പൂവണിയാത്ത സ്വപ്നം ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ചേച്ചീ…ipill ഉണ്ടോ?

ആ ചോദ്യം സുമിത്രേച്ചിയോടായിരുന്നെങ്കിലും, അത് കേട്ട ശ്രേയ ,i pill ചോദിച്ച പെൺകുട്ടിയെ, ആകാംക്ഷയോടെ നോക്കി.

ഇത് അവളല്ലേ?അന്ന് കിഷോറിൻ്റെ പുറകിലിരുന്ന് പോയവൾ ,ഇവളൊ ഒറ്റയ്ക്കാണോ വന്നത് .

സംശയത്തോടെ ശ്രേയ റോഡിലേക്കെത്തി നോക്കി.

അവിടെ റോഡിന് എതിർവശത്തായി ബുള്ളറ്റിലിരിക്കുന്ന കിഷോറിനെ കണ്ട ,ശ്രേയയുടെ മനസ്സിൽ അയാളോട് അറപ്പും ദേഷ്യവും തോന്നി,

വൃത്തികെട്ടവൻ, ഒരുത്തിയെ കൂടെ കൊണ്ട് നടന്ന് വേണ്ടാധീനം കാണിച്ചിട്ട്, ഇപ്പോൾ ഗർഭനിരോധന ഗുളിക വാങ്ങാൻ വന്നിരിക്കുന്നു.

ശ്രേയേ.. അവിടെ ipill ഇരിപ്പുണ്ടോന്ന് നോക്കിക്കേ?

സുമിത്രേച്ചി വിളിച്ച് പറഞ്ഞു.

ചേച്ചീ.. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ ഇതൊക്കെ കൊടുക്കാമോ?

അവൾക്ക് ഗുളിക കൊടുക്കരുതെന്ന ചിന്തയിൽ ശ്രേയ ഒരു തടസ്സവാദം ഉന്നയിച്ചു.

ഓഹ് അതിലൊന്നും കാര്യമില്ല ശ്രേയേ.. ഇതൊക്കെ എമർജൻസി ടാബ്ലറ്റല്ലേ ?ഒരബദ്ധം എല്ലാവർക്കും പറ്റും അല്ലേ മോളേ ..

സുമിത്രേച്ചി തമാശ രൂപത്തിൽ അവളോട് ചോദിച്ചപ്പോൾ, മറുപടി പറയാതെ അവൾ ചിരിച്ചോണ്ട് നിന്നതേയുള്ളു.

അല്ലാ.. മോള് വന്നത് ആ കിഷോറുമായിട്ടാണോ?

സുമിത്രേച്ചിക്ക് കിഷോറിനെ പരിചയമുണ്ടെന്നറിഞ്ഞപ്പോൾ ശ്രേയയ്ക്ക് അത്ഭുതം തോന്നി?

എങ്കിലും തനിക്ക് കിഷോറിനെ അറിയാമെന്ന കാര്യം അവൾ മറച്ചു വച്ചു .

അതേ ചേച്ചീ…

നിങ്ങള് തമ്മിൽ എന്താ ബന്ധം?

ഞങ്ങള് കസിൻസാ, പിന്നെ i pill എനിക്കല്ല കെട്ടോ? വിവാഹിതയായ എൻ്റെ ചേച്ചിക്കാ,

ഓഹ് സോറി മോളേ.. സാധാരണ കോളേജ് പെമ്പിള്ളേരൊക്കെ ഇടയ്ക്കിടെ വന്ന് ടാബ്ലറ്റ് വാങ്ങി പോകാറുണ്ട് ,കിഷോറിനെ കണ്ടപ്പോൾ എനിക്കാ സംശയം മാറി ആ കൊച്ചനെ എനിക്ക് നേരത്തെ അറിയാവുന്നതാ

അകത്ത് നിന്ന് എല്ലാം കേട്ടോണ്ട് നിന്ന ശ്രേയ, ടാബ്‌ലറ്റ് വാങ്ങി ആ പെൺകുട്ടി തിരിച്ച് പോയപ്പോൾ മുൻവശത്തേയ്ക്ക് വന്നു ,

അല്ല, ചേച്ചിക്ക് അയാളെ അറിയാമോ?

