പിന്നീട് കടന്നുപോയ ദിവസങ്ങളിലെല്ലാം എനിക്ക് ഒരേ മുഖമായിരുന്നു. കൂട്ടുകാരെല്ലാം പേര് കൊടുത്തിട്ടും എനിക്കതിന് സാധിച്ചില്ല. അനിയത്തിയുടെ കാലിലെ പ്ലാസ്റ്ററ് ഇളക്കാനുള്ള നാളും വരാറായി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കാലു പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങി യെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് ഞാൻ അമ്മയോട് പറഞ്ഞത്. മറുപടിയെന്നോണം അടുപ്പത്തിരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. ഞാൻ അനുസരിച്ചു. ആ സാഹചര്യത്തിൽ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കുമായിരുന്നു…

ഈ വർഷത്തെ ടൂറിൽ വീഗാലാന്റുമുണ്ട്. അറിഞ്ഞപ്പോൾ തൊട്ട് എനിക്ക് ഇരുത്തം ഉറക്കുന്നില്ല. അന്നേ ദിവസം ബാഗുമായി ബസ്സിൽ കയറുന്നത് വരെ ഇനി ഉറക്കവുമുണ്ടാകില്ലെന്ന് എനിക്ക് തോന്നി. ആകാംഷയുടെ കൗമാരത്തിൽ ആയിരുന്നല്ലോ അന്നെന്റെ പ്രായം!

‘അമ്മേ… ആയിരം രൂപ’

അച്ഛൻ വരട്ടെടായെന്ന് പറഞ്ഞ് അമ്മ കുളിമുറിയുടെ കതക് അടച്ചു. അച്ഛനും കൂടി സമ്മതിക്കാതിരുന്നാൽ എന്തു ചെയ്യുമെന്നോർത്ത് അക്ഷമയോടെ ഞാൻ മുൻവശത്തെ പടിയിൽ കാത്തിരുന്നു. അച്ഛൻ സമ്മതിക്കും. സമ്മതിച്ചില്ലെങ്കിൽ തീർച്ചയായും ഞാൻ സമരം ചെയ്യും. ഒരു ഒത്തുതീർപ്പിനും ഞാനില്ല. പത്താം തരത്തിന്റെ മുക്കാലിൽ എത്തി നിൽക്കുന്ന എനിക്ക്, ഇത്തവണ എന്തുതന്നെ സംഭവിച്ചാലും ടൂറ് പോയേ പറ്റൂ.

ആറിൽ പഠിക്കുമ്പോഴൊരു വൺഡേ ടൂറ് പോയതൊഴിച്ചാൽ സ്കൂളിൽ നിന്ന് എവിടേക്കും ഞാൻ പോയിട്ടില്ല. ഇത്തവണ വീഗാലാന്റ് ഉൾപ്പടെ പിന്നേയും സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. വെള്ളച്ചാട്ടവും, മഞ്ഞുമൊക്കെ കണ്ടും കൊണ്ടും മൂന്ന് ദിവസം കഴിഞ്ഞേ തിരിച്ചു വരൂവെന്നാണ് ക്ലാസ്സ്‌ ടീച്ചർ പറഞ്ഞത്. താൽപര്യമുള്ളവർ ആയിരം രൂപയുമായി നാളെ പേര് കൊടക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് അമ്മയുടെ കാതുകളിലേക്ക് വിഷയമെത്തിച്ച് ഞാൻ ഇങ്ങനെ ചടഞ്ഞിരിക്കുന്നത്.

‘എന്താടാ ഈടെയിരിക്കുന്നെ?’

മുറ്റത്തേക്ക് എത്തിയപ്പോഴേ അച്ഛൻ ചോദിച്ചു. ടൂറു പോകാൻ ആയിരം രൂപ വേണമെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. തരാമെന്നോ ഇല്ലായെന്നോ അച്ഛൻ പറഞ്ഞില്ല. പകരം ഇതൊക്കെ അമ്മയുടെ കൈയ്യിൽ കൊടുക്കെന്ന് പറഞ്ഞ് തന്റെ കൈയ്യിലുണ്ടായിരുന്ന രണ്ട് സഞ്ചികൾ അച്ഛൻ എനിക്ക് തന്നു. എന്താണെന്ന് കൈകൾ കൊണ്ട് ഞെക്കി നോക്കിക്കൊണ്ടാണ് ഞാൻ അകത്തേക്ക് പോയത്.

‘എന്തായമ്മേ ഇതില്…?’

സഞ്ചി കൊടുക്കുമ്പോൾ അമ്മയോട് ഞാൻ ചോദിച്ചു. അത് നിന്റെ അനിയത്തിക്കുള്ളതാടായെന്ന് മാത്രമേ അമ്മ പറഞ്ഞുള്ളൂ. എന്തെങ്കിലു മാകട്ടെയെന്ന് കരുതി തലയിലേക്ക് വീണ്ടും ഞാനെന്റെ ടൂറ് നിറച്ചു. പോകണമെന്ന് അത്രയ്ക്കും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് കഴിക്കാനിരുന്ന അച്ഛനോട് വീണ്ടും ആയിരം രൂപയുടെ കാര്യം ഞാൻ പറഞ്ഞു. എപ്പോഴാണ് അടക്കേണ്ട അവസാന തീയതിയെന്ന് അച്ഛൻ ചോദിച്ചപ്പോൾ ഈ മാസം പത്തൊമ്പതിന് മുൻപേയെന്നും മൊഴിഞ്ഞു.

‘ഇനിയും പത്ത് ദിവസമുണ്ടല്ലോ… നോക്കാം..’

അങ്ങനെ കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. എന്നിരുന്നാലും പ്രതീക്ഷയോടെ ഞാൻ ആ യാത്രയെ ഓമനിച്ചു. ഉണർന്നിരിക്കുന്ന ഓരോ വേളയിലും കേട്ടറിഞ്ഞ വീഗാലാന്റിലെ സാഹസിക നിമിഷങ്ങളിൽ ഞാൻ ത്രസിച്ചു നിന്നു.

പിന്നീട് കടന്നുപോയ ദിവസങ്ങളിലെല്ലാം എനിക്ക് ഒരേ മുഖമായിരുന്നു. കൂട്ടുകാരെല്ലാം പേര് കൊടുത്തിട്ടും എനിക്കതിന് സാധിച്ചില്ല. അനിയത്തിയുടെ കാലിലെ പ്ലാസ്റ്ററ് ഇളക്കാനുള്ള നാളും വരാറായി. അതിനുപോലും വണ്ടി വിളിച്ച് പോകാൻ പണമില്ലെന്ന് അമ്മ ഒരുനാൾ പറയുകയും ചെയ്തു. ഒരു ഹോട്ടൽ ജീവനക്കാരനായ അച്ഛനെ കൊണ്ട് ഇതൊന്നും കൂട്ടിയാൽ കൂടുന്നതല്ലെന്ന് മനസിലാക്കാനൊന്നും എനിക്ക് അന്ന് സാധിക്കുന്നുണ്ടായിരുന്നില്ല.

നീയിങ്ങനെ കാലൊടിഞ്ഞ് കിടക്കുന്നത് കൊണ്ടാണ് എനിക്ക് ടൂറു പോകാൻ പറ്റാതെയിരിക്കുന്നതെന്ന് അനിയത്തിയോട് മിക്കപ്പോഴും ഞാൻ പറയാറുണ്ടായിരുന്നു. ആറിൽ പഠിക്കുന്ന ആ പാവത്തിന്റെ മുഖമപ്പോൾ വീർത്തുവരും. അതുകൊണ്ട് എന്നെ കാണുമ്പോഴൊക്കെ അവളുടെ തലയിപ്പോൾ തിരിയാറാണ് പതിവ്.

അങ്ങനെ ആയിരം രൂപ കൊടുത്ത് പേര് കൊടുക്കേണ്ട തീയതിയുടെ തലേന്നാളിലേക്കെത്തി. എല്ലാവരും കേൾക്കേ ഞാൻ എന്റെ തീരുമാനവും പറഞ്ഞു. ടൂറ് പോകാൻ പറ്റിയില്ലെങ്കിൽ പഠിക്കാനും പോകുന്നില്ലായെന്ന് ശബ്‌ദിച്ച് അന്നു ഞാൻ ഒന്നും കഴിച്ചില്ല. അനിയത്തിയുടെ കാലാണൊ, നിന്റെ കറക്കമാണോ വലുതെന്നൊക്കെ അമ്മ ചോദിക്കുന്നുണ്ടായിരുന്നു. വിങ്ങി നിന്ന എന്റെ കാതുകളിലേക്ക് അതൊന്നും എത്തിയില്ല. ഉറങ്ങുന്നതു വരെ ഞാൻ വാശിയിൽ തന്നെയായിരുന്നു.

പിറ്റേന്ന് ഞാൻ ഉണരുമ്പോഴേക്കും അച്ഛൻ പോയിരുന്നു. സ്കൂളിൽ പോടായെന്ന് പറഞ്ഞ് അമ്മ ഒച്ചവെച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ ഒരുങ്ങി. അപ്പോഴാണ് തലേന്നാളിലെ തീരുമാനം വീണ്ടുമെന്റെ തലയിലേക്ക് കയറുന്നത്.

ടൂറ് പോകാൻ പറ്റിയില്ലെങ്കിൽ സ്കൂളിലേക്കുമില്ലെന്ന് ഒന്നുകൂടി ഉറക്കെ പറഞ്ഞ് ഞാൻ ആ വാശിയിൽ തുടർന്നു. അതുകേട്ടപ്പോൾ നിനക്കുള്ള ആയിരം രൂപ നിന്റെ ബാഗിന്റെ അടിയിലുണ്ടെന്നായിരുന്നു അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. അതൊരു സ്വപ്നം പോലെയാണ് എന്റെ കാതിൽ പതിഞ്ഞത്! സ്വയം നുള്ളി നോക്കുന്നത് പോലെ എന്റെ ബാഗ് ഞാൻ പൊക്കി നോക്കി. സ്വപ്നമല്ല! നൂറും അമ്പതും പത്തുമൊക്കെ ചേർന്ന് ആയിരം തികച്ചുമുണ്ട്.

അനിയത്തിക്ക് ഭക്ഷണം കൊടുക്കുന്ന അമ്മയുടെ കവിളിൽ നുള്ളി ഞാൻ സന്തോഷം പ്രകടിപ്പിച്ചു. കുളി കഴിഞ്ഞ് അരി പൊങ്ങിച്ചതും കഴിച്ച് ഇറങ്ങുമ്പോഴാണ് ജയിച്ചത് നിന്റെ വാശിയല്ലായെന്ന് അമ്മ പറഞ്ഞത്. ഏട്ടന് ടൂറു പോകാൻ പറ്റിയില്ലെങ്കിൽ കാലിന്റെ പ്ലാസ്റ്ററിളക്കാൻ ആശുപത്രിയിലേക്ക് വരില്ലെന്ന് അനിയത്തി വാശി പിടിച്ചുവെത്രെ!

കിടക്കയിൽ ചാരിയിരിക്കുന്ന അനിയത്തിയുടെ മുഖത്തേക്ക് ഞാൻ നോക്കി. അവൾ ചിരിക്കുന്നു! സന്തോഷമായില്ലെ ഏട്ടായെന്ന് ചോദിക്കുന്നു! എന്തു പറയാൻ! ആ നിമിഷങ്ങളിൽ എനിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല…!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *