പൂവണിയാത്ത സ്വപ്നം ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വൈകുന്നേരം ജോലി കഴിഞ്ഞ്, അമ്മയോടൊപ്പം വീട്ടിൽ തിരിച്ചെത്തിയ ശ്രേയ ,കൈയ്യും മുഖവും കഴുകി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു .

രാവിലെ മുതലുള്ള വെയില് കൊണ്ടിട്ട് മുഖമാകെ കരുവാളിച്ച് പോയിരുന്നു ,എന്നും കൺമഷിയെഴുതി തിളങ്ങി നിന്നിരുന്ന കണ്ണുകൾ, ഒരു പകല് കൊണ്ട് ക്ഷീണിച്ച് കുഴിഞ്ഞ് പോയിരിക്കുന്നു.

പരിചയമില്ലാത്ത ജോലി ചെയ്തതിൻ്റെ ക്ഷീണം, ശരീരത്തെ മാത്രമല്ല, അവളുടെ മനസ്സിനെയും തളർത്തിയിരുന്നു.

തന്നോട് ഇഷ്ടം കൂടാൻ വന്ന, കിഷോറിൻ്റെ മുന്നിൽ, തനിക്ക് വലുത്, പഠിത്തമാണെന്ന ഗർവ്വിലാണ്, ഇന്നലെ വരെ നിന്നത്.

ഇന്ന് ഒറ്റ ദിവസം കൊണ്ട് അയാളുടെ മുന്നിൽ, താൻ ചെറുതായി പോയെന്ന ചിന്ത, അവളെ വല്ലാതെ അലട്ടികൊണ്ടിരുന്നു.

മോളേ.. കുളിക്കുന്നതിന് മുമ്പ് അമ്മ കൈയ്യിലും കാലിലുമൊക്കെ കുറച്ച് തൈലം പുരട്ടി തരാം ,കുറച്ച് കഴിഞ്ഞിട്ട് വെള്ളംചൂടാക്കി ദേഹം കഴുകിയാൽ മതി ,ഇല്ലെങ്കിൽ നാളെ ശരീരം വേദന കൊണ്ട് ജോലിക്ക് പോകാൻ കഴിയില്ല

അമ്മയുടെ ഉത്ക്കണ്ഠ ,നാളെ താൻ ,തൊഴിലുറപ്പിന് ചെല്ലുമോ എന്നതിനെ കുറിച്ചായിരുന്നു, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

കുടുംബത്തിൻ്റെ മുഴുവൻ ഭാരവും ഒറ്റയ്ക്ക് ചുമന്ന് തളർന്നപ്പോൾ, തൻ്റെ പിന്തുണ അമ്മയ്ക്ക് വലിയ ആശ്വാസമായിട്ടുണ്ടാവാം

എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ച് കയറുകയെ നിർവ്വാഹമുള്ളു, നഴ്സിൻ്റെ വെളുത്ത ഓവർ കോട്ടിന് പകരം, തൊഴിലുറപ്പ് ജോലിക്കാരിയുടെ പഴകി നരച്ച ഷർട്ടാണ്, തനിക്ക് ദൈവം വിധിച്ചിരിക്കുന്നതെന്ന യാഥാർത്ഥലമുൾക്കൊണ്ട്, ശ്രേയ തൻ്റെ സ്വപ്നങ്ങളുടെ ചിറകുകളരിഞ്ഞ്, മനസ്സിൻ്റെ അടിത്തട്ടിൽ കുഴിച്ച് മൂടി.

രാത്രി ഏറെ വൈകിയാണ്, അവളുറങ്ങിയത്, അത് കൊണ്ട് തന്നെ, ഉണരാനായി അമ്മ

രാവിലെ തട്ടി വിളിക്കേണ്ടി വന്നു,

അമ്മ പുട്ട് പുഴുങ്ങി, കട്ടൻ ചായയുമായിട്ട്, മേശപ്പുറത്ത് വച്ചിട്ടുണ്ട് ,മോള് വേഗമെഴുന്നേറ്റ് റെഡിയായിട്ട്, കഴിച്ചിട്ട് വാ,

ഇന്നലെ ചെയ്തതിൻ്റെ ബാക്കി, കാട് വെട്ടി തെളിക്കണമെന്നാ മെമ്പറ് പറഞ്ഞിരിക്കുന്നത്

ഈശ്വരാ.. ഇന്നും റോഡരികിൽ തന്നെയാണോ പണി ചെയ്യേണ്ടത്,
കിഷോറെങ്ങാനും ആ വഴി വന്നാൽ, വീണ്ടും അയാളുടെ പുശ്ച ഭാവം കാണണമല്ലോ, എന്നോർത്തിട്ട് ശ്രേയയ്ക്ക് മനംമടുപ്പ് തോന്നി.

ഉച്ചവരെ ജോലി ചെയ്തിട്ടും, പരിചയമുള്ള ആരും അത് വഴി വരാതിരുന്നത് ,ശ്രേയയ്ക്ക് കുറച്ചാശ്വാസം നല്കി, മറ്റാര് കണ്ടാലും, ഒരിക്കലും കിഷോറിനി ആ വഴി വരരുതേയെന്ന് ,എന്ത് കൊണ്ടോ അവൾ ആഗ്രഹിച്ചു.

ഉച്ചഭക്ഷണത്തിനായി എല്ലാവരും കൂടി ,റോഡ് സൈഡിലെ അടഞ്ഞ് കിടന്ന ഒരു വലിയ കടയുടെ മുന്നിലെ, തറയിൽ തോർത്ത് വിരിച്ചിരുന്നു.

ചോറ്റ് പാത്രത്തിലെ ചോറിൽ ചമ്മന്തി കുഴച്ച് വായിൽ വയ്ക്കുമ്പോൾ ,ശ്രേയയുടെ

കൈവിരലുകളിൽ നീറ്റലനുഭവപ്പെട്ടു.

അല്ലാ .. കമലേച്ചി… നിങ്ങക്കിന്ന് ഇവടെയാണോ ജോലി?

വീടിനടുത്തുള്ള സുമിത്ര ചേച്ചിയായിരുന്നു അത് ,അവര് ടൗണിലെ ഒരു മെഡിക്കൽ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്

അതേ സുമിത്രേ..നീയെന്താ ഇന്ന് നേരത്തെ ഇറങ്ങിയോ ?

ങ്ഹാ ചേച്ചീ … വയറിനും നടുവിനുമൊക്കെ വല്ലാത്ത ബുദ്ധിമുട്ട് ,ഡേറ്റ് ആയതിൻ്റെയാണ്, അത് കൊണ്ട് ഉച്ചകഴിഞ്ഞ് ഞാൻ ലീവെടുത്തു, അല്ലാ ഇവളെന്താ ഇന്ന് പഠിക്കാൻ പോയില്ലേ ?

സുമിത്ര ശ്രേയയെ നോക്കി ചോദിച്ചു.

ഓഹ് എന്ത് പറയാനാ സുമിത്രേ.. അവളുടെ ഫീസ് അടയ്ക്കാൻ യാതൊരു നിവൃത്തിയുമില്ലാതായപ്പോൾ, ഞാനാ പറഞ്ഞത് ഇനി പോകണ്ടെന്ന്

എന്നാലും ചേച്ചീ.. അവള് നന്നായി പഠിക്കുന്ന കൊച്ചല്ലാരുന്നോ ,ഈ കാട്ടിലും ചേറിലുമൊക്കെയായി അവളുടെ ജീവിതം നശിപ്പിക്കണമായിരുന്നോ?

അല്ലാതെ ഞാനെന്ത് ചെയ്യാനാ, ഞാനൊറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ട്, അവളുടെ അച്ഛനാ പറഞ്ഞത് എന്നോടൊപ്പം വരാൻ, നിനക്ക് പറ്റുമെങ്കിൽ ടൗണിലേതെങ്കിലും കടയിൽ, സെയിൽസ് ഗേളിൻ്റെ ഒഴിവ് വന്നാൽ, അവൾക്കൊരു ചാൻസുണ്ടാക്കി കൊടുക്ക്

ഞാൻ നോക്കട്ടെ ചേച്ചീ .. ഇല്ലെങ്കിൽ ഇത്രയൊക്കെ പഠിച്ച കൊച്ചിനെ, ഈ വെയിലത്തിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തണ്ടല്ലോ ?

അത് കേട്ടപ്പോൾ ശ്രേയയ്ക്കും കുറച്ച് സമാധാനമായി ,ഇതിനെക്കാൾ അല്പം കൂടി ഉയർന്നൊരു തൊഴില് അവളും ആഗ്രഹിച്ചിരുന്നു.

ഊണ് കഴിഞ്ഞ് കുറച്ച് നേരത്തെ വിശ്രമിത്തിന് ശേഷം, എല്ലാവരും, വീണ്ടും അരിവാളുമായി ശേഷിച്ച കാട് വെട്ടിത്തെളിക്കാൻ തുടങ്ങി.

വെട്ടിയിട്ട കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പുകൾ, റോഡിൻ്റെ വശത്തേയ്ക്ക് വലിച്ച് മാറ്റുമ്പോൾ, ശ്രേയയുടെ ചെവിയിൽ ദൂരെ നിന്നും ,അടുത്തേയ്ക്ക് വരുന്ന ബുള്ളറ്റിൻ്റെ കടകട ശബ്ദം മുഴങ്ങി കേട്ടു.

അവൾ ആകാംക്ഷയോടെ തല ഉയർത്തി നോക്കുമ്പോൾ, മുഖത്ത് നിറഞ്ഞചിരിയുമായി ,ബുള്ളറ്റ് ഓടിച്ച് വരുന്ന കിഷോറിനെയാണ് കണ്ടത്

അയാളെ കണ്ട് പെട്ടെന്ന് തല വെട്ടിച്ചെങ്കിലും, പുറകിലാരോ ഇരിക്കുന്നത് കണ്ട ശ്രേയ, തന്നെ കടന്ന് പോയ ബുളളറ്റിൻ്റെ പുറകിലേക്ക് തിരിഞ്ഞ് നോക്കി.

കിഷോറിൻ്റെ തോളിൽ കൈവച്ച്, അവൻ്റെ പുറകിലിരുന്ന് തന്നെ തിരിഞ്ഞ് നോക്കി ചിരിക്കുന്ന, പെൺകുട്ടിയെ കണ്ട, ശ്രേയയുടെ നെഞ്ചിൽ ,ഒരു പഴുതാര ഇഴഞ്ഞിറങ്ങുന്ന അനുഭവമുണ്ടായി.

ആരാണവൾ? ഇതിന് മുമ്പ്, എവിടെ വച്ചും അവളെ കണ്ടതായി ഓർക്കുന്നില്ല, കിഷോറുമായിട്ട് അവൾക്കെന്താ ബന്ധം ?

എന്തായാലും അതൊരു സാധാരണ ബന്ധമല്ല, ഇരുവശത്തേയ്ക്കും കാലുകളിട്ട് രണ്ട് തോളിലും പിടിച്ച് കൊണ്ട് അയാളോടൊപ്പം ചേർന്നിരിക്കണമെങ്കിൽ, അത് കിഷോർ വലയിലാക്കിയ ഏതെങ്കിലും പെൺകുട്ടിയായിരിക്കണം

തന്നോട് പ്രണയാഭ്യർത്ഥന നടത്തി പരാജയപ്പെട്ടപ്പോൾ, അയാൾ മറ്റൊരുവളെ വളച്ചെടുത്തിട്ട് , തൻ്റെ മുന്നിലൂടെ ഷൈൻ ചെയ്യാനായി ,അവളെയും കൊണ്ട് പോയതാവാം

വൃത്തികെട്ടവൻ ,ഇനി അയാളെ കുറിച്ച് താൻ ചിന്തിക്കില്ല.

ശ്രേയയ്ക്ക് അയാളോട് വെറുപ്പ് തോന്നി.

അല്ലെങ്കിൽ തന്നെ, താനെന്തിനാ അയാളെ ഓർത്ത് മനസ്സ് വിഷമിപ്പിക്കുന്നത് ,അയാൾ തൻ്റെ ആരുമല്ലല്ലോ ? ഒരിക്കൽ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും, താനായിട്ടത് നിരസിച്ചതല്ലേ ?

പിന്നെന്തിനാ, തനിക്ക് ഇപ്പഴൊരു നഷ്ടബോധം ,താനന്ന് അയാളെ അവഗണിച്ചത് എത്ര നന്നായി ,ഇല്ലെങ്കിൽ തന്നെ മടുക്കുമ്പോൾ, അയാൾ അടുത്തൊരു പെൺ കുട്ടിയെ തേടി പോകുമായിരുന്നില്ലേ?

ഓരോ കാരണങ്ങളുണ്ടാക്കി, കിഷോറിനെ വെറുക്കുന്നതിലൂടെ, തൻ്റെ മനസ്സിലെ അസ്വസ്ഥതകളെ മറികടക്കാൻ, അവൾ ശ്രമിച്ചു.

അങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഒരു ശനിയാഴ്ച വൈകുന്നേരം, സുമിത്ര, ശ്രേയയുടെ വീട്ടിലേക്ക് കയറിവന്നു.

ങ്ഹാ, സുമിത്രേ..വാ ഇവിടിരിക്ക്

കമല നീക്കിയിട്ട് കൊടുത്ത പ്ളാസ്റ്റിക്ക് കസരയിലേക്ക്, സുമിത്ര ഇരുന്നു.

ഇന്നെന്താടീ.. കട അഞ്ച് മണി വരെ ഉള്ളായിരുന്നോ?

അല്ല ചേച്ചീ… ഞാനിത്തിരി നേരത്തെ ഇറങ്ങിയതാ ,റേഷൻ കടയിൽ ഇപ്രാവശ്യം പോയിട്ടില്ല,ഇന്ന് ചെന്നില്ലെങ്കിൽ പഞ്ചസാരയും മണ്ണെണ്ണയും കിട്ടില്ല

ഉം അത് ശരിയാ ,അതിയാൻ പിന്നെ ഇന്നലെ പോയി കിട്ടാനുള്ളതെല്ലാം വാങ്ങിക്കൊണ്ട് വന്നായിരുന്നു, പിന്നെന്താടീ.. വിശേഷം ,പതിവില്ലാതെ നീയിങ്ങോട്ട് കയറിയതെന്താ?

അതോ ? നിങ്ങളല്ലേ രണ്ട് ദിവസം മുമ്പ് ശ്രേയയുടെ ജോലിക്കാര്യം എന്നോട് പറഞ്ഞത് ?

ങ്ഹാ നേരാണല്ലോ? ഞാനതങ്ങ് മറന്നു, വല്ലതും ശരിയായോടി?

ഉം ശരിയായിട്ടുണ്ട് ,ഞാൻ നില്ക്കുന്ന മെഡിക്കൽ സ്‌റ്റോറിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് ,അത് നമ്മുടെ ശ്രേയയ്ക്ക് തരാമെന്ന് മുതലാളി പറഞ്ഞു ,അത് കൊണ്ട് തിങ്കളാഴ്ച മുതൽ, എൻ്റെ കൂടെ വരാൻ തയ്യാറായിരിക്കാൻ, അവളോട് പറയാനാ ഞാൻ വന്നത്,

ഒന്നുമില്ലെങ്കിലും അവള് പഠിച്ച് കൊണ്ടിരുന്ന മേഖലയുമായി ബന്ധപ്പെട്ട ഒരു തൊഴിലാണല്ലോ? പിന്നെ വെയിലും കൊള്ളണ്ട,
അവളെവിടെ പോയി ചേച്ചീ…

ഞാനിവിടെയുണ്ട് സുമിത്രേച്ചി…

അകത്ത് നിന്ന് എല്ലാം കേട്ട ശ്രേയ, സന്തോഷത്തോടെ അeങ്ങാട്ടേയ്ക്ക് ഇറങ്ങി വന്നു.

ഞാനെല്ലാം കേട്ട് ചേച്ചീ.. ഒത്തിരി നന്ദി ,സന്തോഷം കൊണ്ട് എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല

ഉം ഇപ്പോൾ ഒന്നും പറയേണ്ട, ആദ്യ ശബ്ബളം കിട്ടുമ്പോൾ ,ചിലവ് ചെയ്താൽ മതി

തീർച്ചയായും ചെയ്യാം ചേച്ചി ,ഞാൻ ചായയെടുക്കാം ചേച്ചി ഇരിക്ക്

ഇപ്പോ ഒന്നും വേണ്ട, എനിക്ക് ഇത്തിരി ധൃതിയുണ്ട് ,ഞാനിറങ്ങട്ടെ കമലേച്ചി..

എന്നാൽ പോയിട്ട് വാ മോളെ.. ദൈവം നിന്നെ അനുഗ്രഹിക്കും

കമല, സുമിത്രയുടെ നീളൻ മുടിയിൽ അരുമയായി തഴുകി.

തിങ്കളാഴ്ച മുതൽ ശ്രേയ ,സുമിത്രയോടൊപ്പം മെഡിക്കൽ സ്റ്റോറിൽ പോയി തുടങ്ങി.

രണ്ടാം ദിവസം സുമിത്രയേയും കാത്ത്, ശ്രേയ വീടിന് മുന്നിൽ ഏറെ നേരം നിന്നിട്ടും കാണാതിരുന്നപ്പോൾ, അവൾ സുമിത്രയ്ക്ക് ഫോൺ ചെയ്തു.

ങ്ഹാ, ശ്രേയേ.. നീ നടന്നോ, ഞാൻ വരാൻ കുറച്ച് വൈകും, മുതലാളിയോട് പറഞ്ഞാൽ മതി

വീട്ടിൽ നിന്ന് പത്ത് മിനുട്ട് നടന്നാലേ, ബസ്സ് റൂട്ടുള്ള മെയിൻ റോഡിലെത്തു

ഫോൺ കട്ട് ചെയ്ത് ബാഗിൽ വച്ചിട്ട് ,അവൾ ചെമ്മൺ പാതയിലൂടെ മുന്നോട്ട് നടന്നു.

പകുതി ദൂരം പിന്നിട്ടപ്പോഴേക്കും, പുറകിൽ നിന്നും ബുള്ളറ്റിൻ്റെ കടകട ശബ്ദം കേട്ട്, അവൾക്ക് നെഞ്ചിടിപ്പുണ്ടായി.

അത് കിഷോറായിരിക്കുമോ ?

ആണെങ്കിൽ തനിക്കെന്താ, അവൾ തിരിഞ്ഞ് നോക്കാതെ നടത്തത്തിൻ്റെ വേഗത കൂട്ടി.

വണ്ടിയുടെ മുഴക്കം കാതിനരികിലെത്തിയപ്പോൾ, അറിയാതെ അവളുടെ ഹൃദയതാളം മുറുകി.

പെട്ടെന്ന് അവളുടെ മുന്നിലായി ബുള്ളറ്റ് നിർത്തി , കിഷോർ അവളെ നോക്കി പുഞ്ചിരിച്ചു.

ഇന്നലെ ടൗണിലെ മെഡിക്കൽ സറ്റോറിൽ നില്ക്കുന്നത് ഞാൻ കണ്ടിരുന്നു, അപ്പോഴാ മനസ്സിലായത്, പുതിയ ജോലി കിട്ടിയെന്ന്, ഇപ്പോൾ അങ്ങോട്ട് പോകുവല്ലേ? ഞാനും ടൗണിലേക്ക് തന്നാ , കേറിക്കോളു ഞാനവിടെ ഇറക്കിത്തരാം

അതിന് താൻ വേറെ ആളെ നോക്കണം, തൻ്റെ പുറകിൽ കെട്ടിപ്പിടിച്ചിരിക്കാൻ, ഒരു പാട് അലവലാതി പെണ്ണുങ്ങളുണ്ടാവും ,എന്നെ ആ കൂട്ടത്തിൽ കാണണ്ട,
ഇനി മേലാൽ എൻ്റെ പുറകെ വന്നേക്കരുത്

ഒരു നിമിഷം പകച്ച് പോയ ശ്രേയ, എവിടുന്നോ കിട്ടിയ ധൈര്യത്തിൽ, കിഷോറിനോട് ശബ്ദമുയർത്തി പറഞ്ഞിട്ട്, അവനെ കടന്ന് മുന്നോട്ട് പോയി.

ശ്രേയയിൽ നിന്നും അങ്ങനെയൊരു മറുപടി പ്രതീക്ഷിക്കാതിരുന്ന കിഷോർ, അത് കേട്ട് തരിച്ച് നിന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *