അവനും ഞാനും
Story written by Ammu Santhosh
ഞാനവളെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൾ എന്റെ ശത്രുവിന്റെ പെങ്ങളാണെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു. അവൾക്കും അത് അറിഞ്ഞു കൂടാ. അറിയുമായിരുന്നെങ്കിൽ എന്നോട് വന്നു ഇഷ്ടമാണെന്നു പറയുമായിരുന്നില്ലന്ന് അവൾ ആയിരം തവണ എന്നോട് പറഞ്ഞിട്ടുണ്ട്.
ശത്രു എന്നൊക്കെ പറയുമ്പോൾ ഇന്ത്യ പാകിസ്ഥാൻ, ഇസ്രായേൽ പാലസ്തീൻ അവർ തമ്മിലുള്ള ശത്രുതയേക്കാൾ വലുതാ ഇത്. സ്കൂൾ കാലം മുതൽ ഞങ്ങൾ രണ്ടു ചേരികളിലാ. രണ്ടു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ.രണ്ടു ഗാങ് പോലുമുണ്ട് ഞങ്ങൾക്ക്. സ്കൂളിൽ വഴക്കുമടിയുമൊക്കെ പതിവായിരു ന്നെങ്കിലും ഒരെ കോളേജിൽ വന്നപ്പോൾ അതിന് വേറെ ഒരു തലം വന്നു. ചിലപ്പോൾ രണ്ടിലൊരാൾ മറ്റെയാളെ കൊന്നേക്കുമെന്ന് തോന്നിപ്പിക്കുന്ന ഒരു വൈരാഗ്യം.
അതങ്ങനെ കൂടി വന്നപ്പോൾ എന്റെ അച്ഛൻ എന്നെ നാടുകടത്തി. ഞാൻ ഒറ്റമകനാണ്. വല്ലോരുടെയും കത്തിമുനയിൽ തീരണ്ട എന്ന് അച്ഛൻ കരുതിക്കാണും. അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിൽ ഒരു ജോലിയും വാങ്ങി തന്നു. സത്യത്തിൽ ജോലിയൊക്കെ വെറുതെ.എഴുത്താണ് എന്റെ മേഖല. കഥകളും കവിതകളുമൊക്ക വരികകളിൽ അച്ചടിച്ചു വന്നിട്ടുമുണ്ട്. അങ്ങനെ കുറെ ആരാധകരും. ക്രമേണ ഞാൻ അവനെ,എന്റെ ശത്രുവിനെ മറന്നു തുടങ്ങി. അങ്ങനെയിരിക്കെയാണ്. എനിക്കൊരു കത്ത് വന്നത്. ഈ കാലത്ത് കത്തൊക്കെ ആരാ അയയ്ക്കാൻ എന്നോർത്ത് ഞാൻ ആ നീല ഇൻലൻഡ് പൊട്ടിച്ചു വായിച്ചു.
മനോഹരമായ ഒരു പ്രണയലേഖനം ആയിരുന്നു അത്. സംഭവം കൊള്ളാമല്ലോ. ഞാൻ പേര് നോക്കി. “അമൂല്യ “പേരും കൊള്ളാം. പക്ഷെ വാട്സാപ്പ്, ഫേസ്ബുക് ഒക്കെ വഴി ആയിരുന്നു എങ്കിൽ ഫോട്ടോ കാണാമായിരുന്നു. ഇതിപ്പോ കറുത്തതാണോ വെളുത്തതാണോ ഭംഗിയുണ്ടോ കൊന്ത്രപ്പല്ലുണ്ടോ, ഇനി വല്ലോന്റേം കെട്ടിയോൾ ആണോ ആർക്കറിയാം. ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല. അഡ്രെസ് ഏതോ ഒരു ഹോസ്പിറ്റലിന്റേതാണ്. ഇനി ഡോക്ടർ ആവുമോ.. ആ ആർക്കറിയാം. എന്തായാലും ഞാൻ അത് വിട്ടു.
പക്ഷെ അവളെന്നെ വിട്ടില്ല എഴുത്തുകൾ തുരുതുരാന്നു വന്നു കൊണ്ടിരുന്നു. അവസാനം ഞാൻ ഒരു റിപ്ലൈ എഴുതി എന്റെ പോന്നു കൊച്ചേ ഞാൻ കഥയിലും കവിതയിലുമൊക്ക പ്രണയം അതിഗംഭീരമായി എഴുതുമെന്നേ ഉള്ളു. ഞാൻ ഒരു മുരടനാണ് എനിക്ക് കത്തുകൾ അയച്ചു വിലയേറിയ സമയം കളയരുത് എന്ന്. ആരു കേൾക്കാൻ പിന്നെ ആഴ്ചയിൽ ഒരു കത്ത് എന്നത് ഡെയിലി ആയി.. ഇത് എന്നേം കൊണ്ടേ പോവുള്ളു. ഞാൻ പിന്നെയും ഒരു കത്തയച്ചു കൊച്ചേ ഞാൻ ആൾറെഡി കമ്മിറ്റഡ് ആണ് ഇനി അയയ്ക്കരുത്.. എവിടുന്ന് പിന്നേം കത്തുകൾക്ക് ക്ഷാമം ഇല്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ആ അവധി ദിവസം ഞാൻ ആ അഡ്രസ്സിലേക്ക് വണ്ടി വിട്ടു.
വലിയ ഒരു ഹോസ്പിറ്റൽ ആയിരുന്നു അത്. സത്യത്തിൽ അത് ഒരു മനസികാ രോഗ കേന്ദ്രമായിരുന്നു. അമൂല്യ അവിട പബ്ലിക് റിലേഷൻ ഓഫീസർ ആയിരുന്നു. എന്നെ കണ്ടതും അവൾക്ക് മനസിലായി.
“കത്തെഴുതി കൊല്ലരുത് പെങ്ങളെ ” ഞാൻ തൊഴുകൈയോടെ പറഞ്ഞു
അവൾ പൊട്ടിച്ചിരിച്ചു
“ഒരു കോഫി കുടിക്കുന്നോ മാഷേ?”
ഒന്നിച്ചു കാന്റീനിൽ ഇരുന്നു കാപ്പി കുടിക്കുമ്പോൾ ഞാൻ അവളെയൊന്നു നോക്കി ആ കണ്ണുകളാണ് എന്നെ പിടിച്ചു നിർത്തിയത്. ഒരു കടൽ ഒളിപ്പിച്ച കണ്ണുകൾ.
“ഞാൻ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിട്ടും എഴുതി കൊണ്ടിരുന്നത് എന്താണ്?”
“അത് കള്ളമായത് കൊണ്ട് “അവൾ ചിരിച്ചപ്പോൾ നുണക്കുഴികൾ വിരിഞ്ഞു.
“നിങ്ങളുടെ ഓഫീസിലെ ഹേമ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ക്ലാസ്സ് മേറ്റ് ആയിരുന്നു താനും. എനിക്ക് എല്ലാ വിവരങ്ങളും അറിയാം.. പിന്നെ എനിക്കിഷ്ടമാണെന്നല്ലേ പറഞ്ഞുള്ളു എന്നെ ഇഷ്ടപ്പെടാൻ പറഞ്ഞോ ഇല്ലല്ലോ?”
“അത് ശര്യാ എന്നാലും പോസ്റ്മാനെന്തു വിചാരിക്കും?”
അവൾ പൊട്ടിച്ചിരിച്ചു
“ഇനി എഴുതില്ല കേട്ടോ. എനിക്ക് സന്തോഷമായി ആളു നേരിട്ട് വന്നല്ലോ. കാണാൻ പറ്റിയല്ലോ..”
“അല്ല നിർത്തണ്ട.. ആഴ്ചയിൽ ഒന്ന് ആയിക്കോട്ടെ..” അവൾ വീണ്ടും പൊട്ടിച്ചിരിച്ചു
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ഇറുക്കിയടയും. മുഖം ചുവന്നു തുടുക്കും. പിന്നെ കണ്ണ് തുറക്കുമ്പോൾ കണ്ണ് നിറഞ്ഞിരിക്കും. അത്ര ഭംഗിയുള്ള കണ്ണുകൾ ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു.
തിരിച്ചു പോരുമ്പോൾ ഞാൻ എന്നെ കുറിച്ച് ആലോചിച്ചു. ശരിക്കും ഞാൻ എന്താണ്? ഒരു തെമ്മാടി. വഴക്കാളി, കുറച്ചു എഴുതുമെന്നല്ലാതെ പ്രത്യേകിച്ച് ക്വാളിറ്റി ഒന്നുമില്ലെനിക്ക്. എന്നെ കാണാനും വലിയ ഭംഗിയൊന്നുമില്ല. ഇരു നിറത്തിൽ മെലിഞ്ഞു നീണ്ട ഒരു രൂപം. ചിലപ്പോൾ എന്റെ കഥകളോട് തോന്നിയ ഒരിഷ്ടമാകും അല്ലാതെ എന്നോട് അല്ല അത് ഞാൻ ഉറപ്പിച്ചു.
പതിവ് പോലെ ഡ്യൂട്ടി കഴിഞ്ഞു ബിവറേജിൽ പോകാൻ തോന്നിയില്ല. വീട്ടിലെത്തി. ആകെ അലങ്കോലമായ മുറികൾ. ചവറുകൾ നിറഞ്ഞ മുറ്റം. ഞാൻ എല്ലായിടവും ഒന്ന് വൃത്തിയാക്കി. കാലിക്കുപ്പികളെല്ലാം ചാക്കിൽ കെട്ടി വെച്ചു. അടുക്കളയിൽ ഒന്ന് കേറി നോക്കി സാധനങ്ങൾ ഒക്കെയുണ്ടെങ്കിലും ഒന്നും ചെയ്തിട്ടില്ല. അമ്മയുടെ കൂടെ കൂടി പാചകം പഠിച്ചതൊക്കെ ഓർത്തു. ചോറും കൂട്ടാനും വെച്ചു. എന്താവും ഇങ്ങനെയൊരു മാറ്റം എന്ന് വ്യക്തമല്ല പക്ഷെ മാറണം എന്ന് ഒരു തോന്നൽ.ഒരു പെണ്ണ് വന്നു കേറണ്ട സമയം ഒക്കെയായി
അമൂല്യയുടെ ഇഷ്ടം സത്യമായിരുന്നു.എന്റെ ഇഷ്ടം വേണമെന്നവളൊരിക്കലും എന്നോട് പറഞ്ഞില്ല അതായിരുന്നു അവളോടുള്ള എന്റെ ഇഷ്ടത്തിനാഴം കൂട്ടിയതും. ഞങ്ങൾ സ്നേഹിച്ചു തുടങ്ങി. വീട്ടിൽ വന്നാലോചിക്കട്ടെ എന്ന് ഞാനാണ് ആദ്യം ചോദിച്ചത്. അവൾക്ക് സന്തോഷമായി. വീട്ടുപേരു പറഞ്ഞപ്പോൾ, സ്ഥലം പറഞ്ഞപ്പോൾ എന്റെ നെഞ്ചിടിച്ചു. അനൂപിന്റെയാരാ ഞാൻ വിറയലോടെ ചോദിച്ചു. ഏട്ടനെയറിയുമോ?. തീർന്നു. ഞാൻ മറുപടി പറയാൻ ഒറ്റ നിമിഷമെ എടുത്തുള്ളൂ
“എന്റെ പൊന്നുമോൾ ഇതിവിടം കൊണ്ടവസാനിപ്പിച്ചോ.. അതാ നല്ലത്”
കാര്യം മനസിലാകാതെ പകച്ചിരുന്ന അവളോട് ഞാൻ ഒരു യുദ്ധത്തിന്റ കഥ പറഞ്ഞു. ഒരു സത്യം ഞാൻ പറയട്ടെ ആരോടും ശത്രുത ഉണ്ടാക്കി വെയ്ക്കരുത് പ്രത്യേകിച്ച് സുന്ദരികളായ പെങ്ങന്മാർ ഉള്ള ആണ്പിള്ളേരോട്. നീ എവിടെ യായിരുന്നു ആ കാലമൊക്കെ എന്ന് ഞാൻ അവളോട് ചോദിച്ചു. അവന്റെ അച്ഛനും അമ്മയും കുവൈറ്റിൽ ആയിരുന്നു എന്ന് എനിക്ക് അറിയാം കൂടെ ഈ അനിയത്തി യും അവിടെ ആയിരുന്നു എന്ന് ആരറിയാൻ?
അവളോട് ഗുഡ്ബൈ പറഞ്ഞു വീട്ടിലോട്ട് പോരുമ്പോൾ അവളുടെ നൻമ മാത്രമേ ഞാൻ ഓർത്തുള്ളു. എന്റെയും അവന്റെയും ഇടയിൽ കിടന്ന് അവൾ നീറണ്ട. അല്ലെങ്കിലും രക്തബന്ധത്തോളം വരില്ല ഒന്നും. അവൾക്ക് അവളുടെ ഏട്ടൻ ജീവനാണ്. അത് എനിക്ക് അറിയാം. അവൾ പോട്ടെ സന്തോഷമായിരിക്കട്ടെ.
ആ ഓണവധിക്ക് എന്റെ വീട്ടിലേക്ക് തീരെ പ്രതീക്ഷിക്കാതെ ഒരു അതിഥി എത്തി. അവൻ എനിക്കെന്തോ അപ്പൊ അവനോടൊന്നും തോന്നിയില്ല എന്നതാണ് സത്യം.
“കയറി ഇരിക്കാമോ?” ഞാൻ തലയാട്ടി
“എല്ലാം അറിഞ്ഞപ്പോൾ നിന്നേ കൊല്ലാനാ തോന്നിയെ.പക്ഷെ അവളെ നീ വെറുതെ വിട്ടല്ലോ.. എന്റെ അനിയത്തി ആണ് എന്നറിഞ്ഞിട്ടും ചതിച്ചില്ലല്ലോ.. കൊള്ളാം..”
ഞാൻ ഒന്ന് മൂളി
“നമ്മളിന്നും രണ്ടു ചേരിയിലാ.. എല്ലാ അർത്ഥത്തിലും. പക്ഷെ എന്റെ അനിയത്തിയോളം വലുതല്ല എന്റെ ഒരു ശത്രുതയും. എന്റെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ഒക്കെ അവൾക്ക് വേണ്ടി മാത്രമേ ഞാൻ മാറ്റിവെച്ചിട്ടുള്ളു. നിനക്ക് സമ്മതമാണെങ്കിൽ ഒരു വെടിനിർത്തൽ കരാറിൽ ഒപ്പ് വെയ്ക്കാൻ ഞാൻ തയ്യാറാണ് “
എനിക്ക് ചിരി വന്നു
സത്യത്തിൽ എന്താ ല്ലെ?
ഒരിക്കൽ ശത്രു എന്ന് കരുതിയവൻ ഭൂമിയിൽ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ വരിക. ഏറ്റവും അധികം സ്നേഹിക്കുന്ന ചിലർ പിന്നേ ഒരിക്കലും കാണരുതേ എന്ന് ആശിച്ചു പോകുന്നവരുടെ കൂട്ടത്തിൽ പോവുക. അവളുടെ ഏട്ടൻ, എന്റെ ശത്രു എന്റെ ഏട്ടനും കൂടിയായത് മറ്റൊരു തമാശ. സഹോദരങ്ങളില്ലാത്ത എനിക്ക് അത് ഒരു നിറവായിരുന്നു. എന്റെ ജീവിതം പൂർണമായത് പോലെ. അമൂല്യയെക്കാൾ ഞാൻ അവനെ സ്നേഹിച്ചു തുടങ്ങിയതും അങ്ങനെയാണ്. അവൻ തിരിച്ചെന്നെയും.
ജീവിതം ശരിക്കും ഒരു കോമഡിയാ… ദൈവം ഏറ്റവും വലിയ
കൊമേഡിയനും.
കരയിക്കാനും ചിരിപ്പിക്കാനും കഴിയുന്ന, ഒരു മജിഷ്യൻ…അതാണ് ദൈവം
അതേ ദൈവം ഒരു സംഭവമാണെന്നേ…
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മുസ്