പൊൻകതിർ ~~ ഭാഗം 03 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

“ഇപ്പൊ വിളിച്ചത് ആരാണെന്നു അറിയാമോ “

“ആഹ്..അതെങ്ങനെ ഞാൻ അറിയുന്നത് .”

. “നമ്മുടെ തെക്കേലെ വത്സലയാട കൊച്ചേ ..”

” പരദൂഷണകമ്മിറ്റിയുടെ അഖിലകേരള പ്രസിഡന്റിന്റെ കാര്യമാണോ അമ്മ പറയുന്നത്..”

“ദേ… ശിവ.. ഒരൊറ്റ വീക്ക് വെച്ച് തരും കേട്ടോ ഞാന്… ഒരു നല്ല കാര്യം പറയാനായി വിളിച്ചതായിരുന്നു അവര്, അപ്പോഴേക്കും അവന്റെ ഒരു ഓഞ്ഞ വർത്താനം കേട്ടില്ലേ.. അഹങ്കാരം ഒട്ടും കുറവില്ല അല്ലെ നിനക്ക്.. “

“ഓഹ്… അവർക്കപ്പോൾ നല്ല കാര്യങ്ങളൊക്കെ പറയാൻ അറിയാമോ… അതിരിക്കട്ടെ കാര്യം എന്താണ് ?

“ആ നീ ചെന്ന് തിരക്ക്….എനിക്ക് ഇപ്പൊ പറയാൻ സൗകര്യം ഇല്ലാ…”

അതും പറഞ്ഞുകൊണ്ട് മുഖം വീർപ്പിച്ച് രാധമ്മ, അടുക്കളപ്പുറത്തേക്ക് ഇറങ്ങി.

“ഹാ… അമ്മ പോവണോ… കാര്യം പറഞ്ഞിട്ട് ഇറങ്ങി പൊയ്ക്കൂടേ “

“തൽക്കാലം നിന്നോട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല,നീ എന്നോട് മിണ്ടാനും വരണ്ട..”

തന്നെ നോക്കി മുഖം വീർപ്പിച്ച് , ഇറങ്ങിപ്പോകുന്ന അമ്മയെ കണ്ടതും ശിവന് ചിരി പൊട്ടി. അപ്പോഴേക്കും അമ്മയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു..

” അമ്മേ… ദേ,വത്സല ചേച്ചി വീണ്ടും വിളിക്കുന്നുണ്ട് കേട്ടോ”

അവൻ പറയുന്നത് കേട്ടുകൊണ്ട് രാധമ്മ പോയ പോലെ തന്നെ തിരികെ വേഗത്തിൽ കയറി വന്നു..

“ഹെലോ… ആഹ് വത്സലെ… അതെയോ… എന്റെ മഹാദേവാ.. നി പ്രാർത്ഥന കേട്ടല്ലോ… ഹ്മ്മ്.. ശരി ശരി… ഞാനേ ഈ കാര്യം മോനോട് കൂടി ഒന്നു പറഞ്ഞിട്ട് വിളിക്കാം… ആം…ആയിക്കോട്ടെ

“അവർ ഫോൺ കട്ട്‌ ചെയ്ത ശേഷം, വീണ്ടും ശിവനെ നോക്കി മുൻപത്തേക്കാൾ നന്നായി വെളുക്കണെ ഒരു ചിരി ചിരിച്ചു… ഈ കുറി അവൻ അമ്മയെ മൈൻഡ് ചെയ്യാതിരിക്കുകയാണ്…

“മോനെ ശിവാ….”

അവന്റെ അടുത്തേക്ക് വന്ന ഒരു കസേര നീക്കി ഇട്ടുകൊണ്ട് അവർ മകനെ സ്നേഹത്തോടെ വിളിച്ചു.

“പെങ്കൊച്ചിന്റെ പേര് ലക്ഷ്മിപ്രിയ, എം കോം കഴിഞ്ഞത് ആണന്നു , ഏതോ ഒരു പ്രൈവറ്റ് ബാങ്കിൽ ആണ് ജോലി,23വയസ്.. വീട്ടുകാരൊക്കെ നല്ല തങ്കം പോലത്തെ ആളുകൾ ആണേ..പെണ്ണിന് ഒരു ചേച്ചി ഉണ്ട്, അതിനെ കെട്ടിച്ചു വിട്ട്. പിന്നെ ആങ്ങള ചെറുക്കൻ ആണെങ്കിൽ ഗൾഫിലും.. കേട്ടിടത്തോളം കൊള്ളാം മോനെ, നിന്നോട് ആ പെൺകുട്ടിയെ വന്ന് കാണാനാണ് അവരുടെ വീട്ടുകാര് പറഞ്ഞത്, നല്ല കൊച്ചാന്നാ പറഞ്ഞ, ഇന്നത്തെ പരിപാടിയൊക്കെ നീ മാറ്റി വച്ചിട്ട്, വേഗം റെഡി ആയിക്കോ…”

“ങ്ങെ എന്തിനു ….”അവൻ അമ്മയെ നോക്കി.

“ആഹ്, വെച്ച് താമസിപ്പിക്കേണ്ടടാ, ഇന്ന് ആണെങ്കിൽ ഒന്നാം തീയതി, നല്ലോരു ദിവസം ആണ് താനും, നി ഐശ്വര്യം ആയിട്ട് പോയിട്ട് വാടാ,”

“എന്റെ അമ്മേ,എനിക്ക് ഇന്ന് നൂറു കൂട്ടo പണി ഉണ്ട്,അതിന്റെ ഇടയ്ക്ക് ഇങ്ങനെ ഓരോ കേസ്കെട്ടും ആയിട്ട് വരല്ലേ പ്ലീസ്”

“ദേ ശിവാ, ഞാൻ ഒരു കാര്യം പറഞ്ഞേക്കാം, ഇന്ന് തന്നെ നി പോയി ആ കൊച്ചിനെ കാണുകയും ചെയ്യും, കാര്യങ്ങൾ ഒക്കെ തീരുമാനിക്കുകയും ചെയ്യും, ഈ കല്യാണം നടക്കുകയും ചെയ്യും….”

“ഓഹ്… രാധമ്മ ലേലം ഉറപ്പിച്ച മട്ടാണ് അല്ലേ “

“പോടാ മിണ്ടാതെ…. അവന്റ ഒരു ലേലം….. ടാ നിന്റെ കല്യാണം ഒക്കെ ഒന്നു കൂടിയിട്ട്, മരിക്കണേ എന്നൊരു പ്രാർത്ഥന മാത്രമൊള്ളു എനിക്ക്,, ഒപ്പത്തിലുള്ളവന്മാരെല്ലാം കെട്ടി പിള്ളേരും ആയി, അതൊക്ക കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവാടാ മക്കളെ….”

അതും പറഞ്ഞു കൊണ്ട് അവർ വിതുമ്പി..

“ആഹ് തുടങ്ങിക്കോയിനി,ഒന്നാം തീയതി ആയിക്കൊണ്ട് കിടന്നു കരഞ്ഞു നിലവിളിച്ചു, ഈ മാസം കുളമാക്കുമ്പോൾ അമ്മയ്ക്ക് ഇത്തിരി മനഃസമാദാനം വന്നോളും ല്ലോ അല്ലേ….

ഈർഷ്യയോട് കൂടി തന്നെ നോക്കി പറയുന്ന മകനെ കണ്ടതും അവർ ഒഴുകി വന്ന കണ്ണീരു കൈ കൊണ്ട് തുടച്ചു മാറ്റി.

“എല്ലാം കൂടി ഓർത്തപ്പോൾ സങ്കടം വന്നു പോയെടാ മോനെ”

“ദേ, മമ്മദിക്കയോട് വാങ്ങിയ മീനാ, വെട്ടി കറി വെയ്ക്കാൻ നോക്ക്.. ഞാനിപ്പോ വരാം. കുറച്ചു പണി കൂടി തീർക്കാൻ ഉണ്ട്…”

“എടാ, അതെന്ന പറച്ചിലാ പറയുന്നേ, ആ പെങ്കൊച്ചിനെ ഒന്നു പോയി കാണണ്ടേ,, ഞാൻ അവരോട് പറഞ്ഞു, ഇന്ന് ഉച്ചയ്ക്ക് മുന്നേ നിന്നെ അവിടേക്ക് പറഞ്ഞു വിടാമെന്ന് “

” ഒന്നാം തീയതി ആയിക്കൊണ്ടിന്നു,പെണ്ണുകാണാൻ ഇറങ്ങിയാലേ ഈ മാസം മൊത്തം ഇങ്ങനെ നടന്ന് എന്റെ കാല്,തേഞ്ഞു തീരും അമ്മേ “

“ദേ, ശിവാ, എന്റെ കയ്യീന്ന് മേടിച്ചു കെട്ടാതെ, നീ പോകാൻ നോക്കിക്കേ വേഗം…അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയാൽ ഈ മീനത്തിൽ കല്യാണം നടത്താമായിരുന്നു “

“ഓഹ് അമ്മ പറഞ്ഞു പറഞ്ഞു ഇത് എങ്ങോട്ടാ കേറുന്നേ..പെണ്ണിനെ കണ്ടു പോലും ഇല്ല… എന്നിട്ടും കാര്യങ്ങളു ഇത്രത്തോളം ആക്കിയില്ലേ ” “ഇത് നടക്കുടാ മോനെ, എന്റെ മനസ് അങ്ങനെ പറയുന്നു. അതല്ലേ ഞാൻ നിന്നേ നിർബന്ധിക്കുന്നത് “

“ഹ്മ്മ്… എവിടെ പെണ്ണുകാണാൻ പോയാലും അമ്മ പറയുന്നത് ഈ സ്ഥിരം ഡയലോഗ് തന്നെയല്ലേ, ഒന്ന് മാറ്റി പിടിയ്ക്കെന്റെയമ്മേ… പ്ലീസ്…”
തന്റെ മുന്നിൽ ഇരുകൈകളും കൂപ്പി നിൽക്കുന്ന മകനെ കണ്ടതും രാധയ്ക്ക് ദേഷ്യം വന്നിട്ട് വയ്യാ…ശിവനു അത് മനസിലാകുകയും ചെയ്തു.

“അമ്മേ… നമ്മള് രണ്ട് പേരും പോരേ, ഇനി ഇതിന്റെ ഇടയിലേക്ക് മറ്റൊരാൾ കൂടി വന്നിട്ട്,, എനിക്ക് സത്യം പറഞ്ഞാൽ താല്പര്യം ഇല്ലമ്മേ….” തന്റെ മനസ്സിലിരിപ്പ് അവൻ അമ്മയോട് വ്യക്തമാക്കി കൊടുത്തു.

“എന്റെ മോനെ, നീ ഇങ്ങനെ ഒന്നും പറയല്ലേടാ, നിനക്ക് ഒരു കുടുംബം ഒക്കെ വേണ്ടേ, എന്നും ഇങ്ങനെ അമ്മ കാണുമോ നിന്റെ ഒപ്പം, എനിക്ക് ആണെങ്കിൽ ഇപ്പൊ തന്നെ വയ്യന്നു ആയി, ഇനി ഓരോ ദിവസം ചെല്ലും തോറും ആരോഗ്യം ഒക്കെ ക്ഷയിച്ചു വരുവല്ലേടാ…. നിനക്ക് തുണ ആയിട്ട് ഒരു കൊച്ച് വന്നെങ്കിൽ പകുതി സമാധാനം ആകും…”

” അമ്മയ്ക്ക് സമാധാനം കിട്ടാൻ വേണ്ടി ഞാൻ കല്യാണം കഴിച്ചിട്ട് ഒടുക്കം എന്റെ മനസ്സമാധാനം പോകാതിരുന്നാൽ മതിയായിരുന്നു”?തന്റെ കാവ്യമുണ്ട് ഒന്നൂടെ മുറുക്കി കൊടുത്തുകൊണ്ട് ശിവൻ മുറിയിലേക്ക് പോയി.

” ആ സനുവിനെ ഒന്ന് വിളിക്ക് കേട്ടോടാ, നീ ഒറ്റയ്ക്ക് പോകണ്ട, അവനെ കൂടി കൂട്ടിക്കൊണ്ടു പൊയ്ക്കോ കേട്ടോ “അമ്മ വിളിച്ചു പറഞ്ഞു

“ആഹ് നോക്കട്ടെയമ്മേ, അവനു ഓട്ടം വല്ലതും ഉണ്ടോന്നു. ഇല്ലെങ്കിൽ കൂട്ടി കൊണ്ടുപോകാം”അവൻ മറുപടിയും പറഞ്ഞു.

ശിവനും അവന്റെ കൂട്ടുകാരൻ സനൂപും കൂടി 11മണി ആയപ്പോൾ പെണ്ണിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. 1മണിക്കൂർ മിച്ചം എടുക്കും പെണ്ണിന്റെ വീട്ടിൽ എത്താൻ. ഇരുവരും കൂടി ബൈക്കിൽ ആയിരുന്നു പോയത്. സനൂപിന്റെ വിവാഹം ഒക്കെ കഴിഞ്ഞിട്ട് രണ്ട് മൂന്നു വർഷം ആയത് ആണ്. ഒരു കുട്ടിയും ഉണ്ട്..
ശിവൻ എവിടെ എങ്കിലും പെണ്ണ് കാണാൻ പോയാല് കൂടെ വരുന്നത് സനൂപും, പിന്നെ ധനേഷും ആണ്. അവരൊക്കെയാണ് ശിവന്റെ കൂട്ടുകാര്.. പിന്നെയും രണ്ട് മൂന്നു സുഹൃത്തുക്കൾ കൂടെ ഉണ്ട്, അവരൊക്കെ ഓരോരൊ ജോലിയും ആയിട്ട് പുറം നാട്ടിലേക്ക് പോയി.സനൂപ് ഓട്ടോ ഓടിക്കുന്നു, പിന്നെ പെയിന്റിംഗ് പണിക്കും പോകും.അവന്റെ ഭാര്യ സൗമ്യ, അടുത്തൊരു കമ്പനിയിൽ, ജോലിക്ക് പോകുകയാണ്..ആ നാട്ടില് അരിപ്പൊടിയിം, പുട്ട് പൊടിയും, പിന്നെ മസാല ഐറ്റംസ്, മുളക് പൊടി, ഒക്കെ ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ട്, ഒട്ടുമിക്ക വീടുകളിലെയും സ്ത്രീകൾ ജോലിക്ക് അവിടെ പോകുന്നുണ്ട്.അതുകൊണ്ട് അവർക്ക് ഒക്കെ ഒരു വരുമാനം ആണ്….ആണുങ്ങളിൽ ഏറെയും , കച്ചവടവും, ഡ്രൈവിങ്ങും,പിന്നെ വർക്ക്‌ ഷോപ്പ്, പെയിന്റിംഗ്, വീട് പണി, വയറിംഗ്…. അങ്ങനെ ഓരോരോ ജോലികൾ ചെയ്തു വരുന്നു.. വീടുകൾ തമ്മിൽ ഒരു വേലിയ്ക്ക് അപ്പുറത്തെ അകൽച്ചയേ ഒള്ളു.. എല്ലാം പത്തും പതിനഞ്ചു സെന്റ് സ്ഥലം മാത്രം ഉള്ളവരാണ്.പക്ഷെ ആ നാടിനു ഒരു പ്രേത്യേകതയുണ്ട്.. ഒത്തൊരുമ.

ജാതിമത വ്യത്യാസം ഇല്ലാത്തവർ ആണ് അവിടുത്തെ ഗ്രാമവാസികൾ. ഓണവും ക്രിസ്മസും, റംസനും, വിഷുവും, കത്തിഡ്രൽ പള്ളിയിലേ പെരുന്നാളും, മേലേ കാവിലെ ഉത്സവും ഒക്കെ വരുമ്പോൾ ആണ് ഓരോ കുടുംബത്തിന്റെ യും കൂട്ടായ്മ മനസിലാകുന്നത്. അങ്ങനെ ആ നാട്ടിൻപുറത്തെ ആളുകൾ വളരെ സമൃദ്ധമായി കഴിഞ്ഞു പോകുകയാണ്.

ശിവനും,സനൂപും കൂടെ പെണ്ണിന്റെ വീട്ടിൽ എത്തിയപ്പോൾ 12 മണി ആവാറായി..
വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ മക്കളെ, എന്ന് ചോദിച്ചു കൊണ്ട് അല്പം കഷണ്ടി കയറിയ നെറ്റിമേൽ വീണു കിടക്കുന്ന ഒന്നു രണ്ട് മുടിയിഴകൾ കൈ കൊണ്ട് മാടി ഒതുക്കി, ഒരാൾ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു.

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *