പെട്ടന്ന് ഒരു സ്ത്രീയുടെ രൂപം അവിടെ പ്രത്യക്ഷപെട്ടു.. ഞങ്ങൾ ഭയപ്പാടോടെ തമ്മിൽ തമ്മിൽ നോക്കി തിരിഞ്ഞു ഓടാൻ നിൽക്കവേ…….

എഴുത്ത്:-ബഷീർ ബെച്ചി

കൊമ്പുറിയാൻപാറ എന്ന വിജനമായ പാറയും ഇടക്ക് മാത്രം മുൾച്ചെടികളും നിറഞ്ഞ പ്രദേശം.. കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഈ സ്ഥലത്തു കൂടെ രാത്രി ആരും പോകാറില്ല.. യക്ഷി ഉണ്ടത്രേ..

രാത്രി അപ്പൂർവം ചിലർ ഈ വഴി യാത്ര ചെയ്യുമ്പോൾ യക്ഷിയെ കണ്ടു ഭയന്ന് ഓടിയിട്ടുണ്ട് പോലും..

ഈ ജാതി കഥകളിൽ എന്തെങ്കിലും സത്യമുണ്ടോടാ.. ഞാൻ ഒരു യക്ഷികഥ തട്ടികൂട്ടുന്നതിന് ഇടയിൽ എന്റെ ചങ്ക് റാഫിയുടെ ഒലക്കമേലെ ഒരു ചോദ്യം..

ആവോ ആർക്കറിയാം.. ആ റഫീക്ക് അവിടുന്ന് എന്തോ കണ്ടു പേടിച്ചല്ലേ ഭ്രാന്ത് വന്നത്?

അതിപ്പോ സുഖമായില്ലേ.. അവനോട് ചോദിച്ചാലോ ഇതിന്റെ വാസ്തവം..

നീ ഒന്ന് പോയെ റാഫി.. അവൻ ഒന്ന് മര്യാദക്ക് ജീവിച്ചു പൊക്കോട്ടെ..

എനിക്ക് ഈ യക്ഷിയെ കാണാൻ ഭയങ്കര താല്പര്യം നമ്മുക്ക് ഈ വെള്ളിയാഴ്ച രാത്രി കൊമ്പുറിയാൻപാറയിൽ പോയാലോ എന്തെങ്കിലും സത്യം ഉണ്ടോ അറിയാലോ..

പോടാ തെണ്ടി.. ഞാനില്ല നീ എന്നേ കൊലക്ക് കൊടുക്കാനുള്ള പരിപാടി ആണോ.. പൊതുവെ കുറച്ചു പേടിയുള്ള ഞാൻ അവന്റെ ആഗ്രഹം മുളയിലേ നുള്ളികളയാൻ നോക്കി..

പക്ഷെ അവനത് വിടുന്ന മട്ടില്ല എന്നെനിക്ക് പിന്നെയെ മനസിലായൊള്ളു..

അന്ന് വെള്ളിയാഴ്ച വൈകുന്നേരം കവലയിലെ ചീനിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ റാഫി വീണ്ടും ഈ വിഷയം എടുത്തിട്ടത്…

ഇന്ന് രാത്രി നമ്മുക്ക് വെറുതെ ബൈക്ക് എടുത്തു കറങ്ങി നോക്കാം കൊമ്പുറിയാൻ പാറയിലൂടെ.. ഞാനില്ല നീ പോയ മതി.

ഞാനുണ്ടെങ്കി നീയും ഉണ്ടാകും.. പിന്നെ ജിതേഷും മുഹമ്മദും ഉണ്ട് അവരും ഉണ്ടെന്ന് കേട്ടതോടെ ഞാൻ അർദ്ധസമ്മതം മൂളി..

രാത്രി ഏകദേശം 11 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് ഈ പ്രദേശം.

പകൽസമയങ്ങളിൽ ഈ പാറപുറത്ത് കൂടെ ചില വലിയ വാഹനങ്ങൾ പോയി ചെറുതായി റോഡ് പോലെ രൂപപെട്ട വഴിയിലൂടെ ഞങ്ങളുടെ ബൈക്കുകൾ സാവധാനം നീങ്ങി..

ഒരു യക്ഷികഥ എഴുതാൻ നോക്കിയ എനിക്ക് റാഫി തന്ന എട്ടിന്റെ പണി. അവന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു ഞാൻ ഭീതിയോടെ ചുറ്റുപാടും നോക്കി.. കൂരാ കൂരിരുട്ട് . ഇടക്ക് കുറുക്കൻമാർ ഓരിയിടുന്നത് കേൾക്കാം അത് കേൾക്കുമ്പോൾ ഞാൻ അവനെ ഒന്നൂടെ മുറുകെ പിടിക്കും.

കുറച്ചു കൂടെ മുമ്പോട്ട് നീങ്ങിയപ്പോൾ അകലെ ഒരു ചെറിയ വെളിച്ചം പ്രത്യക്ഷപെട്ടു..

കാലിന്റെ അടിയിൽ നിന്നൊരു തരിപ്പ് കയറി ശരീരമാകെ വ്യാപിച്ചു. പേടി കൊണ്ട് എന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു. ഞങ്ങൾ ബൈക്ക് നിർത്തി. ഇനി മുമ്പോട്ട് പോണോ പിറകിൽ നിന്ന് ജിതേഷിന്റെ വിറയലോടെ ഉള്ള ചോദ്യം..

വണ്ടി ഇവിടെ നിർത്താം.. നമ്മൾ നാലു പേരില്ലേ കുറച്ചൂടെ മുമ്പോട്ട് പോയി നോക്കാം റാഫി ഞങ്ങളുടെ മുഖത്തു നോക്കി പറഞ്ഞു ഇവന് എവിടുന്നു കിട്ടി ഇത്ര ധൈര്യം.. മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ..

മുൾച്ചെടികളുടെ മറ പറ്റി ഞങ്ങൾ കുറേക്കൂടെ മുമ്പോട്ട് നീങ്ങി.. ആ വെളിച്ചം വലുതായികൊണ്ടിരുന്നു.. പെട്ടന്ന് ഒരു സ്ത്രീയുടെ രൂപം അവിടെ പ്രത്യക്ഷപെട്ടു.. ഞങ്ങൾ ഭയപ്പാടോടെ തമ്മിൽ തമ്മിൽ നോക്കി തിരിഞ്ഞു ഓടാൻ നിൽക്കവേ ആ യക്ഷിയുടെ കൂടെ വേറെയും രണ്ടു പുരുഷരൂപങ്ങൾ.. ഞങ്ങൾ അന്തം വിട്ട് മുഖത്തോട് മുഖം നോക്കി..

ഡാ ഇത് യക്ഷിയൊന്നുമല്ല.. മനുഷ്യർ തന്നെയാടാ മറ്റേ പരിപാടി ആണ് സംഭവം റാഫി ചിരിച്ചു കൊണ്ട് നിലത്തിരുന്നു. ഞങ്ങളുടെ ഭയം ഒക്കെ പോയി ക്കഴിഞ്ഞിരുന്നു. ഞങ്ങൾ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു.. ഒരു ചെറിയ പന്തം പോലെ ഒന്ന് കുത്തി നിർത്തിയിരിക്കുന്നു അതിൽ നിന്നാണ് ഈ തീവെളിച്ചം..

പാറപുറത്തു ഒരു ഒരു കട്ടിയുള്ള ഷീറ്റ് ഇട്ട് രാസലീലകളിൽ മുഴുകുന്ന മൂന്ന് രൂപങ്ങൾ.. കുറച്ചു മാറി മദ്യകുപ്പികളും വേറെ എന്തൊക്കയോ പൊതികളും. ഭക്ഷണം ആണെന്ന് തോന്നുന്നു..

നേരെ മുമ്പിൽ എത്തിയപ്പോഴായിരുന്നു ഞങ്ങളെ അവർ കണ്ടത്.. നാട്ടിലെ അറിയപ്പെടുന്ന രണ്ടു മഹത് വ്യക്തികൾ കൂടെ കാണാൻ കൊള്ളാവുന്ന അർദ്ധ ന ഗ്ന വേഷത്തിൽ ഒരു മ ദാലസ ആയ സ്ത്രീയും ഞങ്ങളെ കണ്ടതോടെ അവർ പേടിച്ചു വേഗം അവിടെ ഇരുട്ടിൽ പാർക്ക് ചെയ്യുന്ന കാറിന് അരികിലേക്ക് ഓടി..

ഓടണ്ട.. ഞങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട് നിങ്ങളുടെ കളിയൊക്കെ റാഫി വിളിച്ചു പറഞ്ഞു..

അവർ ഓട്ടം നിർത്തി ഞങ്ങളുടെ മുഖത്തേക്ക് ദയനീയമായി നോക്കി. ഇവിടെ യക്ഷി ഉണ്ടെന്ന് ഒക്കെ പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു നിങ്ങൾക്കിത് ആണല്ലേ പരിപാടി.. നാളെ ഈ നാട് ഇത് മൊത്തം അറിയും ശരിയാക്കി തരാം..

നാറ്റിക്കരുത് എന്ത് വേണേലും ചെയ്യാം കുടുംബം തകർന്ന് പോകും ആത്മഹത്യ ചെയ്യേണ്ടി വരും.. അവർ രണ്ടുപേരും ദയനീയമായി ഞങ്ങളുടെ മുഖത്തേക്ക് നോക്കി.

ആളിന് ഒന്ന് വെച്ച് 25000 രൂപ വെച്ച് ഒരു ലക്ഷം സമ്മതമാണെങ്കിൽ ഈ വീഡിയോ ഇപ്പൊ ഡിലീറ്റ് ചെയ്യും

സമ്മതം.

ആർക്ക് വേണം നിങ്ങളുടെ ക്യാഷ്ഇ നി മേലാൽ ഈ ജാതി പരിപാടികളുമായി ഇനി കണ്ടാൽ ഞങ്ങൾ ഇത് വിളിച്ചു പറയും. ഇല്ല ഇനിയുണ്ടാവില്ല സത്യം..

ന്നാ വിട്ടോ..

അവർ അതിവേഗം കാറുമെടുത്ത് പോയി..

ഞങ്ങൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവിടെ പാറപുറത്ത് കുത്തിയിരുന്നു.

അങ്ങനെ ജനങ്ങളുടെ ഭീതി നിറഞ്ഞ യക്ഷികഥക്ക് ഒരു അവസാനമായി..

ഞാൻ എഴുതാൻ വെച്ച യക്ഷികഥയും സ്വാഹ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *