മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സനൂപ് പോയതും സ്റ്റെല്ല അവൻ ഏൽപ്പിച്ച കവറുകളും ആയിട്ട് അകത്തേക്ക് കയറി വന്നു.
നേരെ അടുക്കളയിലേക്ക് പോയ്.
മീൻ എടുത്തു ചട്ടിയിൽ ഇട്ടപ്പോൾ, ഒരു കിലോ കിളി മീനും പിന്നെ അയലയും ആയിരുന്നു അത്.
ശിവന്റെ സഹോദരി വരുന്നുണ്ട് എന്ന് അറിഞ്ഞത് കൊണ്ട് അയില വെiട്ടി വൃത്തിയാക്കി കുടം പുളി ഇട്ടു പറ്റിചേയ്ക്കാം എന്നോർത്ത്. കിളി മീൻ എടുത്തു പൊരിയ്ക്കാനും തീരുമാനിച്ചു.
അമ്മയുടെ മുറിയുലേക്ക് ചെന്നിട്ട് മീൻ വെട്ടുവാൻ പോകുന്ന കാര്യം പറഞ്ഞു.
എന്നിട്ട് പെട്ടന്ന് അവൾ അതെല്ലാം എടുത്തു കൊണ്ട് ഇറങ്ങി അലക്കു കല്ലിന്റെ ഭാഗത്തായി മീൻ വെട്ടി കഴുകി എടുക്കുവാൻ ഉള്ള സ്ഥലത്തു കൊണ്ടുപോയി വെച്ചു.
സ്പീഡിൽ ആയിരുന്നു മീൻ വെiട്ടി തേച്ചു കഴുകി എടുത്തത്.
എന്നിട്ട് എല്ലാ കഴുകി വാരി വെച്ച ശേഷം, അടുക്കളയിൽ ചെന്നു അത് കറി ആക്കുവാൻ ഉള്ള കാര്യങ്ങൾ നോക്കി.
കിളി മീൻ ആണെങ്കിൽ പൊരിയ്ക്കുവാൻ വേണ്ടി മസാല തിരുമ്മി വെച്ചപ്പോൾ ഉണ്ട്,മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നു.
ജനാലയിൽ കൂടി നോക്കിയപ്പോൾ ഒരു പെണ്ണ് ഇറങ്ങി ഓട്ടോകൂലി കൊടുക്കുന്നുണ്ട്.
ശിവൻ ചേട്ടൻ പറഞ്ഞ ചേച്ചി ആണെന്ന് അവൾക്ക് മനസിലായി.
ഓട്ടോ ഗേറ്റ് കടന്നുപോകും മുന്നേ, അവൾ ഓടിച്ചെന്ന് മുൻ വാതിൽ തുറന്നു.
രണ്ടുമൂന്നു കവറുകളിലായി, എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ട് കയറിവരുന്ന ശാലിനി മുന്നിൽ വന്നു നിൽക്കുന്ന ആ കൊച്ച് പെൺകുട്ടിയെ നോക്കി.
“ആരാ….”
ശാലിനി അവളെ നോക്കി ചോദിച്ചു.
” എന്റെ പേര് സ്റ്റൈല്ലാ, ഇവിടുത്തെ അമ്മയെ നോക്കാൻ വേണ്ടി വന്നതാ ചേച്ചി “
അവൾ പറഞ്ഞതും ശാലിനി ഞെട്ടി. ഇത്രയും കൊച്ചു പെൺകുട്ടി എങ്ങനെയാണ് അമ്മയെ നോക്കുന്നത്,ഇവൾക്ക് അതിന് തെല്ലു ആരോഗ്യം പോലുമില്ലല്ലോ.
ഓർത്തുകൊണ്ട് അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം ശാലിനി അകത്തേക്ക് കയറി.
” ശിവേട്ടൻ എത്തിയില്ലായിരിക്കും അല്ലേ”
“ഇല്ല ചേച്ചി, 12:30 ആകുമ്പോഴേക്കും വരാം എന്നാണ് പറഞ്ഞത്”
” മ്മ്, ഞാൻ അമ്മയെ ഒന്ന് കാണട്ടെ, എന്നിട്ട് നമ്മൾക്ക് സംസാരിക്കാ കേട്ടോ”
അവൾ പറഞ്ഞതും സ്റ്റെല്ല തലകുലുക്കി.
ശാലിനി അകത്തേക്ക് കയറി പോയപ്പോൾ, സ്റ്റെല്ല തിടുക്കപ്പെട്ടു അടുക്കളയിലേക്കും നടന്നു.
രണ്ട് ഓറഞ്ച് എടുത്ത് ജ്യൂസ് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അടിച്ചു. എന്നിട്ട് രണ്ട് വലിയ ഗ്ലാസുകളിലേക്ക് പകർന്നു, കുറച്ച് ഐസ്ക്യൂബ്സും മുകളിലിട്ടു കൊടുത്തു. എല്ലാം ചെയ്തു വച്ചപ്പോഴേക്കും ശിവന്റെ ബൈക്കും വന്നു നിന്നു.
മുൻവശത്തെ വാതിൽ തുറന്നു കിടന്നതുകൊണ്ട്, സ്റ്റെല്ല അടുക്കളയിൽ തന്നെ നിന്നു..
ശിവൻ അകത്തേക്ക് കയറി വരുന്നതും, ശാലിനിയുമായി ഉറക്കെ എന്തോ സംസാരിക്കുന്നതും, അവര് തമ്മിൽ പൊട്ടിച്ചിരിക്കുന്നതും ഒക്കെ കേട്ടുകൊണ്ട്, അവൾ അവിടെ നിൽക്കുകയാണ് ചെയ്തേ.
” സ്റ്റെല്ലാ കുടിക്കാൻ എന്തെങ്കിലും എടുക്കാമോ “
വാതിൽക്കൽ വന്നു നിന്നുകൊണ്ട് ശിവൻ ചോദിച്ചപ്പോഴേക്കും, എടുത്തു വച്ചിരുന്ന ഓറഞ്ച് ജ്യൂസിന്റെ രണ്ട് ഗ്ലാസുകൾ അവൾ കൊണ്ട് ചെന്നു അവനു നേർക്ക് നീട്ടി.
” എന്റെ ഏറ്റവും ഇളയ അനുജത്തിയാണ്, പേര് ശാലിനി, ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ട് വർക്ക് ചെയ്യുകയാണ് “
ശിവൻ പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടുകൂടി തലയാട്ടി..
“ഊണൊക്കെ ആയോടോ.. സനൂപ് വന്നില്ലായിരുന്നോ “
” എല്ലാം ആയതാണ് ചേട്ടാ, ഇനി കുറച്ച് മീനും കൂടി പൊരിച്ചാൽ മതി , സനൂപ് ചേട്ടൻ കൊണ്ടുവന്ന് തന്നിട്ട് ആണ് പോയത് “
“മ്മ്… ശരി, എന്നാൽ പിന്നെ എല്ലാം എടുത്തോളൂ.. ഞാൻ ഒന്നു കുളിച്ചു ഫ്രഷ് ആയി വരാം…”
ഓറഞ്ച് ജ്യൂസ് ഒരു കവിൾ കുടിച്ചിറക്കിക്കൊണ്ട് അവൻ നടന്നു പോയതും തിരിഞ്ഞു വന്നു കഴുകി വെച്ചിരുന്ന ചീന ചട്ടി എടുത്തു അടുപ്പിൽ വെച്ചു ചൂടാകുവാൻ വേണ്ടി കുറച്ചു ചൂട്ടും കൊതുമ്പും ഒക്കെ എടുത്തു കത്തിച്ചു തീ കൂട്ടി.
“സ്റ്റെല്ല… പതിയെ ചെയ്താൽ മതി ട്ടോ. ദൃതി ഇല്ല..”
വേഗത്തിൽ ഓരോ ജോലികൾ ചെയ്യുന്ന സ്റ്റെല്ലയുടെ അടുത്തേക്ക് വന്നു ശാലിനി പറഞ്ഞു.
” ജോലിയൊക്കെ കഴിഞ്ഞതാണ് ചേച്ചി, ഇനി ഈ പാത്രങ്ങളൊക്കെ എടുത്ത് ഒന്ന് കഴുകി വച്ചാൽ മാത്രം മതി”
എങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ നന്നായി വേഗം കഴുകുക ആയിരുന്ന് സ്റ്റെല്ല…
മസാല ഒക്കെ പുരട്ടി നന്നായി മൊരിഞ്ഞ മീൻവറുത്തതിൻറെ മണം അടുക്കളയാകെ നിറഞ്ഞു നിൽക്കുകയാണ്
ആ മണം അടിച്ചാൽ മതില്ലോ ഒരു വല്ലം ചോറ് കഴിച്ചു എഴുനേറ്റ് പോകുവാൻ എന്നാണ് ശാലിനി ആദ്യം ഓർത്തത്.
“ചേച്ചി എവിടെയുള്ള ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് ” ജ്യൂസ് കുടിച്ചാ ഗ്ലാസുകൾ രണ്ടും കഴുകി കമിഴ്ത്തി വെച്ച ശേഷം അവൾ അവിടെ കിടന്ന കസേരയിൽ ഇരുന്ന ശാലിനിയെ നോക്കി സ്റ്റെല്ല ചോദിച്ചു.
“മെഡിസിറ്റിയില്, നമ്മുടെ ബീമാ ജ്വല്ലറിയുടെ ഒക്കെ, കുറച്ച് അപ്പുറത്തായി മാറിയുള്ള ഹോസ്പിറ്റൽ “
” എനിക്കറിയാം ചേച്ചി, ഞാൻ അവിടെ വന്നിട്ടുള്ളതാണ്.. “
” സ്റ്റെല്ലയ്ക്ക് അവിടെ ആരെയെങ്കിലും പരിചയമുണ്ടോ”
“പരിചയമൊന്നുമില്ല, എന്റെ അമ്മയ്ക്ക് വയ്യാതെ വന്നപ്പോൾ, അവിടെ ഒന്ന് രണ്ടുവട്ടം വന്ന മരുന്നു വാങ്ങിയിട്ടുണ്ട് “
“അമ്മയ്ക്ക് എന്തുപറ്റി, എന്നിട്ട് അസുഖമൊക്കെ ഭേദമായോ”
” അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു ചേച്ചി, കുറച്ചുനാൾ മുന്നേ അമ്മ മരിച്ചുപോയി “
“സോറി… എനിക്ക് അറിയില്ലയിരുന്നു “
“ഹേയ് അത് ഒന്നും സാരമില്ല, പിന്നെ എന്റെ വീട്ടിൽ ഉള്ളത് ചാച്ചനും, എന്റെ ചേച്ചിയും ചേച്ചിയുടെ ഭർത്താവും ആണ് “
“മ്മ്…”
” സ്റ്റെല്ല എവിടെയാണ് പഠിച്ചത് ഒക്കെ “?
“സെന്റ് ആൻസില്… പ്ലസ് ടു കഴിഞ്ഞതേയുള്ളൂ, റിസൾട്ട് ഈയാഴ്ച തന്നെ വരുമായിരിക്കും…”
“പ്ലസ് ടു ആണോ… ഇത്രയും ചെറിയ പ്രായത്തിൽ എന്തിനാ മോളെ ഇങ്ങനത്തെ ജോലിക്ക് വന്നത്,” ശാലിനിക്ക് സങ്കടം തോന്നി.
” ജീവിത സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആയിപ്പോയി ചേച്ചി, എന്ത് ചെയ്യാനാ ഓരോരുത്തർക്കും ഓരോ വിധിയില്ലേ “
അത് പറയുമ്പോൾ ആ പാവം പെൺകുട്ടിയുടെ ശബ്ദം ഇടറി.
ഒരുവശം മുറിഞ്ഞു വന്നിരുന്ന മീന് ചട്ടുകം ഉപയോഗിച്ച് അവൾ വേഗം മറിച്ചിട്ടു.
ശാലിനി ആ പാവത്തിനെ ഒന്ന് നോക്കി.
” മെലിഞ്ഞു വെളുത്ത ചുരുണ്ട മുടിക്കാരി പെൺകുട്ടിയെ, നോക്കി ഇരുന്നപ്പോൾ അവൾക്ക് കണ്ണൊക്കെ നിറഞ്ഞു വന്നു.. “
“പാവം……”
“ശാലിനി…. എന്റെ മുറിയൊന്നു അടിച്ചു വാരി ഇട്ടേ “
ശിവന്റെ ശബ്ദം കേട്ടതും ശാലിനി വേഗം എഴുന്നേറ്റ്.
“അയ്യോ, ചേച്ചി ഞാൻ ചെയ്തോളാം, ചേട്ടന് ഇനി മുറിയിൽ കയറുന്നത് ഇഷ്ടമില്ലെങ്കിലോ എന്ന് കരുതിയാണ്, ഞാൻ അവിടേക്ക് പോകാതിരുന്നത്”
എല്ലാവേഗം അടിച്ചു വരുവാൻ ഉള്ള ചൂലെടുത്തുകൊണ്ട് പറഞ്ഞു.
“അതൊന്നും സാരമില്ല,ഞാൻ ചെയ്തോളാം…. സ്റ്റെല്ല ഇവിടെ ചോറും കറികളും ഒക്കെ എടുത്തു വെയ്ക്കു…. നമ്മൾക്ക് കഴിക്കാം “
. അവളുടെ ബലമായി തന്നെ അത് പിടിച്ചു വാങ്ങിക്കൊണ്ട്, ശാലിനി നേരെ ശിവന്റെ മുറിയിലേക്ക് കയറി പോയി..
ശിവൻ ആ നേരത്ത് ആരെയോ ഫോൺ വിളിച്ചു കൊണ്ട് മുറിയിൽ തന്നെ ഉണ്ടായിരുന്നു.
ഫോൺ വെച്ച് തിരിഞ്ഞതും കണ്ടത് കരഞ്ഞുകൊണ്ട്, നിലം അടിച്ചുവാരുന്ന ശാലിനിയെയാണ്.
“എന്താ… എന്ത് പറ്റിടി… നീ എന്തിനാ കരയുന്നെ “
. ” ആ പാവം കൊച്ചിനെ കണ്ടോ ശിവേട്ടാ, അതിന്റെയൊക്കെ അവസ്ഥ ഓർത്തപ്പോൾ, ശരിക്കും കരച്ചിൽ വരുവാ, പ്ലസ്ടുവിന്റെ മാർക്ക് പോലും വന്നിട്ടില്ല ഇതെ വരെ ആയിട്ടും.. ആ കൊച്ചു പെൺകുട്ടി… പാവം…. ഓടിനടന്നാണ് അത് ജോലികൾ ഒക്കെ ചെയ്യുന്നത്, ജീവിക്കാൻ വേണ്ടിയല്ലേ”
“മ്മ് “
അവൻ കനപ്പിച്ച് ഒന്നു മൂളി.
” ആ കൊച്ചിന്റെ ചാച്ചന് വയ്യാത്തത് വല്ലോം ആണോ ആവോ, അതുകൊണ്ടാവും അത് ഈ ജോലിക്ക് ഇറങ്ങിയത് “
ശാലിനിക്ക് അവളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു.
” അങ്ങനെയൊന്നും അല്ലടി കാര്യം, ഞാനും സനൂപും കൂടി പോയി, സ്റ്റെല്ലയുടെ നാട്ടിലൊക്കെ അന്വേഷിച്ചു…
അറിഞ്ഞു കേട്ട വിവരങ്ങൾ വള്ളി പുള്ളി വിടാതെ ശിവൻ സഹോദരിയെയും അറിയിച്ചു.
തുടരും