പൊൻകതിർ ~~ ഭാഗം 01 ~ എഴുത്ത്:- മിത്രവിന്ദ

ഫോണിൽ അലാറം അടിക്കുന്ന ശബ്ദം കേട്ടു കൊണ്ട് ആണ് ശിവൻ ഉണർന്നത്..

നേരം അഞ്ചുമണി ആയിരിക്കുന്നു.

കണ്ണ് തുറക്കാതെ തന്നെ അതു എടുത്തു ഓഫ്‌ ചെയ്തു വെച്ചു കൊണ്ട് അവൻ എഴുനേറ്റു കട്ടിലിൽ ഒന്ന് അമർന്നു ഇരുന്നു.

ഇരു കൈകളും വലിച്ചു കുടഞ്ഞു കൊണ്ട് ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ എഴുനേറ്റു.

മുറിയുടെ ജനാല തുറന്നപ്പോൾ ചെറിയ കുളിരും, നനുത്ത കാറ്റും

കിഴക്ക് വെട്ടം വെച്ചു വരുന്നതേ ഒള്ളു…

ധനു മാസം ഒന്നാം തീയതി ആണ്. അമ്പലത്തിൽ ഒന്ന് പോയിട്ട് വന്നു വേണം ബാക്കി പരിപാടികൾ ഒക്കെ നടത്താൻ..

അവൻ പതിയെ എഴുന്നേറ്റു കിണറ്റിന്റെ കരയിലേക്ക് പോയി.

പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു, ഒരു കാവി മുണ്ട് എടുത്തു ഉടുത്തു.. മുടി ഒന്നൂടെ തോർത്തിയ ശേഷം തോർത്ത്‌ പിഴിഞ്ഞ് അഴയിൽ വിരിച്ചിട്ടു.

വാതിൽ തുറന്നു അകത്തേക്ക് കയറി വന്നപ്പോൾ കേട്ടത് അമ്മയുടെ നിർത്താതെ ഉള്ള ചുമ ആയിരുന്നു..

“അമ്മേ…..” വിളിച്ചു കൊണ്ട് അവൻ അവരുടെ മുറിയിലേക്ക് കയറി ചെന്നു.

“ആഹ്…. നീ എഴുന്നേറ്റോ മോനെ…”.ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവർ പിന്നെയും എന്തൊക്കെയോ ചോദിക്കുവാൻ തുടങ്ങിയതും അവൻ കയ്യെടുത്ത് വിലക്കി..

“വേണ്ട…ഇപ്പോൾ കൂടുതൽ ഒന്നും ചോദിക്കേണ്ട… ഞാൻ ഇത്തിരി കട്ടൻ എടുത്തുകൊണ്ടു വരാം”

അതും പറഞ്ഞ് അവൻ അടുക്കളയിലേക്ക് പോയി.. ഒരു ചെറിയ അല്പം വെള്ളം എടുത്ത് ഗ്യാസ് ഓൺ ആക്കി, സ്റ്റോവ് കiത്തിച്ചു…പഞ്ചാരയും പൊടിയും അല്പം ചേർത്തു കൊണ്ട് അവൻ വേഗം കാപ്പി ഉണ്ടാക്കി. അപ്പോളേക്കും അമ്മയുടെ ചുമയ്ക്ക് അല്പം ആശ്വാസം വന്നിരുന്നു. “മരുന്ന് കഴിച്ചിട്ടല്ലേ കിടന്നേ….പിന്നെന്താ കുറയാത്തെ “.അവരുടെ കയ്യിലേക്ക് കാപ്പി കൊടുക്കുമ്പോൾ അവൻ ചോദിച്ചു….”ആഹ്,, കുറഞ്ഞോളും മോനെ.. ഈ തണുപ്പിന്റെ അല്ലേ.. അതാവും “

മകൻ കൊടുത്ത കാപ്പി എടുത്തു അല്പല്പം ആയി അവർ മൊത്തി കുടിച്ചു.

“അമ്മേ…. ഞാനൊന്നു അമ്പലത്തിൽ പോയിട്ട് പെട്ടന്ന് വരാം കേട്ടോ… ഒന്നാം തീയതി അല്ലേ…”

“മ്മ്.. പോയിട്ട് വാ മോനെ…’

♡♡♡♡♡♡♡♡♡♡♡♡♡

ഇരു വശങ്ങളിലും പച്ചപ്പരവതാനീ വിരിച്ച പോലെ കിടക്കുക ആണ് പുഞ്ചപ്പാടം..

ചെമ്മൺ പാതയിലൂടെ ശിവൻ തന്റെ ബൈക്ക് ഓടിച്ചു പോയി.

വടക്കുന്നാഥനു സുപ്രഭാതം പാടും.വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍.നെയ്യിലൊളിക്കും പരംപൊരുളേ
നേരിനു നേരാം പരംപൊരുളേ പരവശരാം ഈ ഏഴകള്‍ക്കു തരുമോ ശിവരാത്രി കല്‍ക്കണ്ടം…

ഉയർന്നു വരുന്ന ഭക്തി ഗാനം കേട്ടു കൊണ്ട് ആൽമരത്തണലിലായി കൊണ്ട് വന്നു തന്റെ ബൈക്ക് പാർക്ക്‌ ചെയ്തു.

ഇട ദിവസം ആയതിനാൽ അമ്പലത്തിൽ വല്യ തിരക്ക് ഒന്നും ഇല്ലായിരുന്നു…

എണ്ണ മേടിച്ചു കൊണ്ട് പോയി കൊടിമരചോട്ടിലെ നിലവിളക്കിൽ ഒഴിച്ച ശേഷം അവൻ ശ്രീക്കോവിലിലേക്ക് കയറി.

പെട്ടന്ന് തന്നെ തൊഴുതു ഇറങ്ങി.

ഉമാ മഹേശ്വര പ്രതിഷ്ഠ ആണ്..

കണ്ണടച്ച് അല്പം സമയം പ്രാർത്ഥിച്ച ശേഷം അവൻചുറ്റി പ്രദക്ഷിണം വെച്ചു.

ശേഷം തീർത്ഥവും പ്രസാധവും മേടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..

ചെറിയ ഒരു മഴ ചാറ്റൽ പോലെ ഉണ്ട്..

ഫോൺ ഇരമ്പിയതും എടുത്തു നോക്കി..

മത്തായി ചേട്ടൻ ആണ്..

ഹെലോ മത്തായി ചേട്ടാ..

ആഹ് ശിവാ… നീ എവിടാ..

ഞാൻ അമ്പലത്തിൽ വന്നത് ആയിരുന്നു.എന്താരുന്ന് ചേട്ടാ..

എനിക്ക് പത്തു കിലോ പടവലവും, അഞ്ചു കിലോ പാവയ്ക്കയും വേണമല്ലോ ശിവാ….

അതെയോ…. അരമണിക്കൂറിനുള്ളിൽ ഞാൻ എത്തിക്കാം ചേട്ടാ..

അവൻ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇട്ട ശേഷം.വേഗത്തിൽ അവൻ ബൈക്ക് എടുക്കാനായി പോയി…

♡♡♡♡♡♡♡♡♡♡♡♡

കളരിയ്ക്കലെ വാസുദേവനും ഭാര്യ രാധമ്മയ്ക്കും മൂന്നു മക്കൾ

ഏറ്റവും മൂത്തത് ആൺകുട്ടി, അവനു താഴ് രണ്ട് പെൺകുട്ടികളും.

ശിവപ്രസാദ് ആണ് മൂത്തവൻ.. അച്ഛൻ ഒരു കർഷകൻ ആയിരുന്നത് കൊണ്ട് ഡിഗ്രി പൂർത്തി ആക്കിയ ശേഷം അവൻ കൃഷി പണിയിലേക്ക് ഇറങ്ങി.

അവന്റെ നേരെ ഇളയത് ശ്രീദേവി,കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷം ആയി..അവൾ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. ഭർത്താവ് ആണെങ്കിൽ താലൂക്ക് ഓഫീസിലാണ്. ഒരു മകനുണ്ട്, രണ്ടു വയസ്സുകാരൻ ഋഷികേഷ്

ഏറ്റവും ഇളയവൾ ശ്രീലക്ഷ്മി,, നേഴ്സ് ആണ്. ഭർത്താവ് പോലീസിലും. രണ്ടുവർഷം ആയതേയുള്ളൂ അവളുടെ വിവാഹം കഴിഞ്ഞിട്ട്.

അച്ഛൻ മരിച്ചതുകൊണ്ട് സഹോദരിമാരുടെ വിവാഹമൊക്കെ മുൻകൈയെടുത്ത് നടത്തി കൊടുത്തത് ശിവൻ ആയിരുന്നു.

ശിവൻ ഇപ്പോൾ വയസ്സ് 31 ആയി..

ഒരുപാട് ആലോചനകൾ ഒക്കെ വരുന്നുണ്ടെങ്കിലും, ചെറുക്കൻ കർഷകനാണ് എന്നറിയുമ്പോൾ എല്ലാം മുടങ്ങി പോവുകയാണ് ചെയ്യുന്നത് .കാരണം ഇപ്പോളത്തെ പെൺകുട്ടികൾക്കു ഒക്കെ ജോലിയും വിദ്യാഭ്യാസവും ഉണ്ട്, തന്നെയുമല്ല അവർക്ക് വേണ്ടത് ഒരു സർക്കാർ ജോലി, അല്ലെങ്കിൽ ബാങ്ക് ജോലി, ഏതെങ്കിലും വൈറ്റ് കോളർ ജോബ് ഒക്കെ ഉള്ള നല്ല ചെറുപ്പക്കാരെ ആണു താനും.

അതുകൊണ്ട് അവനും ഇപ്പോൾ അതിൽ വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല എന്ന് വേണം പറയാൻ..

വലിയ വീടും ചുറ്റുപാടും ഒക്കെ ഉണ്ടായിട്ട് എന്താ കാര്യം, എന്റെ കുഞ്ഞിന് ഒരു പെണ്ണിനെ കിട്ടുന്നില്ലലോ ഭഗവാനെ എന്ന് പറഞ്ഞു കൊണ്ട് ഏത് സമയവും വിലപിക്കാൻ മാത്രം രാധമ്മക്ക് കഴിയുന്നൊള്ളു..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *