പഠിക്കാൻ മിടുക്കി ആയിരുന്ന ഹസിയെ വിവാഹത്തിന് ശേഷവും ഫഹദ് പഠിപ്പിച്ചു. അവൾ നന്നായി പഠിച്ച് ഒരു സർക്കാർ ജോലി സ്വന്തമാക്കി. ഭാര്യ ജോലിക്ക് പോയി തുടങ്ങിയത് മുതലാണ് പ്രശ്നങ്ങൾ കൂടുതൽ……..

എഴുത്ത്:- ഞാൻ ഗന്ധർവൻ

“ഹസീ, ഉമ്മയും ഉപ്പയും കൂടി നമ്മുടെ വീട്ടിലേക്ക് രണ്ട് ദിവസം നിക്കാൻ വരുന്നുണ്ട് പറഞ്ഞ് വിളിച്ചിരുന്നു”

നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഫഹദിന്റെ പറച്ചിൽ കേട്ടപ്പോൾ ഹസിക്ക് കലി കയറി

“ഇങ്ങക്ക് വട്ടായോ ഇക്കാ. രാത്രി വല്ല സ്വപ്നവും കണ്ടതാവും. ഇങ്ങളോട് ഞാൻ പറഞ്ഞതല്ലേ കഴിഞ്ഞതൊക്കെ മറക്കാൻ. വെറുതേ ഓരോന്ന് ആലോചിച്ച് കിടന്നിട്ടാ ഇങ്ങനേയുള്ള സ്വപ്‌നങ്ങളൊക്കെ കാണുന്നത്. അവരുടെ അടുത്ത് നിന്നും നമുക്ക് കിട്ടിയതൊക്കെ പോരാഞ്ഞിട്ടാണോ ഇങ്ങനെ ഓരോന്ന് ഓർത്ത് കിടക്കുന്നത്”

ഇതും പറഞ്ഞ് പല്ല് കടിച്ച് ഹസി ഫോൺ വെച്ചു. ഹസിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കാരണം, ഉപ്പാക്കും ഉമ്മാക്കും ഫഹദിനെ കണ്ണെടുത്താൽ കണ്ടൂടാ. കല്യാണം കഴിയുന്ന വരെ അവനായിരുന്നു ആ വീട്ടിലെ ഓമന പുത്രൻ. പക്ഷേ, ഹസി അവന്റെ ഭാര്യയായി വന്നത് മുതൽ കാര്യങ്ങൾ തലകീഴായി മറഞ്ഞു.

പഠിക്കാൻ മിടുക്കി ആയിരുന്ന ഹസിയെ വിവാഹത്തിന് ശേഷവും ഫഹദ് പഠിപ്പിച്ചു. അവൾ നന്നായി പഠിച്ച് ഒരു സർക്കാർ ജോലി സ്വന്തമാക്കി. ഭാര്യ ജോലിക്ക് പോയി തുടങ്ങിയത് മുതലാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നത്. ഫഹദിന്റെ അനിയത്തിക്കും ഇക്കമാരുടെ ഭാര്യമാർക്കും ഹസി ജോലിക്ക് പോയി തുടങ്ങിയപ്പോൾ എന്തൊക്കെയോ അസ്വസ്ഥതകൾ

“നമ്മുടെ കുടുംബത്തിൽ ഭാര്യമാർ ജോലിക്ക് പോയിട്ട് വേണോ ജീവിക്കാൻ. നാണക്കേടുകൊണ്ട് ആളുകളുടെ മുഖത്ത് നോക്കാൻ പറ്റാതായി”

എന്ന് അനിയത്തി

“നമ്മളൊക്കെ പഠിക്കാഞ്ഞിട്ടാണോ ജോലിക്ക് പോവാത്തത്…? അല്ല, നമ്മൾക്ക് വലുത് ഭർത്താവും കുട്ടികളും കുടുംബവുമാണ്”

എന്ന് ഒരു ഇക്കയുടെ ഭാര്യ

“ജോലിക്ക് പോയാൽ വീട്ടിലെ ജോലിയൊന്നും ചെയ്യേണ്ടല്ലോ. രാവിലെ ജോലിക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുക, രാത്രി വീട്ടിലേക്ക് വരിക… ആഹാ എന്താ സുഖം. അവൾക്കും ഭർത്താവിനും വെച്ചുണ്ടാക്കി കൊടുക്കാൻ നമ്മളുണ്ടല്ലോ ഇവിടെ”

എന്ന് മറ്റേ ഇക്കയുടെ ഭാര്യ

ഉമ്മയും ഉപ്പയും സ്വന്തം മോളും മരുമക്കളും പറയുന്നതിന്റെ കൂടെ നിന്നു. അങ്ങനെ ആ വീട്ടിൽ ഫഹദും ഭാര്യയും ഒറ്റപ്പെട്ടു. പക്ഷേ, തന്റെ ഭാര്യ ഒരുപാട് ആഗ്രഹിച്ച് കഷ്ടപ്പെട്ട് പഠിച്ച് സ്വന്തമാക്കിയ ജോലി കളയാൻ ഫഹദ് തയ്യാറായില്ല. അവൻ ഹസിയുടെ കൂടെ കട്ടക്ക് നിന്നു.

ഫഹദ് ഭാര്യയുടെ കൂടെ നിന്നപ്പോൾ വീട്ടുകാർക്ക് ദേഷ്യം ഇരട്ടിച്ചു. ഹസിയെ കുറിച്ച് പല കഥകളും അവന്റെ കാതിലെത്തി. പക്ഷേ അതിലൊന്നും ഫഹദ് തളർന്നില്ല. തന്റെ ഭാര്യയെ അവന് അത്രക്ക് വിശ്വാസം ആയിരുന്നു.

അങ്ങനെ എല്ലാവരും ഒറ്റപ്പെടുത്തി തളർത്താൻ ശ്രമിച്ച ഭാര്യക്ക് താങ്ങായി നിന്നപ്പോൾ വീട്ടുകാരുടെ മുന്നിൽ ഫഹദ് പെൺകോന്തനായി. പാവാട വള്ളിയായി. സ്വന്തം വീട്ടുകാർ പോലും അവനെ പരിഹസിച്ചു.

ഇതിനിടയിൽ ഹസി ഗർഭിണിയായി. അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആ സമയത്ത് പോലും ഫഹദിന്റെ വീട്ടുകാർ അവരെ മാനസികമായി ഒരുപാട് തളർത്തി. പക്ഷേ തങ്ങൾക്കൊരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ ഫഹദും ഹസിയും ഒന്നും ശ്രദ്ധിക്കാൻ പോയില്ല.

വലിയ ബിസിനസ്‌ ഫാമിലിയാണ് ഫഹദിന്റേത്. കൂട്ടുകുടുംബമാണ്. കുട്ടികൾ വളരുംതോറും വീട്ടിൽ പ്രശ്നങ്ങൾ കൂടിക്കൂടി വന്നു. അങ്ങനെ മൂത്ത ഇക്ക വേറെ വിടെടുത്ത് മാറാൻ തീരുമാനിച്ചു. ആ സമയത്ത് ഉപ്പയും ഉമ്മയും തങ്ങളുടെ സ്വത്തുക്കൾ നാല് മക്കളുടേയും പേരിൽ എഴുതിവെക്കാൻ ഒരുങ്ങി. തങ്ങളുടെ കാല ശേഷം സ്വത്തുക്കൾ മക്കൾക്ക് കിട്ടുന്ന പോലെ അവർ ആധാരം എഴുതിച്ചു.

മൂന്ന് മക്കൾക്കും സ്വത്തുക്കൾ വാരിക്കോരി നൽകിയപ്പോൾ ഉപ്പയും ഉമ്മയും ഫഹദിന് കൊടുത്തത് വളരേ തുച്ഛമായത് മാത്രായിരുന്നു. അതിനുള്ള വീട്ടുകാരുടെ ന്യായീകരണം ഇതായിരുന്നു

“ഫഹദിന്റെ ഭാര്യക്ക് ജോലിയൊക്കെ ഇല്ലേ. അപ്പൊ അവർക്ക് പൈസക്ക് വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല. ഞങ്ങളുടെ മറ്റ്‌ മക്കൾ അങ്ങനാണോ. അവരുടെ ഭാര്യമാരും ഞങ്ങളുടെ സ്വന്തം മോളും ഭർത്താവ് കുട്ടികൾ എന്നും പറഞ്ഞ് അന്തസ്സായി കുടുംബം നോക്കി ജീവിക്കല്ലേ. അവർക്ക് ഞങ്ങളല്ലാതെ വേറെ ആരാ കൊടുക്കാൻ ഉള്ളത്”

ഫഹദ് ആരോടും പരാതിയോ പരിഭവമോ പറഞ്ഞില്ല. ഉപ്പയുടെ ജിസിസിയിലുള്ള ബിസിനസ്‌ എല്ലാം ഇക്കമാരും അളിയനും സ്വന്തമാക്കി. സത്യം പറഞ്ഞാൽ അതുവരെ നോക്കി നടത്തിയിരുന്ന ഷോപ്പിൽ നിന്നുവരെ ഫഹദിന് ഇറങ്ങേണ്ടി വന്നു.

അവൻ നാട്ടിൽ കൂടാൻ തീരുമാനിച്ചു. എന്തെങ്കിലും ബിസിനസ്‌ തുടങ്ങണം. അതായിരുന്നു പ്ലാൻ. പക്ഷേ, വീട് ഓഹരിയായി കിട്ടിയ ഇക്കയും ഭാര്യയും വീട്ടിൽ ചില അറ്റകുറ്റ പണികൾ നടത്താനുണ്ട് എന്നും പറഞ്ഞ് ഫഹദിനേയും ഹസിയേയും രണ്ട് വയസുള്ള മോനേയും ബുദ്ധിപൂർവം അവിടെ നിന്ന് ഇറക്കി വിട്ടു.

തങ്ങളുടെ മുറിയിൽ നിന്നും സാധങ്ങൾ ഒക്കെ എടുത്ത് ഫഹദ് ഹസിയെ നോക്കി

“അപ്പോ, ഈ മുറിയിൽ നമ്മൾ ഇനി വരില്ല അല്ലേ… നമ്മുടെ ഇണക്കങ്ങളും പിണക്കങ്ങളും ദേഷ്യങ്ങളും പരിഭവങ്ങളും എല്ലാം ഈ മുറിയിൽ ഇങ്ങനെ നിറഞ്ഞ് നിക്കാ അല്ലേ ഹസീ”

മോനേ എടുത്ത് ഫഹദ് മുറിയിലേക്ക് ഒന്നൂടെ നോക്കി. അവന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു അപ്പോൾ. ഹസി അവനെ സമാധാനിപ്പിച്ചു.

താൻ ജനിച്ച് വളർന്ന വീട്ടിൽ നിന്നും നിറകണ്ണുകളോടെ പടിയിറങ്ങുമ്പോൾ ഉപ്പയും ഉമ്മയും ഒന്ന് മിണ്ടിയത് പോലുമില്ല. അവരുടെ മുഖത്തൊക്കെ പുച്ഛം മാത്രം

നേരെ പോയത് ഭാര്യ വീട്ടിലേക്കാണ്. വീട് വെക്കണം. അല്ലെങ്കിൽ എവിടെ കേറി കിടക്കും. ഭാര്യ വീട്ടിൽ സ്ഥിരമായി താമസിക്കുന്നത് മോശല്ലേ. അങ്ങനെ തനിക്ക് ഓഹരിയായി കിട്ടിയ പതിനെട്ട് സെന്റ് സ്ഥലത്ത് ഫഹദ് ഒരു വീടുവെച്ചു. ഫഹദിന്റെയും ഹസിയുടേയും സ്വപ്ന വീട്.

വീടിന്റെ പാല് കാച്ചലിന് ഉപ്പയും ഉമ്മയും സഹോദരങ്ങളും നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം വന്നുപോയി. ഉമ്മയും ഉപ്പയും ആ വീട്ടിലേക്ക് ഒന്ന് കയറി നോക്കിയത് പോലുമില്ല. ദയനീയമായി അതൊക്കെ കണ്ട് പുഞ്ചിരിക്കാനേ ഫഹദിന് സാധിച്ചൊള്ളൂ.

ഫഹദും ഹസിയും മോനും സന്തോഷത്തോടെ പുതിയ വീട്ടിൽ ജീവിതം ആരംഭിച്ചു. അവൻ പുതിയ ബിസിനസ്‌ തുടങ്ങി. പടച്ചോന്റെ അനുഗ്രഹം, ആ ബിസിനസ്‌ വൻ വിജയമായി.

രണ്ട് വർഷങ്ങൾക്ക് ശേഷം…

ഫഹദ് ഇന്ന് അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള ഒരു ബിസിനസുകാരനാണ്. ഭാര്യയും കുട്ടിയോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

ഫഹദിന്റെ ഇക്കമാരും അളിയനും അവരുടെ ബിസിനസ്‌ ഒരുപാട് സ്ഥലങ്ങളിൽ വ്യാപിപ്പിച്ചു. അവരുടെ മുന്നിൽ ഫഹദ് ഒന്നുമല്ലായിരുന്നു. അവർ ഇന്റർനാഷണൽ ആണെങ്കിൽ ഫഹദ് ഒരു സാധാരണ പഞ്ചായത്ത്‌, അത്രേ ഒള്ളൂ…

ഒരു ബിസിനസ്‌ മീറ്റിങ്ങിന് വേണ്ടി ബാംഗ്ലൂർ പോയപ്പോഴാണ് ഉമ്മയുടെ ഫോൺ വരുന്നത്. വിറക്കുന്ന കൈകൾ കൊണ്ട് ഫഹദ് ഫോണെടുത്തു. കാരണം ഉമ്മ വിളിച്ചിട്ട് കുറേ കാലമായി

“ന്റെ കുട്ടിക്ക് സുഖല്ലേ…?”

“ആ ഉമ്മാ സുഖാണ്… ഇങ്ങക്ക് സുഖല്ലേ”

“അൽഹംദുലില്ലാഹ്, സുഖം മോനേ. നീ എവിടാ ഇപ്പോ”

“ഞാൻ ബാംഗ്ലൂർ ആണുമ്മാ”

“നീ എന്നാ തിരിച്ച് നാട്ടിൽ വരാ…?”

“എന്തുപറ്റി ഉമ്മാ. ഉമ്മ പറഞ്ഞാൽ ഞാൻ ഇപ്പൊ നാട്ടിൽ വരാം. എന്താ പറ്റിയേ”

“നീ ബേജാറാവണ്ട ചെക്കാ, നീ അവിടുത്തെ പണിയൊക്കെ കഴിച്ച് വന്നാൽ മതി”

ഒന്ന് നിറുത്തിയിട്ട് ഉമ്മ തുടർന്നു

“എന്താണ്‌ അറിയില്ല മോനേ, കുറച്ച് ദിവസം എനിക്കും ഉപ്പാക്കും നിന്റെ കൂടെ വന്ന് നിക്കാൻ ഒരു ആഗ്രഹം”

ഇത് കേട്ടപ്പോൾ ഫഹദിന് വന്ന വികാരത്തിന്റെ പേര് എഴുതിയാൽ തീരില്ല. അവന്റെ കണ്ണ് നിറഞ്ഞു

“ഞാൻ… ഉമ്മാ… ഇങ്ങള്…”

വാക്കുകൾ മുറിഞ്ഞു, ശബ്ദം ഇടറി

“ഞാൻ ഇന്ന് വൈകീട്ടുള്ള… ഫ്ലൈറ്റിൽ… ഉമ്മാ… ഞാൻ… വരാം… ഇങ്ങളും ഉപ്പയും എപ്പോഴാ വരാ”

“നാളെ രാവിലെ വരാം”

“ഓക്കേ ഉമ്മാ, കുറച്ച് ദിവസം ഇങ്ങളും ഉപ്പയും ഞങ്ങളുടെ കൂടെ നിക്കില്ലേ”

“അതിനാണല്ലോ മോനേ ഞങ്ങൾ വരുന്നത്.

ഹസിക്കും മോനും സുഖല്ലേ…?”

ഈ ചോദ്യം കേട്ടപ്പോൾ ഫഹദിന് വന്ന സന്തോഷം

“സുഖാണ് ഉമ്മാ, രണ്ടാൾക്കും സുഖാണ്”

"മോനേ, ഉപ്പാക്ക് നിന്നോട് എന്തോ പറയാനുണ്ട് പോലും"

ഫഹദിന്റെ മുഖത്ത് വല്ലാത്ത സന്തോഷം. ഉപ്പ സംസാരിച്ചിട്ട് ഒരുപാട് കാലായി

"മോനേ..."

മോനേ എന്നുള്ള സ്നേഹത്തോടെയുള്ള ആ വിളി, ഹോ!!!

"ആ ഉപ്പാ, സുഖല്ലേ ഇങ്ങൾക്ക്"

"സുഖാണ് മോനേ. ഞങ്ങൾ വരുന്നത് കൊണ്ട് നിന്റെ തിരക്കൊന്നും മാറ്റിവെക്കേണ്ട"

ഉപ്പാന്റെ വായിൽ നിന്നും ഇത്രേം സ്നേഹത്തോടെയുള്ള വാക്കുകൾ കല്യാണം കഴിഞ്ഞതിന് ശേഷം കേട്ടതായി ഫഹദിന്റെ ഓർമയിലില്ല

“എന്റെ ഉപ്പാ, ഇങ്ങള് വരുമ്പോൾ എനിക്കെന്ത് തിരക്ക്. ഇങ്ങള് വരീ, നമുക്കിവിടെ പൊളിക്കാം”

എന്നാൽ നാളെ നേരിട്ട് കാണാം എന്നും പറഞ്ഞ് അവർ സംസാരം അവസാനിപ്പിച്ചു. അതുകഴിഞ്ഞ് ഫഹദ് അപ്പോൾ തന്നെ ഹസിയെ വിളിച്ചു. ആദ്യം ഫഹദ് ഈ കാര്യം പറഞ്ഞപ്പോൾ ഹസി വിശ്വസിച്ചില്ല

"എടീ ഞാൻ സ്വപ്നം കണ്ടതൊന്നും അല്ല. ഉപ്പയും ഉമ്മയും നാളെ വരും. നീ വീടൊക്കെ വൃത്തിയാക്കി വെക്ക്. ഞാൻ ഇന്ന് രാത്രി എത്തും. ബാക്കിയൊക്കെ നമുക്ക് ഒന്നിച്ച് പ്ലാൻ ചെയ്യാം"

"ആഹാ, അപ്പോ ശരിക്കും വരുന്നുണ്ടോ അവർ. ഞാൻ കുട്ടനെ വിളിച്ച് കുറച്ച് പുഴമീൻ കിട്ടോ നോക്കട്ടെ ഇക്കാ. ഉപ്പാക്ക് ഭയങ്കര ഇഷ്ടാണ്"

"ഓക്കേ, നീ എല്ലാം സെറ്റ് ചെയ്യ്. ബാക്കി ഞാൻ വന്നിട്ട് നോക്കാം"

"ഓക്കേ ഇക്കാ"

അന്ന് വൈകീട്ട് ഫഹദ് ബാംഗ്ലൂരിൽ നിന്നും തിരിച്ചു. രാത്രി വീട്ടിലെത്തി. എന്തൊക്കെ ചെയ്തിട്ടും ഫഹദിന് അങ്ങ് തൃപ്തി ആവുന്നില്ല. സാധങ്ങൾ എടുത്ത് ഒരിടത്ത് വെക്കും കുറച്ച് കഴിഞ്ഞ് അതേ സാധങ്ങൾ തിരിച്ച് അവിടെത്തന്നെ വെക്കും. എന്തൊക്കെയോ ഒരു വെപ്രാളം അവന്. ഇതൊക്കെ കണ്ട് ഹസിയും മോനും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു

"ഇങ്ങള് എന്തൊക്കെയാ ഈ കാട്ടികൂട്ടുന്നത് മനുഷ്യാ"

"അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല. വരുന്നത് എന്റെ ഉമ്മയും ഉപ്പയും ആണ്... കേട്ടല്ലോ"

ഹസി മോനേ നോക്കി

"ഹോ!!! മോനേ വാടാ, നമുക്ക് പോയി കിടന്നുറങ്ങാം. നമ്മളൊക്കെ പുറത്തുള്ള ആളുകൾ അല്ലേ. അവരായി അവരുടെ പാടായി"

പിറ്റേദിവസം രാവിലെ...

വീടിന്റെ മുന്നിൽ ഉപ്പയുടെ കാർ വന്നുനിന്നു. കാറിൽ നിന്നും ഇറങ്ങി ഉപ്പയും ഉമ്മയും ഫഹദിന്റെ അടുത്തേക്ക് പുഞ്ചിരിച്ച മുഖത്തോടെ നടന്നുവന്ന് ഉപ്പ അവന്റെ കയ്യിൽ പിടിച്ചു. ഉമ്മ അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു. ഫഹദിന് അത്ഭുതം, അതിനേക്കാൾ അത്ഭുതം ഹസിക്കായിരുന്നു

“ഇത് ഇക്കയുടെ ഉപ്പയും ഉമ്മയും തന്നെയാണോ, ഇവരുടെ തലക്ക് വല്ലതും പറ്റിയോ…?”

മനസ്സിൽ പിറുപിറുത്ത് മുഖത്ത് പുഞ്ചിരി വിടർത്തി ഹസി അവരുടെ അടുത്തേക്ക് പോയി, കൂടെ മോനും ഉണ്ടായിരുന്നു. ഉപ്പ മോനേ എടുത്ത് ഉമ്മവെച്ചു. ഫഹദ് ഉമ്മയേയും ഉപ്പയേയും കൊണ്ട് വീട്ടിലേക്ക് കയറി. ഫഹദ് അവരോട് മുറിയിൽ വിഷമിക്കാൻ പറഞ്ഞു

"ഹസീ, ഉപ്പാക്കും ഉമ്മാക്കും അവരുടെ മുറി കാണിച്ച് കൊടുക്ക്"

ഹസി പുഞ്ചിരിച്ച് മുറിയിലേക്ക് അവരെ കൊണ്ടുപോയി. മുറി കണ്ടപ്പോൾ ഉപ്പയും ഉമ്മയും പരസ്പരം നോക്കി. ഉമ്മയും ഉപ്പയും അവരുടെ വീട്ടിലെ മുറി എങ്ങനെയാണോ വെച്ചിരിക്കുന്നത് അതേപോലെ ഒരു മുറി. ഉമ്മാക്കുള്ള നിസ്കാര കുപ്പായം പോലും അതേപോലെ ഹാങ്കറിൽ തൂക്കി ഇട്ടിരിക്കുന്നു. വായനാ പ്രിയനായ ഉപ്പാക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വരെ ആ മുറിയിലുണ്ട്. അന്തംവിട്ട് നിൽക്കുന്ന അവരുടെ അടുത്തേക്ക് ഫഹദ് വന്നു

"ഇങ്ങളെന്താ ഇങ്ങനെ മിഴിച്ച് നിക്കണേ... ഇങ്ങള് റസ്റ്റ്‌ എടുത്തോ"

ഉപ്പ ഫഹദിനെ നോക്കി

"നീ ഈ വീട്ടിൽ ഞങ്ങൾക്ക് വേണ്ടി ഒരു മുറി ഒരുക്കിയിരുന്നു അല്ലേ"

ഫഹദ് ഒന്ന് പുഞ്ചിരിച്ചു

"എന്റെ ഉപ്പാക്കും ഉമ്മാക്കും ഒരു മുറി എന്റെ വീട്ടിൽ ഒരുക്കേണ്ടത് എന്റെ കടമയല്ലേ. നിങ്ങൾക്കല്ലേ ഞാൻ ആരുമല്ലാത്തത്, എനിക്ക് നിങ്ങളൊക്കെ അല്ലേ ഒള്ളൂ"

ഇത് പറഞ്ഞ് തീർന്നപ്പോൾ ഫഹദിന്റെ ശബ്ദം ഇടറി. ഉപ്പ അവന്റെ കയ്യിൽ പിടിച്ചു. ഒന്നും പറയാനില്ലായിരുന്നു അവർക്ക്.

അന്ന് ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ച് കോലായിയിൽ എല്ലാവരും വട്ടം ചുറ്റി ഇരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ ഫഹദ് ഉപ്പയോടും ഉമ്മയോടും ചോദിച്ചു

“എന്താ ഇങ്ങക്ക് രണ്ടാൾക്കും പറ്റിയേ…? ഭയങ്കര മാറ്റം രണ്ടാൾക്കും. എന്തുപറ്റി...? സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന പോലെ ഇങ്ങളെ രണ്ടാളേം അവിടുന്ന് ഇറക്കി വിട്ടോ എന്റെ ഇക്കയും ഭാര്യയും"

ഇതും പറഞ്ഞ് ഫഹദ് ചിരിച്ചു. ഹസി അവനെ നോക്കി കണ്ണുരുട്ടി. ഫഹദിന്റെ ആ ഫലിതം ഉമ്മയും ഉപ്പയും ആസ്വദിച്ചിരുന്നു. ഉപ്പ അവനെ നോക്കി

"അവിടെ ഞങ്ങൾക്ക് ഒരു കുഴപ്പോം ഇല്ല. ഇപ്പോഴും കാര്യങ്ങൾ എല്ലാം എന്റെ നിയന്ത്രണത്തിൽ തന്നെയാണ്. അങ്ങനെ ഞങ്ങളെ ഇറക്കി വിട്ടാൽ പിന്നെ എല്ലാത്തിനേം ഞാൻ കോടതി കയറ്റില്ലേ. ഇത് പഴയ കാലമൊന്നും അല്ലല്ലോ"

ഉപ്പ പൊട്ടിച്ചിരിച്ചു കൂടെ ഫഹദും. ഉമ്മ അവനെ വാത്സല്യത്തോടെ നോക്കി

“ഞങ്ങൾക്കൊന്നും പറ്റീട്ടില്ല മോനേ, മറ്റ് മക്കളോട് സ്നേഹത്തോടെ പെരുമാറുന്ന പോലെ നിന്നോട് ഞങ്ങൾ...”

ഉമ്മാന്റെ ശബ്ദം ഇടറി

“പെട്ടെന്നൊരു തോന്നൽ, എന്റെ കുട്ടിയെ കാണണം. കുറച്ച് ദിവസം കൂടെ നിക്കണം എന്നൊക്കെ. വയസായില്ലേ, ചിലപ്പോ അതോണ്ടാകും”

ഫഹദ് ഉമ്മയുടെ കയ്യിൽ പിടിച്ചു

“ഇപ്പൊ ഞാൻ എന്ത് ഹാപ്പി ആണെന്നറിയോ ഇങ്ങക്ക്”

ഇത് കേട്ടപ്പോൾ ഉപ്പ പുഞ്ചിരിച്ചു

“ഈ കാലം വരെ പണത്തിനും പവറിനും വേണ്ടി ജീവിച്ചില്ലേ. ഏതായാലും ഞങ്ങളുടെയൊക്കെ വിസ തീരാനായിക്ക്ണ്. മരിക്കുന്നതിന് മുന്നേ നിന്റെ കൂടെ താമസിച്ച് ഒരാഴ്ച്ചയെങ്കിൽ ഒരാഴ്ച്ച അടിച്ച് പൊളിക്കാൻ ഒരു ആഗ്രഹം. മറ്റ്‌ മക്കളുടെ കൂടെ അത് നടക്കില്ലല്ലോ. അവരൊക്കെ എപ്പോഴും ഓട്ടത്തിൽ അല്ലേ... ഒന്ന് മിണ്ടാൻ പോലും സമയമില്ല ആർക്കും. ഒരേ വീട്ടിൽ താമസിക്കുന്നവർ തന്നെ വല്ലപ്പോഴുമേ മിണ്ടാറുള്ളൂ. നീ അവിടെ ഉള്ളപ്പോൾ നല്ല രസായിരുന്നു. ഒച്ചയും ബഹളവുമൊക്കെയായി. പറഞ്ഞിട്ട് എന്താ കാര്യം.... ഉം"

ഫഹദ് പൊട്ടിച്ചിരിച്ചു

“ആഹാ, അപ്പൊ ഇങ്ങള് ഈ വയസ്സാം കാലത്ത് അടിച്ചുപൊളിക്കാൻ വന്നതാണല്ലേ…? നമുക്ക് ഇവിടെ മൊത്തം കറങ്ങണം. അടിച്ച് പൊളിക്കാം നമുക്ക്”

അങ്ങനെ ഫഹദും ഹസിയും മോനും ഉപ്പയും ഉമ്മയും കൂടി മൊത്തത്തിൽ കറങ്ങി നടന്നു. അവർ ഇഷ്ടമുള്ള ഹോട്ടലിൽ പോയി ഫുഡ്‌ കഴിച്ചു. കടലിൽ കുളിച്ചു. രാത്രി രണ്ട് മണിക്ക് വയനാട് ചുരം കയറിപോയി താഴേക്ക് നോക്കി ഒച്ചവെച്ചു. അവിടുള്ള തട്ട് കടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ചു. ശരിക്കും ഉപ്പയും ഉമ്മയും ഒരുപാട് സന്തോഷിച്ചു. അവർക്ക് ഇതൊക്കെ ആദ്യത്തെ അനുഭവം ആയിരുന്നു. 

ദിവസങ്ങൾ ചടപെടേന്ന് കടന്നുപോയി.

ഒരുദിവസം ഫഹദിന്റെ മോൻ ഉച്ചത്തിൽ പാട്ട് വെച്ച് ഡാൻസ് കളിക്കുന്നത് കണ്ടപ്പോൾ ഉപ്പയും മോന്റെ കൂടെ കൂടി. കൊച്ചുകുട്ടിയെ പോലെ തന്റെ മകന്റെ കൂടെ ആടിയും പാടിയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന ഉപ്പയെ ഫഹദ് കണ്ണിമ വെട്ടാതെ നോക്കി നിന്നു. കാരണം, ഇങ്ങനൊരു ഉപ്പാനെ അവൻ ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു. അപ്പോഴാണ് ഫഹദ് ഒരുകാര്യം ശ്രദ്ധിച്ചത്, ഉപ്പ മോന്റെ കൂടെ ഡാൻസ് കളിക്കുമ്പോൾ തൊട്ടപ്പുറത്ത് സോഫയിൽ ഇരുന്ന് ഉമ്മ കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നു...

രണ്ട് ദിവസം കഴിഞ്ഞ്...

എല്ലാവരും ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ഫഹദ് ഉപ്പയോട് ചോദിച്ചു

"ഉപ്പാ, ഏകദേശം ഒരു പത്തിരുപത്തഞ്ച് വർഷം മുന്നേ ഉള്ള കാര്യാണ്. ഇങ്ങക്ക് ഓർമയുണ്ടോ അറിയില്ല"

"എന്താണ് പറ"

"ഇങ്ങള് ബിസിനസ്‌ ഒക്കെ പൊട്ടി നിക്കണ സമയത്ത് എന്നേയും പെങ്ങളെയും കൂട്ടി നമ്മുടെ വീടിന്റെ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് പോയത് ഓർക്കുന്നുണ്ടോ. അന്ന് ഇങ്ങളെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലായിരുന്നു. ഞാനും പെങ്ങളും ബലൂൺ വേണം പറഞ്ഞ് കരഞ്ഞപ്പോൾ കാലി പോക്കറ്റിൽ നോക്കി നിസ്സഹായനായി നിന്ന എന്റെ ഉപ്പയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്"

ഉപ്പ ഫഹദിനെ നോക്കി

"മറന്നിട്ടില്ല"

ഫഹദ് ഒന്ന് പുഞ്ചിരിച്ചു

"നഷ്ടത്തിലായ ബിസിനസ്‌ തിരിച്ച് പിടിച്ച് അതിന്റെ പത്തിരട്ടി ഉണ്ടാക്കിയപ്പോൾ ഉപ്പ എന്നെങ്കിലും അതേ ഉത്സവത്തിന് പോവണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ...? ഞാൻ കണ്ടിട്ടില്ല പിന്നീട് ഉപ്പ ഉത്സവത്തിന് പോയത്, അതാ ചോദിച്ചേ"

ഉപ്പ ഒന്ന് പുഞ്ചിരിച്ചു

"എല്ലാം തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിൽ പഴയതൊക്കെ മറന്നപോലെ നടിച്ചു. പിന്നീട് ഉണ്ടാക്കാക്കിയത് നഷ്ടപ്പെടാതിരിക്കാൻ പല ഇഷ്ടങ്ങളും മാറ്റിവെച്ച് നിധി കാക്കുന്ന ജിന്നിനെപോലെ കാവൽ നിന്നു"

"എന്നാ നമുക്കിന്ന് ആ ഉത്സവത്തിന് പോയാലോ...?"

"ഇന്നാണോ ഉത്സവം"

ഉപ്പയുടെ മുഖത്ത് ആകാംഷ

"ഇന്ന് അവസാന ദിവസാണ്. വെടിക്കെട്ടും നാടകവും ഉണ്ട്. പോയാലോ നമുക്ക്"

ഫഹദിന്റെ അഭിപ്രായത്തോട് എല്ലാവർക്കും ഡബിൾ ഓക്കേ. അങ്ങനെ അന്ന് രാത്രി കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവത്തിന് അവർ എല്ലാവരും പോയി. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഉപ്പയും ഉമ്മയും ഉത്സവത്തിന് പോകുന്നത്. കൊച്ചു കുട്ടികളെ പോലെ ഉപ്പയും ഉമ്മയും ഉത്സവ പറമ്പിലെ കാഴ്ചകൾ കണ്ട് രസിച്ചു. മാജിക്‌ കാണാൻ കയറിയപ്പോൾ മജീഷ്യന്റെ ജാല വിദ്യകൾ കണ്ട് അത്ഭുതത്തോടെ കൈകൊട്ടി ആർത്ത് വിളിക്കുന്ന ഉപ്പയുടെ അടുത്ത് നിന്നും കണ്ണെടുക്കാൻ ഫഹദിന് തോന്നിയില്ല. കാരണം, അവന് ഇതൊക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു. ശരിക്കും സ്വപ്നത്തിലാണോ എന്ന് നോക്കാൻ കുറേ അവൻ സ്വയം നുള്ളിനോക്കി. അല്ല, സ്വപ്നമല്ല. നുള്ളി നോക്കാൻ നേരം ഫഹദ് ആയിരം വട്ടം പ്രാർത്ഥിച്ചിരുന്നു, ഇതൊരു സ്വപ്നമാകരുതേ എന്ന്…

പിറ്റേ ദിവസം രാവിലെ...

ഇന്നാണ് ഉപ്പയും ഉമ്മയും തിരിച്ച് പോകുന്നത്. അവർ ഫഹദിനോടും ഹസിയോടും മോനോടും യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോൾ ഫഹദിന്റെ ഞെഞ്ച് പിടഞ്ഞു. അവൻ കരയുന്നുണ്ടായിരുന്നോ അപ്പോൾ…? അറിയില്ല…

കാറിൽ നിന്നും ഇറങ്ങി ഉപ്പ ഫഹദിന്റെ കയ്യിൽ പിടിച്ചു

“നീ ചിന്തിക്കുന്നില്ലേ ഉപ്പയും ഉമ്മയും എന്തിനാ നിന്റെ അടുത്തേക്ക് വന്നതെന്ന്…?”

ഫഹദ് ഒന്ന് മൂളി, ഉപ്പ ഒന്ന് പുഞ്ചിരിച്ചു

“അതിനുള്ള ഉത്തരമാണ് ഈ കുറച്ച് ദിവസം നീ ഞങ്ങൾക്ക് തന്ന സന്തോഷം. ഞങ്ങളെ ഇങ്ങനെ ഹാപ്പിയാക്കി നിർത്താൻ നിന്നെകൊണ്ടേ പറ്റൂ. ഞങ്ങൾ ഇനീം വരും, നിന്റെ കൂടെ ഇങ്ങനെ അടിച്ച് പൊളിക്കാൻ"

ഇതും പറഞ്ഞ് ഉപ്പ അവനെ കെട്ടിപിടിച്ച് ഉമ്മവെച്ചു. എന്നിട്ട് വേഗം കാറിൽ കയറി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

“കുറേ വേദനിപ്പിച്ചിട്ടുണ്ട് നിന്നെ... ക്ഷെമിച്ചേക്കടാ മോനേ ഞങ്ങളോട്”

ഫഹദ് തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ കാർ മുന്നോട്ട് പോയിരുന്നു...

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല, തെറ്റ് തിരുത്തി ജീവിക്കുന്നതിനേക്കാൾ വലിയ പുണ്യവുമില്ല...

                             

Related Posts

Leave a Reply

Your email address will not be published. Required fields are marked *