എഴുത്ത്:-നൗഫു
“ഞാൻ അന്നെ പറഞ്ഞതാ… നിങ്ങളോട്
ആ പൊട്ടനെ ഒന്നും കടേൽ നോക്കാൻ ഏൽപ്പിക്കണ്ടന്ന്…
അപ്പൊ നിങ്ങൾക് ഒടുക്കത്തെ സെന്റിമെൻസ്..
ഇപ്പൊ എന്തായി…
അവൾ ഒരു പുച്ഛത്തോടെ എന്നെ നോക്കിയിട്ട് തുടർന്നു..
രൂപ ഒന്നും രണ്ടുമൊന്നും അല്ല…
അഞ്ചു ലക്ഷമാണ് ആ പൊട്ടൻ നിങ്ങളെയും പറ്റിച്ചു അടിച്ചു മാറ്റിയത്..…
എന്നിട്ടോ ഒരു കൂസലും ഇല്ലാണ്ട് അവൻ കടയും തുറന്നു ഇരിപ്പുണ്ട്…
നിങ്ങൾ അനുഭവിച്ചോ…
അല്ല അനുഭവിക്കണം നിങ്ങൾ…”
“അവൾ വേറെ എന്തെക്കെയോ കുനു കുന പറയുന്നേണ്ടേലും അതൊന്നും മനസിൽ കയറാൻ പാകത്തിലുള്ള അവസ്ഥയിൽ അല്ലായിരുന്നു ഞാൻ…
നാട്ടിലെ ഷോപ്പിൽ നിന്നും പെരുന്നാളിന് സ്റ്റോക് എടുക്കാനുള്ള അഞ്ചു ലക്ഷം രൂപയോളം കാണാനില്ല എന്നറിഞ്ഞു നാട്ടിൽ എത്തിയതായിരുന്നു ഞാൻ..
മൂന്നാല് മാസം മുബ് അവനെ ഷോപ്പിൽ നിർത്താൻ പോകുമ്പോയേ അവൾക് വല്ലാത്ത എതിർപ്പായിരുന്നു..
ഈ പൊട്ടനെ കണ്ടാൽ ആരേലും ഷോപ്പിൽ കയറി എന്തേലും വാങ്ങിക്കുമോ… അവന് ആളുകളെ കൺവൈസ് ചെയ്തു സാധനങ്ങൾ എടുപ്പിക്കാൻ കഴിയുമോ എന്നൊക്കെ അവൾ കൂടേ കൂടേ എന്നോട് ചോദിച്ചിരുന്നത്..
പക്ഷെ അതെല്ലാം അസ്ഥാനത്താക്കി…
പണ്ടത്തേതിലും മികച്ച കളക്ഷൻ നൽകി എനിക്ക് നല്ലൊരു ബാലൻസ് തരാൻ അവന് കഴിഞ്ഞിരുന്നു…
അവൻ എന്ത് മാജിക്കാണ് കടയിൽ കാണിച്ചിരുന്നത് എന്നെനിക് അറിയില്ല…
പക്ഷെ അവന്റെ ടാലെന്റ്റ് അറിയാവുന്നത് കൊണ്ട് തന്നെ എന്ത് ചെയ്യാനുള്ള അധികാരവും സ്വാതന്ത്ര്യവും അവന് ഞാൻ നൽകിയിരുന്നു…ഒരു അനിയനെക്കാൾ ഉപരി..”
“നാട്ടിൽ എത്തിയ ഉടനെ തന്നെ… വീട്ടിലൊന്ന് മുഖം കാണിച്ചു ഞാൻ നേരെ കടയിലേക്ക് പുറപ്പെട്ടു…
എന്റെ മനസിൽ വല്ലാത്തൊരു ദേഷ്യവും സങ്കടവും ബാധിച്ചിരുന്നു… എന്നോട് അവൻ ഇങ്ങനെ ചെയതല്ലോ എന്നായിരുന്നു മനസ് നിറയെ…അതിനേക്കാൾ ഉപരി ചൂട് കയറ്റി വെച്ച ഒരു പെണ്ണും ഉണ്ടല്ലോ വീട്ടിൽ..
കടയിലേക്ക് എത്തിയതും എന്റെ മുന്നിൽ വിറച്ചു കൊണ്ട് നിൽക്കുന്നവന്റെ മുഖമടക്കി ഒന്ന് ഞാൻ കൊടുത്തു..
എന്റെ അiടി കിട്ടിയതും പുറകോട്ട് വേച്ചു…
ഒന്ന് തേങ്ങി കരയാൻ പോലും കഴിയാതെ ആ മിണ്ടാപ്രാണി എന്റെ കണ്ണിലേക്കു നോക്കി വെള്ളം നിറച്ചു”
“അതൊന്നും കാര്യമാകാതെ ഞാൻ അവനോട് പൈസ എവിടെ കൊണ്ട് പോയാണ് വെച്ചതെന്ന് ചോദിച്ചു അവന്റെ ഭാഷയിൽ..
അവൻ പടച്ചോനെ പിടിച്ചെന്ന പോലെ സത്യമിട്ട് കൊണ്ട് എന്നോട് പറഞ്ഞു..
ഇക്കാ ഞാൻ ആ പൈസ എടുത്തിട്ടില്ലന്ന്….”
“പക്ഷെ തെളിവുകൾ മുഴുവൻ അവന് എതിരായിരുന്നു…അവനാണ് ഷോപ്പ് അടച്ചു അവസാനം പോകുന്നവൻ.. മുന്നേ ഉള്ള സ്റ്റാഫ് ഓക്കേ സീസൺ ആവാൻ രണ്ടോ മൂന്നോ ആഴ്ച ഉള്ളത് കൊണ്ട് തന്നെ നേരത്തെ പോകും..
പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് അവൻ പോകാറുള്ളത്.. പൈസ കടയിൽ വെക്കുന്നത് സേഫ് അല്ലാത്തത് കൊണ്ട് തന്നെ സ്റ്റോക് എടുക്കാൻ പോകുമ്പോൾ കൊണ്ട് പോകാറുള്ള പൈസ അവൻ വീട്ടിലേക് കൊണ്ട് പോകാറാണ് പതിവ്…
അന്നും പൈസ എടുക്കാൻ വലിപ് തുറന്നു നോക്കിയപ്പോൾ ആയിരുന്നു അഞ്ചു ലക്ഷം രൂപ നഷ്ടപെട്ടത് അവൻ അറിയുന്നത്…
അറിഞ്ഞതും അവൻ എനിക്ക് മെസ്സേജ് അയച്ചിരുന്നു…
ഞാൻ അവനോട് വീണ്ടും ചോദിച്ചു നീ പൈസ എടുത്തെങ്കിൽ തിരികെ തന്നോ ഞാൻ ഒന്നും ചെയ്യില്ലെന്ന്..
പക്ഷെ അവൻ വീണ്ടും റബ്ബാണെ സത്യം അവൻ എടുത്തിട്ടില്ലെന്ന് പറഞ്ഞു..
മാത്രമല്ല അതിന്റെ കൂടേ തൊട്ട് താഴെയുള്ള വലിപ്പിൽ ഉണ്ടായിരുന്ന മൂന്നു ലക്ഷതോളം രൂപ എടുത്തിട്ടും ഇല്ലായിരുന്നു…”
ഞാൻ അവനോട് വീണ്ടും ചോദിച്ചു..
“നീ അല്ലാതെ ആ സമയം വേറെ ആരേലും ഉണ്ടായിരുന്നോ എന്ന്..
അവൻ ആരും ഇല്ലായിരുന്നെന്ന് പറഞ്ഞു..
പിന്നെ പൈസ ആവിയായി പോയോ എന്നായി എന്റെ സംശയം…
അല്ല നി കടയിൽ നിന്നും പോകുന്നതിന് മുമ്പ് ആരേലും…”
“അപ്പൊ അവൻ ഒരു മിനിറ്റെ എന്നും കാണിച്ചു… ക്യാഷെർ ഇരിക്കുന്നതിന് മുകളിൽ വെച്ച ചെറിയ ഒരു പെട്ടിയെടുത്തു അതിൽ നിന്നും ചൂണ്ട് വിരലോളം പോന്ന ഒരു കറുത്ത ചതുരത്തിൽ ഉള്ളൊരു സാധനവും..
അതൊരു ക്യാമറയായിരുന്നു… അതിനുള്ളിലെ മേമ്മറി കാർഡ് ഊരിയെടുത്തു ഷോപ്പിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു വീഡിയോ പ്ലെ ചെയ്യാൻ തുടങ്ങി…
കടയിൽ അങ്ങനെ ഒരു ക്യാമറ ഉള്ള കാര്യം എനിക്കോ മറ്റുള്ളവർക്കോ അറിയില്ലായിരുന്നു..
ലേഡീസ് ഗാർമെന്റ് ഷോപ്പ് ആയത് കൊണ്ട് തന്നെ ഒന്ന് രണ്ടു കേമറ വെച്ചിട്ടിട്ടുണ്ടേലും അതൊന്നും ക്യാഷർ ഇരിക്കുന്ന ഭാഗത്തേക് ഇല്ലായിരുന്നു..
ഇതവൻ ആരും അറിയാതെ ഓൺലൈനിൽ നിന്നും വാങ്ങി വെച്ചതാണെന്ന് എനിക്ക് തോന്നി…
ആ വീഡിയോയിൽ ഞാനും അവനും കണ്ട കാഴ്ച ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു..
സ്‌ക്രീനിൽ ഓടുന്ന വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്തു….
ദിവസവും മൂന്നു നേരമെന്നോണം എന്റെ അനിയൻ എന്റെ അനിയൻ എന്ന് എന്റെ പൊണ്ടാട്ടി പറയുന്ന എന്റെ മൂന്നു അളിയന്മാരിൽ ഒരാൾ ആയിരുന്നു അത്…”
“ആരാണ് എടുത്തതെന്ന് അറിഞ്ഞതും എന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു പൊന്തി..
പടച്ചോനെ പെട്ടന്നുള്ള ദേഷ്യത്തിൽ പാവത്തിനെ അടിക്കുകയും ചെയ്തു..
ഞാൻ അവനെ നോക്കിയപ്പോൾ അവൻ ഇങ്ങോട്ടൊന്നും നോക്കാതെ ഷോപ്പിൽ കസ്റ്റമർ തിരഞ്ഞു കുഴഞ്ഞു മറിച്ചിട്ട വസ്ത്രങ്ങൾ എടുത്തു വെക്കുന്ന തിരക്കിൽ ആയിരുന്നു..
ഈ സമയത്തു തന്നെ ആയിരിക്കാം കളവ് നടന്നത്.. അവനൊന്നും കേൾക്കാൻ കഴിയാത്ത സമയം ആ ജോലിയിൽ മാത്രം ശ്രദ്ധിച്ചു നിൽക്കുന്ന സമയവും അതായിരുന്നു ഷോപ്പ് അടക്കാൻ പോകുന്ന സമയം…”
“എന്ത് സംസാരിക്കുമെന്ന് അറിയാതെ ഞാൻ അവന്റെ അടുത്തേക് പോയി.. ചുമലിൽ കൈ വെച്ചു…
എന്റെ സാമിപ്യം അറിഞ്ഞതും അവൻ തിരിഞ്ഞു നിന്നു…
കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…ഞാൻ അടിച്ചതിൽ ഏറെ അവനെ ഒരു കള്ളനായി കണ്ടതിലുള്ള സങ്കടം ആയിരിക്കാം..
ഞാൻ അവന്റെ കയ്യിൽ പിടിച്ചു നെഞ്ചിലേക് ചേർത്തി..
ഇക്കാനോട് ക്ഷമിക്കടാ…
അറിയാണ്ട് പറ്റിയതാ… ഇയ്യ് വേണേൽ എന്നെ അടിച്ചോ എന്ന് ആക്ഷൻ കാണിച്ചു അവന്റെ കൈ എന്റെ കവിളിലേക് ചേർത്ത് വെച്ചു..
അവൻ പെട്ടന്ന് തന്നെ കൈ വലിച്ചു.. തല രണ്ടു ഭാഗത്തേക്കും കുറച്ചു വേഗത്തിൽ ചലിപ്പിച്ചു,. ഇല്ല ഇല്ല എന്ന് പറയുന്നത് പോലെ..”
“അവനോട് ഒന്നും പറയാൻ കഴിയാതെ ഞാൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി നിന്നു..
ഉടനെ അവൻ എന്റെ മുഖം ഉയർത്തി…എന്റെ കണ്ണിൽ നിന്നും ഊർന്ന് ഇറങ്ങിയ കണ്ണ് നീർ തുള്ളികൾ കൈ കൊണ്ട് തുടച്ചു..
കരയരുതെന്ന് കൈ കൊണ്ട് കാണിച്ചു… എന്റെ ഇക്കയല്ലേ എന്നെ അiടിച്ചേ…
സാരമില്ല…
ഞാൻ എന്റെ സ്വന്തം ഇക്കയെ ആയിട്ട് തന്നെയാണ് ഈ നിമിഷം വരെ കരുതിയെ…ഇനിയും അങ്ങനെ തന്നെ ആയിരിക്കും…
പക്ഷെ…
കുറച്ചു നിമിഷം എന്നെ സംശയിച്ചില്ലേ ഒരു കള്ളനെ പോലെ…
അത് മാത്രമാണ് എനിക്ക് സഹിക്കാൻ പറ്റാത്തെ… ഉള്ള് ചുട്ട് നീരുന്നത് പോലെ ഇക്കാ…
എന്റെ ഇക്കാനോട് ചോദിക്കാതെ..
ആ മേശക്ക് മുകളിൽ ഉള്ള ബുക്കിൽ എഴുതാതെ ഒരു രൂപ പോലും ഞാൻ ആ കിടയിൽ നിന്നും എടുത്തിട്ടില്ല..
ഇനി എടുക്കുകയും ഇല്ല..
എനിക്കെന്തിനാ ഇക്കാ അർഹത ഇല്ലാത്ത മുതൽ…
ഇത് ഇക്കാന്റെ മുതൽ ആണെന്ന് എനിക്കറിയാം … എനിക്ക് അതിൽ നിന്നും ഒന്നും വേണ്ടെന്നേ…
അവൻ വീണ്ടും അവന് അറിയുന്ന ഭാഷയിൽ പറഞ്ഞു ചുണ്ട് കടിച്ചു വിഥുമ്പി കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു…
എന്നെ സമാധാനിപ്പിക്കാൻ എന്നോണം പതിയെ കണ്ണുനീർ തുള്ളികളാലെ ചിരിച്ചു…”
“അവന്റെ മുഖത്തേക് നോക്കിയതും…
എനിക്ക് സങ്കടം പിടിച്ചു നിർത്താൻ കഴിയാതെ അവനെ ചേർത്ത് നിർത്തി കരഞ്ഞു പോയി…
അവനെക്കാൾ ഉള്ളു ചുട്ട് പുകയുന്നത് പോലെ…
അവനെ ചേർത്തു പിടിച്ചപ്പോൾ എന്തോ ആശ്വാസം നിറയുന്നുണ്ടായിരുന്നു മനസ്സിൽ “..
“അവിടുന്ന് കടയും പൂട്ടി ഇറങ്ങുമ്പോൾ ഞാൻ അവനോട് ചോദിച്ചു അല്ല ഇനിയും ഉണ്ടോടോ ഇത് പോലുള്ള കേമറ കടക്ക് ഉള്ളിൽ എവിടേലും..
കേട്ട ഉടനെ അവൻ എന്റെ വയറിൽ ഒരു കുത്തു തന്നു കൊണ്ട് പറഞ്ഞു..
ഇത് അവന്റെ സേഫ്റ്റിക്ക് വെച്ചതാണ്.. പക്ഷെ കേമറ അവിടെ ഉള്ള കാര്യം അവൻ മറന്നു പോയെന്ന്.. അല്ലേൽ അവൻ തന്നെ ആ പൈസ വാങ്ങിച്ചേനെ എന്നും കൂടേ പറഞ്ഞു…”
“ഏതായാലും വീട്ടിൽ പോയി പൊണ്ടാട്ടിക് അനിയന്റെ നന്മ നിറഞ്ഞ മുഖം ഞാൻ കാണിച്ചു കൊടുത്തു.. കേസ് ആകണ്ടേൽ ആ പൈസ ഒരു മണിക്കൂർ കൊണ്ട് വീട്ടിൽ എത്തിക്കാനും പറഞ്ഞു…
വന്നിട്ട് വേണം അവനുള്ളത് കൊടുക്കാൻ…
916 മുദ്രയോട് കൂടേ….”
ഇഷ്ട്ടപെട്ടാൽ
ബൈ
☺️