പേറ്റുകുളിയ്ക്ക്, തങ്കമ്മയെ കിട്ടിയാൽ പിന്നെ പെണ്ണിൻ്റെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും.നമ്മളൊന്നും അറിയണ്ട…

വയറ്റാട്ടി തങ്കമ്മ

Story written by Sheeba Joseph

സൗദാമിനിയമ്മ മായയുടെ തലയിൽ എണ്ണ തേച്ച് മുടി കോതിക്കൊണ്ടിരിക്കുകയാണ്…

പെണ്ണിൻ്റെ ഒരു കോലം കണ്ടില്ലേ… ! “വയറ് മാത്രം ഉണ്ട്…”

നിനക്കവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ലായിരുന്നോ പെണ്ണേ…?

വയറ്റിൽ ഒരു കുഞ്ഞ് ഉള്ളതാ…!

കുറച്ച് കൂടി നേരത്തേ നീയിങ്ങ് പോന്നാ എന്നായിരുന്നു കുഴപ്പം…?

“ഇതിപ്പോ ആരേലും കണ്ടാ പറയും നീയവിടെ പട്ടിണി ആയിരുന്നുവെന്ന്…”

എൻ്റെ പൊന്നമ്മെ… ഞാനങ്ങനെ ഒത്തിരി ആഹാരമൊന്നും വലിച്ചു വാരി കഴിക്കില്ലെന്ന് അമ്മയ്ക്കറിയില്ലേ…?

“എനിക്കും കുഞ്ഞിനും ഉള്ളത് കഴിച്ചാ പോരെ…”

ഇവിടെ ആരും ഇല്ലേ…?

സൗദാമിനിയമ്മേ …

അമ്മേ… ദേ..പുറത്തുനിന്നു ആരാണ്ട് വിളിക്കുന്നു…?

ഈ സമയത്തിപ്പൊ ഇതാരു വരാനാ…! ഞാനൊന്ന് നോക്കട്ടെ..?

എടി കുഞ്ഞേ.. അതപ്പുറത്തുള്ള പെണ്ണുങ്ങളാണ്… നിന്നെ കാണാനുള്ള വരവാ…

എന്നെ എന്നാത്തിനാ കാണുന്നത്..?.ഞാനെന്ന പ്രദർശന വസ്തുവോ… !

“പതുക്കെ പറ പെണ്ണേ..’

അങ്ങനെയൊക്കെയാ.. ?

“ഗർഭിണി പെണ്ണുങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അടുത്തുള്ള പ്രായം ചെന്ന പെണ്ണുങ്ങൾ വന്നു കാണുവൊക്കെ ചെയ്യും…”

അവര് വന്ന് കണ്ടിട്ട് പോട്ടെ..?

ഈ അമ്മയുടെ ഒരു കാര്യം…!

സൗദാമിനിയമ്മ ചെന്ന് വാതില് തുറന്നു… വാ വാ കേറി വാ…

വയറ്റ് കണ്ണി എന്തിയേ സൗദാമിനി…? ഞങ്ങളൊന്ന് കാണട്ടെ…

“ങാ അവള് കുളിക്കാൻ ഉള്ള തയ്യാറെടുപ്പാ…”

മോളെ മായേ… ഒന്നിങ്ങ് വന്നേ…?

ആരാ കാണാൻ വന്നിരിക്കുന്നതെന്ന് നോക്കിക്കേ….?

മായ അവരുടെ അടുത്തേയ്ക്ക് ചെന്നു…

അയ്യോടി സൗദാമിനി… പെണ്ണിൻ്റെ കോലം തന്നെ മാറി പോയല്ലോ..!

“വയറ്റിൽ ആൺ കൊച്ച് ആയിരിക്കും..” “പെൺ കൊച്ച് ആയിരുന്നെ അമ്മയ്ക്ക് നല്ല സൗന്ദര്യം കണ്ടേനെ…”

പെണ്ണിന് മേൽവയറാ കേട്ടോ സൗദാമിനി…?

പ്രസവം നടക്കാൻ പാടാ….

മായ സൗദാമിനിയമ്മയെ ഒന്നു തറപ്പിച്ച് നോക്കി…

സ്കാനിങ് കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ എന്നാണ് ആ നോട്ടത്തിൻ്റെ അർത്ഥം എന്ന് സൗദാമിനിയമ്മക്ക് മനസ്സിലായി…

മോളെ എണ്ണ വച്ചിട്ട് കുറെ നേരമായി…

മോള് പോയി കുളിച്ചോ..? നീർവീഴ്ച ഉണ്ടാക്കണ്ട….

സൗദാമിനിയമ്മ അവിടെനിന്ന് മായയെ രക്ഷപെടുത്തി…

ആരാ സൗദാമിനി പെണ്ണിനെ കുളിപ്പിക്കുന്നത്..?

“അതൊന്നും ഇതുവരെ തീരുമാനിച്ചില്ല..”

ഇത്ര തീരുമാനിക്കാൻ എന്നതാ…?

“നമ്മുടെ തങ്കമ്മയല്ലെ ഉളളത്…”

അവളെ വിളിച്ച പോരെ…?

“അവളാകുമ്പോൾ നമ്മളൊന്നും അറിയണ്ട…”

മായയുടെ അച്ഛൻ വന്ന പാടെ സൗദാമിനിയമ്മ പേറ്റുകുളിയുടെ കാര്യം അവതരിപ്പിച്ചു…

വയറ്റാട്ടി തങ്കമ്മയെ തന്നെ പറഞ്ഞു വയ്ക്കണം കേട്ടോ?

നേരത്തേ പറഞ്ഞു വച്ചില്ലെങ്കിൽ അവരെ കിട്ടാൻ വലിയ പാടാണ്.

“പേറ്റുകുളിയ്ക്ക്, തങ്കമ്മയെ കിട്ടിയാൽ പിന്നെ പെണ്ണിൻ്റെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും.” “നമ്മളൊന്നും അറിയണ്ട.”

മായയുടെ, ഒൻപതാം മാസത്തിലെ ചർച്ച വീട്ടിൽ പുരോഗമിക്കുകയാണ്.

അടുത്തയാഴ്ചയാണ് ഡേറ്റ് തന്നിരിക്കുന്നത്. വീട്ടുകാർക്ക് ടെൻഷൻ തുടങ്ങി കഴിഞ്ഞു.

എന്തുവായിരിക്കും ഈ പേറ്റുകുളി?

ആരായിരിക്കും ഈ തങ്കമ്മ?

ആ വി ഐ പി ആരാണാവോ?

വീട്ടുകാരുടെ വെപ്രാളം കണ്ടിട്ട് മായയ്ക്ക് അവരെക്കുറിച്ച് അറിയാൻ തിടുക്കമായി.

എന്തായാലും, ആദ്യം ഞാനൊന്ന് പ്രസവിക്കട്ടെ..!

ഒരു കുഴപ്പവും ഇല്ലാതെ തന്നെ മായയുടെ പ്രസവം നടന്നു…

“സൗന്ദര്യം കുറഞ്ഞത് കൊണ്ടാണോ.. ദൈവം തന്നതുകൊണ്ടാണോ എന്തോ മായയ്ക്ക് മിടുക്കനായ ഒരു ആൺകുഞ്ഞ് ആണുണ്ടായത്…”

പെറ്റെഴുന്നേറ്റു വന്നതിൻ്റെ അടുത്ത ദിവസം തന്നെ തങ്കമ്മ ഹാജർ.

“അവരവളെ അടിമുടി ഒന്ന് നോക്കി.”

മായ അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു…

“കറുത്തു തടിച്ച ഒരു രൂപം.” “മുണ്ടും ബ്ലൗസും ആണ് വേഷം. ” “വയറും മുiലയും പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു. ” “വായിൽ മുറുക്കാൻ ഇട്ട് ചവച്ചു കൊണ്ടാണ് സംസാരം.”

“ആദ്യ നോട്ടത്തിൽ തന്നെ മായയ്ക്കവരെ ഇഷ്ടപ്പെട്ടില്ല.”

അപ്പോ, എങ്ങനെയാ കാര്യങ്ങൾ…?

വേത് വെള്ളം തിളപ്പിക്കാനുള്ള ഇലകളൊക്കെ ഞാൻ കൊണ്ടു വരണോ, അതോ.?

“അയ്യോ തങ്കമ്മേ, അതെല്ലാം നിങ്ങളു തന്നെ കൊണ്ടുവരണം.” ഇവിടെ എവിടുന്ന് കിട്ടാനാ….?

“ശരി ശരി…പെങ്കൊച്ചിന് നല്ല ക്ഷീണം ഉണ്ട്.”

അഞ്ചു കുളി വേണോ? ഏഴു കുളി വേണോ?

“ഏഴ് ആയിക്കോട്ടെ തങ്കമ്മെ.”

എൻ്റെ റേറ്റ് ഒക്കെ അറിയാലോ അല്ലേ?

“അതൊക്കെ അറിയാം, തങ്കമ്മ ഇങ്ങു വന്നാ മതി.”

“എങ്കിൽ ശരി, ഞാൻ നാളെ വരാം.”

പിന്നെ അവളോടായി പറഞ്ഞു..”കേട്ടോ കൊച്ചെ…നമുക്ക് നാളെ തൊട്ട് കുളിയങ്ങ് തുടങ്ങാം.”

തലയാട്ടിയെങ്കിലും, അവരുടെ ഒരു തലക്കനം, മായയ്ക്ക് അത്രയ്ക്കങ്ങു പിടിച്ചില്ല.

“അടുത്ത ദിവസം രാവിലെ തന്നെ തങ്കമ്മ ഹാജർ. വെള്ളം തിളപ്പിക്കാനുള്ള ഇലകളെല്ലാം അവർ കൊണ്ടുവന്നിട്ടുണ്ട്.”

“അവർ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത്. മുറുക്കാൻ വായിലിട്ട് ചവച്ചു കൊണ്ടാണ് നടപ്പ്.

വലിയ ഉരുളിയിൽ വേത് വെള്ളം തിളപ്പിച്ച് ഇട്ട് അവർ മായയെ വന്ന് വിളിച്ചു.

“കുഞ്ഞിനെ, അമ്മയെ ഏൽപ്പിച്ച് അവളങ്ങോട്ട് ചെന്നു.”

മായയെ ഒരു കസേരയിൽ ഇരുത്തിയിട്ട് അടിമുടി എണ്ണകൊണ്ട് ഒരു അഭിഷേകം തന്നെ നടത്തി.

“മായയ്ക്കാണെങ്കിൽ ഈ എണ്ണ തേയ്പ്പു പരിപാടി ഒട്ടും തന്നെ ഇഷ്ടല്ലായിരുന്നു.”

അവരെ പേടിച്ചിട്ട് അവളൊന്നും മിണ്ടിയില്ല..ഇഞ്ച തേച്ച് കുളിയൊക്കെ കഴിഞ്ഞ് അവളെ റൂമിൽ കൊണ്ടിരുത്തി.

“ഉച്ചിയിൽ രാസ്നാദി പൊടി തേച്ച് പിടിപ്പിച്ചു. ” കണ്മഷി എടുത്ത് നിറച്ചു കണ്ണെഴുതി കൊടുത്തിട്ട് പറഞ്ഞു.

ഇനിയങ്ങോട്ട് മലർന്നങ്ങ് കിടന്നോ. ഓടി നടക്കരുത്.?

“പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ അടങ്ങി കിടക്കണം.!”

എന്നിട്ട്, അവര് അമ്മയോടായി പറഞ്ഞു..”ശരി ഞാൻ പോയിട്ട് നാളെ വരാം. പെണ്ണിനെ നോക്കിക്കോണം.”

“നാളെ മുതൽ മരുന്ന് തുടങ്ങാം.’

കിഴി കൂടി അങ്ങ് വച്ചേയ്ക്കാം.?

അവര് പോയ ഉടനേ തന്നെ മായ അമ്മയോട് ചോദിച്ചു.?

എന്താണമ്മേ ഈ കിഴി..!

അത് മോളെ, ഇവര് എന്തൊക്കെയോ കുറെ പച്ചമരുന്ന് ഒക്കെ വച്ച് കെട്ടി ഒരു ചെറിയ കിഴി ഉണ്ടാക്കും. അത് നമ്മുടെ താഴെ സ്റ്റിച്ച് ഇട്ട ഭാഗത്ത് കയറ്റി വയ്ക്കും.”

“ഗർഭപാത്രത്തിന് നല്ലതാണെന്നാണ് പറയുന്നത്.”

“പണ്ട്, അമ്മയ്ക്കും ഇതൊക്കെ ചെയ്തിട്ടുണ്ട്. നല്ല വയറ്റാട്ടികൾക്ക് മാത്രേ ഇതിൻ്റെ ഒക്കെ കൂട്ട് അറിയൂ.”

“അത് കേട്ടപ്പോ തന്നെ, മായയ്ക്ക് പേടിയായി. “

എന്നതാമ്മേ ഇതൊക്കെ…? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്…?

ഇതൊക്കെ ചെയ്ത വല്ലോ ഇൻഫെക്ഷനും ആവും…

” ശരിയ്ക്കും ഇതിൻ്റെയൊന്നും ഒരാവശ്യവും ഇല്ല.”

മായയ്ക്ക് ദേഷ്യം വന്നു.

അങ്ങനെയൊന്നും പറയല്ലേ കൊച്ചേ..!..പേറ്റ്കുളിയുടെ ഗുണം പോകും.?

“തൽക്കാലം, എൻ്റെ കൊച്ച് ഒന്നു മിണ്ടാതെ ഇരുന്നു കൊടുത്ത മാത്രം മതി, ബാക്കി ഒക്കെ അവര് ചെയ്തോളും.”

മായയ്ക്ക്, രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല. ദേഹം മുഴുവൻ ചൊറിയുന്നു. ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് കണ്ടത്, കുഞ്ഞൻ ഉറുമ്പുകൾ അവളെ തോണ്ടി വിളിക്കുന്നു.

“എണ്ണയുടെ മണം എവിടെ നിന്നാണെന്നറിയാൻ വന്നതാണ് കുഞ്ഞൻസ്.”
അന്ന് പിന്നെ, അവൾക്ക് കിടന്നിട്ട് ഉറക്കം വന്നതേ ഇല്ല.

രണ്ടാമത്തെ ദിവസം..

“നമ്മുടെ തങ്കമ്മ രാവിലെ തന്നെ ഹാജർ.”

“നല്ല കൃത്യനിഷ്ഠയുണ്ട് അവർക്ക്. കിഴി, മരുന്ന് , ഇലകൾ തുടങ്ങിയവ എല്ലാം അവർ കൊണ്ടുവന്നിട്ടുണ്ട്.”

ദേഹം മുഴുവൻ എണ്ണ ഇടാൻ തുടങ്ങിയപ്പോൾ തന്നെ മായ പറഞ്ഞു..ഇത്രയും എണ്ണ വേണ്ട കേട്ടോ? “ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല.”

ആഹാ, അത് കൊച്ചാണോ തീരുമാനിയ്ക്കുന്നത്?

“അതൊക്കെ ഞാൻ തീരുമാനിച്ചോളം. അവിടെ അടങ്ങി ഇരിക്ക് കൊച്ചെ.”

അമ്മ അവളെ കണ്ണു കൊണ്ട് മിണ്ടാതെ എന്ന് ആംഗ്യം കാണിച്ചു.

കുറച്ചുകൂടി എണ്ണ എടുത്ത് ശരീരം മുഴുവൻ തേച്ച് പിടിപ്പിച്ച് നന്നായി ഉഴിഞ്ഞു കൊണ്ടു ഓരോന്ന് പറയാൻ തുടങ്ങി.

“ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പരിഷ്ക്കാരങ്ങൾ.”

“പേറ്റുകുളിയിൽ അറിയാം ഒരു പെണ്ണിൻ്റെ അഴക്. “.”വiയറും മുiലയും അരക്കെട്ടും ഒക്കെ നന്നായി ഉഴിഞ്ഞ് കുളിപ്പിച്ചാലെ നല്ല ഷെയ്പിൽ വരൂ.”
“ഇല്ലേ, കുറെ കഴിയുമ്പോൾ വയറും മുലയും ചാടി ഇരിയ്ക്കും.”

തങ്കമ്മയുടെ ആ പറച്ചിൽ കേട്ടതും മായ പൊട്ടിച്ചിരിച്ചു പോയി. അവളുടെ കൂട്ടത്തിൽ തങ്കമ്മയും പൊട്ടിച്ചിരിച്ചു. കൂട്ടത്തിൽ ഒരു ഉപദേശവും.

“അയ്യോ, പെറ്റ പെണ്ണുങ്ങൾ ഇങ്ങനെ ഉറക്കെ ചിരിക്കാൻ പാടില്ല.”

ആ ചിരിയിൽ മായയും തങ്കമ്മയും തമ്മിലുള്ള അകലം മാറിയിരുന്നു.

“കുളിപ്പിച്ച് കൊടുത്ത്,.മരുന്ന് കിഴി വച്ച് കൊടുത്ത്,.കണ്ണ് എഴുതിച്ച് കൊടുത്ത്, തലയിൽ രാസ്നാദി പൊടിയിട്ട് കൊടുത്ത്, തലമുടി കോതി കൊടുത്ത്,
മരുന്ന് കൊടുത്ത്, കഥകൾ പറഞ്ഞ് കേൾപ്പിച്ച്,.പത്യ കറികൾ ഉണ്ടാക്കി കൊടുത്ത്,.അവളുടെ ഡോക്ടറും, ബ്യൂട്ടീഷനും, അമ്മയും, ഒക്കെയായി തങ്കമ്മ മാറി.”

“കുളി കഴിയുന്നത് വരെ പുറത്ത് നിന്ന് ആര് വന്നാലും അവളെ കാണിക്കില്ലായിരുന്നു.” “കുഞ്ഞിനെ മാത്രം കാണിച്ച് വിടും.”

“വേതു കുളിച്ച് സുന്ദരിയായി ഇരിക്കുന്ന, പെറ്റപെണ്ണിനെ മറ്റുള്ളവർ കണ്ടാൽ കണ്ണു ദോഷം കിട്ടും എന്നാണ് തങ്കമ്മയുടെ വിശ്വാസം.”

അവളെ, ബുക്ക്സ് വായിക്കാൻ സമ്മതിക്കില്ല,.ടിവി കാണാൻ സമ്മതിക്കില്ല, ഉറക്കെ സംസാരിക്കാൻ സമ്മതിക്കില്ല, എഴുന്നേറ്റ് ഓടി നടക്കാൻ സമ്മതിക്കില്ല,

അതൊക്കെ പെറ്റ് കിടക്കുന്ന പെണ്ണിന് ഭാവിയിൽ ദോഷം ആണത്രേ.

ഇതിനിടയിൽ തങ്കമ്മയുടെ ചെറുപ്പത്തിലേ ഉള്ള കഥകളും പറഞ്ഞു കേൾപ്പിച്ചു.

“പണ്ടൊക്കെ, പെറ്റ പെണ്ണിന് പാൽ ഇല്ലാതെ വരുമ്പോൾ, കുഞ്ഞിന് പാൽ കൊടുക്കാൻ തങ്കമ്മയെ വിളിച്ചിരുന്ന കാലത്തെ കഥകൾ ഒക്കെ പറഞ്ഞു കേൾപ്പിച്ചു.”

“അവരുടെ മുiല കുടിച്ച് വളർന്ന മക്കളും അവരുടെ കുടുംബവും, പിന്നീട് ജാതി പറഞ്ഞു അവരെ മാറ്റിനിർത്തിയ കഥകളുമൊക്കെ പറയുമ്പോൾ, അവരുടെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നിരുന്നു.”

മായയ്ക്ക്, അവരെക്കുറിച്ച് അഭിമാനം തോന്നി..” കുഞ്ഞുങ്ങൾ മുതൽ പ്രായം ആയവർ വരെ അവരെ തങ്കമ്മ എന്നാണ് വിളിച്ചിരുന്നത്.”

“പേരിൻ്റെ അറ്റത്ത് ഒരമ്മ ഉള്ളത് കൊണ്ട് ആയിരിക്കണം, അവർക്കാ വിളിയിൽ ഒരു പരാതിയും തോന്നാതിരുന്നത്.”

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിച്ച് തീർന്ന അവരുടെ ആ നല്ല മനസ്സ് തന്നെയാണ്,അവർക്ക് എന്നും എല്ലാവരുടെയും അമ്മയായി പെരുമാറാനും, സഹായിക്കാനും കഴിഞ്ഞിരുന്നത്.

“പെറ്റ പെണ്ണിനെ, ഒത്ത പെണ്ണാക്കി മാറ്റുന്ന കരുത്തുള്ള ഒരു സ്ത്രീ…”

“വയറ്റാട്ടി തങ്കമ്മ.”.🙏

Leave a Reply

Your email address will not be published. Required fields are marked *