പിള്ളേർക്ക് 18 വയസ്സാകുമ്പോ ഴേക്കും ഒരു ബൈക്ക് മേടിച്ചു കൊടുക്കും പിന്നെ കയ്യിൽ കൊള്ളാത്ത ഒരു മൊബൈലും വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കാതെ പറത്തി ഒരു പോക്കല്ലേ……..

Story written by Nisha L

“നേരം പത്തു മണിയായി ഈ ചെക്കനിത് എവിടെ പോയി കിടക്കുവാ.. ഇപ്പൊ വരാമെന്നു പറഞ്ഞു പുറത്തോട്ട് പോയ രാജേട്ടനെയും കാണുന്നില്ല… ഞാനൊരുത്തി ഇവിടെ ഒറ്റക്കാണെന്ന ഒരു ചിന്തയുമില്ല രണ്ടിനും.. “!! ലത ആത്മഗതം ചെയ്തു കൊണ്ട് ഫോണെടുത്തു രാജനെ വിളിക്കാൻ തുടങ്ങിയപ്പോൾ രാജന്റെ കാൾ ഇങ്ങോട്ട് വന്നു.. !! .

“രാജേട്ടാ നിങ്ങളിത് എവിടെ പോയതാ..?? “!!

“ഞാൻ വരാൻ കുറച്ചു താമസിക്കും.. നീ കിടന്നോ… “!!

“അനുകുട്ടൻ ഇതു വരെ വന്നില്ലല്ലോ രാജേട്ടാ. … “!!

“ഞാൻ അവനെ വിളിച്ചിരുന്നു.. അവൻ ഇന്നവിടെ തങ്ങുവാണെന്ന് പറഞ്ഞു… നീ കിടന്നോ.. “!!

“എന്നിട്ട് അവൻ എന്നെ വിളിച്ചൊന്നു പറഞ്ഞില്ലല്ലോ… “!!

“ഞാനാ പറഞ്ഞത് നിന്നോട് ഞാൻ വിളിച്ചു പറഞ്ഞോളാമെന്നു… അതാ അവൻ വിളിക്കാഞ്ഞത്.. “!!

അനു,, ലതയുടെയും രാജന്റെയും ഇളയ മകനാണ്. അവരുടെ മൂത്ത മകൻ അജിത് വിവാഹ ശേഷം വേറെ വീട് വച്ചു താമസിക്കുകയാണ്. അനു “പോയിട്ട് പെട്ടെന്ന് വരാം ” എന്ന് പറഞ്ഞു അജിത്തിന്റെ വീട്ടിലേക്ക് പോയതാണ്. പൊതുവെ ശാന്ത പ്രകൃതമുള്ള അവൻ നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിൻപുറത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ “എന്ത് ആവശ്യത്തിന് എപ്പോൾ വിളിച്ചാലും ഓടി വരുന്ന ഒരു പാവം പയ്യൻ”!!.

രാത്രി ഏറെ വൈകി രാജൻ ക്ഷീണിതനായി തിരിച്ചെത്തി.

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ലത വാതിൽ തുറന്നു.

“എവിടെയായിരുന്നു മനുഷ്യ ഇത്ര നേരം.. നിങ്ങൾക്കെന്താ ഇത്ര ക്ഷീണം.. നിങ്ങളുടെ മുഖമെന്താ വല്ലാതെ….. “!!

“ഒന്നുമില്ലെടി… ഞാനൊന്ന് കിടക്കട്ടെ.. “!!

പറഞ്ഞു കൊണ്ട് അയാൾ മുറിയിലേക്ക് പോയി..

പിറ്റേന്ന് രാവിലെ..

പ്രഭാത കർമ്മങ്ങൾക്ക് ശേഷം ലത അടുക്കളയിലേയ്ക്ക് പ്രവേശിച്ചു. ചായയിട്ടു രണ്ട് ഗ്ലാസുകളിൽ പകർത്തി വച്ചു. രാജന് രാവിലെ എഴുന്നേറ്റ് പറമ്പ് വൃത്തിയാക്കുന്ന ശീലമുണ്ട്. ലത ഒരു ഗ്ലാസ് ചായയും ആയി പറമ്പിലേക്ക് ചെന്നു.പക്ഷേ രാജനെ പറമ്പിലെങ്ങും കണ്ടില്ല.

അപ്പോഴാണ് അവർ മുന്നിലെ റോഡിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടത്. ചായ ഗ്ലാസ് അടുക്കളയിൽ വച്ച് ലത റോഡിലേക്കിറങ്ങി.

“എന്താ രാമേട്ടാ എല്ലാരും രാവിലെ റോഡിൽ കൂടി നിൽക്കുന്നത്..”!!???

“ഒന്നുമില്ല ലതേ..രാജൻ എവിടെ…??…നീ രാവിലെ റോഡിലിറങ്ങി നിക്കാതെ അകത്തേക്ക് ചെല്ല്… “!!

“ശെടാ… ഇതെന്തു കൂത്ത്.. പതിവില്ലാത്ത ഒരു ആൾക്കൂട്ടം കണ്ടപ്പോൾ ഒന്ന് ചോദിക്കാമെന്ന് കരുതി വന്നതാ…..”!!

“അത് ലതേ അപ്പുറത്തെ ജംഗ്ഷനിൽ ഒരു അപകടം നടന്നു … അതെകുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങൾ..”!!

“അയ്യോ… രാമേട്ടാ ആരാ… അറിയുന്നവർ വല്ലതും ആണോ.. “!!??

“ബൈക്കിൽ പോയ ഒരു കുട്ടിയാ ലതേ..”!!

“എന്നിട്ട് എന്തെങ്കിലും ഗുരുതരമായി പറ്റിയോ..രാമേട്ടാ… “!!

“കുട്ടി മരിച്ചു എന്നാണ് കേൾക്കുന്നത്..

കൃത്യമായി ഒന്നും അറിയില്ല. നീ അകത്തേക്ക് പോ ലതേ….. “!!

“അയ്യോ… ഈശ്വരാ…. “!! ലത ആധിയോടെ നെഞ്ചിൽ കൈവെച്ചു..

“എപ്പോഴാ രാമേട്ടാ അപകടം നടന്നത്..?? “!!

“ഇന്നലെ രാത്രിയിലാ..”!!

“ശോ കഷ്ടമായി പോയല്ലോ… അതെങ്ങനാ പിള്ളേർക്ക് 18 വയസ്സാകുമ്പോ ഴേക്കും ഒരു ബൈക്ക് മേടിച്ചു കൊടുക്കും… പിന്നെ കയ്യിൽ കൊള്ളാത്ത ഒരു മൊബൈലും..വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കാതെ പറത്തി ഒരു പോക്കല്ലേ… എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം വണ്ടി കണ്ടാൽ പിന്നെ ഭ്രാന്താ.. “!!

ലത പറഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് നടന്നു.

അവർ ആലോചിച്ചു…

“കഷ്ടം ആ മാതാപിതാക്കളുടെ കാര്യം ഓർക്കുമ്പോൾ പേടിയാവുന്നു… എങ്ങനെ അവർ ഇത് സഹിക്കും.. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുന്നത് എങ്ങനെ സഹിക്കും ഈശ്വരാ… ദൈവമേ അവർക്കത് സഹിക്കാനുള്ള ശക്തി കൊടുക്കണെ…”!!മനസ്സിൽ പ്രാർത്ഥനയോടെ പറഞ്ഞു കൊണ്ട് വീട്ടിലെത്തിയ ലത ഉമ്മറത്തിരുന്ന രാജനെ കണ്ടു…

“രാജേട്ടാ നിങ്ങളറിഞ്ഞോ ജംഗ്ഷനിൽ അപകടം നടന്നുവെന്ന്..

ഒരു കുട്ടി മരിച്ചു എന്നാ കേൾക്കുന്നത്. ..

” ആ അറിഞ്ഞു..”

ഇടർച്ചയോടെ രാജൻ പ്രതികരിച്ചു.

“രാജേട്ടാ ഇന്നലെ രാത്രി മുതൽ ഞാൻ ശ്രദ്ധിക്കുന്നു നിങ്ങൾക്ക് എന്തുപറ്റി..?? “!!

” ഒന്നുമില്ലെടോ ..”!!

“ചായയും കൊണ്ട് ഞാൻ പറമ്പിലൊക്കെ നോക്കിയിട്ട് കണ്ടില്ലല്ലോ എവിടെ പോയിരിക്കുകയായിരുന്നു…??? ഞാൻ ചായ എടുത്തിട്ട് വരാം…”!!

അകത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് മുറ്റത്തേക്ക് ഒരു വണ്ടി വരുന്നത് കണ്ടത്..

” ഇതാരാ ഇത്ര രാവിലെ…? “

കാറിൽനിന്ന് ലതയുടെ മൂത്ത സഹോദരനും കുടുംബവും ഇറങ്ങുന്നത് കണ്ട് അവർ അത്ഭുതത്തോടെ നോക്കി..

“ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്ര രാവിലെ എല്ലാരും കൂടി ..”!!

സന്തോഷത്തോടെ ലത ചോദിച്ചു. അപ്പോഴാണ് അവരുടെ മങ്ങിയ മുഖങ്ങൾ ലതയുടെ ശ്രദ്ധയിൽ പെട്ടത്.

“അല്ല എന്താ ആരുടേയും മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്…??? എല്ലാർക്കും ഇതെന്തു പറ്റി…?? !! നിങ്ങൾ വാ ഞാൻ ചായ എടുക്കാം..”!!

“വേണ്ട ലതേ…നീ.. നീ ഇവിടെ ഇരിക്ക്.. .”!!

അപ്പോഴാണ് അയൽ വീടുകളിൽ ഉള്ള രണ്ടു മൂന്നു സ്ത്രീകളും അവിടേക്ക് വന്നത്…….

ഇതെന്തുപറ്റി എല്ലാവരും രാവിലെ ഇങ്ങോട്ട്.. ലത അത്ഭുതത്തോടെ ഓർത്തു..

” ലതേ…. ഇങ്ങോട്ടു വന്നേ…”!!

ചേട്ടത്തി ലതയെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി..

“ലതേ… ഞാൻ…. പറയുന്നത് നീ സമാധാനത്തോടെ കേൾക്കണം..”!!

” എന്താ ചേട്ടത്തി…??? “!! ലത അവരെ സംശയത്തോടെ നോക്കി…

” അത്.. ഇന്നലെ ജംഗ്ഷനിൽ നടന്ന അപകടം.. അത്.. അത് നമ്മുടെ അനു കുട്ടനാ മോളെ ….”!!

“ചേട്ടത്തി…..”!!!! അറിയാതെ അവരുടെ ശബ്ദമുയർന്നു.

ഒരു നിമിഷം കേട്ടതെന്തെന്നു ലതക്ക് മനസിലായില്ല. അവർ വീണ്ടും വീണ്ടും ആ വാക്കുകൾ മനസിലേക്കെടുത്തു. അനു കുട്ടൻ…. എന്റെ മോൻ… അവന്… അയ്യോ…

“ഇല്ല… ഇല്ല…. നിങ്ങൾക്ക് തെറ്റിയതാണ്… എന്റെ കുഞ്ഞ്…. അവൻ… അവൻ അജിത്തിന്റെ വീട്ടിലുണ്ട്… അജിത്തിനെ ഒന്ന് വിളിക്ക്…. അവൻ പറയും സത്യമെന്തെന്ന്… അല്ലാതെ വെറുതെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയല്ലേ ചേട്ടത്തി… “!!

“മോളെ…. നീ… നീ… ഈ സത്യം ഉൾക്കൊണ്ടേ പറ്റു.. “!!

” ഇല്ല… ഇല്ല… നിങ്ങൾ കള്ളം പറയുകയാണ്.. എന്റെ … എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല…. രാജേട്ടാ… രാജേട്ടാ ഇവർ പറയുന്നത് കേൾക്കുന്നില്ലേ .. ഇവർ കള്ളം പറയുകയാണ്.. ഇതൊക്കെ കേട്ടിട്ടും നിങ്ങൾ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… “!!

ഭ്രാന്ത് പിടിച്ചത് പോലെ പുലമ്പിക്കൊണ്ട് ലത രാജന്റെ ഷർട്ടിൽ പിടിച്ചുലച്ചു…

ശേഷം റോഡിലേക്ക് ഇറങ്ങി ഓടാൻ തുടങ്ങിയ അവരെ സ്ത്രീകൾ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..

അപ്പോഴേക്കും ബന്ധു ജനങ്ങൾ പലരും വീട്ടിലേക്ക് എത്തി തുടങ്ങി..

കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ ആകെ വിഹ്വലതയോടെ ലത കണ്ണുകൾ കൊണ്ട് അവിടവിടെ പരതി കൊണ്ടിരുന്നു.

അപ്പോഴാണ് അകത്തു നിൽക്കുന്ന മൂത്തമകൻ അജിത്തിനെയും കുടുംബത്തെയും ലത കാണുന്നത്…

“മോനേ അജിത്തേ ഇവരീ പറയുന്നത് നീ കേൾക്കുന്നില്ലേ…. എന്റെ കുഞ്ഞ്… എന്റെ അനു കുട്ടൻ.. അവൻ നിന്റെ അടുത്തില്ലേ മോനെ…. “!!??

“അമ്മേ…. എന്റെ അടുത്ത് എത്തിയില്ല അതിനു മുൻപേ… “!

അജിത്ത് ലതയെ ചുറ്റിപിടിച്ചു വാവിട്ടുകരഞ്ഞു…

” ഇല്ല… ഇല്ല.. എല്ലാവരും കള്ളം പറയുകയാണ്… എന്റെ കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ല…. ഒന്നും പറ്റിയിട്ടില്ല… “!! പറഞ്ഞു കൊണ്ട് ബോധമറ്റ് അവർ അവന്റെ കൈകളിലേക്ക് വീണു പോയി.

വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടം ചെയ്ത അനുവിന്റെ മൃതശരീരം വീട്ടിലെത്തിച്ചു… നാട് ഒന്നടങ്കം ആ വീട്ടിലേക്ക് പ്രവഹിച്ചു.

കരഞ്ഞു തളർന്നു കിടന്ന ലതയേയും,,, ഏതോ മൂലയിൽ യാഥാർഥ്യങ്ങൾ നേരിടാനാകാതെ വിങ്ങുന്ന മനസോടെയിരുന്ന രാജനേയും ആരൊക്കെയോ ആ ശരീരത്തിന് അടുത്തെത്തിച്ചു…

പാതി തുറന്ന കണ്ണുകളോടെ കിടന്ന അവന്റെ തുന്നിക്കൂട്ടിയ ശരീരത്തെ ചുറ്റിപ്പിടിച്ചു ലത അലമുറയിട്ടു കരഞ്ഞു…

“എന്റെ മോനേ.. പെട്ടെന്ന് വരാമെന്നു പറഞ്ഞു നീ പോയത് ഇങ്ങനെ വരാൻ ആയിരുന്നോ …. !!! ഞങ്ങൾ ഇനി എന്ത് ചെയ്യും മോനേ… നീ ഇല്ലാതെ ഞങ്ങൾ ഇനി എന്ത് ചെയ്യും… “!!!

പിടയുന്ന നെഞ്ചോടെ തളർന്ന ശരീരത്തോടെ രാജൻ അവന്റെ നെറ്റിയിൽ അരുമയായി മുത്തി… അയാൾ ഹൃദയം കൊണ്ട് അലമുറയിട്ട് കരഞ്ഞു…

മോൻ… എന്റെ മോൻ…. ഞാൻ മരിക്കുമ്പോൾ എനിക്ക് കൊള്ളി വയ്‌ക്കേണ്ട എന്റെ മോൻ…. എനിക്കു മുൻപേ പോയിരിക്കുന്നു… ഈശ്വരാ എന്തൊരു വിധിയാണിത്…

അജിത് നിറഞ്ഞ കണ്ണോടെ അവനെ നോക്കി നിന്നു. എനിക്ക് അധി കാരത്തോടെ,, സ്നേഹത്തോടെ,, തമാശയോടെ,,, ശാസനയോടെ,,, എന്തും പറയാൻ പറ്റുന്ന എന്റെ രക്ത ബന്ധം…. നീയെന്നെ തനിച്ചാക്കി പോയല്ലോ അനുകുട്ടാ….. !!

“മതി ആരെങ്കിലും അവരെ പിടിച്ചു മാറ്റു… “കർമ്മി പറഞ്ഞത് കേട്ട്ആ രൊക്കെയോ ചേർന്ന് ലതയെയും രാജനേയും അജിത്തിനെയും അകത്തെ മുറിയിലേക്ക് കൊണ്ടുപോയി…

മരണം കരിനിഴൽ വീഴ്ത്തിയ ആ വീടിന്റെ മുറിക്കുള്ളിൽ ഇരുന്ന് കൊണ്ട് പുറത്ത് എരിയുന്ന ചിതയിലേക്ക് നോക്കി മരവിച്ച മനസ്സോടെ ലത താൻ രാവിലെ പറഞ്ഞ വാക്കുകൾ ഓർത്തു..

” മാതാപിതാക്കൾ ജീവനോടെ ഇരിക്കുമ്പോൾ മക്കൾ മരണപ്പെട്ടാൽ എങ്ങനെ സഹിക്കും…..”!!!

Nb : വണ്ടിയുമെടുത്തു റോഡിലേക്കിറങ്ങി ചീറി പായുമ്പോൾ ഓർക്കുക… പ്രതീക്ഷയോടെ വീടുകളിൽ നിങ്ങളെ കാത്തിരിക്കുന്ന മുഖങ്ങളെ.

Leave a Reply

Your email address will not be published. Required fields are marked *