കുശുമ്പിപ്പെണ്ണ്
Story written by Adarsh Mohanan
“ടീ കറുമ്പി എവിടേക്കാ ഈ ഓടിപ്പോണേ നിന്റെ ആരേലും അവിടെ ചാകാൻ കിടക്കുന്നുണ്ടോ?”
എന്റെ വിളി കേട്ടപ്പോളേക്കും അവളുടെ കറുത്ത മുഖം ഒന്നൂടെ കറുപ്പിച്ചു കൊണ്ടവളെന്നെയൊന്നു നോക്കി
” ദേ ഉണ്ണിയേട്ടാ എന്നെ കറുമ്പീന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ “?
പിണങ്ങി നിക്കുമ്പോഴും അവളുടെ നുണക്കുഴിക്കവിൾ കാണാൻ നല്ല ചേലാണ് അതുകൊണ്ടുതന്നെ ഇടയ്ക്കിടെയവളെ ചൊടിപ്പിക്കുക എന്നത് എന്റെയൊരു വിനോദമായിരുന്നു
മുഖത്തടിച്ചോണം നിന്റെ മുഖം കണ്ടിട്ട് നിന്നെ മദ്ദാമയെന്ന് വിളിക്കാനെനിക്ക് തോന്നണില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ മോന്തായം കേറ്റിപ്പിടിച്ചു തിരിഞ്ഞു നടക്കുകയാണവൾ ചെയ്തത്
പിറകെ നടന്ന് കുത്തിക്കുത്തിയവളെ നോവിക്കുമ്പോഴും മനസ്സറിയാതെ അവൾക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു ഞാൻ , അല്ല അവളിലേക്ക് പതിയെ ചലിക്കുകയായിരുന്നെന്റെ മനസ്സ് അവളറിയാതെത്തന്നെ
കുട്ടിക്കാലം മുതലെ അവളെ കളിയാക്കുക എന്നത് എന്റെ ജീവിതത്തിലെ ഒരു ഭാഗമായി മാറിയിരുന്നു. ഒരുപാടു വേദനിപ്പിച്ചിട്ടും ഇന്നേവരെയൊന്ന് പരാതി പറഞ്ഞിട്ടില്ല യവൾ ഉണ്ണിയേട്ടാ എന്നും വിളിച്ചു വിരലിൽത്തൂങ്ങി നടക്കണ ഒരു പൊട്ടിപ്പെണ്ണു തന്നെയാണവളിന്നും
എനിക്കറിയാം ഇന്നേവരെയെന്നോടവൾ തുറന്നു പറഞ്ഞിട്ടില്ലേലും അവൾക്ക് ഞാനെന്നു വെച്ചാൽ ജീവനാണെന്ന് ,അവൾ പറയാതെ തന്നെ ഞാൻ വായിച്ചെടുത്തിട്ടുണ്ടാ മുഖത്തു നിന്നും അവൾക്കെന്നോടുള്ളയാ തീവ്ര പ്രണയത്തെ
എല്ലാം കണ്ടില്ലെന്നു നടിച്ചും അറിയാ ഭാവത്തിൽ ഞാൻ പെരുമാറിയതുമെല്ലാം അവളുടെ വായിൽ നിന്നു തന്നെയത് കേൾക്കാൻ വേണ്ടിയായിരുന്നു
കുട്ടിക്കാലത്തും അഞ്ഞിനം കുഞ്ഞിനം കളിക്കുമ്പോൾ കള്ളനും പോലിസും കളിക്കുമ്പോൾ കൂട്ടുകാരിയായ സുന്ദരിമാളൂന്റെ സൈഡ് പിടിക്കാറുള്ളപ്പോഴും അവളോടടുത്തിടപഴകി പെരുമാറാറുള്ളപ്പോഴും എന്റെ കറുമ്പിപ്പെണ്ണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കാറുണ്ട്
ഉത്സവപ്പറമ്പിൽ എന്റെ കൈയ്യിൽത്തൂങ്ങി ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെയവളെന്നോട് ഒട്ടി നിരങ്ങി നടക്കുമ്പോൾ പൂരപ്പറമ്പിലെ തരുണീമണികൾക്ക് നേരെയെന്റെ ദൃഷ്ട്ടി പതിയാറുള്ളപ്പോഴൊക്കെ എന്റെയുള്ളം കൈയ്യിലവളുടെ കട്ടപ്പല്ലിന്റെ ദൃംഷ്ടകൾ ആഴ്ന്നിറങ്ങാറുണ്ട്
കോളേജിലെ യുവ സുന്ദരിമാരെക്കുറിച്ച് എപ്പോഴും ഞാനവളോട് വാതോരാതെ സംസാരിച്ചിട്ടുള്ളപ്പോഴൊക്കെ അവരെയൊക്കെ ആവോളം കുശുമ്പു കുത്തിയിട്ടെന്റെ നെഞ്ചത്തവളുടെ ഇളം കൈകളാൽ ആഞ്ഞടിക്കുമ്പോഴും ആ കുശുമ്പിപ്പെണ്ണിന്റെ കണ്ണിൽ നിറയെ എന്നോടുള്ള പ്രണയം മാത്രമായിരുന്നു
എല്ലാം വൈകിപ്പോയെന്ന തോന്നലിലും അവസാനമവളെന്നോടെല്ലാം തുറന്നു പറയുമെന്ന് പ്രതീക്ഷിച്ചതെല്ലാം വെറുതെയായി
കൂടെപ്പടിക്കുന്ന ഒരു പെൺകുട്ടിയുമായി എന്റെ വിവാഹമുറപ്പിച്ചെന്നവളോട് ഞാൻ പറയുമ്പോളും ഒരു കുലുക്കവുമില്ലാതെയെന്നോട് എന്റെ ഭാവി ജീവിതത്തിനു ആശംസകൾ നേരുകയാണവൾച്ചെയ്തത്
ഇന്ന് ഞാൻ അമൃതയുമായി സംസാരിച്ചു നിൽക്കുമ്പോൾ വിദൂരതയിൽ നിന്നുമവളെന്നെ നിസ്സഹായതയോടെ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ ഞാനറിയാതെത്തന്നെ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, ഒന്നും വേണ്ടിയിരുന്നില്ല എന്ന കുറ്റബോധമായിരുന്നു മനസ്സിൽ
അടുത്തേക്ക് നടന്നടുത്ത അവളോട് ഇതാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് എന്നു പറഞ്ഞപ്പോൾ എന്റെ തൊണ്ടയൊന്നു ഇടറി.
എനിക്കറിയാം എന്നെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിത്തന്നെയാണ് അവൾ ഞങ്ങളോട് ഭാവവ്യത്യാസമില്ലാതെ പെരുമാറിയത്.
പുഞ്ചിരി ഫലിപ്പിച്ച അവളുടെ മുഖത്തിലും നെഞ്ചകം വിങ്ങിപ്പൊട്ടുന്ന ഉള്ളിലെ വേദന വായിച്ചെടുക്കാനെനിക്ക് അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ലായിരുന്നു
സംസാരമെല്ലാമവസാനിപ്പിച്ച് അവളോടിപ്പോയത് കുളക്കടവിലെ പടവിലേക്കാണ്, എന്നും വിഷമം വരുമ്പോളവൾ അവിടെച്ചെന്നിരിക്കും എന്നിട്ടാ വിഷമങ്ങളെല്ലാം പുള്ളിച്ചിറകുള്ള പരൽ മീനിനോട് പങ്കുവെയ്ക്കാറുണ്ടവൾ
അന്നും ഉരുളൻ കല്ലുകൊണ്ടാ കുളത്തിലെറിഞ്ഞു കൊണ്ട് ഓളമുണ്ടാക്കിക്കൊണ്ട് ഞാനവളെ കളിയാക്കാറുണ്ട് .
അപ്പോഴൊക്കെ അവളുടെ നിറഞ്ഞ കണ്ണിലൊരു പുഞ്ചിരി വിടരാറുണ്ട് എന്റെ സാമിപ്യമവളിൽ ആനന്ദമുണർത്താറുണ്ടെന്ന പോലെ
അന്നു ഞാൻ തിരിച്ചറിയാറുണ്ട് എന്നെ യവളെത്രത്തോളം സ്നേഹക്കുന്നുണ്ടെന്ന്
ഇന്നവൾ കുളപ്പടവിൽ കാലിട്ട് ചെറുമീനുകളോട് പരിഭവം പറയുന്നേരം അമൃതയേയും കൂട്ടിയാണ് ഞാനവിടേക്ക് ചെന്നത് . പതിവുപോലെ ഞാനാ ഉരുളൻ കല്ലെടുത്ത് കുളത്തേക്കെറിയുമ്പോഴും വിഷാദ ഭാവം പൂണ്ടിരുന്ന അവളുടെ മുഖം ആനന്ദത്താൽ വെട്ടിത്തിളങ്ങുന്നത് ഓളം തല്ലിയ അവളുടെ മങ്ങിയ പ്രതിബിംബത്തിൽ നിന്നും ഞാൻ കണ്ടു
പ്രതീക്ഷയോടെയവൾ മുഖം വെട്ടിത്തിരിച്ചപ്പോൾ എന്റെ കൂടെ അമൃതയെ കണ്ടപ്പോൾ ആ മുഖം വീണ്ടും നിരാശയിലാണ്ടു പോവുകയാണുണ്ടായത്
പതിവു മുടക്കാതെ അന്നും ഞാനവളെ കളിയാക്കിയെന്തൊക്കെയോ പറഞ്ഞു. ശവത്തേൽ കുത്തി മതിയായില്ലേ എന്ന മട്ടിലവളൊന്ന് തിരിഞ്ഞു നോക്കി,
അപ്പോഴും മുഖത്തോട് മുഖം നോക്കി ഞാനും അമൃതയും പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അവളിലെ ചങ്കിടിപ്പ് കൂടി വരികയാണുണ്ടായത്
” ഹോ ഇത്രക്ക് വാശിപാടില്ല പെണ്ണുങ്ങൾക്ക് ” എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മുഖത്തേക്കവളൊന്നു നോക്കി
ഞാൻ മെല്ലെയവളുടെ അരികിലേക്ക് നടന്നടുക്കുമ്പോഴും അവൾ അമൃതയെത്തന്നെ തുറിപ്പിച്ചു നോക്കുന്നുണ്ടായിരുന്നു
അമൃതയപ്പോഴും ചിരി നിർത്തിയിരുന്നില്ല കാര്യം മനസ്സിലാകാതെ നിന്ന അവളുടെ കവിളിൽ ഞാനൊന്നു നുള്ളി
“എടി പോർക്കേ ഇഷ്ട്ടമാണെന്ന് നിന്റെ വായിൽ നിന്നും കേൾക്കാൻ വേണ്ടിയായിരുന്നു ഈ നാടകമൊക്കെ ” എന്നു ഞാൻ പറഞ്ഞപ്പോൾ അവളെന്റെ നെഞ്ചിൽ കൂട്ടിൽ തബലത്താളമടിച്ചു കൊണ്ട് എങ്ങുന്നുണ്ടായിരുന്നു.
എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കൈകളാലവളെ വരിഞ്ഞു മുറുക്കാൻ ശ്രമിച്ചപ്പോൾ അവൾ എന്നിൽ നിന്നും കുതറി മാറി
എന്തെ നീയെന്നോട് ഇതുവരെ ഇഷ്ട്ടം പറഞ്ഞില്ല എന്ന എന്റെ ചോദ്യത്തിന്
ഞാൻ കറുത്തതല്ലേ ഉണ്ണിയേട്ടാ ഉണ്ണിയേട്ടന് എന്നേക്കാൾ നല്ല പെണ്ണു കിട്ടുമെന്ന് കരുതിയിട്ടാണെന്നായിരുന്നു ഈ കറുത്തവളെ കൂടെക്കൂട്ടിയേന് ഏട്ടനെ ആരേലും പഴിക്കണ കേട്ടാൽ അതെനിക്ക് താങ്ങാനാവില്ലെന്നായിരുന്നു അവളുടെ മറുപടി
അവളുടെ വാക്ശരങ്ങൾ തറച്ചത് എന്റെ ഇടനെഞ്ചിലായിരുന്നു, മെല്ലെയവളെ ചേർത്തു പിടിക്കുമ്പോഴും എന്റെ കണ്ണിലാകെ നനവു പടർന്നിരുന്നു , ഒപ്പം ആ കരിമഷിക്കവിളിലെ ഉപ്പുരസത്തോട് ചുണ്ടമർത്തിക്കൊണ്ട് മെല്ലെയവളോടോതി എനിക്കെന്റെ ജീവനേക്കാളധികം ഇഷ്ട്ടമാണീ കറുമ്പിപ്പെണ്ണിനെ എന്ന്
തേങ്ങലോടെയെന്റെ മാറിലേക്കണഞ്ഞ എന്റെ കറുമ്പിയെ ഒന്നൂടെ ഞാനൊന്നു വരിഞ്ഞു മുറുക്കി അപ്പോഴും എന്റെ മനസ്സെന്നോട് ആവർത്തിച്ചാവർത്തിച്ച് മന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു നിനക്കു വേണ്ടിയീ ലോകത്ത് ഈ കറുമ്പിയേക്കാൾ നല്ല പെണ്ണ് ഈ കറുമ്പി തന്നെയാണെന്ന് ഇനിയുള്ള കാലം ഈ കറുമ്പി തന്നെയായിരിക്കും ജീവിതത്തിലുടനീളം പ്രാണന്റെ പാതിയായി ഉണ്ടാവുകയുള്ളോ എന്ന്.