പകൽ സമയം ആയിരുന്നുവെങ്കിൽ, നിഖിതയിപ്പോൾ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നേനേ. വാട്സ് ആപ്പിനേക്കാൾ, അവൾക്ക് ഏറെ പ്രിയം മുഖപുസ്തകം തന്നയായിരുന്നു…….

സെൽഫി സ്റ്റിക്

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്

“രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. ഒപ്പം, നിർമ്മലയും. മുറ്റത്തു വച്ച ഹോണ്ടാ ആക്ടീവ സ്റ്റാർട്ട് ചെയ്തു. നിർമ്മല, വന്നു പുറകിൽ കയറി. സ്കൂട്ടർ മുന്നോട്ടെടുക്കും മുൻപ്, രവി ഉമ്മറക്കോലായിലേക്ക് നോക്കി. നിറചിരിയുമായി കൈവീശി നിൽക്കുന്ന ആതിഥേയരോട് ഒരാവർത്തി കൂടി പറഞ്ഞു.

“അപ്പോൾ, മറക്കേണ്ട; വരുന്ന ഞായറാഴ്ച്ച, നിഖിതയുടെ വിവാഹത്തിന് എല്ലാവരും വരണം. നമ്മുടെ മുറ്റത്തു വച്ചുതന്നെയാണ് താലികെട്ട്. സദ്യയും, വീടിനോട് ചേർന്ന പറമ്പിൽ വച്ചുതന്നെ. ഉച്ചതിരിഞ്ഞ്, ചെറുക്കന്റെ വീട്ടിൽ വച്ച് വിരുന്നുസൽക്കാരം. തലേദിവസം വരണം. ബാക്കിയെല്ലാം, കല്യാണ ക്കുറിയിലുണ്ട്. പോകട്ടേ, ഇന്നിനി, വേറെ വീടുകളിൽ കയറുന്നില്ല. വിശേഷങ്ങൾ പറഞ്ഞിരുന്ന്, കല്യാണം പറയാതെ പോകാതിരിക്കാനാണ്, ഈ ആവർത്തനം. നിഖിത, അവിടെ തനിച്ചാണ്”

സ്കൂട്ടർ, മെല്ലെ മുന്നോട്ടു നീങ്ങി. സമയം, സന്ധ്യയിലേക്കും. രാവിലെ ഇറങ്ങിയതാണ്. ഇനിയും പത്തോളം കാർഡുകൾ ബാക്കിയുണ്ട്. നാളെ ക്കൊണ്ട് ക്ഷണം എന്ന യജ്ഞം അവസാനിപ്പിക്കണം. ഇന്നലെ ഇതുപോലെ ഇറങ്ങാൻ സാധിച്ചെങ്കിൽ ഇന്നോടെ എല്ലായിടത്തും ക്ഷണിച്ചു തീർന്നേനേ. ഇന്നലെ വൈകിട്ടോടെയാണ്, സ്വർണ്ണാഭരണങ്ങൾ പണിതീർത്ത് ജൂവലറിയിൽ നിന്നും ലഭിച്ചത്. എല്ലാം നിഖിതയുടെ ഇഷ്ടപ്രകാരം മുൻകൂട്ടി ഓർഡർ ചെയ്തു വാങ്ങിയത്.

നാട്ടുകാരേയും അകന്ന ബന്ധുക്കളേയും ക്ഷണിക്കാൻ താൻ ഒറ്റയ്ക്കാണ് പോയിരുന്നത്. ഏറ്റവും അടുത്ത ഇരുപതോളം വരുന്ന പ്രിയബന്ധുക്കളുടെ വീടുകളിലേക്കാണ് നിർമ്മലയെയും കൂട്ടിയത്. നാളെക്കൂടി രണ്ടുപേർക്കും ഇറങ്ങണം. രവിയ്ക്കു തലവേദനിക്കുന്ന പോലെ തോന്നി. ഒരു കാപ്പി കുടിച്ചാലോ?വഴിയരികിലേ ഇടത്തരം വലിപ്പമുള്ള ഒരു ഹോട്ടലിലേക്ക് കയറി.രണ്ട് കാപ്പിയ്ക്ക് ഓർഡർ ചെയ്തു. അത് വരുന്നതും കാത്ത്, ഒരു മേശക്കിരുപുറവുമായി മുഖാമുഖം ഇരുവരുമിരുന്നു.

“നിഖിത എന്തു ചെയ്യുകയായിരിക്കും? വാതിലെല്ലാം തുറന്നിട്ട്, ഉറങ്ങിയോ എന്തോ”

നിർമ്മല പറഞ്ഞു.

“ഹേയ്, അവൾ മിക്കവാറും കംപ്യൂട്ടറിന് മുന്നിൽ ഇരിപ്പുണ്ടാവും.
ഫേസ്ബുക്കും നോക്കി”

രവി. തൂവാല കൊണ്ട് മുഖം തുടച്ചു. ശരിയാകും,?നിർമ്മല ഓർത്തു. പോസ്റ്റ് ഗ്രാജ്വേഷൻ എന്ന അവളുടെ നിർബ്ബന്ധത്തിന് വഴങ്ങാതെയാണ്, പെട്ടെന്നു വന്ന ഈ കല്യാണം. രവിയുടെ ഉറ്റ സുഹൃത്തിന്റെ മകനാണ്. മിഡിൽ ഈസ്റ്റിൽ ഏതോ യൂറോപ്യൻ കമ്പനിയിലെ ഉയർന്ന ഉദ്യോഗമാണ്. നിഖിതയെ, അവനും വീട്ടുകാരും മുന്നേ കണ്ടിട്ടുള്ളതാണ്. കൂട്ടുകാർ തമ്മിൽ, ഇങ്ങനെയൊരു കല്യാണം എന്ന ആശയം നെടുനാളായി ഉള്ളതാണ്. വിവാഹശേഷവും തുടർന്നു പഠിക്കാമെന്ന ഓഫർ കൂടി, അവർ മുൻപോട്ട് വച്ചിട്ടുണ്ട്.

പകൽ സമയം ആയിരുന്നുവെങ്കിൽ, നിഖിതയിപ്പോൾ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നേനേ. വാട്സ് ആപ്പിനേക്കാൾ, അവൾക്ക് ഏറെ പ്രിയം മുഖപുസ്തകം തന്നയായിരുന്നു. കുഞ്ഞുകഥകളും കവിതകളും കുത്തിക്കുറിക്കുന്ന ശീലം, ചെറുപ്രായത്തിലേ അവൾക്കുണ്ടായിരുന്നു. ഫേസ്ബുക്ക് ചുവരുകളിൽ അവൾ കവിതയും കഥകളും തീർത്തു. കാണാപ്പുറങ്ങളിൽ നിന്നും വിരുന്നെത്തിയ ലൈക്കുകളും കമന്റുകളും അവൾക്ക് ഏറെ പ്രചോദനമായി. ആയിരത്തിലധികം ലൈക്ക് വരുമ്പോൾ, അവൾ ചിലപ്പോഴൊക്കെ അതിസന്തോഷത്തോടെ തനിക്കു കാട്ടിത്തരുമായിരുന്നു. രവി അവൾക്ക്, മികച്ച ക്യാമറയുള്ള ആൻഡ്രോയ്ഡ് ഫോൺ വാങ്ങിക്കൊടുത്തപ്പോൾ മുതൽ, ഇഷ്ടങ്ങൾ സെൽഫിയിലേക്ക് വഴിമാറി.

ഡിഗ്രിയുടെ അവധിക്കാലം മുഴുവൻ അവൾക്ക് സെൽഫിക്കാലമായിരുന്നു. പ്രഭാതങ്ങളിൽ പട്ടുപാവാടയും തൊടുകുറിയുമണിഞ്ഞ്, നീളൻ മുടി മുന്നിലേക്കിട്ടാണ് സെൽഫിയെങ്കിൽ, വൈകീട്ട് ടീഷർട്ടും ഗ്ലാസും വച്ച്, ന്യൂജനറേഷൻ പാതയിൽ അടുത്ത സെൽഫി. ആ കറുത്ത സെൽഫിസ്റ്റിക്ക് പകലുകളിൽ അവളുടെ സന്തത സഹചാരിയായിരുന്നു. ഫോട്ടോയെടുപ്പിനേയും മുഖപുസ്തകത്തിലേ അതിന്റെ പോസ്റ്റിംഗിനേയും താൻ വിമർശിക്കുമ്പോൾ, ഓരോ സെൽഫിയും ഓരോ ആത്മാവിഷ്കാരമാണെന്ന് അവൾ പറയും. മനസ്സിലായില്ലെങ്കിലും, താൻ മൗനിയാകും.

സാമാന്യം വലിപ്പമുള്ള തങ്ങളുടെ ഇരുനില വീടിന്റെ ഒരു കോണിലുള്ള സ്വന്തം മുറിയിൽ ഒതുങ്ങിക്കൂടുകയായിരുന്നു അവൾ. ഒരു പക്ഷേ, ആ സെൽഫി ചിത്രങ്ങൾ എടുക്കുന്ന സമയങ്ങളിൽ ഒഴികേ നിഖിതയ്ക്ക് കൂട്ട് കമ്പ്യൂട്ടർ തന്നേയായിരുന്നു.

ഇടക്കാലം വച്ചാണ്, കമ്പ്യൂട്ടറിൽ നിന്ന് പാട്ടു നിലച്ചത്. കൂടിനുള്ളിലെ ശലഭപ്പുഴുവിനേപ്പോലെ ഒതുങ്ങാനായിരുന്നു അവൾക്ക് വെമ്പൽ.?എത്രനേരം ഇരുന്നാലും മുഷിയാത്ത അവളുടെ മണിക്കൂറുകൾ. സ്നേഹപൂർവ്വവും അല്ലാത്തതുമായ ശാസനകളേ, അവൾ മനപ്പൂർവ്വം അവഗണിച്ചു.

വിവാഹം ഉറപ്പിച്ച ശേഷമാണ്, നിഖിത പിന്നേയും മൊബൈൽ ഫോണിൽ ധാരാളം സംസാരിച്ചു തുടങ്ങിയത്.?ഒരു പക്ഷേ,?ആ മൗനത്തിനും തപസ്സിനും അന്ത്യം കുറിക്കുന്നതാകണേ ആ സംസാരങ്ങൾ എന്ന്, അത്രമേൽ ആഗ്രഹിച്ചിട്ടുണ്ട്.

ഇന്നു രാവിലേ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, അവൾ എത്ര ഉത്സാഹവതിയായിരുന്നു. കൈ വീശിക്കാണിച്ച്, സ്നേഹചുംബനം എറിഞ്ഞു നൽകിയതും ശ്രദ്ധിച്ച്, സ്കൂട്ടർ മുൻപോട്ടെടുക്കുമ്പോൾ എതിരേ വന്ന ചെറുപ്പക്കാരന്റെ ന്യൂജെൻ ബൈക്കിൽ തട്ടിയേനേ. ഒന്നുരണ്ടു തവണ അവൻ തിരിഞ്ഞുനോക്കി. അവന്റെ നോക്കിൽ രോക്ഷത്തിന്റെ തീഷ്ണതയില്ലായിരുന്നു. കടന്നുപോകുമ്പോൾ അവന്റെ നീണ്ടുചെമ്പിച്ച മുടിയിഴകൾ കാറ്റിലുലഞ്ഞു കൊണ്ടേയിരുന്നു.

കാപ്പി കുടിച്ച്, വീണ്ടും യാത്ര. സന്ധ്യ കനക്കാൻ തുടങ്ങിയിരിക്കുന്നു.?വീട്ടിലെത്തി.പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വീട്. നിഖിതയെ വിളിച്ച്, വാതിൽ പതുക്കേ തുറന്നു. പ്രതീക്ഷിച്ച പോലെത്തന്നേ, പുറം വാതിൽ പൂട്ടിയിട്ടില്ല.

“നിഖിതേ”

ഇത്തവണ, അൽപ്പം ഉച്ചത്തിലാണ് വിളിച്ചത്. മറുപടിയുണ്ടായില്ല. അവളുടെ മുറിയിൽ വെളിച്ചമുണ്ട്. വാതിൽത്തുറന്നു നോക്കി. ഇല്ലാ, സദാ സജീവമായിരുന്ന കമ്പ്യൂട്ടർ, പൂർണ്ണ വിശ്രമത്തിലാണ്. വീട്ടിലോ, തൊടിയിലോ എങ്ങും അവളില്ലായിരുന്നു.

കിടപ്പുമുറിയിലെ പാതി തുറന്ന ചുവരലമാരി അപ്പോഴാണ് ശ്രദ്ധയിൽപ്പതിഞ്ഞത്. തുറന്നു നോക്കി.?ഏറെ പരിഭ്രമത്തോടെ. കല്യാണാഭരണങ്ങളുടെ ഒഴിഞ്ഞ വർണ്ണപ്പെട്ടി.?അതിലേ നാലാക്കി മടക്കിയ കടലാസു തുണ്ട്. ഒരു ഫോട്ടോയും.?വിറക്കുന്ന വിരലുകളോടെ, പിടയ്ക്കുന്ന മനസ്സോടെ കടലാസുതാളിലേക്ക് മിഴികൾ നിരങ്ങി നീങ്ങി.

അക്ഷരങ്ങൾക്കിടയിൽ, പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരൻ്റെ വാഗ്‌രൂപം തെളിഞ്ഞു വന്നു.?ഫോട്ടോയിൽ, അവൻ തിളങ്ങി നിന്നു. അവന്റെ ന്യൂജെൻ ബൈക്കിലിരുന്നു, എങ്ങോട്ടോ പാഞ്ഞുപോകുന്ന നിഖിതയേ കണ്ടു. ശൂന്യമായ മെയ്യാഭരണച്ചെപ്പിന്നരികേ ഇരിപ്പുണ്ടായിരുന്നു. തീർത്തും അനാഥമായ ആ സെൽഫി സ്റ്റിക്ക്.

പുറത്ത്, ഇരുട്ടു കനക്കുകയായിരുന്നു.?ഒപ്പം, രവിയുടേയും നിർമ്മലയുടേയം മിഴികളിലും, കനവുകളിലും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *