രാവിലെ അടുക്കളയിൽ പണിതിരക്കിലായിരുന്നു ഗായത്രി …..
മോളെ ആ പാത്രമിങ്ങോട്ടെടുത്തേ…..
ദേവകിയമ്മ കഴുകി വെച്ച പാത്രം ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു….
പാത്രമെടുത്ത് അരികിൽ വെച്ച് തിരിഞ്ഞപ്പോഴാണ് അടുക്കളയിലേക്ക് ഉണ്ണി കയറി വന്നത്.
അമ്മേ ചായ റെഡിയായോ …?
അതൊക്കെ അങ്ങോട്ട് കൊണ്ടുവന്ന് തരാ …… ഇവിടെ എനിക്ക് നൂറുകൂട്ടം പണിയുള്ളതാ… അതിന്റെ ഇടയിൽ നിന്ന് തിരിയാതെ പുറത്തെങ്ങാനും പോയിരിക്ക് നീ ….ദേവകിയമ്മ കയ്യിലിരുന്ന പാത്രം അടുപ്പിനു മുകളിൽ വെച്ചുകൊണ്ട് പറഞ്ഞു…അമ്മ ചൂടിലാണെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങാൻ ഒരുങ്ങിയപ്പോഴാണ് ഗായത്രിയെ ശ്രദ്ധിച്ചത്…. ഉണ്ണി ഒന്നിരുത്തി മൂളി കൊണ്ട് …..
അമ്മേ ….. മൗനവ്രതത്തിലുള്ള ആൾക്കാര് ഇന്ന് വല്ലതും മിണ്ടിയാരുന്നോ …?
തന്നെയാണ് പറയുന്നത് മനസ്സിലാക്കി ഗായത്രിയൊന്ന് തിരിഞ്ഞു നോക്കി….
നോട്ടം കണ്ട് ഉണ്ണിയൊന്ന് ചിരിച്ചു കാണിച്ചു…
നീ അവിടെയെങ്ങാനും പോയിരുന്നാ ….അമ്മ വീണ്ടും ദേഷ്യം കാണിക്കാൻ തുടങ്ങി. ഉണ്ണി അടുക്കളയിൽ നിന്നിറങ്ങി ടേബിളിലിരുന്ന പത്രവുമെടുത്ത് മുറിയിലേക്ക് പോയി….. പത്രം വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് ഗായത്രി ചായയുമായി കടന്നുവന്നത്….. ചായ ഉണ്ണിക്കു നേരെ നീട്ടി….. അവൻ തലയുയർത്തിയൊന്ന് നോക്കി…..
ഞാൻ മൗനവ്രതത്തിൽ ഇരിക്കുന്നവരുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കാറില്ല…..
ഗായത്രി ചായ മുന്നിലിരുന്ന ടേബിളിൽ വെച്ചു…
ഉണ്ണി എനിക്കൊരു ഉപകാരം ചെയ്യോ ….?
അവൻ കയ്യിലിരുന്ന പത്രം താഴെ വെച്ചു…
ഹാവൂ മിണ്ടി തുടങ്ങിയല്ലോ…. പറയു കേൾക്കട്ടെ എന്താ ചെയ്യേണ്ടത്….
എന്റെ കൂടെയൊന്ന് വീട്ടിലേക്ക് വര്വോ…?
ഉണ്ണിയൊന്ന് ചിരിച്ചു…….
ഏടത്തിയമ്മക്ക് ഒറ്റക്ക് പോകാവുന്ന ദൂരമല്ലെയുള്ളൂ…. ഞാൻ വരണമെന്ന് നിർബന്ധമുണ്ടോ …..
ഗായത്രി ഉണ്ണിക്കരികിലേക്കായി നീങ്ങി നിന്നു …..
അമ്മ ഒറ്റക്ക് പോകേണ്ട പറഞ്ഞതുകൊണ്ടല്ലെ നിന്നെ വിളിക്കുന്നേ…..
അയ്യോ അതമ്മ ഏട്ടൻ വന്നിട്ട് പോയാൽ പോരെ എന്നുദ്ദേശിച്ച് പറഞ്ഞതാവും .. കല്ല്യാണം കഴിഞ്ഞിട്ട് മൂന്നാഴ്ച്ച ആയല്ലെയുള്ളൂ… ഒറ്റക്ക് വിടുന്നത് ശരിയല്ലെന്ന് തോന്നികാണും…
ഏട്ടൻ ശനിയാഴ്ച്ചയല്ലെ വരൂ , അതിന് ഇനിയും 5 ദിവസമില്ലെ , എനിക്ക് വീട്ടിൽ പോയി അമ്മയെയൊന്ന് കാണണം തോന്നുന്നു….. നമ്മുക്ക് വേണേൽ രാവിലെ പോയിട്ട് ഉച്ചയക്കു വരാം…..
ഉണ്ണി ഗായത്രിയെയൊന്ന് നോക്കി……
അത്യാവശ്യമാണോ …..?
ഗായത്രി അവന്റെ അരികിലിരുന്നു….
നീയൊന്ന് അമ്മയോട് പറയോ … പ്ലീസ് … നീ കൊണ്ടുപോവാ പറഞ്ഞാൽ വിടും…
സത്യം പറഞ്ഞാൽ ഏടത്തിയമ്മക്ക് ഇപ്പോൾ എന്റെ തല പണയം വെച്ച് വീട്ടിൽ പോയിട്ട് വരണം ….. അത്രയല്ലെയുള്ളൂ… ശരി …. ഞാൻ ചോദിച്ചു നോക്കട്ടെ ….
ചായ ഗ്ലാസ്സുമെടുത്ത് ഡൈനിംഗ് ടേബിളിൽ വന്നിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ദേവകിയമ്മ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു….
അമ്മ ഒന്നിങ്ങോട്ടു വന്നേ….
എന്താടാ നിനക്ക് ചായ കിട്ടിയില്ലെ….വേറെ എന്തെങ്കിലും വേണോ…?
ദേവകിയമ്മ ഉണ്ണിയുടെ അടുത്തേക്കു ചെന്നു.
അതൊന്നുമല്ല … ഏടത്തിയമ്മക്ക് വീട്ടിൽ പോകണമെന്ന് പറയുന്നു…..
ഞാൻ രതീഷ് വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞതാണല്ലോ…..
ഏട്ടൻ വരാൻ നാലഞ്ച് ദിവസം കഴിയണ്ടെ…. എന്തോ അത്യാവശ്യമാണെന്ന് തോന്നുന്നു… ഞാൻ കൊണ്ടുപോയി വിടാം ….
എന്ത് അത്യാവശ്യം ….?
വല്ലതും എടുക്കാനാവും ….എന്തായാലും വലിയ ദൂരമൊന്നുമില്ലലോ , നാളെ രാവിലെ പോയിട്ട് വൈകുന്നേരമാകുമ്പോൾ വന്നോളും….
ഞാനൊന്നും പറയുന്നില്ല , രതീഷിനോട് ചോദിച്ചിട്ട് വേണമെങ്കിൽ പൊയ്ക്കോളാൻ പറ ….
അതൊക്കെ ഞാൻ പറഞ്ഞോളാം…..
ഉണ്ണി അടുക്കളയിലേക്ക് നോക്കികൊണ്ട് ….
ഏടത്തിയമ്മ വൈകുന്നേരം ഏട്ടൻ വിളിക്കുമ്പോൾ പറഞ്ഞേക്ക് ട്ടോ ….
ഗായത്രി അകത്തുനിന്ന് ശരിയെന്ന് വിളിച്ചു പറഞ്ഞു.
******************************
പിറ്റേ ദിവസം രാവിലെ ……
റെഡിയായോ ….. ഇപ്പോൾ തന്നെ സമയം പോയി…..
ഒരു മിനിറ്റ് ഞാനീ ഷർട്ടൊന്നിട്ടിട്ട് ഇപ്പോൾ വരാം……
ഉണ്ണി പെട്ടെന്ന് പുറപ്പെട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു .. ഗായത്രി പുറകിലേക്ക് കയറി….
യാത്രയിലുടനീളം അവളൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് …..
ഏടത്തിയമ്മക്ക് എന്താ ഒരു ടെൻഷൻ പോലെ ….
ഗായത്രിയൊന്ന് നേരെയിരുന്നു.
എനിക്കൊന്നുമില്ല , നീ നേരെ നോക്കി വണ്ടിയോടിക്ക് ….
ശരി… ആയിക്കോട്ടെ …. ഇന്ന് മിണ്ടുന്നെങ്കിലുമുണ്ടല്ലോ ഭാഗ്യം
കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം വീട്ടിലെത്തി… ബൈക്കിന്റെ ശബ്ദം കേട്ട് ഗായത്രിയുടെ അമ്മ പുറത്തേക്കിറങ്ങി വന്നു… ഗായത്രി സീറ്റിൽ നിന്നിറങ്ങി നടന്ന് അമ്മയുടെ അരികിലെത്തി … അമ്മ അവളെ ചേർത്തുപിടിച്ചു..
മോളെ കുറിച്ച് ഇപ്പോൾ പറഞ്ഞേയുള്ളൂ….. ഞായറാഴ്ച്ച വരാൻ പറ്റുമോന്ന് വൈകുന്നേരം വിളിക്കുമ്പോൾ ചോദിക്കണം വിചാരിച്ചിരിക്കുകയായിരുന്നു.
അവളൊന്നും മിണ്ടാതെ കയറിപോയി…. അമ്മ ഉണ്ണിയെ നോക്കികൊണ്ട് …
മോനെന്താ പുറത്തു തന്നെ നിന്ന് കളഞ്ഞത് , അകത്തോട്ട് കയറി വരൂന്നേ…
ഉണ്ണി അമ്മയുടെ കൂടെ അകത്തേക്ക് കയറിയിരുന്നു…. ഗായത്രി മുറിയിൽ നിന്ന് അമ്മയെ വിളിച്ചു….
ഉണ്ണി ഒരു മിനിറ്റ് ഇരിക്കൂട്ടോ , ഞാൻ ചായയെടുത്തിട്ട് വരാം….
അയ്യോ ചായയൊന്നും വേണമെന്നില്ല , ഏടത്തിയമ്മ ഒറ്റക്ക് വരണ്ടലോ വിചാരിച്ച് കൂടെ വന്നതാ , എനിക്ക് കുറച്ച് ജോലി തിരക്കുണ്ടായിരുന്നു… ഞാനിറങ്ങട്ടെ…
ഉണ്ണി കസേരയിൽ നിന്നെഴുന്നേറ്റു…അമ്മ മുറിയിലേക്ക് നോക്കി ഗായത്രിയെ വിളിച്ചുകൊണ്ട്…. ഉണ്ണി ഇറങ്ങാ പറയുന്നു നീ ഇങ്ങോട്ട് വന്നേ… ഗായത്രി പുറത്തേക്കിറങ്ങി വന്നു…
ഏടത്തിയമ്മേ …. ഞാൻ പോയിട്ട് എത്ര മണിക്കാ വരേണ്ടത്…?
വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ വന്നാ മതി ….
ഗായത്രി മുറിയിലേക്ക് തിരിച്ചു പോയി ….ഉണ്ണി ബൈക്കിനരുകിലേക്ക് ചെന്നു… സ്റ്റാർട്ട് ചെയ്ത് ഗായത്രിയുടെ മുറിയിലെ ജനാലയിലേക്ക് നോക്കി… അത് അടഞ്ഞു തന്നെ കിടക്കുന്നു… മുമ്പ് … വരുമ്പോഴും പോകുമ്പോഴും ജനാലയിലൂടെ എത്തി നോക്കിയിരുന്ന ഗായത്രിയെ ” മനസ്സിൽ ” ആലോചിച്ച് ബൈക്കെടുത്ത് പുറത്തേക്കിറങ്ങി…. യാത്രയിൽ തണുത്ത കാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങിയപ്പോൾ അവന്റെ ഓർമ്മകൾക്ക് ജീവൻ വന്നു തുടങ്ങി….. ഒരാളെ കാണാൻ ദിവസവും ആശുപത്രി വരാന്തകളിലൂടെ ചുറ്റിതിരിയുന്നതിനിടയിൽ കണ്ടൊരു പരിചയമാണ് , പിന്നീടത് വളർന്ന് ഏട്ടന്റെ ജീവിതസഖിയായി കൂടെ കൂട്ടാൻ ആലോചന വരെ ആക്കി കൊടുത്തു….
നിർത്താതെ സംസാരിക്കുന്ന , എപ്പോഴും എന്തെങ്കിലും പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്ന ഗായത്രിയെയാണ് ഉണ്ണിയുടെ ഓർമ്മകളിലുള്ളത്…. ഓരോന്നും ആലോചിച്ചു കാടു കയറുന്നതിനിടയിലാണ് പുറകിൽ നിന്ന് ഹോണടിയുടെ ശബ്ദം കേട്ടത് , വേഗത കൂട്ടി ജോലി സ്ഥലത്തെത്തി …. ടൗണിൽ തന്നെയുള്ള കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് , അത് കൊണ്ട് സൈറ്റ് വിസിറ്റിംങ്ങെന്ന് പറഞ്ഞ് ഓഫീസിലിരിക്കുന്ന ശീലം ഉണ്ണിക്കില്ല….. ബൈക്ക് പാർക്ക് ചെയ്ത് അകത്തേക്ക് കയറി….. സീറ്റിലിരുന്ന് കമ്പ്യൂട്ടർ ഓണാക്കിയപ്പോഴേക്കും മൊബൈൽ റിംങ്ങ് ചെയ്യാൻ തുടങ്ങി…. കയ്യിലെടുത്ത് സ്ക്രീനിലേക്ക് നോക്കി…. ഗായത്രി …
ഹലോ ….
ഉണ്ണി …. കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും കൂട്ടികൊണ്ടു പോകാൻ പറ്റ്വോ …?
അതിനെന്താ വരാലോ …..അല്ല .. വൈകുന്നേരമേ വരുന്നുള്ളൂ പറഞ്ഞിട്ട് ഇതെന്തു പറ്റി….
ഫോൺ കട്ടായി ……
ഉണ്ണി മൊബൈലെടുത്ത് താഴെ വെച്ചു…സമയം കടന്നുപോയ് കൊണ്ടിരുന്നു…ഉച്ചയ്ക്ക് ഗായത്രിയുടെ വീട്ടിലെത്തി … ബൈക്കിന്റെ ശബ്ദം കേട്ട് ഗായത്രി പുറത്തേക്കിറങ്ങി വന്നു… ഇറങ്ങാൻ നിന്ന ഉണ്ണിയെ തടുത്തു കൊണ്ട് …
ഞാൻ റെഡിയായിട്ടാ നിൽക്കുന്നത്…. നമ്മൾക്കു പോകാം….
ഗായത്രി പുറകിലേക്ക് കയറി….. അമ്മ പുറകെ വന്നു….
എടീ .. നിൽക്ക്.. അവനോട് ഭക്ഷണം കഴിക്കണോന്നെങ്കിലും ചോദിക്കട്ടെ ….
അവൻ വീട്ടിൽ പോയിട്ട് കഴിച്ചോളും …. ഉണ്ണീ … നീ ..വണ്ടിയെടുത്താ…ഗായത്രി ദേഷ്യത്തോടെ പറഞ്ഞു….
ഉണ്ണി രണ്ടാമതൊന്ന് പറയാൻ നിൽക്കാതെ ബൈക്കെടുത്തു…..വീട്ടിലെത്തിയിട്ടും ഗായത്രിയൊന്നും മിണ്ടാൻ നിൽക്കാതെ നേരെ മുറിയിൽ കയറി വാതിലടച്ചു…..ഉണ്ണി ഡൈനിംഗ് ടേബിളിലിരുന്നു….ദേവകിയമ്മ ഭക്ഷണം വിളമ്പി ….
അവളു കഴിച്ചിട്ടാണോ വന്നേ….?
ആ …. എനിക്കറിയില്ല….ഞാൻ ചെന്നപ്പോഴേക്കും റെഡിയായി പുറത്ത് നിൽക്കായിരുന്നു….
ഭക്ഷണം കഴിച്ച് കൈ കഴുകി അടുക്കളയിലേക്ക് ചെന്നു….
അമ്മേ ഞാനിറങ്ങാ …. കുറച്ചു കഴിഞ്ഞിട്ട് ഏടത്തിയമ്മയുടെ അടുത്ത് പോയി ഭക്ഷണം കഴിക്കേണ്ടേ എന്ന് ചോദിച്ചു നോക്കൂ…
ദേവകിയമ്മ ഉണ്ണിയെയൊന്ന് തിരിഞ്ഞു നോക്കി….
അവളു വേണമെങ്കിൽ കഴിച്ചോളും …. നീ നിന്റെ ജോലിക്ക് പോകാൻ നോക്ക്…
എന്നാലും അമ്മക്കൊന്ന് ചോദിച്ചു നോക്കാം …മറക്കണ്ട..
അത് ഞാൻ നോക്കികോളാ…
ഉണ്ണി വീട്ടിൽ നിന്നിറങ്ങി….. വൈകുന്നേരം കുറച്ചു നേരത്തെയെത്തി…. നേരെ അടുക്കളയിലേക്ക് ചെന്നു… അമ്മ അവിടെ പാത്രം കഴുകുന്നത് കണ്ടു…
അമ്മേ …. ഏടത്തിയമ്മ എവിടെ …?
ദേവകിയമ്മ കഴുകി കൊണ്ടിരുന്ന പാത്രം എടുത്ത് വെച്ച് ഫ്രിഡ്ജിനരികിലേക്ക് ചെന്നു..
അമ്മക്ക് ചോദിക്കുന്നത് കേൾക്കുന്നില്ലെ..?
പച്ചക്കറികൾ കയ്യിലെടുത്ത് ഫ്രിഡ്ജ് ദേഷ്യത്തോടെ അടച്ചു..
വന്നപ്പോൾ തൊട്ട് മുറിയടച്ചിരിക്കുന്നതാ….ഞാനൊട്ട് ചോദിക്കാനും പോയിട്ടില്ല …അവളൊട്ട് പുറത്തും വന്നിട്ടില്ല…
… വെയിലത്തു വന്നതല്ലെ .തലവേദന വല്ലതും ഉണ്ടാവും…അമ്മക്കതൊന്ന് ചോദിച്ചു നോക്കി കൂടായിരുന്നോ ..?
എനിക്കിവിടെ ഇഷ്ടം പോലെ പണിയുണ്ട് ….. നിങ്ങളുടെയൊക്കെ പുറകെ നടന്നാ അതൊക്കെ ആരു നോക്കും…
ഉണ്ണി അമ്മയുടെ അരികിൽ നിന്ന് ഗായത്രിയുടെ മുറിയിലേക്ക് നടന്നു. വാതിലിൽ കൊട്ടി , തുറക്കുന്നത് കാണാത്തത് കണ്ട്…..
അതേയ് … എടത്തിയമ്മ… ഇങ്ങനെ മുറിയടച്ച് ഇരുന്നാ ബാക്കിയുള്ളോർക്ക് എന്താ കാര്യമെന്ന് മനസ്സിലാവോ ….വാ തുറന്ന് ഒന്നും പറയത്തുമില്ലാന്ന് വെച്ചാ ….
ഗായത്രി മുറിയുടെ വാതിൽ തുറന്നു…ഉണ്ണി അവളുടെ മുഖത്തേക്ക് നോക്കി….കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ തലതാഴ്ത്തി നിന്നു … ഉണ്ണി മുറിയിലേക്ക് കയറി….
എന്താ പ്രശ്നം …. ഞാനും കുറേ ദിവസായിട്ട് ശ്രദ്ധിക്കുന്നതാ….എങ്ങനെയുണ്ടായിരുന്ന ആളാ …. ഇപ്പോൾ … ആരോടും മിണ്ടാതെ ….എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ തുറന്നു പറഞ്ഞൂടേ…
ഗായത്രിയൊന്ന് ഉണ്ണിയെ സൂക്ഷിച്ച് നോക്കി…..
കാര്യം തുറന്നു പറഞ്ഞാൽ നീയെനിക്ക് പരിഹരിച്ചു തരോ…?
പിന്നെന്താ ….പരിഹരിക്കാൻ പറ്റാത്ത എന്തു പ്രശ്നമാ ഉള്ളത്…ഉണ്ണി ആത്മവിശ്വാസത്തോടു കൂടി പറഞ്ഞു…
എന്നാൽ ഞാൻ പറയട്ടെ …..എന്റെ പ്രശ്നം ഉണ്ണിയുടെ ഏട്ടനാണ്…
മനസ്സിലായില്ല…ഉണ്ണിയൊരു സംശയത്തോടു കൂടി ചോദിച്ചു…
നല്ലോണം കേട്ടോ …നിന്റെ ഏട്ടനൊരു സാഡിസ്റ്റാണ്….
ഏടത്തിയമ്മ എന്തൊക്കെയാ പറയുന്നത്…
സങ്കടവും ദേഷ്യവും നിയന്ത്രിക്കാനാവാതെ ഗായത്രി അലറി ….
നിന്റെ ഏട്ടൻ എന്നെ രാത്രിയിൽ കിടന്നുറങ്ങാൻ സമ്മതിക്കുന്നില്ലെന്ന് ….
തുടരും….
©️Abhijith’s Pen