മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇതുവരെ കമന്റ് ചെയ്യാത്തവർ എന്നെയൊന്ന് വിഷ് ചെയ്തെങ്കിലും രണ്ട് വാക്ക് പറഞ്ഞാൽ സന്തോഷം, വായിച്ച എല്ലാവരോടും ഒരിക്കൽ കൂടി സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു…
❤️❤️❤️
രതീഷ് കത്ത് തിരിച്ചും മറിച്ചും നോക്കി..ഇത് ഞാൻ തന്നെ കൊടുക്കണോ, നിനക്കും കൂടെ വന്നൂടെ…
അയ്യോ എനിക്ക് വേറെയും ക്ഷണിക്കാനുള്ളതാ, ഏട്ടൻ വേണമെങ്കിൽ അമ്മയെ കൂട്ടിക്കോ..
അമ്മ ഉണ്ണിയെ നോക്കികൊണ്ട്..അങ്ങനെ കളിപ്പിക്കൊന്നും വേണ്ട, ഞാൻ കേസ് കൊടുക്കും…
രതീഷ് എഴുന്നേറ്റ് അമ്മയുടെ അരികിലേക്ക് ചെന്നു..അമ്മ എന്റെ പുക കണ്ടേ അടങ്ങൂ, ഇവിടെ നിന്നാരെയും കേസ് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല, അവള് ഇഷ്ടമുള്ളത് പോലെ ജീവിച്ചോട്ടെ..
അമ്മ അത്ഭുതത്തോടെ രതീഷിനെ നോക്കി..ഇതൊക്കെ നീ തന്നെയാണോ പറയുന്നത്..
സത്യമായിട്ടും ഞാൻ തന്നെയാ, ഇനി പ്രശ്നമൊന്നും വേണ്ട, ഞാനെന്തായാലും ചടങ്ങിന് പോവുന്നുണ്ട്, എന്റെ കൂടെ അമ്മയും വരണം..
ഉണ്ണി അമ്മയുടെ അടുത്തേക്ക് ചെന്നു..ഞാൻ സ്നേഹത്തോടെയാ വിളിക്കുന്നത് അമ്മ വരില്ലേ…
അമ്മ ഉണ്ണിയെ ചേർത്ത് പിടിച്ചു..ഞാൻ വരാം നിനക്ക് വേണ്ടി..
ഉണ്ണി പിന്നെയൊന്നും പറയാൻ നിന്നില്ല, പുറത്തേക്കിറങ്ങി, ഗായത്രി അമ്മയുടെ അരികിലേക്ക് നീങ്ങി..എന്നോട് ദേഷ്യത്തിന് കുറവുണ്ടെങ്കിൽ ഒന്ന് അനുഗ്രഹിക്കോ..
അമ്മ അവളെ കുറെ നേരം നോക്കികൊണ്ടിരുന്നു, നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു…ദേഷ്യമുണ്ട് എന്നാലും നശിക്കണേ എന്ന് അമ്മ പ്രാർത്ഥിച്ചിട്ടില്ല, എവിടെയാണെങ്കിലും നല്ലത് വരട്ടെ…
ഗായത്രി സന്തോഷത്തോടെ ചിരിച്ചിട്ട് ഉണ്ണിയുടെ കൂടെ പുറത്തേക്കിറങ്ങി, വീട്ടിലെത്തിയപ്പോൾ വീടിനുള്ളിൽ കൂടി ഓടി നടന്നു, ഉണ്ണി കാര്യമെന്താണെന്ന് മനസ്സിലാവാതെ കയ്യിൽ പിടിച്ചു നിർത്തി..എന്തുപറ്റി എടത്തിയമ്മക്ക്…?
ഗായത്രി ഉണ്ണിയെ കെട്ടിപിടിച്ചു..ഒന്നുമില്ല, ഒരു ദിവസം മൂന്ന് പേരുടെ അനുഗ്രഹം, ഇനി നീയും കൂടി അനുഗ്രഹിച്ചാൽ തൃപ്തിയായി…
അയ്യോ അത് നടക്കില്ല, കാരണം എനിക്ക് പ്രായപൂർത്തിയായിട്ടില്ല, എടത്തിയമ്മ എനിക്ക് അമ്മയാണ്, അമ്മയെ മക്കള് അനുഗ്രഹിക്കണ്ട ആവശ്യമില്ല വെറുതെയങ്ങ് സ്നേഹിച്ചാൽ മതി..
ഗായത്രിയൊന്നും മിണ്ടുന്നത് കാണാഞ്ഞപ്പോൾ ഉണ്ണി തോളിൽ നിന്ന് തലയെടുത്ത് നോക്കി..എനിക്ക് തോന്നി കരയായിരിക്കുമെന്ന്, ഒരു വാക്ക് മിണ്ടാൻ പാടില്ലല്ലോ, എടത്തിയമ്മ നല്ല ദിവസമായിട്ട് കരയണ്ട…
ഗായത്രി കണ്ണ് തുടച്ചു, ഉണ്ണിയോട് ചിരിച്ചിട്ട് മുറിയിലേക്ക് പോയി..
ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി കൊണ്ടിരുന്നു, തീയ്യതി 19 നിശ്ചയത്തിന് തലേദിവസം….ഉണ്ണി ഓരോ കാര്യങ്ങളായി കണക്ക് കൂട്ടിക്കൊണ്ടിരിക്കയിരുന്നു, ഒരു ഓട്ടോ വന്ന് വീടിന് മുന്നിൽ നിന്നു, അതിൽ നിന്ന് പ്രിയ ഇറങ്ങുന്നത് കണ്ടപ്പോൾ ഒന്ന് നോക്കിയിട്ട് തലചെരിച്ചു, കൂടെ അച്ഛമ്മയെ കണ്ടപ്പോൾ ഉണ്ണി എഴുന്നേറ്റ് അരികിലേക്ക് ചെന്നു, അവരെ അകത്തേക്ക് ക്ഷണിച്ചു, ഹാളിലെ സോഫയിലിരുന്ന് അച്ഛമ്മ വിശേഷം ചോദിക്കാൻ തുടങ്ങി…എവിടം വരെയായി പരിപാടികളൊക്കെ..?
അച്ഛമ്മയുടെ ചോദ്യത്തിന് ഉണ്ണിയൊന്ന് ചിരിച്ചു…എല്ലാം റെഡിയായി, നാളെ ചടങ്ങ് തടസ്സമൊന്നുമില്ലാതെ നടക്കും…
സംസാരത്തിനിടയിലാണ് രതീഷ് വന്നത്, അച്ഛമ്മയോട് ഏട്ടനാണെന്ന് പരിചയപ്പെടുത്തി, രതീഷോന്ന് ചിരിച്ചിട്ട് ഉണ്ണിയെ പുറത്തേക്ക് വിളിച്ചു, ഉണ്ണി കാര്യമറിയാൻ കൂടെ ചെന്നു..എന്തുപറ്റി ഏട്ടാ, കാറ്ററിങ്ങുകാർക്ക് കാശ് കൊടുത്തില്ലേ, ഡെക്കറേഷൻ വർക്ക് പറഞ്ഞത് കഴിഞ്ഞോ…
രതീഷോന്ന് ഉണ്ണിയെ നോക്കി..എന്റേടോ പണി മാത്രം തരല്ലേ, ഞാനൊരു കാര്യം ചോദിച്ചാൽ ശരിയാക്കി തരോ..
എന്താ..ഉണ്ണി സംശയത്തോടെ ചോദിച്ചു..
രശ്മി മറുപടിയൊന്നും പറയാതെ ഇന്ന് പറയാ നാളെ പറയാന്ന് പറഞ്ഞു കളിപ്പിക്കാ, നീയൊന്ന് അവളോട് ചോദിച്ചു നോക്കോ ….
അയ്യോ അതൊന്നും നടക്കില്ല, അവളല്ലെങ്കിലേ ദേഷ്യത്തിലാ, ഇനി ഞാൻ ഇടയിൽ പോയി വല്ലതും പറഞ്ഞാൽ മൊത്തം കുളമാകും..
ഒന്നും സംഭവിക്കില്ല, ഇത് മാത്രമൊന്ന് ജോയിന്റ് ചെയ്ത് താ, ഞാൻ എവിടെയെങ്കിലും പോയി ജീവിച്ചോളാ, അവള് നിന്നോട് മാത്രമേ നേരാവണ്ണം സംസാരിക്കുന്നുള്ളൂ അതുകൊണ്ടാ..
ഉണ്ണി കുറച്ച് നേരം ആലോചിച്ചു..ഉം.. ശരിയാക്കാം.. ഏട്ടൻ പോയിട്ട് ഗണപതി ഹോമത്തിനുള്ള സാധനങ്ങൾ കൂടി വാങ്ങിയിട്ട് വാ..
രതീഷ് ഒന്ന് നോക്കി..വീണ്ടും പണിയോ..
ഏയ് എനിക്ക് നിന്ന് തിരിയാൻ സമയമില്ല, കാറെടുത്ത് വേഗം പോയി വാങ്ങിയിട്ട് വാ..
രതീഷ് പോയി, ഉണ്ണി അകത്തേക്ക് കയറിയപ്പോൾ പ്രിയ കയ്യിലേക്ക് തൂങ്ങി..എനിക്ക് നാളേക്ക് ഇടാനുള്ള ഡ്രെസ്സെടുത്തിട്ടുണ്ട് പറഞ്ഞിട്ട് എവിടെ..
ആര് പറഞ്ഞു…?
തമാശ കളിക്കാതെ കാണിച്ചു താ..
ഉണ്ണി ഗായത്രിയെ വിളിച്ചു..എടത്തിയമ്മ ഡ്രെസ്സൊക്കെ എവിടെയാ വെച്ചിരിക്കുന്നത്..
ഗായത്രി അടുക്കളയിൽ നിന്ന് ..അത് എന്റെ മുറിയിലെ കട്ടിലിൽ തന്നെയുണ്ട്…
ഉണ്ണി പ്രിയയെയും കൊണ്ട് മുറിയിലേക്ക് കയറി, ഓരോ കവറായിട്ട് തുറന്ന് നോക്കി, ഒരേ കളറിലുള്ള 2 സാരികൾ കണ്ടപ്പോൾ പ്രിയ ഉണ്ണിയെ സംശയത്തോടെ നോക്കി..ഇതെന്താ ഇങ്ങനെ…
ഒന്ന് നിനക്ക്..ഉണ്ണി മറുപടി നൽകി.
അതെന്തിനാ ചടങ്ങിന് രണ്ടാൾക്കും ഒരേ പോലെയുള്ളത് എടുത്തേ…
ഉണ്ണി ചിരിച്ചു..പിന്നെ നിനക്ക് പകരം വഴിയിലൂടെ പോവുന്ന ആരുടെയെങ്കിലും കയ്യിൽ മോതിരമിടാൻ പറ്റോ..
പ്രിയ ഞെട്ടികൊണ്ട്..നമ്മളും നാളെ മോതിരം മാറാൻ പോവാണോ…
അല്ലാതെ പിന്നെ, ചിലവ് കുറക്കുക എന്നതാണെന്റെ ലക്ഷ്യം, അതുകൊണ്ടാ പാലുകാച്ചലും 2 നിശ്ചയം കൂടി ഒരുമ്മിച്ചാക്കി, ഇനി നിനക്ക് സമ്മതമില്ലെങ്കിൽ പറഞ്ഞോട്ടോ ഞാൻ വേറെ കെട്ടിക്കോളാം..
പ്രിയ ഉണ്ണിയെ തുറിച്ചു നോക്കി..നിന്റെ തമാശ വിട്..
ഉണ്ണി വീണ്ടും ചിരിച്ചു..എന്നാ എന്റെ മുത്ത് ആ മോതിരങ്ങൾ കൂടി എങ്ങനെയുണ്ട് നോക്കിക്കോ..
പ്രിയ എല്ലാം എടുത്ത് നോക്കി..സൂപ്പറായിട്ടുണ്ട്..
എന്നാൽ വാ പോവാം..
എല്ലാം എടുത്ത് വെച്ച് പുറത്തേക്കിറങ്ങാൻ നിന്നപ്പോൾ പ്രിയ ഉണ്ണിയുടെ കയ്യിൽ പിടിച്ചു വലിച്ചു, ചുണ്ടിൽ അമർത്തിയൊരുമ്മ കൊടുത്തിട്ട് ചിരിച്ചു..ഇത് സർപ്രൈസ് തന്നതിന്..
ഉണ്ണി അവളെ കെട്ടിപ്പിടിക്കാൻ നിന്നപ്പോഴേക്കും പുറത്ത് നിന്ന് രതീഷ് വീണ്ടും വിളിച്ചു, അങ്ങോട്ട് ചെന്നപ്പോൾ..അല്ല ഈ ലിസ്റ്റിലുള്ള സാധങ്ങൾ മാത്രം വാങ്ങിയാൽ പോരെ, വേറെ വീട്ടിലേക്കൊന്നും വേണ്ടല്ലോ..
ഉണ്ണി അവനെയൊന്ന് നോക്കി..അതൊക്കെ വീട്ടിലേക്കുള്ളത് തന്നെയാ, നിന്ന് വട്ടം കറങ്ങാതെ കടയിൽ പോവാൻ നോക്ക്..
എന്താടാ ഒരു മര്യാദയില്ലാത്തത്, ഒന്നുമില്ലെങ്കിലും ഏട്ടനല്ലേ..
അതുകൊണ്ടല്ലേ ധൈര്യത്തിൽ പറയുന്നത്..
രതീഷ് തലയാട്ടിയിട്ട് പോയി, വൈകുന്നേരം എല്ലാവരും പുതിയ വീടിന് മുന്നിലെത്തി, ഗായത്രിയും പ്രിയയും വീടിനുള്ളിലേക്ക് കയറി, എല്ലായിടത്തും നോക്കികൊണ്ടിരിക്കുമ്പോഴാണ് ഗായത്രി ഹാളിലെ ഫോട്ടോ ശ്രദ്ധിച്ചത്, അവളറിയാതെ കണ്ണ് നനയാൻ തുടങ്ങി, പ്രിയ അത് കണ്ടപ്പോൾ അരികിലേക്ക് ചെന്നു..എന്ത് പറ്റി ചേച്ചി..?
ഗായത്രി ഒന്നുമില്ലെന്ന് തലയാട്ടിയിട്ട് അകത്തേക്ക് നടന്നു, പ്രിയ ചുമരിലേക്ക് നോക്കി, ഗായത്രിയുടെ ചിരിക്കുന്നൊരു വലിയ ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു, അവളും ഗായത്രിയുടെ കൂടെ നടന്നു, എല്ലാം ചുറ്റികണ്ട് പുറത്തേക്കിറങ്ങി, ഉണ്ണി രണ്ടാളും വരുന്നത് കണ്ടപ്പോൾ..എങ്ങനെയുണ്ട്…?
പ്രിയ അടുത്ത് ചെന്നു കൈകൊടുത്തു..ഗുഡ്.. ഞങ്ങടെ ഹോസ്പിറ്റൽ പോലെ കുളമായില്ല…
താങ്ക്യു.. സ്വന്തം കെട്ടിയോനിട്ട് തന്നെ വെച്ചോട്ടോ….
അതൊക്കെ ഒരു രസല്ലേ..
അതുപോട്ടെ എടത്തിയമ്മ എന്ത് പറയുന്നു…?ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..
ഞാനെന്തിനാ പ്രത്യേകം പറയുന്നത്, ഇനി അഭിപ്രായം കേട്ടേ മതിയാവൂ എന്നാണെകിൽ സ്വർഗം തന്നെ..
അത് മതി, അല്ലെങ്കിലും ഇവളുള്ള സ്ഥലമെനിക്ക് സ്വർഗ്ഗമാണേ…
ഉണ്ണി കളിയാക്കുന്നത് കണ്ടപ്പോൾ പ്രിയ കയ്യിൽ അമർത്തി..
മതി… പകരത്തിനു പകരം..
എല്ലാവരും തിരിച്ച് വീട്ടിലെത്തി,
—————–പിറ്റേദിവസം 20 തീയ്യതി രാവിലെ നേരത്തെ…
എടത്തിയമ്മ റെഡിയായില്ലേ, എന്നാൽ ഡ്രെസ്സും സാധങ്ങങ്ങളുമൊക്കെ എടുത്തിട്ട് പ്രിയയെയും കൂട്ടിയിട്ട് നടന്നോ, ഞാൻ വാതിൽ പൂട്ടിയിട്ട് വരാം..
ഗായത്രി തലയാട്ടിയിട്ട് പുതിയ വീട്ടിലേക്ക് പോയി, പുറത്ത് അമ്മയും രതീഷും നിൽക്കുന്നുണ്ടായിരുന്നു, വാതിൽ തുറന്ന് അകത്തേക്ക് കയറി, കുറച്ച് കഴിഞ്ഞപ്പോൾ പൂജാരി വന്നു, രതീഷ് ഗായത്രിയെ നോക്കി…
ഉണ്ണിയെവിടെ… ഹോമം തുടങ്ങാൻ സമയമായെന്ന് വിളിച്ചു പറഞ്ഞേക്ക്..
ഗായത്രി ഫോണെടുക്കാൻ തുടങ്ങിയപ്പോഴേക്കും ഉണ്ണി വന്നു, പൂജക്കുള്ള സാധനങ്ങളൊക്കെ എടുത്ത് കൊടുത്തു, പൂജാരി അടുപ്പ് കത്തിക്കാൻ വിളിച്ചു, ഗായത്രി മുന്നിലേക്ക് ചെന്ന് അടുപ്പത്ത് പാലെടുത്ത് വെച്ചുകൊണ്ട് പ്രാർത്ഥിച്ച് തൊഴുതു, പൂജാരി അമ്മയെ നോക്കികൊണ്ട്…നിലവിളക്കെടുത്ത് പൂജാമുറിയിൽ വെച്ചോളൂ..
അമ്മയൊന്ന് ഉണ്ണിയെ നോക്കി, ഉണ്ണി അരികിലേക്ക് ചെന്നു..അമ്മ എടുത്തോളൂ… എന്നിട്ട് ഏടത്തിയമ്മയുടെ കയ്യിൽ കൊടുത്തേക്ക്..
അമ്മ മനസ്സിലാവാതെ നിന്നു..അയ്യോ അമ്മ വിളക്ക് വെക്കുന്നതിന് തടസ്സമുണ്ടായിട്ടല്ല, ഒരു ശപഥം മിസ്സാവണ്ട വിചാരിച്ചിട്ടാ..
അത് കേട്ടപ്പോൾ ഗായത്രി അമ്മയുടെ അടുത്തേക്ക് വന്നു, അമ്മ നിലവിളക്കെടുത്ത് ഗായത്രിക്ക് നേരെ നീട്ടി, അവളത് സന്തോഷത്തോടെ വാങ്ങിയിട്ട് മുറിയിൽ വെച്ചു..
പാലു തിളച്ച് പോവുന്നതും നോക്കിയിട്ട് ഗായത്രിയും പ്രിയയും ഡ്രസ്സ് മാറാനായി മുറിയിലേക്ക് കയറി, ഉണ്ണി വെറുതെ നിൽക്കുന്നത് കണ്ടപ്പോൾ രതീഷ് അടുത്തേക്ക് വന്ന് തോളിൽ തട്ടി..കാർന്നോര് ഡ്രസ്സ് മാറുന്നില്ലേ..
ഉണ്ണിയൊന്ന് ചിരിച്ചു..അത് ശരിയാണല്ലോ, ഞാൻ മറന്നുപോയി, ഒരു മിനിറ്റ് ഇപ്പോൾ വരാം..
ഉണ്ണി പെട്ടെന്ന് പോയിട്ട് ഡ്രസ്സ് മാറി പുറത്തേക്ക് വന്നു..ഇതെങ്ങനെയുണ്ട്…?
രതീഷ് അവനെയൊന്ന് അടിമുടി നോക്കി..ഹോ.. തിളങ്ങുന്നുണ്ട്…
അത് കേട്ടാൽ മതി, സന്തോഷം…
സംസാരത്തിനിടയിൽ മാധവനും കുടുംബവും കയറി വന്നു, അമൃത ഉണ്ണിയെ കണ്ടപ്പോൾ..എന്റെ ഭഗവാനെ ഇതാരാ നിൽക്കുന്നെ ഷാരുഖാനോ…
രാവിലെ തന്നെ കളിയാക്കല്ലേ…
ഉണ്ണി പുറകിലേക്കൊന്ന് നോക്കി, മാധവൻ വാതിൽപടിയിൽ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ അടുത്തേക്ക് ചെന്നു..എന്താ അമ്മാവാ ഇനിയും പിണക്കം തീർന്നില്ലേ..
മാധവൻ ഗൗരവത്തിലൊന്ന് നോക്കി..പിണക്കമൊന്നുമല്ല, നീ വിളിച്ചിട്ടേ കയറുന്നുള്ളൂ വിചാരിച്ചിട്ടാ..
എന്നാലും ഞാൻ വിളിച്ചിരിക്കുന്നു..അകത്തേക്ക് വരൂ ..
അകത്തേക്ക് വന്ന് വീടൊന്ന് ചുറ്റികറങ്ങി നോക്കി..ഇത് നിന്റെ പ്ലാൻ തന്നെയാണോ ..
പിന്നല്ലാതെ… ചിലവ് ചുരുക്കി ഉണ്ടാക്കിയതാ..
അത് പുറത്ത് നിന്ന് നോക്കുമ്പോൾ തോന്നും, പക്ഷെ അകത്തെ സെറ്റപ്പ് കണ്ടാൽ പറയില്ല..
അമൃത ഉണ്ണിയുടെ അരികിലേക്ക് ചേർന്നു..അവരെവിടെ…
ഉണ്ണി മുറി ചൂണ്ടി കാണിച്ചു..ആ മുറിയിലുണ്ട് കൊട്ടി നോക്കിക്കോ..
അമൃത മുറിയിലേക്ക് പോയി, കുറച്ച് സമയം കഴിഞ്ഞപ്പോൾ ആളുകളൊക്കെ വരാൻ തുടങ്ങി, ഉണ്ണി എല്ലാവരെയും സ്വീകരിച്ചു, രശ്മി വരുന്നത് കണ്ടപ്പോൾ രതീഷ് അടുത്തേക്ക് ചെന്ന് കൂട്ടി കൊണ്ട് അകത്തേക്ക് കയറി…കുറച്ചു സമയം കഴിഞ്ഞ് മുഹൂർത്തത്തോടടുത്തപ്പോൾ വിഷ്ണു കാറിൽ വന്നിറങ്ങി, എല്ലാവരും വന്ന് കഴിഞ്ഞപ്പോൾ മാധവൻ ഉണ്ണിയുടെ തോളിൽ തട്ടികൊണ്ട്…മുഹൂർത്തം കഴിയുന്നതിനു മുമ്പേ ചടങ്ങ് നടത്തിക്കൂടെ, അതിന് ശേഷം എന്താണെന്ന് വെച്ചാൽ ആവാലോ..
ഉണ്ണി തലയാട്ടി, അകത്തേക്ക് നോക്കിയിട്ട് അമൃതയോട് കൈകൊണ്ട് കാണിച്ചു, അമൃതയും സരസ്വതിയും ചേർന്ന് രണ്ട് പേരെയും സദസ്സിലേക്ക് കൊണ്ട് വന്നു, ഗായത്രി അടുത്ത് വന്നപ്പോൾ വിഷ്ണു അവളെ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു, അവളുടെ കൈ നീട്ടിയപ്പോൾ കയ്യിലിരുന്ന മോതിരം വിരലിലണിയിച്ചു, രണ്ട് പേരും മോതിരം മാറിയപ്പോൾ ഉണ്ണിയുടെ സൈഡിലേക്ക് തിരിഞ്ഞു, അവനൊന്ന് രണ്ടുപേരെയും നോക്കി ചിരിച്ചു..അവിടെ കഴിഞ്ഞ സ്ഥിതിക്ക് ഞാനും കൂടി മാറിക്കോട്ടേ…
ഗായത്രി തലയാട്ടി, ഉണ്ണി പ്രിയയെയൊന്ന് നോക്കിയിട്ട് മോതിരമണിയിച്ചു, തിരിച്ചും കയ്യിലിട്ടപ്പോൾ ക്യാമറാമാൻ 4 പേരോടും ചേർന്ന് നിൽക്കാൻ ആവശ്യപ്പെട്ടു, ചിരിച്ചുകൊണ്ടൊരു ഫോട്ടോയെടുത്തിട്ട് പരസ്പരം നോക്കി…ഇപ്പോൾ തന്നെ ഒരു കുടുംബമായി…
മറ്റുപരിപാടികളൊക്കെ കഴിഞ്ഞപ്പോൾ വിഷ്ണു വീട്ടിലേക്ക് കയറി ചുറ്റി കണ്ടു, തിരിച്ചു വന്ന് ഉണ്ണിക്ക് കൈ കൊടുത്തു..അളിയാ കലക്കിയിട്ടുണ്ട് വീടിന്റെ പ്ലാൻ..
ആ വിളി കേട്ടപ്പോൾ ഉണ്ണി ചിരിച്ചു..ഭഗവാനെ ഒരു ഡോക്ടറാണല്ലോ എന്നെ അളിയാന്ന് വിളിക്കുന്നത്… എന്നാൽ അളിയാ ഞാനൊന്ന് ചോദിക്കട്ടെ… എന്താ ഭാവി പരിപാടികൾ…
അങ്ങനെ പുതിയ പരിപാടിയൊന്നുമില്ല, ഗായത്രിയെ പ്രണയിച്ച് ഈ ഹോസ്പിറ്റലിൽ കൂടെ ചുറ്റി നടക്കണം..
സൂപ്പർ… ഞാനും ഇടയ്ക്ക് വരാം കമ്പനിക്ക്..
സംസാരത്തിനിടയിൽ ഗായത്രി അരികിലേക്ക് വന്നു..എന്താ രണ്ടാളും കൂടി ഒരു കള്ളത്തരം..
അളിയന് പുതിയ ആശുപത്രി കെട്ടണമെന്ന്…എന്താലേ..
ഗായത്രി ചിരിച്ചു..ആദ്യം എന്നെ കെട്ടാൻ പറ എന്നിട്ടല്ലേ ആശുപത്രി…
അത് അത്രയുള്ളൂ..
വിഷ്ണു പെട്ടെന്ന് സമ്മതിച്ചത് കണ്ടപ്പോൾ ഉണ്ണി കളിയാക്കികൊണ്ട്..കേട്ടയുടനെ തലയാട്ടിയോ… കഷ്ടം അതൊക്കെ എന്നെ കണ്ടു പഠിക്ക്..ഉണ്ണി പ്രിയയെ അടുത്തേക്ക് വിളിച്ചു, അടുത്തെത്തിയപ്പോൾ…നീ നാളെ തൊട്ട് ഹോസ്പിറ്റലിൽ ജോലിക്ക് പോവണ്ടാട്ടോ…
പ്രിയ അതു കേട്ടതും..നീ പോടാ… ഞാൻ എന്റെ ഇഷ്ടത്തിന് പോവും..
വിഷ്ണു വാ പൊത്തി ചിരിക്കാൻ തുടങ്ങി.എനിക്ക് തൃപ്തിയായി..
ഉണ്ണി പ്രിയയെ വെറുതെയൊന്ന് നോക്കി..നീ ഭക്ഷണം കഴിച്ചോ…ഇല്ലെങ്കിൽ പോയി കഴിച്ചിട്ട് വാ..
നീ വരുന്നില്ലേ..
ഗായത്രി വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു.വാ നമ്മുക്കും പോവാം, എനിക്ക് വിശക്കുന്നുണ്ട്…
4 പേരും ഭക്ഷണം കഴിക്കാനായി പോയി, കഴിക്കലെല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം വിഷ്ണു ഗായത്രിയെ കൈ വിടാതെ കാറിനടുത്തേക്ക് കൊണ്ട് പോയി,അവളുടെ കയ്യൊന്നു കൂടി മുറുക്കെ പിടിച്ചിട്ട് മുഖത്തേക്ക് നോക്കി..
ഞാൻ വൈകുന്നേരം വിളിക്കാം..
ഗായത്രി കണ്ണ് നനയുന്നതിനിടയിലും ചിരിച്ചിട്ട് തലയാട്ടി, വിഷ്ണു കാറിൽ പോവുന്നതും നോക്കി കുറെ നേരം പുറത്ത് നിന്നു, ഉണ്ണി വന്ന് തോളിൽ തട്ടി..
വാ നമ്മുക്ക് ഡോക്ടറെ നാളെ കാണാം.ഗായത്രി ഉണ്ണിയുടെ കൂടെ അകത്തേക്ക് നടന്നു, അമ്മയും രതീഷും മാധവന് കൈകൊടുത്തിട്ട് യാത്രയാക്കി, അമൃത ഗായത്രിയെ കെട്ടിപിടിച്ചു..സന്തോഷമായി… എന്റെ പ്രാർത്ഥന ഫലിച്ചു..
എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഉണ്ണി പ്രിയയെ നോക്കി…വാ പോവാം..
എങ്ങോട്ട്…
അതൊക്കെയുണ്ട്… എടത്തിയമ്മ ഞങ്ങളിപ്പോൾ വരാം..
ഗായത്രി ശരിയെന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി, ഉണ്ണി പ്രിയയെയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്കാണ് പോയത്, പ്രിയ കാര്യം മനസ്സിലാവാതെ കൂടെ നടന്നു, കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ണിയൊന്ന് നിന്നു, കയ്യിലിരുന്ന മാല പുറത്തെടുത്തു, പ്രിയ ഉണ്ണിയുടെ പുറകിലേക്ക് നോക്കി, അച്ഛന്റെയും അമ്മയുടെയും അടുത്താണ് നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി, ഉണ്ണി അവളെ നോക്കി..
ഞാൻ പറഞ്ഞിരുന്നില്ലേ ഒരു താലിയുണ്ടെന്ന്, അത് കെട്ടാൻ പറ്റിയ സ്ഥലം ഇതാ, എനിക്കിന്ന് നിന്നെ പകുതിയായിട്ടല്ല മുഴുവനായിട്ടും വേണം..
ഉണ്ണി അവളുടെ കഴുത്തിൽ പ്രിയയുടെ അച്ഛനെയും അമ്മയെയും സാക്ഷിയാക്കി താലി ചാർത്തി, അവൾ അവന്റെ ദേഹത്തേക്ക് വീണു…എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്..
എനിക്ക് നിന്നെ അല്ലെ ഇങ്ങനെ സ്നേഹിക്കാൻ കഴിയൂ… നിന്നെ മാത്രം..
ഉണ്ണിയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങുമ്പോഴും പ്രിയ പുറകിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു, അവിടെയിരുന്ന് അച്ഛനും അമ്മയും തന്നെ അനുഗ്രഹിക്കുന്നതായി അവൾക്ക് തോന്നി, യാത്രയിലുടനീളം അവൾ ഉണ്ണിയെ ചേർന്നിരുന്നു, തിരിച്ച് വീട്ടിലെത്തിയപ്പോൾ പ്രിയ കണ്ണ് തുടച്ചിട്ട് അകത്തേക്ക് കയറി, ഗായത്രി രണ്ട് പേരെയും നോക്കി…നല്ല ചേർച്ചയുണ്ട്..
ഉണ്ണിയൊന്ന് ചിരിച്ചു..ഇപ്പോൾ ഏടത്തിയമ്മയുടെ എല്ലാം ആഗ്രഹവും കഴിഞ്ഞില്ലേ, ഇനി പുതിയത് നമ്മുക്ക് വേറെ പ്ലാനിടാം…
ആയിക്കോട്ടെ…
അമ്മയും രതീഷും പോവാൻ നേരം ഉണ്ണിയെ ചേർത്ത് പിടിച്ചു..ഞങ്ങൾ അപ്പുറത്തുണ്ട്.. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്ക്..
ഉണ്ണി ചിരിച്ചിട്ട് അവരെ യാത്രയാക്കി, എല്ലാം മംഗളമായി കഴിഞ്ഞു, ഉണ്ണി രാത്രിയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി തിരഞ്ഞപ്പോഴാണ് പ്രിയയും ഗായത്രിയും പുറത്തിരിക്കുന്നത് കണ്ടത്, അങ്ങോട്ട് ചെല്ലുമ്പോൾ പ്രിയ ഗായത്രിയുടെ മടിയിൽ കിടക്കുകയായിരുന്നു..
എന്താ രണ്ടുപേരും കൂടി നിലാവും നോക്കി ഇരിക്കാണോ..
ആണെങ്കിൽ…പ്രിയ മറുപടി പറഞ്ഞപ്പോൾ ഉണ്ണി പ്രിയയെ തിരക്കി ഗായത്രിയുടെ മടിയിലേക്ക് തലവെച്ചു അവളെ ചേർന്ന് കിടന്നു…
എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഢാലോചന…ഉണ്ണി പ്രിയയുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു..
പ്രിയ തിരിഞ്ഞ് ഉണ്ണിയുടെ നേരെ കിടന്നു..ഒന്നുമില്ല ഞങ്ങളിത് വരെ കഴിഞ്ഞതൊക്കെ പറഞ്ഞുകൊണ്ടിരിക്കായിരുന്നു…
ആണോ എന്നാൽ ഞാനും കേൾക്കട്ടെ.. ആദ്യം തൊട്ട് പറ…
ഇനി പറയുന്നില്ല… കഥ അവസാനിച്ചു..
നിന്നോടാരാ ചോദിച്ചത്…ഉണ്ണി ഗായത്രിയെ നോക്കി..എടത്തിയമ്മ പറയൂ..
ഗായത്രി ഉണ്ണിയെയും പ്രിയയെയും ചേർത്ത് പിടിച്ചു..
അവൾ പറഞ്ഞത് സത്യമാണ്, കഥ അവസാനിച്ചു… ഇനി നമ്മുക്ക് ജീവിക്കാൻ തുടങ്ങാം… സന്തോഷമായിട്ട്….
അവസാനിച്ചു