പെങ്ങമ്മാർ വീട്ടിൽ വരുന്നതു തന്നെ അവരുടെ മക്കളുടെ വീരവാദം പറയുവാനാണ്…..

ഭാഗ്യവതി

Story written by Suja Anup

“എനിക്ക് ഒന്നും കേൾക്കേണ്ട. ഇപ്പോൾ തന്നെ കൂട്ടുകാരികൾ ഒത്തിരി കളിയാക്കുന്നൂ. നിൻ്റെ വീട്ടിലെന്താ അച്ഛനും അമ്മയ്ക്കും വേറെ പണിയില്ലേ എന്നും ചോദിച്ചു.”

“എന്താ മോളെ നീ ഈ പറയുന്നേ..?”

“അമ്മയ്ക്ക് എന്താ ഒന്നും മനസ്സിലാകുന്നില്ലേ. എനിക്ക് താഴെ രണ്ടെണ്ണം കൂടെ ഉണ്ടല്ലോ. അപ്പോഴാണോ ഈ വയസ്സാം കാലത്തു ഗർഭിണി ആണെന്ന് പറയുന്നത്. ഞങ്ങളുടെ പ്രായം എങ്കിലും നോക്കേണ്ടേ. അച്ഛൻ ഞങ്ങൾക്ക് വേണ്ടത് പോലും മര്യാദയ്ക്ക് ചെയ്യുന്നില്ല. അപ്പോഴാ ഒരാൾ കൂടി.”

“മോളെ അങ്ങനെ പറയല്ലേ.വയറ്റിലുള്ള കുഞ്ഞു അത് കേൾക്കില്ലേ. അതിനു വിഷമം ആകില്ലേ. .” എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ.

“ദേ, തള്ളേ ഒരക്ഷരം മിണ്ടണ്ട. എനിക്ക് വയസ്സ് പതിനെട്ടായി. താഴെ ഉള്ള രണ്ടെണ്ണം പതിനഞ്ചും പന്ത്രണ്ടും ആയി നിൽക്കുന്നൂ. അപ്പോഴാണ് അവർ പെറാൻ തയ്യാറാകുന്നത്. കൂട്ടുകാർ എന്നെയും അനിയത്തിമാരെയും ആണ് കളിയാക്കുന്നത്. അകത്തിരിക്കുന്ന നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ.”

അവൾ ആദ്യമായാണ് അങ്ങനെ സംസാരിച്ചത്. എൻ്റെ മോൾ എന്നെ”തള്ളേ” എന്ന് വിളിച്ചിരിക്കുന്നൂ.

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല…

അവൾക്കു വിഷമം കാണും. എങ്ങനെ അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും…

മൂന്ന് പെൺകുട്ടികളെ പ്രസവിച്ചൂ. ആരോഗ്യം ഉണ്ടായിട്ടല്ല. അദ്ദേഹം സമ്മതിക്കില്ല. കുടുംബം നിലനിർത്തുവാൻ ഒരാൺകുട്ടി വേണമത്രേ. ഈ പ്രായത്തിലും ആ ആഗ്രഹം അദ്ധേഹം മനസ്സിൽ കൊണ്ടുനടക്കുന്നൂ. ഒരു മോനെ നൽകിയാൽ മക്കളെ എല്ലാവരെയും നന്നായി നോക്കാം എന്നാണ് അദ്ധേഹം പറയുന്നത്.

കഴിഞ്ഞ പ്രസവത്തിൽ ഡോക്ടർ പറഞ്ഞതാണ് ഇനി ഒരു പ്രസവം വേണ്ട എന്ന്. പക്ഷേ ആരോട് ഞാൻ പരാതി പറയും.

ഈ കുടുംബത്തിൽ വന്നു കയറിയതിൽ പിന്നെ ഞാൻ എത്ര മാറിപ്പോയി. നന്നായി പഠിക്കണം, ഒരു ജോലി നേടണം, സ്വന്തം കാലിൽ നിൽക്കണം. അത് മാത്രമേ എന്നും മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തലയിൽ എഴുതിയത് തൂത്താൽ പോകില്ലല്ലോ. ചില ജന്മങ്ങൾ അങ്ങനെ ആണ്. എൻ്റെ എല്ലാ സ്വപ്നങ്ങളെയും കുഴിയിൽ മൂടി പതിനെട്ടാം വയസ്സിൽ ഞാൻ എൻ്റെ മൂത്ത കുഞ്ഞിനെ പ്രസവിച്ചൂ.

അമ്മായിയമ്മയും അമ്മായിയപ്പനും മാത്രമല്ല ഈ വീട്ടിലെ പ്രശ്നക്കാർ. ഒരാൺകുട്ടിക്ക് വേണ്ടി നിർബന്ധിക്കുന്ന രണ്ടു നാത്തൂൻമ്മാരും കൂടെ എനിക്ക് ഉണ്ട്. അവർക്കു രണ്ടു പേർക്കും രണ്ടു ആൺകുട്ടികൾ വീതം ആണ് ഉള്ളത്.

അത് വെറുതെ അങ്ങനെ ആയതല്ല. ഉണ്ടായ പെൺകുട്ടികളെ അവർ രണ്ടു പേരും വയറ്റിലേ കൊ ന്നു കളഞ്ഞില്ലേ. ഭാഗ്യമില്ലാത്ത പെൺകുട്ടികൾ.

ഞാൻ മാത്രം ഭാഗ്യമില്ലാത്തവളായി പോയി എന്നാണ് അവർ പറയുന്നത്. ആൺകുട്ടികളെ പെറ്റില്ലെങ്കിൽ നിർഭാഗ്യവതി ആവുമോ…

പെൺകുട്ടികൾ വീടിനു ഐശ്വര്യം അല്ലെ. അവർ എന്തിനും പോന്നവരല്ലേ. പുറത്തു പെൺകുട്ടികളെ പൊക്കി പറയുന്ന പലരും അകത്തു ഇങ്ങനെ ഒക്കെ ആയിരിക്കുമോ.

ഇന്നിപ്പോൾ മകളുടെ മുൻപിൽ എൻ്റെ തല കുനിഞ്ഞു. അവൾക്കു പക്ഷേ എൻ്റെ അവസ്ഥ അറിയില്ലല്ലോ. എന്നെ പോലെ ആർക്കും വരാതിരിക്കട്ടെ..

***********************

അങ്ങനെ ആ ദിവസ്സം വന്നൂ. ഞാൻ പ്രതീക്ഷിച്ച പോലെ എനിക്ക് എൻ്റെ രാജകുമാരിയെ കിട്ടി. ഭാഗ്യംകെട്ടവൾ എന്ന് ഭർത്താവു ഉറപ്പിച്ചു. എങ്കിലും സന്തോഷത്തോടെ അവളെയും കൊണ്ട് ഞാൻ ആ വീട്ടിലേയ്ക്കു കയറി ചെന്നൂ.

അമ്മായിഅമ്മ എൻ്റെ മകളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അവരും ഒരു സ്ത്രീ അല്ലെ.. ഭാഗ്യത്തിന് മക്കൾ വന്നു അവളെ കളിപ്പിച്ചൂ. എതിർപ്പ് കാണിച്ച മൂത്ത മകൾ പോലും കുഞ്ഞിനെ കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല. അത് എനിക്ക് വലിയ ആശ്വാസം ആയി.

കാലം കടന്നു പോയി. പിന്നീടൊരു ഗർഭത്തിനു എന്തോ അദ്ദേഹം എന്നെ നിർബന്ധിച്ചില്ല. ഞാനും സന്തോഷിച്ചൂ.

പെങ്ങമ്മാരുടെ ആൺമക്കളുടെ മഹത്വം പറയുവാൻ മാത്രം അദ്ദേഹം വാ തുറന്നൂ. അമ്മായിഅമ്മയും അമ്മയിഅപ്പനും അതുപോലെ അല്ലെ ഓരോന്ന് ഓതി കൊടുക്കുന്നത്. പെങ്ങമ്മാർ വീട്ടിൽ വരുന്നതു തന്നെ അവരുടെ മക്കളുടെ വീരവാദം പറയുവാനാണ്. എൻ്റെ മക്കളും നന്നായി പഠിക്കുന്നുണ്ട്. പക്ഷേ അത് ആർക്കും അറിയേണ്ട.

ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പെങ്ങമ്മാരുടെ മക്കൾ പഠിക്കുന്നത്. എൻ്റെ പെൺമക്കളെ ഞാൻ ഗവൺമെൻറ് സ്കൂളിൽ വിട്ടൂ. അതിനു കാരണം ഉണ്ട്.

“അവരെ പഠിപ്പിക്കുവാൻ പണം വെറുതെ കളയേണ്ട. കെട്ടിച്ചയക്കുവാനും പണം വേണ്ടേ. പിന്നെ പഠിപ്പിച്ചാൽ നമുക്കെന്തു ഗുണം. കണ്ടവൻമ്മാർ അല്ലെ അവരെ പഠിപ്പിച്ചതിൻ്റെ ഗുണം അനുഭവിക്കുക.”

അദ്ദേഹത്തിൻ്റെ വാക്കുകൾ ആണ്. അതിനെ തുണയ്ക്കുവാൻ ആളുകൾ വേറെ ഉണ്ടല്ലോ വീട്ടിൽ. അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ തെല്ലൊന്നും അല്ല വേദനിപ്പിച്ചത്. എങ്കിലും അത് ഞാൻ സഹിച്ചൂ.

സാരമില്ല എന്ന് പിന്നെയും ഞാൻ കരുതി.

എവിടെ പഠിച്ചാൽ എന്താണ്. പഠിക്കുവാൻ താല്പര്യം ഉള്ളവർ എവിടെ പഠിച്ചാലും ഉയരത്തിലെത്തും. അവർക്കു വേണ്ട മനോബലം അത് ഞാൻ നൽകും.

പെങ്ങമ്മാരുടെ മക്കൾക്ക് അദ്ദേഹം വാനോളം കൊടുക്കും. സ്കൂൾ തുറക്കുമ്പോൾ പുതിയ കുപ്പായം, ബാഗുകൾ എല്ലാം അദ്ദേഹം തന്നെ വാങ്ങി കൊടുക്കും.

പക്ഷേ എൻ്റെ കുട്ടികളെ അദ്ദേഹം അവിടെയും തിരിച്ചു നിർത്തി. പുതിയ ഉടുപ്പ് അവരും ആശിക്കില്ലേ…

എൻ്റെ മക്കളെ ഞാൻ ആശ്വസിപ്പിക്കും.

“ഈ പുതിയ കുപ്പായമോ, ബാഗോ അല്ല വലുത്. പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം. അത് മതി നമുക്ക്..”

അവർ മനസ്സില്ലാ മനസ്സോടെ അത് അനുസരിച്ചൂ.

“എൻ്റെ മക്കളെ കണ്ടവൻ്റെ അടുക്കളയിൽ ഇട്ടു ഞാൻ നരകിപ്പിക്കില്ല. അവർ എന്നെ പോലെ ഒരിക്കലും ആകരുത്. കാലം എൻ്റെ കഷ്ടപ്പാടിനുള്ള ഉത്തരം തരും.” അത് എനിക്ക് ഉറപ്പായിരുന്നൂ.

****************

ദാ നാത്തൂൻ വന്നിട്ടുണ്ട്.

“നീ, കുറച്ചു പൈസ കൊടുത്തയക്കൂ. ഞാൻ ഇപ്പോൾ വരാം. അവൾക്കു പരാതി പറയുവാനേ നേരം കാണൂ.”

അദ്ധേഹം നീരസം കാണിച്ചൂ.

സ്വന്തം മക്കളെ സ്നേഹിച്ചില്ല എന്ന കുറ്റബോധം അദ്ധേഹത്തിനുണ്ട്. അതിനു അവർ കൂടെ ഉത്തവാദികൾ ആണ് എന്നുള്ള തോന്നൽ, ഇപ്പോൾ അവരെ അദ്ധേഹത്തിൽ നിന്നും അകറ്റിയിരിക്കുന്നൂ.

ഞാൻ എന്തായാലും അതൊന്നും അവരോടു കാണിക്കാറില്ല.

“എന്താ, നാത്തൂനേ സുഖമല്ലേ..”

“ഉം..”

അവർ ഒന്ന് മൂളി.

നാത്തൂൻമ്മാരുടെ ആൺമക്കളൊക്കെ പഠിച്ചു ജോലി നേടി. വിവാഹവും കഴിച്ചൂ. പക്ഷേ അവർക്കൊന്നും ഇപ്പോൾ മാതാപിതാക്കളെ വേണ്ട. എല്ലാം ദൈവം നൽകിയ ശിക്ഷ. പെണ്മക്കളെ വയറ്റിൽ വച്ച് കൊല്ലുന്നവർ അത് കുറച്ചൊക്കെ അനുഭവിക്കണം.

എൻ്റെ മക്കളും പഠിച്ചൂ.

നാല് ഡോക്ടർമാർ.

നാലാമത്തെ കുട്ടി പഠിച്ചിറങ്ങിയ സമയത്തു, പത്രത്തിലൊക്കെ ആ വാർത്ത വന്നിരുന്നൂ. അതോടെ നാട്ടുകാർ മൊത്തം എന്നെ അഭിമാനത്തോടെ നോക്കുവാൻ തുടങ്ങി. നാട്ടിൽ എന്ത് പരിപാടി നടന്നാലും വീട്ടിൽ നിന്ന് ഒരാൾ വേണം എന്നായി.

ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവരൊക്കെ മൂക്കത്തു വിരൽ വച്ചൂ.

മക്കളിൽ മൂന്നുപേർ ഇപ്പോൾ വിദേശത്തു കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നൂ. അവർ എല്ലാവരും ഈ അമ്മയെ എപ്പോഴും വിളിക്കും. കാര്യങ്ങൾ അന്വേഷിക്കും. കിട്ടിയ മരുമക്കളും നല്ലവർ.

ഇളയ മകൾ മാത്രം പഠനം കഴിഞ്ഞിട്ട് വീട് വിട്ടുപോയില്ല. അവൾ ആദ്യമേ പറഞ്ഞു.

“എനിക്ക് വിദേശത്തുള്ള പയ്യൻ വേണ്ട. ഒന്ന് വിളിച്ചാൽ ഓടി എത്തുവാൻ കഴിയുന്ന ദൂരത്തിൽ എന്നെ അയച്ചാൽ മതി.”

അവളുടെ മനസ്സ് പോലെ തന്നെ ഗൺമെൻറ് ഹോസ്പിറ്റലിൽ ജോലിയുള്ള പയ്യൻ വന്നു, അവളെ കെട്ടി. അവളും ടെസ്റ്റ് പാസ്സായി ജോലിയിൽ കയറി.

ഇപ്പോൾ അമ്മായിഅമ്മയും അമ്മായിയപ്പനും വയസ്സാംകാലത്തു അവൾ മരുന്ന് കൊടുത്താലേ കഴിക്കൂ എന്നായിരിക്കുന്നൂ.

അദ്ദേഹവും ഒരുപാട് മാറിപോയി.

സ്ത്രീധനം ആയിരുന്നല്ലോ അദ്ദേഹത്തിൻ്റെ പ്രശ്നം. മൂത്തമകളെയും രണ്ടാ മത്തെ മകളെയും ഒന്നും വാങ്ങാതെ അവരുടെ വിദ്യാഭ്യാസവും സ്വഭാവവും കണ്ടു നല്ല പയ്യൻമ്മാർ വന്നു കെട്ടിക്കൊണ്ടു പോയി. അവിടെ അദ്ദേഹം രണ്ടാമതായി തോറ്റൂ. മക്കൾ ഡോക്ടർമാർ ആയപ്പോഴേ അദ്ധേഹം തോറ്റിരുന്നു എൻ്റെ മുന്നിൽ. കാരണം ആ വിജയത്തിന് മുൻപിൽ എൻ്റെ പട്ടിണിയും പ്രാർത്ഥനയും ഉണ്ടായിരുന്നൂ.

ഒരിക്കൽ നാല് പെണ്മക്കളെ പെറ്റതിനെ പറ്റി എന്നെ കളിയാക്കിയവർ ഇന്നെന്നെ ഭാഗ്യവതി എന്ന് വിളിക്കുന്നൂ.

അത് തന്നെ അല്ലെ ഞാൻ കാലത്തിനായി കാത്തുവച്ച മറുപടിയും…

Leave a Reply

Your email address will not be published. Required fields are marked *