പൊട്ടിപ്പെണ്ണ്
Story written by Adarsh Mohanan
“ഇറങ്ങി വാടി മരം കേറി, നിന്റെ തൊടയടിച്ച് പൊളിക്കും ഞാനിന്ന് “
ചങ്കിന്റെ കൂടെ ബൈക്കിൽ ചുറ്റിക്കറങ്ങി നടക്കണേന്റെ ഇടേലാണ് ഞാനാ കാഴ്ച്ച കാണണത്, സത്യത്തിൽ അന്തം വിട്ടു കുന്തം വിഴുങ്ങിയോണം മിഴിച്ചു നിന്നു പോയ് ഞാനും അവനും, കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു . അതിനു ശേഷം വീണ്ടും ഞങ്ങളുടെ ശ്രദ്ധ ആ ഓടിട്ട വീടിനുമ്മറത്തെ മാവിൻ കൊമ്പിലേക്കൊന്നു പാളി,
ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണ് മരo കേറണത് കാണുന്നത്, എങ്കിലും വഴിയോരത്തെ പാത യാത്രക്കാർ അതൊന്നും ശ്രദ്ധിക്കാതെ നടന്നു നീങ്ങണ കണ്ടപ്പോൾ അതിശയം തോന്നിയിരുന്നു
കീഴെ ഒരു വൃദ്ധയായ സ്ത്രീ വീണ്ടും വീണ്ടും കിടന്ന് അലറി വിളിക്കുന്നുണ്ട്, എങ്കിലും അതൊന്നും അറിയാത്ത ഭാവത്തിൽ അവൾ മുകളിലിരുന്നാ ചെനച്ച മൂവാണ്ടൻ മാങ്ങ കാരിക്കാരിയിരിക്കുന്നുണ്ടായിരുന്നു
” കൊത്രാക്കൊള്ളി മുതലാ സാറെ, ഇങ്ങനെ നോക്കി നിക്കണത് കണ്ടാ മതി അവള് തൊള്ളേൽ തോന്നീതൊക്കെ വിളിച്ച് പറയും, നാറ്റക്കേസാണ് സാറെ അടുപ്പിക്കാൻ കൊള്ളത്തില്ല “
അയൽപ്പക്കക്കാരനായ ആ കാർന്നോർടെ സംസാരം കേട്ടപ്പോത്തന്നെ ചങ്ക് ബൈക്ക് സ്റ്റാർട്ടാക്കി
” മാങ്ങാണ്ടിക്ക് ഏറ് വാങ്ങണ്ടെങ്കിൽ കേറെട പൊട്ടാ, പോയിട്ട് വേറെ പണി ഉള്ളതാ”
അവനതു പറയുമ്പോഴും എന്റെ ശ്രദ്ധ അവളിലേക്ക് മാത്രമായിരുന്നു, ഒറ്റക്കാല് പൊക്കി പട്ടി മൂത്രമൊഴിക്കാൻ നിക്കണ പോലെ ബൈക്കിന്റെ പിറകിലത്തെ സീറ്റിനു കവച്ചു വെച്ചു കൊണ്ട് ഞാനവളെത്തന്നെ നോക്കി നിന്നു
മഞ്ഞക്കളറുള്ള ഒരു കുട്ടി ബെനിയനും ത്രീ ഫോർത്തുമായിരുന്നു അവൾ ഇട്ടിരുന്നത്, അലങ്കാരമായി അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല പുറത്തിന്റെ പകുതിയോളം മുടിയുണ്ടാകണം, ആ മുടി ചുരുട്ടിക്കൂട്ടി അലങ്കോലമായി പിറകിലേക്ക് കെട്ടിവെച്ചിട്ടുണ്ട്
മൂക്കിൻ തുമ്പത്ത് വലിപ്പമേറിയ മുക്കുത്തി, കാതിലവൾ തുരുതുരാ സ്റ്റെഡ് അടിച്ചിട്ടുണ്ട് ഒന്നിനു പിറകെ ഒന്നായിട്ടിങ്ങനെ ഒരേ നിരയിൽ
കഴുത്തിൽ സ്വർണ്ണമാലയില്ല പകരം വലിയ ഒറ്റരുദ്രാക്ഷം കറുത്ത ചരടിലിങ്ങനെ കോർത്തിട്ടേക്കുന്നു, അതിങ്ങനെ കാറ്റിലാടിക്കളിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു
തേപ്പൊന്നും കിട്ടിയിട്ടില്ലെങ്കിലും കല്യാണമേ വേണ്ടെന്ന് വച്ച് നടന്ന എന്റെയുള്ളിൽ മോഹങ്ങളുടെ വിത്ത് പാകിയത് അവളായിരുന്നു, ആ മരം കേറിപ്പെണ്ണ്
ഒളിഞ്ഞും തെളിഞ്ഞും ഞാനവളെ പിന്നീടങ്ങോട്ട് വിടാതെ പിടിക്കാൻ തുടങ്ങി, അവളെന്നെയും തിരിച്ച് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവളറിയാതെത്തന്നെ ഞാനവളെ പിന്തുടർന്നു കൊണ്ടിരുന്നു
പൂരപ്പറമ്പിലെ ചെണ്ടമേളത്തിനിടയിൽ ആണുങ്ങൾക്കൊപ്പം ഒറ്റയ്ക്ക് നിന്നവൾ താലി പിടിക്കുന്നത് കണ്ടാൽ ആ ധൈര്യത്തിനു മുൻപിൽ ശിരസു നമിക്കും ആരും, വളക്കടയിൽ പിറകിൽ തോണ്ടിയയാ തെണ്ടിച്ചെക്കനെ തല്ലാനായ് ഞാനിറങ്ങും മുൻപേ ആ മരംകൊത്തി മോറന്റെ മൂക്കിടിച്ചവൾ പരത്തിയപ്പോൾ കൈയ്യടിച്ചവരുടെ കൂട്ടത്തിലാണ് ഞാനും നിന്നത്
പതിവു പോലെയാ പോസ്റ്റോഫീസിന്റെ മതിലിനു പിറകിൽ ഒളിച്ച് നിന്ന് അവൾ വരുന്നതും കാത്തു നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ഒരു തട്ടലുണ്ടായത്
തല തിരിച്ചപ്പോൾ ആകെയൊന്നു ഞെട്ടി അവളെ അന്നാദ്യം കണ്ടതുപോലെ അന്തംവെട്ടി നിന്നു
” എന്താ ഉദ്ദേശ്യം?”
ആ ചോദ്യത്തിനെനിക്ക് മറുപടിയുണ്ടായില്ലയെനിക്ക്
” മറ്റേ പണിക്ക് നിങ്ങക്ക് വേറെ പല പെൺപിള്ളാരേം കിട്ടും, നാട്ടുകാർടെ വർത്താനം കേട്ട് വിശ്വസിച്ച് എന്റെ പിറകെയെങ്ങാനും വന്നാലുണ്ടല്ലോ, ഇത് കണ്ടാ ഈ പേഴ്സിനകത്ത് നല്ല മൂർച്ചയുള്ള കത്തിയുണ്ട് മരിക്കും മുൻപ് അച്ഛൻ തന്നിട്ട് പോയത, ഇതെടുത്ത് ഞാൻ പ്രയോഗിച്ചു കളയും കേട്ടോട”
പൂന്നെല്ലിന്റെ മണിയരിച്ചോറിൽ വാട്ടക്കിഴങ്ങ് കൂട്ടിക്കുഴച്ച് തിന്ന അവസ്ഥയിൽ ഞാനവിടെ നിൽക്കുമ്പോഴും ഒന്ന് മനസ്സിലുറപ്പിച്ചിരുന്നു ആ രുദ്രാക്ഷമാലക്ക് മീതെ ഒരു മാല വീഴുന്നുണ്ടെങ്കിൽ അത് എന്റെ ഈ കൈകൊണ്ട് മാത്രമായിരിക്കും എന്ന്, അത് ഞാനവൾക്കണിയിക്കുന്ന പൊൻതാലിയായിരിക്കുമെന്ന്
ഈ കാര്യം അമ്മയോട് പറഞ്ഞപ്പോ അതിനു മാത്രം എന്തു പ്രത്യേകതയാണ് നീ അവളിൽ കണ്ടത് എന്നാണമ്മയെന്നോട് ചോദിച്ചത്
ഞാനത് സ്വയം ആലോചിച്ച് നോക്കി, നിറമോ? സൗന്ദര്യമോ? അതോ തന്റേടമോ ?
തന്റേടം തന്നെ, അതെ ഇന്നേവരെ മറ്റൊരും പെണ്ണിലും കാണാത്ത ഒന്ന് ഞാനവളിൽക്കണ്ടു ഒരു പെണ്ണിന് ആവശ്യത്തിലധികവും വേണ്ടത് അത് തന്നെയാണ് അതുകൊണ്ട് തന്നെയാണ് ഒരുപാട് ഇഷ്ട്ടപ്പെട്ടതും,
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് ആകെ ഒരു മുത്തശ്ശി മാത്രമേ കൂട്ടിനുള്ളോ എന്ന് പറഞ്ഞപ്പോൾ അമ്മ എതിർക്കും എന്നാണ് ഞാനും കരുതിയത്
അതിനെന്താ ഇനി മുതലവൾക്ക് അച്ഛനും അമ്മയുമായി ഞാനിണ്ടല്ലോ എന്ന് അമ്മ പറഞ്ഞപ്പോൾ പരിസരം മറന്ന് അമ്മയെ ഞാനെടുത്ത് കറക്കി
പിറ്റേന്ന് ഞങ്ങൾ പെണ്ണുകാണാൻ ചെന്നപ്പോൾ , അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നില്ല, പകരം കുറ്റബോധം കൊണ്ട് തലതാഴ്‌ത്തി നിൽക്കയായിരുന്നവൾ
ചായ തന്നിട്ടവൾ മുഖം പൊത്തിക്കരഞ്ഞുകൊണ്ടവിടെ നിന്നും ഓടിയകലുകയാണ് ചെയ്തതും
അമ്മ തലയാട്ടിക്കൊണ്ട് ആoഗ്യ ഭാവത്താൽ പറഞ്ഞു, ചെന്നൊന്നു സംസാരിക്ക് എന്ന അർത്ഥത്തിൽ
” മൃണ്യാ, എന്നെ ഇഷ്ട്ടമല്ലാത്തതു കൊണ്ടാണോ?”
എന്റെ ചോദ്യം കേട്ടതും ആ തന്റേടിപ്പെണ്ണിന്റെ ഏങ്ങലൊച്ച കൂടിക്കൂടി വന്നു, വിക്കി മൂളിയവൾ പറഞ്ഞൊപ്പിച്ചു
” ഇന്നലെ ……….. ഞാനറിയാതെ , ദേഷ്യം വന്നപ്പോൾ പറഞ്ഞതാണ്. എന്നോട് ക്ഷമിക്കണം” എന്ന്
സംസാര വിഷയം ഞാൻ മനപ്പൂർവ്വം വ്യതിചലിപ്പിച്ചു, അവൾക്കെതിർപ്പൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ വിവാഹം അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്തി
പടിയിറങ്ങിപ്പോരുമ്പോൾ അവളുടെ കാളിക്കുട്ടിയമ്മാമ ഒന്നേ എന്നോട് പറഞ്ഞുള്ളോ
” കുരുത്തക്കേടൊക്കെ കാണിച്ചാലും അതൊരു പാവാണ് , ഒരു പൊട്ടിപ്പെണ്ണ്, വേണ്ടാതായാൽ എവിടേയും വലിച്ചെറിയല്ലേ, കണ്ണടയണ വരെ ന്റെ കുട്ടി സുഖായിട്ടിരിക്കണം ന്ന് കേക്കാൻ വേണ്ടിയ ഈ തള്ളയിപ്പോഴും ജീവിച്ചിരിക്കണത് ” എന്ന്
കണ്ണാകെ നിറഞ്ഞപ്പോ ,വലംകൈയാൽ ഞാനവരെ പള്ളയിലോട്ട് ചേർത്തുനിർത്തി, ആ ചുളുങ്ങിയ കവിളിൽ ചുണ്ടുകൾ കൊണ്ട് തലോടിക്കൊണ്ട് ഞാൻ പറഞ്ഞു
ഇടയ്ക്കെ കുറുമ്പ് കാണിച്ചാൽ രണ്ടെണ്ണം കൊടുക്കും, എന്നാലും അന്നു രാത്രി അവൾക്ക് വാരിക്കൊടുത്തിട്ടേ ഞാൻ കഴിക്കൂ, കേട്ടോ കാളിക്കുട്ട്യേ എന്ന് ഞാൻ പറഞ്ഞപ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുണ്ടായിരുന്നു അവർ
അവളുടെ കുശുമ്പുകുത്തലിലും അസൂയയിലും ചിണുങ്ങലിലും ഒരു ഭാര്യയെന്ന തലത്തിലുണ്ടായ പക്വമായ മാറ്റത്തിലും എന്നും ഞാനൊപ്പം തന്നെ നിന്നു
എങ്കിലും എന്റെ മുഖമൊന്നു കറുത്താൽ, തുറുപ്പിച്ചൊന്നു നോക്കിയാൽ, ഞാനൊന്നുറക്കെ ശകാരിച്ചാൽ ആ തന്റേടിപ്പെണ്ണിന്റെ കണ്ണിടയ്ക്ക് നിറയാറുണ്ട്
കാളിക്കുട്ടിയമ്മാമ പറഞ്ഞത് ശരിയാ തന്റേടിയാണെന്നേ ഉള്ളോ അവളിപ്പോഴും ഒരു പൊട്ടിപ്പെണ്ണാ, എന്റെ മാത്രം പൊട്ടിപ്പെണ്ണ്