പേരെടുത്ത് വിളിച്ച് ആ അമ്മൂമ്മ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. കാതുപൊട്ടുന്ന വിധം ആ സ്ത്രീ ഒച്ചവെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു. പോകാൻ നേരം നിന്റെ അച്ഛനോട് പാലിന്റെ പൈസ തരാൻ പറയണമെന്നും അവർ പറഞ്ഞു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അന്ന് കുന്നിൻ മുകളിലെ സർക്കാരിന്റെ ലക്ഷം വീട് കോളനിയിൽ പാർത്തിരുന്ന എന്റെ ബാല്യം. ടീവി കാണാൻ കുന്ന് ഇറങ്ങി താഴെയൊരു വീട്ടിലേക്ക് വരണം. അവിടെ നിന്നാണ് പാലും വാങ്ങുന്നത്.

അന്നൊക്കെ എനിക്ക് ഞാൻ തന്നെ സജ്ജമാക്കിയ ഒരു വണ്ടിയുണ്ട്. തെങ്ങിന്റെ വണ്ണം കുറഞ്ഞ നീളൻ മടലിൽ ഉജാല കയറ്റും. പഴയ പാരഗൺ ചെരുപ്പ് വട്ടത്തിൽ മുറിച്ചുണ്ടാക്കിയ ടയറും ഘടിപ്പിക്കും. ഹാന്റിലും, പാലുവാങ്ങാനുള്ള ഞേറ്റ് തൂക്കിയിടാനും പ്രത്യേകം ആണിയടിച്ച് മര തണ്ടുകൾ ഉണ്ടാകും. അതും തള്ളിയാണ് ഞാൻ ആ വീട്ടിലേക്ക് പോകാറുള്ളത്.

അന്ന് ഞായറാഴ്ച്ച ആയിരുന്നു. പതിവുപോലെ അതിയായ ആഗ്രഹത്തോടെ സിനിമ കാണാൻ ഞാൻ എന്റെ തള്ളുവണ്ടിയിൽ കുന്ന് ഇറങ്ങി. ഇരുട്ടും മുമ്പ് വരണമേയെന്ന് അമ്മ ആർത്ത് പറയുന്നുണ്ടായിരുന്നു. അല്ലെങ്കിലും എന്റെ അമ്മ പാവമാണ്. സിനിമ കാണാനുള്ള എന്റെ അതിയായ ആഗ്രഹം അറിയാവുന്നത് കൊണ്ട് എന്നെ ഒരിക്കലും വിടാതിരുന്നിട്ടില്ല. എങ്ങനെയെങ്കിലും മോന് കാണാൻ ഒരു ടീവി വാങ്ങണമെന്ന് ഒരുനാൾ അച്ഛനോട് അമ്മ പറഞ്ഞതും ഞാൻ കേട്ടിരുന്നു.

ഓ, അച്ഛനെ കുറിച്ച് ഞാൻ പറഞ്ഞില്ലായല്ലേ .. എന്നും കുളിച്ച് അമ്മ അലക്കിയിട്ട ഉടുപ്പ് കരിപ്പെട്ടിയിൽ തേച്ച് ഇറങ്ങി പോകുന്ന ഒരാളാണ് എന്റെ അച്ഛൻ. കല്ല്യാണ ബ്രോക്കറാണ്. രാവിലെ പോയാൽ രാത്രി വരും. ചില ദിവസങ്ങളിൽ ഞാൻ കാണാറേയില്ല. എനിക്ക് ടീവി വേണമെന്ന് കാണുമ്പോഴൊക്കെ ഞാൻ പറയാറുണ്ട് . വാങ്ങാമെന്ന് അച്ഛൻ പറയുകയും ചെയ്യും. ആണ്ടിൽ ഒന്നോ രണ്ടോ കല്ല്യാണം നടത്തുന്ന അച്ഛന്റെ കൈയ്യിൽ മിക്കപ്പോഴും പണമില്ല. ദിനേശ് ബീ ഡിക്കമ്പിനിയിൽ അമ്മയ്ക്ക് തെറുപ്പ്‌ ജോലി ഉണ്ടായിരുന്നത് കൊണ്ട് കുടുംബം പട്ടിണി ആകാറില്ല.

അച്ഛൻ മുഖാന്തരം ആരുടെയെങ്കിലും കല്ല്യാണം നടക്കണമേയെന്ന് അന്നൊക്കെ ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. നടന്നാൽ അച്ഛന്റെ കയ്യിൽ പണം ഉണ്ടാകും. നീ ബീ ഡി ചുരുട്ടി ഒരു കൊല്ലം ഉണ്ടാക്കുന്ന പണം രണ്ട് കല്ല്യാണം നടന്നാൽ എനിക്ക് കിട്ടുമെന്ന് അമ്മയോട് അച്ഛൻ പറയുന്നത് ഞാൻ കേൾക്കാറുണ്ട്..

പ്രത്യേകമായൊരു ശബ്ദമൊക്കെ ഉണ്ടാക്കി ഞാൻ ധൃതിയിൽ എന്റെ വണ്ടിയുരുട്ടി. നാലുമണിക്ക് മുമ്പേ അവിടെ എത്തണം. എന്നാലേ മുന്നിൽ ഇരുന്ന് സിനിമ കാണാൻ കഴിയൂ. മിക്ക കുട്ടികളും ഉണ്ടാകും. കുട്ടികൾ മാത്രമല്ല. അവരുടെ അമ്മമാരും ഇടയ്ക്ക് വരാറുണ്ട്. അന്നൊന്നും ഭൂരിഭാഗം വീട്ടിലും ടീവി ഉണ്ടായിരുന്നില്ല.

ആകെ അറിയുന്ന ചാനൽ ദൂരദർശനാണ്. ഞായറാഴ്ച്ചകളിലെ നാലുമണിക്ക് അതിലൊരു സിനിമയുണ്ടാകും. അതുകാണാനാണ് ആ വീട്ടിലെ തറയിൽ ഈ കണ്ട ദരിദ്ര പരിക്ഷകളെല്ലാം ഒത്തുകൂടുന്നത്.

അവിടെത്തെ ഒരു അമ്മൂമ്മയുണ്ട്. പേര് ഞാൻ മറന്നുപോയി. ആ സ്ത്രീ മാത്രമേ കസേരയിൽ ഇരിക്കൂ.. ഒഴിഞ്ഞ കസേരകൾ വേറെ ഉണ്ടെങ്കിലും മറ്റുള്ളവരെല്ലാം തറയിൽ തന്നെ ഇരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികൾ.. ഞങ്ങൾ ശബ്ദമുണ്ടാക്കാനും പാടില്ല.

സിനിമയിലെ തമാശ രംഗങ്ങളിൽ മതിമറന്ന് അറിയാതെങ്ങാനും ചിരി പൊട്ടിയാൽ ആ നരച്ച തല ചിരിച്ചവരെയെല്ലാം തുറിച്ചുനോക്കും. ഏറ്റവും കൂടുതൽ അങ്ങനെ നോക്കിയിട്ടുള്ളത് എന്നെ തന്നെ ആയിരിക്കണം. എന്തൊക്കെ അനിഷ്ടം കാണിച്ചാലും, ഇനി വരരുതെന്ന് പറഞ്ഞാലും, എല്ലാ ഞായറാഴ്ച്ചയും ഞാൻ ഇതുപോലെ അവിടേക്ക് പോകും. എന്തെന്നാൽ.. ആ പ്രായത്തിൽ സിനിമ എനിക്കൊരു വിസ്മയവും ഹരവുമായിരുന്നു.

ഞാൻ ആ വീട്ടിൽ എത്തി. വണ്ടിയൊരു മരത്തിൽ ചാരിവെച്ച്, ചെരുപ്പൂരി അകത്തേക്ക് പ്രവേശിച്ചു. പൊട്ടലും ചീറ്റലുമുള്ള നീല പെട്ടി സ്‌ക്രീനിൽ പ്രധാന പേരുകൾ കാണിക്കുന്നു. വന്നവരെല്ലാം മിണ്ടാതെ ഇരിക്കുകയാണ്. കസേരയിൽ ആ അമ്മൂമ്മയുമുണ്ട്. അവരെ നോക്കാതെ ഞാൻ ആ കതകിന്റെ മൂലയിൽ ചമ്ണം പടിഞ്ഞിരുന്നു. സിനിമ തുടങ്ങി.

‘മൂക്കില്ലാ രാജ്യത്ത്….’

തുടക്കം തൊട്ട് എല്ലാവരും ചിരിച്ചു. ഞാൻ പൊട്ടി പൊട്ടി ചിരിച്ചു. പെണ്ണുങ്ങൾ വായിൽ കൈവെച്ച് തങ്ങളുടെ ചിരികളെയെല്ലാം പൊത്തിപ്പിടിച്ചു.

‘ഒച്ചയുണ്ടാക്കാതെ കാണുന്നോര് കണ്ടാ മതി.. മറ്റെല്ലാരും പോയേ…’

അധികാരിയെ പോലെ ആ പ്രായമായ സ്ത്രീ ശബ്ദിച്ചു. ആരും മിണ്ടിയില്ല. ആത്മാഭിമാനമുള്ള രമേശന്റെ അമ്മ അവനേയും കൂട്ടി ഇറങ്ങിപ്പോയി. രമേശൻ എന്റെ കൂട്ടുകാരനാണ്. അഞ്ചാം ക്ലാസിലെ പിറകിലെ ബെഞ്ചിൽ ഞങ്ങൾ ഒരുമിച്ചാണ് ഇരിക്കാറ്. പോകുന്നതിനിടയിൽ നീ വരുന്നോയെന്ന് അവൻ എന്നോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ തോളും കണ്ണുകളും കുലുക്കി. എനിക്ക് സിനിമ കാണണമായിരുന്നു…

ഓർമ്മ ശരിയാണെങ്കിൽ വേദിയിൽ നിന്ന് വിദേശ വസ്ത്രങ്ങൾ ബഹിഷ്‌ക്കരിക്കുന്ന തിലകനെ കണ്ടപ്പോൾ ഞാൻ നിയന്ത്രണം വിട്ട് ചിരിച്ചുപോയി. പേരെടുത്ത് വിളിച്ച് ആ അമ്മൂമ്മ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. കാതുപൊട്ടുന്ന വിധം ആ സ്ത്രീ ഒച്ചവെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു. പോകാൻ നേരം നിന്റെ അച്ഛനോട് പാലിന്റെ പൈസ തരാൻ പറയണമെന്നും അവർ പറഞ്ഞു. ഇല്ലെങ്കിൽ നാളെമുതൽ പാൽ ഇല്ലെത്രെ..

ഞാൻ ചെരുപ്പിട്ട് എന്റെ വണ്ടിയെടുത്തു. കുന്ന് കയറുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് തോന്നുന്നു. മനസ്സിൽ വിവരിക്കാൻ പറ്റാത്ത വിധം വല്ലാത്ത പ്രയാസം ഉണ്ടായിരുന്നു. വീട്ടിൽ ഒരു ടീവി ഉണ്ടായിരുന്നുവെങ്കിൽ ജീവിതം എത്ര സന്തോഷം ആകുമായിരുന്നുവെന്ന തരത്തിലൊക്കെ ഞാൻ ചിന്തിച്ചു.

എനിക്ക് നല്ല ഓർമ്മയുണ്ട്. ആ നേരത്തെ വെയിലിന് മഞ്ഞയും ചുവപ്പും കലർന്ന നിറമായിരുന്നു. വൈകാതെ പരിസരം കറുത്തു. അപ്പോഴേക്കും ഞാൻ വീട്ടിലെത്തിയിരുന്നു. അമ്മ ആരോടോ സംസാരിക്കുന്നു. അച്ഛൻ വന്നുവെന്ന് എനിക്ക് മനസ്സിലായി. രണ്ടുപേരേയും കണ്ടിട്ടും ഞാൻ ആരോടും ഒന്നും മിണ്ടാതെ എന്റെ പായവിരിച്ചു കിടന്നു.

എന്തുപറ്റിയെന്റെ മോനെന്ന് ചോദിച്ച് ചിരിച്ച മുഖവുമായി അമ്മ എന്റെ അടുത്തേക്ക് വന്നു. പിറകിലായി അച്ഛനും. നടന്നതെല്ലാം ഞാൻ വിങ്ങി വിങ്ങി പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അമ്മ കൂടുതൽ ചിരിച്ചു. ഇനിയെന്റെ മോൻ ടീവി കാണാനായി എങ്ങോട്ടും പോകേണ്ടെന്ന് പറഞ്ഞ് അച്ഛൻ എന്നെ എഴുന്നേൽപ്പിച്ചു. കണ്ണുകൾ പൊത്തി ആകെയുള്ള മുറിയിലേക്ക് നടത്തി..

‘ഹോ…!’

എന്റെ ശ്വാസത്തിൽ നിന്നും അങ്ങനെയൊരു ശബ്ദമാണ് വന്നതെന്ന് തോന്നുന്നത്. വർഷങ്ങൾ ഇത്രയും ആയിട്ടും അതുപോലൊരു സമ്മാനം എന്റെ ജീവിതത്തിൽ പിന്നീട് ഞാൻ കൊണ്ടിട്ടില്ല.

അച്ഛൻ കൈകൾ മാറ്റിയപ്പോൾ തെളിഞ്ഞ കാഴ്ച്ചയൊരു വലിയ ഹാർഡ്ബോർഡ് പെട്ടിയിലേക്കായിരുന്നു. ചതുരത്തിൽ ഉണ്ടായിരുന്ന അതിൽ കൂർത്ത ചെവികളും, കൊമ്പുകളുമുള്ള ഒരു മൊട്ടത്തലയനും ഉണ്ടായിരുന്നു. അയാളുടെ പരിസരത്തൊരു ടീവിയുടെ ചിത്രവും. അതിനുതാഴെ ഇംഗ്ലീഷിൽ എഴുതിയിരുന്നത് വളരേയധികം സന്തോഷത്തോടെ ഞാൻ എടുത്തെടുത്ത് വായിച്ചു..

‘O N I D A…!’

Related Posts

Leave a Reply

Your email address will not be published. Required fields are marked *