ഓർമ്മ
Story written by Vineetha Krishnan
അപ്രതീക്ഷിതമായി ജയേട്ടന് ഒരു ട്രെയിനിങ് വന്നതിനാലാണ് നീണ്ട പതിനാറു വർഷങ്ങൾക്കിപ്പുറം തറവാട്ടിൽ ഒരു മാസം താമസിക്കാൻ എത്തിയത്.
ജാനി മോളോട് ഒപ്പം തറവാടിന്റെ പടി കയറുമ്പോൾ. പാരിജാതത്തിന്റ സുഗന്ധം വന്നു പൊതിഞ്ഞു.
“എന്തൊരു തണുപ്പാണ് ഇവിടത്തെ കാറ്റിനു ല്ലേ അമ്മാ “ജാനി തുള്ളി ചാടി പതിവ് പോലെ ഉമ്മറപ്പടിയിൽ അമ്മ കാത്തിരിപ്പുണ്ട്.
തോളറ്റം മുറിച്ചിട്ട മുടിയിൽ തലോടി
ന്ത് കോലാ ന്റെ അമ്മുവേ…
“ബോംബെല് എണ്ണ യും ഇല്ലേ ന്റെ കുട്ട്യേ? “
പതിവ് പോലെ ” അജിയേട്ടന് ഇതാ ഇഷ്ടം അമ്മേ” ന്നു പറഞ്ഞു
അമ്മയെ വട്ടം ചുറ്റുമ്പോ പഴയ അമ്മുക്കുട്ടി ആയി ഞാനും.
“മുത്തശ്ശി…. മോള് മാത്രം അല്ല ട്ടൊ
പേരക്കുട്ടീം ഉണ്ട് ട്ടൊ.. “
ജാനി കെറുവിച്ചു.
“ആയ് മുത്തശ്ശേടെ കണ്ണിനെ മുത്തശ്ശി കാണാണ്ട് പോവേ?
മുത്തശ്ശിയെക്കാളും പൊക്കം ആയിലോ!!!
അജി ന്റെ പൊക്ക ഇവൾക്ക്”
അമ്മ തുരു തുര വിശേഷങ്ങൾ പറഞ്ഞു.
കുളി കഴിഞ്ഞു തൊടിയിലൂടെ നടക്കുമ്പോൾ ജാനി ഓടി വന്നു.
“അമ്മേ….
അമ്മ ന്റെ പ്രായത്തിൽ എഴുതിയ കഥകൾ ഒക്കെ ഇവിടെ ണ്ട് ന്നല്ലേ പറഞ്ഞു.”
“ണ്ടാവണം ജാനി”
“ഇവിടെ തട്ടിൻ പുറത്തു ബുക്കുകൾണ്ട് കുറേ
അവിടെ കാണും.”അലസമായി പറഞ്ഞൊഴിഞ്ഞു.
“ന്നാൽ കമോൺ അമ്മു അജയൻ
ഓപ്പറേഷൻ തുടങ്ങിയാലോ?”
“ന്റെ ജാനി അവിടൊക്കെ പൊടിയാകും വർഷം എത്ര കഴിഞ്ഞു
ആരും കയറാറു പോലും കാണില്ല. “
“അതിനല്ലേ ജാനകി അജയൻ വന്നത്!!
മിസ്സിസ് അമ്മു…
താങ്കളുടെ കൗമാര കഥകൾ വായിക്കാൻ താങ്കൾ സഞ്ചരിച്ച മനോരജ്യ ത്തിലൂടെ വീണ്ടും നടക്കാൻ….”
ജാനി അമ്മുവിനെ വലിച്ചു അകത്തേക്ക് നടന്നു.
“അപ്പടി പൊടി യാ കുട്ട്യോളെ”
“അത് സാരമില്ല മുത്തശ്ശി”
ഞങ്ങൾ ok ആണ്…”
ജാനി ഓടി പിടിച്ചു മുകളിൽ എത്തി.
അവളുടെ പിന്നാലെ മുകളിൽ എത്തിയപ്പോൾ സ്വന്തം രാജ്യത്തു വർഷങ്ങൾക്ക് ശേഷം എത്തിയ രാജകുമാരി ആണ് താനെന്നു അമ്മുവിന് തോന്നി.
അജിയേട്ടനൊപ്പം വരുമ്പോൾ ഒന്നോ രണ്ടോ ദിവസം ഏറിയാൽ ഒരാഴ്ച അത്രേ ണ്ടാവൂ അത് തന്നെ വിരുന്നും മറ്റും ആയി അങ്ങ് തീരും.
ഇത്തവണ ഒട്ടും തിരക്കില്ല ഇഷ്ടം പോലെ സമയം.
അപ്പോളേക്കും ജാനി പഴയ കഥ ബുക്കും ആയി ജനലിനടുത്തു ഇരുപ്പായി.
പഴയ ഞാൻ എന്ന് ഉള്ളിൽ തോന്നി.
എല്ലാ പെൺകുട്ടികളിലും അമ്മയുടെ കുട്ടിക്കാലം ഉണ്ടാവും ആത്മാവിന്റെ ഒരംശം.
ഷെൽഫിലേക്ക് വെറുതെ നോക്കി. അടുക്കി പെറുക്കി വച്ച പുസ്തകങ്ങൾ അമ്മ ഒന്നും കളഞ്ഞിട്ടില്ല.
പഴയ മാഗസിൻ എടുത്തു പേജുകൾ മറിച്ചപ്പോൾ ആണ് അത് താഴെ വീണത്.
പഴയ ഒരു ന്യൂസ് പേപ്പർ.ഒരു ഫോട്ടോ
അമ്പലത്തിലെ സ്പീക്കർ നന്നാക്കുമ്പോൾ ശാന്തി ഷോക്കെറ്റ് മരിച്ചു അറിയാതെ ഒരു വിറയൽ ശരീരത്തിൽ പടർന്നു കയറി വാർത്ത വീണ്ടും വായിച്ചു.
മേലെ തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ മകനും കീഴ് ശാന്തി യും ആയ ശ്രീജിത്ത് (16)ആണ് മരണ പെട്ടത്. അച്ഛൻ തിരുമേനിയെ സഹായിക്കാൻ എത്തിയ ശ്രീജിത്ത്
രാവിലെ കീർത്തനം വയ്ക്കുന്ന റെക്കോർഡർ നന്നാക്കുമ്പോൾ ഷോക്കേൽക്കുക ആയിരുന്നു.
പേപ്പർ മെല്ലെ മടക്കി
മുഖത്തു വീണു കിടക്കുന്ന കോലൻ മുടിയും നെറ്റിയിലെ കുറിയും കണ്ണിറുക്കിയുള്ള ചിരിയുംഓർമ്മയിൽ തിങ്ങി വന്നു
പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് എടുത്തു ട്യൂഷനു നഗരത്തിലെ പ്രശസ്തനായ അയ്യർ മാഷിന്റെ അടുത്ത് പോയത്.
പെൺ പള്ളിക്കൂടത്തിൽ നിന്ന് മിക്സഡ് കോളേജിൽ എത്തിയ കൗമാര കാരിയുടെ പരവേശത്തോടെ ആണ് അങ്ങോട്ട് കയറിയത്.
ആദ്യ ദിനം തന്നെ മുൻ ബെഞ്ചിൽ ഇരിക്കുന്നകോലൻ മുടിക്കാരൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് കണ്ടിരുന്നു.
തന്നെ ആവില്ല എന്ന് സ്വയം ആശ്വസിച്ചെങ്കിലും അധികം താമസിയാതെ അത് എന്നെ തന്നെ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഒരു പിടപ്പ്. ആളെ കാണുമ്പോൾ ഉമിനീർ വറ്റുന്ന തൊണ്ട അറിയാതെ കാട്ടി കൂട്ടിയ ചേഷ്ടകൾ.
താൻ ക്ലാസ്സിൽ എത്തും വരെ തിരിഞ്ഞു നോക്കി നോക്കി ഉള്ള ആ ഇരുപ്പ്.
അവനു കാണാൻ വേണ്ടി മാത്രം എഴുതിയ കണ്മഷി. കണ്ണാടി ക്ക് മുന്നിൽ നിന്ന് സ്വയം സുന്ദരി എന്നുറപ്പ് വരുത്തിയത്. അറിയാതെ കണ്ണുകൾ നനഞ്ഞു.
ഒരിക്കലും പറഞ്ഞിട്ടില്ലാത്ത, എങ്കിലും നൂറു ശതമാനം ഉറപ്പുണ്ടായിരുന്ന ആദ്യ പ്രണയം അതാണ് ആ വർഷം ഫെബ്രുവരി 13നു കത്തിയെരിഞ്ഞതു.
ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ അവനാ പതിനാലിനു… ലോകം മുഴുവൻ ആഘോഷിക്കുന്ന വലന്റൈൻ ദിനത്തിൽ എന്നോട് അത് പറയുമായിരുന്നോ? അറിയില്ല.
ഉത്തരം കിട്ടാതെ അവശേഷിപ്പിച്ച ചില ഓർമ്മകൾ മാത്രം കൂട്ട്. അതിരാവിലെ പത്രം വായിക്കുന്ന ശീലം ഉള്ളത് കൊണ്ട്, വാർത്ത ഞാൻ തന്നെ കണ്ടു. ഒരു പാട് കരഞ്ഞു.
കാര്യം ചോദിച്ച അമ്മയോട് പറയാൻ ഒന്നും ഇല്ലായിരുന്നു.
മനസ്സിലാവുന്നില്ല എന്ന് പറഞ്ഞു അവിടെ നിന്ന് ട്യൂഷൻ മാറ്റി.
കാലചക്രം വീണ്ടും ഒഴുകി,അജിയേട്ടന്റ ഭാര്യ ആയി. ജാനിയുടെ അമ്മയും.
എങ്കിലും ഉള്ളിൽ ആദ്യ പ്രണയ സ്മാരകമായി അവന്റെ കോലൻ മുടിയും കണ്ണിറുക്കി ചിരിയും എന്നും ഉണ്ട്.
“മിസ്സിസ് അമ്മു..
താനാള് മോശം ഇല്ല ട്ടൊ”
ജാനി വന്നു മൂക്കിൽ പിടിച്ചു വലിച്ചപ്പോളാണ് ഓർമയിൽ നിന്ന് ഉണർന്നത്.
മക്കളെ…..
താഴെ അമ്മ വിളിക്കുന്നു.
വീണ്ടും ജീവിതത്തിന്റെ പടവുകൾ ഇറങ്ങേണ്ടതുണ്ട്.