പരസ്പരം ആദ്യമായി കാണുന്നതിന്റെ സന്തോഷവും അത്ഭുതവും അവളിൽ നിറഞ്ഞു നിന്നിരുന്നു…

മന്ത്ര

Story written by NISHA L

അവൾ തിരിഞ്ഞു നോക്കാതെ കാലുകൾ വലിച്ചു വച്ച് അതിവേഗം ഓടി. എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെടുക എന്ന് മാത്രമേ അവളപ്പോൾ ഓർത്തുള്ളൂ . അവർ പിറകെ വരുന്നുണ്ടോ എന്ന് പിന്തിരിഞ്ഞു നോക്കാൻ പോലും അവൾ ശ്രമിച്ചില്ല. കാരണം ആ സെക്കൻഡുകൾ പോലും അവൾക്ക് വിലപ്പെട്ടതായിരുന്നു.

അവൾ ഓടിയോടി അവസാനം ആൾ സഞ്ചാരം ഉള്ള വഴിയിൽ എത്തി നിന്നു. വല്ലാത്ത ദാഹം. കിതപ്പടക്കി ചുറ്റുമൊന്നു നോക്കി. ആരൊക്കെയോ അവളെ സംശയത്തോടെ നോക്കുന്നു. മുഖം ചുളിക്കുന്നു. അവൾ ആരെയും ഗൗനിച്ചില്ല.എങ്ങനെയും ആ പ്രദേശത്തുനിന്ന് രക്ഷപെടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോഴാണ് ഏതോ ഒരു ബസ് വരുന്നത് കണ്ടത്. തനിക്കു പോകേണ്ട ബസ്സ് ആണോന്ന് കൂടി നോക്കാതെ അവൾ കൈ കാണിച്ച് അതിൽ കയറി. ഒഴിഞ്ഞ ഒരു സീറ്റിലിരുന്ന് ബാഗിൽ നിന്നും കർചീഫ് എടുത്തു മുഖവും കഴുത്തും തുടച്ചു.

“ടിക്കറ്റ് ടിക്കറ്റ്.. “!!

കണ്ടക്ടർ ടിക്കറ്റിനായി വിളിച്ചു കൊണ്ടുവന്നു.

“ഈ ബസ്എവിടേക്കാണ് പോകുന്നത്.. “??

“സ്റ്റാൻഡിലേക്ക് പോകുകയാണ്. .. “!!

“എങ്കിൽ സ്റ്റാൻഡിലേക്ക് ഒരു ടിക്കറ്റ്…. “!!

സ്റ്റാൻഡിൽ ഇറങ്ങി തന്റെ നാട്ടിലേക്കുള്ള ബസ് പിടിക്കാം എന്ന് അവൾ ചിന്തിച്ചു..

ടിക്കറ്റ് വാങ്ങിയ ശേഷം അവൾ സീറ്റിലേക്ക് ചാരിയിരുന്നു. കുറച്ച് മുൻപ് താൻ കടന്നുപോയ ഭീകരമായ നിമിഷങ്ങളുടെ ഓർമ്മ മനസ്സിലേക്ക് ഓടിയെത്തി.

**********************

“മന്ത്ര.. ലവ് യു ഡിയർ.. “!!

ഏറെ നേരത്തെ വാട്സാപ്പ് ചാറ്റിന് ഒടുവിൽ,, ചാറ്റിങ്ങിന് അന്ത്യം കുറിച്ചു കൊണ്ട് സായന്ത് പറഞ്ഞു…

” ലവ് യു ടു സായ് … “!!

ഉറക്കം കണ്ണുകളെ തഴുകി അവൾ ബെഡിലേക്ക് ചരിഞ്ഞു കിടന്നുറങ്ങി…

മന്ത്രിയും സായന്തും പരിചയത്തിൽ ആയിട്ട് ആറുമാസത്തോളമായി. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന് പരിചയപ്പെട്ടതാണ് അവനെ. അവന്റെ വാക്ചാതുരിയിൽ മയങ്ങി വീണ അവൾ അവനുമായി പ്രണയത്തിൽ ആകാൻ അധികസമയം എടുത്തില്ല. വാട്സ്ആപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും അവർ പരസ്പരം ഒരുപാട് അടുത്തു. അവൻ മോശമായി ഒന്നും തന്നെ അവളോട് സംസാരിച്ചിരുന്നില്ല. അതിനാൽ അവൾക്ക് അവനെ വലിയ വിശ്വാസവും ആയിരുന്നു.

ആറു മാസങ്ങൾക്കു ശേഷം ഒരു ദിവസം…

” മന്ത്ര എന്നാണ് നമ്മൾ നേരിൽ കാണുന്നത്… “??

” അതു വേണോ സായ് .. എനിക്ക് പേടിയാണ്.. “!!

“എന്തിനാ പേടിക്കുന്നത്.. നമുക്ക് ഏതെങ്കിലും ഒരു റസ്റ്റോറന്റ്ൽ കയറി ഒരു കോഫി കുടിച്ചു പിരിയാം….. “!!

“എന്നാലും.. വീട്ടിൽ അറിഞ്ഞാൽ… എനിക്ക് പേടിയാണ് സായ് .. “!!

“താൻ പേടിക്കാതെ മന്ത്ര.. ആരും അറിയില്ല എനിക്ക് തന്നെ ഒന്ന് കാണണം അത്രേയുള്ളൂ… താൻ പറയുന്ന സ്ഥലത്ത് ഞാൻ വരാം… ഇതുവരെ നേരിൽ കണ്ടിട്ടില്ലല്ലോ…. തന്നെ ഒന്നു കാണാൻ ആഗ്രഹമുണ്ട്.. അതാ ഞാൻ… “!!

അവളുടെ ദുർബലമായ എതിർപ്പിനെ അവൻ സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ മാറ്റിയെടുത്തു. ഒടുവിൽ നേരിൽ കാണാൻ അവൾ സമ്മതിച്ചു.

കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി.

അവൾ പറഞ്ഞ സ്ഥലത്ത് അവൻ എത്തി.

ഒരു റസ്റ്റോറന്റ്ൽ കയറി കോഫിയും കുടിച്ചു.പരസ്പരം ആദ്യമായി കാണുന്നതിന്റെ സന്തോഷവും അത്ഭുതവും അവളിൽ നിറഞ്ഞു നിന്നിരുന്നു.

ശേഷം…

” മന്ത്ര ഞാൻ തനിക്ക് കൂടി ഒരു ഹെൽമറ്റ് കൊണ്ടുവന്നിട്ടുണ്ട്.എന്റെ ബൈക്കിന് പിന്നിൽ കയറി നമുക്ക് ഒരു റൗണ്ട് കറങ്ങിയിട്ട് പോകാം.. തന്നെയും പിന്നിലിരുത്തി ഒരു ബൈക്ക് റൈഡ് ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്… വൈകുന്നേരം വരെ സമയമുണ്ടല്ലോ കോളേജ് വിടുന്ന സമയമാകുമ്പോഴേക്കും വീട്ടിൽ എത്തിയാൽ മതിയല്ലോ…”!!

ഇതുവരെ ഒരു നോട്ടം കൊണ്ടോ സ്പർശം കൊണ്ടോ പോലും മോശമായി പെരുമാറാത്ത അവനെ അവൾക്ക് ഇതിനകം വലിയ വിശ്വാസമായിരുന്നു.

” പോകാം സായ് .. നിന്റെ പിന്നിലിരുന്ന് ബൈക്കിൽ യാത്ര ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്..”!!

അങ്ങനെ തുടങ്ങിയ ബൈക്ക് യാത്രയാണ്.. തിരക്കുള്ള റോഡുകളിലൂടെ അവൻ വണ്ടി ഓടിച്ചു കൊണ്ടേയിരുന്നു.. അവന്റെ കൂടെയുള്ള യാത്ര ആസ്വദിച്ചു അവളും..

” മന്ത്ര ഈ തിരക്കുള്ള റോഡിൽ നിന്നും മാറി നമുക്ക് കുറച്ചു തിരക്ക് കുറഞ്ഞ റോഡിലൂടെ പോയാലോ…”!!??

“ശരിയാ സായ് … ഈ തിരക്കിൽ നിന്ന് മാറി ശാന്തമായ ഒരു യാത്ര…നമുക്ക് പോകാം..”!!

അവൻ ബൈക്ക് ആൾ സഞ്ചാരം കുറഞ്ഞ വഴിയിലേക്ക് തിരിച്ചു വിട്ടു. ഒരുപാട് ദൂരെയല്ലാതെ ഒടുവിൽ അവൻ ഒരു വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി.

“ഇത് ഏതാ ഈ വീട്..”??

“അതൊക്കെ പറയാം താൻ വാ..”!!

അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു. ചുറ്റും വിജനമായ പ്രദേശം. മറ്റു വീടുകളോ കടകളോ ഒന്നുമില്ല. മനസ്സില്ലാമനസ്സോടെ അവൾ അവന്റെ കൂടെ നടന്നു.

അവൻ പോക്കറ്റിൽ നിന്ന് ഒരു താക്കോലെടുത്ത് വാതിൽ തുറന്നു.

“ഇത് എന്റെ ആന്റിയുടെ വീടാ.. ഇവിടെ ആരുമില്ല.. അവർ ഒരാഴ്ചത്തേക്ക് മകളുടെ വീട്ടിലേക്ക് പോയതാണ്. വീട് നോക്കാൻ എന്നെ ഏൽപ്പിച്ചതാ..”!!

അവൾ അകത്തേക്ക് കയറി.വീടിനകം ഭംഗിയായി ഒരുക്കിയിരിക്കുന്നു.

അവൾ ചെറുതായി വിറക്കാൻ തുടങ്ങി..

“അപകടം.. “!!

മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ.

“താൻ മുഖം ഒക്കെ ഒന്ന് കഴുകി റെഡിയായി വാ..കുറേ ദൂരം വണ്ടി ഓടിച്ചത്‌ കൊണ്ട് കൈക്കൊക്കെ ഒരു വേദന. കുറച്ചു റസ്റ്റ്‌ എടുത്തിട്ട് നമുക്ക് ഉടനെ പോകാം.. “!!

മറുപടി ഒന്നും പറയാതെ അവൾ ബാത്റൂമിലേക്ക് കയറി. എന്തോ വല്ലാത്ത ഒരു ഉൾഭയം അവളെ വന്നു മൂടി .

ആൾത്താമസമില്ലാത്ത ഒരു സ്ഥലത്ത് ഏതോ ഒരു പുരുഷനോടൊപ്പം താൻ… വീട്ടിൽ അറിഞ്ഞാൽ പിന്നെ… ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ബാത്‌റൂമിൽ കയറിയ അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് പുറത്ത് സായന്ത് ആരോടോ സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നിയത്. അവൾ ചെവി വട്ടം പിടിച്ചു.

പതിയെ ബാത്റൂം തുറന്നിറങ്ങിയ അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി.

സായന്തിനെ കൂടാതെ രണ്ടുപേർ.. അവന്റെ അതേ പ്രായത്തിലുള്ളവർ..

ഈശ്വരാ ചതി.. അവൻ വളരെ ഭംഗിയായി തന്നെ ചതിച്ചിരിക്കുന്നു.. !!!

ഇനി എന്തായിരിക്കും ഇവിടെ നടക്കാൻ പോകുന്നതെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവന്മാർ തന്നെ കടിച്ചു കീറും .. അവളിൽ ഭയം അരിച്ചിറങ്ങി.. വീണ്ടും ബാത്റൂമിൽ കയറി കതകടച്ചു…

ഈശ്വരാ എന്ത് ചെയ്യും..എങ്ങനെ രക്ഷപെടും… ഇപ്പോൾ ഭയന്നാൽ…ഇല്ല…ഇപ്പോൾ ഭയമല്ല വേണ്ടത്.. ബുദ്ധി പ്രയോഗിക്കേണ്ടിയിരിക്കുന്നു..!!

താൻ വാതിൽ തുറക്കുന്ന സമയം,, തന്നെ ആക്രമിക്കാൻ സജ്ജരായി അവർ പുറത്ത് ഉണ്ടാകും. പ്രത്യാക്രമണത്തിന് താൻ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

പക്ഷേ എങ്ങനെ..!!

അറിയില്ല ഒന്നും അറിയില്ല ..

അവൾ ഒരുവേള വല്ലാതെ തളർന്നു പോയി.

ഇല്ല….ഇവിടെ തളർന്നാൽ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവരും.

അവളുടെ കണ്ണുകൾ ആ ബാത്റൂമിൽ ചുറ്റും പരതി. എന്തെങ്കിലും ഒരു ആയുധം കിട്ടിയിരുന്നെങ്കിൽ..

പെട്ടെന്നാണ്അവളത് ഓർത്തത്. മുൻപൊരിക്കൽ ത്രെഡ് ചെയ്യാൻ പാർലറിൽ പോകാൻ സമയം കിട്ടാഞ്ഞപ്പോൾ പുരികം ഒന്ന് ഷേപ്പ് ചെയ്യാൻ വേണ്ടി അവൾ ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി വെച്ചിരുന്നു. അവൾ ബാഗിൽ പരതി നോക്കി… അത് അവിടെ ഉണ്ടോ..??

ഭാഗ്യം…. കിട്ടിയിരിക്കുന്നു..!!!

അവൾ വേഗം ആ ബ്ലേഡുകൾ എടുത്തു രണ്ടു പീസ് ആക്കി മുറിച്ചു വിരലുകൾക്കിടയിൽ തിരുകി പിടിച്ചു .

തന്നിൽ നിന്നും ഒരു പ്രത്യാക്രമണം ഉണ്ടാകില്ല എന്ന ഉറപ്പിൽ ആയിരിക്കും അവന്മാർ പുറത്ത് നിൽക്കുന്നത്.. ആ സമയം നന്നായി ഉപയോഗിക്കേണ്ടി ഇരിക്കുന്നു.

അവൾ ഒരു ദീർഘനിശ്വാസം എടുത്തു.. ബാത്റൂമിലെ വാതിൽ പതിയെ തുറന്നു.

റൂമിൽ നോക്കിയപ്പോൾ ആരെയും കണ്ടില്ല. അവൾ പതിയെ റൂമിന് വെളിയിലേക്ക് തലയിട്ടു നോക്കി.

ഹാളിൽ സായന്ത് ഇരിക്കുന്നു. മറ്റു രണ്ടു പേരെ കാണാനില്ല. അവൻ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

“ആഹാ ഞാൻ റെഡിയായോ..”!!

അവൾ ഒരു നിമിഷം ഒന്നു പതറി..

അപ്പോൾ മറ്റു രണ്ടു പേർ…അവർ എവിടെ..

ഒരു വേള അവൾ താൻ സയന്തിനെ അവിശ്വസിച്ചോ… എന്ന് പോലും ചിന്തിച്ചു.

എങ്കിലും പെട്ടെന്നുതന്നെ ജാഗരൂകരായി അവൾ അവനോട് പറഞ്ഞു.

“എനിക്കിവിടെ ഇഷ്ടപ്പെട്ടില്ല സായ്.. നമുക്ക് പോകാം… പെട്ടെന്ന് പോകാം ..”!!

“ഹാ പോകാമെടോ.. നമ്മൾ ഇങ്ങോട്ട് വന്നതല്ലേയുള്ളു… താനിവിടെ വന്നിരിക്കു..”!!

“വേണ്ട എനിക്ക് പോകണം…”!!

പെട്ടെന്നാണ് അവന്റെ ഭാവം മാറിയത്.

“ഇവിടെ വരെ വന്നിട്ട് അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ മന്ത്രാ .. ഇനി ഇതുപോലെ നിന്നെ എനിക്ക് കിട്ടിയില്ലെങ്കിലോ..”!!

വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു. പെട്ടന്നാണ് പുറത്തേക്കുള്ള വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ അവിടേക്ക് നോക്കിയത്. ആ രണ്ടുപേർ… അവന്റെ കൂട്ടുകാർ.. അവിടെ… അവർ ആ കതകിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്നു..!!

പേടി കൊണ്ട് അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. ഈശ്വര… ഈ അപകടത്തിൽ നിന്ന് രക്ഷപെടാനുള്ള ശക്തി തരണേ… !! അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

ഭയം മാറ്റിവെച്ച് ധൈര്യം സംഭരിച്ച അവൾ അടുത്തേക്ക് വരുന്ന അവർ മൂന്നുപേരെയും ആക്രമിക്കാൻ തയ്യാറെടുത്തു.

കയ്യിൽ ഒളിപ്പിച്ച് വച്ച ബ്ലേഡ് കഷ്ണങ്ങൾ അവൾ അവരുടെ മുഖത്തെ ലക്ഷ്യമാക്കി വീശി വരഞ്ഞു . നിമിഷനേരം കൊണ്ട് സായത്തിന്റെയും കൂട്ടുകാരുടെയും മുഖം ചോരയിൽ മുങ്ങി..

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആക്രമണം ആയതിനാൽ അവന്മാർ ഒന്ന് പതറി.

അവൾക്ക് ഓരോ സെക്കൻഡുകളും വിലപ്പെട്ടതായിരുന്നു… അവളുടെ മാനത്തിന്റെ വില.

അവർ പതറിയ നിമിഷത്തിൽ അവൾ മുന്നോട്ടു കുതിച്ചു വാതിൽ തുറന്നു പുറത്തേക്കിറങ്ങി ഓടി.

“വിടരുത് അവളെ… പിടിയെടാ… “!!

സായന്ത് ഉറക്കെ അലറി.

അവൾ മുന്നിൽ കണ്ട വഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി… പിറകെ അവന്മാർ ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു.. പക്ഷേ തിരിഞ്ഞു നോക്കാൻ പോലും അവൾ മിനക്കെട്ടില്ല. രക്ഷപ്പെടുക എന്ന ഒറ്റ ചിന്തയിൽ അവൾ സർവശക്തിയുമുപയോഗിച്ച് ഓടി.

ഈ സമയം കൂട്ടത്തിലൊരുവന്റെ കണ്ണിൽ ആയിരുന്നു മുറിവേറ്റത്.അവൻ വേദന കൊണ്ട് അലറി കരഞ്ഞപ്പോൾ മറ്റു രണ്ടുപേർ അവളുടെ പിന്നാലെയുള്ള ഓട്ടം നിർത്തി അവന്റെ അടുത്തേക്ക് ഓടി.

ആ സമയം കൊണ്ടാണ് അവൾ ഓടി റോഡിൽ എത്തിയതും കിട്ടിയ ബസിൽ കയറിയതും…

**********************

“കുട്ടി… ഇറങ്ങുന്നില്ലേ… “??

കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്…

“സ്റ്റാൻഡ് എത്തിയോ ചേട്ടാ… “??

“ഉവ്വ്… “

“ചേട്ടാ… ഇവിടുന്ന് ഇലവുംതിട്ടക്ക് ബസ് കിട്ടുമോ… “??

“കിട്ടും.. പതിനഞ്ചു മിനിറ്റിനുള്ളിൽ ഒരു ബസ് വരും.. കുറച്ചു ചുറ്റി കറങ്ങിയാണ് പോകുന്നത്… എങ്കിലും ആ ഒറ്റ ബസിന് അവിടെത്താം… “!!!

“ശരി ചേട്ടാ… “!!

ശേഷം…

നാട്ടിലേക്കുള്ള ബസിൽ ഇരുന്ന് അവൾ ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു.ആരുടെയൊക്കെയോ പുണ്യം കൊണ്ട് വലിയൊരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ തനിക്കിത് വലിയൊരു പാഠമായിരിക്കും. എടുത്തു ചാട്ടം ഒരിക്കലും നന്നല്ല..എന്നൊരു വലിയ പാഠം. !!!

Leave a Reply

Your email address will not be published. Required fields are marked *