Story written by അരുൺ നായർ
“പെൺപിള്ളേരാകുമ്പോൾ തലയും മു ലയും വളരുന്നത് അറിഞ്ഞു വേണം ജീവിക്കാൻ അല്ലാതെ ഇങ്ങനെ കയറ്റിയാൽ കയറാത്ത ജീൻസും ടീഷർട്ടും ഇട്ടു ശരീരം മുഴുവൻ തള്ളി പിടിച്ചു നടക്കുന്നത് കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് ചേർന്നതല്ല….. “
ശനിയാഴ്ച രാവിലെ സ്പെഷ്യൽ ക്ലാസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങാൻ ഒരു അവസരം കിട്ടിയതുകൊണ്ടുള്ള മകളുടെ ഒരുക്കവും അതിനായി ഉള്ള ഡ്രസ്സ് കൂടി കണ്ടപ്പോൾ തന്നെ എൻറെ വക ഉപദേശം അവളുടെ ചെവിയിലേക്ക് ഒഴുകിയെത്തി…..
“”ഹ ഹ എന്തൊരു സുഖം അമ്മയുടെ ആധിപിടിച്ചുള്ള വർത്തമാനം കേൾക്കാൻ തന്നെ….”” ചുണ്ടിൽ കുറച്ചു ലിപ്സ്റ്റിക്ക് ഇട്ടു കൊണ്ടു മകൾ എന്നോട് പറഞ്ഞു…..
“”എടി ആര്യേ,,, നിന്നോടാണ് ഞാൻ ഇത്രയും നേരം പറഞ്ഞത്….അമ്മയുടെ മോൾ ആ പുതിയ ചുരിദാർ ഇടൂ അതാണ് എൻറെ മോൾക്ക് അഴക്…. എന്നിട്ടു വാ അമ്മ ഇഡലി എടുത്തു വെച്ചിട്ടുണ്ട് അതെടുത്തു കഴിക്കു…..”‘
“” ഇഢലിയൊക്കെ ഞാൻ വന്നു കഴിക്കാം പക്ഷെ ഡ്രസ്സ് അഴിക്കില്ല…. ഇതാണ് അമ്മേ എനിക്കു കംഫോര്ട്ടബിള് തോന്നുന്നത്…. പിന്നെ ഞാൻ എന്തിനാണ് മറ്റുള്ളവർക്ക് എന്തു തോന്നുന്നു കരുതി വേറെ ഡ്രസ്സ് ഇടുന്നത്….. അമ്മേ ഈ പ്രായത്തിൽ അല്ലേ ഇതൊക്കെ പറ്റു… മതി അമ്മേ ഇന്നത്തെ ഉപദേശം…. “”
മകളുടെ മറുപടി കേട്ടപ്പോൾ എനിക്കു തവികൊണ്ട് താടിക്കിട്ടു ഒരു തട്ടു കൊടുക്കാനാണ് തോന്നിയത്….. പിണറായി വിജയൻ പ്രതിപക്ഷത്തോട് കാണിക്കുന്ന ബഹുമാനം പോലും അവൾ എനിക്കു തന്നില്ലല്ലോ…..
“”അല്ലേലും നിന്നോടൊന്നും നല്ലതു പറഞ്ഞു തന്നിട്ട് കാര്യമില്ലല്ലോ…. എന്തേലും കാണിക്കു…. നിനക്കു ഇതൊക്കെ മേടിച്ചു തരുന്ന നിൻറെ അച്ഛനെയാണ് എടുത്തു തോട്ടിൽ കളയണ്ടത്….. “”
മകൾ ഒരുങ്ങി കഴിഞ്ഞു ആഹാരം കഴിക്കാൻ വന്നിരുന്നപ്പോൾ ഭർത്താവും എത്തിയിരുന്നു…. ഭർത്താവ് ആളൊരു പാവമാണ്…. മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയ്യുന്നു…. ഒത്തിരി ആൾക്കാരെ കാണാറുള്ളവൻ,, അതുകൊണ്ട് തന്നെ ഭർത്താവിന് ഇപ്പോളത്തെ ലോകത്തെ കുറിച്ച് ഒന്നും തന്നെ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല…. എല്ലാം അറിഞ്ഞു ചെയ്യും…… അവർ രണ്ടും കഴിക്കാൻ വന്നപ്പോൾ എൻറെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു പൊട്ടി ഇരിക്കുക ആയിരുന്നു…. മകൾ എത്തിയപ്പോൾ തന്നെ ഭർത്താവ് അവളെ ഒന്നു പുകഴ്ത്തി….
“” മോളെ ഇന്നു അടിപൊളി ആയിട്ടുണ്ടല്ലോ…. അച്ഛന്റെ സെലെക്ഷൻ കൊള്ളാം അല്ലേ…. ഇന്നു ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തന്നെ വരില്ലേ, അല്ലെങ്കിൽ നിൻറെ അമ്മക്ക് ടെൻഷൻ വന്നു വല്ല അസുഖവും വരും…. “”
ഭർത്താവ് എൻറെ നീറി നിൽക്കുന്ന മനസ്സിനെ ഒന്നുകൂടി വേദനിപ്പിച്ചു….. അതിനു മറുപടി കൊടുക്കാൻ പറ്റിയ മകളും…. എന്റെയൊരു തലവിധി….
“”അച്ഛന്റെ സെലെക്ഷൻ എല്ലാം ഒക്കെ ബട്ട് എന്തിനു ഇങ്ങനെയൊരു അമ്മയെ സെലക്ട് ചെയ്തു…. എന്തൊരു പഴഞ്ചൻ ആണ്…. പേര് തന്നെ കണ്ടില്ലേ, അമ്മിണിയെന്ന പേര് ഇന്നത്തെ കാലത്ത് ആർക്കേലും ഇടുമോ…. അതും പോരാത്തതിന് ഹോ എന്തൊരു ഉപദേശം… പെണ്ണുങ്ങൾ ആണെങ്കിൽ അങ്ങോട്ടു തിരിയാൻ വയ്യ, ഇങ്ങോട്ട് തിരിയാൻ വയ്യ…. ഇതിലും ഭേദം പെണ്ണുങ്ങളെ വളർത്താതെ ഇരിക്കുന്നതാണ്…. പതിമൂന്നു വയസ്സായപ്പോൾ തൊട്ടു കൂടെ കിടക്കും ഇപ്പോൾ രാത്രിയിൽ കൂട്ടുകാർക്കു വാട്സ്ആപ്പിൽ ഒരു ഗുഡ്‌നൈറ്റ് അയച്ചാൽ അപ്പോൾ തുടങ്ങും ആർക്കാ മെസ്സേജുകൾ അയച്ചത് എന്താണ് അയച്ചത് എനിക്കു ഇപ്പോൾ കാണണം…. മനുഷ്യന് ഒന്നു ശ്വാസം വിടാൻ വയ്യ അപ്പോൾ തുടങ്ങും ഓരോന്നും പറഞ്ഞു….. “”
അവളുടെ മറുപടി കേട്ടപ്പോൾ തന്നെയെനിക്ക് മനസ്സിലായി ഞാൻ കൂടെ ഉള്ളതുകൊണ്ട് അവളുടെ വേലത്തരം ഒന്നും നടക്കുന്നില്ലെന്ന്….
“” മതിയെടി മോളെ ആ പാവത്തിനെ പറഞ്ഞത്…. അവൾ ഉള്ളതുകൊണ്ട് അല്ലേ എനിക്കു നിന്നേ കിട്ടിയത്…. അച്ഛന്റെ ബോസ് അല്ലേ അച്ഛന്റെ മോൾ…. നമ്മുടെ രണ്ടാളുടെയും ബോസ് അല്ലേ മോളുടെ അമ്മ… അവൾക്കു മോളോട് ഉള്ള സ്നേഹകൂടുതൽ കൊണ്ടു ഓരോന്നും പറയുന്നത് അല്ലേ… കാര്യമാക്കണ്ട ഒന്നും…. “”
“”സോപ്പ് ഇട്ടോ, സോപ്പ് ഇട്ടോ അച്ഛാ അല്ലെങ്കിൽ അമ്മ വല്ല വിഷവും കലക്കി തരും നേരത്തെ എന്നെ ചീത്ത ആക്കുന്നത് അച്ഛൻ ആയോണ്ട് അച്ഛനെ തോട്ടിൽ എടുത്തു ഇടണമെന്നാണ് അമ്മ പറഞ്ഞത്…. “”
അത്രയും അവർ കളിയാക്കിയപ്പോൾ ഞാൻ കണ്ണുകൾ തുടച്ചുകൊണ്ട് ദേഷ്യത്തോടെ ഭർത്താവിനെയും മകളെയും നോക്കി പറഞ്ഞു…
“” മതി നിർത്തിക്കോ രണ്ടും, രണ്ടുപേരും ഇവിടുന്നു പോയി കഴിയുമ്പോൾ എനിക്കുള്ള ടെൻഷൻ ആരോടും പറഞ്ഞിട്ട് കാര്യമില്ല… ഇപ്പോൾ മോൾക്ക് അമ്മ പഴഞ്ചൻ ഒരു കാലത്ത് എനിക്കും എൻറെ അമ്മ പഴഞ്ചൻ ആയിരുന്നു ഇപ്പോൾ എനിക്കറിയാം എൻറെ അമ്മ അന്ന് എത്രമാത്രം ടെൻഷൻ അടിച്ചിട്ടുണ്ടെന്നു……ഞാനൊന്നും കൂടുതൽ പറയുന്നില്ല…… കഴിച്ചിട്ട് പെട്ടെന്നു പൊക്കോ എന്നെ കൂടുതൽ കളിയാക്കാതെ, എനിക്കതു സഹിക്കാൻ വയ്യ, എൻറെ ലോകം നിങ്ങളാണ്…… “”
മകൾ പെട്ടന്ന് തന്നെ ആഹാരം കഴിഞ്ഞു എഴുന്നേറ്റു…. ഒത്തിരി കഴിച്ചാൽ വണ്ണം വെക്കും പിന്നെ സ്ലിം ബ്യൂട്ടി എന്നുള്ള പേര് അങ്ങ് പോകും…… അതു മാത്രം ഒരു പെണ്ണെന്ന നിലയിൽ അവൾക്കു താങ്ങാൻ കഴിയില്ല … ഇങ്ങനെയൊരു സൗന്ദര്യകോത…. കൈ കഴുകി വന്നിട്ട് അവൾ ഏട്ടനോട് പെട്രോൾ അടിക്കാൻ നൂറു രൂപ ചോദിച്ചു…. മേശയിൽ പേഴ്സ് ഇരിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ അവളതെടുക്കാനായി പോയി…. പോയി നോക്കിയിട്ട് നൂറു രൂപ ഇല്ല,, ഇരുനൂറു ആണ് ചെറുത് പറഞ്ഞു വന്നു…. അവൾ അതുമെടുത്തു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു …..
“” അച്ഛാ, നൂറു രൂപ നോട്ടു ഇല്ല അതുകൊണ്ട് ഇരുനൂറു എടുത്തുത്തിട്ടുണ്ട്,,,എന്നും പറഞ്ഞു രണ്ടു ദിവസം പെട്രോൾ അടിക്കും കരുതണ്ട…… ഇതു ഇന്നു ക്ലാസ്സ് കഴിഞ്ഞുള്ള ചായ കുടി അച്ഛന്റെ വക ഇരിക്കട്ടെ എൻറെ കൂട്ടുകാർക്കു…… അപ്പോൾ എല്ലാം പറഞ്ഞതുപോലെ,,, ഞാൻ അങ്ങട് ഇറങ്ങുകയാണ്…. അച്ഛനും അമ്മയെ സമാധാനിപ്പിച്ചു ഇരുത്തിയിട്ടു വല്ല നല്ല നഴ്സുമാരും ഉള്ള ഹോസ്പിറ്റലിലേക്ക് ചെല്ലൂ…. പിന്നെ അച്ഛാ, ഇന്നു വരുമ്പോൾ ഡാർക്‌ഫാന്ടസി ബിസ്‌ക്കറ് വേണ്ട പകരം ഒരു ഐസ്ക്രീം മതി…. കുറച്ചു ദിവസം അടുപ്പിച്ചു കഴിച്ചതുകൊണ്ട് ബിസ്‌ക്കറ് മടുത്തു….. “”
അതും പറഞ്ഞു മകൾ, അവളെ ചിരിച്ചുകൊണ്ട് യാത്രാ ആക്കുന്ന അച്ഛനും, അവളെ ഓർത്തു എപ്പോളും ടെൻഷൻ അടിക്കുന്ന എനിക്കും ഓരോ ചക്കര ഉമ്മകൾ നൽകി അവളുടെ ബാക്കി അലമ്പ് കോളേജിൽ കാണിക്കാനായി ഇറങ്ങി….. ഇന്നു ജോലിക്ക് പോകും വരെ അവളുടെ അച്ഛനു എൻറെ കണ്ണുനീരിൽ കുളിക്കാൻ ആകും വിധിയെന്ന് അവൾക്കറിയാം ….. എന്നാലും അച്ഛനും മോളും ഒട്ടും നന്നാവില്ല…..
അവൾ ഇറങ്ങിയതും പതിവ് കലാപരിപാടി ഞാൻ വീട്ടിൽ തുടങ്ങി
“” ഏട്ടാ, അവളുടെ സ്വഭാവം ഒരുപാട് മാറി പോയി, എന്തു പാവം കൊച്ചായിരുന്നു… ഇപ്പോളത്തെ കൂട്ട് ഒന്നും ശരിയല്ല അതാണ് ഇങ്ങനെയൊക്കെ…. എനിക്കു ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല ഏട്ടാ…. “”
“” ഒന്നുമില്ല അമ്മു, അവൾക്കൊരു മാറ്റവുമില്ല…. നേരത്തെ അവൾ നമ്മളിൽ മാത്രം ഒതുങ്ങി നിന്നു … ഇപ്പോൾ അവൾ നല്ല ബോൾഡ് ആയി…. അതാണ് ഇപ്പോളത്തെ കാലത്ത് ഈ പെണ്പിള്ളേര്ക്ക് വേണ്ടതും…. നീ അതൊന്നുമോർത്തു ടെൻഷൻ അടിക്കേണ്ട…. പിന്നെ മക്കൾ പ്രായം ആയി വരുമ്പോൾ അവരെ ഒരുവശത്തു കുഞ്ഞായി കാണുമ്പോളും മറുവശത്തു വേറെയൊരു വ്യക്തി ആയി അംഗീകരിക്കാൻ നമ്മൾ പഠിക്കണം…. അതാണ് നല്ലൊരു അച്ഛനുമമ്മയും വേണ്ടത്….. “”
“”ഏട്ടൻ ഇങ്ങനെ അവളു പറയുന്നത് മുഴുവൻ വിശ്വസിച്ചു ഇരുന്നോ…. അവൾ നമ്മളെ കളിപ്പിക്കുക ആണെങ്കിലോ…. പെൺകൊച്ചു അല്ലേ ഏട്ടാ, എനിക്കു അതുകൊണ്ട് ആണ് ടെൻഷൻ സഹിക്കാൻ വയ്യാത്തത്…. നമ്മളുടെ ശ്രദ്ധ കുറവുകൊണ്ട് അവൾക്കു എന്തെങ്കിലും പറ്റിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ലല്ലോ ഏട്ടാ…. നമുക്ക് അവളല്ലേ ഉള്ളൂ ഏട്ടാ…. “”
“”അമ്മു, എനിക്കു തോന്നുന്ന കാര്യം പറയട്ടെ…. നീ എപ്പോളും അവളെ കുറിച്ചു മാത്രം ഓർത്തു ഇരിക്കുന്നതുകൊണ്ടാണ് നിനക്കു ഇങ്ങനെ ടെൻഷൻ…. നീ കുറച്ചു നേരം വേറെ എന്തിൽ എങ്കിലും ആക്റ്റീവ് ആകു അപ്പോൾ ഇതൊക്കെ മാറും…. അവളിൽ വിശ്വാസിക്ക്… അവൾ നമ്മുടെ മോൾ അല്ലേ, നമ്മുടെ പ്രതീക്ഷ അതു അവൾക്കും അറിയാമല്ലോ അതുകൊണ്ട് തെറ്റൊന്നും ചെയ്യില്ല,,,ഞാൻ ഈ പറഞ്ഞത് അവളെ ശ്രദ്ധിക്കേണ്ട എന്നല്ല പക്ഷെ ഇരുപത്തി നാല് മണിക്കൂറും അതു ഓർത്തു ഇരുന്നാൽ നിനക്കു വല്ല അസുഖവും വരും…. ഇനി നമ്മുടെ മോളെ കുറിച്ചു പറയാം അവളെ പഴ്സിൽ പൈസ എടുക്കാൻ വിടുമ്പോൾ എനിക്കു അറിയാമായിരുന്നു അതിൽ നൂറു രൂപ ഇല്ലെന്നു അവൾ എന്തു പറയും ടെസ്റ്റ് ചെയ്തതാണ് സ്നേഹത്തോടെ തന്നെ…. നീ തന്നെ കണ്ടില്ലേ അവൾ ഇവിടെ വന്നു ഉള്ള കാര്യം പറഞ്ഞത്….. അവൾക്കു വേണമെങ്കിൽ നൂറു രൂപ എടുത്തു പറയാമായിരുന്നു അല്ലങ്കിൽ ഇരുനൂറു എടുത്തു രണ്ടു ദിവസത്തേക്ക് ആയല്ലോ എന്ന് പറഞ്ഞു മേടിച്ചിട്ട് അതു ചിലവാക്കാം….ചിലവാക്കിയാലും നമ്മൾ പിന്നെയും കൊടുക്കുമെന്നു അവൾക്കു അറിയാം…. അതൊന്നും മോൾ ചെയ്തില്ല ഉള്ള കാര്യം നമ്മളോട് പറഞ്ഞു,, അതിന്റെ അർത്ഥം അവൾ ഇപ്പോളും ചെറിയ കാര്യങ്ങളിൽ പോലും കള്ളത്തരം കാണിക്കുന്നില്ല എന്നാണ്….. ഇങ്ങനെ വേണം അവളെ ശ്രദ്ധിക്കാൻ അവൾ അറിയാതെ മാറ്റം ഉണ്ടോ നോക്കണം എന്നാൽ അവൾക്കു അതൊരു ബുദ്ധിമുട്ട് തോന്നുകയും ചെയ്യരുത്… മനസ്സിലായോ അമ്മു…. “”
“” എനിക്കു എല്ലാം മനസ്സിലായി ഏട്ടാ, ഞാൻ എൻറെ ആവലാതി കുറച്ചു കുറക്കാം…. ഏട്ടൻ പറഞ്ഞതെല്ലാം നേരുമാണ്…. എന്നാലും ഇന്നവൾ ഇട്ട ഡ്രസ്സ് ഒന്നും എനിക്കു ഓർക്കാൻ കൂടി വയ്യ ഏട്ടാ…. “”
“” ആ ഡ്രെസ്സൊക്കെ ഇപ്പോൾ പെൺപിള്ളേർ ഇടുന്നത് സർവസാധാരണമാണ്…. ഇനി നിനക്കു നമ്മുടെ മകളെ മാറി നിന്നു കാണണോ…. ഞാൻ കാണിക്കാം….അവരു സ്ഥിരം പോകുന്ന കോഫി ഷോപ്പ് എനിക്കറിയാം…. ഞാൻ അവൾ അറിയാതെ എല്ലാം വീക്ഷിച്ചിട്ടുണ്ട്…. അതു കൂടി കാണുമ്പോൾ നിനക്കു ഉള്ള ടെൻഷൻ പമ്പ കടക്കും…. നീ ഒരു കാര്യം ചെയ്യൂ അവൾക്കു ക്ലാസ് കഴിയുമ്പോളേക്കും റെഡി ആകു നമുക്ക് ഇന്നു ഒരുമിച്ചു കാണണം മോളുടെ കൂട്ടുകാരെയും അവരുടെ കൂടെ ഉള്ള സന്തോഷങ്ങളും…. പിന്നെ കൂടെ ആൺകൂട്ടുകാരും ഉണ്ടാവും…. അവരെ കണ്ടു പറഞ്ഞു ഉടനെ ടെൻഷൻ അടി തുടങ്ങരുത്…. സമ്മതിച്ചു എങ്കിൽ നമുക്ക് ഇന്നു പോകാം…. ജോലിക്ക് പോയിട്ട് അത്യാവശ്യം ഒന്നും ഇല്ല എനിക്കു അതിലും വലുത് നിന്നേ ഓക്കേ ആക്കുകയാണ്….. “”
എന്നെ പറഞ്ഞു സമാധാനിപ്പിച്ചു ഭർത്താവ് ജോലിക്ക് പോയി…..
മോളുടെ ക്ലാസ് കഴിയുന്ന ടൈം ആയപ്പോഴേക്കും ഞാൻ റെഡി ആയി…. ഏട്ടൻ വന്നു എന്നെയും കൊണ്ടു മകളും കൂട്ടുകാരും സ്ഥിരം പോകുന്ന കോഫി ഷോപ്പിൽ പോയി ഇരുന്നു…. മകൾ ഞങ്ങളെ കാണുന്നില്ലായിരുന്നു എങ്കിലും ഞങ്ങളുടെ കണ്ണുകൾ അവളിലും കൂട്ടുകാരും വന്നപ്പോൾ മുതൽ അവളിൽ തന്നെ ആയിരുന്നു…. അവളുടെ കൂടെ ഉള്ള ആൺസുഹൃത്തുക്കളെ കണ്ടപ്പോൾ എനിക്കു ഏട്ടൻ നേരത്തെ പറഞ്ഞിട്ടും ടെൻഷൻ ആകുന്നതായി ഏട്ടൻ തിരിച്ചറിഞ്ഞു….
അവർ ചായ കുടി എല്ലാം കഴിഞ്ഞു ഇറങ്ങാൻ തീരുമാനിച്ചു… അല്ലേലും നൂറു രൂപ കൊണ്ട് കൂടുതൽ എന്തു കഴിക്കാൻ…. മോൾ ചായ കുടിച്ചാലും വാ കഴുകുന്ന സ്വഭാവം ഉള്ളതുകൊണ്ട് വാ കഴുകാനായി പോയി…. അന്ന് പതിവ് പോലത്തെ ഡ്രസ്സ് അല്ലാത്തതിനാൽ ചുറ്റുമിരുന്ന ആണുങ്ങളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ചെന്നു …. അതൊക്കെ കണ്ടു എൻറെ ചങ്ക് പൊട്ടി തകർന്നു പോയി….ഏട്ടൻ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഇരുന്നു,,…. വാ കഴുകി മോൾ തിരിഞ്ഞതും ഏതോ ഒരു വഷളൻ മോളുടെ ദേഹത്ത് വന്നു അറിഞ്ഞുകൊണ്ട് മുട്ടി…. പിന്നെയവൾക്കു അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. ഒറ്റ അടി അവന്റെ ചെവികല്ല് തീർത്തു കൊടുത്തു…….
അടി കൊണ്ട ആഘാതത്തിൽ അവനൊന്നു പകച്ചപ്പോൾ അവൾ ഒന്നും സംഭവിക്കാത്തത് പോലെ നടന്നകന്നു…. പെട്ടന്ന് അവൻ മോളുടെ പുറകെ മോളെ തിരിച്ചടിക്കാൻ വന്നതും അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ അവനെ പഞ്ഞിക്കു ഇട്ടതും ഒരുമിച്ചായിരുന്നു…… ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഭർത്താവ് അനങ്ങി പോലും ഇല്ല…. ഞാനെന്റെ ഭർത്താവിനെ ഓർത്തു അന്തിച്ചു ഇരുന്നു പോയി…. സ്വന്തം മോളെ ഒരുത്തൻ തല്ലാൻ പോയിട്ടും അനങ്ങാതെ ഇരിക്കാൻ ഈ അച്ഛനു മാത്രമേ കഴിയു എന്ന് ഞാൻ കരുതി…. എന്തായാലും അവനു രണ്ടെണ്ണം കൊടുത്തിട്ടേ ഉള്ളൂ എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ ഭർത്താവ് എന്നെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു…
“”അവൾ നമ്മൾ വന്നത് അറിഞ്ഞിട്ടില്ല… അറിയുകയും ചെയ്യരുത്…. അവൾ വന്നത് അവളുടെ കൂട്ടുകാരുടെ കൂടെയാണ്…. അവൾക്കു അവരിൽ പൂർണമായും വിശ്വാസം ഉള്ളതുകൊണ്ട് ആണ് അവളോട് മോശമായി പെരുമാറിയവനെ ഒന്നും നോക്കാതെ അടിച്ചത്…. അതാണ് അവൾക്കു അവളുടെ സൗഹൃദത്തിൽ ഉള്ള വിശ്വാസവും…. അതുപോലെ അവൾക്കു നമ്മളിലും നമുക്ക് അവളിലും വിശ്വാസം ഉണ്ടാകണം…. അതായത് പൂർണ സ്നേഹത്തോടെ ഫ്രീഡത്തോടെ അവളെ വളർത്തണം എല്ലാം നോക്കി കണ്ടുകൊണ്ട് തന്നെ…. ഇപ്പോൾ മനസ്സിലായോ നീ വീട്ടിൽ കിടന്നു തുള്ളുമ്പോളും ഞാൻ എന്താണ് ഒന്നും കാര്യമാക്കാതെന്നു…. ഇനി നീ അവളെ അവൾക്കു ഇഷ്ട്ടം ഉള്ളതുപോലെ വിടണം എല്ലാം അറിഞ്ഞുകൊണ്ട് തന്നെ…. അവളുടെ കൂട്ടുകാരോട് ഒക്കെ ഫോണിൽ മിണ്ടണം അപ്പോൾ അവർ രാത്രിയിൽ മിണ്ടുന്നതു എന്താണെന്നു നിനക്കു തട്ടി പറിച്ചു നോക്കേണ്ട ആവശ്യം വരില്ല അല്ലാതെ തന്നെ നിന്നേ ഉൾപ്പെടുത്തി അവർ മിണ്ടികൊളും…. എന്നാൽ പെട്ടെന്നു കഴിക്കു അവൾ ഇറങ്ങി നമുക്കും ഇറങ്ങാം….. “”
ഞങ്ങൾ പെട്ടന്ന് ആഹാരം കഴിച്ചിറങ്ങി….
ഭർത്താവിന്റെ ഡ്രൈവിംഗ് മോളുടെ ഡ്രൈവിങിനെ തോല്പിച്ചതുകൊണ്ട് അവളെക്കാൾ വേഗത്തിൽ ഞങ്ങൾ വീട്ടിലെത്തി…. അന്ന് മുതൽ എൻറെ മകൾക്കു പുതിയൊരു അമ്മയെ കിട്ടുക ആയിരുന്നു… പെണ്ണാണ് പറഞ്ഞു അടക്കി ഒതുക്കി നിർത്താതെ, അന്തസോടെ തന്റേടത്തോടെ തല ഉയർത്തി ജീവിക്കാൻ ഉള്ള മനോധൈര്യം തന്നു എല്ലാം അറിഞ്ഞു കൂടെ നിൽക്കുന്ന അമ്മയെ….