പുള്ളി അങ്ങനാ ഇന്റർവ്യൂ എല്ലാം പാസ്സായാലും ജോലി കിട്ടണം എന്നില്ല.. പുള്ളിക്കാരന്റെ ഒരു ടെസ്റ്റ്‌ ഉണ്ട് അത് സാക്ഷാൽ ദൈവം തമ്പുരാന് പോലും കണ്ടുപിടിക്കാൻ പറ്റില്ല…..

_upscale

എഴുത്ത്:-ഗിരീഷ് കാവാലം

“ചേട്ടാ എംഡിയെ കാണാൻ വന്നതാ …”

ബംഗ്ലാവിന്റെ മുന്നിൽ തെങ്ങിന് തടം കൂട്ടുകയായിരുന്ന പണിക്കാരൻ കണ്ണ് ഉയർത്തി ഒന്ന് നോക്കി

“ഓ …ആര് വന്നൂന്ന് പറയണം “

“സാറിന്റെ കമ്പനിയിൽ അപ്പോയ്ന്റ്മെന്റ് കിട്ടിയ ആളാന്നു പറഞ്ഞാ മതി.. പേര് മനു “

ബംഗ്ലാവിന്റെ പൂമുഖത്തേക്ക് പോയി തിരിച്ചു വന്ന ആ പണിക്കാരൻ പറഞ്ഞു

“വാ കയറി വാ…”

“എംഡി എങ്ങനെയുണ്ട്..?

“നല്ല മനുഷ്യനാ.. “

“ഇന്റർവ്യൂ കഴിഞ്ഞു സെലെക്ഷൻ ആയതാ..ഇന്ന് വീട്ടിലേക്ക് വന്നു എംഡിയെ കാണാൻ പറഞ്ഞിരുന്നു. അതുകൊണ്ട് വന്നതാ “

“പുള്ളി അങ്ങനാ ഇന്റർവ്യൂ എല്ലാം പാസ്സായാലും ജോലി കിട്ടണം എന്നില്ല.. പുള്ളിക്കാരന്റെ ഒരു ടെസ്റ്റ്‌ ഉണ്ട് അത് സാക്ഷാൽ ദൈവം തമ്പുരാന് പോലും കണ്ടുപിടിക്കാൻ പറ്റില്ല പുള്ളി എന്ത് പരീക്ഷയാ നടത്തുന്നതെന്ന് “

“അതെയോ…?

മനുവിന്റെ മുഖം ഒന്നിരുണ്ടു

“ടെൻഷൻ ആകേണ്ട ആള് ദയാലുവാ “

“ആണോ… സിമ്പിൾ ആയ ആളുകളോട് ഒരു ദയ കാണിക്കുന്ന ആൾ ആണെന്ന് അറിഞ്ഞു “

ഉടൻ തന്നെ തന്റെ കഴുത്തിലെ സ്വർണമാല ഊരി മനു പാന്റിന്റെ പോക്കറ്റിൽ ഇട്ടു

ഇതെന്താ മാല ഊരിയത്..?

പണിക്കാരൻ ചോദിച്ചു

“വേണ്ട ആർഭാടം ഉള്ള കൂട്ടത്തിൽ ആണെന്നുള്ള ഒരു തോന്നൽ വേണ്ട “

കൈയ്യിലെ സ്മാർട്ട് വാച്ചും കൂടി ഊരി പോക്കെറ്റിൽ ഇട്ടുകൊണ്ട് മനു പറഞ്ഞു

“അത്രയ്ക്ക് സ്മാർട്നെസ്സ് വേണ്ട “

ഭംഗിയായി ഒതുക്കി ചീകിയിരുന്ന മുടി കൈകൊണ്ട് അല്പം ഒന്ന് അലങ്കോലമാക്കി

അപ്പോഴേക്കും പാന്റിന്റെ പോക്കറ്റിൽ നിന്ന് ഊർന്ന് വീണ പേഴ്‌സ് ആ പണിക്കാരൻ എടുത്തു മനുവിന് നേരെ നീട്ടി

വിവാഹം കഴിഞ്ഞതാണോ…?

“ഏയ്‌ ചിന്തിച്ചിട്ട് പോലുമില്ല.. “

ചെറിയ ഒരു നാണത്തോടെ മനു പറഞ്ഞു

പേഴ്സിൽ ഒരു പെണ്ണിന്റെ ഫോട്ടോ അത് കണ്ടു ചോദിച്ചതാ..

“അയ്യോ അത് അമ്മയുടെ ഫോട്ടോയാ “

“ങേ… അപ്പൊ ഇയാടെ അമ്മക്ക് എത്ര വയസ്സായി ?

“അമ്മയുടെ ചെറുപ്പത്തിൽ ഉള്ള ഫോട്ടോയാ അത് എപ്പോഴും എന്റെ പേഴ്സിൽ കാണും അത് എന്റെ കല്യാണം കഴിഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും “

പൂമുഖത്ത് എംഡി യുടെ ഭാര്യയെ കണ്ടതും ജോലിക്കാരൻ പറഞ്ഞു

“ങാ… അകത്തേക്ക് പൊക്കോളൂ..”

അവിടെ ഒരു ഇൻവെർട്ടർ കേടായി ഇരിപ്പുണ്ട് അത് ഒന്ന് ശരിയാക്കിയേക്ക് വീടിന്റെ സൈഡിലായുള്ള ചെറിയ ഒരു ഹട്ടിലേക്ക് ചൂണ്ടി എംഡി യുടെ ഭാര്യ പറഞ്ഞു

“ദേ ടൂൾസ് എല്ലാം ഇതിൽ ഉണ്ട് “

ടൂൾസ് കിറ്റ് നീട്ടികൊണ്ട് അവർ പറഞ്ഞു

ഒരു നിമിഷം മനു പകച്ചു നിന്നുപോയി

“തന്റെ സ്കിൽസ് എത്രയുണ്ടെന്ന് അളക്കാൻ ഉള്ള തന്ത്രമാണെന്നത് ശരി പക്ഷേ താൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരൻ ആണ് തന്നോട് ഇൻവെർട്ടർ ചെക്ക് ചെയ്യാൻ പറയുന്നത് എന്തിന് “

ടൂൾസ് കിറ്റ് വാങ്ങിയ മനു ഇൻവെർട്ടർ തുറന്നു ചെക്ക് ചെയ്തു

ഫാൾട്ട് കണ്ടെത്തി അത് ശരിയായതും മനുവിന്റെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു

അപ്പോഴാണ് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് മനുവിന്റെ ശ്രദ്ധ അങ്ങോട്ട്‌ പോയി

മനു ഷോക്ക് അടിച്ചപോലെ നിന്നുപോയി

എക്‌സിക്യുട്ടീവ് വേഷത്തിൽ കാറിലേക്ക് തന്റെ ബാഗ് വയ്ക്കുന്ന എംഡി

“ചെളി പുരണ്ട മുഷിഞ്ഞ വേഷത്തിൽ ഗേറ്റിന്റെ മുന്നിൽ നിന്ന് തൂമ്പ പണി ചെയ്തുകൊണ്ടിരുന്നത് എംഡി ആയിരുന്നോ?

ഒരു നിമിഷം അദ്ദേഹത്തിന്റെ മുൻപിൽ വച്ചു താൻ ചെയ്ത കാര്യങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു പോയി

പോക്കെറ്റിൽ കിടന്ന മാലയും സ്മാർട്ട് വാച്ചും മനസ്സിൽ തെളിഞ്ഞു വന്നു

“സർ ഇൻവെർട്ടർ ശരിയായി “

എംഡി തന്റെ അടുത്തേക്ക് വന്നതും മനു സങ്കോചത്തോടെ പറഞ്ഞു

“ഗുഡ്… പക്ഷേ ഒരു ജോലിക്ക് വേണ്ടത് നാട്യങ്ങൾ ഇല്ലാത്ത വിശ്വാസ്യതയാണ് ഒരു കമ്പനിയുടെ എംഡി എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ് “

അറിയാതെ മനുവിന്റെ കൈവിരലുകൾ മാലയും സ്മാർട്ട് വാച്ചും ഉള്ള പോക്കറ്റിനെ തഴുകി കടന്നുപോയി

“ബട്ട്‌ യു ആർ സെലക്റ്റഡ്..”

മനുവിന്റെ മുഖം പെട്ടന്ന് വിടർന്നു

“കാരണം…അമ്മയോടുള്ള തന്റെ സ്നേഹം അത് എന്നെ സ്വാധീനിച്ചു.. നല്ല ചിന്തകളുമായി മുന്നോട്ട് പോകുവാൻ ഇത് നിന്നെ സഹായിക്കും എന്നെനിക്കു ഉറപ്പുണ്ട് “

“നാളെ തന്നെ ജോയിൻ ചെയ്തോളൂ…”

ആകാശം കീഴ്പ്പെടുത്തിയ സന്തോഷത്തോടെ മനു ആ ഗേറ്റിനു വെളിയിൽ ഇറങ്ങുമ്പോഴും കൗശല ബുദ്ധിക്കാരനായ തന്റെ എംഡിയുടെ മുഖം ആയിരുന്നു മനസ്സിൽ മുഴുവനും ……

Leave a Reply

Your email address will not be published. Required fields are marked *