പാതിരാത്രിയിൽ പെണ്ണിനെ കാണാൻ ചെന്നിട്ട് നാട്ടുക്കാർ പിടിച്ചാൽ, അവർ രാഹുകാലമൊക്കെ നോക്കാതെ, ആ സമയം തന്നെ കെട്ടിക്കുമെന്ന് മോനറിഞ്ഞൂടെ….

നാത്തൂൻസ്

Story written by Santhosh Appukuttan

” എല്ലാ വീട്ടിലും, കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന് ശത്രുക്കൾ അമ്മായിയമ്മയും, നാത്തൂൻമാരുമാണ് – ഇവിടെ നേരെ മറിച്ചാണ് “

സങ്കടത്തോടെ അരുണിമ പറയുന്നത് കേട്ട്, അമ്മായിയമ്മ ജാനകി ഓടിയെത്തി,

“എന്താ മോളെ പ്രശ്നം? ആ കുരുത്തം കെട്ടവൻ, ന്റെ മോളെ പിന്നേം ചീiത്ത പറഞ്ഞോ?”

അരുണിമയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണീർ അമ്മായിയമ്മ തുടക്കുമ്പോഴെയ്ക്കും, നാത്തൂൻമാരായ നിഷയും, നിമിഷയും ഓടിയെത്തി.

” എന്താണ് നാത്തൂനെ പ്രശ്നം? ആ കുരുത്തം കൊള്ളി വല്ലതും പറഞ്ഞു വേദനിപ്പിച്ചോ പിന്നേം “

നിഷയുടെ ചോദ്യം കേട്ടപ്പോൾ, അരുണിമ സങ്കടത്തോടെ അമ്മായി യമ്മയുടെ തോളിൽ മുഖമമർത്തി.

“ഇന്നലെ ഇസ്തിരിയിട്ടു കൊടുത്ത വെള്ളമുണ്ട് ഇന്നു നോക്കുമ്പോൾ, അതിൽ അച്ചാറിന്റെ കറ – അത് ചോദ്യം ചെയ്തപ്പോൾ, നീ ആരാടി എന്നെ ചോദ്യം ചെയ്യാൻ? നീ നിന്റെ വീട്ടിലേക്ക് പോടീ എന്നൊക്കെ?

“അതിന് ഈ വീട് അവനോ, അവന്റെ അപ്പനോ ഉണ്ടാക്കിയ വീടല്ല – ഇത് എന്റെ അപ്പൻ ഉണ്ടാക്കിയ വീടാണ് “

ജാനകി അത് പറഞ്ഞ് കലിതുള്ളിയപ്പോൾ, പൂമുഖത്തിരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന ശേഖരൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ്, ആരും കാണില്ലെന്നുറപ്പ് വരുത്തി പുറത്തേക്ക് നടന്നു.

” അച്ഛനെ പറയിപ്പിക്കാനുണ്ടായ ഒരു മോൻ- വല്ല വാഴയും വെച്ചാൽ മതിയായിരുന്നു “

പിറുപിറുത്തു ക്കൊണ്ട്, വീടിന്റെ അതിര് കടക്കാനൊരുങ്ങിയ ശേഖരൻ, പിന്നിൽ നിന്ന് ജാനകിയുടെ ശബ്ദം കേട്ടതോടെ നിന്നു.

“മരുമോൾടെ കരച്ചിൽ നിങ്ങൾ കേട്ടില്ലേ? അതിനെ പറ്റി ഒരക്ഷരം സൽപുത്രനോട് -ചോദിക്കാതെ നിങ്ങൾ എവിടേയ്ക്കാ മണ്ടുന്നേ ?”

ഒരു വിളറിയ ചിരിയോടെ തിരിച്ചു വന്ന ശേഖരൻ കൂട്ടം കൂടി നിൽക്കുന്ന പെൺപടയെ നോക്കി.

” അച്ഛൻ ഇപ്പോൾ തന്നെ അവനെ വിളിച്ചു ചോദിക്കണം – അവനോ അതോ അരുണിമയാണോ ഈ വീട് വിട്ട് പുറത്ത് പോകേണ്ടതെന്ന് ?”

നിഷയുടെ ചോദ്യം കേട്ട നിമിഷം, അച്യുതായെന്ന്, തെക്കേമുറിയിലേക്ക് നോക്കി അലറിയ ശേഖരനെ നോക്കി ജാനകി മന്ദഹസിച്ചു.

” നിങ്ങടെ അപ്പന്റെ പേർ അവനിട്ടപ്പോൾ തന്നെ അവന്റെ ജാതകം ഞാൻ എഴുതിയിരുന്നു “

സ്വന്തം ഭാര്യയുടെ പ്രസവശിശ്രൂഷക്ക് വേണ്ടി വന്ന ഭാര്യയുടെ അനിയത്തിയെ സ്വന്തമാക്കിയ ഒരു ചരിത്രമുണ്ട് ശേഖരന്റെ അച്ഛൻ അച്ചുതന്.

തന്നെ പറയിപ്പിച്ചതും പോരാതെ, തന്റെ അപ്പനെയും കൂടി പറയിപ്പിച്ചത് കേട്ടതോടെ കലിതുള്ളി അകത്തേക്ക് പോകാനൊരുങ്ങിയ ശേഖരനെ അരുണിമ തടഞ്ഞു.

“ഇപ്പോൾ ചോദിക്കേണ്ട അച്ഛാ-അച്യുതേട്ടൻ നല്ല ഉറക്കത്തിലാണ് “

“മോളേ നീ അച്ചുവേട്ടൻ ന്ന് വിളിച്ചാൽ മതി – അച്ചുതൻന്ന് കേൾക്കുന്നതേ എനിക്ക് കലിയാണ്”

തനിക്കും, തന്റെ അച്ഛനുമുള്ള കുത്താണെന്ന് മനസ്സിലായ ശേഖരൻ പതിയെ അവിടെ നിന്ന് നീങ്ങി,

പറമ്പിൽ നിന്ന് ഒരു ശീമക്കൊന്നയുടെ വടിയെടുത്ത്, തുറന്നിട്ട ജനലിലൂടെ അച്ചുതന്റെ ദേഹത്തേക്ക് കുiത്തി.

എല്ലാം കേട്ടുക്കൊണ്ടു കള്ളയുറക്കം നടിച്ചിരുന്ന അച്ചുതൻ എഴുനേറ്റ് നോക്കിയതും, ജനലിനപ്പുറത്ത് കത്തുന്ന കണ്ണകളോടെ നിൽക്കുന്ന അച്ചനെയാണ് കണ്ടത്!

“എന്റെ പരമ്പരയെ കുഴിമാന്തിയെടുക്കാനുള്ള വല്ല കോൺട്രാക്റ്റും നീ എടുത്തിട്ടുണ്ടോ ടാ?”

ഉത്തരത്തിനു പകരം, അച്യുതൻ ദേഷ്യത്തോടെ ജനൽ വാതിൽ അടച്ചു.

മകന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ -വിളറിപ്പോയ ശേഖരൻ, പിന്നിലുള്ള വാഴത്തോട്ടത്തെ നോക്കി എന്തിനാണെന്നറിയാതെ വെറുതെ മന്ദഹസിച്ചു.

പുതപ്പിനിടയിൽ ചുരുണ്ടു കൂടുമ്പോഴും അരുണിമ എന്ന മാരണത്തെ എങ്ങിനെ നാടുകടത്തണമെന്ന ചിന്തയിലായിരുന്നു അച്യുതൻ !

അമ്മായിയമ്മ പോര് എടുക്കുമെന്ന് വിചാരിച്ച അമ്മ അവളെ ഏകപക്ഷീയമായി പിന്തുണക്കുന്നു.

നാത്തൂൻ പോര് എടുക്കുമെന്ന് വിചാരിച്ച ചേച്ചിമാർ, അരുണിമയുമായി അടയും, ചക്കരയും പോലെയാണ്!

അച്ചന്റെ കാര്യം പിന്നെ പറയേ വേണ്ട – അമ്മ കീ കൊടുക്കുന്ന തിനനുസരിച്ച് ഏതു സൈഡിലേക്കും ചാടാം!

അമ്മയോടും, ചേച്ചിമാരോടും അവളെ പറ്റി മോശമായിട്ട് പറഞ്ഞിട്ടു കാര്യമില്ല!

ഒന്നും ഏൽക്കില്ല!

നിങ്ങടെ അനിയന്റെ പെണ്ണ് വല്ലാത്ത അണിഞ്ഞൊരുക്ക ക്കാരിയല്ലേയെന്ന് മീൻക്കാരൻ അബുട്ടിക്കയൊന്നു ചോദിച്ചതിന്,

അബുട്ടിക്കാടെ വീട്ടിലേ ഡ്രസ്സല്ലല്ലോ അവളിടുന്നതെന്നു നിമിഷ ചോദിച്ചപ്പോൾ, വിളറിയ മുഖത്തോടെ സൈക്കിൾ ചവിട്ടിയകന്ന അബുട്ടിക്ക പിന്നെ ഈ വഴി വന്നിട്ടില്ല.

മോൾക്ക് വയറ്റിലുiണ്ടായപ്പോൾ ചാടി പോന്നതാണോയെന്ന് വെറുതെ യൊന്നു ചോദിച്ച തെക്കേലെ സരള ചേച്ചിയോട്,

ചേച്ചിയെന്താ വയറ്റാട്ടിയാണോയെന്ന് നിഷ തിരിച്ചു ചോദിച്ചതും, കരയുന്ന മുഖഭാവത്തോടെ, ഇറങ്ങി പോയ സരള ചേച്ചി നോക്കിയ ഒരു ദയനീയ നോട്ടം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്.

അവളിവിടെ നിന്നാൽ നിങ്ങളുടെ രണ്ടാളുടെയും വിവാഹം നടക്കി ല്ലായെന്ന അവസാനത്തെ ആയുധം ഉപയോഗിച്ചപ്പോൾ, അവളിവിടെ നിന്നിട്ടുള്ള വിവാഹം മതി ഞങ്ങൾക്കെന്ന് ചേച്ചിമാർ തീർത്ത് പറഞ്ഞപ്പോൾ ഒറ്റപ്പെട്ടത് – ഞാനായിരുന്നു.

അമ്മയും ചേച്ചിമാരും പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് അരുണിമയെ.

ഇനിയെന്താണ് ഒരു പോംവഴിയെന്ന് ആലോചിച്ചു കൊണ്ടിരിക്കു മ്പോഴാണ് പാദസരത്തിന്റെ കിലുക്കം അച്യുതൻ കേട്ടത്!

° കാലത്ത് തന്നെ അവർക്കു മുന്നിൽ പരാതി പെട്ടി തുറന്നു അല്ലേ?”

അച്യുതന്റെ ദേഷ്യം നിറഞ്ഞ ചോദ്യത്തിനു മുന്നിൽ അവൾ പുഞ്ചിരിയോടെ നിന്നു.

” പറയാതെ എങ്ങിനെയാ?

നിന്റെ അച്ഛൻ ശരിക്ക് കല്യാണം നടത്തി തന്നില്ല, ഒരു തരി പൊന്നു തന്നില്ല, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് -നീ നിന്റെ വീട്ടിൽ പോടീ എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ പറയാതിരിക്കാ?”

ആ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി അവൻ നിന്നു.

“ലോകത്തൊരിടത്തും കാണാത്ത അമ്മായിയമ്മയും, നാത്തൂൻമാരും – ഛെ “

അച്യുതൻ തന്റെ അമ്മയെയും ചേച്ചിമാരെയും കുറിച്ചോർത്ത് ഈർഷ്യയോടെ പുതപ്പെടുത്ത് തല വഴി മൂടി കിടന്നു.

” ഇതു പോലെ ഒരു അമ്മായിയമ്മയെയും നാത്തൂൻമാരെയും കിട്ടാനേ കുറച്ചു ഭാഗ്യം വേണം മോനേ?”

അരുണിമയുടെ പറച്ചിൽ കേട്ട അച്യുതൻ ദേഷ്യത്തിൽ ചെവി പൊത്തി.

” സ്വന്തം ഭാര്യയോട് സ്ത്രീധനം ചോദിക്കാതെ, മാനം മര്യാദയ്ക്ക് പണിയെടുത്ത് ആ പെണ്ണിനെ പോറ്റെടാ?”

പെട്ടെന്ന്,അടുത്ത് നിന്ന് നിഷ ചേച്ചിയുടെ ശബ്ദമുയർന്നപ്പോൾ, അവൻ ഈർഷ്യയോടെ മുഖത്ത് നിന്ന് പുതപ്പെടുത്ത് വലിച്ചു മാറ്റി നോക്കി.

അരുണിമയുടെ തോളിൽ കൈയിട്ടു നിൽക്കുന്ന നിഷ ചേച്ചിയെ കണ്ടപ്പോൾ അച്യുതൻ പൊട്ടിത്തെറിച്ചു.

” നിങ്ങൾ രണ്ടാളുടെയും വിവാഹം കഴിയുന്നതു വരെ ഇവൾക്ക് കാത്ത് നിന്നൂടായിരുന്നോ?”

“അതിന് കുഞ്ഞാങ്ങള-നേരാംവണ്ണം പോയി പെണ്ണു ചോദിച്ചതല്ലല്ലോ?

അപ്പോഴേയ്ക്കും അവിടെയെത്തിയ നിമിഷയുടെ ചോദ്യം കേട്ടതും, അച്യുതൻ ജാള്യതയോടെ കണ്ണടച്ചു,

” പാതിരാത്രിയിൽ പെണ്ണിനെ കാണാൻ ചെന്നിട്ട് നാട്ടുക്കാർ പിടിച്ചാൽ, അവർ രാഹുകാലമൊക്കെ നോക്കാതെ, ആ സമയം തന്നെ കെട്ടിക്കുമെന്ന് മോനറിഞ്ഞൂടെ “

” എന്നാലും അവൾക്ക് ഒന്നു എതിർക്കാമായിരുന്നില്ലേ?”

കരച്ചിൽ പോലെയായിരുന്നു അച്യുതന്റെ ചോദ്യം.

” ഇപ്പോൾ അവൾ നിന്റെ പെണ്ണാണെന്നു നിനക്ക് അഭിമാനത്തോടെ പറയാം. പകരം അവൾ എതിർത്തിരുന്നുവെങ്കിൽ അവളെ നാട്ടുക്കാർ വിളിക്കുന്നത് മറ്റൊരു പേരായേനെ”

നിഷചേച്ചിയുടെ വാക്കുകൾ ഒരു നിമിഷം അവനെ സ്പർശിച്ചു.

” എന്നാലും നിങ്ങളൊക്കെ വിവാഹം കഴിക്കാതെ നിൽക്കുമ്പോൾ?”

” ആ ഒരു ഓർമ്മ, ഞങ്ങളുടെ കുഞ്ഞാങ്ങളയ്ക്കുണ്ടായിരുന്നെങ്കിൽ പാതിരാത്രിയ്ക്ക്, പ്രണയിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്നു കേറില്ലല്ലോ?”

നിമിഷയുടെ ചോദ്യം കേട്ടതും ഒന്നും മിണ്ടാനകാതെ
അച്യുതനിരുന്നു.

പാതിരാത്രിയ്ക്ക് കള്ള് കുടിച്ചുക്കൊണ്ടിരിക്കുമ്പോൾ, അരുണിമയെ കാണണമെന്ന് ഒരു പൂതി കയറിയതാണ്.

ഈ സമയത്തും, ഈ കോലത്തിലും എന്റെ വീട്ടിലേക്ക് വരണ്ടായെന്ന് അരുണിമ നൂറ് – വട്ടം കരഞ്ഞുക്കൊണ്ടു പറഞ്ഞതാണ്.

അകത്ത് കിടക്കുന്ന കള്ളിന്റെ ധൈര്യത്തിൽ, അവളുടെ വാക്കുകളെ അവഗണിച്ചുക്കൊണ്ട് കയറി ചെന്നതാണ്.

ഏതോ കള്ളനെ പിടിക്കാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർക്ക് താനൊരു ഇരയായി തീർന്നെന്നു മാത്രം.

“ഇവളെയൊന്നു കാണാൻ വേണ്ടീട്ടാ ചേച്ചീ ഞാൻ ചെന്നത്”

അച്യുതന്റെ ശബ്ദത്തിൽ നിരാശയും സങ്കടവും അലിഞ്ഞിരുന്നു.

നിഷ, അരുണിമയെ ചേർത്തുനിർത്തി.

“ഇവളും അതു തന്നെയാ പറഞ്ഞത് – പക്ഷേ ഇപ്പോഴത്തെ -നാട്ടുകാരെ പറ്റി മോൻ ഓർക്കണമായിരുന്നു.

അവർക്ക് ഇങ്ങിനെ പിടിക്കുന്നവരുടെ കല്യാണം നടത്തിക്കൊടുക്കാൻ വല്ലാത്ത ഉത്സാഹമാണ് “

ഒന്നും പറയാനില്ലാതെ അച്യുതൻ നിഷയെയും നിമിഷയെയും, അരുണിമയെയും മാറി മാറി നോക്കി.

” നടന്നതു നടന്നു അച്ചൂ, ഇനി അതിനെ പറ്റി ഓർത്തിട്ട് കാര്യമില്ല. ഇനി നിനക്ക് ഓർക്കുവാനുള്ളത് ഇവളെ കുറിച്ച് മാത്രം:

അരുണിമയെ അവന്റെ മുന്നിലേക്ക് നീക്കി നിർത്തി നിമിഷ.

” ഡിഗ്രികംപ്ലീറ്റ് ചെയ്യാതെ ഉഴപ്പനായി നടന്ന്, കണ്ട കൽവർട്ടിലും, പാടത്തും ഇതുവരെ നീ സമയം കളഞ്ഞില്ലേ?ഇനി അതിനൊരറുതി വേണം”

നിഷചേച്ചി പറയുന്നതെന്താണെന്ന് മനസ്സിലാവാതെ അച്ചു, അവളെ നോക്കി;

“നാളെ തൊട്ട് നീ അച്ഛന്റെ വർക്ക് ഷാപ്പിലേക്ക് പോകണം”

നിഷ പറഞ്ഞത് കേട്ട് ഇടിവെട്ടേറ്റത് പോലെയായി അച്ചുവിന്.

” ചേച്ചീ “

അവന്റെ വിളി ദയനീയമായിരുന്നു.

“ഇതു വരെ നിനക്ക് ഉണ്ണാനും ഉടുക്കുവാനും അച്ഛൻ തന്നില്ലേ? ഇവൾക്കും അച്ഛൻ കൊടുക്കും -പക്ഷേ അത് നിനക്ക് നാണക്കേടാ “

അച്ചു അരുണിമയെ നോക്കി പതിയെ പല്ലിറുമ്മി.

” നീ അവളെ പേടിപ്പിക്കണ്ട. സ്വന്തം ഭാര്യയ്ക്ക് ചിലവിന് കൊടുക്കാൻ കഴിയാത്തവൻ ആണാണെന്നും പറഞ്ഞ് മീശയും വെച്ചു നടന്നിട്ടു കാര്യമില്ല “

” അപ്പോൾ പറഞ്ഞതുപോലെ അനിയൻകുട്ടാ – നാളെ തൊട്ട് യുiദ്ധക്കളത്തിലിറങ്ങിക്കോ?”

നിഷയും നിമിഷയും അതു പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ, അരുണിമ അച്യുതനെ നോക്കി പുഞ്ചിരിച്ചു.

മാനത്തെ ചന്ദ്രികയുടെ ചേലുള്ള പുഞ്ചിരി.

പിറ്റേന്ന് പ്രഭാതത്തിൽ, അച്ഛനൊപ്പം പണിക്കു പോകുന്ന അച്യുതനെ നോക്കി അരുണിമ വിഷമത്തോടെ നിന്നു.

“നാത്തൂൻ വിഷമിക്കണ്ട – അവന് നന്നാവാനുള്ള സമയം ഇപ്പോഴാണ് വന്നത്?”

അരുണിമയെ ചേർത്തുനിർത്തിക്കൊണ്ടു നിഷയത് പറയുമ്പോൾ,നിമിഷയും അങ്ങോട്ടേയ്ക്ക് വന്നു.

“ഇന്നു തന്നെ അരുണിമ മോളെയും കൊണ്ട് പോയി ടൗണിൽ നിന്ന് കുറച്ച് ഡ്രസ്സെടുക്കണം മോളെ “

നിഷയോട് അത് പറഞ്ഞ് മരുമകളെ തഴുകുന്ന അമ്മയെ കണ്ടപ്പോൾ അരുണിമ സന്തോഷത്തോടെ കരഞ്ഞു.

ആ സമയം നാത്തൂന്റെ കണ്ണീർ തുടച്ചു കൊടുക്കുവാനുള്ള തിരക്കിലായിരുന്നു നിഷയും,നിമിഷയും.

Leave a Reply

Your email address will not be published. Required fields are marked *