടത്തിക്കിട്ടാനോ ആയിരിക്കരുത്.”

”അത് ശെരിയാണ്. വീണ്ടും വീണ്ടും പാപം ചെയ്തിട്ട് കുമ്പസാരിച്ചാൽ അതുകൊണ്ടെന്ത് ഗുണം ?” ജോണച്ചനും ശെരിവെച്ചു

”മോന്റെ പേരെന്താ ? ജോലി ആണോ ? ”

” എന്റെ പേര് എബിസി. ഞാനിവിടെ ഒരു ഐടി പാർക്കിലാണ് ജോലി ചെയ്യുന്നത് ”

”എബി … സി ഇനിഷ്യലാണോ ?”’

”അല്ല അച്ചോ ..എന്റെ പേരാണ് എബിസി ..എബിസി ശിവൻ”

”എബിസി ശിവൻ ..ഞാനീ പേരെവിടെയോ …ആഹ് … കാരുണ്യ ഭവനിലേക്ക് സ്ഥിരം സംഭാവന തരുന്നുണ്ടല്ലേ” ജോണച്ചന്റെ മുഖത്തൊരു ആദരവ്.

” അച്ചോ ..ഞാനൊരു സാധാരണക്കാരനാണ്. പലരുടെയും കാരുണ്യത്തിൽ വളർന്നവൻ. അതുകൊണ്ട് എന്നാൽ ആവും വിധം ചെറിയൊരു സഹായം ചെയ്യുന്നുവെന്നേയുള്ളൂ. ”

”എനിക്കും സാധാരണക്കാരെയാണ് ഇഷ്ടം. ഒറ്റ മോനാണോ ? മറ്റാരെയും ഇങ്ങോട്ട് കണ്ടിട്ടില്ല ? അച്ഛൻ ?”

ജോണച്ചൻ ചോദ്യശരങ്ങളെറിഞ്ഞു .

”ഞാൻ ഒരു മകനെയുള്ളച്ചോ..അച്ഛൻ …അച്ഛനെ കണ്ട നേരിയ ഓർമയെ ഉള്ളൂ ””

” ഓഹ് ..സോറി …നിങ്ങളെ കാണാറുണ്ടെന്ന് അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നല്ലോ എബിസി … ഈ പേരധികം കേട്ടിട്ടില്ലല്ലോ ?ആരിട്ടതാണ് അത് ?”

” അത് പറയാൻ ആണെങ്കിൽ ചെറിയൊരു കഥയുണ്ട് അച്ചോ . രാഷ്ട്രീയ പരമായും മതപരമായും ഒക്കെ നാട്ടിലെ എല്ലാക്കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നൊരാൾ ആയിരുന്നുവെൻറെ അച്ഛൻ. ആകെയുണ്ടായിരുന്ന വീട് ജപ്തിഭീഷണിയിൽ നിൽക്കുമ്പോഴായിരുന്നു എന്റെ ജനനം. ജപ്തിചെയ്യപ്പെട്ട് എന്നെയും അമ്മയെയും കൊണ്ട് നടുത്തെരുവിലേക്കിറങ്ങേണ്ടി വരുമല്ലോയെന്നോർത്താവാം അച്ഛൻ ജീവനൊടുക്കിയത്.”

”ജപ്തിചെയ്യപ്പെട്ട് തെരുവിലേക്കിറങ്ങിയ എനിക്കും അമ്മയ്ക്കും ആശ്രയം നൽകിയത് തെരുവിൽ ശ രീരം വി ൽക്കുന്ന ഒരു സ്ത്രീയാണ്. ഇടിഞ്ഞുവീഴാറായ അവരുടെ വീടിന് കാവൽ നിന്നത് ഇറച്ചിവെ ട്ടുകാരൻ റഷീദിക്കയാണ്. അമ്മക്കൊരു തൊഴിലാകുന്നത് വരെ എന്റെ കാര്യങ്ങൾ നോക്കിയത് ലോട്ടറി വിൽക്കുന്ന വികലാംഗയായ ഒരു സ്ത്രീയാണ്. ഇവരൊന്നും ജാതിയോ മതമോ നിറമോ ഒന്നും നോക്കിയിട്ടല്ല ഞങ്ങളെ സഹായിച്ചത്. അതുകൊണ്ട് തന്നെ സ്‌കൂളിൽ ചേർത്തപ്പോൾ ആർക്കും പേര് കൊണ്ട് തിരിച്ചറിയരുതെന്ന് കരുതി അമ്മ അൽഫബെറ്റിക്കലിലെ ആദ്യാക്ഷരങ്ങൾ ഇട്ടു എനിക്ക് ” എബിസി ജോണച്ചനെ നോക്കി പറഞ്ഞു

”അവരൊക്കെ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട് .അതുകൊണ്ടാണ് അവർ നിങ്ങളെ സംരക്ഷിച്ചത്. ഞങ്ങളുടെ വിശുദ്ധ ബൈബിളിൽ പറയുന്നുണ്ട് ‘ നിങ്ങളിൽ ഒരുവന് ചെയ്യുന്നതെല്ലാം നിങ്ങൾ എനിക്ക് വേണ്ടി കൂടിയാണ് ചെയ്യുന്നത്”

” പക്ഷേ ഇവരൊന്നും ക്രിസ്ത്യാനികളായിരുന്നില്ല അച്ചോ ? എന്തിന് അക്ഷരാഭ്യാസം പോലുമുണ്ടായിരുന്നവരല്ല. പക്ഷെ അവർക്കൊരു മതമുണ്ടായിരുന്നു…ഒരു വിശ്വാസമുണ്ടായിരുന്നു. മനുഷ്യരെല്ലാം ഒരുപോലെയാണെന്ന് … ദാഹവും മറ്റ് ആവശ്യങ്ങളുമെല്ലാം എല്ലാമതക്കാർക്കും ഒരുപോലെയാണെന്ന്. പത്തുദിവസം പട്ടിണി കിടന്നാൽ തീരുന്നതേയുള്ളൂ അച്ചോ ജനങ്ങൾ എഴുതിയുണ്ടാക്കിയ ഈ ലിഖിതങ്ങളൊക്കെ. സത്യത്തിൽ ഈ മതവും ജാതിയുമൊക്കെ മനുഷ്യരെ വേർതിരിക്കാൻ മാത്രമല്ലെ കാരണമാകുന്നുള്ളൂ ?”

” കുഞ്ഞേ … നീയും ഞാനുമടക്കം മനുഷ്യരുടെയുള്ളിൽ എല്ലാം തികഞ്ഞ അഹംഭാവം മൂടിക്കിടക്കുന്നുണ്ട്. ഒന്നിനെയും ഭയക്കാതെ അവൻ ഈ ഭൂമിയിൽ വാണാൽ അത് വൻവിപത്തായി മാറും. അതിനാണ് ഈ മതവും ദൈവങ്ങളുമെല്ലാം ”

”അപ്പോൾ അച്ചനും അറിയാം അല്ലെ ? അച്ഛനമ്മമാരുടെ മതമല്ലേ മക്കളും പിന്തുടരുക. നമ്മുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ പ്രായ പൂർത്തിയാകുമ്പോൾ നമുക്കവകാശമുള്ളതുപോലെ നമുക്കിഷ്ടമുള്ള മതവും തിരഞ്ഞെടുക്കാനുള്ള അവകാശം വേണം. അതൊരിക്കലും അടിച്ചേൽപ്പിക്കു ന്നതാവരുത്.ഏതൊരു മതമാണോ രാഷ്ട്രീയമാണോ ജനങ്ങൾക്ക്‌ ഹിതമായി വർത്തിക്കുന്നത് ആ മതമാവണം ഓരോരുത്തർക്കും വേണ്ടത്. മിശ്രവിവാഹങ്ങളിലെ കുട്ടികൾക്ക് മതമില്ല എന്ന് രേഖപ്പെടുത്തിയാൽ ഇപ്പോൾ കണ്ടുവരുന്ന ആരോപണങ്ങളും ഒഴിവാക്കാനാകും. ”

” ചെറുപ്പത്തിലേ നമ്മൾ പഠിപ്പിച്ചുകൊടുത്തില്ലായെങ്കിൽ കുഞ്ഞുങ്ങൾ നിരീശ്വരവാദികളായി മാറും കുഞ്ഞെ. തെറ്റ് ചെയ്താൽ ദൈവം ശിക്ഷിക്കുമെന്ന ഭയം വേണം അവർക്ക് ”

”ശക്തമായൊരു നിയമം മതിയച്ചോ അതിന് . നാം ഏത് രാജ്യത്താണോ ആ രാജ്യത്തിൻറെ നിയമസംഹിതയാവണം ഏത് മത ലിഖിതത്തെക്കാളും അനുസരിക്കേണ്ടത്. മതവിദ്യാഭ്യാസത്തെക്കാൾ രാജ്യനിയമങ്ങളാവണം കുട്ടികളെ പഠിപ്പിക്കേണ്ടത് . സ്‌കൂൾ വിദ്യാഭ്യാസം മുതലേ സമൂഹത്തിലെങ്ങനെ ജീവിക്കണമെന്നും മറ്റുള്ളവരോട് എങ്ങനെ സഹവർത്തിക്കണമെന്നും പഠിപ്പിക്കണം. പത്ര മാധ്യമങ്ങളിലും സോഷ്യൽമീഡിയകളിലും കാണുന്നില്ലേ മത രാഷ്ട്രീയ പോർവിളികൾ. ”

”എന്ത് ചെയ്യാം മകനെ ..മതവും രാഷ്ട്രീയവുമൊക്കെ ജനങ്ങളുടെ നന്മക്കായാണ് ..പക്ഷെ അതിപ്പോൾ പല രീതിയിൽ ചൂഷണം ചെയ്ത് ജീവിക്കുന്നു ” ജോണച്ചനും എബിസിയെ ശരിവെച്ചു.

” മോനേ ..ചെറിയൊരു മിസ് അണ്ടർസ്റ്റാന്റിങ് ഉണ്ട് മോന്റെ അമ്മയുമായിട്ട്. അമ്മയെ അഭിവാദനമറിയിക്കാൻ പരുങ്ങിയപ്പോൾ പേര് ചോദിച്ചു , സാവിത്രിയെന്ന് പറഞ്ഞപ്പോൾ അക്രൈസ്തവർ ആണോയെന്ന് ചോദിച്ചു . പെട്ടന്ന് വായിൽ വന്നതാണ്. അതൊന്നും മനസ്സിൽ വെക്കരുതെന്ന് പറയണം.”

”അമ്മ അതേക്കുറിച്ചുപറഞ്ഞിരുന്നു. പെട്ടന്ന് അമ്മയുടെ വായിൽ നിന്നും മറുപടിയും വന്നെന്ന് പറഞ്ഞു. സോറി പറയാൻ പിറ്റേന്ന് വരാൻ ഇരുന്നപ്പോഴാണ് ക്ഷീണമായത്’

”അതൊന്നും സാരമില്ല കുഞ്ഞേ . പരിചയപ്പെടുമ്പോൾ മതമേതെന്ന് ചോദിച്ചിട്ടല്ലല്ലോ അഭിവാദനമറിയിക്കുന്നെ ? ചേട്ടാ ചേച്ചീ അമ്മച്ചീ അപ്പച്ചാ മോനെ മോളെ …അങ്ങനെ എന്ത് വിളിച്ചാലും അത് സ്നേഹത്തോടെ തന്നെയാണ്. സാവിത്രിയെന്ന് കേട്ടപ്പോൾ അക്രൈസ്തവരാണല്ലോ ഇങ്ങനെ പള്ളിയിൽ അധിക സമയമൊന്നും ഇരുന്ന് പ്രാർത്ഥിക്കുന്നത് സാധാരണയല്ലല്ലോ എന്ന് കരുതി പരിചയപ്പെടുവാൻ വന്നതാണ് … അപ്പോഴേക്കും മോൻ വന്ന് അമ്മ ഇറങ്ങിപ്പോയി ”

”അച്ചോ … ശാന്തമായ ഒരു അന്തരീക്ഷത്തിലിരുന്നാൽ മനസ് തണുക്കും. പ്രാർത്ഥിക്കുന്നത് ആരെയും ബോദ്ധ്യപ്പെടുത്താനാവരുത്. നമുക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ അത് ചെയ്യുക ”

”തീർച്ചയായും ..അമ്മയോട് ഇടക്ക് ഇറങ്ങാൻ പറയണം . പിന്നെ കാരുണ്യഭവൻ അറിയാമല്ലോ. ആരോരുമില്ലാത്ത അനേകം പേരുണ്ട്അവിടെ. അമ്മക്കിഷ്ടമാണെങ്കിൽ ഒഴിവുള്ള സമയം അവരുടെ കൂടെ ചിലവഴിക്കാം ”

”അതുകൂടി സംസാരിക്കാൻ ആണ് അച്ചോ ഞാൻ വന്നത്. ഞാനുമത് ആലോചിച്ചിരുന്നു . വീട്ടിൽ അമ്മ തനിച്ചാണെന്ന പേടി എനിക്കും വേണ്ടല്ലോ . അടുത്ത ദിവസം തന്നെ അമ്മ ഇറങ്ങിക്കോളും ഇങ്ങോട്ട് ..”

”സന്തോഷം… അവരുടെ പ്രാർത്ഥനകൾ നിങ്ങൾക്കുണ്ടാകും ”

”എന്നാൽ ശെരിയച്ചോ ”

എബിസി എണീറ്റപ്പോൾ ജോണച്ചൻ മേശവലിപ്പിൽ നിന്നൊരു കുരിശുമാല എടുത്തിട്ടത് തിരികെ വെച്ചുകൊണ്ട് അവന്റെ നേരെ കൈ നീട്ടി

” സന്ദർശകർക്ക് പതിവായിട്ട് കൊന്ത കൊടുക്കാറുണ്ട് . അതുകൊണ്ടെടുത്തതാണ്. നിനക്ക് വിശ്വാസമില്ലല്ലോ ”

”എനിക്ക് അത് വേണം അച്ചോ. അച്ഛന് എന്നോടുള്ള സ്നേഹമാണ് കുരിശുമല തരുന്നതിലൂടെ ഞാൻ കാണുന്നത്. ഒരിക്കലും ഞാനത് നിരസിക്കുകയില്ല . പിന്നെ ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുമുണ്ട് ”

” എനിക്കറിയാം ഈ മാല അർഹതയുള്ള കൈകളിൽ തന്നെയാണ് ഞാൻ വെച്ചുനീട്ടുന്നതെന്ന് . എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ”’ ജോണച്ചൻ അവന്റെ നെറ്റിയിൽ കൈവെച്ചു പ്രാർത്ഥിക്കുമ്പോൾ അടുത്ത സ്‌കൂളിൽ ക്‌ളാസ് അവസാനിച്ചു ജനഗണമന മുഴങ്ങുന്നുണ്ടായിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *