പക്ഷേ, ഇന്നു, ദീപ കാപ്പി കൊണ്ടുവന്നു തന്നില്ലല്ലോ? എന്തുപറ്റിയാവോ, എണീറ്റാൽ ഏറ്റവുമാദ്യം വേണ്ടത് കാപ്പിയാണ്. അതു കുടിച്ചില്ലെങ്കിൽ വല്ലാത്തൊരു ക്ഷീണമാണ്… .

ട്രെഡ് മിൽ

എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

നല്ല മഴ പെയ്യുന്നുണ്ട്. ബിജു , തെല്ലു നേരം കൂടി കട്ടിലിൽ മടി പിടിച്ചു കിടന്നു..കണ്ണുകൾ തുറക്കാതെ, അരികിലൊന്നു പരതി നോക്കി..ദീപ, എഴുന്നേറ്റു പോയിരിക്കുന്നു..അവളുടെ പുതപ്പ്, ചുരുണ്ടു കൂടി അരികിൽ കിടക്കുന്നുണ്ട്. ബിജു, കട്ടിൽത്തലയ്ക്കൽ എഴുന്നേറ്റിരുന്നു. ചുവരിലെ ക്ലോക്കിലേക്കു നോട്ടമെറിഞ്ഞു. സമയം, ഏഴര കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ച്ച യായതിനാലാകും, പിള്ളേരു രണ്ടും ഇതുവരേ എഴുന്നേറ്റു പുറത്തുവന്നിട്ടില്ല. അല്ലെങ്കിൽ, ഈ നേരം മുതൽ വീട്ടിലൊരു സംഘർഷാന്തരീക്ഷമാണ്. അതു,ദീപയും മക്കളും തമ്മിലുള്ളതാണ്; അത്, സ്കൂൾ ബസ് വന്ന്, കുട്ടികൾ പോകും വരേ തുടരും..കട്ടിലിലെ ഉലഞ്ഞു ചുളിഞ്ഞ മേൽവിരിക്കു മീതേ, ഭാര്യ അലസം ഉരിഞ്ഞെറിഞ്ഞ രാത്രിവസ്ത്രം കിടക്കുന്നുണ്ട്..

പക്ഷേ, ഇന്നു, ദീപ കാപ്പി കൊണ്ടുവന്നു തന്നില്ലല്ലോ? എന്തുപറ്റിയാവോ, എണീറ്റാൽ ഏറ്റവുമാദ്യം വേണ്ടത് കാപ്പിയാണ്. അതു കുടിച്ചില്ലെങ്കിൽ വല്ലാത്തൊരു ക്ഷീണമാണ്.

ഓ, ഇന്നു ഷുഗർ ടെസ്റ്റു ചെയ്യാൻ പോകണമെന്ന്, ഇന്നലെ അവളോടു പറഞ്ഞിരുന്നു. ഭക്ഷണത്തിനു മുമ്പും, ശേഷവും പരിശോധനയുണ്ട്. അപ്പോൾ, കാപ്പിയ്ക്കു കാത്തിരുന്നിട്ട് വലിയ പ്രയോജനമില്ല. ലാബ്, ഏഴുമണിക്ക് തുറക്കും. വേഗം പോയി രക്തം കൊടുക്കാം. എന്നിട്ട്, കാപ്പിയും ദീപയുടെ സ്പെഷ്യൽ മസാലദോശയും കഴിക്കാം. മുറിയുടെ കോണിൽ, ആരുടേയോ പാദസ്പർശനം കൊതിച്ചു കിടന്ന ട്രെഡ്മില്ലിന്റെ കൈപ്പിടിയിൽ തോരയിട്ട ഇന്നർ വെയറുമെടുത്ത്, അയാൾ കുളിമുറിയിലേക്കു കയറി. വിസ്തരിച്ചൊരു നീരാട്ടിനായി.

ഉപവാസത്തിനു ശേഷമുള്ള രക്തം, ലാബിൽ കൊടുത്ത്, ബിജു, അതിവേഗം തിരിച്ചെത്തി. ദീപ, നല്ല കടും മധുരത്തിൽ കാപ്പിയും, നല്ല മൊരിഞ്ഞ മസാലദോശയും ഉണ്ടാക്കിയിട്ടുണ്ട്. ഈ പെണ്ണ്, എല്ലാ സംഗതികളിലും വല്ലാത്തൊരു പ്രലോഭനമാണല്ലോയെന്ന് അയാൾ കുസൃതിയോടെ ഓർത്തു.
മസാലദോശ, ഒന്നിൽ നിന്നില്ല. അതു രണ്ടിൽ നിന്നും, മൂന്നിലേക്കു കടന്നപ്പോൾ, പ്രിയപത്നി ദീപ, അയാളെ വിലക്കി, പണ്ട്, ദ്വാപരയുഗത്തിൽ കുചേലന്റെ അവിൽപ്പൊതിയിൽ നിന്നും നാലാമത്തെ പിടി വാരുവാൻ ശ്രമിച്ച ഭഗവാൻ ശ്രീകൃഷ്ണനെ, പ്രിയസഹധർമ്മിണി രുക്മണി തടഞ്ഞപോലെത്തന്നേ. ഒന്നരമണിക്കൂറിനപ്പുറം, ഒരു തവണ കൂടി ലാബിൽ പോയി, ചോ ര കൊടുത്തു. ബില്ലും പേ ചെയ്തു. ഇനി, റിസൽട്ടിനു പോകേണ്ടതില്ല. അതു വാട്സ് ആപ്പിൽ വന്നോളും. ബിജു, വീണ്ടും വീട്ടിലേക്കു തിരിച്ചുവന്നു.

പോരും വഴി, ഒന്നരക്കിലോ ബീഫും, അതിലിടാൻ കൊള്ളിയും വാങ്ങിച്ചു. ഇതു വെന്തിട്ടു വേണം, ഇന്നലെ വാങ്ങി വച്ച ‘ബക്കാർഡി ലെ മൺ’ രണ്ടുമൂന്നു പെ ഗ് വിഴുങ്ങാൻ. ദീപയെ, ഇറച്ചിയേൽപ്പിച്ചു. അവളുടെ കൂടെ അടുക്കളയിൽ തട്ടിമുട്ടി നിന്ന്, കിന്നരവർത്തമാനം പറഞ്ഞു. കുട്ടികളുടെ കളിചിരികൾ, മുറ്റത്തു നിന്നു കേൾക്കാമായിരുന്നു.

രണ്ടുമണിക്കൂർ കഴിഞ്ഞു. റിസൾട്ട്, ഫോണിലേക്കു വന്നു. അതു വന്നപാടെ, ദീപ ഫോണുമായി മുറിയിലേക്കു പോയി. തിരികേ വന്നപ്പോൾ, അവളുടെ മുഖത്തൊരു മുറുക്കമുണ്ടായിരുന്നു. ഇവളോ ടാണോ, താനിത്ര നേരവും മാംസനിബദ്ധമായ കിഞ്ചനവർത്തമാനം പറഞ്ഞത്? ബിജുവിനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

“അതേയ്, ഞാൻ ഗൂഗിളിൽ സെർച്ചു ചെയ്തുട്ടാ, നിങ്ങടെ ഷുഗർ ലെവലു കൂടിയിരിക്കുന്നു. നിങ്ങള്, പ്രമേഹത്തിന്റെ പടിവാതിൽക്കലാണെന്നാ ഗൂഗിൾ പറയണേ, നാൽപ്പതു കഴിഞ്ഞ കാരണം ശ്രദ്ധിയ്ക്കണമെന്നും ഗൂഗിൾ പറയുനുണ്ട്. ഇനി, ഞാൻ നിങ്ങടെ കാപ്പിയും ഭക്ഷണവുമൊക്കെ വെട്ടിച്ചുരുക്കും. നിങ്ങള്, നടക്കാനും പോവില്ല, ട്രെഡ് മില്ല് ഉപയോഗിക്കൂല്ല്യാ, ഒരിക്കൽ പട്ടിയോടിച്ചൂന്നു കരുതി, എന്നും അങ്ങനെയുണ്ടാവില്ല. ഈ മഴക്കാലം മാറുമ്പോൾ, നടക്കാൻ പൊയ്ക്കോട്ടാ, അല്ലെങ്കിൽ എന്നെപ്പോലെ, ഡയറ്റു ചെയ്തു മെലിഞ്ഞോളൂ”

ഇത്രയും പറഞ്ഞ്, അവൾ അടുക്കളയിലേക്കു വെട്ടിത്തിരിഞ്ഞു നടന്നു. അവളുടെ, ചടച്ച അരക്കെട്ട് താളത്തിലുലഞ്ഞു. അന്നേരം, ഓഫീസിലെ സുരേഷേട്ടനെയാണ് ബിജുവിനോർമ്മ വന്നത്..ഷുഗറിന്റെ മീറ്റർ പൊട്ടിത്തെറിച്ചു പോകുന്നത്ര പ്രമേഹമാണ്, സുരേഷേട്ടന്. ബേക്കറിയിൽ കയറിയാൽ,.ഒരു വിത്തൗട്ട് കാപ്പിയും, അഞ്ചു ജിലേബിയും കഴിക്കുന്ന സാധു.

‘പൊന്നു ബിജൂ, നിന്റെ കല്യാണം കഴിക്കാത്ത കൂട്ടുകാർക്ക് ആർക്കെങ്കിലും കടുത്ത ഷുഗറുണ്ടെങ്കിൽ, കല്ല്യാണം വേണ്ടാന്നു വച്ചോളാൻ പറഞ്ഞേക്കൂ’ എന്ന് സദാ പറയുന്ന സുരേഷേട്ടൻ. അന്നേരമെല്ലാം, സുരേഷേട്ടന്റെ അതിസുന്ദരിയും യൗവ്വനയുക്തയുമായ ഭാര്യയുടെ മുഖം, ഒരാവശ്യവുമില്ലാതെ മനസ്സിൽ തെളിയുന്നത് എന്തിനാണെന്ന്, ഇനിയും തീർച്ചയായിട്ടില്ല.

അല്ലാ, ഇന്ന് ഇവിടുത്തെ കമ്മ്യൂണിറ്റി ഹാളിൽ, ചെത്തുകാരൻ ദിവാകരേട്ടന്റെ ഇളയ മകളുടെ കല്യാണമുള്ളത് മറന്നു. കരക്കാരനാണ്, ഒറ്റയ്ക്കു പോയാൽ മതിയാകും..ദീപയെ കൊണ്ടുപോയിട്ടും വല്ല്യ പ്രയോജനമൊന്നുമില്ല. അവള്, ചോറു കഴിക്കില്ല..പായസം കുടിക്കില്ല. പിന്നെന്താണു കാര്യം. മക്കൾക്കും അവധിദിവസങ്ങളിലെ സദ്യ താൽപ്പര്യമില്ല..വല്ല, ബീച്ചിലേക്കുമാണെങ്കിൽ ഓടി വന്നേനേ..ഒരു മണി കഴിഞ്ഞിട്ടു സദ്യയ്ക്കു പോകാം..കുക്കറ് വിസിലടി യ്ക്കണുണ്ട്. രണ്ടു പ്ലേറ്റ് ബീഫും, രണ്ടു ലാർജും കഴിച്ച്, തെല്ലു വിശ്രമിച്ചിട്ട് കല്യാണത്തിനു പോകാം. അടുക്കളയിൽ നിന്നും , കൊതിയൂറുന്നൊരു മസാലഗന്ധമുയരുന്നു.

സമയം, ഒന്നര. കല്യാണസദ്യ, തൂശനിലയിൽ ഒമ്പതു തരം കറികൾ നിരന്നു. സ്റ്റ്യൂവിന്റെ മസാല ഗന്ധം. ചോറു വരുന്നേനു മുമ്പ്, സ്റ്റ്യൂവും കാളനും കാലിയാക്കി. കൂട്ടുകറിയിലേക്കു കൈ നീളുന്ന നേരത്താണ്, ചുടുചോറെത്തിയത്. ആവി പറക്കുന്ന ചോറിൻകുന്നിലൊരു കുഴിയുണ്ടാക്കി. പിന്നാലെ സാമ്പാറെത്തി, കുഴി നിറച്ചു. ചുടുചോറ്റിൽ സാമ്പാർ സമന്വയിച്ചപ്പോൾ വല്ലാത്തൊരു സുഖഗന്ധ മുയർന്നു. വറുത്തു കുമിളച്ച പപ്പടമണം, അതിനു അകമ്പടി വന്നു. മൂന്നു റൗണ്ട് ചോറു വാങ്ങി. അപ്പുറമിപ്പുറമുള്ളവർ എഴുന്നേൽക്കാൻ തുടങ്ങി. ആഹാ, അടപ്രഥമനും, പാലടയുമായി രണ്ടിനം പായസങ്ങൾ. ചൂടുള്ള അടപ്രഥമൻ, ഇലയിൽ പടർന്നു. പപ്പടം, അതിൽ കുഴഞ്ഞു ചേർന്നു. മൂന്നുതവണ അടപ്രഥമനും രണ്ടു ഗ്ലാസ് പാലടയും കഴിച്ച്, പതിയേ എഴുന്നേറ്റു. ഒരു പുല്ലുപായ കിട്ടിയിരുന്നെങ്കിൽ, ഇവിടെ കിടന്നുതന്നേ ഉറങ്ങായിരുന്നു.

എല്ലാവരോടും ദേഷ്യം വരുന്നു. വേഗം, വീട്ടിലേക്കു പോകട്ടെ, ഒന്നു മയങ്ങണം. ബിജു, വീട്ടിലേക്കു തിരിച്ചു.

ബിജു , ഉറങ്ങിയെണീറ്റു ഉമ്മറത്തേക്കു നടന്നു. കട്ടിലിനു താഴെ, ദീപയും പിള്ളേരും ‘ട’ എന്ന അക്ഷരം പോലെ സുഖമായി ഉറങ്ങുന്നു. അവറ്റോളെ ഉണർത്താൻ പോയില്ല. ഇത്തിരി ചായ കുടിയ്ക്കണോ, അതോ ബീഫുകറിയും കൂട്ടി, രണ്ടു പെ ഗ് ആയാലോന്നു ചിന്തിക്കുന്ന നേരത്താണ്, കോളിംഗ് ബെൽ അടിച്ചത്. വാതിൽ തുറന്നപ്പോൾ, കിഴക്കേലെ പ്രീമയാണ്. അവളുടെ കയ്യിൽ, ഒരു പ്ലാസ്റ്റിക് കവറുണ്ട്.

“ബിജ്വേട്ടാ, ഇന്ന് സുനിച്ചേട്ടന്റെ പിറന്നാളാണ്. അപ്പോ, ഒരു കേക്കു മുറിച്ചു. ഞങ്ങള്, രണ്ടാളല്ലേ ഉള്ളൂ, ഇത്തിരി മതി. ഇതാ, കേക്ക്; ചേച്ചിയ്ക്കും ക്ടാങ്ങൾക്കും കൊടുത്തോട്ടാ”

അതും പറഞ്ഞ്, പ്രീമ തിരിച്ചു നടന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഭാര്യേം ഭർത്താവും മാത്രേയുള്ളൂ. ഇവര്, നട്ടുച്ചയ്ക്ക് ഒന്നു ഹണിമൂൺ ആഘോഷിച്ചോ? പ്രീമേടെ മുഖത്തൊരു തിളക്കം കണ്ടല്ലോ, ‘തന്നെക്കൊണ്ടു തോറ്റു’ ബിജു, സ്വയം ശാസിച്ചു. അവരായി, അവരുടെ പാടായി. അകത്തു ചെന്ന്, ഡൈനിംഗ് ടേബിളിൽ കേക്കു പുറത്തെടുത്തു വച്ചു.
ആഹാ, അസ്സല് ബ്ലാക്ക് ഫോറസ്റ്റ്. തന്റെ വീക്ക്നെസ്സ്. ദീപ, ഉണരും മുൻപേ, ഒരു വലിയ കഷ്ണം മുറിച്ചെടുത്ത്, ആസ്വദിച്ചു കഴിച്ചു. ബാക്കി, അവൾ വീതം വയ്ക്കുമ്പോൾ കഴിക്കാം. അടുക്കളയി ലേക്കു ചെന്ന്, ഒരു പ്ലേറ്റിൽ ഇത്തിരി ബീഫ് വരട്ടിയതെടുത്തു. പകുതിയോളം ബാക്കിയായ കുപ്പിയുമെടുത്ത്, ബിജു ബാൽക്കണിയിലേക്കു നടന്നു.

രാത്രി, ബിജു , ദീപയുടെ വരവും കാത്ത് അക്ഷമനായി കിടന്നു. ആകപ്പാടെ ഒരു തിക്കുമുട്ടൽ. മഴക്കാലം കഴിയുമ്പോൾ ഒരു മാസമെങ്കിലും നടക്കാൻ പോണം. ഇന്നുതന്നേ എത്ര കലോറിയാണ് ശരീരത്തിൽ കയറിയത്. ദീപ, വന്നിട്ടു വേണം, കുറച്ചെങ്കിലും എരിയിച്ചു കളയാൻ. അടുക്കള യൊതുക്കി, ദീപ മുറിയിലേക്കു വന്നു. കുളിക്കാനുള്ള ഒരുക്കമാണ്. കയ്യിൽ, ഒരു വലിയ കപ്പിൽ ചുടുവെള്ള വുമുണ്ട്. അവൾ, അലമാരി തുറന്ന്, ഒരു ചെറിയ ബോക്സിൽ സൂക്ഷിച്ച മെൻസ്ട്രൽ കപ്പുമെടുത്തു, കുളിമുറിയിലേക്കു നടന്നു. ഓഹോ, അപ്പോൾ അതിനും ഒരു തീരുമാനമായി. ഉറക്കം വരാതെ, വെറുതേ കിടക്കുമ്പോൾ,. പണ്ടെന്നോ അനാഥമായ ട്രെഡ്മിൽ കാഴ്ച്ചയിലേക്കു വന്നു. അതു തന്നെ നോക്കി, കൊഞ്ഞനം കുത്തുന്നതായി ബിജുവിനു തോന്നി..അയാൾ, കണ്ണുകൾ ഇറുക്കിയടച്ചു ഉറക്കം കാത്തു കിടന്നു. പുറത്തപ്പോൾ, വരാനിരിയ്ക്കുന്നൊരു പെരുമഴയ്ക്കു മുന്നോടിയായി, മഴ ചിണുങ്ങിപ്പെയ്യാൻ തുടങ്ങിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *