പൊന്നുകൊണ്ടു പുളിശ്ശേരി വെച്ചുതരാമെന്നു പറഞ്ഞാലും വേർതിരിവ് കാണിച്ചാൽ ഒരു മക്കൾക്കും അത് സഹിക്കാനാവില്ല അമ്മെ , അത് അമ്മയൊന്നു ഓർമയിൽ വെക്കുന്നത് നല്ലതാണ്

A Story by അരുൺ നായർ

“” പൊന്നുകൊണ്ടു പുളിശ്ശേരി വെച്ചുതരാമെന്നു പറഞ്ഞാലും വേർതിരിവ് കാണിച്ചാൽ ഒരു മക്കൾക്കും അത് സഹിക്കാനാവില്ല അമ്മെ , അത് അമ്മയൊന്നു ഓർമയിൽ വെക്കുന്നത് നല്ലതാണ് “” എന്നുള്ള എൻറെ സംസാരം കേട്ടപ്പോൾ തന്നെ അമ്മ എന്നെ പുച്ഛഭാവത്തിലൊന്നു നോക്കികൊണ്ട്‌ ചോദിച്ചു…..

“” ആര് ആരോട് വേർതിരിവ് കാണിച്ചെന്നാണ് നീ പറയുന്നത്…. എനിക്ക് മക്കളെല്ലാം ഒരുപോലെ തന്നെയാണ്…. നീ ചുമ്മാ ഓരോന്നും കുത്തി വീർപ്പിച്ചുകൊണ്ട് വഴക്കുണ്ടാക്കാൻ വരണ്ട….””

“” അമ്മക്ക് മക്കൾ എല്ലാം ഒരുപോലെ ആയിരിക്കും പക്ഷെ കൊച്ചുമക്കളുടെ കാര്യത്തിലാണ് അമ്മ വേർതിരിവ് കാണിക്കുന്നത്….. ആ കൊച്ചു കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് അമ്മ അങ്ങനെ ചെയ്യുന്നത്…. “”

“” അതാണോ കാര്യം, നിന്റെ മകളെ നിന്റെ സഹോദരങ്ങളുടെ മക്കളുടെ അത്രയും സ്നേഹിക്കുന്നില്ല എന്നുള്ളതാണോ നിന്റെ പ്രശ്നം, എങ്കിൽ അമ്മ തുറന്നു സമ്മതിക്കാം അത്, നിന്റെ സഹോദരങ്ങളുടെ മക്കളെല്ലാം ഇവിടെ എന്റെ അടുത്തു വളർന്നവരാണ് അതുകൊണ്ട് അവരോട് ഒരു പ്രത്യേക സ്നേഹം മനസ്സിൽ ഉണ്ടാകും അത് എനിക്ക് നിന്റെ കുഞ്ഞിനോട് ഇല്ലെന്നു ഉള്ളത് സത്യമാണ്….. “”

“” അമ്മ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്… എവിടെ വളർന്നാലും അമ്മയുടെ കൊച്ചുമക്കൾ എല്ലാം ഒരുപോലെ അല്ലെ ആകു…. കൂടുതൽ ഇങ്ങനെയുള്ള വർത്താനം പറഞ്ഞൂ വിഷമിപ്പിക്കരുത്…. ഒന്നും ഇല്ലെങ്കിലും ആ കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരവും കളിയും ചിരിയുമെങ്കിലും അമ്മ ഓർക്കണം….. അമ്മക്ക് മറ്റുള്ള കൊച്ചുമക്കളെ പോലെ എന്റെ മകളെയും കാണാൻ കഴിയുന്നില്ലെങ്കിൽ എന്റെ ഭാര്യയുടെ മുൻപിൽ എനിക്ക് ഉണ്ടാകുന്ന അപമാനം അമ്മ മനസ്സിലാക്കണം…. “”

“” നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ കൂടെ വളർന്ന പിള്ളേരോട് സ്നേഹകൂടുതൽ ഉണ്ടാകും…. നീ ഒത്തിരി സഹിച്ചു ഇവിടെ അധിക ദിവസം നിൽക്കണമെന്നില്ല….. നീ ഇവിടെ കൂടുതൽ ദിവസം നിന്നാൽ എനിക്ക് എന്റെ മക്കളെ മാറി മാറി കൊണ്ട് വന്നു എൻറെ അടുത്തു നിർത്താൻ പറ്റില്ല…. നിന്റെ മനസ്സിൽ മുഴുവൻ ഇങ്ങനെയുള്ള കാര്യങ്ങൾ അല്ലെ.,, നീ അവരോടും വഴക്കുണ്ടാക്കും….. “”

“”അങ്ങനെ എങ്കിൽ അമ്മയുടെ അടുത്തേക്ക് ഇനി വരുന്നതിനെ കുറിച്ചു എനിക്കും ആലോചിക്കേണ്ടി വരും…. “”

“”നീ ഒത്തിരി ബുദ്ധിമുട്ട് സഹിച്ചു വരണമെന്നില്ല…. എനിക്ക് എന്റെ പെൺപിള്ളേരുണ്ട് എന്റെ കാര്യങ്ങൾ നോക്കാൻ…. എനിക്കും ഇനിയുള്ള കാലം അവരുടെ പിള്ളേരുടെ കാര്യങ്ങൾ നോക്കി സന്തോഷത്തോടെ ജീവിക്കാനാണ് താല്പര്യവും… “”

അമ്മയോട് കൂടുതലൊന്നും സംസാരിച്ചിട്ട് കാര്യമില്ലെന്നു ബോധ്യമായതുകൊണ്ട് ഞാൻ ആ സംസാരം അവിടം കൊണ്ട് നിർത്തി… അല്ലെങ്കിൽ തന്നെ രാത്രിയിൽ കിടക്കാൻ നേരമുള്ള ഭാര്യയുടെ പരാതി കേട്ട് മടുത്തിട്ടും അമ്മയുടെ വേർതിരിവ് കണ്ടു സങ്കടം വന്നിട്ടുമാണ് ഞാൻ അവസാനം അമ്മയുടെ മുൻപിൽ ചെന്നു കാര്യങ്ങൾ ചോദിച്ചത് ….. അമ്മയിൽ നിന്നും എല്ലാം എന്റെ തോന്നൽ മാത്രം ആണെന്നുള്ള മറുപടി പ്രതീക്ഷിച്ച എന്റെ തോന്നലുകൾ തകിടം മറിച്ചുകൊണ്ട് അമ്മ എന്റെ ചോദ്യങ്ങൾ ശരി വെക്കുകയും അതുപോലെ തന്നെ ഞാൻ വീട്ടിൽ നിൽക്കുന്നതിൽ ഉള്ള അനിഷ്ടവും തുറന്നു പറഞ്ഞു…..

അമ്മയോട് സംസാരിച്ചതിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. എന്നെ നൊന്തു പ്രസവിച്ച അമ്മ തന്നെ എന്റെ സാമിപ്യം വെറുക്കുന്നു എന്നുള്ളതും അതുപോലെ തന്നെ എന്റെ കുഞ്ഞിനെ മറ്റുള്ള സഹോദരങ്ങളുടെ മക്കളുടെ അത്രയും സ്നേഹിക്കാതെ ഇരിക്കുകയും ചെയ്ത കാര്യങ്ങൾ ഓർത്തപ്പോൾ എനിക്ക് എന്റെ ഹൃദയം പൊട്ടിപോകുന്ന അവസ്ഥ ആയിരുന്നു….. വീട്ടിൽ നിൽക്കാൻ ഉദ്ദേശിച്ച ബാക്കി ഉള്ള ദിവസങ്ങൾ ഒരു മിണ്ടാപ്രാണിയെ പോലെ ഉള്ളു തുറന്നൊന്നു മിണ്ടാനും ചിരിക്കാനും കഴിയാതെ ജീവിച്ചു….. കാര്യം പറഞ്ഞാൽ അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അച്ഛൻ ഈ കാര്യങ്ങൾ ഒന്നും അറിയുന്നില്ലായിരുന്നു….. അച്ഛനെ സംബന്ധിച്ചു എല്ലാ കൊച്ചു മക്കളും ഒരുപോലെ തന്നെ ആയിരുന്നു……അച്ഛനെ ഒന്നും അറിയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ മനസ്സിലൊരു ശപഥം എടുത്തു എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്തവരുടെ മുൻപിൽ ഇനിയും അവളെ ഒരു കോമാളി ആയി കൊണ്ടേ നിർത്തില്ലെന്നു…. അവളെ വേണ്ടാത്തവരെ അവൾക്കും വേണ്ട….

അമ്മയോട് വഴക്ക് ഉണ്ടാക്കി ഇല്ലെങ്കിലും ഞാനും ഇനി അമ്മയുടെ അടുത്തേക്ക് വരുന്നില്ലെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്…. ഞാൻ വീട്ടിൽ നിന്നും പോകുകയാണെന്ന് പറഞ്ഞു ഇറങ്ങുമ്പോളും എന്റെയുള്ളിൽ സങ്കടത്തിന്റെ തിരമാലകൾ അലതല്ലുകയാണെന്നു അറിഞ്ഞിട്ടും എന്റെ അമ്മയുടെ മുഖത്ത് യാധൊരുവിധ ഭാവമാറ്റവും ഉണ്ടായില്ല എന്നുമാത്രമല്ല ഇനി എങ്കിലും വല്ലപ്പോഴും ഒന്നോ രണ്ടോ ദിവസമല്ലാതെ ഇങ്ങനെ കുറെ ദിവസങ്ങൾ നിൽക്കാനായി വന്നു ദ്രോഹിക്കരുതെന്ന ഉപദേശവും അമ്മയുടെ മുഖത്തു നിന്നെനിക്കു വായിച്ചെടുക്കാമായിരുന്നു…… അമ്മക്ക് എന്നും അമ്മയുടെ പെണ്മക്കൾ കൂടെ ഉണ്ടാകും എന്നുള്ള അഹങ്കാരം ആണെന്ന് എനിക്ക് മനസ്സിലായി…. ഞാനും ഭാര്യയും കൂടെ ഒന്നുമറിയാതെ അമ്മയെ നോക്കി കളിച്ചും ചിരിച്ചുകൊണ്ടു ഞങ്ങളുടെ കുഞ്ഞും അവിടുന്ന് ഇറങ്ങി …… ഞങ്ങൾക്ക് സ്വന്തമായി വീടില്ലാത്ത ബുദ്ധിമുട്ടിൽ ഞങ്ങൾ വളരെയേറെ ബുദ്ധിമുട്ടി ജീവിക്കുക ആയിരുന്നു…… കാലം പോകുന്നത് നമ്മൾ അറിയുന്നില്ലെങ്കിലും നമ്മളെ കാലം തിരിച്ചറിയുക തന്നെ ചെയ്യും… കാലം നമ്മൾ പ്രതീക്ഷിക്കാത്തതു നമുക്കായി കരുതി വെക്കുമെന്നുള്ള ഉറപ്പു എന്റെ ഉള്ളിലും ഉണ്ടായി…..

ഒന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ ആണ് അമ്മക്ക് തീർത്തും വയ്യാതെ ആയി തുടങ്ങിയത്….. അമ്മ കിടപ്പിൽ ആയതോടു കൂടി അമ്മക്ക് പഴയതു പോലെ സഹോദരങ്ങളുടെ മക്കളുടെ കാര്യങ്ങൾ നോക്കാൻ സാധിക്കാതെയായി…. സഹോദരങ്ങൾ ആണെങ്കിൽ പൈസ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലും….. പോരാത്തതിന് അമ്മ പറഞ്ഞാൽ കേൾക്കുന്ന പ്രായമൊക്കെ സഹോദരങ്ങളുടെ മക്കൾക്ക്‌ കഴിയുകയും ചെയ്തു….. അച്ഛൻ അമ്മയുടെ കൂടെ ഉണ്ടെങ്കിലും അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു……

അച്ഛന്റെ വിഷമം കണ്ടിട്ട് ഞങ്ങൾ ഒന്ന് രണ്ടു ദിവസം വീട്ടിൽ വന്നു നിന്നു, അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം നോക്കി…..അമ്മയെ നോക്കി ചിരിച്ചുകൊണ്ടുള്ള എന്റെ കുഞ്ഞിന്റെ കളികൾ കണ്ടപ്പോൾ അമ്മക്ക് ഉള്ളിൽ ദുഃഖം ഉണ്ടെന്നു എനിക്ക് തോന്നി മറ്റുള്ള കൊച്ചുമക്കളെ സ്നേഹിച്ചത് പോലെ എന്റെ മോളെ അമ്മ സ്നേഹിച്ചില്ലല്ലോ എന്നുള്ള കാര്യമോർത്തു….. അമ്മ അമ്മയുടെ തെറ്റ് തിരുത്താനായി എന്നെയും ഭാര്യയേം മകളെയും സ്ഥിരമായി നിൽക്കാൻ വിളിച്ചെങ്കിലും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഴത്തിലുള്ള മുറിവുകൾ ഉണക്കാൻ ആ വിളികൾക്കു ശക്തി ഉണ്ടായിരുന്നില്ല ….

മറ്റുള്ള മക്കളും കൊച്ചുമക്കളും അമ്മയുടെ അടുത്തു നിന്ന് എന്നെപോലെ മാറി നിന്നില്ലെങ്കിലും അവരുടെ പരിമിതമായ സമയങ്ങൾ മതിയാകുക ഇല്ലായിരുന്നു അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കാൻ…. വയ്യാതെ അമ്മ തന്നെ അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ എല്ലാം വളരെ ബുദ്ധിമുട്ടി നോക്കി… എന്നോട് ഇനിയും ചോദിക്കാനുള്ള മടി കൊണ്ടും പിന്നെ അമ്മ സ്നേഹിച്ച മക്കൾ അമ്മ പ്രതീക്ഷിച്ച അത്രെയും തിരിഞ്ഞു നോക്കാതെ ഇരുന്നതിൽ ഉള്ള ദുഃഖം കൊണ്ടും അവർ ജീവിച്ചു…. ഒരുപക്ഷെ അമ്മയും ഇങ്ങനെ ജീവിച്ചു മടുത്തു കഴിഞ്ഞിരുന്നിരിക്കും അതുകൊണ്ട് ആകും ആ കഷ്ടപ്പാട് ദൈവം കണ്ടതും…. അമ്മയുടെയുള്ളിൽ അവസാന കാലത്ത് എന്റെ മോളെ കാണാൻ ഉള്ള ആഗ്രഹം അതിയായി ഉണ്ടായിരുന്നു…..

എന്നെയും എന്റെ മോളെയും ഒരുനോക്കു കാണാൻ കൊതിച്ചു അമ്മ ഈ ലോകത്തു നിന്നു യാത്ര ആയിട്ടും എനിക്ക് യാതൊരു വിധത്തിലുള്ള ദുഖവും മനസ്സിൽ ഉണ്ടായില്ല …. അമ്മയുടെ ശരീരം എന്റെ വീട്ടിൽ ഇല്ലാതെ ആയി കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോടു പറഞ്ഞു

“” ഇവിടെ സ്ഥിരമായി നിന്നു ദ്രോഹിക്കരുതെന്നു അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ അമ്മ ഇല്ല അതുകൊണ്ട് അച്ഛന് വേറെ ബുദ്ധിമുട്ട് ഒന്നുമില്ലെങ്കിൽ ഞങ്ങൾ ഇവിടെ വന്നു താമസിക്കാം…. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വരുന്നില്ല ആർക്കും ഒരു മനപ്രയാസം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല…. അച്ഛന്റെ തീരുമാനം എന്താണെങ്കിലും എന്നെ അറിയിച്ചാൽ മതി മക്കളിലും മരുമക്കളിലും കൊച്ചുമക്കളിലും അച്ഛന് വേർതിരിവ് ഇല്ലാത്ത അത്രയും കാലം ഞാൻ അച്ഛന്റെ കൂടെ ഉണ്ടാകും….””

അത്രയും പറഞ്ഞു ഞാൻ ഭാര്യയെയും മകളെയും കൂട്ടി പടി ഇറങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു അമ്മ കാണിച്ച വേർതിരിവിന്റെ പാത ഞാനൊരിക്കലും എന്റെ മക്കളിൽ കാണിക്കില്ലെന്ന് …. തെറ്റ് ആര് കാണിച്ചാലും അത് തെറ്റ് തന്നെയാണ്, അത് അമ്മ ആണേലും മകൻ ആണേലും അച്ഛനാണെലും,,ഇങ്ങനെയുള്ള ചിന്തകൾ എന്റെയുള്ളിൽ നീളുമ്പോളും എന്റെയുള്ളിൽ അമ്മ ഉരുട്ടി തന്നിരുന്ന സ്നേഹം പൊതിഞ്ഞ ഉരുളകളുടെ രുചി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..

ശുഭം

എല്ലാ അമ്മമാരും ഇങ്ങനെയല്ല പക്ഷെ ഇങ്ങനെ ഉള്ള അമ്മമാരും ഈ ലോകത്തിൽ ഉണ്ട് എന്നുള്ള കാര്യം മറന്നു പോകാൻ പാടില്ല…. കഥ ശരിയോ തെറ്റോ അറിയില്ല കാരണം മകൻ പൂർണമായും ശരി അല്ല എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു…. ഇങ്ങനെ ഉള്ള കഥകൾ വായിക്കുന്നവർ ആത്മാർഥമായി കമെന്റുകൾ നൽകണം നിങ്ങളുടെ നിലപാടുകൾ…. ഒരുപക്ഷെ ഇത് കാണുന്ന ഒരാളിൽ എങ്കിലും മനംമാറ്റം ഉണ്ടാകും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *