Story written by Adarsh Mohanan
“പ്ഫാ എ രപ്പെ ബോധമില്ലാത്ത ആ കാർന്നോര് പലതും പറഞ്ഞുെകാണും അതും വിചാരിച്ച് നിന്റെ മനസ്സിലങ്ങനെയൊരു മോഹമുണ്ടെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക് “
എല്ലാത്തതിനും കൂട്ടുനിന്ന അമ്മാവന്റെ വായിൽ നിന്നുമതുകേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല, കുട്ടിക്കാലം മുതൽ രേണു എന്റെയാണെന്നും ഞാനവളുടേതാണെന്നും പറഞ്ഞുറപ്പിച്ച അച്ഛാച്ഛന്റെ വാക്ക് പുതുമഴയിൽ പ്പൊഴിഞ്ഞ കളിമൺ ശിൽപ്പം പോലലിഞ്ഞു പോയ്
എന്റെ ഉള്ളങ്കൈയിൽ നിന്നും അവളുടെ കൈവിടീച്ച് അമ്മാവനാവളെ കൊണ്ടു പോകുമ്പോഴും പിൻതിരിഞ്ഞുള്ള അവളുടെ നോട്ടത്തിൽ ഒലിച്ചിറങ്ങിയ ആ കണ്ണുനീരിലും ഞാൻ കണ്ടിരുന്നു എന്നോടുള്ള പ്രണയത്തിന്റെ പൊൻതിളക്കം
രേണു, അവളെന്റെ എല്ലാമെല്ലാമായിരുന്നു, ചെറുപ്പക്കാലത്ത് കാവിലെ കഥകളി കാണാൻ പോകുമ്പോഴും വിരൽത്തുമ്പിലേക്കവളെ ഏൽപ്പിച്ചു തന്നതു അമ്മാവൻ തന്നെയായിരുന്നു നാവിൽ കൊതിയൂറിയ ഐസു മിട്ടായി കണ്ടില്ലെന്ന് നടിച്ചതു അവൾക്ക് കൺമഷിയും കരിവളയും വാങ്ങാൻ വേണ്ടി യായിരുന്നു.
അയലത്തെപ്പറമ്പിലെ കുലച്ച ഞാവൽപ്പഴത്തിനു വേണ്ടിയവൾ വാശി പിടിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞു ഞാനൊഴിഞ്ഞുമാറി. പരിഭവം പൂണ്ട ആ മുഖത്തെ ആനന്ദത്തിൽ ആറാടിക്കാൻ വേണ്ടിയായിരുന്നു പുളിയുറുമ്പിന്റെ കടി കൊണ്ട് ഞാവൽമരത്തിൽ വലിഞ്ഞുകയറിയത്
കറുത്ത ഞാവൽപ്പഴത്തിന്റെ തണ്ടടക്കമുള്ള വലിയ കുല അവൾക്കു നേരെ നീട്ടുമ്പോൾ അവളുടെ ഇളം ചുണ്ടുകളാൽ എന്റെ കവിളിനെ തഴുകി ത്തണുപ്പിക്കാറുണ്ട്
ഉച്ചയൂണിന് ഒന്നിച്ചവളോടൊപ്പം കഴിക്കാനിരിക്കുമ്പോൾ പൊരിച്ച കോഴിയുടെ കഴുമ്പുള്ള കാലിൻ കഷ്ണം അവളവളുടെ പാത്രത്തിലേക്ക് എടുത്തിട്ടപ്പോൾ. അമ്മായി അതെടുത്ത് എന്റെ പാത്രത്തിലേക്കായ് മാറ്റിയിട്ടു എന്നിട്ട് അവളോട് പറഞ്ഞു
” ഇപ്പഴേ ഇങ്ങനെ ചെയ്യണം എങ്കിലെ ഭാവിയിലും ഇങ്ങനെയൊക്കെ ശീലിക്കാൻ പറ്റൂ ” എന്ന്
പറഞ്ഞത് അവളോടായിരുന്നെങ്കിലും നാണം കൊണ്ടു മുഖം താഴ്ന്നത് എന്റെയായിരുന്നു. അന്നും അത് കേട്ടു നിന്ന അമ്മാവൻ മറു വാക്കൊന്നും പറയാതെ പുഞ്ചിരിച്ചു നിൽക്കുകയാണുണ്ടായത്
വീടു കോൺഡ്രാക്ടറയായിരുന്ന അമ്മാവൻ കടക്കെണിയിൽപ്പെട്ട് ഗത്യന്തര മില്ലാതെ ഒരുപാട് അലഞ്ഞു, വടക്കേപ്പുറത്തുള്ള അമ്മയുടെ പേരിലുണ്ടായിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലത്തിന്റെ ആധാരം ഒന്നും നോക്കാതെ കണ്ണുമടച്ച് അമ്മയതു അമ്മാവനെ ഏൽപ്പിക്കുമ്പോഴും അമ്മാവൻ പറഞ്ഞു “രേണു കണ്ണനുള്ളതാണ് എന്ന് “
കറങ്ങിക്കൊണ്ടിരുന്ന കാലചക്രം തന്നെയാണ് ഞങ്ങളെ അന്യരാക്കി മാറ്റിയത്. പണവും പ്രശസ്തിയും ബന്ധങ്ങൾക്ക് വിലങ്ങുതടിയാണെന്ന് പിന്നീടാണ് മനസ്സിലായത്. കാൽക്കാശിന് ഗതിയില്ലാത്തവന്റെ കൈയ്യിൽ സ്വന്തം മകളെ എങ്ങനെ വിശ്വസിച്ച് ഏൽപ്പിക്കുമെന്നമ്മാവനമ്മയോടു ചോദിച്ചപ്പോൾ ഒന്നും ഉരിയാടാതെ വടക്കേപ്പുറത്തുള്ള ആ പന്ത്രണ്ടു സെന്റ് മണ്ണിലേക്ക് നിസ്സഹായതയോടെയൊന്നു നോക്കുക മാത്രമേ ചെയ്തുള്ളൂ അമ്മ.
കൂടെ എങ്ങോട്ടു വേണമെങ്കിലും ഇറങ്ങി വരുവാൻ തയ്യാറായിരുന്നു എന്റെ രേണു , തറവാട്ടു മഹിമയും നാലു തലമുറകൾക്ക് ജീവിക്കാൻ വക യുള്ളൊരുത്തന്റെ കൂടെ ആലോചനയുറപ്പിച്ച അവളെ അരപ്പട്ടിണിയിലേക്ക് വലിച്ചഴിക്കുന്നത് പാപമാണെന്ന് അമ്മ തന്നെയാണെന്നോട് പറഞ്ഞതും
അക്ഷരംപ്രതി ഒരു കുഞ്ഞു പൈതലേപ്പോൽ ഞാനതനുസരിക്കുമ്പോഴും നെഞ്ചകം വിങ്ങിവിങ്ങി നീറുന്നുണ്ടായിരുന്നു
കല്യാണത്തിനു അവൾക്കു വേണ്ടി ഒരു നീലക്കല്ലുപ്പതിച്ച സ്വർണ്ണ മോതിരം ഞാൻ വാങ്ങിച്ചു. ഒരു ആങ്ങളയുടെ സ്ഥാനത്തു നിന്നു ചടങ്ങുകൾക്ക് മോടികൂട്ടി ക്കൊണ്ടിരുന്നപ്പോഴും മണ്ഡപത്തിൽ തലകുനിച്ചിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.
ചടങ്ങുകഴിഞ്ഞ് പടിയിറങ്ങിപ്പോയപ്പോൾ അവൾ നോക്കിയ തിരിഞ്ഞു നോട്ടം എന്നിൽ കുറ്റബോധം ഉണർത്തി എന്തോ വലിയൊരു തെറ്റു ചെയ്ത പ്രതീതി യായിരുന്നപ്പോൾ. അവൾക്കു കൊടുക്കാൻ കഴിയാതിരുന്ന ആ നിലക്കൽ മോതിരം എന്റെ ഉള്ളകൈയിലെ വിയർപിൽ നനഞ്ഞു കുതിർന്നു
ചടങ്ങുകളെല്ലാം കഴിഞ്ഞാൽ ആ വീടു വിട്ടിറങ്ങണമെന്നമ്മ പറഞ്ഞപ്പോൾ എനിക്ക് മറുവാക്കൊന്നും തന്നെയുണ്ടായിരുന്നില്ല, പടിയിറങ്ങുമ്പോൾ സാരിത്തലപ്പു കൊണ്ടു മുഖം പൊത്തിക്കരയുന്ന അമ്മായിയുടെ മുഖം കണ്ടപ്പോൾ എനിക്കൊന്നും തന്നെ തോന്നിയിരുന്നില്ല. എന്നാൽ ഉമ്മറത്തെ ചാരിക്കസേരയിലിരുന്ന അച്ഛാച്ഛൻ എന്നെ നിസ്സഹായവസ്ഥയിലൊന്നു നോക്കി ആ മനുഷ്യന്റെ കണ്ണുകളിൽ വാക്കുപാലിക്കാൻ കഴിത്തതിന്റെ കുറ്റബോധം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആ കണ്ണുനീരിൽ മാത്രമാണെനിക്ക് സത്യം കണ്ടെത്താനായത്, ഞാനാ കാലുകളിൽ വീണനുഗ്രഹം വാങ്ങിച്ചു. എന്നെ നെഞ്ചോടു ചേർത്ത് പൊട്ടിക്കരഞ്ഞ അച്ഛാച്ഛന്റെ മുഖം മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.
“സർ ……….., സാർ….. സ്വപ്നം കാണുകയാണോ?”
കാലം ശരവേഗത്തിലാണ് കടന്നു പോയത് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ, ടേബിളിൽ തിക്കിനിറഞ്ഞു കിടന്ന ഫയലുക്കിടയിൽ ഒഴിഞ്ഞ സ്ഥലത്ത് ചായ ഗ്ലാസ്സുകൊണ്ടു വെച്ചു കൊണ്ട് പ്യൂൺ എന്നെ വിളിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത് .
“സർ, പുറത്ത് ഒരു വൃദ്ധനായ കോൺട്രാക്ടർ വന്നു നിൽപ്പുണ്ട് ഇന്നലെ സർ നോക്കാൻ പോയില്ലെ അത് അയാളുടെ വർക്ക് സൈറ്റ് ആണെന്നാ പറഞ്ഞെ”
അയാളെ ഉള്ളിലേക്കു കടത്തിവിടുവാൻ പ്യൂണിനോടു പറഞ്ഞു , ഫയലുകൾ പരിശോധിക്കുന്നതിനിടയിൽ അയാൾ എന്റെ ക്യാബിനിലേക്ക് കടന്നു വന്നു പത്തടി ദൂരെ നിന്നു കണ്ടപ്പോളേ തോന്നി പരിചയം ഉള്ള ആളെപ്പോലെ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അത് അമ്മാവനായിരുന്നെന്ന്. സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല ഒരാവശ്യത്തിനു വേണ്ടി എന്റെ മുൻപിലമ്മാവൻ കൈനീട്ടും എന്നത്. ഒരുപക്ഷെ മനസ്സുകൊണ്ട് ഞാനാ ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെ
ഞാനെണീറ്റ് നിന്നു അമ്മാവന് കസേര വലിച്ചിട്ടു കൊണ്ട് അതിലേക്കിരിക്കുവാൻ പറഞ്ഞു.ആറു വർഷങ്ങൾക്കിടയിൽ ഒരുപാടു മാറ്റങ്ങൾ വന്നിരുന്നു അമ്മാവനിൽ ദേഹത്ത് ചുളിവും മുടിയിലെ നരയും ശരീരം നന്നേ ശോഷിച്ചു പോയിരുന്നു
എന്റെ മുഖത്തേക്കു നോക്കിയപ്പോൾ നേർത്ത പുഞ്ചിരിയമ്മാവന്റെ മുഖത്ത് വിരിഞ്ഞു സുഖവിവരങ്ങളൊക്കെതിരക്കിയതിനു ശേഷം അമ്മാവൻ പണിയാൻ പോകുന്ന കെട്ടിടത്തിന്റെ പ്ലാൻ എനിക്കു നേരെ നീട്ടി.
അതൃപ്തമായ എന്റെ മറുപടി അമ്മാൻ പ്രതീക്ഷിച്ചതു പോലെത്തന്നെ യായിരുന്നു ഇരിപ്പ്
” പബ്ലിക്ക് ഇഷ്യൂ ഉള്ള ചതുപ്പുനിലമാണിത് ഈ പ്ലാൻ പ്രകാരം ഒരു കെട്ടിടമവിടെ പണിയാൻ പറ്റില്ല കാരണം അടിയിലേക്ക് എട്ടടിയെങ്കിലും ഫില്ലർ ഇടണം, പിന്നെ ആയിരത്തിയഞ്ഞൂറ് സ്ക്വയർ ഫീറ്റിനു താഴെയായിരിക്കണം കെട്ടിടത്തിന്റെ വിസ്തൃതി “
“പഴയ കണക്കുകളെല്ലാം തീർക്കാൻ ഇപ്പൊഴാണ് അവസരം വന്നത് അല്ലെ കണ്ണാ “
“ഒരിക്കലും അല്ല അമ്മാവാ എന്റെ ജോലി എന്റെ ചോറാണ് ആ ചോറിനോടെന്നും കൂറ് കാണിക്കാനാണെനിക്കിഷ്ടം, പണ്ടും അതായിരുന്നല്ലോ ശീലം”
അമ്മാവന്റെ മുഖം വാടിക്കൊഴിഞ്ഞിരുന്നു കൈയ്യിലിരുന്ന കെട്ടിടത്തിന്റെ പ്ലാൻ വിറച്ചുകൊണ്ടിരുന്നു ചുണ്ടുകൾ ഇടറി
” ഞാൻ ചെയ്ത തെറ്റിന്റെ ഫലം ദിനംപ്രതി ഞാൻ അനുഭവിക്കുന്നുണ്ട് കണ്ണാ നിന്നോട് ക്ഷമ ചോദിക്കുവാൻ കൂടെയാണ് ഞാൻ വന്നതും “
” ഇല്ലമ്മാവാ ഞാൻ കണ്ടതിൽ വെച്ച് എറ്റവും വലിയ ശരിയാണ് അമ്മാവൻ, അമ്മാവന്റെ ആ തീരുമാനം കാരണം കൊണ്ടു തന്നെ രേണുവിനു നല്ലൊരു ജീവിതം കിട്ടിയില്ലേ, എന്റെ ഉയർച്ചയിലേക്കുള്ള വഴിയൊരുക്കിയതും ആ തീരുമാനം തന്നെയാണ് ഇന്നും അതൊരു തെറ്റായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല”
ഒരു തുള്ളി കണ്ണുനീർ ആ പരുക്കൻ കവിളിൽപ്പതിച്ചത് ജീവിതത്തിലാദ്യമായാണ് ഞാൻ കാണുന്നത് ആ നിറകണ്ണുകളിൽ നോക്കിയപ്പോൾ എന്നെ യോർത്താമ്മാവൻ അഭിമാനം കൊള്ളുന്നുണ്ടെന്ന പോലെയെനിക്ക് തോന്നി
വിവാഹം കഴിഞ്ഞോ എന്നുള്ള അമ്മാവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു എന്റെ മറുപടി പേഴ്സിലിരുന്ന ആറു വർഷം പഴക്കമുള്ള ആ നീലക്കൽ മോതിരം ഒന്നു കൂടെ ഞാനെടുത്തു നോക്കി കഴിഞ്ഞ ആറു വർഷത്തിലൊരിക്കൽ പോലും തോന്നാത്ത വശ്യ സൗന്ദര്യത്താൽ ആ കല്ലു മോതിരം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.