ഊമപ്പെണ്ണ്
Story written by Adarsh Mohanan
” അല്ലെങ്കിലും എല്ലാം തന്നിഷ്ടത്തിന് ചെയ്തല്ലെ ശീലം. നീയിനി എന്നാ നന്നാവുന്നത് . എന്റെ പൊന്നനിയനെപ്പറഞ്ഞാൽ മതിയല്ലോ”
വല്ല്യച്ഛന്റെ വാക്കുകൾ എന്റെ കാതിലേക്കരിച്ചു കയറി, മറുപടി കൊടുക്കാതെ മൗനം പാലിച്ചുകൊണ്ട് ഞാനച്ഛന്റെ അരികിലേക്ക് ചെന്നു . അതൃപ്തമായ ആ മുഖത്തും ഒരു അർദ്ധ സമ്മത മനോഭാവം നിലനിന്നിരുന്നു.
അടുക്കളയിൽ പച്ചക്കറിയരിഞ്ഞു കൊണ്ടിരുന്ന അമ്മയോടായ് ഞാൻ ചോദിച്ചു
” അമ്മേ എന്റെ തീരുമാനം തെറ്റായിപ്പോയോ? അമ്മ പറഞ്ഞാൽ ഞാനതു പോലെ അനുസരിക്കാൻ തയ്യാറാണ് “
ഉള്ളിയരിഞ്ഞു കൊണ്ടിരുന്ന അമ്മയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ തന്നെ മനസ്സിന് പാതി ആശ്വാസം കിട്ടി. എന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
” നിന്റെ ഈ തീരുമാനമാണ് ഏറ്റവും വലിയ ശരി, നിന്നെക്കുറിച്ചോർക്കമ്പോൾ അഭിമാനം തോന്നുന്നുണ്ടിപ്പോൾ കണ്ണാ “
എന്റെ മനസ്സിൽ ഉണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ആ കാൽ തൊട്ടു വന്ദിച്ചതിനു ശേഷം ഞാൻ പറഞ്ഞു
” ഈ ഒരൊറ്റ വാക്കുമതിയെനിക്ക്, വേറെ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും എനിക്ക് വിഷയല്ല “
കുളി കഴിഞ്ഞ് വെള്ള ഷർട്ടും വെള്ളമുണ്ടുമെടുത്ത് നെറ്റിയിലൊരൽപ്പം ചന്ദനക്കുറിയും ചാർത്തി സുഹൃത്തുക്കളോടൊപ്പം എന്റെ പ്രണയിനിയുടെ ചിതലെരിച്ച് ചോർച്ചയുള്ള ആ പഴയ ഓടിട്ട വീട്ടിലേക്ക് വീണ്ടും ചെന്നു
കഴിഞ്ഞയാഴ്ച എന്റെ അഭാവത്തിൽ അവിടേക്ക് പെണ്ണുകാണാൻ ചെന്ന വല്യച്ഛന്റെയും അമ്മാവന്മാരുടെയും പെരുമാറ്റത്തിൽ നിന്നുണ്ടായ മ്ലാ നത ആ വൃദ്ധനായ ഗ്രഹന്നാഥന്റെ മുഖത്ത് നന്നേ പ്രകടമായിരുന്നു.
എങ്കിലും വാത്സല്യത്തോടെ തന്നെയാണ് അദ്ദേഹം ഞങ്ങളെ വരവേറ്റത് . കട്ടൻ കാപ്പിയും പലഹാരവും വിളമ്പിത്തന്ന അവിടുത്തെ അമ്മയുടെ മുഖത്തും സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്നു
ജനലരികിലെ തുരുമ്പിച്ച ജനാലക്കമ്പികൾക്കിടയിലൂടെ അവളെന്നെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു . ആ ജനാല വിടവിലൂടെ വിരലുകൾക്കൊണ്ടവൾ പരിഭവങ്ങളോരോന്നായ് പറഞ്ഞു തുടങ്ങി കാരണം ജനിച്ചപ്പോ മുതലേ അവൾക്ക് സംസാരശേഷി നഷ്ടപ്പെട്ടതാണ്
പെൺകൊച്ച് ഊമയാണെന്നും പറഞ്ഞ് അലമുറയിട്ട അമ്മാവൻമാർക്കു മുൻപിലും ദരിദ്ര കുടുoബമാണെന്നു പറഞ്ഞ വല്ല്യച്ഛന്റെ മുൻപിലും നാവിനു വിലങ്ങിട്ടു നിന്ന എനിക്കു വേണ്ടി സംസാരിച്ചത് അമ്മയായിരുന്നു, ഒരു ചടങ്ങിന്റെ പോലും അകമ്പടിയോടെ കാലം നോക്കി ജാതകപ്പൊരുത്തം നോക്കി വിവാഹം കഴിക്കണം എന്നും പറഞ്ഞില്ല, സമ്മതം ചോദിച്ച് വിളിച്ചിറക്കിക്കൊണ്ടുവരാൻ തന്നെയാണമ്മ പറഞ്ഞത്, എന്റെ മനസ്സിലുള്ളത് വായിച്ചെടുക്കും പോലെ യായിരുന്നു അമ്മയുടെ പ്രതികരണം
മിണ്ടാപ്രാണിയായ അവളെ തലങ്ങും വിലങ്ങും ചൂഷണം ചെയ്ത എന്റെ ബദ്ധുക്കളോടുള്ള ദേഷ്യത്തിന് കയ്യും കണക്കും ഉണ്ടായിരുന്നില്ല . അമ്മായി മാരുടെ കുത്തുവാക്കുകളേറ്റുവാങ്ങിയ, സമ്പത്തിന്റെ പേരിൽ എന്റെ വീട്ടു കാരുടെ മുൻപിൽ തല കുനിച്ച് അപമാനം സഹിച്ചു നിന്ന , എന്നോടൊപ്പം ഒരുമിച്ചു നടന്നതിൽ നാട്ടുകാരുടെ പരദൂഷണം കേൾക്കേണ്ടി വന്ന എന്റെ ഊമപ്പെണ്ണിനോടെനിക്ക് അടങ്ങാത്ത പ്രണയമായിരുന്നു.
ആ വീടിന്റെ നിലവിളക്കായ അവളെ എന്നെന്നേക്കും സ്വന്തമായി ചോദിച്ചപ്പോൾ ആ ദരിദ്രനായ അച്ഛനു മറുവാക്കുകൾ ഒന്നും തന്നെയുണ്ടായില്ല അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
അവളുടെ മൃദുലമായ കരങ്ങൾ എന്റെ കൈകൾക്കുള്ളിൽ ചേർത്തുവെച്ചപ്പോൾ ഞാനാ കാലിൽ വീണനുഗ്രഹം വാങ്ങിച്ചു.
എന്റെ മിണ്ടാപ്പൂച്ചയുടെ കൈപിടിച്ച് ഞാനാ പടിയിറങ്ങിയപ്പോൾ നീലാകാശത്തു ചിറകടിച്ചു പറന്നിരുന്ന പിറാവിൻ കൂട്ടങ്ങൾ ഞങ്ങൾക്കാശംസകൾ നേർന്നു മരച്ചില്ലകളിൽ ഒളിച്ചിരുന്ന കള്ളിക്കുയിൽ കുരവയിട്ടു ,ചെമ്മാനം പൂത്ത ചിന്ദൂര സൂര്യൻ ഞങ്ങളിൽ പ്രകാശവർഷം തൂകി,
പടിയിറങ്ങുമ്പോൾ അവളുടെ കരിനീലക്കണ്ണിൽ നിന്നും ജലധാരയൊഴുകിയ ഇരു കവിളുകളിലും കൈചേർത്തുവെച്ച് ഞാൻ പറഞ്ഞു
” ഇനീ ഈ മിഴികൾ നിറയേയേണ്ടത് ഞാനെന്റെ തെക്കേപ്പറമ്പിലെ മാവിൻ ചുവട്ടിൽ എരിഞ്ഞു തീരുമ്പോൾ മാത്രമായിരിക്കണം”
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവളെന്റെ ചുണ്ടുകൾപ്പൊത്തി, എന്റെ നെഞ്ചിലേക്കു ചാഞ്ഞ അവളുടെ നെറ്റിത്തടത്തിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു
” നീ എന്റെ പെണ്ണാണ്, എന്റെ മാത്രം ഊമപ്പെണ്ണ് “