പിന്നേ ..മേലേപ്പറമ്പിലെ രാജു മുതലാളിയുടെ ഇളയ മകനാ അവര് വലിയ പണക്കാരാ

ഉം.. അതിൻ്റെ അഹങ്കാരവും അവനുണ്ട്

അവൾ മനസ്സിൽ പറഞ്ഞു.

ദിവസങ്ങൾ കടന്ന് പോയി.

ശ്രേയ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്, വെകുന്നേരം കടയിൽ നിന്നിറങ്ങുമ്പോൾ കടയുടമ അവളുടെ കൈയ്യിലേക്ക് ആദ്യ ശബ്ബളം വെച്ച് കൊടുത്തു.

വീട്ടിൽ ചെന്നതിന് ശേഷമാണ് അവളത് എണ്ണി നോക്കിയത്.

അത് പതിനയ്യായിരം രൂപയുണ്ടെന്നറിഞ്ഞ ശ്രേയയ്ക്ക് അത്ഭുതം തോന്നി.

ആ സന്തോഷം അവൾ അമ്മയോടും ,ചേച്ചിയോടും അച്ഛനോടുമായി പങ്ക് വച്ചു.

രണ്ട് മാസം കഴിഞ്ഞപ്പോൾ ശ്രേയയുടെ ചേച്ചി, ശ്യാമയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ശ്യാമയ്ക്ക് കൊടുക്കാമെന്നേറ്റ പത്ത് പവൻ ആഭരണത്തിനായി സ്വരുക്കൂട്ടി വച്ചിരുന്ന മൂന്ന് ലക്ഷം രൂപ തികയാതെ വന്നു, ബാക്കി രണ്ട് പവന് മുകളിൽ സ്വർണ്ണാഭരണത്തിന് ഒരു ലക്ഷം രൂപയെങ്കിലും വേണമെന്ന് കടക്കാരൻ പറഞ്ഞത് കേട്ട്, നിസ്സഹായതയോടെയാണ് പ്രഭാകരനും കമലയും വീട്ടിൽ തിരിച്ചെത്തിയത്.

എന്താ മോളേ .. ഒരു മാർഗ്ഗം

കമല, ശ്രേയയോട് ചോദിച്ചു ‘

ഞാനെന്ത് ചെയ്യാനാ അമ്മേ… എൻ്റെ ശബളം മുഴുവനായും ഞാൻ അമ്മയെ ഏല്പിക്കാറുണ്ടല്ലോ?

അതല്ല മോളേ.. നീ മുതലാളിയോട് , ഒരു ലക്ഷം രൂപ കടമായിട്ട് തരാൻ പറ, നിൻ്റെ ശബ്ബളത്തിൽ നിന്ന് പലിശ സഹിതം, കുറേശ്ശേയായി കൊടുത്താൽ മതിയല്ലോ

അമ്മേ.. ഞാനെങ്ങനെയത് പറയും?

അതിനെന്താ മോളേ.. ഔദാര്യമല്ലല്ലോ? കടമായിട്ടല്ലേ?

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ശ്രേയ ,പിറ്റേന്ന് മുതലാളിയുടെ മുന്നിൽ ആ വിഷയമവതരിപ്പിച്ചു.

സോറി ശ്രേയേ.. ഇത്രയും വലിയ തുക ഒന്നിച്ചെടുക്കുക എന്ന് പറയുന്നത്, ലേശം ബുദ്ധിമുട്ടാണ്, പിന്നെ ഞാനൊന്ന് ശ്രമിച്ച് നോക്കാം

മുതലാളി അങ്ങനെ പറഞ്ഞെങ്കിലും, ശ്രേയ പ്രതീക്ഷ കൈവിട്ടില്ല.

രണ്ട് ദിവസം കഴിഞ്ഞ്, മുതലാളി ശ്രേയയെ വിളിച്ച് പണമേല്പിച്ചു.

സന്തോഷത്തോടെ, ശ്രേയ ആ തുക വാങ്ങി അമ്മയെ ഏല്പിച്ചു.

ഡ്രസ്സ് മാറാനായി, ബാഗ് തോളിൽ നിന്നൂരി മേശപ്പുറത്ത് വയ്ക്കുമ്പോൾ, ഫോൺ റിങ്ങ് ചെയ്തു.

അത് കിഷോറിൻ്റെ കോളാണെന്ന് കണ്ട ശ്രേയ, ദേഷ്യത്തിൽ കട്ട് ചെയ്തു, വീണ്ടും ബെല്ലടിച്ചപ്പോൾ അവൾ പിന്നെയും കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞ് ,ഫോണിൽ മെസ്സേജ് ടോൺ കേട്ട്, ശ്രേയ അതെടുത്ത് നോക്കി.

ഇത് വരെ എന്നോടുള്ള പിണക്കം മാറിയില്ലേ ശ്രേയേ.. അതാണോ എൻ്റെ കോൾ അറ്റൻറ് ചെയ്യാത്തത്

ശ്ശെ ഇയാളെ കൊണ്ട് വലിയ ശല്യമായല്ലോ?

അവൾ അരിശത്തിൽ ഫോണെടുത്ത്, കിഷോറിൻ്റെ നമ്പർ ബ്ലോക്ക് ചെയ്തു.

ഇനി അവനെന്നെ വിളിക്കുന്നത് ഒന്ന് കാണണം

പിറ്റേന്ന് സുമിത്രേച്ചിയെ കാത്ത് നില്ക്കുമ്പോഴാണ്, അവരുടെ കോള് വന്നത്.

എന്താ ചേച്ചീ..വരുന്നില്ലേ?

ഇല്ല ശ്രേയേ.. എനിക്ക് ആശുപത്രി വരെയൊന്ന് പോകണം, ആ കിഷോറിന് ഇന്നലെ രാത്രിയിൽ ഒരാക്സിഡൻറുണ്ടായി

ഏത്?, രാജു മുതലാളിയുടെ മോനോ?

ശ്രേയ സന്തോഷത്തോടെ ചോദിച്ചു.

അതേ ശ്രേയേ.. കുറച്ച് സീരിയസ്സാണെന്നാ പറയുന്നത്

ഓഹ് എനിക്ക് സന്തോഷമായി ചേച്ചീ.. ഞാൻ ചേച്ചിയോട് ഇത് വരെ പറഞ്ഞില്ലെന്നേയുള്ളു , അയാളെൻ്റെ പുറകെ നടന്ന് ഭയങ്കര ശല്യം ചെയ്യലായിരുന്നു.

ഇനി അതുണ്ടാവില്ലല്ലോ?

അങ്ങനെ പറയരുത് ശ്രേയേ..നീയെന്നോട് പറയാതിരുന്ന കാര്യങ്ങൾ അവനെന്നോട് പറഞ്ഞിരുന്നു, നിന്നെ അവന് ഒരു പാട് ഇഷ്ടമാണെന്നും, പക്ഷെ അവൻ്റെ സ്നേഹം നീ മനസ്സിലാക്കുന്നില്ലെന്നും, അവനെ നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നുമൊക്കെ

അതൊക്കെ അവൻ്റെ ഓരോ അടവാണ് ചേച്ചീ ..

ഒരിക്കലുമല്ല ശ്രേയേ.. അങ്ങനെയാണെങ്കിൽ, നീ വെയിലത്ത് തൊഴിലുറപ്പ് കാരോടൊപ്പം നിന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ, നിനക്കവൻ മെഡിക്കൽ സ്‌റ്റോറി ലെ ജോലി വാങ്ങി തരുമായിരുന്നോ ? നിനക്ക് ശബ്ബളമായി ഏഴായിരത്തി അഞ്ഞൂറ് രൂപയെ കൊടുക്കാൻ കഴിയൂ എന്ന് അവൻ്റെ സുഹൃത്തായ, നമ്മുടെ മുതലാളി അവനോട് പറഞ്ഞപ്പോൾ, ബാക്കി കൂടി സ്വന്തം കൈയ്യിൽ നിന്ന് കൊടുത്തിട്ട്, നിനക്ക് പതിനയ്യായിരം തികച്ച് കൊടുക്കാൻ അവൻ മുതലാളിയെ നിർബന്ധിക്കുമായിരുന്നോ ,

അതൊക്കെ പോട്ടെ, നിൻ്റെ ചേച്ചിയുടെ കല്യാണത്തിന്, നീ ഒരു ലക്ഷം രൂപ ചോദിച്ച കാര്യം, മുതലാളി കിഷോറിനോട് പറഞ്ഞപ്പോൾ ,അവനാണ് ആ തുക നിനക്ക് തരാനായി മുതലാളിയെ ഏല്പിച്ചത്, ഇതൊക്കെ നീയറിഞ്ഞാൽ അവനോടുള്ള വെറുപ്പ് കാരണം നീ സമ്മതിക്കില്ലെന്ന് അവനറിയാമായിരുന്നു, അകൊണ്ടാണ്, ഇതൊന്നും നീയറിയരുതെന്ന് ഞങ്ങളോടവൻ ചട്ടം കെട്ടിയത്

നേരാണോ ചേച്ചീ.. ഈ പറയുന്നത്?

സങ്കടത്തോടെയാണ് ശ്രേയ അത് ചോദിച്ചത്.

താൻ കിഷോറിൻ്റെ ആത്മാർത്ഥതയെ തിരിച്ചറിഞ്ഞില്ലല്ലോ, എന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി.

എനിക്ക് കിഷോറിനെ ഉടനെ കാണണം ചേച്ചീ.. ഏത് ആശുപത്രിയിലാ അഡ്മിറ്റ് ചെയ്തിരിക്കുന്നത്,

സുമിത്ര പറഞ്ഞ ഹോസ്പിറ്റലിലേക്ക്, എത്രയും വേഗമെത്താൻ, ശ്രേയ ബസ് സ്റ്റോപ്പിലേക്ക് കാല് വലിച്ച് വച്ച് നടന്നു.

റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ, വാർഡിലേക്ക് മാറ്റിയെന്നറിഞ്ഞ് ശ്രേയക്ക് അല്പം ആശ്വാസമായി.

പതിനാലാം വാർഡിലേക്ക് ചെല്ലുമ്പോൾ, കിഷോറിൻ്റെയടുത്ത്, അന്ന് കണ്ട ആ പെൺകുട്ടിയും, കൂട്ട്കാരെ പോലെ തോന്നിക്കുന്ന, രണ്ട് ചെറുപ്പക്കാരുമുണ്ടായിരുന്നു.

കിഷോറേ.. ദേ ആരാ വന്നതെന്ന് നോക്കിക്കേ?

തന്നെ കണ്ടപ്പോൾ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് ,ശ്രേയയ്ക്ക് അതിശയം തോന്നി.

വാടാ, നമുക്ക് അങ്ങോട്ട് മാറി നില്ക്കാം അവർക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാവും

ആ പെൺകുട്ടി മറ്റ് രണ്ട് പേരെയും വിളിച്ച് കൊണ്ട്, കുറച്ച് ദൂരേക്ക് മാറി നിന്നു.

ശ്രേയ കണ്ണീരോടെ അവൻ്റെയരികിലിരുന്ന് അയാളുടെ വലത് കൈയ്യിൽ പിടിച്ചു.

സോറി കിഷോർ, ഞാനൊന്ന്മറിയാതെ, എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നോട് ക്ഷമിക്കു ..

സാരമില്ല പെണ്ണേ …എനിക്കറിയാമായിരുന്നു എൻ്റെ സ്നേഹം കലർപ്പില്ലാത്തതായത് കൊണ്ട്, എന്നെങ്കിലും നീയെന്നെ മനസ്സിലാക്കുമെന്ന് ,ഇനിയെങ്കിലും നിനക്കെന്നെ ഇഷ്ടമാണെന്ന് ഒന്ന് പറഞ്ഞുടെ?

അതിനിയും ഞാൻ പറയണോ? അത് കൊണ്ടല്ലേ ,എല്ലാം അറിഞ്ഞപ്പോൾ ഞാനോടിയെത്തിയത്

അവൾ സ്നേഹത്തോടെ, അയാളുടെ കൈവിരലുകളിൽ കോർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

അവസാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *