പെങ്ങളോടുള്ള തന്റെ സ്നേഹം കൊണ്ട് താൻ കാണിച്ച സ്വാർത്ഥതയെ അവൻ ആവർത്തിച്ചാവർത്തിച്ചു ശപിച്ചു കൊണ്ടിരുന്നു, ഒരു നെന്മണിക്ക് പ്രതീക്ഷ പോലും തന്റെ പെങ്ങളുടെ….

മേഴ്‌സി കില്ലിംഗ്

എഴുത്തുകാർ: ആദർശ് മോഹനൻ & രേഷ്മ രവീന്ദ്രൻ

“”അവൾ ചോരയും, നീരുമുള്ള ഒരു പെണ്ണല്ലേ ഡോക്ടർ.. എത്ര നാൾ ഇത് പോലെ ഒരാളുടെ കൂടെ ജീവിക്കാൻ സാധിക്കും.??? മാത്രമല്ല, ഒരു പെണ്കുഞ്ഞാണ് വളർന്നു വരുന്നത്…അളിയൻ മരിച്ചാൽ അവന്റെ പേരിലുള്ള ഇൻഷുറൻസ് തുക കൊണ്ട് അവൾക്കും മോൾക്കും ജീവിക്കാം. പതിയെ മറ്റൊരാളെ കണ്ടെത്തി എനിക്ക് എന്റെ പെങ്ങളെ ഏൽപ്പിക്കുകയും ചെയ്യാം…എന്റെ മനസ്സ് കല്ലായത് കൊണ്ടല്ല ഡോക്ടർ ഇത് പറയുന്നത്.. എനിക്ക് ഇനിയും എന്റെ പെങ്ങടെ വേദന കണ്ടു നിൽക്കാൻ വയ്യ.ജീവച്ഛവമായ ഭർത്താവിന്റെ ഒപ്പം, വളർന്നു വരുന്ന ഒരു പെണ്കുഞ്ഞിനെയും കൊണ്ട് എത്ര നാൾ അവൾ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കും…? ഈ അവസ്ഥയിൽ മരണം അളിയന് ഒരു അനുഗ്രഹം തന്നെയാണ് ഡോക്ടർ……””

വിവേക് ഡോക്ടർ ഡേവിസിന്റെ മുൻപിൽ കൈകൂപ്പി കൊണ്ട് തുടർന്നു.

“”ഡോക്ടർ ഇപ്പോൾ എന്റെ മുന്നിൽ ദൈവത്തിന്റെ സ്ഥാനത്താണ്. ദയവ് ചെയ്ത് വേദനിപ്പിക്കാതെ അളിയനെ ഈ ലോകത്ത് നിന്നും പറഞ്ഞു വിടണം. അത് ഈ അവസ്ഥയിൽ അദ്ദേഹത്തോട് ചെയ്യുന്ന പുണ്യമാണ്.””

സെഡേഷന്റെ മയക്കത്തിൽ കിടക്കുന്ന രമേശനെ നോക്കി ഡോക്ടർ ഡേവിസ് ഒരു നിമിഷം നിന്നു…. അയാളുടെ മനസ്സിൽ അപ്പോഴും വിവേകിന്റെ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു…

വേണമെങ്കിൽ ഇപ്പോൾ സ്ലോലി കില്ലിംഗ് മെഡിസിൻ നൽകി രമേശിന്റെ ജീവൻ എടുക്കാം.. അത് അയാൾക്ക് ഒരു അനുഗ്രഹമായിരിക്കും.

പക്ഷെ…. എന്റെ മെഡിക്കൽ എത്തിക്സ്… ഓരോ രോഗിയും ഡോക്ടറിന്റെ മുന്നിലെത്തുന്നത് ജീവന് വേണ്ടിയാണ്, വേദനയിൽ നിന്നും രക്ഷയ്ക്ക് വേണ്ടിയാണ്..

ഡോക്ടർ ഡേവിസിന്റെ മനസ്സ് ഇരു തുലാസിലായി..

“”ഇല്ല….. എനിക്കാവില്ല… ജീവൻ എടുക്കേണ്ടവർ അല്ല ഡോക്ടർമാർ, ജീവൻ സംരക്ഷിക്കേണ്ടവരാണ്. എന്റെ മെഡിക്കൽ എത്തിക്സിനെതിരായി ഞാൻ ഒന്നും ചെയ്യില്ല. “”ഡോക്ടർ ഡേവിസ് തിരിഞ്ഞു നടക്കാനൊരുങ്ങി.

“””ഡോക്ടർ “””

ഡോക്ടർ ഞെട്ടിത്തിരിഞ്ഞു.

രമേശ്‌……

“”ഡോക്ടർ……വിവേക് പറഞ്ഞതൊക്കെ ഞാൻ കേട്ടു…. അവൻ പറഞ്ഞതാണ് ശരി.

എനിക്ക് ഡോക്ടർ നൽകേണ്ടത് വേദന സംഹാരിയല്ല, മരണമാണ്….

സത്യത്തിൽ ജീവിതത്തെ ഒരുപാട് പ്രതീക്ഷയോടെ നോക്കി കണ്ട ഒരാളാണ് ഞാൻ. ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ ഏത് ജോലിയും ചെയ്യുന്ന ഒരാൾ..സീത എന്റെ ഭാര്യയായി ജീവിതത്തിലേയ്ക്ക് വന്നത് മുതൽ എന്റെ ജീവിതം കൂടുതൽ സുന്ദരമാവുകയായിരുന്നു….

അച്ഛൻ എന്ന് അഭിമാനിക്കാൻ ദൈവം ഒരു വർഷത്തിന് ശേഷം വേണി മോളെ എനിക്ക് നൽകി….സന്തോഷകരമായ ആ ജീവിതത്തിന് മേൽ ആരുടെയോ കണ്ണ് തട്ടിയത് പോലെ…. ആ നശിച്ച ദിവസം……

അന്ന് മൈക്കാട് പണിക്കിടയിൽ കെട്ടിടത്തിന്റെ രണ്ടാo നിലയിലെ സ്ലാബ് ഇളകി കിടന്നത് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഡോക്ടർ…..എന്റെ ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് പകരമായി ഞാൻ നൽകേണ്ടി വന്നത് എന്റെ ജീവിതമായിരുന്നു..

ഉള്ളതെല്ലാം വിറ്റു,കടം വാങ്ങിയും സീത എന്റെ ജീവൻ പിടിച്ചു നിർത്തി….പക്ഷെ…..

ജീവച്ഛവമായി കിടക്കുന്ന എനിക്ക് കടം വീട്ടാൻ കഴിവില്ലാത്തത് കൊണ്ട് പലരും ആവശ്യപ്പെടുന്നത് എന്റെ ഭാര്യയുടെ മാനമാണ് ഡോക്ടർ……

രമേശന്റെ മിഴികൾ നിറഞ്ഞൊഴുകി…

ഭർത്താവായി ഞാൻ ജീവിച്ചിരുന്നിട്ടും, സ്വന്തം ഭാര്യയുടെ മാനം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എനിക്ക് ഈ ജീവിതം എന്തിനാ ഡോക്ടർ..??

നാളെ എന്റെ വേണി മോൾ വലുതാവുമ്പോഴും കാമ കണ്ണുകൾ അവളെ വേട്ടയാടും…

എത്ര നാൾ?? എത്ര നാൾ എന്റെ സീത ഈ ദുരിതങ്ങളെ അതിജീവിക്കും…??

എന്റെ ഈ തളർന്ന ശരീരത്തിലെ ജീവൻ കൊണ്ട് അവർക്ക് ദുരിതമല്ലാതെ മറ്റൊന്നും കിട്ടില്ല ഡോക്ടർ. ഞാൻ ഇല്ലാതായാൽ കുറച്ചു നാൾ കഴിയുമ്പോൾ സീതയ്ക്ക് മറ്റൊരു ജീവിതം കിട്ടും…

എല്ലാം മറക്കാൻ അവൾക്ക് കഴിയും.. കാലം മായ്ക്കാത്ത മുറിവുകളില്ല ഡോക്ടർ. ഡോക്ടർ……. എനിക്ക് മരിക്കണം. ഈ അവസ്ഥയിൽ ഡോക്ടർക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ… സഹായിക്കണം ഡോക്ടർ….

രമേശൻ പൊട്ടിക്കരഞ്ഞു…….

ഡോക്ടർ ഡേവിസ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു….

##### ##### ##### #####

“”സീതേ….. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….. പെട്ടന്ന് നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഈ അവസ്ഥയിൽ അളിയനോട് നമ്മൾ ചെയ്യുന്ന പുണ്യമാണ് മരണം. “”

“”എങ്കിലും വിവേകേട്ടാ… എന്റെ താലി അറുത്തിട്ടു ഒരു ജീവിതം എനിക്ക് വേണ്ട…””

സീത പൊട്ടിക്കരഞ്ഞു.

“”എന്റെ വേണി മോളോട് ഞാൻ എന്ത് പറയും?? അവൾ ചെറിയ കുട്ടിയല്ല. പതിമൂന്ന് വയസ്സായി. അവൾ വളർന്നു വരുമ്പോൾ എന്റെ നേരെ വിരൽ ചൂണ്ടില്ലേ?? അവളുടെ അച്ഛനെ മരണത്തിന് വിട്ട് കൊടുത്ത പാപിയായ അമ്മയായി എന്നെ മുദ്ര കുത്തില്ലെ?? “”

“”സീതേ… നിനക്ക് അധികം പ്രായമായിട്ടില്ല. ഈ പ്രായത്തിൽ ഒരു പെണ്ണ്, ഒരു പെൺകുട്ടിയെയും കൊണ്ട് തളർന്നു കിടക്കുന്ന ഭർത്താവിനെ നോക്കി എങ്ങനെ ജീവിക്കും??

ഈ സമൂഹം നിന്നെ വെറുതെ വിടുമോ??

ജീവച്ഛവമായി ഇതൊക്കെ കണ്ടു സന്തോഷിച്ചു കിടക്കാൻ രമേശന് സാധിക്കുമോ??

ഇപ്പോൾ മരണമാണ് രമേശന് കിട്ടാവുന്ന ഏറ്റവും നല്ല ഔഷധം .

വിവേക് പറഞ്ഞു നിർത്തി. സീതയുടെ മുഖത്തേയ്ക്ക് നോക്കി…

അവൾ ചിന്തയിലാണ്.. മിഴികൾ നിറഞ്ഞൊഴുകുന്നു…

“”വേണി മോളോട് ഞാൻ പറഞ്ഞു മനസിലാക്കാം.. ഞാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുകയാണ്… “”

എല്ലാം കേട്ട് തളർന്നു നിൽക്കുന്ന വേണി മോളെ വിവേക് ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് നടന്നു…

“”വിവേകേട്ടാ…… “””

“””രമേശേട്ടനെ വേദനിപ്പിക്കാതെ കൊല്ലാൻ പറയണേ ഏട്ടാ “””

പൊട്ടിക്കരഞ്ഞു കൊണ്ട് സീത പറഞ്ഞു…

വിവേക് മിഴികൾ തുടച്ചു കൊണ്ട് വേണി മോളേ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു.

##### ###### ##### ######

‘”അച്ഛാ….. “”

വേണി മോളുടെ ശബ്ദം സ്വപ്നത്തിലെന്നത് പോലെ കേട്ട് രമേശ്‌ മിഴികൾ തുറന്നു.

തൊട്ടടുത്തു നിറ കണ്ണുകളോടെ വേണി മോൾ

സ്വന്തം മകളെ ഒന്ന് ചേർത്ത് പിടിക്കാനാവാത്ത നിസ്സഹായതയിൽ രമേശിന്റെ മിഴികൾ നിറഞ്ഞൊഴുകി.

“”അച്ഛാ… അച്ഛൻ മോളെ വിട്ട് പോകണ്ട. മോൾക്ക് എന്നും അച്ഛൻ കൂടെ വേണം….””

അവളുടെ വാക്കുകൾ കേട്ട് രമേശിന്റെ നെഞ്ച് പിടഞ്ഞു.

“”മോൾക്ക് വേറെ അച്ഛൻ വരും. ആ അച്ഛൻ മോൾക്ക് ഒത്തിരി മിട്ടായി വാങ്ങി തരും… “”

ഉള്ളിലെ സങ്കട കടലിനെ മുഖത്തെ പുഞ്ചിരിയിലൊളിപ്പിച്ചു കൊണ്ട് രമേശ്‌ പറഞ്ഞു.

“”വേണ്ട. എനിക്ക് എന്റെ അച്ഛനെ മതി.നിക്ക് അറിയാം അച്ഛൻ മരിച്ചു പോകും. അച്ഛന്റെ കൂടെ മോളും വരുവാ “”

“”മോള് എന്തൊക്കെയാ ഈ പറയുന്നേ “”??

“”ഇത് കണ്ടോ?? “വേണി മോൾ കയ്യിലെ കുപ്പി ഉയർത്തി കാണിച്ചു

“”എലി വിഷമാ..അമ്മ എലിയെ കൊല്ലാൻ വാങ്ങി വെച്ചതാ. മോള് ഇത് കഴിക്കാൻ പോകുവാ.മോൾക്കും അച്ഛന്റെ ഒപ്പം വരണം. “”

വേണി ആ ചെറിയ കുപ്പിയുടെ അടപ്പ് തുറന്നു

“””അരുത്… മോളെ.. അരുത്. മോളെ കഴിക്കരുത്. അച്ഛന്റെ പൊന്ന് മോളല്ലേ കഴിക്കരുത്. “”

രമേശ് പൊട്ടിക്കരഞ്ഞു.

“”അടച്ചിട്ടിട്ടിരിക്കുന്ന വാതിലിനപ്പുറം അയാളുടെ കരച്ചിൽ എത്തിയില്ല. “

വേണി വിഷ കുപ്പി മെല്ലെ ഉയർത്തി വായിലോട്ടു കമഴ്ത്തി ..

പെട്ടന്ന്.. ഒരു കയ്യ് വന്നു ആ കുപ്പി തട്ടിക്കളഞ്ഞു. വിഷം വേണിയുടെ മുഖത്തും, കട്ടിലിലുമായി വീണു

വേണി ഞെട്ടിത്തിരിഞ്ഞു.

രമേശൻ വിശ്വസിക്കാനാവാതെ സ്വന്തം കയ്യിലേക്ക് നോക്കി… ശരീരം പകുതി ഉയർത്തി കൈകൊണ്ടു വേണിയുടെ കയ്യിലെ കുപ്പി തട്ടിക്കളയാൻ തനിക്ക് സാധിച്ചിരിക്കുന്നു..

“ദൈവമേ “”അയാൾ സന്തോഷം കൊണ്ട് അലറി വിളിച്ചു.

വേണി രമേശനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

###### ###### ######

“”എന്റെ മെഡിക്കൽ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ആണ് ഇത്…. ഇനി എനിക്ക് പ്രതീക്ഷയുണ്ട്. ആറു മാസം കൊണ്ട് രമേശനെ പഴയ രേമേശനാക്കി തിരിച്ചു തരും. “”

ഡോക്ടർ ഡേവിസിന്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ കേട്ട് സീതയും വേണിയും സന്തോഷത്തോടെ കൈകൂപ്പി.

എല്ലാം കണ്ടു മിഴികൾ നിറഞ്ഞ് നിൽക്കുന്ന വിവേകിനെ നോക്കി ഡോക്ടർ പറഞ്ഞു…

“”വിവേക് ഞങ്ങൾ ഡോക്ടർമാർ ഇടക്കൊക്കെ പറയാറുണ്ട് ബാക്കിയൊക്കെ ദൈവത്തിന്റെ കൈകളിൽ ആണെന്ന്, അത് പറയാറുള്ളത് ചുമ്മാതല്ല 99 ശതമാനം രക്ഷപെടില്ലെന്നു കരുതിയ പല കേസുകളും ബാക്കി ഉള്ള ആ ഒരു ശതമാനത്തിന്റെ പേരിൽ രക്ഷപ്പെട്ട ചരിത്രവും ഉണ്ട്

പിന്നെ നിങ്ങൾ പറഞ്ഞത് മെഡിക്കൽ എത്തിക്സ് ന് ചേർന്നതല്ല എന്ന് മാത്രമല്ല ദൈവത്തിനും ഉണ്ട് ഒരു കോടതി അവിടെ നമ്മൾ പ്രതിക്കൂട്ടിൽ തന്നെയായിരിക്കും കാരണം അവൻ തന്ന ജീവൻ എടുക്കാനുള്ള അവകാശം അവനു മാത്രമാണുള്ളത് അവനാണ് അതിന്റെ ഉടമ അവനാണ് വിധിയും””””

ഡോക്ടറുടെ വാക്കുകൾ വിവേകിന്റെ കണ്ണുകളെ നനച്ചു, പെങ്ങളോടുള്ള തന്റെ സ്നേഹം കൊണ്ട് താൻ കാണിച്ച സ്വാർത്ഥതയെ അവൻ ആവർത്തിച്ചാവർത്തിച്ചു ശപിച്ചു കൊണ്ടിരുന്നു, ഒരു നെന്മണിക്ക് പ്രതീക്ഷ പോലും തന്റെ പെങ്ങളുടെ ഭർത്താവിൽ അർപ്പിക്കാത്തതിരുന്നതിൽ അയാൾക്ക് സ്വയം കുറ്റബോധം തോന്നിയിരുന്നു, തിരികെ നടക്കുന്നതിനിടയിൽ അയാൾ ഭ്രാന്തമായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു, ഒപ്പം നിറഞ്ഞൊഴുകിയ കണ്ണുനീരിനെ ആ വെള്ളമുണ്ടിന്റെ അറ്റം കൊണ്ടയാൾ തുടച്ചു കൊണ്ടേയിരുന്നു ഒപ്പം അയാൾ ദൈവത്തോട് അപേക്ഷിക്കുന്നുണ്ടായിരുന്നു

” ഒരു ജീവൻ ഇല്ലാതാക്കാൻ തോന്നിയ ആ നിമിഷം മുതൽ എന്നിലെ നന്മയുടെ ജീവാംശം നശിച്ചു തുടങ്ങിയിരുന്നു ഇപ്പോൾ ഇഞ്ചിഞ്ചായി ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോളാ ദയാവധം അർഹിക്കുന്ന ആൾ ഞാനാണ് എനിക്ക് നീയത് വിധിച്ചു നൽകണേ ദൈവമേ…” എന്ന്….

Leave a Reply

Your email address will not be published. Required fields are marked *