പച്ചക്കറിയരിയുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് കിച്ചുവേട്ടൻ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു…

തിരിഞ്ഞുനോട്ടം

Story written by ANJALI MOHANAN

പച്ചക്കറിയരിയുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് കിച്ചുവേട്ടൻ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു.

മനസിന് എന്തെന്നില്ലാത്ത ആഹ്ലാദം… കുടുംബവും കുട്ടികളും ആയതിൽ പിന്നെ പ്രണയിക്കാൻ സമയം കിട്ടാറില്ല……… ആ നിൽപിൽ നിമിഷ നേരത്തെ നിശബ്ദതക്ക് ശേഷം ഇടറിയ ശബ്ദത്തിൽ കിച്ചുവേട്ടൻ ചോദിച്ചു.. “അമ്മൂ…. ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ…?????”

ശബ്ദത്തിലെ മാറ്റം കിച്ചുവേട്ടനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലായിരുന്നു.എങ്കിലും തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ ചോദിച്ചു.. “എന്താ കിച്ചുവേട്ടാ…????’ കാലത്തെന്നെ എന്താ പറ്റിയത്… കറി വെച്ചട്ടില്ല കിച്ചുവേട്ടാ.. ജോലിക്ക് പോണ്ടേ….. കാര്യം പറ…….

മുമ്പൊന്നും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അത്.. എന്നാൽ പലതവണ ഞാൻ കേൾക്കാൻ ആഗ്രഹിച്ചിട്ടുള്ളൊരു ചോദ്യം…. ” അമ്മൂ… ഞാൻ…. ഞാനൊരു നല്ല ഭർത്താവാണോ….. നിന്നെ ഞാൻ സന്തോഷിപ്പിക്കാറുണ്ടോ????? നിന്നെ ഞാൻ മനസ്സിലാക്കാറുണ്ടോ??????”

ഒരു നിമിഷം ഞാൻ നിശബ്ദമായി…. ഉത്തരമറിയാനുള്ള കിച്ചുവേട്ടന്റ ആകാംക്ഷ എന്നെ ഉണർത്തി….. കയ്യിലൊരു വെണ്ടക്കയെടുത്ത് അരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു ” ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ…???.. ഇന്നുവരെ കിച്ചുവേട്ടനെ എന്തെങ്കിലും പറഞ്ഞ് കുറ്റപ്പെടുത്തീട്ടുണ്ടോ….???….

” നീ എന്റെ ചോദ്യത്തിന് ഉത്തരം പറ…. ” എന്റെ മറുപടിയറിയാനുള്ള തിടുക്കം എന്നെ ആഹ്ലാദിപ്പിച്ചു… ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.. “നല്ല ഭർത്താവാണോന്നൊക്കെ ചോദിച്ചാ…… ഏതൊരു ഭാര്യക്കും അവൾടെ ഭർത്താവ് എന്നും നല്ലതായിരിക്കും… എനിക്കും എന്റെ ഭർത്താവ് മറ്റാരേക്കാൾ വലുതാണ്……. അല്ലാ എന്താ ഇപ്പൊ കാലത്തെന്നെ ഇങ്ങനെ തോന്നാൻ….????? കാര്യം പറ…. അരിഞ്ഞു വെച്ച വെണ്ടക്ക ചീനച്ചട്ടിയിലേക്കിട്ട് തിരിഞ്ഞ് നോക്കാതെ തന്നെ ഞാൻ ചോദിച്ചു….

എന്റെ തിരിച്ചുള്ള ചോദ്യത്തിന് ഉത്തരം തരാൻ വേണ്ടി കിച്ചുവേട്ടൻ മുണ്ടിന്റെ മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ എടുത്തു.. “അമ്മൂ.. ഞാനിന്ന് കാലത്തെന്നെ ഒരു ലേഖനം വായിച്ചു.. ഒരു പുതിയ എഴുത്തുകാരിയുടെ ഹൃദയസ്പർശിയായ ലേഖനം. ഈ ലേഖനം ഇപ്പൊ വാട്സപ്പ് വൈറൽ ആണ്. ആമിയെന്നാണ് ലേഖികയുടെ പേര്. “

ഡയറി പോലെയുള്ള ഒരു കുറിപ്പ് കിച്ചുവേട്ടൻ വായിക്കാൻ തുടങ്ങി. “യന്ത്രം” അതാണ് ലേഖനത്തിന്റെ പേര്……

“അമ്മൂ… ശ്രദ്ധിക്ക് ട്ടോ…”ദീർഘശ്വാസമെടുത്ത് കാച്ചുവേട്ടൻ വായിച്ചു തുടങ്ങി…..

“യന്ത്രം “

എന്നത്തേയും പോലെ ഇന്നും ഒരു യന്ത്രത്തെ പോലെ ജീവിച്ചു കളഞ്ഞു..ഉറങ്ങാതെ കരയുന്ന ദിവസങ്ങളിൽ ഒരു സ്നേഹസ്പർശത്തിനായ് കൊതിച്ചിട്ടുണ്ട്. ഈ യന്ത്രത്തിന് പ്രവർത്തിക്കാൻ കറന്റ് വേണ്ട. മറ്റ് ഊർജങ്ങൾ ഒന്നും തന്നെ വേണ്ട. കഴുത്തിൽ ഒരു കുരുക്കിട്ട് വലംകാൽ വച്ച് കേറ്റിയത് അവന്റെയും കുടുംബത്തിന്റേയും ജീവിതം ലളിതമാക്കാനായിരുന്നു.

എല്ലാം നഷ്ടപ്പെട്ട് പുതിയ ലോകത്തേക്ക് ചുവടു വെക്കുമ്പോൾ കൺനിറയെ കിനാവുകളും മനസ്സ് നിറയെ പ്രതീക്ഷകളുമായിരുന്നു. ഭാര്യയെന്ന പദവിയെ കവികൾ പാടി പുകഴ്ത്തും, എല്ലാം ക്ഷമിക്കേണ്ടവൾ, സഹിക്കേണ്ടവൾ എന്ന് പണ്ടേക്ക് പണ്ടേ മുദ്രകുത്തി തന്നവർക്ക് നന്ദി…

സൂര്യനുദിക്കുമ്പോൾ മുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രം.. രാത്രി സ്വന്തം കുഞ്ഞിനെ താലോലിച്ചുറങ്ങുമ്പോൾ വികാരത്തെ തൃപ്പത്തിപ്പെടുത്താൻ പുറത്ത് തട്ടി വിളിക്കുന്ന ഭർത്താവ് നീ സന്തോഷവതിയാണോ എന്നൊരു വാക്ക് ചോദിച്ചിരുന്നെങ്കിലെന്ന് മനസ്സ് ആഗ്രഹിക്കാറുണ്ട്… മനസ്സിൽ ആയിരം ആവർത്തി ഉരുവിട്ടു” യന്ത്രം… യന്ത്രം… യന്ത്രം “…. ശപിക്കപ്പെട്ടവൾ എന്ന് മനസ്സ് പറയുമെങ്കിലും ഹൃദയം കൊണ്ട് സഹിക്കാനും ക്ഷമിക്കാനും ഈ യന്ത്രം ശീലിച്ച് കഴിഞ്ഞു…..

ഓർക്കുക ഈ യന്ത്രം പണിമുടക്കുന്ന ദിവസം വരും.എത്ര വില കൊടുത്താലും നന്നാക്കാൻ കഴിയാത്തപ്പോലെ നിങ്ങൾക്കീ യന്ത്രം നഷ്ടപ്പെടും.. അന്ന് പശ്ചാത്തപിക്കരുത്, കാരണം സമയം വളരെ വൈകി പോയിട്ടുണ്ടാവും.. പൈസ ചിലവില്ലാതെ സ്വന്തമാക്കിയ ഈ യന്ത്രത്തിന് പരാതിയോ പരിഭവമോ ഉണ്ടാവില്ല…………….”

