Story written by SRUTHY MOHAN
ഞാൻ പി ഴച്ചവൾ ആണത്രേ….!
നാല് പെണ്മക്കളുടെ വയറു നിറയ്ക്കാൻ പാടുപെടുന്ന അച്ഛന്റെ കഷ്ടപ്പാട് കൂടി കണ്ടിട്ടാണ് ഞാൻ അന്യ ജാതിക്കാരന്റെ ഇഷ്ടത്തിന് സമ്മതം മൂളിയത്.
ഞങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാത്ത ആളുകളാണ് എന്റെ ഇഷ്ടം അറിഞ്ഞു കൊലവിളിയുമായി വീടിനു മുന്നിൽ വന്നത്..
മറ്റു മാര്ഗങ്ങളില്ലാതായപ്പോൾ, സമൂഹം ഇല്ലാതാക്കിയപ്പോൾ എനിക്ക് ഒളിച്ചോടേണ്ടിവന്നു….എന്തായാലും അയാൾ എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ടാണ് കൂടെ പൊറുപ്പിച്ചത്…
രണ്ടു കുഞ്ഞുങ്ങൾ ആകും വരെയും പട്ടിണി ആയാലും സന്തോഷം ഉണ്ടായിരുന്നു….
പണിക്ക് പോയ എന്റെ കെട്ടിയോൻ ഒരുദിവസം വന്നത് ആംബുലൻസിലാണ്…
ജോലി ചെയ്യാനാവാത്ത പണിക്കാരനെ മുതലാളി നിഷ്കരുണം കയ്യൊഴിഞ്ഞപ്പോൾ, രണ്ടു കുട്ടികളെയും കിടപ്പിലായ കെട്ടിയോനേം നോക്കാൻ കൂലിപ്പണിക്കും അടുക്കളപ്പണിക്കും ഒക്കെ പോയി നോക്കി.
പോയ ഇടങ്ങളിലെല്ലാം മുതലാളിമാരുടെ നോട്ടം തേരട്ട പോലെ എന്റെ ദേഹത്തിഴഞ്ഞു..എന്റെ സുഖ വിവരങ്ങൾ അന്വേഷിക്കാനുള്ള ത്വര നിറഞ്ഞു.
പക്ഷെ ഇവരാരും എന്റെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. ഒരു നേരം എന്റെ കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകിയില്ല.
മക്കളെ പഠിപ്പിക്കാനും വാടക കൊടുക്കാനും കെട്ടിയോനെ ചികിൽസിക്കാനും എനിക്ക് കിട്ടുന്ന കൂലി മതിയാവാതായപ്പോൾ ആദ്യമായി എനിക്ക് വഴിപി ഴക്കേണ്ടി വന്നു…
എന്റെ അവസ്ഥ മനസിലാക്കി മുതലാളിയായ കിളവൻ എനിക്ക് ആദ്യമായി പണിയെടുക്കാതെ കൂലി തന്നു…
അതും ഒരാഴ്ചത്തെ കൂലി…
പക്ഷെ അയാൾ തന്ന കാശിനു എനിക്ക് നൽകേണ്ടി വന്നത് എന്റെ മാനമായിരുന്നു.
ഒരിക്കൽ നഷ്ടമായാൽ പിന്നെ കുറ്റബോധം തോന്നുകയില്ല. ഇനി ഒന്നും നഷ്ടമാവാനില്ലെന്നും, നഷ്ടമായത് തിരികെ കിട്ടില്ലെന്നുറപ്പുള്ളതിനാലും ആവണം..
ഏതായാലും നനഞ്ഞു…. പിന്നെ കുളിച്ചാലെന്താ…..എന്റെ ആവശ്യങ്ങൾ എനിക്ക് നിറവേറ്റണമായിരുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് സമയത്തിന് ഭക്ഷണവും, നല്ല വസ്ത്രങ്ങളും വിദ്യാഭ്യാസവും, എന്റെ ഭർത്താവിന് മുടങ്ങാതെ ചികിത്സയും എല്ലാം നടന്നു.
ഇപ്പോൾ എനിക്കൊരു പേരുണ്ട്. പി ഴച്ചവൾ. എന്നെ നോക്കി ആണും പെണ്ണുമെല്ലാം വിളിക്കുന്നുണ്ട്.
അതെന്താ ഞാൻ ഒറ്റക്കാണോ പിഴക്കുന്നത്…?
എന്റെ കൂടെ കിടക്കുന്ന ആണിനെന്താ മാനമില്ലേ…?
എന്തെ അവരെ പിഴച്ചവൻ എന്ന് വിളിക്കാത്തെ….?
അതും പോട്ടെ… എന്നെ കുറ്റക്കറിയക്കുന്ന നിങ്ങളിൽ എത്രപേർ ഉണ്ട് മനസുകൊണ്ടുപോലും വ്യഭിചാരിക്കാത്തവരായി??? അതറിയട്ടെ ആദ്യം…
ഓഹ് കുലസ്ത്രീകളും പുരുഷന്മാരും ആണല്ലേ….
ഒരിക്കൽ പോലും അന്യ സ്ത്രീയെയോ പുരുഷനെയോ മനസ്സുകൊണ്ട് ആഗ്രഹിക്കുകയോ ഇഷ്ടപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളും വ്യഭിചാരിച്ചിട്ടുണ്ട്….
ഞാനും നിങ്ങളും തമ്മിൽ യാതൊരു അന്തരവുമില്ല…
മറിച്ചുള്ളവർ ഉണ്ടെങ്കിൽ വിളിച്ചോളൂ എന്നെ വ്യ ഭിചാരിണി എന്നോ പി ഴച്ചവൾ എന്നോ….