പ്രിയം ~ ഭാഗം 02 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഏടത്തി എന്റെ അമ്മയോട് പറഞ്ഞില്ലെ ഈ കാര്യം …?

ഗായത്രി ഉണ്ണിയുടെ അരികിലിരുന്നു…

എന്റെ അമ്മയോടും നിന്റെ അമ്മയോടുമൊക്കെ പറഞ്ഞു കഴിഞ്ഞതാ …..

അവരെന്തു പറഞ്ഞു….?

ഭർത്താക്കന്മാരാവുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും , ഞാൻ കുറച്ച് അറിഞ്ഞ് പെരുമാറണമെന്ന് ….

നല്ല ഉപദേശം….ഉണ്ണി പുച്ഛത്തോടെ പറഞ്ഞു…

ഇതു കൊണ്ടായിരുന്നോ ഇത്രയും ദിവസം മിണ്ടാതെ നടന്നിരുന്നത്….?

എന്നെ കൊണ്ട് സത്യായിട്ടും സഹിക്കാൻ പറ്റുന്നില്ല ഉണ്ണി …ഗായത്രി വിതുമ്പാൻ തുടങ്ങി.

പ്ലീസ് കരയരുത്…. എനിക്ക് ഏടത്തിയമ്മയുടെ വിഷമം മനസ്സിലാവുന്നുണ്ട്..………

ഗായത്രി കണ്ണു തുടച്ചു…ഞാനെന്താ ചെയ്യേണ്ടതെന്ന് നീയെങ്കിലും പറ …..?

ഏടത്തിയമ്മക്ക് അവനെ ശരിക്കും ഇഷ്ടമാണോ ….?

ഇഷ്ടകുറവൊന്നുമില്ല….. പക്ഷേ ….ഗായത്രി വിക്കി .

മനസ്സിലായി….. ഞാൻ ചോദിച്ചതെന്തിനാന്ന് വെച്ചാ ….. കൗൺസിലിംഗ് ഒക്കെ കൊടുത്ത് ശരിയാക്കിയാൽ ജീവിക്കാൻ കഴിയോന്നറിയാനാ ……

…പകലുള്ള പോലത്തെ പെരുമാറ്റം തന്നെ രാത്രിയിലുമായാൽ സന്തോഷത്തോടെ ജീവിക്കാം…. എനിക്ക് കുഴപ്പമൊന്നുമില്ല…

എന്നാൽ എനിക്കൊരു ചാൻസ് തരോ….ഉണ്ണി ഗായത്രിയുടെ കയ്യിൽ പിടിച്ചു…

പറയാൻ എളുപ്പാ ഉണ്ണി …..നിന്റെ ഏട്ടനോട് ഈ കാര്യം പറഞ്ഞാൽ സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ…

ഞാൻ വഴിയുണ്ടോന്ന് നോക്കട്ടെ …..ഒരു പക്ഷേ അതു ശരിയായില്ലെങ്കിൽ ഏടത്തിയമ്മക്ക് ഡൈവേഴ്സ് വാങ്ങാം..

ഡൈവേഴ്സൊന്നും അത്ര പെട്ടെന്ന് നടക്കില്ല ഉണ്ണി ….എന്റെ വീട്ടിലുള്ളവരൊക്കെ ഒന്നാമത് എതിരായിട്ടാ നിൽക്കുന്നത്. നിന്നെ എനിക്ക് വിശ്വാസമുണ്ട്.. ഇതിനു പരിഹാരം കാണാൻ പറ്റുമെങ്കിൽ ഞാൻ വേണമെങ്കിൽ വെയ്റ്റ് ചെയ്യാം….ഗായത്രി ഉണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു.

ഏടത്തിയമ്മ ശരിക്കും ഇന്ന് തൊട്ട് ജോലിക്ക് കയറേണ്ടതല്ലെ , നാളെ തൊട്ട് എന്തായാലും പോകണം…. ഞാൻ കൊണ്ടാക്കി തരാം….

ഗായത്രിയൊന്ന് ചിരിച്ചു…ശരി….

ഗായത്രി മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു….. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ……

അമ്മേ നാളെ തൊട്ട് ഏടത്തിയമ്മ ജോലിക്ക് പോകാൻ തുടങ്ങാ…. അതുകൊണ്ട് രാവിലെ കുറച്ച് നേരത്തെ അടക്കളയിൽ നിന്ന് വിടണം .. അപേക്ഷയാണ്…..

ഇതൊക്കെ രതീഷിനോട് ചോദിച്ചിട്ടു തന്നെയാണോ ..? ഗായത്രിയെ നോക്കി കൊണ്ട് ദേവകിയമ്മ ചോദിച്ചു…

അവളു മറുപടി പറയുന്നതിനു മുമ്പേ ഉണ്ണി ഇടയിൽ കയറി……

അതൊക്കെ മുന്നേ പറഞ്ഞിട്ടുള്ള കാര്യമല്ലേ …. നേഴ്സിംഗ് ഒക്കെ എല്ലാവരെ കൊണ്ടും ചെയ്യാൻ പറ്റിയ കാര്യമാണോ….നല്ല ജോലിയുണ്ടായിട്ട് പോവാതിരിക്കാന്നു വെച്ചാ ….

ഞാനൊരു അഭിപ്രായവും പറയുന്നില്ല….എന്താന്നു വെച്ചാ ചെയ്യ് ….ദേവകിയമ്മ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു…. അമ്മ പോയതിനു ശേഷം ….

അമ്മ ഏട്ടനോട് പറഞ്ഞ് മുടക്കോ ….ഗായത്രി സംശയത്തോടെ ചോദിച്ചു…

ഒന്നും പറയാൻ പറ്റില്ല….എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ നോക്കാം…

*******************

പിറ്റേ ദിവസം രാവിലെ …ഹോസ്പിറ്റലിനു മുന്നിൽ ……

ശരി….. ഞാൻ വൈകുന്നേരം ബസ്സിൽ വന്നോളാം….. നീ ബുദ്ധിമുട്ടണമെന്നില്ല…

എനിക്കെന്ത് ബുദ്ധിമുട്ട് ….ഉണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു.

എന്നാ ഓക്കേ …. നീ പൊയ്ക്കോ…. വൈകുന്നേരം കാണാം….

ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി…..

നീ പോകുന്നില്ലെ….?

അല്ല …. ഞാനും കൂടെ മുകളിലേക്ക് വരട്ടെ …..

എന്തിന്….?

വെറുതെ … കുറേ ദിവസമായില്ലെ ഈ വഴിയൊക്കെ വന്നിട്ട് ….എല്ലാവരെയും കണ്ടിട്ട് പോകാമല്ലൊ…..

ഗായത്രി ഉണ്ണിയുടെ മുഖത്തേക്ക് നോക്കി..എല്ലാവരെയും എന്ന് പറഞ്ഞാൽ …. വെളുത്ത് ചുരുണ്ട മുടിയൊക്കെയുള്ള ആളെയും കൂടി പെടുമോ …?

കൂട്ടത്തിൽ അവളെയും കാണാമല്ലൊ…?ഉണ്ണി നാണിച്ച് തല താഴ്ത്തി ..

മതി… മതി… സമയം പോകുന്നു …. വരുന്നുണ്ടെങ്കിൽ വാ …..

രണ്ടു പേരും ഹോസ്പിറ്റലിനകത്തേക്ക് കയറി….

ഉണ്ണി മുകളിലേക്ക് പൊക്കോ….. ഞാൻ ഓഫീസിൽ പറഞ്ഞിട്ട് വരാം…

ശരി… ഞാൻ മുകളിലുണ്ടാവും….

ഉണ്ണി സ്റ്റെയർ ഓടി കയറി….. രണ്ടാം നിലയിലെ നേഴ്സിംഗ് സ്റ്റേഷനിലെത്തി …
അവിടെയൊക്കെ കണ്ണോടിച്ചു ..

ചിത്ര ചേച്ചി …..എന്റെ ആളെവിടെ….?

ചിത്ര ഷെൽഫിനരികിലേക്ക് കൈ ചൂണ്ടി കൊണ്ട് …..

നീ വരുന്നത് കണ്ടിട്ട് ഒളിഞ്ഞു നിൽക്കാ ….

ഉണ്ണി ഷെൽഫിനു താഴേക്ക് നോക്കി… പാദസരമിട്ട കാലുകൾ കാണുന്നുണ്ട്…..

ചിത്ര ചേച്ചി എനിക്ക് ഒരാളെ കാണാഞ്ഞിട്ട് മനസ്സ് വല്ലാതെ വേദനിച്ചിട്ട് വയ്യ…..

കാർഡിയോളജിസ്റ്റ് കുറച്ചു കഴിഞ്ഞാൽ വരും കാണിച്ചോളാൻ പറ ചേച്ചി….ഷെൽഫിനു പുറകിൽ നിന്ന് ഉത്തരം വന്നു.

നീ ഇങ്ങോട്ടു വരുന്നോ …. അതോ ഞാനങ്ങോട്ടു വരണോ ..?

ഷെൽഫിനരികിൽ നിന്ന് രണ്ട് കൈകൾ പുറത്തേക്കിട്ട് കൂപ്പി കൊണ്ട് …

വേണ്ട …. വേണ്ട …. ഞാനങ്ങോട്ടു തന്നെ വന്നോളാ…..

അവൾ നടന്ന് അരികിലെത്തി…….

എന്നെ ഇപ്പോൾ നല്ല പേടിയുണ്ടല്ലെ …?ഉണ്ണി അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

പിന്നെ ഞാനെന്തിനാ നിന്നെ പേടിക്കുന്നേ…. അവിടുന്ന് ഒരു സാധനമെടുക്കാനുണ്ടായിരുന്നു…

ആണോ …. ഇപ്പോൾ ഷെൽഫിനകത്ത് വെക്കുന്നതിന് പകരം പുറകിലാണോ സാധനങ്ങളൊക്കെ വെക്കുന്നേ….

അവൾ തലയിൽ കൈ വെച്ചു കൊണ്ട് ….ദൈവമേ ….. കുറച്ചു ദിവസം കാണാതായപ്പോൾ ശല്യമൊഴിഞ്ഞെന്നാ വിചാരിച്ചേ ……

ഉണ്ണി സങ്കടഭാവത്തിൽ ..ശരി…. ശല്യമാണെങ്കിൽ ഞാൻ ഇനി വരുന്നില്ല….

അയ്യടാ….. കൊതിപ്പിക്കല്ലേ …….അതുപ്പോട്ടെ ഗായത്രി ചേച്ചി എന്ത്യേ …?

ഓഫീസിലുണ്ട്…..

ചേച്ചിയുടെ കൂടെ വന്നാൽ പോരായിരുന്നോ …… എന്തിനാ നേരത്തെ ഇങ്ങോട്ട് ചാടിപോന്നേ….

എനിക്ക് അത്രേം നേരം നിന്നെ കാണാലോ …..

ഈശ്വരാ ഈ പഞ്ചാരയില്ലാതെ കുറച്ചു ദിവസം ആശ്വാസമായിട്ട് ഇരിക്കായിരുന്നു…. ഇനി ഇത് ദിവസോം സഹിക്കണമല്ലോ…..

ചിത്ര അവളോടായി വിളിച്ചു പറഞ്ഞു..

പ്രിയേ ഡോക്ടർ വരുന്നുണ്ട്….

ഇതാ വരുന്നു ചേച്ചി …..ഞാൻ പോട്ടെ….അവൾ അകത്തേക്ക് കയറാനായി നടന്നു.

ഞാൻ വൈകുന്നേരം വരാട്ടോ….

വേണമെന്നില്ലാട്ടോ…..അവൾ തിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു…

ഞാൻ വരും …..

എന്നാൽ ഇപ്പോ ഒന്ന് പോയ് തരോ…..അവൾ ചിരിച്ചോണ്ട് അകത്തേക്ക് കയറിപോയി….

ഉണ്ണി നടന്ന് താഴേക്കിറങ്ങി…. ഗായത്രി അവനടുത്തേക്ക് വന്നു…

അവളെ കണ്ടോ ….?

കണ്ടു….. ഇന്ന് ചന്ദനകുറിയൊക്കെ ഇട്ട് നല്ല രസമുണ്ട് കാണാൻ…..

ശരി… ശരി…. വൈകുന്നേരം വാ …ഗായത്രി ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറാനൊരുങ്ങി….

ഏടത്തിയമ്മ ഒന്ന് നിൽക്ക് ….

ഗായത്രി നിന്നു….ഉണ്ണി അരികിലേക്ക് ചെന്നു..

അവരോടൊന്നും പറയാൻ നിൽക്കണ്ടാട്ടോ….. നമ്മൾക്ക് ശരിയാക്കാൻ പറ്റോന്ന് ആദ്യം നോക്കാലോ…..

ഗായത്രി ഉണ്ണിയെ നോക്കി ചിരിച്ചു…

ഞാനാരോടും പറയുന്നില്ല….. നീ പോകാൻ നോക്ക്…..

ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി…ടൗണിലൂടെ കറങ്ങുമ്പോഴാണ് മനശാന്തി ക്ലിനിക്ക് ബോർഡ് കണ്ടത് … അവൻ അതിനരുകിൽ നിർത്തി നമ്പർ കുറിച്ചെടുത്തു…. അകത്തേക്ക് കയറി… അത്യാവശ്യം തിരക്കുണ്ട്….റിസപ്ഷനരികിലെത്തി….

ഡോക്ടർ വന്നിട്ടുണ്ടോ ….?

കുറച്ചുനേരം കഴിയും ….. സാറിന് ബുക്ക് ചെയ്യണോ….റിസപ്ഷനിലിരിക്കുന്ന പെൺകുട്ടി ചോദിച്ചു…..

ഇപ്പോൾ വേണ്ട…… ക്ലിനിക്ക് ഞായറാഴ്ച്ച ഒഴിവാണോ ….?

സൺടേ ലീവാണ് സാർ ……

ഓക്കേ …. എനിക്ക് ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പറൊന്ന് തരോ…..?

റിസപ്ഷനിസ്റ്റ് മുന്നിലിരുന്ന ബോക്സിൽ നിന്നൊരു കാർഡെടുത്ത് ഉണ്ണിക്ക് നീട്ടി….അവനത് പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി…

ഇനി ഇതിലേക്ക് ഇവനെയെങ്ങനെ കൊണ്ടു വരും ….. വല്ലാത്തൊരു പണിയായല്ലോ …. അവനോട് ഇക്കാര്യം ചോദിച്ചാൽ തന്നെ ഏടത്തിയമ്മ പറഞ്ഞ പോലെ സമ്മതിച്ചു തരത്തില്ല….പിന്നെ എന്തു ചെയ്യും….. അമ്മയോട് പറയാൻ പറഞ്ഞാലോ ….. ചോദിച്ചു നോക്കാം…

ഉണ്ണി ബൈക്കെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു…. വീട്ടിലെത്തി നേരെ അടുക്കളയിലേക്ക് ചെന്നു….. അവനെ കണ്ട് ദേവകിയമ്മ….

നിനക്ക് ജോലിക്കൊന്നും പോകണ്ടെ…

അതിനൊക്കെ സമയമുണ്ടല്ലൊ… അമ്മക്ക് പണി തിരക്കില്ലെങ്കിൽ ഒന്നിങ്ങോട്ടു വാ…….

എന്താടാ ….?ദേവകിയമ്മ കഷ്ണം നുറുക്കുന്നത് വിട്ടിട്ട് ഉണ്ണിയുടെ അരികിലേക്ക് ചെന്നു..ഉണ്ണി സോഫയിലിരുന്നു…..

ഏടത്തിയമ്മ ഒരു പ്രശ്നം പറഞ്ഞിരുന്നോ അമ്മയോട് ….?

എന്ത് പ്രശ്നം……? ദേവകിയമ്മ അറിയാത്ത ഭാവത്തിൽ പറഞ്ഞു…….

ഏട്ടനെ കുറിച്ച് വല്ലതും …ഉണ്ണി വീണ്ടും കുത്തി ചോദിച്ചു നോക്കി. . .

അവള് വന്നപ്പോൾ തൊട്ട് ഓരോ പരാതി പറയുന്നുണ്ട്….അതൊക്കെ ഞാൻ ശരിയാക്കി കൊടുത്തിട്ടുമുണ്ട്…നീയായിട്ട് പുതിയത് ഉണ്ടാക്കാതിരുന്നാൽ മതി….

ഉണ്ണി അമ്മയെ നോക്കി കൊണ്ട് …..അങ്ങനെ വഴിക്കു വാ….അപ്പോൾ വിവരങ്ങളൊക്കെ അറിയാം….എന്നിട്ട് അമ്മയെന്താ മകനെ ഉപദേശിക്കാതിരുന്നേ…..

ദേവകിയമ്മ ഉണ്ണിയുടെ അരികിലേക്ക് ചെന്നു…നിനക്കെന്തറിഞ്ഞിട്ടാ ….. കല്ല്യാണം കഴിഞ്ഞ തുടക്കത്തിൽ അങ്ങനെയൊക്കെ ഉണ്ടാവും….അത് സാധാരണയാ …. പിന്നീട് പെൺകുട്ടികളാ അതൊക്കെ പറഞ്ഞ് ശരിയാക്കേണ്ടത്…..

ഉണ്ണി വീണ്ടും ദേവകിയമ്മയുടെ മുഖത്ത് നോക്കി……എന്നാലും മകന്റെ ഭാഗത്ത് തെറ്റ് സമ്മതിച്ച് തരരുത്…..

അമ്മയ്ക്ക് ദേഷ്യം വന്നു തുടങ്ങി…..എന്റെ കുട്ടി അവളു പറയുന്നതു പോലെ ദുഷ്ടനൊന്നുമല്ല…… അവൾക്ക് അതിനെ കുറിച്ച് അറിവില്ലാന്ന് വെച്ചിട്ട് ….

ഉണ്ണിയൊന്ന് ചിരിച്ചു…ആർക്ക് …… ഏടത്തിയമ്മയ്ക്കോ ….. പ്രായപൂർത്തിയായ BSc നേഴ്സിംഗ് പഠിച്ച പെൺകുട്ടിക്ക് ഒന്നുമറിയില്ല…… അടുത്തത് എന്താ പറയാൻ പോണേ…..

അമ്മയ്ക്ക് നല്ലപോലെ ദേഷ്യം കയറി….നീ അനിയന്റെ സ്ഥാനത്ത് നിന്നാ മതി …. അവരുടെ കാര്യം അവര് നോക്കികോളും …

ഉണ്ണിയ്ക്കും ദേഷ്യം വരാൻ തുടങ്ങി…..എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്…… രാത്രി ആ പാവത്തിന് ഉറങ്ങാൻ പറ്റുന്നില്ലാന്ന് പറയുന്നത് സുഖം കൊണ്ടല്ല…… ഉപദ്രവിച്ചിട്ട് വേദനകൊണ്ടാ …..അങ്ങനെ വല്ലതുമുണ്ടോന്ന് അമ്മയൊന്ന് റൂമിൽ കൊണ്ടുപോയി പരിശോധിച്ചു നോക്കി കൂടായിരുന്നോ…. അതു വിട്ടിട്ട് അതിനെ കുറ്റം പറയുന്നോ …

അമ്മ കയ്യിലിരുന്ന കത്തി നിലത്തേക്ക് വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് പോയി…

ഉണ്ണി പോക്കറ്റിൽ നിന്ന് കാർഡെടുത്ത് തിരിച്ചും മറിച്ചും നോക്കി….

ആദ്യം അമ്മയെ കൊണ്ടുപോയി കാണിക്കണം എന്നാലെ ശരിയാവൂ…

തുടരും…

📝©️Abhijith’s Pen

Leave a Reply

Your email address will not be published. Required fields are marked *