പറയാൻ ബാക്കി വെച്ചത്… (The untold story of Amar)

എഴുത്ത്: പാർവതി പാറു

പ്രിയപ്പെട്ട മിത്രക്ക്…

ഞങ്ങൾ ഇപ്പോൾ ഖജുരാഹോയിൽ ആണ്.. ചന്ദ്രദേവനെ പ്രണയിച്ച ഹേമവതിയുടെ നാട്ടിൽ… ആനിയുടെ വലിയ മോഹം ആയിരുന്നു ഒരിക്കൽ ഇവിടം വന്ന് കാണണം എന്ന്.. അത് സാധിച്ചു.. ഇന്നലെ ഞാൻ അവളോട്‌ ചോദിച്ചു നിനക്ക് ഇനിയും വല്ല മോഹങ്ങളും ഉണ്ടോ എന്ന്.. എന്റെ നെഞ്ചിൽ തലവെച്ചു കിടന്നവൾ പറഞ്ഞു.. എന്നും ഇങ്ങനെ കിടന്നാൽ മാത്രം മതി എന്ന്… അവളിപ്പോൾ ഒത്തിരി സന്തോഷത്തിൽ ആണ്… ഒരു പക്ഷെ ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവൾ… ഏതൊരു പ്രണയിനിയും കാത്തിരുന്ന അവളുടെ പ്രണയസാക്ഷത്കാരം ആസ്വദിക്കുന്ന തിരക്കിൽ ആണവൾ..

ഈ സന്തോഷത്തോടെ ഞാനും അവളും യാത്രയാവുകയാണ്… അവൾ വേദനിക്കുന്നത് ഇനി എനിക്ക് കാണാൻ വയ്യ… ഒടുവിലെ നിശ്വാസത്തിലും സ്നേഹം നൽകി ഞാൻ അവളെ കൊണ്ട് പോവുകയാണ്… നീ പറയുന്നത് പോലെ നാളെ മുതൽ നിന്റെ ആകാശത്ത് ഞങ്ങളും ഉണ്ടാവും… യാത്ര പറയുന്നില്ല.. ഈ യാത്ര കൂടുതൽ നിന്നിലേക്ക് അടുക്കാൻ ആയിട്ടുള്ളതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു … എന്റെ ആനിക്കൊപ്പം… ഇനിയും എനിക്ക് അവളെ പ്രണയിക്കണം.. ശരീരത്തിന്റെ കെട്ടുപാടുകൾ ഇല്ലാതെ സ്വാതന്ത്രം ആയ ആത്മാക്കളായി ഞങ്ങൾ പ്രണയിക്കട്ടെ…

രാത്രികളിൽ നിനക്കരികിൽ എത്താൻ… നിന്നോട് കളി പറയാൻ… നിന്റെ വിജയങ്ങൾ കണ്ട് സന്തോഷിക്കാൻ… അഭിമാനിക്കാൻ.. ഞങ്ങളും ഉണ്ടാവും നിന്റെ രാത്രിയിലെ നക്ഷത്രങ്ങൾ ആയി…

സ്നേഹത്തോടെ അമർ..

മിത്ര കത്ത് മടക്കി പുസ്തകത്തിന് ഇടയിലേക്ക് വെച്ചു. അവളുടെ കണ്ണുകൾ ആകാശത്തിലെ ആ പ്രിയപ്പെട്ട നക്ഷത്രങ്ങളിൽ പതിഞ്ഞു.. പരസ്പരം ചുറ്റി പിണർന്ന് ഇനി ഒരിക്കലും പിരിയില്ലെന്ന പോലെ ചേർന്ന് നിൽക്കുന്ന ആ രണ്ടു നക്ഷത്രങ്ങൾ… ഏഴു വർഷം ആയി അവരങ്ങനെ ആ ലോകത്ത്.. ഭൂമിയിൽ വെച്ച് പങ്കു വെക്കാതെ പോയ .. പരസപരം നൽകാൻ ബാക്കി വെച്ച പ്രണയം മുഴുവൻ അവർ അവിടെ വെച്ച് പ്രകടിപ്പിക്കുകയാണെന്ന് ഓർത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി….

മിത്ര കണ്ണുകൾ അടച്ചു.. തന്റെ അമർ ഇന്ന് ജീവനോടെ ഇല്ല.. സ്വയം അവസാനിപ്പിച്ചതാണവൻ എല്ലാം… അവന്റെ ആനിയെയും കൂട്ടി മനഃപൂർവം പോയതാണവൻ… വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടവളാണ് താനും… പക്ഷെ ദൈവം വീണ്ടും ആയുസ്സ് നീട്ടി തന്നു.. എന്തിനൊക്കെയോ വേണ്ടി… അന്ന് തന്നെ കാണാൻ വന്ന തന്റെ പഴയ അമറിനെ അവൾ ഓർത്തു….

…………….

മിത്തൂ നീ എന്താണ് ഈ കാണിച്ചത്…. എന്തിനാ മോളെ ഈ കടുംകൈ ചെയ്യാൻ നോക്കിയത്… അമർ അവൾക്കരികിൽ ഇരുന്നു പൊട്ടി കരഞ്ഞു..

മിത്രക്ക് മറുപടി ഇല്ലായിരുന്നു.. അവൾ നിർജീവം ആയിരുന്നു.. ഒരു പാവ കണക്കെ..

നിനക്ക് ഞാൻ ഇല്ലേ മിത്തൂ.. ഞാൻ ഉള്ളപ്പോൾ നീ ഒറ്റക്കാകുമോ.. നിനക്ക് അറിയുമോ കിരൺ നിന്നെ എന്നെ ഏല്പിച്ചാണ് പോയത്.. ഞാൻ ഒറ്റക്കാക്കോ നിന്നെ….

അവൻ അവളുടെ കവിളിൽ തലോടി.. അവളിൽ നിന്ന് യാതൊരു പ്രതികരണങ്ങളും ഇല്ലായിരുന്നു… അതവനെ കൂടുതൽ തളർത്തി… അവളുടെ മനോനില തെറ്റി തുടങ്ങുകയാണെന്ന് അവന് തോന്നി. രാവെന്നോ പകലെന്നോ ഇല്ലാതെ കണ്ണിമ വെട്ടാതെ അവൻ അവൾക്ക് കാവലിരുന്നു.. ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത് കൊണ്ട് മിത്രക്ക് ഒരുപാട് രക്തം കയറ്റേണ്ടി വന്നു…ഒടുവിൽ അമറിന്റെ രക്തവും അവൾക്ക് വേണ്ടി നൽകാൻ അവൻ തീരുമാനിച്ചു… ഒടുവിൽ ദിവസങ്ങൾക്ക് ശേഷം മിത്രയെ ഡിസ്ചാർജ് ചെയ്തു …

അമർ അവളെയും കൂട്ടി ബാംഗ്ലൂരിലേക്ക് പോന്നൂ.. ഈ ദിവസങ്ങളിൽ ഒന്നും മിത്ര ഒരു വാക്ക് പോലും അവനോട് മിണ്ടിയില്ല.. അവളുടെ മൗനവും ഹോസ്പിറ്റലിൽ ആവുമ്പോൾ അവൾക്ക് രക്തം നൽകാൻ ചെന്നപ്പോൾ ഡോക്ടർ അത് നിഷേധിച്ചതും അതിന് പറഞ്ഞ കാരണവും അവനെ തളർത്തി….. എങ്കിലും അവൻ അവളെ ചേർത്ത് പിടിച്ചു…. ഒരേട്ടന്റെ കരുതലോടെ.. ഒരു സുഹൃത്തിന്റെ സ്നേഹത്തോടെ ബാംഗ്ലൂരിൽ എത്തി അമർ ജോലിക്ക് പോലും പോവാതെ അവൾക്കൊപ്പം ഇരുന്നു… അവന്റെ സാമിഭ്യം അവളിൽ മാറ്റങ്ങൾ കൊണ്ടു വന്നു… ഒരു മാസത്തിന് ശേഷം ഒരു ദിവസം അവൾ അവനോട് സംസാരിച്ചു ആദ്യമായി…

അമർ നമ്മൾ ഇവിടെ വന്നിട്ട് എത്ര നാളായി….

ഒരു മാസം…

അമർ അപ്പോൾ.. അപ്പോൾ നീ.. നിന്റെ മനസ്സമ്മതം ആയിരുന്നില്ലേ അന്ന് … അത് കഴിഞ്ഞോ..

ഇല്ല.

അതെന്താ… ആനി.. ആനി അവൾക്ക് വിഷമം ആയിട്ടുണ്ടാവില്ലേ.. അവൾ അവനെ നോക്കാതെ പറഞ്ഞു…

സാരമില്ല.. അവൾ എന്നെ മനസിലാക്കും ഇപ്പോൾ കൂട്ട് വേണ്ടത് നിനക്കാണ്.. അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…

രണ്ടു വർഷങ്ങൾ കടന്നു പോയി.. അതിനിടക്ക് ഒരിക്കൽ മാത്രം ആണ് അവർ ആനിയെ കണ്ടത്.. വേദനയോടെ അവൾ പറഞ്ഞ ഓരോ വാക്കുകളും അവരുടെ ഹൃദയത്തെ കുത്തി നോവിച്ചു…. ആനിയിലേക്ക് മടങ്ങി പോവാൻ മിത്ര എത്ര നിർബന്ധിച്ചിട്ടും അവൻ കേട്ടില്ല… ഒടുവിൽ ആ സത്യം അവൻ അവളോട് പറഞ്ഞു.. പിന്നീട് ഒരിക്കലും അവൾ അവനെ നിരർബന്ധിച്ചില്ല… ഒരിക്കലും ആനി ഒറ്റക്കാവരുത് എന്ന് അവൾക്കും തോന്നി.. അമറിന് ഒരിക്കലും അവളെ പഴയ പോലെ സ്നേഹിക്കാൻ ആവില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.. പക്ഷെ വിധി വീണ്ടും അവരെ തോൽപ്പിച്ചു.. ആനിയുടെ അച്ഛന്റെ മരണം.. അവളെ ഈ ലോകത്ത് തനിച്ചാക്കി.. എന്ത് സംഭവിക്കരുത് എന്ന് അമർ ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചു…

അമർ… ഇതെല്ലാം ദൈവത്തിന്റെ തിരുമാനം ആണ്… അത് തിരുത്താൻ നമുക്ക് ആവില്ല… ആനി അവളിപ്പോഴും നിന്നെ സ്നേഹിക്കുന്നു… നീ അവളെ സ്വീകരിക്കണം…

. മിത്ര അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

മിത്തൂ നീ എന്താ ഈ പറയുന്നേ എല്ലാം അറിഞ്ഞിട്ടും നീ… അമർ വേദനയോടെ പറഞ്ഞു…

എല്ലാം അറിയുന്നത് കൊണ്ട് തന്നെ ആണ് അമർ പറയുന്നത്… ഈ ലോകത്ത് തനിച്ചാവുന്നതിന്റെ വേദന എത്ര അസഹ്യം ആണെന്നോ.. പ്രിയപ്പെട്ടവനെ നഷ്ടപ്പെടുമ്പോൾ നെഞ്ചിൽ ഉണ്ടാവുന്ന നീറ്റൽ എത്രയാണെന്നോ.. എല്ലാം അറിയാം എനിക്ക് അത്കൊണ്ടാണ് പറയുന്നത് നീ അവളിലേക്ക് തിരികെ പോവണം… ജീവിതത്തിൽ സാധിക്കാത്തത് മരണം കൊണ്ട് അവൾക്ക് നേടി കൊടുക്കണം..

അത് പറയുമ്പോൾ മിത്ര കരയുകയായിരുന്നു..

മിത്തൂ.. നീ പറയുന്നത്…

അതെ അമർ… നീ നീ പൊക്കോ.. എന്നെ വിട്ട് പൊക്കോ.. ഒരിക്കലും തിരുച്ചു വരാത്ത ഒരു ലോകത്തേക്ക്…. എനിക്ക് ഈ നഷ്ടങ്ങൾ ശീലം ആയി… നീ പോണം ആനിയെ കൂട്ടി… നിങ്ങളുടെ മാത്രം ആയ ഒരു ലോകത്തേക്ക്… അവളെ വേദനിപ്പിക്കതെ…. സന്തോഷത്തോടെ അവളെയും കൂട്ടി നീ പൊക്കോ… അവളെ ഈ ഭൂമിയിൽ ഒറ്റക്കാക്കല്ലേ….

മിത്തൂ.. അമർ മിത്രയെ കെട്ടിപിടിച്ചു കരഞ്ഞു…

മിത്തൂ..മരണത്തെ എനിക്ക് പേടിയില്ല… പക്ഷെ ജീവിച്ചു കൊതി തീർന്നില്ല എനിക്ക്…. i will miss you….

എനിക്കറിയാം അമർ.. ഹൃദയം പിടയുന്ന വേദനയോടെ ആണ് ഞാൻ പറയുന്നത്.. എന്റെ വിധി ആണ് അമർ ഇതെല്ലാം.. സ്നേഹിച്ചവരെ മുഴുവൻ നഷ്ടപ്പെടാൻ ആണ് എന്റെ യോഗം..

അമർ അവളുടെ മുടിയിഴകളിൽ തലോടി…

ഞാൻ ഇല്ലെങ്കിലും നീ നല്ല കുട്ടി ആയി ഇരിക്കണം… നിനക്ക് ചെയ്ത് തീർക്കാൻ പലതും ഉണ്ട്… ഒരിക്കലും എന്നെയോ കിരണിനെയോ ഓർത്ത് വേദനിക്കരുത്… ഞങ്ങൾ എപ്പോഴും നിനക്ക് ഒപ്പം ഉണ്ടാവും…

അമർ.. ഒരുപക്ഷെ എന്റെ കിരണേട്ടൻ മരിച്ചില്ലായിരുന്നു എങ്കിൽ.. ഞാൻ ആത്മഹത്യക്ക് ശ്രമിച്ചില്ലായിരുന്നു എങ്കിൽ.. നീ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നില്ലായിയുന്നു എങ്കിൽ നീ ഇന്ന് ആനിയെ വിവാഹം കഴിച്ചേനെ അല്ലെ…

മ്മ്.. എല്ലാം നിമിത്തം ആണ് മിത്തൂ.. ആനിയും ഞാനും ഒരിക്കലും വിവാഹം ചെയ്യരുത് എന്നായിരിക്കും ഞങ്ങളുടെ വിധി… എന്നിലൂടെ അവളിലേക്ക് കൂടി ഒരു വേദന പ്രവഹിക്കാതിരിക്കാൻ..

പക്ഷെ ഇപ്പോൾ എനിക്ക് മറ്റു നിവർത്തി ഇല്ല.. അവളെ ഈ ലോകത്ത് തനിച്ചാക്കി പോവാൻ എനിക്കാവില്ല.. നീ പറഞ്ഞപോലെ ഞങ്ങളുടെ മരണത്തിലൂടെ ഇനി ഒരിക്കലും മരണത്തിന് പോലും തോൽപ്പിക്കാൻ ആവാത്ത ലോകത്തേക്ക് ഞാൻ അവളെ കൊണ്ട് പോവാം.. സന്തോഷത്തോടെ ഒന്നും അറിയിക്കാതെ..

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് നിങ്ങളെ രണ്ടുപേരെയും വേണം…മതിവരുവോളം സ്നേഹിക്കാൻ.. രണ്ടുപേരെയും ആ ജന്മം മുഴുവൻ ഒരുമിച്ച് ചേർത്ത് പിടിക്കാൻ …

മിത്ര അവനെ കെട്ടിപിടിച്ചു.. മതിവരുവോളം അവന്റെ ചൂടിൽ സ്വയം മറന്നു കരഞ്ഞു.. അവളുടെ എല്ലാം എല്ലാം ആയ അമറുവിനോട്‌ വേദനയോടെ അവൾ യാത്ര പറഞ്ഞു…

…………………

ആനി കഴിഞ്ഞ രണ്ടുവർഷം ഞാൻ നിന്നിൽ നിന്ന് അകന്ന് നിന്നപ്പോൾ നീ അനുഭവിച്ച വേദന എന്താണെന്ന് എനിക്ക് അറിയാം ആ ദിവസങ്ങളിലെ സ്നേഹം മുഴുവൻ എനിക്ക് നിനക്ക് നൽകണം.. നീ സ്വപ്നം കണ്ട ഓരോ മോഹങ്ങളും എനിക്ക് നിറവേറ്റി തരണം നീ കരഞ്ഞതിന്റെ എത്രയോ ഇരട്ടി എനിക്ക് നിന്നെ സന്തോഷിപ്പിക്കണം….

അമർ ആനിയെ നെഞ്ചോടു ചേർത്ത് പറഞ്ഞു…അതവരുടെ പ്രണയ കാലം ആയിരുന്നു… ആനിയെ സന്തോഷം കൊണ്ട് മൂടി… അവളിൽ അവന് നൽകാൻ കഴിയുന്ന അത്രയും പ്രണയം നൽകി അവർ ഒന്നിച്ചുള്ള പ്രണയകാലം.. അവൾ കാണാൻ ആഗ്രഹിച്ച എല്ലാ കാഴ്ചകളും അവൻ അവൾക്കായി കാണിച്ചു കൊടുത്തു.. അവരൊന്നിച്ചുള്ള പ്രണയ യാത്രകൾ…. ഒടുവിൽ അവളുടെ മോഹങ്ങളിലെ ഏറ്റവും ഒടുവിലേതും നേടി കൊടുത്ത് അവൻ അവളോട്‌ ചോദിച്ചു..

ഇനിയും ഉണ്ടോ എന്റെ പെണ്ണിന് മോഹങ്ങൾ എന്ന്…

ഇല്ല.. അമർ… ഇനി എന്നും ഈ നെഞ്ചിൽ തലവെച് നിന്റെ ഹൃദയതാളം കേട്ട് ഉറങ്ങിയാൽ മതി എനിക്ക്… അമർ അവളെ കെട്ടിപിടിച്ചു…

ഒടുവിൽ അവൻ ആ തിരുമാനം കൈകൊണ്ടു.. ആ പൗർണമി രാത്രി അവനേറ്റവും പ്രിയപ്പെട്ടതായിരുന്നു… തന്റെ ആനി ഏറ്റവും സന്തോഷിക്കുന്നു എന്നറിയുമ്പോൾ അവന്റെ മനസിന് കിട്ടുന്ന ആശ്വാസം… വേദനകളുടെ വേലിക്കെട്ടുകൾ ഇല്ലാതെ അവളെ യാത്രയാക്കാൻ ഉള്ള സമയം ആയി… അവൻ അവൾക്ക് വേണ്ടി കരുതി വെച്ച പ്രണയ സമ്മാനം എടുത്തു… ഒരു റെഡ് വൈൻ ബോട്ടിൽ… അവനത് പൊട്ടിച്ചു രണ്ടു ചില്ലു ഗ്ലാസ്സുകളിൽ പകർന്നു…

നിന്നോട് യാത്ര പോലും ചോദിക്കാതെ മറ്റൊരു ലോകത്തേക്ക് പോവാൻ എനിക്ക് സമയം ആയിക്കൊണ്ടിരിക്കുകയാണ്… ആനി ഈ ലോകത്ത് നിന്നെ തനിച്ചാക്കാൻ എനിക്ക് ആവില്ല.. എന്നെ ഓർത്ത് നീ വേദനിക്കുന്നത് എനിക്ക് കാണാൻ ആവില്ല.. നമ്മുടെ പ്രണയം ഓർത്ത് നീ നിരാശപെടുന്നത് ഓർക്കാൻ എനിക്ക് വയ്യ.. അതുകൊണ്ടു ഞാൻ നിന്നെ കൊണ്ട് പോവുകയാണ്.. നാളെ ആ ആകാശത്തിലെ നക്ഷത്രങ്ങൾ ആയി പുനർജനിക്കാൻ.. ഒരു ഹൃദയവും അത് നിറയെ പ്രണയവും പേറുന്ന രണ്ടു നക്ഷത്രങ്ങൾ… അവൻ മനസ്സിൽ പറഞ്ഞു… ഒരു ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടി…

അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അവൾ അത് കുടിച്ചു തീർത്തു.. അമറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവൻ അവളെയും ചേർത്ത് പിടിച്ചു നിലത്തേക്ക് ഇരുന്നു…

അമർ.. അമർ..എനിക്ക് ഉറക്കം വരുന്നു.. അമർ.. ആനിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു.. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൾ വഴുതി വീണുകൊണ്ടിരുന്നു. . അമർ കണ്ണുകൾ അടച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു..

ആനി.. ഒന്നും പറയാൻ കഴിഞ്ഞില്ല.. നിന്നെ കൂടി വേദനിപ്പിക്കാൻ എനിക്കാവില്ല ആനി.. സന്തോഷത്തോടെ എന്റെ മോള് ഉറങ്ങിക്കോ… ആനി… ഞാൻ ഉണ്ട് നിനക്കൊപ്പം.. നിന്നെ ഞാൻ മരണത്തിൽ കൂടി ഒറ്റക്കാക്കില്ല..

അമറിന്റെ കണ്ണുകളിലും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു… അവൻ അവളെ നെഞ്ചോടു ചേർത്ത് നിലത്തേക്ക് കിടന്നു.. അവന്റെ ഒടുവിലെ ഹൃദയത്താളവും കേട്ട് ഇനി ഒരിക്കലും ഉദിക്കാത്ത പുലരിയിലേക്ക് അവരിരുവരും യാത്ര ആയി… മിത്രക്ക് വേണ്ടി അവളുടെ രാത്രിയിലെ നക്ഷത്രങ്ങൾ ആവാൻ….

അപ്പോഴും ആനി കാണാതെ ഏതോ പുസ്തകത്തിന് ഇടയിൽ ഒളുപ്പിച്ചു വെച്ച അവന്റെ അന്നത്തെ ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ അവനെ നോക്കി ഒരു വിജയച്ചിരി ചിരിച്ചു..

HIV POSITIVE. .

(ഒട്ടും ആഗ്രഹം ഇല്ലാതെ എഴുതിയതാണ് ഈ കഥ.. നിങ്ങൾക്ക് വേണ്ടി മാത്രം… അവനെങ്ങനെ ആ അസുഖം വന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ലെങ്കിലും ഇത് വായിച്ചു വീണ്ടും ഒരിക്കൽ കൂടി ആദ്യം തൊട്ട്’ എന്ന് സ്വന്തം മിത്ര വായിക്കുന്നവർക്ക് മനസിലാക്കാനാവും…(പാർട്ട്‌ 28 ൽ പറയുന്നുണ്ട് അമറിന് പരിക്ക് പറ്റി രക്തം കയറ്റിയതിനെ കുറിച്ച് ) ഒരിക്കലും HIV എന്ന അവസ്ഥയെ മോശമാക്കി പറയുക അല്ല ഞാൻ… ഈ രോഗം അല്ലാതെ മറ്റെന്ത് രോഗം ആയാലും ആത്മാർത്ഥമായി പ്രണയിച്ച ഒരു കാമുകനും അവന്റെ കാമുകിയെ തള്ളിപ്പറയില്ല എന്നാണ് എന്റെ വിശ്വാസം… ഇത്രയൊക്കെ തള്ളി പറഞ്ഞിട്ടും ആനി അവനെ സ്വീകരിച്ചത് ഒരു പക്ഷെ എല്ലാം അറിഞ്ഞിട്ടാണെങ്കിലോ… എല്ലാം അറിഞ്ഞിട്ടാണ് അവൾ അവനിലേക്ക് മടങ്ങി പോയത് എങ്കിലോ.. അപ്പോഴും അവളുടെ പ്രണയം തന്നെ ആണ് എല്ലാത്തിനും മുകളിൽ… ഈ പാർട്ട്‌ മനഃപൂർവം ഒഴിവാക്കിയതാണ്… ഈ വേദന കൂടി നിങ്ങൾക്ക് നൽകാൻ തോന്നിയില്ല )

Related Posts

Leave a Reply

Your email address will not be published. Required fields are marked *