🧡എന്റെ പെണ്ണ്🧡
Story written by Sruthi Prasad
അധരങ്ങൾ ദീർഘമായ ചും ബനത്തിലേർപ്പെട്ട് ചോരച്ചുവ അറിഞ്ഞിട്ടും അവളെ എന്നിൽ നിന്നകറ്റിമാറ്റാൻ തോന്നിയില്ലാ. എന്നാൽ അവൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായതും ഞാനവളെ അടർത്തി മാറ്റിയതും അവളെന്റെ നെഞ്ചിലേക്ക് തന്നെ ചാരിയിരുന്നു.
“അയ്യോ ഹരിയേട്ടാ സമയമെത്രയായി?”
പെട്ടെന്ന് നെഞ്ചിൽ നിന്ന് തലയുയർത്തിയുള്ള അവളുടെ ചോദ്യത്തിൽ ആദ്യം ഞെട്ടിയെങ്കിലും സാവധാനത്തിൽ അവൾക്കുള്ള മറുപടി കൊടുത്തു.
“നാല് മണിയാകുന്നു.”
“നാല് മണിയോ? അയ്യോ ഇത്രയും നേരമായോ? എന്നാ ഞാൻ പോകുവാ ഹരിയേട്ടാ.”
“കുറച്ചു കഴിഞ്ഞിട്ട് പോകാവെടി മൂക്കുത്തി.”
“ഹരിയേട്ടാ ഞാനെത്ര വെട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്.”
“ഹാ ഞാൻ ഇപ്പോ വിളിച്ചതായൊ കുറ്റം നാട്ടിലുള്ളവരെല്ലാം നിന്നെ അങ്ങനെ തന്നെയല്ലേ വിളിക്കുന്നേ?”
“നിങ്ങളല്ലായിരുന്നോ എനിക്കാ ഇരട്ടപേരിട്ടത്?”
“എന്റെ അമ്മൂട്ടി, അതിനിപ്പോ എന്താടി നിന്റെ ഈ കുഞ്ഞുവെളുത്തമുഖത്തിൽ ചുവന്ന മൂക്കുത്തി അണിഞ്ഞു നിന്നെക്കാണാൻ എന്തു ഭംഗിയാണെന്നോ.”
“ഓ മതി മതി സോപ്പിട്ടു പതപ്പിച്ചത്, മാറിക്കെ ഞാൻ പോകട്ടെ.”
“ഇപ്പോഴേ എന്തിനാടി ദൃതി പിടിച്ചു പോകുന്നെ നിന്റെ തന്തപ്പടി വരാൻ ഇനിയും താമസിക്കും.”
“ദേ ഹരിയേട്ടാ എന്റെ അച്ഛനെ അങ്ങനൊന്നും പറയുന്നതെനിക്കിഷ്ടമല്ല കേട്ടോ. അതുപോലെതന്നെ എനിക്ക് നേരത്തും കാലത്തും വീട്ടിൽ പോണ്ടേ. കുറെ ജോലിയുള്ളതാ.”
“ഓ ഇന്നാ ജോലി കുറച്ചു താമസിച്ചൊക്കെ ചെയ്താ മതി.”
അവളെ ഒന്നൂടെ മുറുക്കെ ചേർത്ത് പിടിച്ചു ചുവന്നുതുടുത്ത കവിളിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു.
“ഒന്ന് പോയെ ഹരിയേട്ടാ ഇന്നച്ഛൻ നേരത്തെ വീട്ടിലെത്തുമെന്ന് അമ്മയോട് പറഞ്ഞത് ഞാൻ കേട്ടതാ. എന്നെ അവിടെ കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകുവേ.”
“ഓ പിന്നെ പ്രശ്നമാകുന്നെങ്കിൽ ആകെട്ടേടി, അങ്ങനാകുമ്പോൾ നമുക്കിങ്ങനെ ഒളിച്ചും പാത്തും കാണേണ്ടി വരില്ലല്ലോ.”
“ആഹാ അങ്ങനിപ്പോ നമ്മുടെ കാര്യമാരുമറിയണ്ടാ.”
“അപ്പൊ ഒരിക്കലും അവരറിയരുതെന്നാണോ അമ്മുട്ടി നീ ഈ പറയുന്നേ?”
“അങ്ങനല്ല ഹരിയേട്ടാ ആദ്യം ഹരിയേട്ടന് ഒരു ജോലിയൊക്കെ ശരിയാക്കിയിട്ട് എന്നെ വന്നു പെണ്ണ് ചോദിക്ക്. അപ്പൊ എല്ലാവരും നമ്മടെ കാര്യമറിഞ്ഞാ മതി.”
“ഹാ അപ്പൊ അത് വരെ നമുക്കിങ്ങനെ പാത്തും പതുങ്ങിയും കാണാമല്ലേടി മൂക്കുത്തി.”
അവളുടെ മൂക്കുത്തിയിൽ ചെറുതായി കടിച്ചു കൊണ്ടു പറഞ്ഞതും പെണ്ണ് എന്നെ തള്ളിമാറ്റി റൂമിൽ നിന്നിറങ്ങിയോടി.
ഒരു പൊട്ടിപെണ്ണാണ് എന്റെ അമ്മൂട്ടി, ഞാനൊന്നു ദേഷ്യപ്പെട്ടാൽ അവൾക്ക് സഹിക്കാൻ കഴിയില്ല. അത്രക്കിഷ്ട്ടാണെന്നേ, ചെറിയ പ്രായത്തിൽ തന്നെ മുറപ്രകാരം അവളെന്റെ പെണ്ണാണെന്ന എല്ലാവരുടെയും ഉറപ്പിൽ പാടവരമ്പത്തും അമ്പലക്കുളത്തിലുമെല്ലാം ഞങ്ങൾ മത്സരിച്ചു പ്രണയിച്ചു നടന്നു.
എന്നാൽ ആ ഉറപ്പിൽ വിള്ളൽ വീണത് അച്ഛന്റെ പണത്തോടുള്ള അത്യാർത്തിയിലാണ്. അമ്മാവനെ ചതിച്ചു അവരുടെ വസ്തുവകകളെല്ലാം കൈക്കലാക്കി അമ്മാവനെയും അമ്മായിയേയും എന്റെ പെണ്ണിനേയും അവരുടെ വീട്ടിൽ നിന്നിറക്കി വിട്ടു.
പത്താം തരത്തിൽ പഠിക്കുന്ന എനിക്കോ അച്ഛന്റെ വാക്കുകളെ എതിർക്കാനുള്ള ശക്തി എന്റെ അമ്മക്കോ ഇല്ലാത്തതിനാൽ എല്ലാം കണ്ടും കേട്ടും നിസ്സഹായരായി നിൽക്കാനെ അന്നത്തെ പ്രായത്തിൽ എനിക്ക് പറ്റിയുള്ളൂ.
അതിനു ശേഷം അമ്മാവനെയും കുടുംബത്തെയും പിന്നീട് ഞങ്ങൾ കണ്ടിരുന്നില്ല. പിന്നെ കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു വന്നത് അപ്പോഴേക്കും എന്റെ അച്ഛൻ സുഹൃത്തുക്കളുമായുള്ള ചൂതുകളിയിൽ എല്ലാം നഷ്ടപ്പെടുത്തി മരണം ഏറ്റുവാങ്ങി. അമ്മ പിന്നീട് തൊഴിലുറപ്പിനു പോയാണ് ജീവിതം മുന്നോട്ടു നീക്കിയത്.
അമ്മാവൻ നല്ലൊരു മനുഷ്യൻ തന്നെയായിരുന്നു, ദാരിദ്രത്തിൽ എത്തിയെങ്കിലും അവിടെ തളർന്നു വീഴാതെ കഠിനപ്രയത്നത്തിൽ അദ്ദേഹം പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുവന്നു. കയ്യിന്നു പോയതെല്ലാം അദ്ദേഹം പിടിച്ചെടുത്തു.
എന്നാൽ ഞാനോ അമ്മയോ അമ്മാവനെ കണ്ട് അച്ഛൻ ചെയ്ത തെറ്റിന് പൊറുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യമൊന്നും ഞങ്ങൾക്കില്ലായിരുന്നു.
പാടത്ത് ചെറിയ രീതിയിൽ കൃഷിയും ട്യൂഷൻ സെന്ററുകളിൽ പിള്ളേർക്കു ക്ലാസ്സ് എടുത്തും അമ്മയെ ജോലിക്ക് വിടാതെ എന്നെ കൊണ്ട് പറ്റുന്ന വിധം സഹായിച്ചു.
ട്യൂഷൻ എടുക്കുമ്പോൾ എന്നെ മാത്രം നോക്കിയിരിക്കുന്ന എന്റെ അമ്മൂട്ടിയെ പലവട്ടം കണ്ടെങ്കിലും അങ്ങനെ ഒരാളെ അറിയില്ല എന്ന രീതിയിലായിരുന്നു എന്റെ പെരുമാറ്റമൊക്കെ. പണ്ടത്തെ പട്ടുപാവാടയിൽ നിന്നും ഇപ്പോഴത്തെ ദാവണിപെണ്ണിലേക്ക് മാറിയിരിക്കുകയാണ് എന്റെ അമ്മൂട്ടി.
പലവട്ടം അവൾ അമ്മാവനും അമ്മായിയും അറിയാതെ ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് വരുന്നത് പതിവായിരുന്നു. അമ്മയോട് അവൾ നല്ല കൂട്ടായിരുന്നു. എനിക്ക് ചായ കൊണ്ട് തരാനും ഭക്ഷണം വിളമ്പിതരാനും ചില പ്രതീക്ഷിക്കാത്ത സമയങ്ങളിൽ അവളെ കാണുമെങ്കിലും മനസ്സിൽ ചെറുപ്രായത്തിലുണ്ടായിരുന്ന മോഹങ്ങളൊക്കെ പൊടിതട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ തന്നെ അതിനെ താഴിട്ടു പൂട്ടി.
