ഋതുഭേദങ്ങള്‍
എഴുത്ത്: ദിപി ഡിജു
‘നിന്നെ എന്‍റെ മരുമകളായി കാണാന്‍ ഈ ജന്മം എനിക്ക് സാധിക്കില്ല… അതിനുള്ള യോഗ്യതയും നിനക്കില്ല… ചാകാന്‍ നേരം ഒരു തുള്ളി വെള്ളം പോലും നിന്‍റെ കൈയ്യില്‍ നിന്നു ശാരദാമ്മ കുടിക്കും എന്നു നീ ചിന്തിക്കണ്ട…’
‘ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് അമ്മേ ഇങ്ങനെ…???’
‘നിന്‍റെ സൗന്ദര്യം ഇല്ലായ്മ തന്നെയാണ് നിന്‍റെ തെറ്റ്… എന്‍റെ മോന് നിന്നേക്കാള്‍ ചന്തമുള്ളതിനെ കിട്ടിയേനെ… ഓരോ കാലക്കേട്… എവിടെയെങ്കിലും പോയാല്‍ പോലും നാലാളെ കാണിക്കാന്‍ സാധിക്കുമോ മരുമോളാണെന്നു പറഞ്ഞ്…ചുറ്റുപാടുള്ള വീടുകളില്‍ ഒക്കെ ഉള്ള പെണ്‍പിള്ളാരെ കണ്ടാല്‍ നിനക്ക് മനസ്സിലാകുമെടി നിന്‍റെ കുറവ് എന്താണെന്ന്… പെണ്ണുങ്ങള്‍ ആയാല്‍ കുറച്ച് നിറവും ശരീരവുമൊക്കെ വേണം… ഇത് പുത്തരിക്കണ്ടത്തില്‍ കോലമായി നിര്‍ത്താന്‍ കൊള്ളാം… എന്നാലും… എന്തു കണ്ടിട്ടാണോ അവന്‍… ഛേ… നല്ല ചിരിയാണ് പോലും… ഫ്തൂ…’
അവളെ നോക്കി അവര്‍ കാര്‍ക്കിച്ചു തുപ്പി.
പത്രപരസ്യത്തിലൂടെ വന്ന ആലോചനയായിരുന്നു സുലോചനയുടേത്. ഒരുപാടു പെണ്ണു കണ്ടെങ്കിലും അജയനു ആരെയും അത്ര ഇഷ്ടമായില്ല.
കുറച്ച് നിറം കുറവായിരുന്നെങ്കിലും ഐശ്വര്യം ഉള്ള മുഖം ആയിരുന്നു സുലോചനയുടേത്. ആദ്യകാഴ്ച്ചയില്‍ തന്നെ അയാള്‍ക്കു അവളെ ബോധിച്ചു.
വീട്ടിലുള്ള മറ്റുള്ളവരുടെ ഇഷ്ടക്കേട് അയാള്‍ കാര്യമാക്കിയില്ല. അയാളുടെ വാശിക്കു മുന്നില്‍ അവര്‍ അടിയറവു പറഞ്ഞു.
എന്നാല്‍ ഇങ്ങനെയൊരു അനിഷ്ടം ഉണ്ടായിരുന്നെന്നു സുലോചനയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.
അന്വേഷണത്തില്‍ ചെറുക്കനേയോ വീട്ടുകാരെയോ പറ്റി ആര്‍ക്കും ഒരു മോശം അഭിപ്രായവും ഉണ്ടായിരുന്നില്ല.
അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പൊന്നും പണവും നല്‍കി തന്നെ അവളുടെ മാതാപിതാക്കള്‍ ആ വിവാഹം നടത്തി.
‘അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പറിയൂ…’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതു പോലെ ആയിരുന്നു പിന്നീട് സുലോചനയുടെ ജീവിതം.
പോസ്റ്റ്ഗ്രജ്വേഷന്‍ കഴിഞ്ഞു തരക്കേടില്ലാത്ത ഒരു ജോലിയും ഉണ്ടായിരുന്ന അവളുടെ ജോലി രാജി വയ്ക്കാന്‍ അവള്‍ നിര്‍ബന്ധിതയായി.
അവളുടെ വീട്ടുകാര്‍ ആരെങ്കിലും ആ വീട്ടില്‍ വന്നാല്‍ അജയന്‍റെ അമ്മ അവരെ കാണാന്‍ പോലും കൂട്ടാക്കിയില്ല.
അവരുടെ ഇഷ്ടമില്ലായ്മ അവര്‍ സാധിക്കുന്ന അവസരങ്ങളില്‍ പ്രകടിപ്പിച്ചു കൊണ്ടേ ഇരുന്നു.
ഏതെങ്കിലും ചടങ്ങുകള്‍ക്ക് പോയാലും ഒരിക്കല്‍ പോലും അവളെ ചേര്‍ത്തു നിര്‍ത്താതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വീട്ടില്‍ അശ്രദ്ധയോടെ ശാരദാമ്മ കൊണ്ടു വച്ചു നഷ്ടപ്പെടുത്തുന്ന വസ്തുക്കള്‍ എല്ലാം സുലോചനയെ ‘കള്ളി’ എന്നു മുദ്ര കുത്താന്‍ അവര്‍ അവസരങ്ങളാക്കി.
രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചതും നിറം കുറഞ്ഞവര്‍ ആയതിനാല്‍ ശാരദാമ്മയ്ക്ക് അവരെയും അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു.
‘കാണാന്‍ കൊള്ളാവുന്ന ഒരുത്തിയെ കെട്ടിയിരുന്നേല്‍ നല്ല വെളുത്ത് തുടുത്ത പിള്ളേരെ ഉണ്ടാക്കാന്‍ പറ്റില്ലാരുന്നോടാ…???’
‘നിറത്തിലൊക്കെ എന്താ അമ്മേ കാര്യം… പിള്ളേര്‍ക്ക് ആരോഗ്യം ഉണ്ടല്ലോ… അതല്ലേ വേണ്ടത്…’
‘ഓ… ആരോഗ്യം… നിന്‍റെ അനിയന്‍ കെട്ടിക്കൊണ്ടു വരാന്‍ പോകുന്ന പെണ്‍കൊച്ചിനെ നീ കണ്ടില്ലാര്‍ന്നോ…??? പൊന്നിന്‍റെ നിറമാണ് അവള്‍ക്ക്…നിനക്കു വേണ്ടിയും ഞാന്‍ കൊതിച്ചത് അതു പോലെ ഒരുത്തിയെ തന്നെ ആയിരുന്നെടാ…’
‘വര്‍ഷം ഇത്രയും കഴിഞ്ഞില്ലേ അമ്മേ… രണ്ടു മക്കളുമായി ഞങ്ങള്‍ക്ക് ഇപ്പോഴും അമ്മ ഇതൊക്കെ മനസ്സില്‍ വച്ചു നടക്കുന്നത് കഷ്ടമാണ് കേട്ടോ…’
‘മരിക്കുന്നതു വരെ ഇതൊന്നും എന്‍റെ മനസ്സില്‍ നിന്നു പോവില്ലെടാ…പെരുങ്കള്ളി… അവള്‍ എന്തു കൈവിഷം ആണോ നിനക്ക് തന്നത്…???’
‘അമ്മയെ തിരുത്താന്‍ ഞാനില്ല…’
അജയന്‍റെ അനിയന്‍ വിജയന്‍റെ വിവാഹം അധികം വൈകാതെ കഴിഞ്ഞു.
മോഹിനി കാഴ്ച്ചയില്‍ അതിമനോഹരി ആയിരുന്നു.
സൗന്ദര്യം ഉള്ള മരുമകളെ സ്നേഹിച്ചു കൊല്ലാന്‍ ശാരദാമ്മ മത്സരിച്ചു.
ഏട്ടനും ഏടത്തിയും ആ വീട്ടില്‍ നില്‍ക്കുന്നത് മോഹിനിക്ക് ഒരു ബുദ്ധിമുട്ട് ആയി തോന്നി തുടങ്ങി. സ്വയം വീട് മാറി പോയാല്‍ പിന്നെ വേറെ വീട് വയ്ക്കുക ചെലവാണ്. അവരെ ഇവിടെ നിന്ന് ഇറക്കി വിട്ടാല്‍ അതാണ് കൂടുതല്‍ സൗകര്യം.
അമ്മായിയമ്മയ്ക്ക് സുലോചനയോടുള്ള ഇഷ്ടക്കേട് മുതലെടുക്കാന്‍ അവള്‍ തീരുമാനിച്ചു.
അവളുടെ കുറ്റങ്ങള്‍ പെരുപ്പിച്ചു പറഞ്ഞു കൊടുത്തു എരിതീയില്‍ അവള്‍ എണ്ണ ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു.
വിജയനും മോഹിനിയ്ക്കും ഉണ്ടായ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നതിന്‍റെ പകുതി സ്നേഹം പോലും ശാരദാമ്മ അജയന്‍റെ കുട്ടികളോട് കാണിച്ചില്ല. കൊടുക്കുന്ന ഭക്ഷണത്തില്‍ പോലും തരംതിരിവുകള്‍ കാണിച്ചിരുന്നു. സുലോചന അതെല്ലാം കണ്ടില്ല എന്നു നടിച്ചിരുന്നു.
സഹികെട്ട് ഒരു ദിവസം സുലോചനയെ കൂട്ടി അവിടുന്നു ഇറങ്ങാന്‍ അജയന്‍ തീരുമാനിച്ചു.
‘വേണ്ട അജയേട്ടാ… നമ്മുടെ അമ്മ അല്ലേ… ഞാന്‍ എല്ലാം സഹിച്ചോളാം…’
‘നീ എല്ലാം സഹിക്കുമായിരിക്കും… പക്ഷെ എനിക്ക് ഇതെല്ലാം കണ്ടു നില്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ട്… അധികം ദൂരേയ്ക്ക് ഒന്നും വേണ്ട… ഇവിടെ അടുത്ത് ഞാനൊരു വാടക വീട് കണ്ടുപിടിച്ചിട്ടുണ്ട്… ഇനി മറുത്തൊന്നും പറയണ്ട… നമ്മള്‍ അങ്ങോട്ടു മാറുവാണ്… പിന്നെ നിന്‍റെയും എന്‍റെയും ക്വളിഫിക്കേഷന്‍ വച്ച് നമ്മുക്ക് വിദേശത്ത് ജോലി കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് എന്‍റെ ഒരു കൂട്ടുകാരന്‍ വഴി അറിഞ്ഞു…. ഇങ്ങനെ ഇവിടെ നിന്നിട്ട് ഒരു പുരോഗതിയും ഉണ്ടാവാന്‍ പോകുന്നില്ല… അത് ശരിയാകുവാണേല്‍ നമ്മുക്ക് ആ വഴി നോക്കാം… എല്ലാം ഇവിടുന്നു ഇറങ്ങിയതിനുശേഷം… മനസ്സിലായോ…???’
‘അജയേട്ടാ… എങ്ങനെയാ ഈ നാടു വിട്ടു…’
‘നീ ഒന്നും പറയേണ്ട… ഞാന്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞതാണ്… നമുക്കും ഒന്നു ജീവിക്കണ്ടേടി…???’
അവന്‍ അവളെ ചേര്‍ത്തു നിര്‍ത്തി.
അജയന്‍ വീടു മാറുന്നതില്‍ ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും സുലോചനയെ ഓര്‍ത്തപ്പോള്‍ ശാരദാമ്മ അതിനു വല്ല്യ എതിര്‍പ്പ് കാണിച്ചില്ല.
ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് കാനഡ പി ആര്‍ ലഭിച്ചു അവര്‍ രാജ്യം വിട്ടു.
മോഹിനിയെ അളവറ്റു സ്നേഹിച്ചിരുന്ന ശാരദാമ്മ അവള്‍ക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കാന്‍ തയ്യാറായിരുന്നു.
എന്നാല്‍ പതിയെ പതിയെ അവള്‍ അവരെ വെറുമൊരു വേലക്കാരിയാക്കി മാറ്റുന്നത് അവര്‍ അറിഞ്ഞു തുടങ്ങി.
അവരുടെ ആ വീട്ടിലുണ്ടായിരുന്ന അധികാരം എല്ലാം അവള്‍ കൈക്കലാക്കി. വിജയന്‍ എന്തിനും ഏതിനും അവളുടെ ഭാഗത്ത് നിന്നു.
അവര്‍ കഴിച്ചിരുന്ന ഭക്ഷണത്തിനു പോലും ശാരദാമ്മ കണക്കു കേള്‍ക്കേണ്ടി വന്നു.
ചോദിച്ചു വരാന്‍ അജയേട്ടന്‍ ഇല്ലല്ലോ എന്നതു തന്നെയായിരുന്നു മോഹിനിയുടെ ധൈര്യം.
ശാരദാമ്മയുടെ ജീവിതം ഒരു കൊച്ചു മുറിക്കുള്ളിലേക്ക് ഒതുങ്ങി തുടങ്ങി.
അജയന്‍ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം മോഹിനി അടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് അവര്‍ക്ക് അവനോട് അവന്‍റെ അവസ്ഥ പറയാന്‍ സാധിച്ചില്ല.
ശാരദാമ്മയുടെ ജീവിതം ഓരോ ദിവസവും നരക തുല്ല്യമായി തുടങ്ങി. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു തുടങ്ങി.
‘അമ്മേ…. അമ്മ ഇത് എന്തു ആലോചിച്ചു ഇരിക്കുവാണ്… ദേ ഫ്ളൈറ്റിന്‍റെ അനൗണ്‍സ്മെന്‍റ് വന്നു…. വേഗം വാ…’
സുലോചനയുടെ ശബ്ദം കേട്ടാണ് ശാരദാമ്മ ഓര്‍മ്മകളില്‍ നിന്നു തിരികെ വന്നത്. അവര്‍ എഴുന്നേറ്റു അവളോടൊപ്പം നടന്നു.
ഒരു നിമിഷം പുഞ്ചിരിയോടെ സുലോചന ആ രാത്രിയെ കുറിച്ചോര്‍ത്തു.
അജയേട്ടന്‍ അമ്മയുമായി സംസാരിച്ച ഒരു രാത്രി. ഫോണ്‍ ലൗഡ് സ്പീക്കര്‍ ആയിരുന്നു.
‘അജയേട്ടാ…’
‘ഉംം…’
‘അമ്മയ്ക്ക് അവിടെ എന്തോ വിഷമം ഉണ്ടെന്നു തോന്നുന്നു…’
‘ആരു പറഞ്ഞു…??’
‘എന്‍റെ മനസ്സു പറയുന്നു… അമ്മയുടെ ശബ്ദത്തില്‍ എന്തോ ഒരു സങ്കടം നിഴലിക്കുന്നതു പോലെ…’
‘അതിനിപ്പോള്‍ ഞാന്‍ എന്തു വേണം…??? എന്തു വിഷമം ആണേലും സ്വയം വരുത്തി വച്ചതല്ലേ…???’
‘എന്തൊക്കെ ആയാലും അത് നമ്മുടെ അമ്മ അല്ലേ…??’
‘ആ വിചാരം അമ്മയ്ക്ക് കൂടി വേണ്ടേ…?? നീ കിടന്ന് ഉറങ്ങാന്‍ നോക്കു… എനിക്ക് രാവിലെ ഡ്യൂട്ടി ഉണ്ട്…’
‘അജയേട്ടാ… നമുക്ക് അമ്മയെ ഇങ്ങോട്ട് കൊണ്ടു വന്നാലോ…??’
‘നിനക്കെന്താ ഭ്രാന്തുണ്ടോ…??? അനുഭവിച്ചതൊന്നും പോരാ എന്നുണ്ടോ…???’
‘അല്ല അജയേട്ടാ… ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ലെന്നാ തോന്നുന്നത്… അങ്ങനെ ഉണ്ടായാല്‍ തന്നെ ഞാന്‍ സഹിച്ചോളാം… ഒന്നുമില്ലേലും അച്ഛന്‍ മരിച്ചിട്ടും നിങ്ങളെ രണ്ടു പേരെയും ഈ നിലയില്‍ എത്തിച്ചത് അമ്മയല്ലേ… നമുക്ക് ഒരു നല്ല കാലം ഉണ്ടാവുമ്പോള്‍ അമ്മയെ കൂടി നമ്മള്‍ ഓര്‍ക്കണ്ടെ…???’
‘ഹാ… നീ ഇപ്പോള്‍ കിടക്കാന്‍ നോക്കു… നമുക്ക് ആലോചിക്കാം…’
അവള്‍ക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസ്സു മുഴുവന്‍ ശാരദാമ്മ ആയിരുന്നു.
‘അമ്മേ… ആ സ്വെറ്റര്‍ ഇട്ടോളു… അമ്മയ്ക്ക് തണുപ്പു പറ്റില്ലല്ലോ…’
ശാരദാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
‘മോളെ… എങ്ങനെ പറ്റുന്നെടി നിനക്കിങ്ങനെ…??? നിന്നെയോ നിന്‍റെ മക്കളെയോ ഞാന്‍ ഒരിക്കല്‍ പോലും സ്നേഹത്തോടെ ഒന്നു നോക്കിയിട്ടു പോലും ഇല്ല… എന്നിട്ടും….’
‘അമ്മ… എന്‍റെയും അമ്മ അല്ലേ… ഞാന്‍… എനിക്ക്… സങ്കടം ഒന്നും തോന്നിയിട്ടില്ലല്ലോ അമ്മേ… എന്നെങ്കിലും അമ്മ എന്നെ ഒന്നു ചേര്‍ത്തു നിര്‍ത്തണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ… വേറെ ഒന്നും വേണ്ട എനിക്ക്…’
‘മോളെ… നിന്‍റെ ദേഹത്തെ കറുപ്പു മാത്രമേ എന്‍റെ കണ്ണുകള്‍ കണ്ടുള്ളൂ…അതിനുള്ളിലെ വെളുത്ത മനസ്സ് എനിക്ക് കാണാന്‍ പറ്റാതെ പോയല്ലോ…ഇപ്പോള്‍ എനിക്ക് കാണാം മോളെ… ഈ ലോകത്ത് ഏറ്റവും സൗന്ദര്യം ഉള്ളത് എന്‍റെ മോള്‍ക്ക് തന്നെയാണ്…’
അവര്‍ അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ തന്‍റെ ചുണ്ടുകള്‍ അമര്‍ത്തി.
മിഴികളില്‍ നിന്നു ഒഴുകി വീണ ആ കണ്ണീര്‍കണങ്ങള്‍ നിറയെ അവളോടുള്ള കളങ്കം ഇല്ലാത്ത സ്നേഹത്താല്‍ തിളങ്ങി.