ജീവിതങ്ങൾ…
എഴുത്ത്: ശ്യാം കല്ലുകുഴിയിൽ
” ടാ നിനക്ക് ആ ജാംബവാന്റെ കാലത്തുള്ള വണ്ടി മാറ്റി വേറൊന്ന് വാങ്ങികൂടെ…”
രാവിലെ തന്നെ പഴയ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വാശിയോടെ കിക്കർ അടിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്ത് നിന്ന് ശാന്തേച്ചി വിളിച്ചു ചോദിച്ചു…
” ബുക്ക് ചെയ്തിട്ടുണ്ട് ചേച്ചി അടുത്ത ആഴ്ച്ച കിട്ടും പുതിയത്…”
പെട്രോൾ പമ്പ് വരെ എങ്ങനെ എങ്കിലും എത്തണമേയെന്ന് പ്രാർത്ഥിക്കുമ്പോൾ ആണ് പുതിയ ബൈക്ക്, മനസ്സിൽ ആത് പറഞ്ഞ് വീണ്ടും കിക്കറിൽ ആഞ്ഞ് ചവിട്ടി…
” കുറെ നാളുകൊണ്ട് കേൾക്കുന്നു ഈ അടുത്ത ആഴ്ച്ച..”
ശാന്തേച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് വീണ്ടും കിക്കർ അടിച്ചപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ആയി. ബൈക്കിന്റെ ശബ്ദം പത്ത് കിലോമീറ്റർ അപ്പുറം വരെ കേൾക്കാവുന്നത് കൊണ്ട്,വണ്ടി സ്റ്റാർട്ട് ആയപ്പോഴേക്കും ചെവിയും പൊത്തിക്കൊണ്ട് ശാന്തേച്ചി സ്ഥലം വിട്ടു…
ഉമ്മറ വാതിൽ പടിയിൽ എന്നെയും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അമ്മയോട് യാത്ര പറഞ്ഞ് വണ്ടിയുമായി മുന്നോട്ട് നീങ്ങി. കൃത്യം മെയിൻ റോഡിലേക്ക് കടക്കുന്നതിന് മുൻപ് ബൈക്ക് വീണ്ടും നിന്നു, പെട്രോൾ ടാങ്ക് തുറന്ന് നോക്കുമ്പോൾ ഭരതപുഴ പോലെ വറ്റി വരണ്ടു കിടക്കുകയാണ്, ഇനിയിപ്പോ തള്ളലെ നിവർത്തിയുള്ളൂ, വണ്ടിയിൽ നിന്ന് ഇറങ്ങി തള്ളൽ തുടങ്ങി…
രണ്ടാഴ്ച്ചയായി പണി ഒന്നുമില്ലാതെ ഈച്ചയും അടിച്ച് ഇരിക്കുക ആയിരുന്നു, എങ്ങനെയെങ്കിലും പണി കിട്ടിയ അന്ന് തന്നെ താമസിച്ചു ചെന്നാൽ അവിടുന്നും കേൾക്കും, അതും ഓർത്ത് പമ്പിലേക്ക് വണ്ടിയും തള്ളി നടന്നു…
” എന്താ മാഷേ രാവിലെ നല്ല തള്ളൽ അണല്ലോ…”
സ്‌കൂട്ടറിൽ വന്ന സുമി അടുത്ത് നിർത്തി കൊണ്ട് ചോദിച്ചു..
” ഓ ഇന്നലെ എണ്ണ അടിക്കാൻ മറന്ന് പോയി…”
മുഖത്ത് ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്ത് പറയുമ്പോൾ ചിരിച്ചുകൊണ്ട് അവൾ തലയാട്ടി…
” കുപ്പി ഉണ്ടേൽ താ ഞാൻ എണ്ണ വാങ്ങി വരാം…”
” ഓ വേണ്ട അടുത്ത് അല്ലെ പമ്പ് ഞാൻ തള്ളിക്കോളാം …”
” എന്നാൽ ശരി….”
അവൾ അത് പറഞ്ഞ് സ്കൂട്ടർ ഓടിച്ചു പോയ്. സുമിയും ഞാനും ഒരുമിച്ച് പഠിച്ചത് ആണ്,പഠിക്കുമ്പോൾ ഭയങ്കര പ്രണയം ആയിരുന്നു, ഒരു ബർത്ഡേയ്ക്ക് വിഷ് ചെയ്യാൻ മറന്ന് പോയതിന്റെ പേരിൽ ഓള് പിണങ്ങിപ്പോയി, അത് കൊണ്ടിപ്പോ നല്ലൊരു ജീവിതം കിട്ടി അതിന്… അവളെ കുറിച്ച് ഓർത്തപ്പോൾ തള്ളലിന്റെ വേഗത കൂടി വേഗം പമ്പിൽ എത്തി…
” ഒരു എൻപത്…”
അത് പറഞ്ഞ് പോക്കറ്റിൽ നിന്ന് നൂറിന്റെ നോട്ട് എടുത്ത് നീട്ടിയപ്പോൾ, പമ്പിൽ നിൽക്കുന്ന ചേച്ചി പുച്ഛത്തോടെ നോക്കി കൊണ്ട് എണ്ണ അടിച്ചു, എണ്ണ കമ്പനിക്കാർ ഡെയിലി വില കൂട്ടുന്നത് കൊണ്ട് ഭാഗ്യത്തിന് ഒരു ലിറ്റർ തികച്ച് കിട്ടിയില്ല…
ബാലൻസ് ഇരുപത് രൂപ വാങ്ങി പോക്കറ്റിൽ ഇടുമ്പോൾ ആ ഇരുപത് രൂപ കൊണ്ടാണ് വൈകുന്നേരം വരെ തള്ളി നീക്കേണ്ടത് എന്ന് പുച്ഛത്തോടെ നോക്കുന്ന ചേച്ചിക്ക് അറിയില്ലല്ലോ…
വർക്ക് ഷോപ്പിൽ എത്തി ഡ്രസ് മാറ്റി ജോലികൾ തുടങ്ങി. പത്ത് മണി ആയപ്പോൾ കൂടെ ഉള്ളവർ ചായ കുടിക്കാൻ ഇറങ്ങി…
” ടാ നി വരുന്നില്ലേ ചായ കുടിക്കാൻ…”
” ഓ ഞാനില്ല ചേട്ടാ, രാവിലെ മുതൽ വയറിന് നല്ല സുഖമില്ല,നിങ്ങൾ പോയിട്ട് വാ…”
നമുക്കു പിന്നെ പണ്ടേ ആർക്കും ദോഷം വരാതെ കള്ളം പറഞ്ഞു ശീലം ഉള്ളത് കൊണ്ട് അത് വിശ്വസിച്ച് അവർ പോയി…പൈപ്പിൻ ചുവട്ടിൽ പോയി വയർ നിറയെ വെള്ളം കുടിച്ച് കൊണ്ട് വീണ്ടും പണി തുടങ്ങി…
ഉച്ചയ്ക്കത്തെക്കുള്ള ചോറ് വീട്ടിൽ നിന്ന് കൊണ്ട് വന്നത് കൊണ്ട് മറ്റുള്ളവർ പുറത്ത് കഴിക്കാൻ പോയപ്പോൾ ഞാൻ വർക്ക് ഷോപ്പിന്റെ ഒഴിഞ്ഞ സ്ഥലത്ത് കഴിക്കാൻ ഇരുന്നു..
വാഴയിലയിൽ പൊതിഞ്ഞ ചോറ് പൊതി തുറന്നപ്പോഴേക്കും, ഉള്ളിലെ ചമ്മന്തിയുടെയും,പൊരിച്ച മുട്ടയുടെയും,അച്ചറിന്റെയും, പയർ മിഴുക്കുവരട്ടിയുടെയും മണം മൂക്കിൽ അടിച്ചു. ആ മണം മൂക്കിലേക്ക് അടിച്ചപ്പോൾ വിശപ്പ് വീണ്ടും കൂടി…ആർത്തിയോടെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് പുറത്ത് ആരോ വിളിക്കുന്നത് പോലെ തോന്നിയത്…
” മോനേ…..”
എന്നുള്ള നീട്ടി വിളി കേട്ടപ്പോൾ ചോറിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് അവിടേക്ക് ചെന്നു. ആ പൊരിവെയിലത്ത് വടിയും കുത്തി ഒരു കൈ എനിക്ക് നേരെ നീട്ടി പിടിച്ച് ദയനീയമായി നിൽക്കുന്ന ഒരു പ്രായം ചെന്ന അമ്മൂമ്മയെയാണ് കണ്ടത്.എനിക്ക് നേരെ നീട്ടിയേക്കുന്ന കയ്യിൽ രണ്ട് മൂന്ന് നാണയ തുട്ടുകൾ കിടപ്പുണ്ട്, അവർ ആ കൈകൊണ്ട് വയറിൽ തടവി വീണ്ടും എന്നെ ദയനീയമായി നോക്കി നിന്നു…ഇടയ്ക് ഞാൻ തുറന്ന് വച്ചിരിക്കുന്ന പൊതിച്ചോറിൽ അവരുടെ നോട്ടം പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…
” അമ്മ വാ ചോറ് തരാം…”
അവരെ അകത്തേക്ക് വിളിക്കുമ്പോൾ അത് നിരസിക്കാതെ സന്തോഷത്തോടെ അകത്തേക്ക് വന്നു. ഭക്ഷണപൊതിയുടെ മുന്നിൽ അവരെ ഇരുത്തി കഴിച്ചോളാൻ പറഞ്ഞപ്പോൾ അൽപം മടിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി…വീണ്ടും നിർബന്ധിച്ചപ്പോൾ ആ അമ്മ ഭക്ഷണം കഴിച്ചു തുടങ്ങി,
ആർത്തി പിടിച്ച് കഴിക്കുന്ന അമ്മയെ കണ്ടപ്പോൾ ആഹാരം കണ്ടിട്ട് തന്നെ ദിവസങ്ങൾ ആയത് പോലെ തോന്നി, ഇലയിലെ ചോറ്‌എല്ലാം കഴിക്കുമ്പോൾ ഇടയ്ക്ക് ഒഴുകി വന്ന കണ്ണുനീർ ആ അമ്മ തുടയ്ക്കുന്നുണ്ടായിരുന്നു…
” മോനെ ദൈവം അനുഗ്രഹിക്കും …”
ഭക്ഷണവും കഴിച്ച് പോകുമ്പോൾ നിറഞ്ഞ മനസ്സോടെ ആ അമ്മ പറഞ്ഞു. സന്തോഷത്തോടെ പോകുന്ന ആ അമ്മയെ നോക്കി നിന്നപ്പോൾ വീണ്ടും വയറ്റിൽ വിശപ്പിന്റെ വിളി കൂടി…
കയ്യിൽ ആകെ ഇനി ഇരുപത് രൂപയെ ഉള്ളു. ഉള്ളത് കൊണ്ട് ജീവിക്കാൻ അമ്മ പഠിപ്പിച്ചത് കൊണ്ടാകും ഹോട്ടലിൽ പോയ് കടം പറയാൻ മനസ്സ് അനുവദിക്കാത്തത്. ഇരുപത് രൂപയും കൊണ്ട് അടുത്തുള്ള ചെറിയ മുറിക്കടയിൽ പോയ് ഒരു നാരങ്ങ വെള്ളവും പഴവും തിന്ന് വിശപ്പ് അകറ്റി…
വൈകുന്നേരം ജോലി കഴിഞ്ഞ് പൈസയും വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ വീട്ടിലേക്ക് ഉള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങിയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് അമ്മയ്ക്ക് ഒപ്പം ചേച്ചിയും കുട്ടികളും വന്നിരിക്കുന്നത് കണ്ടപ്പോൾ എന്തോ അപകടം മണത്തു..
” നി ഇത് എപ്പോൾ വന്നു അളിയൻ വന്നില്ലേടി….”
“ഓ എല്ലാവരും വന്നു….”
അവളുടെ മുഖ ഭാവം കണ്ടപ്പോൾ എന്തോ പണി വരാൻ പോകുന്നു എന്ന് മനസ്സിലായത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ വീട്ടിലേക്ക് കയറി. ടിവി യും കണ്ടിരുക്കുന്ന അളിയനോട് കുളിച്ചു വരാം എന്ന് പറഞ്ഞ് കുളിക്കാൻ കയറി..
കുളി കഴിഞ്ഞ് വരുമ്പോൾ അമ്മ അടുക്കളയിൽ ഉണ്ട്…
” രാത്രിത്തേക്ക് ചോറ് തികയുമോ അമ്മേ ..അതോ പട്ടിണി കിടക്കണോ…”
തലയും തോർത്തി അമ്മയ്ക്ക് അരികിൽ ചെന്ന് പയ്യെ ചോദിച്ചു..
” മിക്കവാറും വേണ്ടി വരും…”
അമ്മ പറഞ്ഞപ്പോൾ ഞാൻ അറിയാതെ നെഞ്ചിൽ കൈ വച്ചുപോയി…
” രാധാമ്മെ…..”
അടുക്കള വാതിലിന്റെ അരികിൽ കയ്യിൽ ഒരു പാത്രവും ആയി ശാന്തേച്ചിയുടെ മോൾ വിളിച്ചു…
” ഇത് എന്താ മോളെ,, “
അമ്മ അവൾക്കരികിലേക്ക് ചെന്നു…
” ഇത് കുറച്ച് ചോറും കറിയും ആണ്,ഇവിടെ ആള് കൂടിയത് കൊണ്ട് ഇവിടെ ഉള്ളത് തികയില്ല എന്ന് അമ്മ പറഞ്ഞു…”
അവൾ പാത്രം അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറയുമ്പോൾ മടിച്ച് ആണേലും അമ്മ അത് വാങ്ങി.. ഉച്ചയ്ക്ക് ആ അമ്മ പറഞ്ഞത് പോലെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചത് ശാന്തേച്ചിയുടെയും മോളുടെയും രൂപത്തിൽ ആണെന്ന് ഞാൻ ഓർത്ത് പോയി..ഉള്ളത് കൊണ്ട് രാത്രി എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ചു…
” ഞാൻ അളിയന്റെ റൂമിൽ കിടന്നോളം ആ റൂമിൽ ഭയങ്കര ചൂട് ആണ്…”
ചേച്ചിയോട് അത് പറഞ്ഞ് അളിയൻ നേരെ എന്റെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചപ്പോൾ, അമ്മ എനിക്കുള്ള പായ ഇറയത്ത് വിരിച്ചു തന്നു…
പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ അളിയനും പെങ്ങളും ഉമ്മറത്ത് ഇരിപ്പുണ്ട്..
” ടാ ഞങ്ങൾ കുറച്ച് കഴിയുമ്പോൾ പോകും ….”
” അതെന്താടി രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ…”
അതിന് അവള് മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ പതിവ് അങ്കത്തിന് വേണ്ടി ബൈക്കിൽ കയറി..
” അളിയാ…അളിയന് പുതിയ ഒരു വണ്ടി എടുത്തൂടെ, ഞങ്ങൾ എന്തായാലും ഒരു സെക്കന്റ് ഹാൻഡ് കാർ വാങ്ങാൻ തീരുമാനിച്ചു, കുറച്ച് പൈസ കൂടി വേണം, അളിയനും ഒരു ഷെയർ ഇട്ടാൽ നമുക്ക് ഒരുമിച്ച് എടുക്കാം…”
പെങ്ങളും അളിയനും വന്നതിന്റെ ഗുട്ടൻസ് അപ്പോഴാണ് എനിക് മനസ്സിലായത്…
” ഓ നമുക്ക് ഇതൊക്കെ മതി അളിയാ….”
” എന്നാൽ നി കുറച്ച് പൈസ എവിടന്നേലും ഒപ്പിച്ച് താ…”
പെങ്ങൾ സോപ്പ് പതപ്പിച്ചു തുടങ്ങി…
” അതിന് അവൻ പുതിയ വണ്ടി ബുക്ക് ചെയ്തത് നി അറിഞ്ഞില്ലേ, അടുത്ത ആഴ്ച്ച വരും അത് അല്ലേട …”
പതിവില്ലാതെ അമ്മയുടെ വായിൽ സമയത്ത് തന്നെ സരസ്വതി വിളയാടിയപ്പോൾ ഞാൻ അറിയാതെ ദൈവത്തിന് നന്ദി പറഞ്ഞുപോയി..
” എന്നാ വാടി നമുക്ക് പോകാം..”
ഒന്നും കിട്ടാൻ വഴി ഇല്ലെന്ന് കണ്ടപ്പോൾ അളിയൻ എഴുന്നേറ്റ് പോയ്…ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് കിക്കറിൽ ചവിട്ടിയതും എന്നെ നാണം കെടുത്തിക്കാതെ വണ്ടി സ്റ്റാർട്ട് ആയി…
വണ്ടിയുടെ ഒച്ച അവിടെ മുഴങ്ങിയപ്പോൾ പെങ്ങൾ എന്തോ പിറുപിറുത്ത് ചെവിയും പൊത്തിക്കൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി… വാതിൽ ചാരി ചിരിച്ചു കൊണ്ട് നിന്ന അമ്മയോട് യാത്രയും പറഞ്ഞു ഞാൻ വീണ്ടും യാത്ര തുടങ്ങി….