പഠിപ്പിക്കുന്നതിനിടയിൽ ഒരു പെണ്ണു മൂക്കുത്തി ഇട്ടത് കണ്ടപ്പോൾ കൊള്ളാമെന്ന് പറഞ്ഞതിന് കുശുമ്പോടെ നോക്കി നിന്ന അമ്മൂട്ടീ അടുത്ത ദിവസം ചുവന്ന മൂക്കുത്തി ധരിച്ചു മൂക്കുത്തിപ്പെണ്ണെന്ന വിളിപ്പേരും എന്നിൽ നിന്ന് കിട്ടിയപ്പോൾ കുറുമ്പോടെ കവിളും വീർപ്പിച്ച് നിൽക്കുന്നവളെ ഒരു കള്ളച്ചിരിയാൽ ഇടംകണ്ണിട്ട് നോക്കുന്നത് ആവർത്തിച്ചു.
ട്യൂഷൻ സെന്ററുകളിലെ ഏതെങ്കിലും പെണ്ണ് എന്നെ നോട്ടമിട്ടുട്ടുണ്ടെങ്കിൽ,
“ഞാനേ ഹരിയേട്ടന്റെ പെണ്ണാ”
എന്ന് വലിയ വായിൽ വീമ്പിളക്കിനടക്കുന്ന അവളെ കാണുമ്പോൾ അറിയാതെ തന്നെ കുറുമ്പ് നിറഞ്ഞ അവളുടെ ചിരിയും എന്നിലേക്കും പകർന്നു.
പിന്നെ എപ്പോഴാണെന്നറിയില്ല അവളെ ആർക്കും വിട്ടു കൊടുക്കരുതെന്നും, എന്റെ പെണ്ണാണ് അവളെന്നും ഹൃദയം അലറി പറഞ്ഞപ്പോൾ അവളുടെ സ്നേഹം കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചെറിയ ചെറിയ കുസൃതികളിലൂടെയും, കുറുമ്പുകളിലൂടെയും ഞങ്ങൾ ഇരുവരും ഓരോ ദിനവും കഴിയുന്നതിനനുസരിച്ച് പ്രണയം ആവോളം ആസ്വദിച്ചു.
അതെല്ലാം ഓർത്ത് ഒരു ചിരിയോടെ ഹാളിലേക്ക് വന്നപ്പോഴാണ് വിഷമത്തോടെ ഇരിക്കുന്ന അമ്മയെ കണ്ടത്.
“എന്തുപറ്റി അമ്മേ? മുഖമെന്താ വല്ലാതെയിരിക്കുന്നേ?”
“മോനെ, ഞാനൊരു കാര്യം പറയാം. നീയും അമ്മൂട്ടിയും ഒന്നിക്കണമെന്ന എന്റെയും ആഗ്രഹം. എന്നാൽ എന്റേട്ടൻ അതിനു എതിര് നിൽക്കുവാണെങ്കിൽ അപ്പോഴത്തെ വാശിയിൽ നീ അവളെ വിളിച്ചിറക്കി കൊണ്ടു വരാനൊന്നും നിൽക്കരുത്. നിന്റെ അച്ഛനായിട്ട് അദ്ദേഹത്തോട് വർഷങ്ങൾക്കുമുമ്പ് വിശ്വാസവഞ്ചന കാട്ടിയിട്ടുണ്ട്, അതിന്റെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല. അപ്പോൾ ഏട്ടന്റെ അമ്മൂട്ടിയിൽ നിന്ന് തന്നെ അങ്ങനെയൊരു വഞ്ചന വീണ്ടും വന്നാൽ അദ്ദേഹം ഹൃദയം പൊട്ടി മരിക്കും. അങ്ങനൊരു കാഴ്ച നീയായിട്ടു ഉണ്ടാക്കിപ്പിക്കരുത്.”
അമ്മ എന്തുകൊണ്ടാണ് അങ്ങനെയിപ്പൊ പറഞ്ഞതെന്ന് എനിക്കറിയില്ല. അമ്മൂട്ടിയെ മറന്നൊരു ജീവിതം എനിക്ക് സാധ്യമാകുവോ, ഇല്ല എനിക്കവളില്ലാതെ പറ്റില്ല. അമ്മാവന്റെ കാലു പിടിച്ചായാലും വേണ്ടില്ല അവളെ എനിക്ക് വേണം. ഞാൻ ചാർത്തിയ സിന്ദൂരവും താലിയുമണിഞ്ഞ എന്റെ പെണ്ണായി…..
ദിനങ്ങൾ ഇലപൊഴിയും പോലെ കടന്നു പോയതും എനിക്ക് പി.എസ്.സി വഴി ജോലി ലഭിച്ചു. പോസ്റ്റിംഗ് ദൂരെ ആയതിനാൽ അമ്മയെയും അമ്മൂട്ടിയെയും വിട്ട് നിൽക്കേണ്ടിവരും എന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അമ്പലക്കുളത്തിൽ വച്ച് അവളോട് യാത്ര പറയുമ്പോൾ നിറഞ്ഞ മിഴികൾ തുടച്ചുമാറ്റി പുഞ്ചിരി അണിയാൻ ശ്രമിക്കുന്നവളെ വലിച്ചു നെഞ്ചോട് ചേർത്ത് എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. അവളുടെ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു യാത്ര പറഞ്ഞു പോകുമ്പോൾ മനസ്സിൽ അവളോടുള്ള ഓരോ നിമിഷങ്ങളായിരുന്നു നിറഞ്ഞിരുന്നത്.
ജോലിക്ക് പ്രവേശിച്ചു അമ്മയോടു വിശേഷങ്ങൾ പങ്കുവെക്കുന്നുതിനിടയിൽ അവളും ഒരു കേൾവികാരിയായി അമ്മയുടെ കൂടെ തന്നെ കാണും. എന്റെ മനസ്സറിഞ്ഞത് പോലെ അമ്മ അവൾക്ക് ഫോൺ നൽകി മാറും.
അവൾക്കാദ്യം ചോദിക്കാനുള്ളത് “ഹരിയേട്ടാ എപ്പോഴാ തിരിച്ചു വരുന്നേ.” എന്നാണ്. ഇപ്പോഴൊന്നും വരില്ല ഇവിടെ തന്നെ കൂടിയാലോ എന്നൊക്കെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കുന്നതും എന്റെ ചെറിയൊരു വിനോദമായിരിന്നു.
എന്നാൽ കുറച്ച് ദിവസങ്ങളായി അമ്മൂട്ടിയുടെ ഒരു വിവരവും അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. അമ്മയോട് ചോദിക്കുമ്പോഴൊക്കെ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറുമായിരുന്നു. അമ്മൂട്ടിക്ക് ഫോൺ ഇല്ലാത്തതിനാൽ അവളെ വിളിക്കാനുള്ള ആകെ സൗകര്യം അവൾ വീട്ടിലേക്ക് വരുമ്പോഴൊക്കെയായിരുന്നു.
കുറച്ചു ദിവസത്തേക്ക് ലീവെടുത്ത് അമ്മയോട് പറയാതെ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. കൂടെ അമ്മൂട്ടിയെ കാണാനുള്ള തിടുക്കവും. എന്നാൽ നാട്ടിലെത്തി എന്നെ കാത്തിരുന്നത് ഞാൻ കണ്ടിട്ടില്ലാത്ത ഒരു അമ്മൂട്ടിയെയായിരുന്നു.
ഞാൻ നാട്ടിൽ വന്നു എന്നറിഞ്ഞിട്ടും എന്നെ കാണാൻ കൂട്ടാക്കാതിരിക്കുന്ന അമ്മൂട്ടിയെ കുറിച്ചോർത്തു എനിക്കതിശയമായിരുന്നു. എന്റെ വാലേ തൂങ്ങി നടക്കുന്ന പെണ്ണിനിതെന്തു പറ്റിയെന്ന ചോദ്യം മനസ്സിൽ കുടുങ്ങി കിടന്നു.
അമ്മയോട് ഒത്തിരി തവണ അവളുടെ കാര്യം ചോദിക്കുമ്പോഴൊക്കെ ഇപ്പൊ അവൾ ഇവിടേക്ക് വന്നിട്ട് കുറേയായി എന്നു മാത്രം പറഞ്ഞു. എന്തുവന്നാലും അവളെ കണ്ടിട്ട് തന്നെ കാര്യമെന്ന വാശിയിൽ അവളുടെ വീട്ടിലേക്ക് നടന്നു.
അവളുടെ വീട്ടിലെത്തി അമ്മാവനോട് അവളെ കാണണമെന്ന് പറഞ്ഞപ്പോൾ എന്നെ തടയാതെ അവളുടെ റൂമിലേക്കുള്ള വഴി കാണിച്ചു തന്ന അമ്മാവന്റെ ആ പെരുമാറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ആ മുഖത്തെ ഭാവം മനസ്സിലാകുന്നില്ല, വെറുപ്പ് നിറഞ്ഞ മുഖമായിരുന്നു എന്നെ കാണുമ്പോൾ അദ്ദേഹത്തിനുണ്ടാകുകയെന്നാണ് ഇത്രയും കാലം ഞാൻ വിചാരിച്ചിരുന്നത്.
അവളുടെ മുറിയിലേക്കുള്ള പടികൾ ചവിട്ടുമ്പോൾ എന്റെ ഹൃദയം എന്തുകൊണ്ടോ ഉയർന്ന വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറിയതും ഏതോ പുസ്തകത്തിലേക്ക് വായനയിൽ മുഴുകിയിരിക്കുന്ന അവളെ ഞാൻ സൂക്ഷ്മതയോടെ നോക്കി.
മുഖമെല്ലാം കരിവാളിച്ച്, കരിമഷി എഴുതാത്ത കണ്ണുകളും, പാറിപ്പറക്കുന്ന എണ്ണമയമില്ലാത്ത കാർക്കൂന്തലുകളും, വാടിയ ചേമ്പിൻതണ്ട് പോലുള്ള ശരീരത്താലുള്ള അവളെ കണ്ടതും അതെന്റെ അമ്മൂട്ടിയല്ലാന്നൊരു തോന്നൽ.
“ഹാ ഹരിയേട്ടനോ? നാട്ടിൽ വന്ന കാര്യം ഞാനറിഞ്ഞിരുന്നു. ഇനിയെപ്പോഴാ തിരിച്ചു പോകുന്നെ?”
“നീ എന്താ അമ്മൂട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ഞാൻ വന്നിട്ടും നീ എന്താ എന്നെ കാണാൻ വരാതിരുന്നത്? നിനക്കെന്താ പറ്റിയെ?.”
“ഹോ ഒന്ന് നിർത്തി നിർത്തി ചോദിക്ക് ഹരിയേട്ടാ എന്നാലല്ലേ എനിക്ക് മറുപടി പറയാൻ പറ്റു.
അപ്പോൾ ഹരിയേട്ടനെന്താ അറിയേണ്ടേ, ഞാൻ കാണാൻ വരാഞ്ഞതല്ലേ അതിന് ഹരിയേട്ടൻ സിനിമ ആക്ടർ വാല്ലോമാണോ, നിങ്ങള് വന്നെന്നറിയുമ്പോൾ തന്നെ ഓടി വന്നു കാണാൻ.”
“അമ്മൂട്ടി….”
“ഓ പ്ലീസ്, ഈ അമ്മൂട്ടി കൊമ്മൂട്ടിന്നുള്ള വിളി ആദ്യം നിർത്ത്. കേട്ടിട്ട് തന്നെ എന്തോ പോലെ. എന്റെ പേര് അമൃതയെന്നാ അങ്ങനെ വിളിച്ചാ മതി.”
“അമ്മൂട്ടി എന്നെ ദേഷ്യം പിടിപ്പിക്കല്ലേ. നിന്റെ ഒരുമാതിരിയുള്ള സംസാരം കേട്ടിട്ട് തന്നെ എന്തോ പോലെ തോന്നുവാ. എന്റെ അമ്മൂട്ടി ഇങ്ങനൊന്നുമല്ലായിരുന്നു. ഞാൻ നാട്ടിന്നു പോയപ്പോൾ എന്താത്ഭുതമാ നടന്നത്, നീ ഇത്രക്ക് മാറാൻ മാത്രം.”
അവളുടെ ഇരു തോളിലും പിടിച്ചുകുലുക്കി കൊണ്ട് ഓരോന്ന് എണ്ണിപ്പെറുക്കി ചോദിച്ചെങ്കിലും അവൾ ശക്തിയിൽ എന്നെ തള്ളിമാറ്റി എന്റെ നേരെ വിരൽ ചൂണ്ടി സംസാരിച്ചു തുടങ്ങി.
“ദേ ഇനിയെന്റെ ദേഹത്തു തൊട്ടാലുണ്ടല്ലോ. അച്ഛൻ പെങ്ങളുടെ മോനാന്നുള്ള കാര്യമൊക്കെ ഞാനങ്ങു മറക്കും.
പിന്നെ പഴയ പ്രേമത്തിന്റെ പുരാണം പറഞ്ഞുള്ള വരവാണെങ്കിൽ ഇനിയത് വേണ്ട. നിങ്ങളുടെ അച്ഛൻ എന്റെ അച്ഛനെ ചതിച്ചു സ്വത്തു വകകളൊക്കെ തട്ടിയെടുത്തു ഞങ്ങളെ പെരുവഴിയിലാക്കി. ഇന്ന് ഞാൻ നിങ്ങളുടെ നേരെ നിവർന്നു നിൽക്കുന്നുണ്ടെങ്കിൽ അതെന്റെ അച്ഛന്റെ പ്രയത്നത്തിലൂടെയാ.
ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി കിടക്കുമ്പോൾ നിങ്ങൾ സുഖലോലുപതയിൽ മുങ്ങി കുളിക്കുവല്ലായിരുന്നോ. അന്നേ ഞാൻ ഉറപ്പിച്ചതാ മനസ് തകർന്ന് നിൽക്കുന്ന നിങ്ങളുടെ ഈ മുഖം.
അല്ലെങ്കിലും പത്തുമുപ്പത്തു രൂപക്കൊക്കെ ശമ്പളം വാങ്ങുന്ന നിന്റെ കൂടെ ജീവിക്കാൻ എനിക്കെന്താ ഭ്രാന്തല്ലേ. എന്നെ നീ പ്രേമിച്ചത് തന്നെ നിന്റച്ചനെ പോലെ എന്റെ സ്വത്തുക്കളൊക്കെ തട്ടിയെടുക്കാനല്ലേ.”
“മതി നിർത്ത്, നിന്നെ പോലെയൊരു വിശപ്പാമ്പിനെയാണല്ലോ ഞാനെന്റെ നെഞ്ചിലേറ്റി നടന്നതെന്നോർക്കുമ്പോൾ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുവാ. എന്റെ അച്ഛൻ ഒരു തെറ്റ് ചെയ്തു, അതും പൊറുക്കാൻ പറ്റാത്തത്.
നിങ്ങളുടെ അന്നത്തെ അവസ്ഥയിൽ സഹായിക്കാനുള്ള ത്രാണിയൊന്നും എനിക്കോ എന്റെ അമ്മക്കോ ഇല്ലായിരുന്നു. നിനക്കും നിന്റെ കുടുംബത്തിന് നല്ലതുമാത്രം വരാൻ വേണ്ടി അച്ഛൻ ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് കണ്ട അമ്പലങ്ങളിൽ കയറിയിറങ്ങുന്ന ഒരു പാവം സ്ത്രീയുണ്ട് എന്റെ വീട്ടിൽ. നിന്റെ ഈ ചതിക്ക് അവരൊന്നും ആഞ്ഞു പ്രാകിയെ മതി, അവിടെ തീരും നീയും നിന്റെ കുടുംബവും.
ഇന്നത്തോടെ എല്ലാം നിർത്തുവാ ഈ ഹരി നമ്മുടെ പ്രണയവും നമ്മൾ കണ്ട സ്വപ്നങ്ങളുമെല്ലാം”
അന്നാ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്റെ മനസ് മരവിച്ചിരുന്നു. അവളെന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ അപ്പോഴും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. പോകാൻ നേരത്ത് അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ കിടക്കുകയാണ്, “ഒന്നിന്റെ പേരിലും എന്റെ കുഞ്ഞിനെ ശപിക്കരുത്”
എന്റെ സങ്കടങ്ങളെല്ലാം അമ്മയുടെ മടിത്തട്ടിലേക്ക് ഒഴുക്കിവിട്ടു വേഗം തന്നെ ജോലി സ്ഥലത്തേക്ക് തിരികെ പോയി. ലീവ് ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് നാട്ടിലേക്ക് പോകാൻ മനസ്സാഗ്രഹിക്കുന്നില്ലായിരുന്നു. എത്ര വെറുക്കാൻ നോക്കിയെങ്കിലും അവളുടെ മുഖം അത്രാഴത്തിൽ എന്റെ ഹൃദയത്തിൽ പതിഞ്ഞു കൊണ്ടിരുന്നു.
ഒത്തിരി നാളത്തെ അമ്മയുടെ കരച്ചിലിനൊടുവിൽ നാട്ടിലേക്ക് വന്നതും എനിക്കുവേണ്ടി കല്യാണാലോചനകൾ അമ്മ നോക്കി തുടങ്ങിയിരുന്നു. എന്റെ താല്പര്യമില്ലായ്മ അമ്മയെ കൂടുതൽ സങ്കടത്തിലാഴ്ത്തിയിരുന്നു. അതമ്മയുടെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി.
അവളിൽ നിന്നൊരു മടക്കമില്ലെന്നു തോന്നിയതിനാൽ അമ്മയെ ഹോസ്പിറ്റലിൽ കാണിച്ചു തിരികെ വീട്ടിൽ വന്നശേഷം എന്തോ അപ്പോഴത്തെ ഉൾപ്രേരണയിൽ അപ്പോൾ തന്നെ അമ്മാവൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോയി.
അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം സന്തോഷത്തിൽ മേശപ്പുറത്തിരുന്ന കാർഡുമെടുത്തു അമ്മയോട് യാത്ര പറഞ്ഞിറങ്ങി. അവളുടെ വീട്ടിലെത്തി അമ്മാവനോടും അമ്മായിയോടും ചിരിയോടെ സംസാരിച്ചു അവിടെ നിന്ന് അവളെ കാണാനുള്ള അനുവാദവും വാങ്ങിച്ച് ആ മുറി തുറന്നു കയറി സംശയത്തോടെ എന്നെ നോക്കുന്ന അവളെ ചെറുചിരിയോടെ കൈയിലുണ്ടായിരുന്ന കാർഡ് അവൾക്ക് നേരെ നീട്ടി,
“അടുത്ത ആഴ്ച എന്റെ കല്യാണമാണ്. ഒത്തിരി ആൾക്കാരെയൊന്നും വിളിക്കുന്നില്ല ചെറിയൊരു ചടങ്ങാണ്. പെൺകുട്ടി എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ. കല്യാണത്തിന് നീ വരുമെന്ന് പ്രതീക്ഷിക്കുന്നു.”
“മ്മ്, ഞാൻ വന്നിരിക്കും.”
“എന്നാ ശരി, ഞാനിറങ്ങുവാ കല്യാണമായതുകൊണ്ട് ഞാനിത്തിരി ബിസിയാ, എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ.”
അവിടെ നിന്ന് ഇറങ്ങുമ്പോൾ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിയിൽ ചെറുതായി തണുപ്പനുഭവപ്പെട്ടു. കല്യാണദിവസമായതും അമ്മയുടെ അനുഗ്രഹവും വാങ്ങി ഞങ്ങളിരുവരും അമ്പലത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നിറങ്ങുമ്പോൾ തന്നെ കണ്ടു സെറ്റ് സാരിയുമുടുത്തു വാടിയ മുഖഭാവത്താൽ വലിയ അഹങ്കാരമൊന്നുമില്ലാതെ അമ്മാവന്റെയും അമ്മായിയുടെയും കൂടെ നിൽക്കുന്നവളെ.
ഒത്തിരി സന്തോഷത്തിൽ ചിരിയോടെ അമ്മാവനോടും അമ്മായിയോടും സംസാരിക്കുന്ന എന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുന്നവളെ ഞാൻ ഒളികണ്ണാൽ കണ്ടെങ്കിലും അവൾ കാണെ ഒരു തിരിഞ്ഞുനോട്ടം പോലും ഞാൻ നടത്തിയില്ല. ഇടക്കിടക്ക് അവളുടെ കണ്ണുകൾ ചുറ്റുപാടും നിരീക്ഷണ വലയത്തിലായിരുന്നു. ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെണ്ണിനെ തേടിയാണ് അവളുടെ കണ്ണുകൾ അലയുന്നതെന്ന് എനിക്ക് മനസ്സിലായി.
നടയിൽ ശിവഭഗവാന് മുൻപിൽ കൈകൂപ്പി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നവളെ ഒന്നു നോക്കിയിട്ട് മനസ്സിൽ എന്തോ ഒന്നുറപ്പിച്ചപോലെ ഞാൻ മിഴികളടച്ചു ഭാഗവാന് മുമ്പിൽ പറയാനുള്ളതെല്ലാം പറഞ്ഞു കണ്ണുകൾ തുറന്നു കയ്യിലുണ്ടായിരുന്ന താലി അവളുടെ കഴുത്തിലേക്കണിഞ്ഞു.
ആ പ്രവർത്തിയിൽ ഞെട്ടി തിരിഞ്ഞു നോക്കിയ അവളുടെ തിരുനെറ്റിയിൽ സിന്ദൂരവുമിട്ടു കൊടുത്തു ഒരുമ്മയും നൽകി. പ്രതികരിക്കാതെ പ്രതിമയെ പോലെ എന്നെ നോക്കി സ്തംഭിച്ചു നിൽക്കുന്നവാളേ ഒരു കള്ളച്ചിരിയാൽ പിരുകമുയർത്തി എന്താണെന്ന് ചോദിച്ചു.
വേഗം സ്വബോധം വീണ്ടെടുത്ത് അവൾ ഞാൻ ചാർത്തിക്കൊടുത്ത ആലിലത്താലിയിലേക്ക് നോക്കി നിറകണ്ണുകളോടെ എന്റെ നേരെ ശ്രദ്ധ തിരിച്ചു. പിന്നീട് എന്തോ ഓർത്തത് പോലെ അവൾ എന്റെ നേരെ ചീറിപ്പാഞ്ഞു.
“ഓഹോ അപ്പോ ഇതായിരുന്നല്ലേ നിങ്ങളുടെ മനസ്സിലിരുപ്പ്. കല്യാണമൊക്കെ ക്ഷണിച്ചപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ പോകുവായിരിക്കുമെന്ന്.
എന്നെ കെട്ടിയില്ലെങ്കിൽ നിങ്ങൾക്ക് എന്റെ പേരിലുള്ള സ്വത്തുക്കളൊന്നും കിട്ടില്ലല്ലോ. അപ്പൊ അതിനായിട്ടാണല്ലേ നിങ്ങളീ കല്യാണനാടകമെല്ലാം നടത്തി എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.
ഒരു താലി നിങ്ങളെനിക്ക് ചാർത്തിയെന്ന് കരുതി നിങ്ങളുടെ കൂടെ പൊറുക്കാമെന്നുള്ള തെറ്റിദ്ധാരണ വല്ലോം ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ തുടച്ചു മാറ്റിയേക്ക്.”
നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ ശക്തിയാൽ തുടച്ചുമാറ്റി അവൾ എന്തൊക്കെയോ ദേഷ്യത്തിൽ പുലമ്പാൻ തുടങ്ങി.
“കഴിഞ്ഞോ നിന്റെ നാടകം. അതോ ഇനിയുമുണ്ടോ.
നീ എന്താ എന്നെ പറ്റി വിചാരിച്ചിരിക്കുന്നെ? നീ രണ്ടുമൂന്നു ഡയലോഗടിച്ചു എന്നെ വിറപ്പിച്ചാൽ ഞാൻ നിന്നെ വിട്ടു പോകുമെന്നോ. സത്യം പറയാലോ നിന്റെ ആക്ടിങ് ഭയങ്കര ഓവറായിരുന്നു.”
അവളെന്റെ പെരുമാറ്റത്തിൽ ഞെട്ടി ചുറ്റും നിൽക്കുന്നവരിലേക്ക് ശ്രദ്ധതിരിച്ചു. അവിടെ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന അമ്മയേയും അമ്മാവനെയും അമ്മായിയേയും കണ്ടതോടെ അവൾക്ക് മനസ്സിലായി ഞാൻ സത്യമെല്ലാം അറിഞ്ഞു കഴിഞ്ഞെന്ന്.
“ഡീ മൂക്കുത്തി, ഇനിയും നിന്റെ പെർഫോമൻസ് വല്ലോം ബാക്കി ഉണ്ടോ? ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറ? എന്നിട്ട് വേണം നിന്റെ ആക്ടിംഗ് മോശമാണോ അല്ലയോയെന്ന് നോക്കാൻ. എന്തായാലും നിന്റെ അച്ഛൻ എന്നോടെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. അപ്പൊ എങ്ങനാ എന്റെ മൂക്കുത്തിയെ..”
നാളുകൾക്ക് ശേഷമുള്ള എന്റെ ആ വിളിയിൽ അവൾ കരഞ്ഞുകൊണ്ട് എന്നെ മുറുക്കെ കെട്ടിപുണർന്നു എന്റെ നെഞ്ചിലേക്ക് അവളുടെ വിഷമങ്ങളെല്ലാം പങ്കുവെച്ചു.
എന്നെയും അമ്മൂട്ടിയേയും അവിടെ തനിച്ചാക്കി ബാക്കിയുള്ളവർ ചിരിയോടെ അവിടെനിന്നു പോയി.
“ഹരി….യേട്ടാ……. ഞാൻ ഹരിയേട്ടന് ചേരില്ല, എന്നെക്കാളിലും നല്ലൊരു പെൺകുട്ടിയെ ഹരിയേട്ടന് കിട്ടും. എന്നെപ്പോലെ ഒരു അസുഖകാരിയേ എന്തിനാ ഹരിയേട്ടന്….?”
ഇടർച്ചയോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും അറിയാതെ എന്റെ മിഴികളും നിറഞ്ഞു.
“ഡീ പെണ്ണെ മതി കരഞ്ഞു നിലവിളിച്ചത്. നിന്നെ പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന പെണ്ണിനെ ഞാനെങ്ങനെയാടി വേണ്ടാന്ന് വെക്കുന്നത്.
അതുപോലെ ഇനിയും എത്ര ഒഴുക്കി കളയാനുള്ളതാ ഈ കണ്ണുനീരൊക്കെ, അതുകൊണ്ട് കുറച്ചു പൊന്നുമോള് ബാക്കിവെക്ക്. ആവശ്യം വരും.
പിന്നെ ഈ കാൻസർ എന്ന രോഗം മരണത്തിലേക്ക് കൊണ്ടുപോകാനുള്ള വിളിയല്ല. നീ മരിക്കാൻ പോകുവാണെന്ന് നീ തന്നെയങ്ങു തീരുമാനിച്ചാ മതിയോ. അതൊക്കെ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഈശ്വരനാണ്.”
“ഹരിയേട്ടാ സോറി, എ…. എന്നോട് ക്ഷമിക്കണേ… ഞാൻ ഹരിയേട്ടനെ വാക്കുകളാൽ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് അതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലായെന്ന് എനിക്കറിയാം.”
“അങ്ങനെ മറക്കാൻ പറ്റുന്നതൊന്നുമല്ലല്ലോ നീ അന്നെന്നോട് പറഞ്ഞത്. അതിനു നിനക്കുള്ള ശിക്ഷ ഞാൻ തന്നിരിക്കും.”
അത്രയും പറഞ്ഞ് അവളെയും ചേർത്ത് പിടിച്ചു ഞങ്ങളിരുവരും സ്വപ്നം കണ്ടിരുന്ന പ്രണയവസ്സന്തത്തിലേക്ക് നടന്നു നീങ്ങി. മാസങ്ങൾക്ക് ശേഷം രോഗത്തിൽ നിന്ന് മോചിതയായതും അവൾ പഴയ എന്റെ കുറുമ്പി പെണ്ണായ അമ്മൂട്ടിയായി മാറി.
വാക്കുകളാൽ എന്നെയന്നു കുത്തി നോവിച്ച അവൾക്ക് അതിനുള്ള ശിക്ഷയും നൽകി, ഇപ്പോൾ വീർത്ത വയറും താങ്ങി നീരു വെച്ച കാലുകളുമായി എന്റെ മുന്നിലൂടെ അന്നങ്ങനെ പറഞ്ഞതൊക്കെയൊർത്തു തമാശയാൽ സ്വയം പ്രാകുന്ന അവളെ കാണുമ്പോൾ പൊട്ടി വന്ന ചിരിയടക്കാൻ ഞാൻ പാടുപെടുകയായിരുന്നു. അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകി എന്റെ നെഞ്ചിലേക്ക് ചാരി കിടത്തി, ഇനി ഒരിക്കലും അവളെ എന്നിൽ നിന്ന് വേർപ്പെടുത്തില്ല എന്ന ഉറപ്പോടെ……
പ്രണയമെന്നത് ലോകത്തിലെ മറ്റൊരു ശക്തിക്കും വേർപെടുത്താനാകാത്തതും മറ്റൊന്നിനു വേണ്ടിയും ഉപേക്ഷിക്കാനാകാത്തതും ഒന്നു നഷ്ടമായാൽ മറ്റൊന്നു കൊണ്ട് നികത്താനാകാത്തതും മനസ്സിൽ നിന്ന് മനസ്സിലേക്ക് ഹൃദയം ഹൃദയത്തോട് ചേർന്നതായിരിക്കും
✍️ശ്രുതി പ്രസാദ്