കിച്ചുവേട്ടൻ വായിച്ച് നിർത്തി.. “എങ്ങനുണ്ട് “

എന്റെ മുഖം കാണാൻ എന്നെ തിരിച്ച് നിർത്തി.. എന്റെ കണ്ണ് കലങ്ങിയത് കണ്ട് അസ്വസ്ഥനായി കിച്ചുവേട്ടൻ ” അപ്പൊ ഞാനും അമ്മൂനെ യാന്ത്രമായ് കാണാറുണ്ട് ലെ…..???? ഈ എഴുത്തിൽ സത്യമുണ്ട് ലെ…?????? “

കിച്ചുവേട്ടന്റെ നിഷ്കളങ്കമായ വാക്കുകൾക്ക് നേരേ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“എന്റെ കിച്ചുവേട്ടാ…… ഈ സവാള ഇങ്ങനെ അരിഞ്ഞാൽ കരായാതെ പിന്നെ ‘…. കണ്ണ് നീറിയതുകൊണ്ടാ കണ്ണീന്ന് വെള്ളം വന്നത് അല്ലാതെ ഇത് കേട്ടിട്ടല്ല…”

വാടിയ മുഖത്തിന് ഒരു തിളക്കം ഞാൻ കണ്ടു.. ആ തിളക്കത്തിന് ഭംഗി കൂട്ടാൻ ഞാനെന്റെ രണ്ട് കൈകൾ കൊണ്ട് ആ മുഖം കയ്യിലെടുത്ത് പറഞ്ഞു “എഴുത്തുകാർ പൊതുവെ വിമർശകരാണ്….. ഭാര്യയുടെ അവസ്ഥകളെ വർണ്ണിക്കാൻ മാത്രമാണവർ ഭർത്താക്കൻമാരെ കരിവാരിതേക്കുന്നത്…. ഒരു ഭർത്താവും സ്വന്തം ഭാര്യയെ സ്നേഹിക്കാതിരിക്കില്ല….. സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയെ തെറ്റുദ്ധരിക്കപ്പെട്ടതാണെങ്കിലോ……. കിച്ചുവേട്ടാ നമ്മളാരേയും കുറ്റപ്പെടുത്തരുത്, കുറ്റം – കുറവ് എന്നത് സ്നേഹമില്ലാത്ത അവസ്ഥയിലെ പെരുമാറ്റത്തിൽ വരുന്ന മാറ്റമാണ്….” തൽക്കാലം പോയി കുളിക്ക്….. “

എന്റെ വാക്കുകൾ കിച്ചുവേട്ടനെ തൃപ്പത്തിപ്പെടുത്തുന്ന വിധത്തിലായതുകൊണ്ടാവണം. അഹ്ലാദം കൊണ്ട് എന്നെ വാരിയെടുത്ത് നെറ്റിയിൽ ചുംബിച്ചത്…

കിച്ചുവേട്ടൻ കുളിക്കാൻ കയറിയെന്നുറപ്പ് വരുത്തി.മുറയിലെ പുതിയ അലമാരയുടെ കണ്ണാടി നോക്കി……… ” സവാള അരിഞ്ഞാലേ കണ്ണ് നീറൂ……… “ആമീ….. അസ്വസ്ഥമായ മനസ്സിനെ സൃഷ്ടിക്കാൻ നിനക്ക് കഴിയുമെങ്കിൽ, അമ്മുവെന്ന എനിക്ക് ആ മനസ്സിനെ സാന്ത്വനപ്പെടുത്താൻ കഴിയും…..”……

ആ പ്രതിബിംബം എന്നേ നോക്കി വിരൽ ചൂണ്ടി മന്ത്രിച്ചു

അമ്മൂ… അക്ഷരങ്ങൾക്ക് മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ കഴിവുണ്ടെന്ന് നിന്നിലെ ആമി തെളിയിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *