പെൺകൊച്ചു നിലവിളിച്ചോണ്ടു ഓടുന്നത് കാണാൻ വയ്യാത്തോണ്ട് ചോദിച്ചതാ… നീ പോയിട്ട് അവിടെ സ്ലീവാചൻ കളിയ്ക്കാൻ ഒന്നും……

ആനന്ദിന്റെ ആദ്യരാത്രി

Story written by Kannan Saju

ആ ഒരു പെൺകുട്ടിക്ക് മാത്രം ചെറുക്കൻ ഇല്ലെങ്കിൽ നിങ്ങടെ മോനേ കൊണ്ടു തന്നെ അങ്ങ് കെട്ടിക്കു വിലാസിനിയമ്മേ… ആൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു….

അതെ…  മകന് ജോലി കിട്ടുമ്പോ കണ്ണന്റെ മുൻപിൽ പത്തു പെൺകുട്ടികളുടെ കല്ല്യാണം നടത്തി കൊടുക്കാം എന്ന് നേർന്നതല്ലേ…

ഒരു പെൺകുട്ടി മാത്രം അതിൽ നിറ കണ്ണുകളോടെ മടങ്ങിയാൽ നിങ്ങളുടെ മകന് തന്നാ അതിന്റെ ദോഷം… മറ്റൊരാൾ അത് ഏറ്റു പിടിച്ചു….. ഇത്രേം വിശാല മനസ്സുള്ള വിലാസിനി അമ്മക്ക് ഇതും പറ്റും…

അതോടെ അത് കൈലാസത്തിൽ വിലാസിനി അമ്മയുടെ അഭിമാന പ്രശ്നമായി മാറി… അവർ തന്റെ മകനെ നോക്കി… ആറടി പൊക്കത്തിൽ വെളുത്തു നിറമുള്ള ആരോഗ്യമുല്ല ചെറുപ്പക്കാരൻ ആയിരുന്നു ആനന്ദ്… ആ പെൺകുട്ടി ഇരു നിറവും അഞ്ചര അടി പൊക്കവും ഉള്ളവളും ആ നാട്ടിലെ ഏറ്റവും വലിയ കുടിയന്റെ മകളും ആയിരുന്നു…

ആനന്ദിന്റെ അനിയൻ മുന്നോട്ടു വന്നു ആനന്ദിനോട് പറഞ്ഞു. ഏട്ടാ, ആ കുട്ടി എന്റെ കൂടെ പ്ലസ്‌ടു വരെ പഠിച്ചതാണ് …. നല്ല കുട്ടിയാ… അവന്റെ വാക്ക് കേട്ടതും വിലാസിനി അമ്മയുടെ മുഖം തിളങ്ങി. ആനന്ദും ചിരിച്ചു.. നാട്ടുകാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് കെട്ടാമെന്നു ഏറ്റവൻ പറ്റിച്ചിട്ടു പോയ അവളെ ആനന്ദ് താലി കെട്ടി….. എല്ലാം ഒരു സ്വപ്നം പോലെ അവൾ കണ്ടു നിന്നു…..

പൂർണ്ണ മനസ്സോടെ നിലവിളക്കു കൊടുത്തു വിലാസിനി അമ്മ ഇരുവരെയും അകത്തേക്ക് കയറ്റി…. മോളേ ഈ ജീവിതം ഒരു ദാനമായൊന്നും നീ കാണരുത് നി എന്തർഹിക്കുന്നോ അതെ നിനക്ക് കിട്ടു…  ഇത് ദൈവ നിശ്ചയം ആണ്… അതു കൊണ്ട് മനസ്സിലുള്ള ഭയവും ആശങ്കയും ഒക്കെ കളഞ്ഞു സന്തോഷ ത്തോടെ ജീവിക്കാൻ ശ്രമിക്കണം.. അങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ ഉള്ളിൽ നീ ഇവിടുത്തെ വേലക്കാരി ആണെന്ന തോന്നലെ ഉണ്ടാവൂ…

അവൾ നിറ കണ്ണുകളോടെ അവരെ നോക്കി… നേരം സന്ധ്യ മയങ്ങി… അടുക്കളയിൽ പരുങ്ങി നിക്കുന്ന അവളെ വിലാസിനി നോക്കി…. ആചാരം തെറ്റിക്കാതെ ഒരു ഗ്ലാസ് പാല് എടുത്തു അവളുടെ കയ്യിൽ കൊടുത്തു… അത് വാങ്ങുമ്പോൾ അവളുടെ കൈ വിറക്കുന്നതു വിലാസിനി കണ്ടു… എന്താ മോളേ….  ??? ഏയ്‌.. ഒന്നൂല്ല… അവൾ നിന്നു വിയർക്കുന്ന പോലെ വിലാസിനിക്ക് തോന്നി…. എന്തേലും പറയാനുണ്ടോ അമ്മയോട്…  അവൾ അമ്മയെ നോക്കി…  എനിക്ക് കയ്യും കാലും വിറക്കുന്നു…. വിലാസിനി ചിരിച്ചു….

എന്താണിവിടെ അമ്മേം മരുമോളും കൂടി ഒരു അടക്കം പറച്ചിൽ. അനിയൻ അടുക്കളയിലേക്കു വന്നു. നിന്നെ ആരാ ഇപ്പൊ ഇങ്ങോട് വിളിച്ചേ  ??? ങേ… എനിക്ക് അടുക്കളെലേക്കു വരാനും പാടില്ലേ…. ??? ശേ… അതിലെം ഇതിലേം മണപ്പിച്ചു നടക്കാതെ പോയി കിടന്നുറങ്ങാൻ നോക്കടാ… ശേ.. ഈ അമ്മക്കിതെന്ത്…. അവൻ വിലാസിനിയെ ഒരു നോട്ടം നോക്കി തിരിച്ചു പോയി അവൾക്കു ചിരി വന്നെങ്കിലും ഉള്ളിലൊതുക്കി മിണ്ടാതെ നിന്നു…

മോള് അകത്തേക്ക് ചെന്നിട്ടു അവനോടു ഇങ്ങോട് വരാൻ പറ…. അവൾ തലയാട്ടി… “തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി.. നിന്റെ… ” പാട്ടും പാടി കട്ടിലിൽ കിടന്ന അവനരികിലേക്കു പാലുമായി അവൾ വന്നു… ഈശ്വരാ പാല്… പിരിയുവോ….

അമ്മ അങ്ങോടു ചെല്ലാൻ പറഞ്ഞു….

എന്നോടോ…

അവൾ തലയാട്ടി…

” ഈശ്വര…  ഇനി മാടമ്പിയിൽ മോഹൻലാൽ അനിയനെ പിടിച്ചു പൂട്ടിയിട്ട പോലെ അമ്മ എങ്ങാനും എന്നെ… ചതിക്കല്ലേ ദൈവമേ ” അവൻ അടുക്കളയിലേക്കു ചെന്നു…

എന്തിരമ്മ വിളിപ്പിച്ചത്…  ???

എന്താ നിന്റെ ഉദ്ദേശം ???

എന്തുദ്ദേശം… ഒന്നും അറിയാത്ത പോലെ അവൻ നിന്നു പരുങ്ങാൻ തുടങ്ങി… നീ വന്നിട്ട് ഇതുവരെ അവളോട് മിണ്ടിയോ ?? അത്… എല്ലാരും ഉള്ളോണ്ട്….

ബെസ്റ്റ്….

അല്ലമ്മ.. മിണ്ടാലോ.. സമയം ഇണ്ടല്ലോ… ഈ പാതിരാത്രിയോ…  ?? വിലാസിനി കയ്യും കെട്ടി നിന്നു… ഈ ആദ്യരാത്രിയെ കുറിച്ച് മക്കൾക്കു വെല്ല ബോധവും ഉണ്ടോ ആവോ…?? ഹാ.. അമ്മ ഇതെന്തിരമ്മാ.. ഒരു മോനോട് അമ്മ ചോദിക്കണ ചോദ്യമാണോ ഇതൊക്കെ… എന്റെ പൊന്നു ചെറുക്കാ പാതി രാത്രി ആ പെൺ കൊച്ചു നിലവിളിച്ചോണ്ടു ഓടുന്നത് കാണാൻ വയ്യാത്തോണ്ട് ചോദിച്ചതാ… നീ പോയിട്ട് അവിടെ സ്ലീവാചൻ കളിയ്ക്കാൻ ഒന്നും നിന്നെക്കരുത് പറഞ്ഞേക്കാം.. അയ്യേ ഈ അമ്മക്കൊരു നാണോം ഇല്ല…

ദേ ചെറുക്കാ നിന്നു കിണുങ്ങിയ കിറിക്കിട്ടു കുത്തും ഞാൻ പറഞ്ഞേക്കാം ഞാൻ ഇപ്പൊ എന്നാ ചെയ്യണം എന്ന അമ്മ പറയുന്നേ… നിലത്തിറങ്ങി കിടക്കണോ ഓഹ്.. ഇവനോടൊക്കെ പറയാൻ പോയ എന്ന പറഞ്ഞാ മതീലോ… വിലാസിനി ഇറങ്ങി പോവാൻ തുടങ്ങി.. അമ്മാ അമ്മാ.. പോവല്ലേ പോവല്ലേ… പ്ലീസ് പ്ലീസ്… എന്നാന്നു വെച്ച തെളിച്ചു പറ.. മനസ്സിലാവാത്തോണ്ടാ…

എന്റെ പൊന്നു പൊട്ടൻ ചെറുക്കാ ആ കുട്ടിക്ക് പെട്ടന്നിങ്ങോട് വന്നതിന്റെ ഒരു പേടിയും അങ്കലാപ്പും ഒക്കെ ഒണ്ടു… ആദ്യം നീ പോയി അതിനോട് മനസ്സ് തുറന്നൊന്നു സംസാരിക്കു..Bഅത്രേ ഉള്ളോ… അത് ഞാൻ സംസാരിച്ചോളാം.. വിലാസിനി വീണ്ടും കൈ കെട്ടി നിന്നു അവനെ നോക്കി…

ആ കൊച്ചിന്റെ പേരെന്നതാടാ ???

അത്.. പേര്… പേര് ഞാൻ….

ഹോ…. നിന്നെയൊക്കെ…..  ഞാൻ പറയുന്നില്ല.. ആ പിന്നെ എന്നാ കാണിച്ചാലും വാതില് കുറ്റിയിട്ടേക്കണം.. നിന്റെ അനിയൻ ഇതിലെ തലങ്ങും വിലങ്ങും കറങ്ങി നടക്കണ്ടു… വിലാസിനി പുറത്തേക്കു നടന്നു… ആനന്ദ് അകത്തു കയറി കതകടച്ചു… ഹാളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന അനിയനെ കണ്ട വിലാസിനി.

ഉറങ്ങാറായില്ലേടാ ???

ഈ അമ്മക്കെന്തിര്…. അകത്തു പോടാ… ഏഹ്… അകത്തു പോവാൻ…
വിലാസിനിയെ സംശയത്തോടെ നോക്കി അനിയൻ മുറിയിൽ കയറി.. മുറി വിലാസിനി പുറത്തു നിന്നും പൂട്ടി …. മക്കള് അവിടെ കിടക്കു.. രാവിലെ തുറന്നു വിടാം.. അനിയനും അമ്മേം വഴക്കു കൂടുന്നതാ.. അവൻ മഹാ വികൃതിയന്നേ… അവൾ തലയാട്ടി… പിന്നെ… ഒരു കാര്യം ചോദിച്ച എന്തേലും തോന്നുവോ ??? അവളുടെ മുഖം വാടി.. അയ്യോ പേടിക്കണ്ട വെർജിൻ ആണൊന്നൊന്നും അല്ല..

സത്യം പറഞ്ഞ പേര് ഞാൻ മറന്നു… അവൾ ദീർഘ ശ്വാസം വിട്ടു… ശ്രീലക്ഷ്മി ഹാവൂ… സമാധാനായി…  ആനന്ദ് ഒന്ന് ആശ്വസിച്ചതും അവൾ ആനന്ദിന്റെ കാലിലേക്ക് വീണു കൈകൾ പാദങ്ങളിൽ തൊട്ടു.. അവൻ ചാടി കട്ടിലിൽ കയറി…

നീ എന്ത് തേങ്ങയാടി ഈ കാണിക്കുന്നേ…  ???

ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്നാ അമ്മ പറഞ്ഞേക്കുന്നെ

ആരുടേ അമ്മ ??

എന്റെ അമ്മ…

എന്നിട്ടു ആ അമ്മ എവിടെ ??

അച്ഛനും അമ്മയും വഴക്കിട്ട ഒരു ദിവസം അമ്മ…

ആ ബെസ്റ്റ് ദൈവോം ഭക്തയും… ഇവിടെ അതൊന്നും വേണ്ട.. നീ നിവർന്നെ… അവൾ നിവർന്നു… ആനന്ദ് മെല്ലെ കട്ടിലിൽ നിന്നും താഴെ ഇറങ്ങി… ഇനി വേറെ വല്ലോം നിന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ടോ ???

ഇല്ല….

അതെ… ഇവിടെ അച്ഛനും അമ്മയും ഒരുപോല ജീവിച്ചു ഞങ്ങൾ കണ്ടേക്കുന്നെ… നമ്മള് തമ്മിലും അത് മതി… കുടുംബത്തിലെ കാര്യമാണെങ്കിൽ അച്ഛൻ അമ്മയോടും കൂടി അഭിപ്രായം ചോദിച്ചിട്ടേ എന്തും ചെയ്തിരുന്നുള്ളു…. സ്വന്തം കാര്യങ്ങളിൽ അവരവർക്കു അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്… ഞാൻ ഇങ്ങനൊന്നും കണ്ടിട്ടില്ല….

ഉം.. എന്തെ ഡിഗ്രി കംപ്ലീറ്റ് ചെയ്യഞ്ഞത്… ??

അമ്മയായിരുന്നു പഠിപ്പിച്ചേ… അമ്മ പോയപ്പോൾ…. കുറച്ചു നേരം എന്ത് ചോദിക്കണം എന്ന് അവൻ ആലോചിച്ചു… പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… അയ്യോ എന്ത് പറ്റി….  ?? അമ്മയെ ഓർമ വന്നോ ??? അവൾ കണ്ണുകൾ തുടച്ചു… ഉം.. അമ്മ മരിച്ചതിൽ പിന്നെ ആദ്യായിട്ടാ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നേ…. അതും രാത്രിയിൽ…. അത് കേട്ടതും ആനന്ദിന്റെ മനസ്സ് തകർന്നു .. അച്ഛൻ… ?? എപ്പോഴും കുടിയ…  ഉള്ളതെല്ലാം വിറ്റു കുടിച്ചു… അമ്മയുടെ താലി മാല വിറ്റു കുടിച്ച അന്നാ അച്ഛനും അമ്മേം വഴക്കുണ്ടായി അമ്മ….  അതിനു ശേഷം എനിക്ക് കുടിക്കുന്നവരെ കാണുന്നതേ അറപ്പാണ്… ആനന്ദ് മെല്ലെ താഴെ ഇരുന്ന കുപ്പി നിരക്കി കട്ടിലിന്റെ അടിയിലേക്ക് വെച്ചു…

ആരേലും പ്രേമിച്ചിട്ടുണ്ടോ  ???

ഇല്ല….

എന്തെ ???

ആരും ഇഷ്ടാന്നു പറഞ്ഞിട്ടില്ല….

അങ്ങോടു ആരോടും തോന്നിയിട്ടില്ലേ ?? അവൾ അവനെ നോക്കി. ചെറുപ്പത്തിലേ കടയിൽ വളകളും പൊട്ടും ഉടുപ്പും ഒക്കെ കാണുമ്പോൾ പോലും കൊതി തോന്നിയിട്ടില്ല… തോന്നിയാലും വാങ്ങി തരാൻ അമ്മക്ക് പറ്റില്ലായിരുന്നു.. അതോണ്ട് പണ്ട് മുതലേ അതൊന്നും എനിക്ക് വിധിച്ചിട്ടില്ലെന്നു കരുതിയ ജീവിച്ചേ.. പിന്നെ ഒന്നിനോടും മോഹം തോന്നിയിട്ടില്ല  …

ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്നറിയണ്ടേ ???

വേണ്ട..

അതെന്ന വാർത്താനാ അത്…

അറിഞ്ഞിട്ടു ഇപ്പൊ എന്തിനാ വിഷമിക്കാനോ ???

ആ അതും ശരിയാ…

ഇനി വേറാരെലും പ്രേമിക്കുവോ ???

അതെന്തൊരു ചോദ്യമാണ് പെണ്ണെ ?

അല്ല വലിയ വീട്ടിലെ കുട്ടികൾ ഒക്കെ അങ്ങനാന്നു പറഞ്ഞു കേട്ടിട്ടുണ്ട്..

ഓഹോ.. എന്നാൽ ഈ കുട്ടി അങ്ങനല്ല…

പിന്നെ…

ഉം..

അതിപ്പോ… ഈ ബാക്കി കാര്യങ്ങളെ കുറിച്ച്…

എന്ത് കാര്യങ്ങളെ കുറിച്ച്..???

അല്ല ഈ ഭാര്യേം ഭർത്താവും തമ്മിലുള്ള….

അതല്ലേ ഞാൻ പറഞ്ഞെ ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്ന്.. ഓഹ്.. എന്റെ പെണ്ണെ.. എന്നെ നീ മനുഷ്യനായിട്ടു കണ്ടാൽ മതി.. ഭാര്യ എന്ന് വെച്ചാൽ ഭർത്താവിന്റെ ഒപ്പം ജീവിക്കണ്ടവൾ ആണ് അല്ലാതെ അടിമയായി ജീവിക്കണ്ടവൾ അല്ല..

ചേട്ടൻ കഥ ഒക്കെ എഴുതുവോ.. കേട്ടിട്ട് സിനിമ ഡയലോഗ് പോലുണ്ടല്ലോ…. ഊതല്ലേ ..  നീ ഊതല്ലേ  ….ഞാൻ കാര്യായിട്ട് പറഞ്ഞതാ….  അവൻ താഴേക്കും നോക്കി ഇരുന്നു… ഇതൊക്കെ പറയാനല്ലേ ചേട്ടാ പറ്റു….  ഞാൻ ഇതുവരെ ഇങ്ങനൊരു ഭാര്യയെയും ഭർത്താവിനേം കണ്ടിട്ടില്ല… അത് നീ ജീവിതങ്ങൾ കാണാത്തൊണ്ട.. മുഖത്ത് നോക്കാതെ ആനന്ദ് മറുപടി പറഞ്ഞു..

രാവിലെ എണീക്കുമ്പോൾ ചേട്ടൻ എനിക്ക് ചായ ഇട്ടു തരുവോ ??? ങേ, ഞെട്ടലോടെ അവൻ അവളെ നോക്കി. അയ്യടി മനമേ.. അവളുടെ പൂതി നോക്കിയേ.. ഇന്നുവരെ എന്റമ്മക്കൊരു ചായ ഞാൻ ഇട്ടു കൊടുത്തിട്ടില്ല.. പിന്നാ നിനക്ക്… അപ്പൊ പിന്നെ ഈ പറഞ്ഞ തുല്യതയിൽ എന്താ ചേട്ടാ ഉള്ളത്… ഞാൻ പറഞ്ഞില്ലേ ഇതൊക്കെ പറയാനെ കൊള്ളത്തുള്ളു… ഈശ്വര ഇവളെ അമ്മേം അനിയൻ തെണ്ടിയും കൂടി എനിക്കിട്ടു പണി തരാൻ മനഃപൂർവം എന്റെ തലയിൽ കെട്ടി വെച്ചതാണോ …

ആനന്ദ് സംശയത്തോടെ അവളെ നോക്കി… ശരി.. ഞാൻ ശ്രമിക്കാം…. ഒരു ദിവസം നീ ഒരു ദിവസം ഞാൻ.. നമുക്കു മാറി മാറി അടുക്കളയിൽ കയറാം.. എന്ത് പറയുന്നു… ?? ഞാൻ റെഡി…. പ്രോബ്ലം സോൾവ്ഡ്… അവൾ ചിരിച്ചു….  എന്നാ പിന്നെ നമുക്ക്… അവൻ നാണത്തോടെ അവളെ നോക്കി  ശരിയാ.. നമുക്കുറങ്ങാം ചേട്ടാ…. നല്ല ക്ഷീണം… അല്ല.. ഉറങ്ങാൻ പോവാണോ സാധാരണ രാത്രിയിൽ ഉറങ്ങല്ലേ ചെയ്യാറ് ??? അതതേ… പക്ഷെ ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലേ… അപ്പൊ… അപ്പൊ ഉറങ്ങാൻ പാടില്ലേ….

എന്റെ ശ്രീ നിന്റെ പേടി ഒക്കെ പോയെന്നു എനിക്ക് മനസ്സിലായി.. എന്നെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കല്ലേ… ഞാൻ പറയുന്ന എന്നാന്നു നിനക്കറിയാലോ… നമ്മളിന്ന് രാവിലെ അല്ലേ ചേട്ടാ ആദ്യായിട്ടു കണ്ടത്…. അയിന്… ഇന്ന് രാത്രിയിൽ തന്നെ എങ്ങനാ…. ഞാൻ നിന്റെ ഭർത്താവാണ്… ഭർത്താവിന്റെ ഇഷ്ടങ്ങൾ മാനിക്കുന്നവൾ കൂടി ആവണം ഭാര്യ.. കുറച്ചു മുൻപ് ചേട്ടനല്ലേ പറഞ്ഞെ ഭാര്യയുടെ അഭിപ്രായം കൂടി ചോദിച്ചിട്ടു കാര്യങ്ങൾ ചെയ്യുന്നവൻ ആണ് ഭർത്താവന്നു… ഉവ്വോ.. ഞാൻ അങ്ങനെ പറഞ്ഞോ.. ആ പറഞ്ഞു എനിക്ക് നല്ല ഓർമയുണ്ട്…  ആനന്ദ് നിരാശനായി….

ലൈറ്റ് ഓഫ് ചെയ്തോട്ടെ… ???  എനിക്ക് വെളിച്ചം കണ്ടാൽ ഉറങ്ങാൻ പറ്റില്ല ഓ…. ആനന്ദ് തിരിഞ്ഞു കിടന്നു…. അവൾ ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു… ആനന്ദ് തിരിഞ്ഞും മറഞ്ഞും കിടന്നു… എന്തെ ഉറക്കം വരുന്നില്ലേ… പിന്നെ രണ്ട് തവണ ഉറങ്ങി എണീറ്റു… അവന്റെ മറുപടി കേട്ടു അവൾക്കു ചിരി വന്നു അതെ…. ഉം… എന്താ…bഎനിക്കിതിനെ കുറിച്ചൊക്കെ പറഞ്ഞു കേട്ടുള്ള അറിവുള്ളു.. ആനന്ദ് മെല്ലെ തിരിഞ്ഞു…. ശരിക്കും ??

ഉം…  ഒരു വിറയൽ ആയിരിന്നു അമ്മ ചേട്ടനെ വിളിക്കുന്ന വരെ… അമ്മ എന്താ പറഞ്ഞെന്നൊന്നും എനിക്കറിയില്ല.. എങ്കിലും അതുകൊണ്ടാണ് ചേട്ടൻ എന്നെ നിര്ബന്ധിക്കാത്തതു എന്നെനിക്കു മനസ്സിലായി…bഞാൻ കരുതി.. ഇപ്പോഴത്തെ പിള്ളേരൊക്കെ ആവുമ്പൊ…  അല്പം നാണത്തോടെ അവൻ പറഞ്ഞു.. അറിയില്ല.. നിക്ക് ഫോണൊന്നും ഇല്ലാരുന്നു… പിന്നെ കൂട്ടുകാർ പറഞ്ഞു എന്തൊക്കയോ അറിയാം… അത്രന്നെ…  എന്നെ ഉപദ്രവിക്കാത്തതിന് നന്ദി..  ഇല്ലെങ്കിൽ ഈ ജന്മം മുഴുവൻ ചിലപ്പോ എനിക്ക് നിങ്ങളോടു വെറുപ്പായി പോയേനെ… എനിക്ക് സമയം വേണം.. നിങ്ങളെ മനസിലാക്കാനും സ്നേഹിക്കാനും പിന്നെ…. ഓ…  അതിനെന്താ…. എന്നാ ഞാനാ നെഞ്ചിൽ തല വെച്ചു കിടന്നോട്ടെ…ഉം…. അവൾ ആനന്ദിന്റെ നെഞ്ചിൽ തലവെച്ചു.. മുഖം നെഞ്ചോട് ചേർത്തു വെച്ചു… അവന്റെ ഹൃദയ താളം അവൾക്കു കേൾക്കാം… തന്റെ കൈകൾ കൊണ്ടു ആനന്ദ് അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *