പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ അയാളുടെ കാലിലേക്ക് വീണു. ആ സമയം ഒരു കൈകുഞ്ഞുമായി അയാളുടെ ഭാര്യ വന്ന് വാതില്‍……

ആ അമ്മയും ഞാനും തമ്മിൽ

Story written by Shaan Kabeer

“ടാ, ഇത് നമ്മുടെ അവസാന കച്ചിത്തുരുമ്പാണ്. ഈ ബിസിനസ്സ് കൂടെ പൊളിഞ്ഞാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. ഇപ്പോ തന്നെ നാട് മൊത്തം കടമാണ്”

സനൂപിന്റെ ദയനീയമായ പറച്ചില്‍ കേട്ട് ഉണ്ണി അവനെ നോക്കി കണ്ണുരുട്ടി

“എടാ സനൂ, ഇങ്ങനെ പറഞ്ഞ് എന്നെ പേടിപ്പിക്കാതെടാ പുല്ലേ. നീ തന്നെയല്ലേ പറഞ്ഞേ പൂനെയിൽ ഉള്ളിക്ക് വില കുറവാണ് ആ ഉള്ളി നാട്ടില്‍ കൊണ്ട് വന്ന് വിറ്റാല്‍ പണം വാരാം എന്നൊക്കെ”

സനൂപ് ഉണ്ണിയുടെ തോളത്ത് കൈവെച്ചു

“ഉണ്ണീ, നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല. പേടിച്ചിട്ടാടാ, ഈ ബിസിനസിൽ എങ്കിലും പച്ച പിടിച്ചില്ലെങ്കിൽ ഇനി വീട്ടിലോട്ട് കയറി ചെല്ലാൻ പറ്റില്ല”

ഉണ്ണി സനൂപിനെ ചേര്‍ത്ത് പിടിച്ചു

“എടാ എന്റെ അമ്മയുടെ താലി മാല വരെ പണയം വെച്ചാ ഞാന്‍ ഇതിന് ഇറങ്ങിയിരിക്കുന്നേ, അച്ഛന്‍ പോലും അറിയാതെയാ ആ പാവം താലി മാല എനിക്ക് ഊരി തന്നത്. നീ നോക്കിക്കോ, ഇനി മുതല്‍ നമ്മുടെ രാജയോഗമാണ്. പേടിക്കാതെ ചിരിച്ചോണ്ട് വാടാ”

സനൂപ് ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു. അവര്‍ തന്റെ കൂട്ടുകാരന്റെ ഓട്ടോ റിക്ഷയിൽ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അവര്‍ പൂനെയിലേക്കുള്ള ടിക്കറ്റ് എടുക്കാന്‍ ലൈനിൽ വരിനിന്നു. അപ്പോഴാണ് അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു അമ്മ അവരുടെ അടുത്തേക്ക് വന്നത്. ആ അമ്മയുടെ മുഖത്തെ ഐശ്വര്യം കണ്ട് ഉണ്ണി അവരെ ഒന്നു നോക്കി. അമ്മ ഉണ്ണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഉണ്ണിയുടെ നേരെ അഞ്ഞൂറു രൂപയുടെ ഒരു നോട്ട് നീട്ടി കൊണ്ട് പറഞ്ഞു

“മോനെ, എനിക്കും കൂടെ എടുത്തു തരോ പൂനെക്ക് ഒരു ടിക്കറ്റ്. വരി നിക്കാൻ വയ്യാത്തോണ്ടാ. കുറച്ച് അസുഖങ്ങളൊക്കെ ഉള്ള കൂട്ടത്തിലാണേ”

ഉണ്ണി സന്തോഷത്തോടെ ആ കാശ് വാങ്ങിച്ചു. എന്നിട്ട് അമ്മയോട് വിശ്രമിക്കാൻ പറഞ്ഞു.

ടിക്കറ്റ് എടുത്ത് അവര്‍ അമ്മയുടെ അടുത്തേക്ക് പോയി. അമ്മയേയും കൂട്ടി അവര്‍ ട്രെയിനിൽ കയറി. മൂന്നു പേർക്കും അടുത്തടുത്തായിരുന്നു സീറ്റ്.

മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന യാത്ര ആയതുകൊണ്ട് ഉണ്ണി രണ്ട് പേർക്കുമുള്ള ഭക്ഷണം കരുതിയിരുന്നു. പുതിയ പ്രതീക്ഷയോടെ ഉണ്ണിയും സനൂപും പൂനെയിലേക്കുള്ള യാത്ര ആരംഭിച്ചു. കൂടെ ആ അമ്മയും.

ഉണ്ണിയും സനൂപും തങ്ങളുടെ ബിസിനസ്സ് എങ്ങനെ പച്ചപിടിപ്പിക്കാം എന്ന കാര്യങ്ങള്‍ കലപില കലപിലാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നത് അമ്മ കൗതുകത്തോടെ നോക്കിയിരുന്നു. അവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഉണ്ണി സംസാരത്തിന്റെ ശബ്ദം കുറച്ചു. എന്നിട്ട് ചമ്മിയ മുഖവുമായി ആ അമ്മയെ നോക്കി വളിഞ്ഞ ഒരു ചിരി പാസാക്കി.

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഉണ്ണിയും സനുവും ബാഗില്‍ നിന്നും ഭക്ഷണത്തിന്റെ പൊതിയെടുത്ത് കഴിക്കാന്‍ തുടങ്ങി. അമ്മ റെയില്‍വേ കാന്റിനിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും മേടിച്ചു കഴിച്ചു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉണ്ണി കൈ കഴുകാൻ എഴുന്നേറ്റപ്പോൾ സനു ഉണ്ണിയുടെ ബാഗിലേക്ക് നോക്കി

” ടാ, ഉണ്ണീ അതെന്താ വേറൊരു പൊതി ബാഗിനകത്ത്”

” അത് നമുക്ക് രാത്രി കഴിക്കാനുള്ളതാ, എന്തേ”

സനു തന്റെ വയറിൽ തലോടി

” എന്താണെന്നറിയില്ല, ഭയങ്കര വിശപ്പ്. നീ അത് ഇങ്ങട് എടുത്തേ”

ആ അമ്മ തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഉണ്ണി ശബ്ദം താഴ്ത്തി

” എടാ തെണ്ടി, രാത്രി പട്ടിണി കിടക്കാന്‍ എന്നെക്കൊണ്ട് വയ്യ. കാന്റിനിൽ നിന്നും മേടിച്ചു കഴിക്കാനാണെങ്കിൽ കയ്യില്‍ എണ്ണി ചുട്ട അപ്പംപോലെയേ കാശൊള്ളൂ”

ഉണ്ണി പറഞ്ഞു തീരും മുമ്പേ സനു ബാഗില്‍ നിന്നും ആ പൊതിയെടുത്തു

” രാത്രി മൊബൈലില്‍ നല്ല പാട്ടും കേട്ട് നമുക്ക് ഉറങ്ങാം. ഇപ്പോ ഞാന്‍ ഇത് കഴിക്കട്ടെ”

ഉണ്ണി അവനെ ദയനീയമായി ഒന്ന് നോക്കി. അവരുടെ ചെയ്തികൾ കണ്ട് ആ അമ്മക്ക് ചിരി അടക്കാന്‍ സാധിച്ചില്ല. അവര്‍ കൈകൊണ്ട് തന്റെ മുഖം മറച്ചു വെച്ച് പൊട്ടിച്ചിരിച്ചു. വീണ്ടും ചമ്മിയ മുഖത്തോടെ ഉണ്ണി അവരെ നോക്കി. എന്നിട്ട് സനുവിനു നേരെ കണ്ണുരുട്ടിയിട്ട് കൈ കഴുകാൻ പോയി.

നേരം ഇരുട്ടി. ലൈറ്റ് ഓഫാക്കി എല്ലാവരും ഉറങ്ങാന്‍ കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അവിടെയും ഇവിടെയുമായി കൂർക്കം വലികൾ ഉണ്ണിയുടെ കാതില്‍ വന്നു തട്ടി. എല്ലാവരും നല്ല ഉറക്കത്തിലാണ്. പക്ഷെ തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ടും ഉണ്ണിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. കാരണം അവന്‍ എന്തും സഹിക്കും പക്ഷെ വിശപ്പ്, അത് അവന് സഹിക്കാനേ പറ്റില്ലായിരുന്നു. ഉറങ്ങാന്‍ സാധിക്കില്ല എന്ന് ഉറപ്പായപ്പോൾ അവന്‍ എഴുന്നേറ്റ് വാതിലിനരികിൽ പോയി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അമ്മ അവന്റെ അടുത്തു വന്നു

” എന്താ, മോന്‍ ഉറങ്ങുന്നില്ലേ”

” ഹേയ്, ഒന്നൂല്ല. ഞാന്‍ ചുമ്മാ”

” ഒന്നും കഴിച്ചില്ല ലേ”

അമ്മയുടെ ആ ചോദ്യത്തിൽ അവന് എന്തോ പോലെ തോന്നി

” വിശക്കാത്തത് കൊണ്ടാണ് കഴിക്കാഞ്ഞേ, വിശക്കുന്നുണ്ടെങ്കിൽ ഇവിടെ നിന്നും മേടിച്ച് കഴിക്കാലോ”

” വേണ്ട, കുട്ടി കള്ളം പറയേണ്ട”

ഇത്രയും പറഞ്ഞ് അവര്‍ തന്റെ കയ്യില്‍ കരുതിയിരുന്ന ഭക്ഷണ പൊതി അവനു നേരെ നീട്ടി. അത് മേടിക്കാൻ അവന്റെ ദുരഭിമാനം സമ്മതിച്ചില്ല. പക്ഷെ അവരുടെ നിർബന്ധത്തിന് വഴങ്ങി അവന്‍ അത് മേടിച്ചു

” വേഗം, ഇത് കഴിച്ച് കിടന്നുറങ്ങിക്കോ, വെറുതെ ഉറക്കം ഒഴിക്കേണ്ട”

ഇത്രയും പറഞ്ഞ് അവര്‍ പോയി കിടന്നു. ഉണ്ണി ആ അമ്മയെ തന്നെ നോക്കി നിന്നു. അവന്‍ പോലും അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ അമ്മയെ ഓര്‍ത്തു അവന്‍.

രാത്രി പുലർന്നു. പൂനെയിലേക്ക് ഇനിയും നാലു മണിക്കൂര്‍ കൂടെ യാത്രയുണ്ട്. ആ നാലു മണിക്കൂർ കളിയും, ചിരിയുമായി അവര്‍ മൂന്നു പേരും ആഘോഷിച്ചു. പൂനെ സ്റ്റേഷന്‍ എത്താറായപ്പോൾ ഉണ്ണിക്കും, അമ്മക്കും എന്തോ ഒരു വിഷമം തോന്നി. ഇനി ജീവിതത്തില്‍ എന്നെങ്കിലും പരസ്പരം കണ്ടുമുട്ടുമോ എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവര്‍ പരസ്പരം ഒരുപാട് അടുത്തിരുന്നു.

പുനെ സ്റ്റേഷനില്‍ വെച്ച് യാത്ര പറഞ്ഞ് പിരിയാൻ നേരം അമ്മക്ക് ഒരു തല ചുറ്റൽ പോലെ അനുഭവപ്പെട്ടു. അവര്‍ അമ്മയെ വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. ഒരു ടാക്സി വിളിച്ച് അവര്‍ അമ്മയേയും കൊണ്ട് വീട്ടിലേക്ക് പോയി, അപ്പോഴേക്കും അമ്മ നോർമൽ ആയിരുന്നു. വീട്ടിലെത്തിയ ഉണ്ണി കോളിംഗ് ബല്ലിൽ വിരല്‍ അമർത്തി. ഒരു മുപ്പത്തി അഞ്ച് നാല്പ്പതു വയസ്സ് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു. അമ്മയുടെ മകനായിരുന്നു അത്. അദ്ദേഹം ഡോക്ടര്‍ ആണ്. അയാള്‍ ഉണ്ണിയെ നോക്കി

” ആജ് ചുട്ടി ഹെ, കൽ സുബഹ് ആവോ”

ഇത് കേട്ട ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു

” അയ്യോ സാറേ, ഞങ്ങള്‍ പരിശോധിക്കാന്‍ വന്നതല്ല”

ഇതും പറഞ്ഞ് ഉണ്ണി ടാക്സിക്ക് അകത്തിരിക്കുന്ന അമ്മയെ വിളിച്ചു. അമ്മയുടെ മുഖത്ത് എന്തോ ഒരു പേടിയുള്ളത് പോലെ ഉണ്ണിക്ക് തോന്നി. അമ്മയെ കണ്ടതും അയാള്‍ പൊട്ടിത്തെറിച്ചു

” തള്ളേ, ഞങ്ങള്‍ക്ക് ഒരു മനസ്സമാധാനവും തരില്ല അല്ലേ. എനിക്ക് വൃദ്ധ സദത്തിൽ നിന്നും വിളിച്ചിരുന്നു, നിങ്ങളെ കാണാനില്ല എന്നും പറഞ്ഞ്‌. എവിടെ യെങ്കിലും പോയി ചത്തു കാണും എന്ന് കരുതിയിരിക്കുമ്പോഴാ തള്ള വീണ്ടും ഇങ്ങോട്ടേക്ക് തന്നെ കെട്ടിയെടുത്തിരിക്കുന്നേ. എന്റെ ഭാര്യക്ക് നിങ്ങളെ കാണുന്നത് തന്നെ അറപ്പാണ് എന്ന് അറിഞ്ഞൂടെ”

അമ്മ അയാള്‍ക്ക് മുന്നില്‍ കെഞ്ചി

” ഒരിക്കലും വരരുത് എന്ന് കരുതിയതാ മോനേ, പക്ഷേ ഇതിനിടക്ക് ഒരു തലകറക്കം വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു എനിക്ക് ക്യാന്‍സര്‍ ആണ്, ഇനി കുറച്ച് ദിവസം കൂടെ ജീവിക്കാന്‍ പറ്റൂ എന്നൊക്കെ. ഇനി ചികിത്സിച്ചിട്ടൊന്നും കാര്യല്യാത്രേ. ദൈവം എനിക്ക് അനുവദിച്ചു തന്ന ആ കുറച്ചു ദിവസം ഞാന്‍ നിന്റെയും, മക്കളോടും ഒപ്പം താമസിക്കട്ടേ. എന്റെ മോന്‍ എതിരൊന്നും പറയരുത്. ഞാന്‍ വേണേല്‍ നിന്റെ കാലു പിടിക്കാം”

പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ അയാളുടെ കാലിലേക്ക് വീണു. ആ സമയം ഒരു കൈകുഞ്ഞുമായി അയാളുടെ ഭാര്യ വന്ന് വാതില്‍ കൊട്ടി അടച്ചു.

ഇതെല്ലാം കണ്ട് ഞെട്ടി തരിച്ച് നിന്ന ഉണ്ണിയും സനുവും നിലത്ത് കിടക്കുന്ന അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു. ആ അമ്മയോട് എന്ത് പറയണം എന്നറിയാതെ അവര്‍ നിന്നു. അമ്മക്ക് വേണ്ടി ഒരിക്കല്‍ കൂടി മകനോട് സംസാരിക്കാന്‍ ഉണ്ണി തീരുമാനിച്ചു. അവന്‍ ബെല്ലെടിച്ചു, പക്ഷെ ആരും വാതില്‍ തുറന്നില്ല. അവന്‍ ബെല്ല് അടിച്ചു കൊണ്ടേയിരുന്നു. കുറേ സമയത്തിന് ശേഷം അയാള്‍ വാതില്‍ തുറന്നു

” എന്താ, ഞാന്‍ പറഞ്ഞതൊന്നും കേട്ടില്ലേ. വേഗം ആ തള്ളയെയും കൊണ്ട് ഇവിടെ നിന്നും സ്ഥലം വിട്ടോ. ഇല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും”

ഉണ്ണി അയാളുടെ മുന്നില്‍ കൈകള്‍ കൂപ്പി നിന്നു

” പാവല്ലേ സാറേ, സാറിനെ പെറ്റ അമ്മയല്ലേ. അതിന്റെ അവസാനത്തെ ആഗ്രഹം ഒന്ന് സാധിച്ച് കൊടുത്തൂടേ. ആരുമല്ലാത്ത എന്നെ ജീവനു തുല്യം സ്നേഹിച്ച ആ അമ്മ താന്‍ പത്ത് മാസം ചുമന്ന് പ്രസവിച്ച സാറിനെ എങ്ങനെ സ്നേഹിച്ചിട്ടുണ്ടാവും”

അയാള്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ അയാളുടെ ഭാര്യ വീണ്ടും വന്നു

” ടോ, തനിക്ക് അത്ര സങ്കടം ആവുന്നുണ്ടെങ്കിൽ, താന്‍ വളര്‍ത്തിക്കോ അതിനെ”

ഉണ്ണിയുടെ മുഖം ചുവന്നു

” എടീ നീയൊക്കെ ഒരു പെണ്ണാണോടീ, നോക്കിക്കോ ഇന്ന് ഈ അമ്മക്ക് വന്ന ഗതി നാളെ നിനക്ക് തരാന്‍ പോവുന്നത് ദാ നിന്റെ ഒക്കത്തിരിക്കുന്ന ആ കൈകുഞ്ഞിലൂടെയാണ്, നോക്കിക്കോ, നീയൊക്കെ അനുഭവിച്ചേ മരിക്കൂ”

അവളോട് ഇത്രയും പറഞ്ഞ് ഉണ്ണി ഡോക്ടറെ നോക്കി

” എടാ പെൺ കോന്താ, ഭാര്യയുടെ വാക്ക് കേട്ട് നീ ഇന്ന് പെറ്റ അമ്മയെ ഒഴിവാക്കി. നാളെ അവള്‍ നിന്നെയും ഒഴിവാക്കും. പക്ഷെ അന്ന് നീ പോവുക വൃദ്ധ സദനത്തിലേക്ക് ആയിരിക്കില്ല, ഭ്രാന്താശുപത്രിലേക്ക് ആയിരിക്കും”

ഇത്രയും പറഞ്ഞ് ഉണ്ണി അമ്മയോട് ടാക്സിയിലോട്ട് കയറാന്‍ പറഞ്ഞു

” അമ്മേ, ഒരുപാട് പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഒക്കെയായി നല്ല ഒരു ജീവിതം സ്വപ്നം കണ്ട് നടക്കുന്ന ഒരു ശരാശരി ഇന്ത്യന്‍ പൗരനാണ് ഞാന്‍. അങ്ങനെയുള്ള എന്റെ പാർട്ണർ ആവാൻ അമ്മക്ക് താല്‍പ്പര്യം ഉണ്ടോ, നമുക്ക് ഇങ്ങനെ സങ്കടവും സന്തോഷവും എല്ലാം ഷെയര്‍ ചെയ്ത് ജീവിക്കാന്നേ, എന്താ റെഡി അല്ലേ അമ്മ”

അമ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോള്‍ ഉണ്ണി സനുവിനോട് ഉറക്കെ വിളിച്ചു പറഞ്ഞു

” ടാ സനു, അപ്പോ വണ്ടി നേരെ ഉള്ളി മാര്‍ക്കറ്റിലേക്ക് വിടാന്‍ പറ. എന്നിട്ട് ഉള്ളിയുടെ ലോഡുമായി അമ്മയും നമ്മളും പുത്തന്‍ പ്രതീക്ഷകളുമായി നാട്ടിലേക്ക്”

Leave a Reply

Your email address will not be published. Required fields are marked *