പിന്നീട് എപ്പോഴോ അവർ വരാതായി. കുറെ മാസങ്ങൾക്ക് ശേഷം വിവാഹത്തിന് ക്ഷണിക്കാനായി, അവർ ആശുപത്രിയിൽ തന്നിരിക്കുന്ന മേൽവിലാസത്തിൽ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടെത്താനായില്ല…….

കാട്ടുപെണ്ണ്.

എഴുത്ത്:-അഞ്ജു തങ്കച്ചൻ

വിളഞ്ഞു കിടക്കുന്ന വയലേലകളിലെങ്ങും പോക്കുവെയിൽ പലതരം വർണ്ണം വാരിവിതറിയിട്ടുണ്ട്.

അകലെ തലയുയർത്തി നിൽക്കുന്ന ഗിരിനിരശൃംഗങ്ങൾ മഞ്ഞിന്റെ പുതപ്പിനടിയിൽ പാതി മയക്കത്തിലായിരുന്നു. മേഘങ്ങളെ ചുംiബിച്ച്, ചുംiബിച്ചു, തഴുകി മതിയാവാതെയെന്നോണം തെന്നൽ നൈരാശ്യത്തോടെ പാറിനടപ്പാണ്.

പൊള്ളിയടർന്ന മണ്ണിന്റെ മേനിയിലിലേക്ക്എ പ്പോഴോ പെയ്ത വേനൽ മഴ പ്രണയത്തിന്റെ ബീ iജ വിത്തെറിഞ്ഞതിനാലാവണം മണ്ണിലെങ്ങും പുതുനാമ്പുകൾ വളർന്നിട്ടുണ്ട്. കുളിരിൽ കുതിർന്ന് നനഞ്ഞു കിടക്കുന്ന മണ്ണിനപ്പോൾ ഋതുമതിയുടെ ചേലാണ്.

ഇണചേർന്ന് തമ്മിൽ പിണഞ്ഞു കിടക്കുന്ന നാഗങ്ങളെ പോലെ, ചുറ്റിപ്പിണഞ്ഞു മരത്തിൽ പടർന്നവള്ളിപടർപ്പു നിറയെ ചെറിയ ചുവന്ന പൂക്കൾ.. അതങ്ങനെ കാറ്റിന്റെ താളത്തിൽ ചാഞ്ചാടുന്നുണ്ട്.

നടന്നു തളർന്ന പാദങ്ങൾ പെറുക്കിവെച്ചെന്ന പോലെ ഡോക്ടർ ഗുപ്തൻ ഇടുങ്ങിയ വഴിയിലൂടെ നടന്നു. നേരം വൈകും മുൻപ് മുത്തൻ മലയുടെ താഴ്വരയിലെ ചെമ്പന്റെ കുടിയിലെത്തണം.

അയാൾ നടത്തം ഒന്നുകൂടി വേഗത്തിലാക്കി ഇടവഴിയിൽ നിന്ന് ഒരു ചാവാലിപ്പട്ടി തന്നെ രൂക്ഷമായ് നോക്കുന്നുണ്ട്. തോട്ടപ്പുഴുവിന്റെ കടിയേറ്റ് വെളുത്ത കണങ്കാലിലൂടെ കൊഴുത്ത ചോരയൊഴുകി കാലുകൾ വല്ലാതെ വഴുക്കുന്നുണ്ട്. തൊണ്ട വരളുന്നതു പോലെ അയാൾക്ക്‌ തോന്നി , അൽപ്പം അകലെയായ് കുസൃതി നിറച്ച് ഓടുന്ന കാട്ടരുവിയിൽ നിന്നും അയാൾ വെള്ളം കുടിച്ചു. ചോര ഒഴുകുന്ന കാലുകൾ വെള്ളത്തിലേക്ക് നീട്ടി വെച്ച് അയാൾ അല്പം വിശ്രമിച്ചു. ഓർമ്മകൾ തേരട്ടയെ പോലെ ഇഴഞ്ഞുകയറി തുടങ്ങിയിരിക്കുന്നു.

രണ്ടു വർഷങ്ങൾക്ക് മുമ്പ്. താൻ ജോലി ചെയ്യുന്ന ആശുപത്രി ഉടമയുടെ മകൾ സാന്ദ്രയുമായ് തന്റെ വിവാഹനിശ്ചയം നടന്ന ദിവസം, വീട്ടുകാർ നിശ്ചയിച്ച വിവാഹം ആയതിനാലും, ഹോസ്പിറ്റൽ ഉടമയുടെ മകൾ ആയതിനാലും തനിക്ക് സാന്ദ്രയോട് ഇഷ്ട്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാലും തന്റെ മനസ്സിലെ സങ്കല്പം അത്രയും മോഡേൺ ആയ ഒരാൾ ആയിരുന്നില്ല എന്നത് സത്യമായിരുന്നു.

മോതിരം മാറ്റം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ അനിയൻ കണ്ണന് അസുഖം മൂർച്ഛിച്ചത്ക രൾ രോഗത്തെതുടർന്ന് ഡയാലിസിസ് ചെയ്തു ജീവൻ നിലനിർത്തുന്ന അവനു കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു.
അവനു കരൾ പകുത്ത് നൽകാൻ തനിക്ക് സമ്മതമായിരുന്നു. കരൾ മാത്രമല്ല എന്റെ ജീവൻ വേണമെങ്കിൽ അത് കൂടി കൊടുക്കാൻ തനിക്ക് സമ്മത മായിരുന്നു. പക്ഷെ തന്റെ കരൾ അവനു യോജിക്കുന്നതായിരുന്നില്ല.

മറ്റൊരു വഴിയും ഇല്ലാതിരുന്നപ്പോഴാണ്, ഭൂമിയിൽ വന്നിറങ്ങിയ മാലാഖയെ പോലെ ഒരു പെൺകുട്ടി വന്നതും കരൾ പകുത്തു തന്നതും.

കാർത്തു, അതാണവളുടെ പേര്. അവളുടെ കൂടെ സാധുവായ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എണ്ണ കറുപ്പിന്റെ നിറമായിരുന്നു അവൾക്ക്.

ഇത്ര ചെറുപ്രായത്തിൽ തന്നെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ അവൾ കാണിച്ച ധൈര്യത്തിൽ എനിക്ക് അവളോട്‌ ആരാധന തോന്നി. അപ്പോഴാണ് സുഹൃത്തായ ഡോക്ടർ വിവേക് പറഞ്ഞത് അവൾ പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന്, അവൾക്ക് അച്ഛൻ മാത്രമേ ഉള്ളൂ എന്നും ഹൃദ്രോഗിയായ അച്ഛന്റെ ജീവൻ രക്ഷിക്കാൻ അവളുടെ അച്ഛന്റെ മുഴുവൻ ചികിത്സാചെലവും ഹോസ്പിറ്റൽ ഉടമയായ സാന്ദ്രയുടെ അച്ഛൻ ചന്ദ്രശേഖരൻ ഏറ്റെടുത്തതു കൊണ്ടാണ് അവൾ കരൾ പകുത്ത് തന്നതെന്നും, അത് കേട്ടപ്പോൾ ഉള്ളിലെന്തോ വല്ലാത്ത വേദന തോന്നി.

രോഗത്താൽ വലഞ്ഞ അച്ഛന്റെ ചികിത്സ നടക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകിയ അവളോട് എനിക്ക് വല്ലാത്തബഹുമാനം തോന്നി.

മൂന്നുമാസത്തെ വിശ്രമത്തിനായി അവൾക്കും അവളുടെ അച്ഛനും ഹോസ്പിറ്റലിന്റെ അടുത്തു തന്നെ താമസസൗകര്യം ഏർപ്പാടാക്കി കൊടുത്തത് തന്റെ അച്ഛനും അമ്മയും ആണ്. ഇടയ്ക്കിടെ അവളുടെ കാര്യങ്ങൾ അച്ഛനും അമ്മയും പോയി അന്വേഷിക്കാറുമുണ്ടായിരുന്നു.

മകന്റെ ജീവൻ രക്ഷിച്ചതുകൊണ്ട് മാത്രമായിരുന്നില്ല അത് , ലോകം കാണാത്ത രണ്ടു നിഷ്കളങ്ക ജന്മങ്ങളെ സഹായിക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടും കൂടിയായിരുന്നു.

വിശ്രമജീവിതം കഴിഞ്ഞു അവർ അവരുടെ നാട്ടിലേക്ക് മടങ്ങിയെങ്കിലും, അവളുടെ അച്ഛന്റെ തുടർചികിത്സയ്ക്കായി ഇടക്കിടെ അവർ ഹോസ്പിറ്റലിൽ വരാറുണ്ടായിരുന്നു.

അപ്പോഴെല്ലാം താനവരെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകും.

അതൊന്നും സാന്ദ്രക്കു തീരെ ഇഷ്ട്ടപ്പെടുന്നുണ്ടായിരുന്നില്ല. എന്നാലും തന്റെ അനിയൻ കണ്ണനെ രക്ഷിച്ചവരോട് അങ്ങനെ തീരുമോ തന്റെ കടപ്പാട്?

കറുപ്പൻ എന്ന അവളുടെ അച്ഛൻ ബീഡിക്കറ പുരണ്ട കറുത്ത പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിക്കാറുണ്ടെങ്കിലും, അയാളുടെ മുഖത്ത് എപ്പോഴും വിഷാദം നിറഞ്ഞുനിന്നിരുന്നു. അയാളുടെ ചികിത്സയ്ക്കായി പൊന്നുമോളുടെ ശരീiരം കീiറിമുlറിക്കേണ്ടി വന്നുവെന്നും പറഞ്ഞു അയാൾ ചിലപ്പോഴെല്ലാം എണ്ണി പ്പെറുക്കി കരയും, അസ്ഥികൾ എഴുതുന്ന നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നത് തനിക്ക് കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല.

പെൺകുട്ടിയുടെ മുഖത്ത് പക്ഷേ ഇപ്പോഴും പുഞ്ചിരിയാണ് തന്നെ കാണുമ്പോഴെല്ലാം വിനയാന്വിതയായി അവൾ, ഡോക്ടറുടെ അനിയന് ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കും. അവളുടെ സംസാരം എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും, സംസാരിച്ചു കഴിയുമ്പോൾ ഇനിയുമിനിയും സംസാരിക്കൂഎന്ന് പറയാൻ തോന്നും അത്രയേറെ നിഷ്കളങ്കവും, കാതിനിമ്പം പകരുന്നതായിരുന്നു അവളുടെ സംസാരം.

കറുപ്പന്റെ ചികിത്സയ്ക്കായി അവർ വരുമ്പോഴെല്ലാം താൻ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടു പോകും.

തന്റെ അമ്മ അവളുടെ കറുത്തിരുണ്ട നീണ്ട മുടി ചീകി ഒതുക്കി കൊടുക്കും, പെൺകുട്ടികൾ നന്നായി അണിഞ്ഞൊരുങ്ങി നടക്കണമെന്നും പറയും, പെൺകുട്ടികളോട് അമ്മയ്ക്ക് വല്ലാത്ത ഇഷ്ടമാണ്.

അവളുടെ നീലക്കൽ മുക്കുത്തി മാത്രം മതിയായിരുന്നു അവളുടെ അഴക് വർധിപ്പിക്കാൻ.വയലറ്റ് നിറം പടർന്ന ചുണ്ടുകൾക്കിടയിൽ വെളുത്ത നിരയൊത്ത കുഞ്ഞി പല്ലുകൾ കാണിച്ച്‌ അവൾ ചിരിക്കുമ്പോൾ ഏതൊരഴകാണ്. സുന്ദരിയാണെന്ന് പറയുമ്പോഴൊക്കെ മെലിഞ്ഞുനീണ്ട കൈവിരലുകൾ കൊണ്ട് അവൾ നാണത്തോടെ മുഖം പൊത്തും.

അപ്പോൾ കറുപ്പന്റെ മുഖത്തെ സന്തോഷത്തിരയിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്, അയാളപ്പോൾ പറയും എന്റെ ഭാര്യ രേവമ്മയെ പോലെയാണ് അവളെന്ന് . ഇവളെ എനിക്ക് തന്നിട്ട് എന്റെ രേവമ്മ അങ്ങ് പോയി എന്നും പറഞ്ഞു സങ്കടം മറച്ചു പിടിച്ചു മുഖത്ത് സന്തോഷം വരുത്തി ചിരിക്കും.

പതിയെ അവർ ഞങ്ങളുടെയെല്ലാം ഹൃദയത്തിൽ കയറി എന്ന് പറയുന്നതാവും ശരി.

സാന്ദ്രയുമായി നിന്റെ വിവാഹം ഉറപ്പിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങളിവളെ ആർക്കും കൊടുക്കില്ലായിരുന്നു എന്ന് അച്ഛനുമമ്മയും പറഞ്ഞപ്പോൾ സത്യത്തിൽ തന്റെ മനം തുടിക്കുകയായിരുന്നു.

നാണം വരുമ്പോൾ അവളുടെ നീണ്ട വിടർന്ന മിഴികൾ പരൽ മീനിനെ പോലെ പിടക്കുന്നതു കാണാൻ തനിക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. പക്ഷെ തന്റെ ഉള്ളിലെ ഇഷ്ട്ടം താൻ മറച്ചു പിടിച്ചു, എന്നതാണ് സത്യം. സാന്ദ്രയും ഒരു പെണ്ണാണ് തന്റെ വധു ആകാൻ കാത്തിരിക്കുന്ന സാന്ദ്രയെ വിഷമിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല.

കാർത്തുവും കറുപ്പനും തന്റെ വീട്ടിൽ വരുന്നത് സാന്ദ്രക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ മിക്കവാറും സാന്ദ്ര വല്ലാതെ ദേഷ്യപ്പെടും അപ്പോഴെല്ലാം അവളുടെ പച്ച കണ്ണുകളിൽ ക്രോധം എരിയുകയും, ചുവന്നുതുടുത്ത ആപ്പിളുകൾ പോലുള്ള കവിളുകൾ വിറക്കുകയും ചെയ്യും.

അവർ ആശുപത്രിയിൽ വന്നിട്ട് പൊയ്ക്കോളും , അവരെ ഗുപ്തൻ വീട്ടിൽ കൊണ്ടുപോകേണ്ട കാര്യമൊന്നും ഇല്ല, ആ കിളവന് ഫ്രീ ആയി ചികിത്സ കൊടുക്കുന്നുണ്ടല്ലോ അതുപോരെ, കാട്ടുവാസികൾ എന്നൊക്കെ പറഞ്ഞ് സാന്ദ്ര അവരെ അധിക്ഷേപിക്കും.

കറുപ്പന്റെ ചികിത്സമുടങ്ങണ്ട എന്ന് കരുതി, താൻ അവളോട്‌ ഒന്നും തിരിച്ചു പറഞ്ഞില്ല.

പിന്നീട് എപ്പോഴോ അവർ വരാതായി. കുറെ മാസങ്ങൾക്ക് ശേഷം വിവാഹത്തിന് ക്ഷണിക്കാനായി, അവർ ആശുപത്രിയിൽ തന്നിരിക്കുന്ന മേൽവിലാസത്തിൽ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടെത്താനായില്ല.

പിന്നീടാണ് തനിക്കറിയാൻ ആയത് സാന്ദ്രയുടെ അച്ഛൻ ചന്ദ്രശേഖരൻ, കറുപ്പന് ഇനി ഇവിടെ ചികിത്സ നൽകാനാവില്ലെന്ന് പറഞ്ഞു അവരെ ആട്ടിപ്പായിച്ചു വെന്നും, ഏതോ വാഹനമിടിച്ച് കാർത്തുവിന് സാരമായ അപകടം പറ്റി, അവളുടെ ഇരു കാലുകളും തളർന്നു പോയെന്നും. പെട്ടെന്ന് അത് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി.

പക്ഷെ വിവാഹത്തലേന്ന് താനറിഞ്ഞു, ഏതോ വാഹനമല്ല സാന്ദ്രയുടെ വണ്ടിയാണ് കാർത്തുവിനെ ഇടിച്ചതെന്ന്, സാന്ദ്ര മനപ്പൂർവമാണ് ആ അപകടമുണ്ടാക്കിയത് എന്നറിഞ്ഞപ്പോൾ ആയിരുന്നു താൻ തകർന്നു പോയത്.

സാന്ദ്രയുടെ വീട്ടിലെത്തി അവളുടെ പേര് എഴുതിയ കയ്യിൽ കിടന്ന മോതിരം അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു താൻ ഇറങ്ങിപ്പോന്നു. ഒരാളെ കൊiല്ലാൻപോലും മനസുളള അവളോട്‌ തനിക്ക് വല്ലാത്ത അറപ്പും, വെറുപ്പായിരുന്നു.

പിന്നീടങ്ങോട്ട് താൻ കാർത്തുവിനെ തിരക്കി ഇറങ്ങുകയായിരുന്നു. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് അറിഞ്ഞത്, അവളുടെ അച്ഛൻ കറുപ്പൻ മരിച്ചുപോയെന്നും ചലനശേഷി നഷ്ടപ്പെട്ട അവളെ കറുപ്പന്റെ അകന്ന ബന്ധുവായ ചെമ്പനും ഭാര്യയും തങ്ങളുടെ കുടിയിലേക്ക് കൊണ്ടുപോയി എന്നും.

ഈ യാത്ര അവളെ കാണുവാനാണ്. തന്റെ കാർത്തുവിനെ.

ഗുപ്തൻ പതിയെ എഴുന്നേറ്റു.

ഇനിയങ്ങോട്ട് ചെങ്കുത്തായ കയറ്റമാണ്, അതിന് അപ്പുറത്താണ് ചെമ്പന്റെ കുടിയെന്നാണ് വഴി പറഞ്ഞു തന്ന ആദിവാസി യുവാവ് പറഞ്ഞത്. അല്പ ദൂരം മുന്നോട്ട് നടന്നപ്പോൾ കുറെ കുടിലുകൾ അടുത്തടുത്തായി കെട്ടിയിരിക്കുന്നത് കണ്ടു. കുടിലുകളുടെ മുന്നിൽ കൂട്ടം കൂടി ചെറിയ കുട്ടികൾ കളിക്കുന്നുണ്ട്.
അവരാണ് ചെമ്പന്റെ കുടിൽ കാണിച്ചു തന്നത്. പുല്ലു മേഞ്ഞ ചെറിയ കുടിലിന്റെ മുറ്റത്തിനു സൈഡിലായി കല്ലുകൾ കൂട്ടിവച്ചുണ്ടാക്കിയ അടുപ്പിനു മുന്നിൽ കുന്തിച്ചിരുന്ന് തീ പിടിപ്പിക്കുകയാണ് ഒരു വൃദ്ധ.

ഗുപ്തൻ പതിയെ മുരടനക്കി.

അവർ തിരിഞ്ഞു നോക്കി.

അവരുടെ മൂക്കിനു ഇരുവശത്തും വലിയ മൂക്കുത്തി, കൈകൾ നിറയെ വളകൾ അണിഞ്ഞിരിക്കുന്നു. ചപ്ര തലമുടി ഉച്ചിയിൽ കെട്ടിവച്ചിരിക്കുന്നു.മുറുക്കി ചുവന്ന ചുണ്ടുകൾ.

ആരാണ്?

ഞാൻ കാർത്തുവിനെ കാണാൻ വന്നതാണ്.

കുടിലിലേക്ക് കയറി ഇരിക്കു….അവർ പറഞ്ഞു.

തല മുകളിൽ ഇടിക്കാതെ അയാൾ അകത്തേക്ക് കുനിഞ്ഞു കയറി. മരത്തൂ ണുകൾ കുഴിച്ചിട്ട് താൽക്കാലികമായി ഉണ്ടാക്കിയ ചെറിയ കട്ടിൽ അവൾ കിടപ്പുണ്ട്, തന്റെ കാർത്തു….

എന്ത് ചെയ്യാനാ ചെറുപ്രായത്തിൽ തന്നെ ഇരുകാലുകളും തളർന്നുപോയി. ആരും ഇല്ലാത്ത അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു. മക്കളില്ലാത്ത ഞങ്ങൾക്ക് മലദൈവം തന്നതാണ് ഇവളെ. കാട്ടുമൂപ്പന് വൈദ്യം അറിയാം, മൂപ്പൻ ചില ചികിത്സാവിധികൾ ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് അതൊക്കെ മുടങ്ങാതെ ചെയ്യുന്നുമുണ്ട്, എനിക്ക് ഉറപ്പാണ് എന്റെ കുട്ടി നടക്കും.വൃദ്ധ പറഞ്ഞു.

അയാൾ അവളുടെ നിറുകിൽ തലോടി.

ജീവിച്ചു മടുത്തു മരണം കാത്തു കിടക്കുന്ന ഒരുവളെ പോലെ അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞുനിന്നിരുന്നു.

ഞാനിവളെ കൊണ്ടുപോകാനാണ് വന്നത്. ഗുപ്തൻ പറഞ്ഞു.

വൃദ്ധയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.

ഞാനെങ്ങോട്ടും വരുന്നില്ല. ഞാൻ ഇനി ഒരിക്കലും നടക്കില്ല, അവൾ പതിയെ പറഞ്ഞു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്നാരാണ് പറഞ്ഞത് ? നടക്കും….എനിക്ക് നിന്നെ വേണം എന്റെതായിട്ട്….അച്ഛനുമമ്മയും, കണ്ണനും നീ വരുന്നതും നോക്കിയിരിക്കുവാണ്.

അവളെ കൈകളിൽ കോരിയെടുത്തു പുറത്തേക്ക് നടക്കുമ്പോൾ.അവളുടെ മൂക്കിലെ നീലക്കൽ മൂക്കുത്തിയേക്കാൾ തിളക്കമായിരുന്നു അപ്പോളവളുടെ മാൻപേട മിഴികൾക്ക്.

                  *********

Related Posts

Leave a Reply

Your email address will not be published. Required fields are marked *